yt cover

ഡിജിറ്റല്‍ കറന്‍സിയായ ഇ റുപ്പി ഇന്ന് റിസര്‍വ് ബാങ്ക് പുറത്തിറക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കം നാലു ബാങ്കുകള്‍ വഴി മുംബൈ, ഡല്‍ഹി, ബെംഗലൂരു, ഭുവനേശ്വര്‍ എന്നീ നാലു നഗരങ്ങളില്‍ മാത്രമാണ് ഇ റുപ്പി ലഭ്യമാക്കുക. നിലവിലുള്ള കറന്‍സിയുടെയും നാണയത്തിന്റെയും മൂല്യമുള്ള ടോക്കണുകളാണ് ഇ റുപ്പി. ഡിജിറ്റല്‍ വാലറ്റില്‍ മൊബൈല്‍ ഫോണിലൂടെ ഇടപാടുകള്‍ നടത്താനാകും.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള കരട് ബില്ലില്‍ ആമുഖം പൂര്‍ണമല്ലെന്നു വിമര്‍ശിച്ച് കൃഷി വകുപ്പു സെക്രട്ടറി ബി അശോക്. ചാന്‍സലറെ മാറ്റാനുള്ള കാരണം ആമുഖത്തില്‍ വിവരിക്കണമെന്ന് അശോക് കുറിപ്പ് എഴുതിയിരുന്നു. ഇതില്‍ മന്ത്രിസഭ അതൃപ്തി രേഖപ്പെടുത്തി. അതൃപ്തി ചീഫ് സെക്രട്ടറി അശോകിനെ അറിയിക്കും.

പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്. ഡിസംബര്‍ അഞ്ചിന് നിയമസഭാ സമ്മേളനം ചേരുമ്പോള്‍ അവതരിപ്പിക്കേണ്ട ബില്ലുകള്‍ ചര്‍ച്ച ചെയ്യനാണ് പ്രത്യേക മന്ത്രിസഭാ യോഗം. സഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന ബില്ലുകളുടെ മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതടക്കമുള്ള നടപടികളും മന്ത്രിസഭാ യോഗത്തില്‍ നടക്കും.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ കൊല്ലപ്പെട്ടു. അബു ഹസന്‍ അല്‍ ഹാഷ്മി അല്‍ ഖുറേഷി കൊല്ലപ്പെട്ടതായി ഐഎസ് വക്താവ് സ്ഥിരീകരിച്ചു. എന്നാണു മരിച്ചതെന്നോ എങ്ങനെ മരിച്ചെന്നോ വെളിപെടുത്തിയിട്ടില്ല. ഏറ്റുമുട്ടലിലാണെന്നാണു സൂചന. ഐഎസിന്റെ പുതിയ മേധാവിയായി അബു അല്‍ ഹുസൈന്‍ ഹുസൈനി അല്‍ ഖുറേഷി ചുമതലയേറ്റു.

തെലങ്കാനയില്‍ എംഎല്‍എമാര്‍ക്കു കോടികള്‍ നല്‍കി ഭരണം അട്ടിമറിക്കാനുള്ള ഓപ്പറേഷന്‍ താമര കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റു ചെയ്യരുതെന്നു തെലങ്കാന ഹൈക്കോടതി. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണവുമായി സഹകരിക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചു. കേസന്വേഷണം സിബിഐക്കു വിടണമെന്ന് ആവശ്യപ്പെട്ട് തുഷാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് അറസ്റ്റു വിലക്കിയത്.

മലബാര്‍ സിമന്റ്സ് സെക്രട്ടറിയായിരുന്ന വി ശശീന്ദ്രന്റെയും മക്കളുടെയും മരണത്തെക്കുറിച്ചു സിബിഐ തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. കൊലപാതക സാധ്യത ചൂണ്ടിക്കാട്ടി ശശീന്ദ്രന്റെ സഹോദരന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ആത്മഹത്യയെന്ന പോലീസിന്റെ റിപ്പോര്‍ട്ട് ആവര്‍ത്തിച്ച സിബിഐ അന്വേഷണ സംഘത്തിനെതിരേ അന്വേഷണം വേണം. പുതിയ സംഘം അന്വേഷണം നടത്തി നാലുമാസത്തിനകം റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. 2011 ജനുവരി 24 നു രാത്രി കഞ്ചിക്കോട് കുരുടിക്കാട്ടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

വിഴിഞ്ഞം സംഘര്‍ഷത്തിനു പിന്നില്‍ നിരോധിത സംഘടനയുടെ സാന്നിധ്യമുണ്ടെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികളുടെ ഉപജീവന പോരാട്ടത്തെ തകര്‍ക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു ലഭിച്ചെന്നു മാധ്യമവാര്‍ത്തകളുണ്ട്. നിജസ്ഥിതി മുഖ്യമന്ത്രി പുറത്തുവിടണമെന്നും സുധാകരന്‍.

വിഴിഞ്ഞത്തു നടക്കുന്നത് ലക്ഷണമൊത്ത അന്താരാഷ്ട്ര ഗൂഢാലോചനയാണെന്ന് കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍. നിരോധിക്കപ്പെട്ട തീവ്രവാദ പ്രസ്ഥാനങ്ങളിലെ അംഗങ്ങള്‍വരെ പങ്കാളികളാണ്. വിഴിഞ്ഞം സമരത്തിന്റെ മറ്റൊരു പതിപ്പാണ് കോഴിക്കോട് കോതിയില്‍ നടക്കുന്നതെന്നും പി. മോഹനന്‍ പറഞ്ഞു.

‘അബ്ദുറഹിമാന്‍ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ട്’ എന്ന പരാമര്‍ശം നടത്തിയ വിഴിഞ്ഞം തുറമുഖ നിര്‍മാണവിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡോഷ്യസ് ഡിക്രൂസിനെതിരേ വിഴിഞ്ഞം പോലീസ് ജാമ്യമില്ലാത്ത വകുപ്പനുസരിച്ച് കേസെടുത്തു. മതവിദ്വേഷം വളര്‍ത്തിയെന്ന് ആരോപിച്ചാണു കേസ്. ഇതേസമയം പ്രസ്താവനയില്‍ അദ്ദേഹവും അതിരൂപതയും ഖേദം പ്രകടിപ്പിച്ചു. സമരക്കാരെ തീവ്രവാദികളെന്ന് അധിക്ഷേപിച്ച ഫിഷറീസ് മന്ത്രി അബ്ദുറഹ്‌മാനാണു തീവ്രവാദിയെന്നു പ്രതികരിക്കവേ ഉണ്ടായ നാക്കുപിഴയാണെന്നാണു വിശദീകരണം.

വിഴിഞ്ഞം തുറമുഖ നിമ്മാണത്തിനെതിരായ സമരത്തില്‍ സര്‍ക്കാരിനെതിരെ സിറോ മലബാര്‍ സഭയുടെ വിശ്വാസി കൂട്ടായ്മയായ അല്‍മായ ഫോറം. മല്‍സ്യത്തൊഴിലാളികള്‍ക്കു പാര്‍പ്പിടം നല്‍കാതെ പദ്ധതി നടപ്പാക്കണമെന്ന് സര്‍ക്കാര്‍ വാശി പിടിക്കുന്നത് നീതീകരിക്കാനാവില്ലെന്നു ഫോറം അഭിപ്രായപ്പെട്ടു.

വഖഫ് ബോര്‍ഡ് മുന്‍ സിഇഒ ബി മുഹമ്മദ് ജമാലിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നു മൂവാറ്റുപുഴ വിജിലന്‍സ് കോടതി. ഗവണ്‍മെന്റ് അഡീഷണല്‍ സെക്രട്ടറിയുടെയും വഖഫ് ബോര്‍ഡ് സിഇഒയുടെയും തസ്തിക ഒരേ പദവിയിലുള്ളതാണെന്നു കാണിച്ച് സ്പെഷ്യല്‍ അലവന്‍സ് കൈപ്പറ്റിയെന്ന കേസിലാണ് അന്വേഷണം.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആക്രമണം അംഗീകരിക്കില്ലെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വലിയ ആശങ്കയോടെ ലോകം കണ്ട മഹാമാരിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ത്യാഗോജ്ജ്വല പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു.

ശബരിമല ദര്‍ശനത്തിനു ശ്രമിച്ചതിനു മതവിശ്വാസത്തെ അവഹേളിച്ചെന്ന് ആരോപിച്ച് പത്തനംതിട്ട പൊലീസ് എടുത്ത കേസില്‍ ഹൈക്കോടതി നല്‍കിയ ജാമ്യത്തിലെ വ്യവസ്ഥകള്‍ ലഘുകരിക്കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ സുപ്രിം കോടതിയില്‍. ഹര്‍ജി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.

കോഴിക്കോട് കോര്‍പറേഷന്റെ അക്കൗണ്ടില്‍നിന്ന് ബാങ്ക് മാനേജര്‍ രണ്ടര കോടി രൂപ തിരിമറി നടത്തി. കോര്‍പറേഷന്‍ സെക്രട്ടറി ടൗണ്‍ പൊലീസില്‍ പരാതി നല്‍കി. പഞ്ചാബ് നാഷണല്‍ ബാങ്ക് എരഞ്ഞിപ്പലം ശാഖയിലെ മാനേജര്‍ റിജില്‍ അച്ഛന്റെ അക്കൗണ്ടിലേക്ക് 98 ലക്ഷത്തിലേറെ രൂപ മാറ്റിയതായാണ് കണ്ടെത്തിയത്. അക്കൗണ്ടില്‍ പണമില്ലെന്ന് കണ്ടതോടെ അന്വേഷിച്ചപ്പോള്‍ പിഴവ് സംഭവിച്ചന്നു വിശദീകരണം. പണം അക്കൗണ്ടിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

വിജയിച്ച കെഎസ്‌യു പ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. പൂത്തോട്ട ലോ കോളജില്‍ വിജയിച്ച കെഎസ്‌യു പ്രവര്‍ത്തക പ്രവീണയാണു തന്നെ നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയെന്നു പരാതി നല്‍കിയത്. തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐയും കെഎസ്‌യുവും തുല്യ സീറ്റുകളാണു നേടിയത്. ഇതിന് പിറകേ പ്രവീണയെ തട്ടിക്കൊണ്ടുപോയെന്നാണു പരാതി.

തിരുവനന്തപുരത്ത് സിമന്റ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. താഴെവിള തെങ്ങറത്തല സ്വദേശികളായ ജോബിന്‍ (22), ജഫ്രീന്‍ ( 19) എന്നിവരാണ് മരിച്ചത്.

കടയില്‍നിന്നു പണം മോഷ്ടിച്ചെന്ന് ആരോപിതനായ പൊലീകാരനു സസ്പെന്‍ഷന്‍. പീരുമേട് സ്റ്റേഷനിലെ പൊലീസുകാരന്‍ സാഗര്‍ പി മധുവിനാണ് സസ്പെന്‍ഷന്‍.

പരോളിലിറങ്ങിയ കൊലക്കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. ഇടുക്കി പൊന്മുടി സ്വദേശി കളപ്പുരയില്‍ ജോമോന്‍ ആണ് രക്ഷപെട്ടത്.

കാമുകനോടൊപ്പം ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയായ യുവതി താനൂര്‍ സ്വദേശി സൗജത്ത് കൊണ്ടോട്ടി വലിയപറമ്പിലെ വീട്ടില്‍ മരിച്ചനിലയില്‍. കാമുകനെ വിഷം കഴിച്ച നിലയിലും കണ്ടെത്തി. കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലായിരുന്നു സൗജത്തിന്റെ മൃതദേഹം. കൊലപാതകമാണെന്നാണ് സംശയം.

മദ്യപിച്ച സഹോദരന്മാരില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. പൊള്ളാച്ചി കൊള്ളു പാളയം സ്വദേശി ദേവ (25) ആണ് മരിച്ചത്. സഹോദരനായ മണികണ്ഠനെ (28) പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് കൂട്ടുപാതയില്‍ രാത്രി ഒന്‍പതരയോടെയാണ് സംഭവം. മണികണ്ഠന്റെ ഭാര്യയുമായി സഹോദരന് അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് തര്‍ക്കത്തിലും കത്തിക്കുത്തിലും കലാശിച്ചത്.

ചെറുതുരുത്തിയില്‍ നിയന്ത്രണം വിട്ട ലോറി ഇടിച്ച് മല്‍സ്യ കച്ചവടക്കാരന്‍ മരിച്ചു. ചെറുതുരുത്തി പള്ളം സ്വദേശി യൂസഫ് ആണ് മരിച്ചത്.

ഒളിവിലായിരുന്ന പോക്സോ കേസ് പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിനു നേരെ ആക്രമണം. എഎസ്ഐയുടെ തലയ്ക്കു പരിക്കേറ്റു. പാറശാല സ്റ്റേഷനിലെ എഎസ്ഐ ജോണിനാണ് പരിക്കേറ്റത്. പോക്സോ കേസിലെ പ്രതിയായ കളിയിക്കാവിള ആര്‍.സി തെരുവില്‍ സ്റ്റാലിനെ (32) അറസ്റ്റു ചെയ്തു.

ആറു വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ മദ്രസ അധ്യാപകനായ യുവാവിന് 62 വര്‍ഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ. മലപ്പുറം കുരുവമ്പലം സ്വദേശി അബ്ദുല്‍ ഹക്കീമിനെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്. പിഴ സംഖ്യ ഇരയ്ക്കു നല്‍കണമെന്നാണു വിധി.

കാസര്‍കോട് ഉപ്പളയില്‍ മൂകയും ബധിരയുമായ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്കു ജീവപര്യന്തം തടവ്. ഉപ്പള സ്വദേശി സുരേഷിനെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2015 സെപ്റ്റംബര്‍ 22 നാണ് പെണ്‍കുട്ടിയെ പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി കെട്ടിയിട്ട് പീഡിപ്പിച്ചത്.

ഗുജറാത്ത് നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. 89 സീറ്റുകളിലേക്കാണ് ഇന്നു വോട്ടെടുപ്പു നടക്കുന്നത്.

ജമ്മു കാഷ്മീരിലെ മണ്ഡല പുനര്‍നിര്‍ണയത്തിനെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം പുനരാരംഭിച്ചു. ജമ്മു കാഷ്മീരിനെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയതിനു ശേഷം നടത്തിയ മണ്ഡല പുനര്‍നിര്‍ണയം ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.

ബെംഗളൂരുവില്‍ സ്‌കൂള്‍ ബസില്‍ യുവതിയെ ബലാത്സംഗം ചെയ്ത ഡ്രൈവര്‍ പിടിയിലായി. ബസ് ഡ്രൈവര്‍ ശിവകുമാറിനെയാണ് അറസ്റ്റു ചെയ്തത്.

അദാനി ഓഹരികള്‍ വാങ്ങിയ എന്‍ഡിടിവിയില്‍ നിന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാര്‍ രാജിവച്ചു. സ്ഥാപകരായ പ്രണോയ് റോയിയും രാധിക റോയിയും രാജിവച്ചതിനു പിന്നാലെയാണ് രവീഷിന്റെയും രാജി.

കസ്റ്റഡി മരണ കേസില്‍ ഗുജറാത്ത് ഹൈക്കോടതി വാദം കേള്‍ക്കല്‍ ആരംഭിച്ചതിനെതിരേ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് സുപ്രീംകോടതിയില്‍. കൂടുതല്‍ തെളിവുകള്‍ ചേര്‍ക്കണമെന്ന സഞ്ജീവ് ഭട്ടിന്റെ ഹര്‍ജിയില്‍ വിധി വരുന്നതിനു മുന്‍പേ വാദം ആരംഭിച്ചതു തടയണമെന്നാണ് ആവശ്യം. കസ്റ്റഡി മരണത്തിന് 2019 ജൂലൈയിലാണ് ജാംനഗര്‍ സെഷന്‍സ് കോടതി സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.

ചൈനയുടെ മുന്‍ പ്രസിഡന്റ് ജിയാങ് സെമിന്‍ അന്തരിച്ചു. 96 വയസായിരുന്നു. ടിയാനന്‍മെന്‍ സ്‌ക്വയര്‍ പ്രക്ഷോഭത്തെ തുടര്‍ന്നാണ് ജിയാങ് സെമിന്‍ ചൈനയുടെ അധികാരത്തിലെത്തിയത്.

എണ്ണക്കപ്പലിനടിയില്‍ പുറത്തുള്ള റഡറില്‍ ഇരുന്ന് 11 ദിവസം യാത്ര ചെയ്ത മൂന്നു കുടിയേറ്റക്കാരെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതില്‍ ഒരാളുടെ നില ഗുരുതരമാണ്. നൈജീരിയയില്‍നിന്നാണ് ഇവര്‍ കപ്പലിന്റെ റഡറില്‍ കയറിയത്. സ്പെയിനിലെ കനേറി ഐലന്റ്സിലാണ് ഇവരെ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സൗദി അറേബ്യയിലെ വടക്കന്‍ മേഖലയായ തബൂക്കിലും പരിസരങ്ങളിലും ശക്തമായ കാറ്റും മഴയും. വീശിയടിച്ച കാറ്റില്‍ വൈദ്യുതി ടവറുകളും പോസ്റ്റുകളും തകര്‍ന്നു. തബൂക്കില്‍ ചില പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം മുടങ്ങി.

അഫ്ഗാനിസ്ഥാനിലെ വടക്കന്‍ നഗരമായ അയ്ബനിലെ മദ്രസയിലുണ്ടായ സ്ഫോടനത്തില്‍ പത്തു കുട്ടികള്‍ ഉള്‍പ്പെടെ 16 പേര്‍ മരിച്ചു. 24 പേര്‍ക്കു പരിക്കേറ്റു.

വനിതാ ജയിലില്‍ ‘ബലാല്‍സംഗ ക്ലബ്ബ’് നടത്തിയ ജയില്‍ വാര്‍ഡന്‍ പിടിയില്‍. കാലിഫോര്‍ണിയയിലെ വനിതാ ജയിലിലാണ് പുരുഷ ജയില്‍ വാര്‍ഡനായ റേ ജേ ഗാര്‍സിയ എന്ന അന്‍പത്തിയഞ്ചുകാരന്‍ റേപ്പ് ക്ലബ്ബ് നടത്തി പിടിയിലായത്. ഔദ്യോഗിക ഫോണില്‍നിന്ന് വനിതാ തടവുകാരുടെ നഗ്ന ചിത്രങ്ങള്‍ പുറത്തു വന്നതോടെയാണ് ഗാര്‍സിയ എഫ്ബിഐയുടെ പിടിയിലായത്.

ന്യൂസിലന്‍ഡിനെതിരായ അവസാന ഏകദിനവും മഴ മൂലം ഉപേക്ഷിച്ചു. ഇതോടെ ആദ്യ ഏകദിനത്തില്‍ വിജയം നേടിയ ന്യസിലാണ്ട് പരമ്പര സ്വന്തമാക്കി. രണ്ടാം ഏകദിനവും മഴ മൂലം നേരത്തെ ഉപേക്ഷിച്ചിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 220 റണ്‍സ് വിജയലക്ഷ്യത്തേക്ക് ബാറ്റ് വീശിയ ന്യൂസിലന്‍ഡ് 18 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴ എത്തിയത്.

പോളണ്ട് ഗോള്‍ കീപ്പര്‍ വൊജെസിക് ഷെസ്നിയുടെ മികവിനെ മറികടന്ന അര്‍ജന്റീന ഗ്രൂപ്പ് സിയില്‍ നിന്ന് ചാമ്പ്യന്‍മാരായി പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സൗദിയെ തോല്‍പിച്ചിട്ടും നാല് പോയിന്റ് നേടിയ മെക്സിക്കോ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ഗോള്‍ വ്യത്യാസത്തിന്റെ ബലത്തില്‍ അര്‍ജന്റീനയോട് തോറ്റ നാല് പോയിന്റ് തന്നെയുള്ള പോളണ്ടാണ് പ്രീക്വാര്‍ട്ടറില്‍ കടന്നത്.

പോളണ്ട് ഗോള്‍ കീപ്പര്‍ വൊജെസിക് ഷെസ്‌നിയാണ് അര്‍ജന്റീന – പോളണ്ട് മത്സരത്തിലെ താരം. അല്ലായിരുന്നെങ്കില്‍ 2 -0 നും വലിയ മാര്‍ജിനില്‍ പോളണ്ട് അര്‍ജന്റീനയോട് തോല്‍ക്കേണ്ടതായിരുന്നു. തുടക്കം മുതല്‍ അവസാനം വരെ പോളണ്ട് ഗോള്‍മുഖത്ത് ആക്രമണം അഴിച്ചുവിട്ട മെസിയും സംഘവും ഇതിലും വലിയ ജയത്തിന് അര്‍ഹരായിരുന്നു. പോളണ്ടിന്റെ പ്രതിരോധ മതിലിനെ മറികടന്ന് നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും അര്‍ജന്റീനക്ക് ഗോള്‍ നേടാനാകാതെ പോയത് പോളണ്ട് ഗോള്‍ കീപ്പര്‍ വൊജെസിക് ഷെസ്‌നിയുടെ മികവു കൊണ്ട് മാത്രമായിരുന്നു. സാക്ഷാല്‍ മെസിക്ക് കിട്ടിയ പെനാല്‍റ്റി പോലും അത്ഭുതകരമായി തട്ടിയകറ്റി അര്‍ജന്റീനയേയും ആരാധകരേയും ഷെസ്‌നി തീ തീറ്റിച്ചു. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അലെക്‌സിസ് മാക് അലിസ്റ്റര്‍ക്കും 62-ം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസിനും മാത്രമാണ് ഷെസ്നിയെ കീഴടക്കാനായത്.

മികച്ച കളി കാഴ്ച വെച്ചിട്ടും സൗദി അറേബ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തിട്ടും മെക്സിക്കോ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. മത്സരത്തിന്റെ തുടക്കം മുതല്‍ സൗദി ബോക്‌സിലേക്ക് ആക്രമിച്ച കയറിയ മെക്‌സിക്കോക്ക് ആദ്യ പകുതിയില്‍ ഗോളടിക്കാന്‍ സാധിച്ചില്ല. ഒടുവില്‍ 47 -ാം മിനിറ്റിലും 52-ാം മിനിറ്റിലും മെക്സിക്കോ ഗോളുകള്‍ കണ്ടെത്തി. ഇന്‍ജുറി ടൈമിന്റെ അഞ്ചാം മിനിറ്റിലായിരുന്നു സൗദിയുടെ ആശ്വാസഗോള്‍. ഒരു ഗോള്‍ കൂടി നേടാന്‍ സാധിച്ചിരുന്നെങ്കില്‍ മെക്സിക്കോക്ക് പ്രീക്വാര്‍ട്ടര്‍ നഷ്ടപ്പെടില്ലായിരുന്നു.

ടുണീഷ്യയോട് തോറ്റിട്ടും നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് ഗ്രൂപ്പ് ഡിയിലെ ചാമ്പ്യന്മാരായി പ്രീക്വാര്‍ട്ടറിലെത്തി. ഡെന്മാര്‍ക്കിനെ തോല്‍പിച്ച് ഗ്രൂപ്പ് ഡിയില്‍ രണ്ടാമതെത്തിയ ആസ്ട്രേലിയയും പ്രീക്വാര്‍ട്ടറിലെത്തി. രണ്ട് കളിവീതം ജയിച്ച ഫ്രാന്‍സിനും ആസ്ട്രേലിയക്കും ആറ് പോയിന്റ് വീതമാണുള്ളത്.

നിലവിലെ ലോകചാമ്പ്യന്മാരായ ഫ്രാന്‍സിനെ അട്ടിമറിച്ചിട്ടും ടുണീഷ്യ ലോകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. സൂപ്പര്‍താരങ്ങളായ കിലിയന്‍ എംബാപ്പേ, അഡ്രിയന്‍ റാബിയോട്ട് എന്നിവരില്ലാതെ കളത്തിലിറങ്ങിയ ഫ്രാന്‍സിനെതിരെ ഒന്നാം പാതിയില്‍ ഗോള്‍രഹിത സമനില പിടിച്ച ടുണീഷ്യ 65-ാം മിനിറ്റില്‍ ഫ്രാന്‍സിനെ ഞെട്ടിച്ച് ഗോളടിച്ചു. ടുണീഷ്യ ഗോളടിച്ചതോടെ സൂപ്പര്‍താരങ്ങളായ കിലിയന്‍ എംബാപ്പേയേയും അഡ്രിയന്‍ റാബിയോട്ടിനേയും മൈതാനത്തിറക്കി ഫ്രാന്‍സ് സമനിലഗോളിനായി പരിശ്രമിച്ചെങ്കിലും തിരിച്ചൊരു ഗോളടിക്കാന്‍ ഫ്രാന്‍സിനായില്ല. ജയത്തോടെ ടുണീഷ്യ നാല് പോയിന്റ് നേടിയെങ്കിലും ആറ് പോയിന്റ് നേടി ഗ്രൂപ്പില്‍ ആസ്ട്രേലിയ രണ്ടാമതെത്തിയതോടെ പ്രീക്വാര്‍ട്ടര്‍ സ്വപ്നം കണ്ണീരോടെ ടുണീഷ്യക്ക് ഉപേക്ഷിക്കേണ്ടി വന്നു.

മാത്യു ലെക്കിയുടെ മികച്ച സോളോ ഗോളിലൂടെ ഡെന്മാര്‍ക്കിനെ തകര്‍ത്ത ആസ്ട്രേലിയ ആറ് പോയിന്റോടെ ഗ്രൂപ്പ് ഡിയില്‍ രണ്ടാമതെത്തി പ്രീക്വാര്‍ട്ടറിലേക്ക് കടന്നു. ഗോള്‍ രഹിതമായ ഒന്നാം പകുതിക്ക് ശേഷം 60-ാം മിനിറ്റിലാണ് ആസ്ട്രേലിയയുടെ വിധി നിര്‍ണയിച്ച ഗോളെത്തിയത്.

പ്രീക്വാര്‍ട്ടറില്‍ ഗ്രൂപ്പ് സിയിലെ ചാമ്പ്യന്മാരായെത്തിയ അര്‍ജന്റീനക്ക് എതിരാളികള്‍ ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ ആസ്ട്രേലിയ. ഗ്രൂപ്പ് ഡിയിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് പ്രീക്വര്‍ട്ടറില്‍ ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരായ പോളണ്ടുമായി ഏറ്റുമുട്ടും.

ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഇ, എഫ് ടീമുകളുടെ ഗ്രൂപ്പ്തല മൂന്നാം ഘട്ട മത്സരം ഇന്ന്. ഗ്രൂപ്പ് ഇയില്‍ നാല് പോയിന്റുള്ള സ്പെയിന്‍ മൂന്ന് പോയിന്റുള്ള ജപ്പാനുമായും മൂന്ന് പോയിന്റുള്ള കോസ്റ്റാറിക്ക ഒരു പോയിന്റ് മാത്രമുള്ള നാല് തവണ ലോക ചാമ്പ്യന്മാരായ ജര്‍മനിയുമായും ഇന്ത്യന്‍ സമയം നാളെ വെളുപ്പിന് 12.30 ന് ഏറ്റുമുട്ടും. ഗ്രൂപ്പ് എഫില്‍ നാല് പോയിന്റുള്ള ക്രൊയേഷ്യ മൂന്ന് പോയിന്റുള്ള രണ്ടാം നമ്പറുകാരായ ബെല്‍ജിയവുമായും നാല് പോയിന്റുള്ള മൊറോക്കോ ഇതുവരെ പോയിന്‍ൊന്നും നേടാത്ത കാനഡയുമായും രാത്രി 8.30 ന് ഏറ്റുമുട്ടും.

സെര്‍ബിയക്കെതിരായ ആദ്യ മത്സരത്തില്‍ കണങ്കാലിന് പരിക്കേറ്റ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പ്രീ ക്വാര്‍ട്ടറിലും കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. നെയ്മറുടെ പരിക്ക് ഭേദമാവാന്‍ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത തിങ്കളാഴ്ചയാണ് ബ്രസീലിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരം.

പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബായ അല്‍ നാസറില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. 3400 കോടി രൂപയ്ക്കാണ് ക്രിസ്റ്റ്യാനോ അല്‍ നാസറില്‍ ചേരാന്‍ സമ്മതിച്ചതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അധികൃതര്‍ ചതിച്ചെന്ന് ആരോപിച്ച റൊണോള്‍ഡോ ലോകകപ്പിന് തൊട്ടുമുമ്പാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാന്‍ ധാരണയായത്.

ഫസ്റ്റ് ടാപ്പ് എന്ന പേരില്‍ സ്റ്റിക്കര്‍ അടിസ്ഥാനമാക്കിയുള്ള ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കി ഐഡിഎഫ്‌സി ബാങ്ക്. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഈ ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കിയത്. സ്റ്റിക്കര്‍ അടിസ്ഥാനമാക്കിയുള്ള ഡെബിറ്റ് കാര്‍ഡ് ഒരു സാധാരണ ഡെബിറ്റ് കാര്‍ഡിന്റെ മൂന്നിലൊന്ന് വലുപ്പമുള്ളതാണ്. അതിനാല്‍ ഉപഭോക്തൃ സൗകര്യം ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു. ഉപഭോക്താക്കള്‍ക്ക് സെല്‍ ഫോണുകള്‍, ഐഡന്റിറ്റി കാര്‍ഡുകള്‍, വാലറ്റുകള്‍, ടാബുകള്‍, എയര്‍പോഡ് കേസുകള്‍ തുടങ്ങി ഇഷ്ടമുള്ള ഏത് പ്രതലത്തിലും സ്റ്റിക്കര്‍ അടിസ്ഥാനമാക്കിയുള്ള ഡെബിറ്റ് കാര്‍ഡ് ഒട്ടിക്കാന്‍ കഴിയും. ഒബ്ജക്റ്റ് ടാപ്പ് ചെയ്ത് പണമടയ്ക്കാന്‍ ഉപയോഗിക്കാം. യാത്ര ചെയ്യുന്നവര്‍ക്ക് ഏറ്റവും ഉപകാരപ്രദമാകുന്ന ഒന്നായിരിക്കും സ്റ്റിക്കര്‍ ഡെബിറ്റ് കാര്‍ഡ്. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് സ്റ്റിക്കര്‍ ഡെബിറ്റ് കാര്‍ഡിന് 5,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ പേയ്‌മെന്റുകള്‍ നടത്താം.

ഓപ്പറേഷന്‍ ജാവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘സൗദി വെള്ളക്ക’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. കൗതുകം നിറഞ്ഞ ഒരു കേസും അതിന് പിന്നിലുള്ള നിരവധി പേരുടെ യാത്രയുമാണ് ഒരു സോഷ്യല്‍ ഡ്രാമ ജോണറില്‍പ്പെടുന്ന ചിത്രത്തിന്റെ പ്രമേയം. തരുണ്‍ മൂര്‍ത്തി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഏകദേശം 20 ഓളം വക്കീലന്മാരുടെയും റിട്ടയര്‍ഡ് മജിസ്‌ട്രേറ്റുമാരുടെയും നിരവധി കോടതി ജീവനക്കാരുടെയും സഹായത്തോടെയാണ് സംവിധായകന്‍ തരുണ്‍ സൗദി വെള്ളക്കയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. പോലീസ് സ്റ്റേഷന്‍ രംഗങ്ങളുടെ പൂര്‍ണതയ്ക്ക് വേണ്ടി പോലീസ് ഓഫീസര്‍മാരുടെയും സഹായവും സംവിധായകന്‍ തേടി. ചിത്രം ഡിസംബര്‍ രണ്ടിന് തിയറ്ററുകളില്‍ എത്തും. ലുക്മാന്‍ അവറാന്‍, ദേവി വര്‍മ്മ, സിദ്ധാര്‍ഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കര്‍, ഗോകുലന്‍, ശ്രിന്ധ, റിയ സെയ്റ, ധന്യ അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. മനു അങ്കിള്‍ എന്ന ചിത്രത്തിലെ ലോതര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുര്യന്‍ ചാക്കോ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ പൃഥ്വിരാജാണ് നായകനായ ചിത്രം ‘ഗോള്‍ഡ്’ തിയറ്ററുകളിലേക്ക്. അമ്പത് കോടിയലിധികം പ്രീ റിലീസ് ബിസിനസ് സ്വന്തമാക്കിയിട്ടുണ്ട് ഡിസംബര്‍ ഒന്നിന് തിയറ്ററുകളില്‍ എത്തുന്ന ചിത്രം. വേള്‍ഡ് വൈഡായി 1300കളിലധികം സ്‌ക്രീനുകളില്‍ എത്തുന്ന ചിത്രം പൃഥ്വിരാജിന്റെ ഏറ്റവും വലിയ റിലീസാണ്. ആറായിരത്തിലധികം ഷോകളായിരിക്കും ചിത്രത്തിന് ഒരു ദിവസം ഉണ്ടാകുക. ഗോള്‍ഡ് വിവിധ രാജ്യങ്ങളില്‍ ചില സെന്ററുകളില്‍ ആദ്യമായി റിലീസ് ചെയ്യുന്നുവെന്ന പ്രത്യേകതയുമുണ്ട്. അജ്മല്‍ അമീര്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷന്‍ മാത്യു, മല്ലിക സുകുമാരന്‍, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ശാന്തി കൃഷ്ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. രാജേഷ് മുരുഗേശനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശബരീഷ് വര്‍മയാണ് ചിത്രത്തിന്റെ ഗാനരചയിതാവ്.

ടിവിഎസ് മോട്ടോര്‍ കമ്പനി അപ്പാച്ചെ ആര്‍ടിആര്‍ 160 4വി യുടെ പ്രത്യേക പതിപ്പ് പുറത്തിറക്കി. മോഡലിന് 1.30 ലക്ഷം രൂപയാണ് വില. സാധാരണ ഡിസ്‌ക്, ഡിസ്‌ക് ബ്ലൂടൂത്ത് വേരിയന്റുകളേക്കാള്‍ യഥാക്രമം 9,000 രൂപയും 6,000 രൂപയും വില കൂടുതലാണ്. പുതിയ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി സ്പെഷ്യല്‍ എഡിഷന്‍ പുതിയ പേള്‍ വൈറ്റ് കളര്‍ സ്‌കീമിലാണ് ഇന്ധന ടാങ്കിലും സീറ്റിലും കോണ്‍ട്രാസ്റ്റ് റെഡ് ആക്‌സന്റിലുള്ളത്. അലോയ് വീലുകളും ചുവപ്പ് നിറത്തില്‍ പെയിന്റ് ചെയ്തിട്ടുണ്ട്. പ്രത്യേക പതിപ്പില്‍ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പ്രത്യേക പതിപ്പില്‍ 5-സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയ അതേ 159.7സിസി, എയര്‍-ഓയില്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ ഉപയോഗിക്കുന്നു. മോട്ടോര്‍ 9,250 ആര്‍പിഎമ്മില്‍ 17.55 പിഎസും 7,250 ആര്‍പിഎമ്മില്‍ 14.73 എന്‍എം പവറും പുറപ്പെടുവിക്കുന്നു.

വായനയെ ദേശാന്തരങ്ങളിലൂടെ ചുറ്റിക്കറക്കി ഇളം മനസ്സുകളില്‍ ഭാവനയുടെ വര്‍ണ്ണവിതാനം തീര്‍ക്കുന്ന കഥകളാണിത്. കേട്ട് പരിചിതമായ രീതികളെ ഒട്ടും അലോസരപ്പെടുത്താതെതന്നെ പുത്തന്‍ കഥാപാത്രങ്ങളെയും അന്തരീക്ഷത്തെയും സെയ്ദ് മെഹബൂബ്, സിയോണ്‍, റഫാനത്തെ , ജെന്‍ഇവാനിയോണ്‍, ചെന്‍ചാവോ എന്നിവരിലൂടെ അവതരിപ്പിക്കുന്നു. വളരെ ലളിതമായ ഭാഷയില്‍ കുട്ടികള്‍ക്ക് ഗ്രഹിക്കാവുന്ന കഥകളുടെ സമാഹാരം. ‘എസ്തോണിയായിലെ രാജകുമാരന്‍’. അനില്‍കുമാര്‍ സി.വി. ഡിസി ബുക്സ്. വില 171 രൂപ.

മഞ്ഞുകാലത്തെ ഒരു പ്രധാന പ്രശ്‌നമാണ് കാലുകളിലെ വിണ്ടുകീറല്‍. കൃത്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ അണുബാധയ്ക്ക് വരെ കാരണമായേക്കാവുന്ന ഒരു പ്രശ്‌നമാണിത്. ചര്‍മ്മത്തിലെ ഈര്‍പ്പം പൂര്‍ണമായി നഷ്ടപ്പെടുന്ന അവസ്ഥയാണ് വിണ്ടുകീറുന്നതിന് കാരണമാകുന്നത്. പലപ്പോഴും അസഹനീയമായ വേദനയും ഈ സമയം ഉണ്ടാകാറുണ്ട്. എന്നാല്‍ വീട്ടില്‍ തന്നെ ഇതു തടയാനായി ചില പൊടിക്കൈകളുണ്ട്. എല്ലാത്തരം എണ്ണയും കാല് വിണ്ടു കീറുന്നത് തടയാന്‍ നല്ലതാണ്. എള്ളെണ്ണ, വെളിച്ചെണ്ണ, ഒലിവ് ഓയില്‍ തുടങ്ങീ ഏത് എണ്ണയും ഉപയോഗിക്കാം. കാല്‍ വൃത്തിയായി കഴുകിയതിന് ശേഷം വിണ്ടുകീറിയ ഭാഗത്ത് ഇത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ശേഷം സോക്‌സ് ധരിച്ച് കിടക്കുക. തണുപ്പുകാലത്ത് പാദങ്ങള്‍ പൂര്‍ണ്ണമായും മറയ്ക്കുന്ന തരത്തില്‍ വൃത്തിയുള്ളതും മൃദുവായതുമായ സോക്‌സുകള്‍ ധരിക്കുക. വീടിനുള്ളിലും പാദരക്ഷകള്‍ ഉപയോഗിക്കുക. ഉപ്പിട്ട ചെറുചൂടുവെള്ളത്തില്‍ കാലുകള്‍ മുക്കിവെയ്ക്കുന്നതും വിണ്ടുകീറലിനെ ചെറുക്കാന്‍ സഹായിക്കും. വിണ്ടുകീറിയ പാദങ്ങളില്‍ കറ്റാര്‍വാഴ പുരട്ടുന്നത് കാലുകളുടെ ചര്‍മ്മത്തെ മൃദുവാക്കാന്‍ സഹായിക്കും. രാത്രി ഉറങ്ങുന്നതിന് മുന്‍പ് പാദങ്ങള്‍ വൃത്തിയായി കഴുകിയ ശേഷം ആവണക്കെണ്ണ പുരട്ടുന്നതും നല്ലതാണ്. ആര്യവേപ്പിലയും പച്ച മഞ്ഞളും അരച്ച് കാലില്‍ പുരട്ടുന്നതും വിണ്ടുകീറുന്നതിന് നല്ലൊരു പരിഹാരമാണ്. ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ന്ന മിശ്രിതം തുടര്‍ച്ചയായി പുരട്ടുന്നത് കാലുകള്‍ക്ക് വളരെ നല്ലതാണ്.

*ശുഭദിനം*

*കവിത കണ്ണന്‍*

രണ്ട് സുഹൃത്തുക്കള്‍ കടല്‍ത്തീരത്തിലൂടെ നടക്കുകയായിരുന്നു. പരസ്പരം സംസാരിക്കുന്നതിടയില്‍ അവര്‍ തമ്മില്‍ തര്‍ക്കമായി അതില്‍ രണ്ടാമത്തെയാള്‍ ആദ്യത്തെയാളെ അടിച്ചു. അപ്പോള്‍ ഒന്നാമന്‍ മണലില്‍ ഇങ്ങനെയെഴുതി: എന്റെ സുഹൃത്ത് എന്നെ മര്‍ദ്ദിച്ചിരിക്കുന്നു. മറ്റൊരു യാത്രയില്‍ ഇവര്‍ ഒരുമിച്ച് പോകുമ്പോള്‍ ഒന്നാമന്‍ ഒരു കുളത്തില്‍ വീണു. താഴ്ന്നുപോയ അയാളെ രണ്ടാമന്‍ രക്ഷിച്ചു. രക്ഷപ്പെട്ട് വന്ന അയാള്‍ ഒരു കല്ലില്‍ ഇങ്ങനെ എഴുതി. എന്റെ സുഹൃത്ത് എന്റെ ജീവന്‍ രക്ഷിച്ചിരിക്കുന്നു. ഇത് കണ്ട് രണ്ടാമന്‍ ചോദിച്ചു: ആദ്യം നീ മണലിലാണ് എഴുതിയത്. ഇപ്പോള്‍ കല്ലിലും. എന്താണ് ഈ വ്യത്യാസം. ഒന്നാമത്തെയാള്‍ പറഞ്ഞു: നമ്മെ ആരെങ്കിലും ഉപദ്രവിച്ചാല്‍ അത് മണലിലെഴുതിയത് പോലെയാകണം. കുറച്ച് കഴിഞ്ഞാല്‍ അത് മാഞ്ഞുപോകണം. മണലില്‍ നിന്നും മനസ്സില്‍ നിന്നും. എന്നാല്‍ ഒരാള്‍ നമ്മെ സഹായിച്ചാല്‍ അത് കല്ലില്‍ കൊത്തിയത് പോലെയാകണം. ജീവനുള്ള കാലം അതെപ്പോഴും ഓര്‍മ്മിക്കപ്പെടണം. ജീവിതം അതൊന്നേയുള്ളൂ.. അവഗണനകളേയും, സങ്കടങ്ങളേയും, പ്രതികാരങ്ങളേയും എല്ലാം നമുക്ക് മണലിലെഴുതാന്‍ ശീലിക്കാം.. നമുക്ക് ലഭിച്ച എല്ലാ കരുതലുകളേയും മനസ്സിന്റെ ഭിത്തിയില്‍ കൊത്തിവെയ്ക്കാം – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *