◾വിഴിഞ്ഞം സംഘര്‍ഷത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം നിയമസഭയില്‍. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചു സംസാരിച്ച എം. വിന്‍സെന്റ് സര്‍ക്കാരിനു സമരക്കാരോടു ശത്രുതാ മനോഭാവമാണെന്ന് ആരോപിച്ചു. സമരക്കാരെ തീവ്രവാദികളായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. നാലു മാസമായിട്ടും സമരത്തിന് സര്‍ക്കാര്‍ പരിഹാരം ഉണ്ടാക്കിയില്ല. ഇപ്പോള്‍ ഈ കാണുന്ന പ്രശ്നങ്ങള്‍ക്കെല്ലാം ഉത്തരവാദി സര്‍ക്കാരാണ്. ആദ്യം സെക്രട്ടേറിയറ്റിന് മുന്നിലായിരുന്നു സമരം. സര്‍ക്കാര്‍ ചര്‍ച്ചക്കു തയാറാകാതായപ്പോള് ഒരു മാസം കഴിഞ്ഞാണ് തുറമുഖത്തേക്കു സമരം മാറ്റിയതെന്നും വിന്‍സെന്റ് ഓര്‍മിപ്പിച്ചു.
◾വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി നടപ്പാക്കേണ്ടിയിരുന്ന 475 കോടി രൂപയുടെ പുനരധിവാസ പാക്കേജ് എന്തുകൊണ്ട് നടപ്പാക്കിയില്ലെന്ന് രമേശ് ചെന്നിത്തല നിയമസഭയില്‍. ഏഴു വര്‍ഷമായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലമാണ് മൂന്നു വര്‍ഷംമുമ്പ് പണി പൂര്‍ത്തിയാകേണ്ടിയിരുന്ന പദ്ധതിയുടെ പണി ഇപ്പോഴും പകുതിപോലും ആകാത്തത്. വിഴിഞ്ഞം സമരത്തിനു പിന്നില്‍ തീവ്രവാദികളുണ്ടെന്നു ചില മന്ത്രിമാര്‍ പറഞ്ഞു. ഉണ്ടോയെന്നു മുഖ്യമന്ത്രി പറയണം. അക്രമത്തോടു യോജിപ്പില്ല. മുഖ്യമന്ത്രി സമരക്കാരുമായി സംസാരിക്കാത്തത് ലജ്ജാകരമാണെന്നും ചെന്നിത്തല.
◾സമരക്കാരെ കൂടുതല്‍ പ്രകോപിതരാക്കാതെ ഭരണപക്ഷത്തിന്റെ വിഴിഞ്ഞം ചര്‍ച്ച. പണി തീര്‍ന്നാല്‍ ലോകത്തെ ഏറ്റവും മികച്ച തുറമുഖമാകും വിഴിഞ്ഞമെന്നു നിയമസഭയില്‍ സജി ചെറിയാന്. ഗതാഗത സൗകര്യമടക്കം എല്ലാ സൗകര്യവും ഉണ്ടാകും. നാടിന്റെ മുഖച്ഛായ മാറും. എന്നാലത് പിണറായി കാലത്ത് പറ്റില്ലെന്നു പറയുന്നത് യുഡിഎഫിന്റെ വൈകല്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾കോവളത്ത് വിദേശ വനിതയെ മയക്കുമരുന്നു നല്കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവു ശിക്ഷ. പ്രതികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവര്‍ക്കാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ. 1,65,000 രൂപ പിഴയടയ്ക്കുകയും വേണം. ഈ തുക കൊല്ലപ്പെട്ട യുവതിയുടെ സഹോദരിക്കു നല്‍കണം.
◾കേരളത്തില്‍ ഉല്പാദിപ്പിക്കുന്ന മികച്ച ഉല്‍പ്പന്നങ്ങള്‍ക്ക് മെയ്ഡ് ഇന്‍ കേരള എന്ന കേരള ബ്രാന്‍ഡ് നല്‍കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് നിയമസഭയില്‍. ചെറുകിട സംരംഭങ്ങള്‍ക്ക് വിപണി ലഭിക്കുന്നതിനാണ് സര്‍ക്കാരിന്റെ ഈ പരിശ്രമം. പുതിയ സംരംഭങ്ങളെ നിലനിര്‍ത്തുന്നതിനായി താലൂക്ക് വിപണനമേള നടത്തും. ജനുവരിയില്‍ എറണാകുളത്ത് സംരംഭക സംഗമം നടത്തുമെന്നും മന്ത്രി രാജീവന് പറഞ്ഞു.
◾സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണ്. ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുന്നു. ഗ്രാന്റ് വെട്ടിക്കുറച്ചു. ജിഎസ് ടി നഷ്ടപരിഹാരമില്ല. എല്ലാ രീതിയിലും കേന്ദ്രം കേരളത്തെ വരിഞ്ഞുമുറുക്കി. ഇതിനെതിരെ സംസ്ഥാനം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ധനമന്ത്രി അഭ്യര്‍ത്ഥിച്ചു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ വീണ്ടും കിരീടം ഉറപ്പിച്ച് പാലക്കാട്. 206 പോയിന്റുമായാണ് പാലക്കാടിന്റെ മുന്നേറ്റം. രണ്ടാം സ്ഥാനത്തുള്ള മലപ്പുറം ജില്ലയ്ക്ക് 110 പോയിന്റാണുള്ളത്. കല്ലടി, പറളി, മുണ്ടൂര്‍ സ്കൂളുകളിലെ താരങ്ങളാണ് പാലക്കാടിനെ കിരീടമണിയിച്ചത്. സ്കൂളുകളില്‍ 53 പോയിന്റുമായി മലപ്പുറം കടകശേരി ഐഡിയല്‍ സ്കൂളാണ് മുന്നില്‍. 41 പോയിന്റുമായി പാലക്കാട് കല്ലടി സ്കൂള്‍ തൊട്ടു പിറകിലുണ്ട്. നിലവിലെ ചാമ്പ്യന്മാരായ കോതമംഗലം മാര്‍ ബേസില്‍ നാലാം സ്ഥാനത്താണ്.
◾കേന്ദ്ര അനുമതി ലഭിച്ചാല്‍ കെ-റെയില്‍ പദ്ധതി നടപ്പാക്കുമെന്ന് സര്‍ക്കാര്‍. കേന്ദ്രാനുമതിയില്ലാതെ കെ റെയിലിനായി കോടികള്‍ മുടക്കി മുന്നൊരുക്കങ്ങള്‍ നടത്തിയത് എന്തിനാണെന്നു മാത്യു കുഴല്നാടന് ചോദിച്ചു. സര്‍ക്കാര്‍ പരിമിതമായ ചിലവ് മാത്രമേ നടത്തിയിട്ടുള്ളുവെന്നും ഇപ്പോള്‍ നിലവില്‍ വന്ന പല പ്രൊജക്ടുകളും അത്തരത്തിലാണ് ആരംഭിച്ചതെന്നും മന്ത്രി മറുപടി നല്കി.
◾കോഴിക്കോട് കോര്‍പറേഷന്റെ കോടിക്കണക്കിനു രൂപ പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജര്‍ തട്ടിയെടുത്ത സംഭവത്തില്‍ പ്രതിഷേധ സമരങ്ങളുമായി എല്‍ഡിഎഫും യുഡിഎഫും. പണം ഉടന്‍ തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് ബാങ്കിന്റെ മെയിന്‍ ശാഖ, തട്ടിപ്പുു നടന്ന ലിങ്ക് റോഡ് ശാഖ, പ്രതി റിജിന്‍ ജോലി ചെയ്യുന്ന എരഞ്ഞിപ്പാലം ശാഖ എന്നിവിടങ്ങളിലേക്ക മാര്‍ച്ചു ചെയ്തു. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ കോര്പറേഷന് ഓഫീസിലേക്കു മാര്‍ച്ചു നടത്തി.
◾കാലിത്തീറ്റയുടെ വില കുതിച്ചുയര്‍ന്നു. പാല് വില വര്‍ദ്ധിപ്പിച്ചതിന്റെ ഗുണം ലഭിക്കാതെ ക്ഷീര കര്‍ഷകര്‍. കാലിത്തീറ്റ 50 കിലോയുടെ ഓരോ ചാക്കിനും 150 മുതല്‍ 250 രുപവരെയാണ് വില കൂട്ടിയത്. പാല് ലിറ്ററിന് ആറു രൂപ വര്‍ധിപ്പിച്ചിരുന്നു. അഞ്ചു രൂപ കര്‍ഷര്‍ക്കു ലഭിക്കും. കാലിത്തീറ്റയുടെ വില വര്‍ധന സര്‍ക്കാര്‍ നിയന്ത്രിക്കണമെന്ന് ക്ഷീര കര്‍ഷക സംഘടനകള്‍.
◾പാലക്കാട്ടെ കൊക്കകോളയുടെ പ്ലാച്ചിമട പ്ലാന്റ് സര്‍ക്കാരിനു സൗജന്യമായി കൈമാറുന്നു. ഹിന്ദുസ്ഥാന്‍ കൊക്കകോള ലിമിറ്റഡ് മുഖ്യമന്ത്രിക്കു കത്തെഴുതി. ഇരകള്‍ക്കു നഷ്ടപരിഹാരം നല്കാതിരിക്കാനുള്ള ആസൂത്രിത നീക്കമാണിതെന്ന് സമര സമിതി ആരോപിച്ചു. 34.4 ഏക്കര്‍ ഭൂമിയും 35,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങളുമാണ് സംസ്ഥാന സര്‍ക്കാരിനു വിട്ടുതരാമെന്നു കോള കമ്പനി പറയുന്നത്.
◾ക്ലിഫ് ഹൗസില്‍ വെടി പൊട്ടി. ഗാര്‍ഡ് റൂമിനകത്തു പോലീസുകാരന് തോക്കു വൃത്തിയാക്കുന്നതിനിടെയാണ് വെടി പൊട്ടിയത്. രാവിലെ 9.30 യോടെയാണ് സംഭവം.
◾പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലന് ഷുഹൈബിനെതിരായ റാഗിംഗ് പരാതി വ്യാജമെന്ന് കാമ്പസിലെ ആന്റി റാഗിംഗ് കമ്മിറ്റി റിപ്പോര്‍ട്ട്. കണ്ണൂര്‍ പാലയാട് കാമ്പസിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായ അദിന് സുബി നല്കിയ റാഗിംഗ് പരാതി വ്യാജമാണ്. യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വഴക്ക് റാഗിംഗാക്കി മാറ്റാന്‍ ശ്രമിക്കുകയാണുണ്ടായതെന്നും കമ്മിറ്റി വ്യക്തമാക്കി. വഴക്കുണ്ടാക്കിയിരുന്ന രണ്ടുപേരെ അലന് പിടിച്ചു മാറ്റാന്‍ ശ്രമിച്ചതായാണു സിസിടിവിയില്‍ തെളിവുള്ളതെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
◾വയനാട്ടില്‍ എസ്എഫ്ഐ പ്രവര്‍ത്തകയെ മര്‍ദിച്ച രണ്ടു കെഎസ് യു പ്രവര്‍ത്തകരുടെ ബൈക്കുകള്‍ കത്തിച്ചുകളഞ്ഞു. എസ്എഫ്ഐ പ്രവര്‍ത്തകരാണ് ബൈക്കുകള്‍ കത്തിച്ചതെന്ന് കെഎസ് യു നേതാക്കള്‍ പരാതിപ്പെട്ടു.
◾ശശി തരൂരിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്. ശശി തരൂര്‍ പരിപാടികള്‍ ഡിസിസിയെ അറിയിക്കാത്തത് അച്ചടക്ക ലംഘനമല്ല. അത് നേതാക്കളുടെ സ്വാതന്ത്യമാണ്. തരൂര്‍ അടക്കമുള്ള നേതാക്കള്‍ നേതൃനിരയിലേക്ക് വരണം. കേരളത്തില്‍ ഒതുങ്ങേണ്ട നേതാവല്ല ശശി തരൂര്‍. കോണ്‍ഗ്രസില്‍ മാത്രമല്ല, പൊതുസമൂഹത്തിലും അദ്ദേഹത്തിനു നല്ല സ്വീകാര്യതയും ആദരവും ഉണ്ടെന്നു കുര്യന് പറഞ്ഞു.
◾മുഖ്യമന്ത്രി പിണറായി വിജയനെ അസഭ്യം പറഞ്ഞുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ ക്രൈം പത്രാധിപര്‍ നന്ദകുമാറിനെ പോലീസ് അറസ്റ്റു ചെയ്തു. സില്‍വര്‍ലൈന്‍ പദ്ധതിക്കായി ചെലവാക്കിയ പണത്തിന്റെ പേരില്‍ പ്രചരിച്ച വാട്സ്ആപ് സന്ദേശത്തെ ആധാരമാക്കിയാണ് പിണറായി വിജയനെതിരേ മോശംവാക്കുകള്‍ ഉപയോഗിച്ചുസംസാരിച്ചത്.
◾ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പിഴവു മൂലം സംസ്ഥാനത്തിന് ഇത്തവണ 10 എം.ഡി സീറ്റുകളും അഞ്ചു ഡിഎന്‍ബി സീറ്റുകളും നഷ്ടമായി. പ്രവേശന പട്ടിക തയ്യാറാക്കിയുള്ള ഉത്തരവ് ഇറങ്ങിയത് അവസാന തീയതിയായ ഡിസംബര്‍ 2 ന് രാത്രി പത്തു മണിക്കാണ്. രണ്ടു മണിക്കൂറിനകം അതാതു കോളജുകളിലെത്തി പ്രവേശനം നേടണമെന്നായിരുന്നു നിര്‍ദേശം. മെഡിക്കല്‍ പി ജി സിറ്റീന്റെ 10 ശതമാനം സര്‍വീസ് കോട്ടയാണ്. ഇതിലെ 45 ശതമാനവും സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ എംബിബിഎസ് ഡോക്ടര്‍മാര്‍ക്കാണു മാറ്റിവച്ചിരിക്കുന്നത്.
◾ഇടുക്കി കണ്ണംപടിയില്‍ ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസ്. ഫോറസ്റ്റ് ഓഫീസര്‍ അനില്‍ കുമാര്‍ അടക്കം 13 പേര്‍ക്കെതിരെയാണ് കേസ്. ഉപ്പുതറ കണ്ണംപടി സ്വദേശി സരുണ്‍ സജിയെ കള്ളക്കേസില്‍ കസ്റ്റഡിയിലെടുത്തു മര്‍ദ്ദിച്ചെന്ന പരാതിയിലാണ് നടപടി.
◾ഭര്‍തൃവീട്ടിലെ അതിക്രമങ്ങള്‍ക്കും സ്ത്രീധന പീഡനത്തിനുമെതിരായ പരാതിയിലെ അന്വേഷണം പൊലീസ് അട്ടിമറിച്ചെന്ന പരാതിയുമായി യുവതി. വീട്ടില്‍ മര്‍ദ്ദിച്ചതിന്റെ വീഡിയോ അടക്കമുള്ള തെളിവുകളുമായാണു പരാതി നല്‍കിയത്. കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് വെഞ്ഞാറമ്മൂട് പൊലീസ് കേസെടുത്തത്. ഭര്‍ത്താവിനെയും അമ്മയെയും സഹോദരിയെയും പ്രതിയാക്കിയായിരുന്നു കേസെടുത്തത്. എന്നാല്‍ പിന്നീട് ഭര്‍ത്താവ് അക്ബര്‍ ഷായെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം നല്‍കിയത്. പുനരന്വേഷണം ആവശ്യപെട്ട് യുവതി റൂറല്‍ എസ്പിക്കു പരാതി നല്കി.
◾പാര്‍ലമെന്റ് സമ്മേളനത്തിനു നാളെ തുടക്കം. 29 വരെ നീളുന്ന സമ്മേളനത്തില്‍ 16 ബില്ലുകളാണു പാസാക്കാനിരിക്കുന്നത്.
◾ജാര്‍ഖണ്ഡിലെ മുര്‍ഹു മേഖലയില്‍ ഇരുപത്തിനാലുകാരന്റെ അറുത്തെടുത്ത തലക്കൊപ്പം സെല്‍ഫിയെടുത്ത് യുവാക്കള്‍. ഭൂസ്വത്തു തര്‍ക്കത്തിന്റെ പേരിലായിരുന്നു കൊലപാതകം. പ്രതിയുടെ സുഹൃത്തുക്കളാണ് അറുത്തെടുത്ത തലക്കൊപ്പം സെല്‍ഫിയെടുത്തത്. പ്രധാന പ്രതിയും ഭാര്യയും അടക്കം ആറു പേര് അറസ്റ്റിലായി.
◾ഗുജറാത്തിലെ അഹമ്മദാബാദില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ടു ചെയ്യാന്‍ പോകുന്നതിനിടെ റോഡ് ഷോ നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്കി. ബിജെപി പതാകയും കാവി സ്കാര്‍ഫും ധരിച്ചു പോളിംഗ് ബൂത്തിലേക്ക് പ്രവര്‍ത്തകര്‍ക്കൊപ്പം മോദി പദയാത്ര നടത്തിയെന്നും സംസ്ഥാന കോണ്‍ഗ്രസ് ലീഗല്‍ സെല്‍ ചെയര്മാന് യോഗേഷ് റവാണി നല്കിയ പരാതിയില്‍ ആരോപിച്ചു.
◾കാസ്പിയന്‍ കടലിന്റെ റഷ്യന്‍ തീരത്ത് രണ്ടായിരത്തിയഞ്ഞൂറോളം സീലുകള്‍ ചത്തടിഞ്ഞു. കാസ്പിയന്‍ കടലില്‍ കാണപ്പെടുന്ന ഒരേയൊരു ജീവജാലമായ കാസ്പിയന്‍ സീല്‍ വംശനാശഭീഷണി നേരിടുന്ന ജീവികളാണ്.
◾ഖത്തര്‍ ലോകകപ്പിലെ അവസാന പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന് . ഇന്ന് രാത്രി 8.30ന് സ്പെയിന് മൊറോക്കോയുമായും ഇന്ത്യന്‍ സമയം വെളുപ്പിന് 12.30 ന് പോര്‍ച്ചുഗല്‍ സ്വിറ്റ്സര്‍ലാണ്ടുമായി ഏറ്റുമുട്ടും.
◾പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം റൊണാള്‍ഡോയും കോച്ച് ഫെര്‍ണാണ്ടോ സാന്റോസും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ടീമിന്റെ പ്രകടനത്തെ ബാധിക്കുമോ എന്ന ആശങ്കയില്‍ പോര്‍ച്ചുഗല്‍ ആരാധകര്‍. കൊറിയക്കെതിരായ മത്സരത്തില്‍ സബ്സ്റ്റിറ്റിയൂട്ട് ചെയ്തതിന് റൊണാള്‍ഡോ അസ്വസ്ഥത പരസ്യമായി പ്രകടിപ്പിക്കുകയും താരത്തിന്റെ പ്രവര്‍ത്തി ഒട്ടും ഇഷ്ടമായില്ലെന്ന് കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് വാര്‍ത്താ സമ്മേളനത്തിലും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സൂപ്പര്‍താരത്തെ പ്രീക്വാര്‍ട്ടര്‍ മുതല്‍ നായക സ്ഥാനത്ത് നിന്ന് നീക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
◾സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഒരാഴ്ചയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു. വിപണിയില്‍ ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 39440 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപ കുറഞ്ഞു. ഇന്നലെ 15 രൂപ വര്‍ദ്ധിച്ചിരുന്നു. വിപണിയില്‍ ഇന്നത്തെ വില 4960 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 25 രൂപ കുറഞ്ഞു. വിപണിയിലെ വില 4080 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 71 രൂപയായി. അതേസമയം, ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.
◾വോഡഫോണ്‍ ഐഡിയയുടെ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള വിഭാഗമായ വി ബിസിനസ് സമഗ്ര സൈബര്‍ സുരക്ഷാ സംവിധാനമായ വി സെക്യൂര്‍ അവതരിപ്പിച്ചു. നെറ്റ്വര്‍ക്ക്, ക്ലൗഡ്, എന്‍ഡ് പോയിന്റുകള്‍ തുടങ്ങിയവയില്‍ നിന്നുള്ള വിവിധങ്ങളായ വെല്ലുവിളികള്‍ നേരിടാന്‍ പര്യാപ്തമാക്കുന്നതാണ് ഈ സേവനം. ഇന്ത്യയിലെ സംരംഭങ്ങളില്‍ 52 ശതമാനവും ഇനിയും ക്ലൗഡ് അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങളും മറ്റും നടപ്പാക്കിയിട്ടില്ലാത്ത സ്ഥിതിയാണെന്ന് വി ബിസിനസിന്റെ റെഡി ഫോര്‍ നെക്സ്റ്റ് സര്‍വേ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ സഹകരണത്തിലൂടെ ഇന്ത്യയിലെ സൈബര്‍ സുരക്ഷാ രംഗത്ത് വന്‍ മാറ്റങ്ങള്‍ വരുത്താനുള്ള അവസരമാണ് വി ബിസിനസിന് ലഭിച്ചിട്ടുള്ളതെന്ന് ഫസ്റ്റ്വേവ് ക്ലൗഡ് ടെക്നോളജി സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ ഡാനി മാഹര്‍ പറഞ്ഞു.
◾അനുപമ പരമേശ്വരന് നായികയാകുന്ന ’18 പേജെസ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. ‘കാര്‍ത്തികേയ 2’ എന്ന സര്‍പ്രൈസ് ഹിറ്റിന് ശേഷം നിഖില്‍ സിദ്ധാര്‍ഥയുടെ നായികയായി അനുപമ പരമേശ്വരന് അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ’18 പേജെസി’ന് ഉണ്ട്. പല്‍നാട്ടി സൂര്യ പ്രതാപിന്റെ സംവിധാനത്തിലുള്ള ചിത്രത്തിനായി ചിമ്പുവാണ് ഗാനം ആലപിച്ചിരിക്കുന്നത്. ‘വരിശ്’ എന്ന ചിത്രത്തിന് ശേഷമാണ് ഗോപി സുന്ദറിന്റെ സംഗീതത്തിലും ചിമ്പു പാടിയ ഗാനം പുറത്തുവന്നിരിക്കുന്നത്. എ വസന്താണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നവീന്‍ നൂലി ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രം ഡിസംബര്‍ 23നാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക.
◾കാപ്പയ്ക്കുശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തില്‍ ഭാവന നായിക. ഡിസംബര്‍ 26ന് പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ അദിതി രവി, ചന്തുനാഥ്, രഞ്ജി പണിക്കര്‍, നന്ദു എന്നിവരാണ് മറ്റു താരങ്ങള്‍. 2006 ല്‍ റിലീസ് ചെയ്ത സുരേഷ് ഗോപി ചിത്രം ചിന്താമണി കൊലക്കേസിനുശേഷം ഭാവന അഭിനയിക്കുന്ന ഷാജി കൈലാസ് ചിത്രമാണ് ഹണ്ട്. മികച്ച വിജയം നേടിയ ചിന്താമണി കൊലക്കേസില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിച്ചത്. ജയലക്ഷ്മി ഫിലിംസിന്റെ കെ. രാധാകൃഷ്ണനാണ് ഹണ്ട് നിര്‍മ്മിക്കുന്നത്. നവാഗതനായ നിഖില്‍ ആനന്ദാണ് രചന. ജാക്സണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കൈലാസ് മേനോന് ആണ് സംഗീത സംവിധാനം.
◾ഇന്ത്യയില്‍ വിപണിയില്‍ ഏറ്റവും അധികം വില്‍ക്കുന്ന പത്തു വാഹനങ്ങളില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി ടാറ്റ നെക്സോണ്‍. ആദ്യ പത്തില്‍ ഏഴു മാരുതിയും രണ്ട് ടാറ്റയും ഒരു ഹ്യുണ്ടേയുമുണ്ട്. മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയാണ് വില്പനയില് ഒന്നാം സ്ഥാനത്ത്. 20945 യൂണിറ്റ് ബലേനോകളാണ് കഴിഞ്ഞ മാസം മാത്രം മാരുതി വിറ്റത്. രണ്ടാം സ്ഥാനം ടാറ്റയുടെ ചെറു എസ്യുവി നെക്സോണിന്. 15871 യൂണിറ്റ് വില്പന. ഒക്ടോബറില്‍ ഒന്നാം സ്ഥാനത്തായിരുന്ന ഓള്‍ട്ടോ കഴിഞ്ഞ മാസത്തെ വില്പനയില് മൂന്നാം സ്ഥാനത്തായി. 15663 യൂണിറ്റാണ് വില്പന. നാലാം സ്ഥാനത്ത് 15153 യൂണിറ്റുമായി സ്വിഫ്റ്റും അഞ്ചാം സ്ഥാനത്ത് മാരുതി വാഗണ്ആറുമാണ്. 14720 യൂണിറ്റാണ് വില്പന. ആറാം സ്ഥാനത്ത് മാരുതിയുടെ കോംപാക്റ്റ് സെഡാന് ഡിസയര്‍, വില്പന 14456 യൂണിറ്റ്. ഏഴാം സ്ഥാനത്ത് 13818 യൂണിറ്റ് വില്പനയുമായി മാരുതി സുസുക്കി എര്‍ട്ടിഗയും എട്ടാം സ്ഥാനത്ത് 13321 യൂണിറ്റ് വില്പനയുമായി ഹ്യുണ്ടേയ് ക്രേറ്റയുമുണ്ട്. ടാറ്റ പഞ്ചും മാരുതി സുസുക്കി ചെറു എസ്യുവി വിറ്റാര ബ്രെസയുമാണ് ഒമ്പതും പത്തും സ്ഥാനങ്ങളില്‍. വില്പന യഥാക്രമം 12131, 11324 യൂണിറ്റുകള്‍.
◾സൂ ഡയറക്ടറായ അമ്മൂമ്മയോടൊത്ത് ക്വാര്‍ട്ടേഴ്സിലാണ് റോസിന്റെ താമസം. അവളുടെ കളിക്കൂട്ടുകാര്‍ മൃഗശാലയില്‍ പുതുതായി ജനിച്ച സിംഹക്കുഞ്ഞ് റിപ്വാനും കടുവക്കുഞ്ഞ് പിന്റാസുമാണ്. അവരുടെ കളികളും ചിരികളും നിറഞ്ഞ ഈ പുസ്തകം നിഷ്കളങ്കമായ ബാല്യത്തിന്റെ നേര്‍ച്ചിത്രം വരച്ചിടുന്നു.
അമ്മൂമ്മക്കഥകള്‍ കേട്ടുറങ്ങാന്‍ കൊതിക്കുന്ന കുഞ്ഞുങ്ങള്‍ക്കായി രസമുള്ള ഒരമ്മൂമ്മയുടെയും കൊച്ചുമകളുടെയും കഥ. ‘റോസും കൂട്ടുകാരും’. കെ.എ ബീന. മാതൃഭൂമി ബുക്സ്. വില 114 രൂപ.
◾ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തണമെങ്കില്‍ കരളിന്റെ ആരോഗ്യം മികച്ചതായി നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെയും വ്യായാമത്തിലൂടെയും കരള്‍ പ്രശ്നങ്ങളുടെ അപകടസാധ്യത കുറയ്ക്കാന്‍ കഴിയും. ഡയറ്ററി ഫൈബറിന്റെ മികച്ചൊരു ഉറവിടമാണ് ധാന്യങ്ങള്‍. ഇത് ആളുകളെ ശരീരഭാരം കുറയ്ക്കാനും അവരുടെ കുടല് മൈക്രോബയോമില്‍ ബാക്ടീരിയകളുടെ ആരോഗ്യകരമായ ബാലന്‍സ് സൃഷ്ടിക്കാനും സഹായിക്കും. നാരുകളാല്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. പ്രീബയോട്ടിക് ഫൈബര്‍ ആരോഗ്യകരമായ ഗട്ട് മൈക്രോബയോട്ടയെ ഉത്തേജിപ്പിക്കുന്നു. ഇത് വീക്കം, കരള്‍ ക്ഷതം എന്നിവ കുറയ്ക്കുന്നു. ഓട്സ്, ബാര്‍ലി എന്നിവയില്‍ കാണപ്പെടുന്ന തരത്തിലുള്ള 7.5 ഗ്രാമോ അതിലധികമോ ലയിക്കാത്ത നാരുകള്‍ കഴിക്കുന്നത് കരള്‍ ഫൈബ്രോസിസിന്റെ മൂന്ന് വ്യത്യസ്ത സ്കോറുകള്‍ മെച്ചപ്പെടുത്തും. ബ്ലൂബെറികളും മറ്റ് സരസഫലങ്ങളിലും ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. മാത്രമല്ല, ഈ ഭക്ഷണങ്ങളില്‍ ഓരോന്നിലും കരളിന്റെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്ന ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഗ്രീന്‍ ടീ കുടിക്കുന്നതിലൂടെ കരളിന്റെ എന്‍സൈമിന്റെയും ലിപിഡിന്റെയും അളവ് വര്‍ധിപ്പിക്കാം. ഒലീവ് ഓയില്‍ ഫാറ്റി ലിവര്‍ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്ന നല്ല കൊളസ്ട്രോള്‍ മെച്ചപ്പെടുത്തുമെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു. ഇത് വീക്കം, ഓക്സിഡേറ്റീവ് സ്ട്രെസ്, മൈറ്റോകോണ്ഡ്രിയല് അപര്യാപ്തത, ഇന്‍സുലിന്‍ പ്രതിരോധം എന്നിവ തടയാന്‍ സഹായിക്കുന്നു. കരളിലെ ആന്റിഓക്സിഡന്റുകളുടെ അളവ് വര്‍ധിപ്പിക്കുന്നതിന് പുറമേ, കാപ്പി വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.30, പൗണ്ട് – 100.43, യൂറോ – 86.40, സ്വിസ് ഫ്രാങ്ക് – 87.21, ഓസ്ട്രേലിയന്‍ ഡോളര്‍ – 55.28, ബഹറിന്‍ ദിനാര്‍ – 218.30, കുവൈത്ത് ദിനാര്‍ -268.24, ഒമാനി റിയാല്‍ – 213.86, സൗദി റിയാല്‍ – 21.90, യു.എ.ഇ ദിര്‍ഹം – 22.42, ഖത്തര്‍ റിയാല്‍ – 22.61, കനേഡിയന്‍ ഡോളര്‍ – 60.50.