yt cover 40

ബഫര്‍സോണ്‍ പരാതികള്‍ പരിഹരിക്കാന്‍ വാര്‍ഡ് തലത്തില്‍ പരിശോധന നടത്തും. വാര്‍ഡ് അംഗം, വില്ലേജ് ഓഫിസര്‍, വനം വകുപ്പ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ ചേര്‍ന്നു പരിശോധന നടത്തണം. പഞ്ചായത്തു തലത്തില്‍ ഹെല്‍പ് ഡെസ്‌ക് തുടങ്ങും. പഞ്ചായത്ത് തലത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണം. കഴിഞ്ഞ വര്‍ഷം കേന്ദ്രത്തിനു നല്‍കിയ സീറോ ബഫര്‍സോണ്‍ ഭൂപടത്തെ ആധാരമാക്കിയാകും നടപടികള്‍. ഈ ഭൂപടത്തില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തും. തദ്ദേശ, വനം, റവന്യൂ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരുമായി ഓണ്‍ലൈന്‍ ആയി ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം.

ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതി ജൂണ്‍ മൂന്നിന് ഉത്തരവിട്ടിട്ടും ആറര മാസം സംസ്ഥാന സര്‍ക്കാര്‍ വെറുതേയിരുന്നെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സാറ്റലൈറ്റ് സര്‍വേയ്ക്കു പുറമേ, നേരിട്ടുള്ള സര്‍വേയും നടത്താനുള്ള സാവകാശം ഉണ്ടായിരുന്നിട്ടും സര്‍ക്കാര്‍ അതൊന്നും ചെയ്തില്ല. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് ഓഗസ്റ്റു മാസത്തില്‍ ലഭിച്ചിട്ടും പുറത്തുവിടാതെ അവസാന നിമിഷംവരെ പൂഴ്ത്തിവച്ചു. 2020 -21 ല്‍ നടത്തിയ സര്‍വേ വിവരങ്ങളെ ആധാരമാക്കി മുന്നോട്ടുപോകാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതു ജനദ്രോഹമാണെന്നു സതീശന്‍.

കാപ്പ ചുമത്തി വിചാരണയില്ലാതെ ആറു മാസം ജയിലിലടയ്ക്കാനും നാടുകടത്താനും ഇനി ജില്ലാ കളക്ടറുടെ അനുമതി വേണ്ട, പോലീസിനുതന്നെ ചെയ്യാം. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ കാപ്പ ചുമത്താം. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഡിജിപിയും കളക്ടര്‍മാരും പങ്കെടുത്ത യോഗത്തിലാണു തീരുമാനം. പലപ്പോഴും കളക്ടര്‍മാര്‍ കാപ്പ ചുമത്താന്‍ വൈമനസ്യം കാണിക്കുന്നതിനാലാണ് എല്ലാ അധികാരവും പോലീസിനുതന്നെ നല്‍കിയത്.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപാതകങ്ങള്‍ നടത്തിയത് സംഘടനയുടെ ഉന്നത നേതാക്കളുടെ അറിവോടെയാണെന്ന് എന്‍ഐഎ അന്വേഷണ സംഘം. ഇതര സമുദായങ്ങളില്‍ ഭയമുണ്ടാക്കാനാണ് ഇതു ചെയ്തതെന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

മാര്‍പ്പാപ്പയുടെ ഇന്ത്യ സന്ദര്‍ശനം വേഗത്തിലാക്കാന്‍ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞെന്ന് സിബിസിഐയുടെ പുതിയ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ഇന്നു രാവിലെ നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞതെന്നു മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. ക്രൈസ്തവ സഭാ സ്ഥാപനങ്ങളുടെ പൊതുവിഷയങ്ങളും ചര്‍ച്ച ചെയ്തു. കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.

മൂന്നുദിവസം നീളുന്ന സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്നു തിരുവനന്തപുരത്ത് തുടക്കം. ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെയാണ് നേതൃയോഗം. ഇന്നും നാളെയും സംസ്ഥാന സമിതിയും വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റും ചേരും.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളജില്‍ കഴിഞ്ഞ ദിവസം വിതരണം ചെയ്ത എല്ലാ ബിരുദ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചുവിളിക്കുമെന്നു കോളജ് അധികൃതര്‍. പരീക്ഷ പാസാകാത്ത ഏഴു വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് തിരികെ വാങ്ങുന്നത്.

ശബരിമലയിലേക്കു പരമാവധി ബസ് സര്‍വീസ് നടത്തണമെന്ന് കെഎസ്ആര്‍ടിസിയോട് ഹൈക്കോടതി. പമ്പയില്‍ സജ്ജമാക്കിയ മെഡിക്കല്‍ സജ്ജീകരണങ്ങളെക്കുറിച്ചു വെള്ളിയാഴ്ചയ്ക്കകം റിപ്പോര്‍ട്ടു വേണമെന്നും കോടതി ആവശ്യപ്പെട്ടു.

ശബരിമല മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി അമ്മാവന്റെ മരണംമൂലം പത്തു ദിവസത്തെ അവധിയില്‍. തൃശൂര്‍ പെരിങ്ങോട്ടുകര കിഴക്കേ ചെറുമുക്ക് മനയ്ക്കല്‍ സി.കെ.ജി നമ്പൂതിരിയാണ് മരിച്ചത്. മേല്‍ശാന്തി സന്നിധാനത്ത് ശബരി ഗസ്റ്റ് ഹൗസിലേക്കു മാറി താമസിച്ചു. പകരം പൂജാകര്‍മ്മങ്ങളുടെ ചുമതല തന്ത്രി കണ്ഠരര് രാജീവര് ഏറ്റെടുത്തു.

ഇത്തവണത്തെ മണ്ഡലകാലത്ത് ശബരിമലയില്‍ 23 പേര്‍ ഹൃദയാഘാതംമൂലം മരിച്ചു. ഹൃദയ സംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ മൂലം 106 പേരെ പമ്പയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളുമായി ഇവയ്ക്ക് ബന്ധമുണ്ടാകാമെന്നു ഡോക്ടര്‍മാര്‍ പറയുന്നു.

തിരുവനന്തപുരത്തു പാലോട് സാമി മുക്കില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു ബൈക്കു യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു. ചള്ളിമുക്ക് സ്വദേശി നവാസ് (20), ഉണ്ണി (22) എന്നിവരാണ് മരിച്ചത്.

ലഹരിവിരുദ്ധ പ്രചാരണത്തിടെ ബാറില്‍ കയറി മദ്യപിച്ച ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ നടപടി. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം അഭിജിത്തിനെയും നേമം ഏരിയാ പ്രസിഡന്റ് ആഷികിനെയും നേമം ഡിവൈഎഫ്ഐ ഏരിയാ കമ്മിറ്റി പുറത്താക്കി. ആംബുലന്‍സ് ഫണ്ടില്‍നിന്നു ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണത്തില്‍ ഏരിയാ സെകട്ടറി മണിക്കുട്ടനും മറ്റൊരു ജില്ലാ കമ്മിറ്റിയംഗം നിതിന്‍ രാജിനുമെതിരെ അന്വേഷണം നടത്താനും തീരുമാനിച്ചു.

സര്‍ക്കാര്‍ പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കാന്‍ മൂന്നംഗ കമ്മറ്റി. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ചെയര്‍മാനും രണ്ട് അംഗങ്ങളും അടങ്ങുന്ന കമ്മറ്റി രൂപീകരിക്കുന്നത്. 15 വര്‍ഷത്തില്‍ കുറയാത്ത പരിചയമുള്ള മാധ്യമപ്രവര്‍ത്തകര്‍, സംസ്ഥാന സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കില്‍ കുറയാത്ത വ്യക്തി, ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ അഡീഷണല്‍ സെക്രട്ടറി റാങ്കില്‍ കുറയാത്ത വ്യക്തി എന്നിവര്‍ക്ക് ചെയര്‍പേഴ്സണ്‍ ആകാം.

പത്തനംതിട്ടയില്‍ അഭിഭാഷകയായ കോണ്‍ഗ്രസ് വനിത നേതാവിനും പിതാവിനുമെതിരെ സാമ്പത്തിക തട്ടിപ്പു കേസ്. ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മല്ലപ്പള്ളിയിലെ സ്ഥാനാര്‍ത്ഥിയായിരുന്ന വിബിത ബാബുവിനെതിരെയാണ് കേസ്. പല തവണയായി 14,16,294 രൂപ വാങ്ങിയ ശേഷം തിരികെ നല്‍കിയെല്ലെന്ന് ആരോപിച്ച് കടുത്തുരുത്തി സ്വദേശിയായ മാത്യു സെബാസ്റ്റ്യനാണ് പരാതി നല്‍കിയത്.

പാലക്കാട് കപ്പൂര്‍ പഞ്ചായത്തില്‍ കൃഷി നശിപ്പിക്കുന്ന 21 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. ചോക്കോട്, മാരായംകുന്ന്, കൊടിക്കാംകുന്ന് എന്നീ പ്രദേശങ്ങളിലാണ് കാട്ടുപന്നികളെ വെടിവെച്ചുകൊന്നത്

തൃശൂര്‍ വടക്കാഞ്ചേരി കുണ്ടന്നൂര്‍ ചുങ്കത്ത് നിയന്ത്രണം വിട്ട കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി ഹോട്ടല്‍ ജീവനക്കാരി മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. മലബാര്‍ എന്‍ജിനീയറിംഗ് കോളജിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. മങ്ങാട് സ്വദേശി സരള (38) ആണു മരിച്ചത്.

കര്‍ഷകസംഘടനകള്‍ രണ്ടാം ഘട്ട സമരത്തിന്. സര്‍ക്കാര്‍ അംഗീകരിക്കാത്ത ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായാണ് രണ്ടാം ഘട്ട സമരം. ശനിയാഴ്ച കര്‍ണാലില്‍ ചേരുന്ന സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തില്‍ തീരുമാനമുണ്ടാകും. 17 സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷക സംഘടനകള്‍ പങ്കെടുക്കും. ജനുവരി 26 മുതല്‍ നടത്താന്‍ തീരുമാനിച്ച പ്രക്ഷോഭത്തിന്റെ സമര രീതി പ്രഖ്യാപിക്കും. പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താനും ആലോചനയുണ്ട്.

കൊവിഡ് വ്യാപനം തടയാന്‍ ജാഗ്രത വര്‍ധിപ്പിക്കണമെന്നു കേന്ദ്ര നിര്‍ദ്ദേശം. ഏതു സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ലോകത്ത് കൊവിഡ് വ്യാപിക്കുന്നതിനിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക യോഗം ചേര്‍ന്ന ശേഷമായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രതികരണം.

കൊവിഡ് നാലാം തരംഗ ഭീഷണിയുള്ളതിനാല്‍ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്ന എല്ലാവരും മാസ്‌ക് അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. അല്ലാത്തപക്ഷം ജോഡോ യാത്ര നിര്‍ത്തിവയ്ക്കേണ്ടി വരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം രാഹുല്‍ഗാന്ധിക്കു കത്തയച്ചു. രാജസ്ഥാനില്‍ തുടരുന്ന ജോഡോ യാത്രയില്‍ മാസ്‌കും സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങളും കര്‍ശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ എന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍രഞ്ജന്‍ ചൗധരി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവിയയ്ക്ക് രാഹുല്‍ഗാന്ധിയുടെ ജോഡോ യാത്ര ഇഷ്ടപ്പെടുന്നില്ലെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിദേശ രാജ്യങ്ങളില്‍ കൊവിഡ് വ്യാപിക്കുന്നതിനാല്‍ വ്യോമ ഗതാഗതത്തിനു നിയന്ത്രണം വേണമെന്ന് കോണ്‍ഗ്രസ്. രോഗവ്യാപനം കൂടിയ രാജ്യങ്ങളില്‍നിന്ന് എത്തുന്ന യാത്രക്കാര്‍ക്കു നിയന്ത്രിക്കണം വേണമെന്നു കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു.

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകള്‍ കെ. കവിതയ്ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. കേസില്‍ ഉള്‍പെട്ട ഇന്തോ സ്പിരിറ്റ് കമ്പനിയില്‍ കവിതയ്ക്ക് 65 ശതമാനം ഓഹരിയുണ്ടന്നാണ് ഇഡിയുടെ ആരോപണം. പ്രതിയായ അരുണ്‍ രാമചന്ദ്രന്‍ പിള്ളയെ മുന്‍നിര്‍ത്തിയാണു കവിത പ്രവര്‍ത്തിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ചൈന- ഇന്ത്യ അതിര്‍ത്തി തര്‍ക്കം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് ബഹളം. കോണ്‍ഗ്രസ് എംപിമാരായ മനീഷ് തിവാരിയും മാണിക്കം ടാഗോറും ലോക്സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. ചൈന വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിനു മുന്നിലെ ഗാന്ധിപ്രതിമയ്ക്ക് അരികില്‍ പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചു.

പഞ്ചാബിലെ പാക് അതിര്‍ത്തി മേഖലയില്‍ പാക്കിസ്ഥാന്റെ ഡ്രോണ്‍ വെടിവെച്ചിട്ട് ബിഎസ്എഫ്. അമൃത്സര്‍ ജില്ലയിലാണ് ഇന്ത്യയിലേക്കു കടന്ന ഡ്രോണ്‍ വെടിവച്ചിട്ടത്. ഏതാനും മിനിറ്റുകള്‍ ആകാശത്ത് കറങ്ങിനടന്ന ഡ്രോണ്‍ പിന്നീട് പാക് ഭാഗത്ത് വീണു.

സ്ത്രീകള്‍ക്കു സര്‍വകലാശാല പ്രവേശനം നിഷേധിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍. നേരത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നും പെണ്‍കുട്ടികളെ മാറ്റി നിര്‍ത്തിയിരുന്നു.

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സ്ത്രീയുമായി ഫോണില്‍ ലൈംഗിക സംഭാഷണം നടത്തിയെന്ന് ആരോപണം. പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്‍ സയ്യിദ് അലി ഹൈദര്‍ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് വന്‍ പ്രചാരം നേടി. വ്യാജമായി നിര്‍മിച്ചതാണെന്ന് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പിടിഐ.

ട്വിറ്റര്‍ സിഇഒ സ്ഥാനം ഏറ്റെടുക്കാന്‍ മാത്രം വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാല്‍ താന്‍ രാജിവയ്ക്കുമെന്ന് ഇലോണ്‍ മസ്‌ക്. സോഫ്‌റ്റ്വെയര്‍, സെര്‍വര്‍ ടീമുകളുടെ ചുമതല വഹിക്കുമെന്നും മസ്‌ക് ട്വീറ്റ് ചെയ്തു. താന്‍ ട്വിറ്റര്‍ മേധാവിയായി തുടരണോയെന്ന് അദ്ദേഹം ട്വിറ്ററില്‍ വോട്ടെടുപ്പ് നടത്തിയിരുന്നു. 57.5 ശതമാനം പേരും അദ്ദേഹം ട്വിറ്റര്‍ മേധാവിയായി തുടരരുതെന്നാണ് വോട്ടു ചെയ്തത്.

ഫിഫ ലോകകപ്പ് നേടി നാട്ടിലെത്തിയ അര്‍ജന്റീന ടീമിന് തലസ്ഥാനമായ ബ്യൂണസ് അയേഴ്സില്‍ രാജകീയ വരവേല്‍പ്. ലക്ഷക്കണക്കിനു ആരാധകരാണ് വിക്ടറി പരേഡിനെത്തിയത്. വിശ്വപ്രസിദ്ധമായ ഒബെലിസ്‌കോ ചത്വരത്തില്‍ സൂചികുത്താനിടമില്ലാത്ത വിധം ജനം ഒത്തുകൂടി. മെസിയുടെ വീട്ടിലേക്കുള്ള ആരാധകരുടെ ഒഴുക്കു നിയന്ത്രിക്കാന്‍ പോലീസ് പാടുപെട്ടു.

വ്യക്തികളും സ്ഥാപനങ്ങളും ശതകോടികള്‍ വായ്പയെടുത്തു തിരിച്ചടക്കാത്തതു മൂലം രാജ്യത്തെ ബാങ്കുകള്‍ക്കുണ്ടായത് 92,570 കോടി രൂപയുടെ നഷ്ടം. വിവാദ ഡയമണ്ട് വ്യവസായിയും ഗീതാഞ്ജലി ജെംസ് ഉടമയുമായ മെഹുല്‍ ചോക്സിയാണ് കുടിശ്ശികക്കാരുടെ പട്ടികയില്‍ ഒന്നാമത്. 7,848 കോടി. ഏറ്റവും കൂടുതല്‍ കുടിശ്ശികയുള്ള 50 വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പട്ടികയാണു സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചത്. ഇറ ഇന്‍ഫ്ര (5,879 കോടി), റെയ്ഗോ അഗ്രോ (4,803 കോടി) എന്നിവയാണു പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. കോണ്‍കാസ്റ്റ് സ്റ്റീല്‍ ആന്‍ഡ് പവര്‍ (4,596 കോടി), എബിജി ഷ്പ്യാര്‍ഡ് (3,708 കോടി), ഫ്രോസ്റ്റ് ഇന്റര്‍നാഷനല്‍ (3,311 കോടി), വിന്‍ഡ്‌സം ഡയമണ്ട്സ് ആന്‍ഡ് ജ്വല്ലറി (2,931 കോടി), റോട്ടോമാക് ഗ്ലോബല്‍ (2,893 കോടി), കോസ്റ്റല്‍ പ്രൊജക്ട്സ് (2,311 കോടി), സൂം ഡവലപ്പേഴ്സ് (2,147 കോടി) എന്നീ സ്ഥാപനങ്ങളും പട്ടികയില്‍ മുന്നിലുണ്ട്. പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) 5.41 ലക്ഷം കോടി രൂപയായി കുറഞ്ഞു. നേരത്തേ 8.9 ലക്ഷം കോടി രൂപയായിരുന്നു. ബാങ്കുകള്‍ 10.1 ലക്ഷം കോടിയുടെ വായ്പകള്‍ എഴുതിത്തള്ളി. ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ രണ്ടു ലക്ഷം കോടിയുടെ വായ്പ എഴുതിത്തള്ളി ഒന്നാമതെത്തി. പഞ്ചാബ് നാഷനല്‍ ബാങ്ക് 67,214 കോടിയും ഐ.സി.ഐ.സി.ഐ 50,514 കോടി, എച്ച്.ഡി.എഫ്.സി 34,782 കോടിയും എഴുതിത്തള്ളി.

ഇന്‍കമിങ് കോള്‍ നോട്ടിഫിക്കേഷന്‍ സ്വിച്ച് ഓഫ് ചെയ്ത് വെയ്ക്കാന്‍ സഹായിക്കുന്ന ഫീച്ചറുമായി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ് ആപ്പ്. വെബ് ഉപയോക്താക്കള്‍ക്കായാണ് വാട്‌സ്ആപ്പ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. വിന്‍ഡോസ് 2.2250.4.0 അപ്‌ഡേറ്റിനായി വാട്‌സ് ആപ്പ് ബീറ്റ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്കാണ് ‘do not disturb’ ഫീച്ചര്‍ അവതരിപ്പിച്ചത്. സെറ്റിങ്‌സില്‍ കയറി നോട്ടിഫിക്കേഷനില്‍ ക്ലിക്ക് ചെയ്ത് ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ഓണ്‍ അല്ലെങ്കില്‍ ഓഫ് ചെയ്യാന്‍ സഹായിക്കുന്ന ടോഗിളില്‍ നോട്ടിഫിക്കേഷന്‍ ഡിസെബിള്‍ ചെയ്ത് ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താവുന്നതാണ്. do not disturb മോഡ് തെരഞ്ഞെടുത്തവര്‍ക്കും ചിലപ്പോള്‍ കോള്‍ നോട്ടിഫിക്കേഷന്‍ വന്നു എന്നുവരാം. എന്നാല്‍ പുതിയ ഫീച്ചര്‍ തെരഞ്ഞെടുത്താല്‍ ഈ പ്രശ്‌നം ഒഴിവാക്കാന്‍ കഴിയും.

ദിലീപ്-അരുണ്‍ ഗോപി ചിത്രം ‘ബാന്ദ്ര’യിലെ തമന്നയുടെ ലുക്ക് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. നടിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ‘ബാന്ദ്രയിലെ രാജ്ഞിക്ക് മനോഹരമായ ജന്മദിനാശംസകള്‍’ എന്ന് കുറിച്ചു കൊണ്ടാണ് അരുണ്‍ ഗോപി ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. ‘രാമലീല’യ്ക്ക് ശേഷം ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ബാന്ദ്ര. അണ്ടര്‍വേള്‍ഡ് ഡോണ്‍ ആയാണ് ചിത്രത്തില്‍ ദിലീപ് പ്രത്യക്ഷപ്പെടുന്നത്. മുംബെയില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ത്രില്ലര്‍ മൂഡില്‍ അണിയിച്ചൊരുക്കുന്ന ബാന്ദ്ര സമീപകാലത്തെ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമകളില്‍ ഒന്നാണ്. ശരത് കുമാര്‍, ഈശ്വരി റാവു, വിടിവി ഗണേഷ്, ഡിനോ മോറിയ, ആര്യന്‍ സന്തോഷ്, സിദ്ദീഖ്, ലെന, കലാഭവന്‍ ഷാജോണ്‍ തുടങ്ങി വന്‍ താരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദിലീപിന്റെ കരിയറിലെ 147-ാം ചിത്രമാണ് ഇത്.

ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹൊറര്‍ സൈക്കോ ത്രില്ലര്‍ ‘വാമനന്‍’ തമിഴിലേക്ക്. മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്റെ തമിഴ് റീമേക്കില്‍ പ്രമുഖ നടന്‍ നായകനായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. താരത്തിന്റെ വിവരങ്ങള്‍ പിന്നണി പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല. ഉടന്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന. വാമനന്‍ എന്ന വ്യക്തിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രം പറയുന്നത്. പുതിയതായി വാങ്ങിയ വീട്ടിലേക്ക് വാമനന്‍ കുടുംബവുമായി താമസം മാറുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. അതിനുശേഷം അവിടെ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങള്‍ അദേഹത്തിന്റെ ജീവിതം മാറ്റി മറിക്കുന്നു. മൂവി ഗ്യാങ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ ബാബു നിര്‍മ്മിച്ച് എ.ബി ബിനില്‍ ചിത്രം സംവിധാനം ചെയ്യുന്നു. ചിത്രത്തില്‍ സീമ ജി നായര്‍, ബൈജു, നിര്‍മ്മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ദില്‍ഷാന ദില്‍ഷാദ്, അരുണ്‍ ബാബു, ജെറി തുടങ്ങിയവര്‍ അഭിനയിക്കുന്നു. സന്തോഷ് വര്‍മ്മ, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് മിഥുന്‍ ജോര്‍ജ്ജാണ്.

പുതുവര്‍ഷത്തില്‍ മോട്ടോര്‍സൈക്കിളുകളുടെ വില വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യുക്കാറ്റി. നിലവില്‍, അസംസ്‌കൃത വസ്തുക്കള്‍, ഉല്‍പ്പാദനം, ലോജിസ്റ്റിക്സ് എന്നിവയുമായി ബന്ധപ്പെട്ട ചിലവുകള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മോട്ടോര്‍സൈക്കിളുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. മോട്ടോര്‍സൈക്കിളുടെ വില 2023 ജനുവരി 1 മുതലാണ് വര്‍ദ്ധിപ്പിക്കുക. ന്യൂഡല്‍ഹി, മുംബൈ, പൂനെ, ബെംഗളൂരു, ചെന്നൈ, കൊച്ചി, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ മുഴുവന്‍ ഡീലര്‍ഷിപ്പുകളിലും പുതുക്കിയ നിരക്ക് ബാധകമായിരിക്കും. എല്ലാ മോഡല്‍ മോട്ടോര്‍സൈക്കിളുടെയും വില വര്‍ദ്ധിപ്പിക്കാനാണ് ഡ്യുക്കാറ്റിയുടെ നീക്കം. കൂടാതെ, ആഗോളതലത്തില്‍ പുറത്തിറക്കിയ വിവിധ മോഡലുകള്‍ ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനും ഡ്യുക്കാറ്റി പദ്ധതിയിടുന്നുണ്ട്.

ചുരുങ്ങിയകാലംകൊണ്ട് ഒരുലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ ദൈവത്തിന്റെ ചാരന്മാര്‍ എന്ന പുസ്തകത്തിനു ശേഷം ജോസഫ് അന്നംകുട്ടി ജോസിന്റെ ഏറ്റവും പുതിയ പുസ്തകം. ഉള്ളില്‍ പിറവിയെടുത്ത ആശയങ്ങളെ പച്ചയായി അവതരിപ്പിക്കുന്ന ഈ പുസ്തകത്തിലെ ഓരോ കഥകളിലെയും കഥാപാത്രങ്ങള്‍ നമുക്കുള്ളിലുളളവരാകാം, നമുക്ക് പ്രിയപ്പെട്ടവരാകാം. ഇതിലെ ചില കഥാപാത്രങ്ങളെ നിങ്ങള്‍ നെഞ്ചോട് ചേര്‍ത്തേക്കാം, ചിലര്‍ നിങ്ങളിലെ ഭ്രാന്തിന് കൂട്ടായി മാറിയേക്കാം, ചിലരുടെ പാദങ്ങളില്‍ വീണ് നമസ്‌കരിച്ചേക്കാം, മറ്റു ചിലരെ നിങ്ങള്‍ക്ക് മനസ്സിലാകാതെ പോയേക്കാം. ‘സ്നേഹം കാമം ഭ്രാന്ത്’. ഡിസി ബുക്സ്. വില 332 രൂപ.

എന്നും നിശ്ചിത അളവില്‍ ഇഞ്ചി കഴിക്കുന്നത് കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇത് ആമാശയത്തിന്റെയും കുടലിന്റെയും പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു. ദഹനശക്തിയെ വര്‍ധിപ്പിക്കുന്നു. ഇഞ്ചിയിലടങ്ങിയിരിക്കുന്ന ചില പദാര്‍ഥങ്ങള്‍ ശരീരത്തിലെ രോഗാണുക്കളെ അകറ്റുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ശരീരത്തില്‍ ഷിഗെല്ല ബാക്ടീരിയയുടെയും ഇ കോളിയുടെയും വളര്‍ച്ച തടയാന്‍ ഇഞ്ചിക്ക് കഴിയും. ആര്‍എസ് വി പോലുള്ള വൈറസുകളില്‍ നിന്നും ഇഞ്ചി സംരക്ഷണം നല്‍കും. ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന മനംപിരട്ടലിന് മികച്ച പരിഹാരമാണ് ഇഞ്ചി. കീമോതെറാപ്പി മൂലമുണ്ടാകുന്ന ഛര്‍ദിലകറ്റാനും ഇഞ്ചി പരീക്ഷിക്കാവുന്നതാണ്. ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുള്ളതിനാല്‍ വാതത്തിന്റെ ലക്ഷണങ്ങള്‍ ഒരു പരിധി വരെ അകറ്റാന്‍ ഇഞ്ചിക്ക് കഴിയും. ഇഞ്ചി കഴിക്കുന്നത് വാതം മൂലമുണ്ടാകുന്ന വേദനയ്ക്കും ഉത്തമമാണ്. ഇഞ്ചി ക്യാന്‍സറിനെതിരെ പ്രതിരോധം തീര്‍ക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇത് എത്രത്തോളം ആധികാരികമാണെന്നത് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ഇഞ്ചിപ്പൊടി ആര്‍ത്തവവേദനയ്ക്കും പരിഹാം കാണുും. പനി, ചുമ, കഫക്കെട്ട് എന്നീ രോഗങ്ങളുടെ ചികിത്സയിലും ഇഞ്ചി ഉപയോഗിച്ച് വരുന്നു. അജീര്‍ണത്തിന്, വില്വാദി ഗുളിക ഇഞ്ചി നീരില്‍ ചേര്‍ത്തു നല്‍കാറുണ്ട്. വയറിളക്കം നിര്‍ത്താന്‍ ചുക്ക് മോരില്‍ അരച്ചു സേവിച്ചാല്‍ മതി. ചുക്കുപൊടി തേനില്‍ ചാലിച്ച് ചെറിയ അളവില്‍ പല തവണയായി അല്പാല്‍പ്പം സേവിക്കുന്നത് എക്കിളിനെ ശമിപ്പിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.76, പൗണ്ട് – 100.61, യൂറോ – 88.00, സ്വിസ് ഫ്രാങ്ക് – 89.36, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.28, ബഹറിന്‍ ദിനാര്‍ – 219.53, കുവൈത്ത് ദിനാര്‍ -270.29, ഒമാനി റിയാല്‍ – 215.23, സൗദി റിയാല്‍ – 22.01, യു.എ.ഇ ദിര്‍ഹം – 22.54, ഖത്തര്‍ റിയാല്‍ – 22.73, കനേഡിയന്‍ ഡോളര്‍ – 60.79.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *