കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎല്‍എ വെന്റിലേറ്ററില്‍ തുടരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെങ്കിലും നേരത്തെയുണ്ടായിരുന്നതില്‍ നിന്ന് കാര്യമായ മാറ്റമുണ്ടെന്നും മെഡിക്കല്‍ സംഘം പറഞ്ഞു. ഇന്ന് രാവിലെ നടത്തിയ സിടി സ്‌കാന്‍ പരിശോധനയില്‍ തലയുടെ പരിക്കിന്റെ അവസ്ഥ കൂടുതല്‍ ഗുരുതരമായിട്ടില്ലെന്ന് റിനെ മെഡിസിറ്റി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. രോഗിയുടെ വൈറ്റല്‍സ് സ്റ്റേബിള്‍ ആണെങ്കിലും ശ്വാസകോശത്തിന് ഏറ്റ ഗുരുതരമായ ചതവുകാരണം കുറച്ചു ദിവസം കൂടി വെന്റിലേറ്ററില്‍ തുടരേണ്ട സാഹചര്യമുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു.
ഉമ തോമസിന്റെ അപകടവുമായി ബന്ധപ്പെട്ട് കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയുടെ സംഘാടകര്‍ക്കും പൊതുമരാമത്ത് വകുപ്പിനുമെതിരെ ഫയര്‍ഫോഴ്‌സിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ജില്ലാ ഫയര്‍ ഓഫീസര്‍ക്ക് കിട്ടിയ റിപ്പോര്‍ട്ട് ഇന്ന് ഫയര്‍ഫോഴ്സ് മേധാവിക്ക് കൈമാറും. മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത വേദിയില്‍ പ്രാഥമിക സുരക്ഷാ ക്രമീകരണങ്ങള്‍ പോലും ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. സ്റ്റേഡിയത്തില്‍ സ്റ്റേജ് നിര്‍മിച്ചത് അനുമതി ഇല്ലാതെയാണെന്ന് ജിസിഡിഎ എഞ്ചിനീയറിങ് വിഭാഗവും പറയുന്നു.
കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് പരുക്കേറ്റ സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നൃത്ത പരിപാടി നടത്തിയതിന് സംഘാടകര്‍ക്കെതിരെയാണ് കേസെടുത്തത്. സ്റ്റേജ് നിര്‍മാണ കരാറുകാര്‍ക്കെതിരെയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇന്നലെ രാത്രി തന്നെ കമ്മീഷണറുടെ നേതൃത്വത്തില്‍ പൊലീസ് അപകടമുണ്ടായ സ്ഥലം പരിശോധിച്ചിരുന്നു. ദുര്‍ബലമായ ക്യൂ ബാരിയേര്‍സ് ഉപയോഗിച്ചായിരുന്നു മുകളില്‍ കൈവരിയൊരുക്കിയത്. പിന്നാലെ കേസെടുക്കാന്‍ എഡിജിപി മനോജ് എബ്രഹാം കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഉമ തോമസ് എം എല്‍ എ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ ‘മൃദംഗനാഥം’ പരിപാടി സംഘാടകര്‍ക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് ജി.സി.ഡി.എ. കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും കലൂര്‍ സ്റ്റേഡിയത്തിലെ സുരക്ഷാ പ്രോട്ടോകോള്‍ പുതുക്കുമെന്നും ജി.സി.ഡി.എ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള പറഞ്ഞു.
ഗാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയെ കൈകാര്യം ചെയ്ത രീതി കണ്ട് നടുങ്ങിപ്പോയെന്ന് ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി. നട്ടെല്ലിനും കഴുത്തിനും ഒക്കെ പരിക്കേറ്റിരിക്കാന്‍ സാധ്യതയുള്ള ഒരാളെ ഉറപ്പുള്ള ഒരു സ്‌ട്രെച്ചറില്‍ വേണം എടുത്തുകൊണ്ടുപോകാന്‍. എന്ത് ആത്മാര്‍ത്ഥത കൊണ്ടാണെങ്കിലും കുറച്ചാളുകള്‍ പൊക്കിയെടുത്തു കൊണ്ടുപോകുന്നത് പരിക്കിന്റെ ആഘാതം വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ. എത്രയും വേഗം പ്രൊഫഷണലായ രക്ഷാപ്രവര്‍ത്തനം ലഭ്യമാകും എന്ന വിശ്വാസം സമൂഹത്തില്‍ ഇല്ലാത്തതുകൊണ്ടാണ് ആളുകള്‍ പരിക്കേറ്റവരെ തൂക്കിയെടുത്ത് കിട്ടുന്ന വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ നോക്കുന്നതെന്നും നമ്മുടെ സമൂഹത്തില്‍ ഒരു സുരക്ഷാ സാക്ഷരതാ പദ്ധതിയുടെ സമയം അതിക്രമിച്ചു കഴിഞ്ഞെന്നും മുരളി തുമ്മാരുകുടി അഭിപ്രായപ്പെട്ടു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കുട്ടികളെ ഇറക്കിയുള്ള പ്രതിഷേധങ്ങള്‍ക്ക് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി. വിധിയില്‍ ആക്ഷേപമുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നാണ് നിലപാട്. കുട്ടികളെ വേദിയിലോ റോഡിലോ ഇറക്കി പ്രതിഷേധിച്ചാല്‍ അധ്യാപകര്‍ക്കും നൃത്താധ്യാപകര്‍ക്കും എതിരെ കേസ് എടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
കാട്ടാന ആക്രമണത്തില്‍ മരിച്ച അമര്‍ ഇലാഹിയുടെ മൃതദേഹം കബറടക്കി. ഇടുക്കി മുള്ളരിങ്ങാട് ജുമാ മസ്ജിദിലെ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് ശേഷമായിരുന്നു കബറടക്കം. മന്ത്രി റോഷി അഗസ്റ്റിന്‍ അമറിന്റെ വീട്ടിലെത്തി മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പുലര്‍ച്ചയോടെയാണ് പോസ്റ്റ്‌മോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി അമറിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയത്.
വനനിയമ ഭേദഗതി ബില്ലിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍ എംഎല്‍എ. പുതിയ ബില്ല് നിയമമായാല്‍ വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിക്കാന്‍ പോലും അവസരം ജനത്തിന് അവസരമുണ്ടാകില്ലെന്നും ആരെയും ഭയപ്പെടുത്താന്‍ ഫോറെസ്റ്റ് ഉദ്യോഗസ്ഥരെ അനുവദിക്കുന്ന നിയമമാണിതെന്നും പ്രതിപക്ഷം ശക്തമായി ഇടപെടേണ്ട വിഷയമാണിതെന്നും അന്‍വര്‍ പറഞ്ഞു. വ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ബില്ല് കേരളത്തിലെ 1.30 കോടി ജനത്തെ ബാധിക്കുന്നതാണെന്നും വന്യജീവി ആക്രമണത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി മുന്‍ എംഎല്‍എ രാജു എബ്രഹാമിനെ തെരഞ്ഞെടുത്തു. 25 വര്‍ഷം കേരള നിയമസഭാ എംഎല്‍എ ആയിരുന്ന അദ്ദേഹം നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗവുമാണ്. ജില്ലാ സമ്മേളനത്തില്‍ പുതിയ ജില്ലാ കമ്മിറ്റിയിലേക്ക് ആറ് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. മൂന്ന് ടേം പൂര്‍ത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി കെപി ഉദയഭാനു അടക്കം ആറ് പേരെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി.
സമ്മേളന ഫണ്ട് വെട്ടിച്ചതുമായി ബന്ധപ്പെട്ട് സി.പി.എം നല്‍കിയ പരാതിയില്‍ മംഗലപുരം സി.പി.എം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. മംഗലപുരം പോലീസ് കേസടുത്തതിന് പിന്നാലെയാണ് ബി.ജെ.പിയില്‍ ചേര്‍ന്ന മധുമുല്ലശ്ശേരി മുന്‍കൂര്‍ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിച്ചത്. പാര്‍ട്ടിയില്‍ നിന്നും പുറത്തുവന്നതിന് പകപോക്കാന്‍ സി.പി.എം മധുമുല്ലശ്ശേരിയെ തേജോവധം ചെയ്യുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുകയാണെന്ന് വിഷയത്തില്‍ ബി.ജെ.പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.വി രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സിനിമാ – സീരിയല്‍ നടന്‍ ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ദിലീപ് ശങ്കറിന്റെ മരണ കാരണം ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കരള്‍ രോഗത്തെ തുടര്‍ന്നുള്ള രക്ത സ്രാവമോ, നിലത്ത് വീണുണ്ടായ ക്ഷതമോ ആകാമെന്നാണ് നിഗമനം.
കുറുക്കന്‍ സ്‌കൂട്ടറിന് കുറുകെ ചാടി അപകടത്തില്‍പ്പെട്ട അധ്യാപിക മരിച്ചു. അലനല്ലൂര്‍ എടത്തനാട്ടുകര വട്ടമണ്ണപ്പുറം ഐ.ടി.സി. പടിയില്‍ പുളിക്കല്‍ ഷാജേന്ദ്രന്റെ ഭാര്യ സുനിതയാണ് (44) മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സമീപനത്തില്‍ പ്രതിഷേധിച്ച് പഞ്ചാബില്‍ കര്‍ഷകര്‍ പ്രഖ്യാപിച്ച ബന്ദ് ശക്തം. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കര്‍ഷകര്‍ റോഡ് ഉപരോധിച്ചു. 150-ഓളം ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ കര്‍ഷകവിഭാഗവും ബന്ദിന് പിന്തുണപ്രഖ്യാപിച്ചിട്ടുണ്ട്.
പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജിയെ തള്ളി സഹോദരന്‍ അഭിജിത്ത് ബാനര്‍ജി രംഗത്ത്. കൊവിഡ് കാലത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഉള്ളപ്പോഴാണ് അച്ഛന്‍ മരിച്ചതെന്നും കുടുംബാംഗങ്ങളും സുഹൃത്തുക്കളും കൂടി 20 പേരാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു. വിലാപയാത്ര നടത്താമെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചെങ്കിലും കഴിഞ്ഞില്ലെന്നും രാഹുല്‍ ഗാന്ധിയടക്കം നേതാക്കള്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നെന്നും അഭിജിത്ത് ബാനര്‍ജി പറഞ്ഞു. കോണ്‍ഗ്രസ് അനുശോചന യോഗം ചേരാതിരുന്നതിനെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
സ്ത്രീകള്‍ അടുക്കളയിലും മുറ്റത്തും ജോലി ചെയ്യുന്നതും കിണറില്‍ നിന്ന് വെള്ളം കോരുന്നതും കാണുന്നത് അശ്ലീല പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകുമെന്നും പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ സമീപത്ത് താമസിക്കുന്ന സ്ത്രീകളെ കാണുന്ന ജനാലകള്‍ ഉണ്ടാവരുതെന്നും സ്ത്രീകളെ അയല്‍ക്കാര്‍ കാണാത്ത തരത്തില്‍ എല്ലാ വീടുകള്‍ക്കും മതില്‍ വേണമെന്നുമുള്ള വിചിത്ര ഉത്തരവുമായി താലിബാന്‍ സര്‍ക്കാര്‍. സമീപത്തെ വീടുകള്‍ കാണാത്ത വിധമാണ് കെട്ടിടങ്ങളുടെ നിര്‍മാണമെന്ന് മുനിസിപ്പല്‍ അധികാരികളും ബന്ധപ്പെട്ട വകുപ്പുകളും ഉറപ്പാക്കണമെന്നും ഇപ്പോഴത്തെ വീടുകള്‍ക്ക് ഇത്തരം ജാലകങ്ങള്‍ ഉണ്ടെങ്കില്‍ കാഴ്ച മറയും വിധം മതില്‍ പണിയണമെന്നും സര്‍ക്കാര്‍ വക്താവ് സബിഹുല്ല മുജാഹിദ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പോസ്റ്റ് ചെയ്ത ഉത്തരവില്‍ പറയുന്നു.
ഓസ്ട്രേലിയക്കെതിരായ ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യക്ക് 184 റണ്‍സിന്റെ തോല്‍വി. 340 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇന്ത്യ 155ന് എല്ലാവരും പുറത്താവുകയായിരുന്നു. 84 റണ്‍സ് നേടിയ യശസ്വി ജയ്സ്വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഈ ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസീന് 2-1ന് മുന്നിലെത്തി. ഇനി സിഡ്നിയിലെ ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്.