◾കേരളത്തില്‍ ഹൈവേ നിര്‍മ്മാണത്തിനു ഭൂമി ഏറ്റെടുക്കാനുള്ള തുകയുടെ 25 ശതമാനം തരാമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പാലിച്ചില്ലെന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നിര്‍മാണ സാമഗ്രികളുടെ റോയല്‍റ്റി ഒഴിവാക്കിയും സര്‍ക്കാര്‍ ഭൂമി സൗജന്യമായി തന്നും റോഡ് നിര്‍മ്മാണത്തോടു സഹകരിക്കണമെന്നു കേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ഒരു കിലോമീറ്റര്‍ ഹൈവേ നിര്‍മിക്കാന്‍ 100 കോടി രൂപയാണ് ചെലവെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്റില്‍ പറഞ്ഞു.
◾പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മാനേജര്‍ എം.പി. റിജില്‍ തട്ടിയെടുത്ത പണം ഓഹരി വിപണിയില്‍ നിക്ഷേപിച്ചെന്നു പോലീസ്. ഏഴു ലക്ഷത്തിലേറെ രൂപ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ നഷ്ടമായെന്നും റിജില്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. ഒറ്റക്കാണ് തട്ടിപ്പു നടത്തിയതെന്നും ക്രൈം ബ്രാഞ്ച് പറഞ്ഞു.
◾
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ രണ്ടു വനംവകുപ്പു ജീവനക്കാര്‍ കോടതിയില്‍ കീഴടങ്ങി. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ മഹേഷ്, ഷിബിന്‍ ദാസ് എന്നിവരാണ് കീഴടങ്ങിയത്. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഓട്ടോറിക്ഷയില്‍ കാട്ടിറച്ചി കടത്തിക്കൊണ്ടുപോയി വിറ്റെന്ന് ആരോപിച്ച് സെപ്റ്റംബര്‍ 20 ന് സരുണ്‍ സജിയെ അറസ്റ്റു ചെയ്ത സംഭവമാണു കള്ളക്കേസാണെന്നു കണ്ടെത്തിയത്. ഫോറസ്റ്ററായിരുന്ന അനില്‍ കുമാര്‍ അടക്കം ഏഴ് വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
◾പതിനെട്ടാം പടിയില്‍ പരിചയക്കുറവുള്ള പോലീസുകാരെ നിയോഗിച്ചില്ലെന്നു ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. പതിനെട്ടാംപടിയുടെ നിയന്ത്രണം ദേവസ്വം ഏറ്റെടുക്കുന്നതാകും നല്ലതെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍. മറുപടി വിവാദമായതോടെ തമാശയായി പറഞ്ഞതാണെന്ന് എഡിജിപിയുടെ വിശദീകരണം. ശബരിമലയില്‍ സൗകര്യങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഈ സംഭവം. ആവശ്യത്തിനു കെഎസ്ആര്‍ടിസി ബസുകള്‍ വേണമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍ദേശിച്ചു. ശബരിമല പാതയിലെ ഗതാഗത കുരുക്കു പരിഹിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
◾കാലത്തിന്റെ മാറ്റങ്ങള്‍ക്കൊത്ത് അധ്യാപക പരിശീലനം പുനക്രമീകരിച്ചിട്ടുണ്ടെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഹൈസ്‌കൂള്‍ വിഭാഗം നവാധ്യാപക സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖
◾മലപ്പുറം താനൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി റോഡ് മുറിച്ചുകടക്കവേ വാഹനാപകടത്തില്‍ മരിച്ചത് സ്‌കൂള്‍ ബസില്‍ സഹായി ഇല്ലാതിരുന്നതുകൊണ്ടാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്. സഹായിയെ നിയമിക്കാത്തത് സ്‌കൂള്‍ അധികൃതരുടെ ഗുരുതര വീഴ്ചയാണ്. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കിയ മോട്ടോര്‍വാഹന വകുപ്പ് സ്‌കൂളിനെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കണമെന്നു കളക്ടറോടു ശുപാര്‍ശ ചെയ്തു.
◾മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 141.40 അടി ആയി. പരമാവധി സംഭരണശേഷി 142 അടിയാണ്. ഡാമില്‍നിന്നു തമിഴ്നാട് കൂടുതല്‍ ജലം കൊണ്ടുപോകുന്നുണ്ട്.
◾ഗവര്‍ണറുടെ നിലപാടിനെതിരെ മുസ്ലീം ലീഗും ആര്‍എസ്പിയും രംഗത്തുവന്നതോടെ യുഡിഎഫില്‍ പ്രതിസന്ധിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്‍ഡിഎഫ് നയം സ്വീകാര്യമെന്ന് ചില യുഡിഎഫ് ഘടക കക്ഷികള്‍ കരുതുന്നത് നല്ല സൂചനയാണ്. സിപിഎം മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തിലാണ് ഗോവിന്ദന്‍ ഇങ്ങനെ പ്രതികരിച്ചത്.
◾ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയില്‍ എന്‍സിപി നേതാവ് തോമസ് കെ തോമസ് എംഎല്‍എക്കും ഭാര്യ ഷേര്‍ളി തോമസിനുമെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസ്. നാഷനലിസ്റ്റ് മഹിളാ കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആര്‍ ബി ജിഷയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസെടുത്തത്.
◾അറസ്റ്റു ചെയ്ത സിഐ പ്രകൃതി വിരുദ്ധ പീഡനത്തിനു വിധേയനാക്കിയെന്ന് പോക്സോ കേസിലെ പുരുഷനായ പ്രതി. പരാതിയില്‍ തിരുവനന്തപുരം അയിരൂര്‍ സ്റ്റേഷനിലെ മുന്‍ എസ്എച്ച്ഒ ജയസനിലെതിരേ അയിരൂര്‍ പോലീസ് കേസെടുത്തു. അറസ്റ്റു വിവരം മാധ്യമങ്ങളിലൂടെ പുറത്തറിയിക്കാതിരിക്കാന്‍ ക്വാര്‍ട്ടേഴ്സിലേക്കു കൊണ്ടുപോയി പീഡിപ്പിച്ചെന്നും കൈക്കൂലി വാങ്ങിയെന്നുമാണ് പരാതി. മറ്റൊരു കൈക്കൂലികേസില്‍ സസ്പെന്‍ഷനിലാണ് പ്രതിയായ ജയസനില്‍. സംഭവം വര്‍ക്കല ഡിവൈഎസ്പി അന്വേഷിക്കും.
◾പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസും ബിജെപിയും. ഉന്നതരുടെ ഒത്താശയോടെയാണു തട്ടിപ്പെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കൂമാര്‍ പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നു ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വികെ സജീവന്‍ വ്യക്തമാക്കി. കോര്‍പറേഷനിലെയും സിപിഎമ്മിലേയും ചില ഉന്നതര്‍ക്കു തട്ടിപ്പില്‍ പങ്കുണ്ടെന്ന് സജീവന്‍ ആരോപിച്ചു.
◾അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് എറണാകുളം ഇടക്കൊച്ചി സ്വദേശിയില്‍നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ നടന്‍ കലാഭവന്‍ സോബി ജോര്‍ജിനു മൂന്നു വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ. കൂട്ടാളി ഇടക്കൊച്ചി സ്വദേശി പീറ്റര്‍ വില്‍സനും ഇതേ ശിക്ഷ അനുഭവിക്കണം. കോടതിയില്‍ ഹാജരാകാതിരുന്ന രണ്ടാം പ്രതിയും സോബിയുടെ അമ്മയുമായ ചിന്നമ്മക്കെതിരേ കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
◾അട്ടപ്പാടി കടുകമണ്ണ ഊരില്‍ ഗര്‍ഭിണിയെ തുണിമഞ്ചലില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ ഉചിതമായ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിക്കും പ്രതിപക്ഷ നേതാവ് കത്തയച്ചു.
◾കേരളത്തിലേക്കു എംഡിഎംഎ കടത്തിയ നൈജീരിയക്കാരന്‍ അറസ്റ്റില്‍. 27 കാരനായ കെന്‍ ആണ് അറസ്റ്റിലായത്. ബംഗളൂരുവിലെ മലയാളി യുവാവ് മുഖേനയായിരുന്നു ലഹരി കടത്ത്.
◾പാമ്പാടിയിലെ ജ്വല്ലറിയില്‍ മോഷണം നടത്തിയ കേസില്‍ ബിജെപി പ്രവര്‍ത്തകനും കൂട്ടിക്കല്‍ ടോപ്പ് സ്വദേശിയുമായ അജീഷ് പിടിയിലായി. കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടതുമൂലമുണ്ടായ കടബാധ്യതകള്‍ പരിഹരിക്കാനും മാതാപിതാക്കളെ പരിചരിക്കാന്‍ പണം കണ്ടെത്താനുമാണു മോഷണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു.
◾മുന്‍ മന്ത്രിയും സിപിഎം നേതാവുമായ പി കെ ഗുരുദാസന്‍ പാര്‍ട്ടി 33 ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ചു നല്‍കിയ പുതിയ വീട്ടിലേക്കു താമസം മാറി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അടക്കമുള്ളവര്‍ പുതിയ വീട്ടിലെത്തി.
◾ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രത്യേക ചുമതല മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്കു നല്‍കും. ആശുപത്രിക്കെതിരേ പരാതികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി.
◾കൂടത്തായി റോയ് വധക്കേസില്‍ ഒന്നാം പ്രതി ജോളിയുടെ വിടുതല്‍ ഹര്‍ജി കോഴിക്കോട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി തളളി. കേസില്‍ ഈ മാസം 24 ന് വിചാരണ തുടങ്ങും.
◾മാധ്യമ പ്രവര്‍ത്തകനും കേരള മീഡിയ അക്കാദമി ടിവി ജേണലിസം കോഴ്‌സ് കോര്‍ഡിനേറ്ററുമായ കെ.അജിത് അന്തരിച്ചു. 56 വയസായിരുന്നു.
◾മൂടല്‍ മഞ്ഞുമൂലം കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട മൂന്നു വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. മണിക്കൂറുകള്‍ക്കുശേഷമാണ് ഇവ നെടുമ്പാശ്ശേരിയില്‍ തിരിച്ചെത്തിയത്.
◾തൃശൂര്‍ തിരുവില്വാമല എഴുന്നള്ളത്ത് കടവിലെ ചെക്ക് ഡാമില്‍ കാര്‍ മറിഞ്ഞു. കാറിലുണ്ടായിരുന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ കൊണ്ടാഴി സ്വദേശി ജോണിയെ മീന്‍പിടുത്തക്കാര്‍ രക്ഷപ്പെടുത്തി. ഡാമിനു മുകളിലൂടെ ഗായത്രി പുഴയ്ക്ക് അക്കരെ കടക്കുന്നതിനിടെ പുഴയില്‍ അപ്രതീക്ഷിതമായി വെള്ളം ഉയര്‍ന്നതോടെ കാര്‍ പുഴയിലേക്ക് തെന്നി വീഴുകയായിരുന്നു.
◾തിരുവനന്തപുരത്ത് ബസ് സ്റ്റോപ്പില്‍ വനിതാ ഡോക്ടറെ കടന്നുപിടിച്ച മധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരൂര്‍ കടവിള പുല്ലുത്തോട്ടം തയ്യിങ്കളികുന്നില്‍ ശശികുമാറാണ് (52) പിടിയിലായത്.
◾തിരുവനന്തപുരം ആര്‍സിസിയില്‍ ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെ ജീവനക്കാര്‍ ഒരു മണിക്കൂര്‍ സൂചനാ സമരം നടത്തി. ശമ്പളം വര്‍ധിപ്പിക്കുക, അക്കാദമിക് വിഭാഗം ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
◾തിരുവന്തപുരം പേരൂര്‍ക്കട വഴയിലയില്‍ നടുറോഡില്‍ സ്ത്രീയെ വെട്ടിക്കൊന്നു. അമ്പതുകാരിയായ സിന്ധുവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പങ്കാളി പത്തനംതിട്ട സ്വദേശി രാകേഷിനെ (46) അറസ്റ്റു ചെയ്തു. സിന്ധു സ്വത്തു തട്ടിയെടുക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ച് ഭാര്യയും മക്കളുമുള്ള രാകേഷ് ഈയിടെ വേറെ വീടു വാടകയ്ക്കെടുത്ത് ഒറ്റയ്ക്കു താമസം ആരംഭിച്ചിരുന്നു.
◾രണ്ടര വയസും നാലര വയസുമുള്ള കുട്ടികളുമായി കിണറ്റില്‍ ചാടിയ പിതാവ് മരിച്ചു. കുട്ടികളെ രക്ഷപ്പെടുത്തി. തൃശൂര്‍ മൂന്ന്പീടിക ബീച്ച് കോപ്പറേറ്റീവ് റോഡ് പരിസരത്ത് ഇല്ലത്ത്പറമ്പില്‍ ഷിഹാബ് (35) ആണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് കുട്ടികളുമായി യുവാവ് കിണറ്റില്‍ ചാടിയത്.
◾ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കോവിലൂര്‍ കൊങ്കമണ്ടി വീട്ടില്‍ ഹരിച്ചന്ദ്രനെ (ഹരി-25) അറസ്റ്റു ചെയ്തു. പ്ലസ് ടു വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം കണ്ടെത്തിയത്.
◾രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. സഭാനടപടികള്‍ രണ്ടു വട്ടം നിര്‍ത്തിവച്ചു. നോട്ടീസ് നല്‍കിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന പാര്‍ട്ടികളുടെ നേതാക്കളാണു പ്രതിഷേധം ആരംഭിച്ചത്. ലോക്സഭയില്‍ പ്രതിപക്ഷം ബഹളമുണ്ടാക്കിയില്ല.
◾മദ്യം കഴിച്ചാല്‍ മരിക്കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സരണ്‍ ജില്ലയില്‍ 39 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിരവധി പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.
◾ഇന്ത്യ ചൈന അതിര്‍ത്തിയില്‍ തുടരുമെന്നു കരസേന. അരുണാചല്‍ അതിര്‍ത്തിയില്‍ ചൈന കൂടുതല്‍ സൈന്യത്തെ എത്തിച്ചെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. വടക്കുകിഴക്കന്‍ മേഖലയില്‍ ഇന്ത്യന്‍ സേന വ്യോമസേനാഭ്യാസം ആരംഭിച്ചിട്ടുണ്ട്. നാളേയും വ്യോമസേന അഭ്യാസ പ്രകടനങ്ങള്‍ തുടരും.
◾ജനീവയില്‍ ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചു. ‘സഹവര്‍ത്തിത്വത്തിനായി സമാധാനപരമായി പ്രവര്‍ത്തിച്ച വീട്ടുവീഴ്ചയില്ലാത്ത നേതാവ്’ എന്നാണ് യുഎന്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് ഗാന്ധിജിയെ വിശേഷിപ്പിച്ചത്.
◾ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 404 റണ്‍സിന് പുറത്ത്. ആറ് വിക്കറ്റിന് 278 റണ്‍സ് എന്ന നിലയില്‍ ഇന്ന് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് 126 റണ്‍സ് കൂട്ടി ചേര്‍ക്കുന്നതിനിടയില്‍ ശേഷിച്ച നാല് വിക്കറ്റുകള്‍ കൂടി നഷ്ടപ്പെട്ടു. 82 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ശ്രേയസ് അയ്യര്‍ 4 റണ്‍സ് ചേര്‍ക്കുന്നതിനിടെ പുറത്തായി. 58 റണ്‍സെടുത്ത രവിചന്ദ്ര അശ്വിനും 40 റണ്‍സെടുത്ത കുല്‍ദിപ് യാദവുമാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചത്.
◾നവംബറിലും ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ എണ്ണ നല്‍കിയത് റഷ്യ. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി തുടര്‍ച്ചയായ അഞ്ചാം മാസവും ഉയര്‍ന്നു. നവംബറില്‍ പ്രതിദിനം 9,08,000 ബാരല്‍ ആണ് ഇറക്കുമതി. ഒക്ടോബറിനെ അപേക്ഷിച്ച് ഇറക്കുമതി 4 ശതമാനം വര്‍ധിച്ചു. നവംബറിലെ ഇന്ത്യയുടെ മൊത്തം ഇറക്കുമതിയായ 4 ദശലക്ഷം ബിപിഡിയുടെ 23 ശതമാനവും റഷ്യന്‍ എണ്ണയാണ്. രണ്ടാം സ്ഥാനത്ത് ഇറാഖ്. അതേസമയം, നവംബറിലെ ഇന്ത്യയുടെ മൊത്തത്തിലുള്ള ഇറക്കുമതി ഒക്ടോബറില്‍നിന്ന് 11% കുറഞ്ഞു. ചൈനയ്ക്ക് ശേഷം റഷ്യയുടെ രണ്ടാമത്തെ വലിയ എണ്ണ ഉപയോക്താവാണ് ഇന്ത്യ. ബാരലിന് 60 ഡോളര്‍ നിലവാരത്തിലാണ് റഷ്യന്‍ എണ്ണ ഇന്ത്യയ്ക്കു കിട്ടുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍. ഗള്‍ഫില്‍നിന്ന് ബാരലിന് 80 ഡോളര്‍ നിലവാരത്തിലാണിപ്പോള്‍ എണ്ണ കിട്ടുക.
◾സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുറഞ്ഞു. ഇന്നലെ സ്വര്‍ണ്ണ വില 40,000 കടന്നിരുന്നു. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 39,920 രൂപയായി ആണ് കുറഞ്ഞത്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4990 രൂപയുമായി. പവന് 320 രൂപ കുറഞ്ഞു. ഇന്നലെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 40,240 ആയിരുന്നു വില. ഒരു ഗ്രാമിന് 5,030 രൂപയും. സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഇടിഞ്ഞു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 73 രൂപയായി. ഇന്നലെ ഒരു രൂപ വര്‍ദ്ധിച്ചിരുന്നു. അതേസമയം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.
◾നയന്‍താര നായികയാകുന്ന ചിത്രം ‘കണക്റ്റ്’ ഹിന്ദിയിലും റിലീസ് ചെയ്യും. അശ്വിന്‍ ശരവണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അശ്വിന്‍ ശരവണന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ഇടവേളകളില്ലായെന്ന പ്രത്യേകതയുള്ള ചിത്രമാണ് ‘കണക്റ്റ്’. നയന്‍താര നായികയായ ചിത്രം ‘മായ’യിലൂടെയാണ് അശ്വിന്‍ ശരവണന്‍ സംവിധായകനാകുന്നത്. തപ്സിയെ നായികയാക്കിയിട്ടുള്ള ചിത്രമായ ‘ഗെയിം ഓവറും’ അശ്വിന്‍ ശരവണിന്റേതായി എത്തി. നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും നേടിയ ചിത്രങ്ങളായി മായ’യും ‘ഗെയിം ഓവറും’. അശ്വിന്‍ ശരവണിന്റെ പുതിയ ചിത്രത്തില്‍ നയന്‍താരയ്ക്ക് ഒപ്പം അനുപം ഖേര്‍, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിഘ്നേശ് ശിവന്റേയും നയന്‍താരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്ചേഴ്സാണ് ‘കണക്റ്റ്’ നിര്‍മിക്കുന്നത്.
◾നവാഗതനായ ശരണ്‍ വേണുഗോപാലിന്റെ ചിത്രം കോഴിക്കോട് നാട്ടിന്‍ പുറത്തെ ഒരു തറവാടിനെ കേന്ദ്രീകരിച്ച് നവാഗതനായ ശരണ്‍ വേണുഗോപാല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന നാരായണീന്റെ മൂന്നാണ്മക്കള്‍ എന്ന ചിത്രത്തില്‍ അലന്‍സിയര്‍, ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനവും പ്രൗഢിയും നിറഞ്ഞ ഒരു കുടുംബത്തിന്റെ കഥ മൂന്നാണ്‍ മക്കളെ കേന്ദ്രീകരിച്ചാണ് അവതരണം. കോഴിക്കോട് എലത്തൂരില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തില്‍ സജിത മഠത്തില്‍, ഷെല്ലി നബു, ഗാര്‍ഗി അനന്തന്‍, സരസ ബാലുശ്ശേരി, തോമസ് മാത്യു, സുലോചന കുന്നുമ്മല്‍, തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
◾2023 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ പുതിയ മോഡലുകള്‍ അനാവരണം ചെയ്ത് ടാറ്റ മോട്ടോഴ്‌സ്. കര്‍വ്വ്, അവിന്യ എന്നീ ആശയങ്ങള്‍ക്കൊപ്പം അള്‍ട്രോസ് ഇവി, പഞ്ച് അധിഷ്ഠിത ഇവി എന്നിവയും ടാറ്റാ മോട്ടോഴ്സ് അവതരിപ്പിക്കാന്‍ സാധ്യതയുണ്ട് . കൂടാതെ, 2023 ജനുവരിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ ഹാരിയര്‍ ഫെയ്സ്ലിഫ്റ്റും സഫാരി ഫെയ്സ്ലിഫ്റ്റും കമ്പനി അനാവരണം ചെയ്തേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പുതിയ ഹാരിയര്‍ ഫെയ്സ്ലിഫ്റ്റില്‍ 170 ബിഎച്ച്പിയും 350 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന 2.0 എല്‍ ഡീസല്‍ എഞ്ചിന്‍ തുടരും. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകള്‍ ഓഫറില്‍ ലഭിക്കും. സഫാരി ഫെയ്സ്ലിഫ്റ്റിലും ടാറ്റ സമാനമായ മാറ്റങ്ങള്‍ വരുത്തും.
◾കേരളത്തിലെ ഗിരിജന വിഭാഗങ്ങളില്‍ പ്രബലമായ കാണിക്കാരെ സംബന്ധിച്ച സാമൂഹിക രാഷ്ട്രീയ പാരിസ്ഥിതിക പഠനം പശ്ചിമ ഘട്ടത്തിന്റെ തെക്ക് ആരുവാ മുടി മുതല്‍ ആര്യങ്കാവു വരെയുള്ള കേരളത്തിന്റെ ജൈവവൈവിദ്ധ്യ മേഖലയായ അഗസ്ത്യകൂടത്തെ അടുത്തറിയാന്‍ സഹായിക്കുന്ന ഗ്രന്ഥം. ‘അഗസ്ത്യകൂടത്തിലെ ആദിവാസികള്‍’. കെ ആര്‍ അജയന്‍. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്. വില 66 രൂപ.
◾ആരോഗ്യകരമായ കൊഴുപ്പുകള്‍, നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ വാള്‍നട്ടില്‍ അടങ്ങിയിരിക്കുന്നു. സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ്, വന്‍കുടല്‍ കാന്‍സര്‍ തുടങ്ങിയ ചില അര്‍ബുദങ്ങള്‍ വികസിപ്പിക്കാനുള്ള സാധ്യതയെ വാല്‍നട്ടിന്റെ പോളിഫെനോള്‍ കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ഓര്‍മശക്തി കൂട്ടാനുമെല്ലാം വാള്‍നട്ട് മികച്ചതാണ്. മറ്റ് നട്സുകളെ അപേക്ഷിച്ച് വാള്‍നട്ട് സ്ഥിരമായി കഴിക്കുന്നത് ഊര്‍ജം വര്‍ധിപ്പിക്കുകയും ഹൃദ്രോഗങ്ങള്‍ അകറ്റുകയും ചെയ്യും. വാല്‍നട്ട് പോഷിപ്പിക്കുക മാത്രമല്ല കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുകയും ചെയ്യുന്നു. ഇത് കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും രോഗസാധ്യത കുറയ്ക്കുകയും ചെയ്യും. തലേദിവസം വെള്ളത്തില്‍ കുതിര്‍ത്തു വച്ച ശേഷം രാവിലെ വാള്‍നട്ട് കഴിക്കുന്നതാണ് ഏറ്റവും ഉചിതം. ഇതിനായി 2-4 വാള്‍നട്ട് എടുത്ത ശേഷം അത് വെള്ളത്തില്‍ കുതിര്‍ക്കുക. ശേഷം രാവിലെ വെറും വയറ്റില്‍ കഴിക്കാം. വാള്‍നട്ട് സ്മൂത്തി, വാള്‍നട്ട് ടോഫി എന്നീ രൂപത്തിലും കഴിക്കാം. പ്രമേഹമുള്ളവര്‍ നിര്‍ബന്ധമായും ദിവസവും ഒരു പിടി വാള്‍നട്ട് കഴിക്കണമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ വാള്‍നട്ട് കഴിക്കുന്നത് ഗുണം ചെയ്യുമത്രേ. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ വാള്‍നട്ട് ദിവസവും കഴിക്കുന്നത് കാന്‍സര്‍ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.57, പൗണ്ട് – 102.22, യൂറോ – 87.89, സ്വിസ് ഫ്രാങ്ക് – 89.19, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.29, ബഹറിന്‍ ദിനാര്‍ – 219.03, കുവൈത്ത് ദിനാര്‍ -269.41, ഒമാനി റിയാല്‍ – 214.49, സൗദി റിയാല്‍ – 21.96, യു.എ.ഇ ദിര്‍ഹം – 22.48, ഖത്തര്‍ റിയാല്‍ – 22.68, കനേഡിയന്‍ ഡോളര്‍ – 60.85.