◾ബഫര്‍ സോണ്‍ വിധിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി മൂന്നംഗ ബെഞ്ചിനു വിട്ടു. വിധി ഭേദഗതി ചെയ്യുമെന്ന സൂചന ജസ്റ്റിസ് ബി.ആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബഞ്ച് നല്കി. കരട് വിജ്ഞാപനം വന്ന മേഖലകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രവും കേരളവും തമിഴ്നാടും കര്‍ഷകസംഘടനകളും സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. വിധി ജനജീവിതത്തെ സ്തംഭിപ്പിച്ചെന്നു കേന്ദ്രം അറിയിച്ചു. വിധി ഗുണമുണ്ടാക്കിയില്ലെന്ന് അമിക്കസ് ക്യൂറി കെ പരമേശ്വറും വ്യക്തമാക്കി.
◾സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തരവിറക്കി. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കണം. ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്‌ക് നിര്‍ബന്ധം. പൊതു ചടങ്ങുകളില്‍ സാമൂഹിക അകലവും നിര്‍ബന്ധമാണ്. കൊവിഡ് വ്യാപന ഭീഷണിയെത്തുടര്‍ന്ന് ദേശീയതലത്തിലുള്ള തീരുമാനങ്ങളുടെ ഭാഗമായാണ് നിയന്ത്രണം.
◾
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾ബാലറ്റ് പെട്ടി വിവാദത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ സഞ്ജയ് കൗള്‍ മലപ്പുറം ജില്ലാ കളക്ടറോടു റിപ്പോര്‍ട്ട് തേടി. വിശദമായ അന്വേഷണം വേണമെന്നും വോട്ടുപെട്ടി മാറിയതെങ്ങനെ എന്നതില്‍ വ്യക്തതയില്ലെന്നും പെരിന്തല്‍മണ്ണ സബ് കളക്ടര്‍ ശ്രീധന്യ പ്രതികരിച്ചു.
◾സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്ട്രേഷന് കെഎല്‍ 99 എന്ന സീരീസ് നല്‍കാന്‍ മോട്ടോര്‍ വാഹനവകുപ്പ്. ഗതാഗതമന്ത്രി വിളിച്ച ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിന്റെ നിര്‍ദേശം അംഗീകാരത്തിനായി മുഖ്യമന്ത്രിക്കു സമര്‍പ്പിക്കും. സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് കെ.എല്‍-99- എ എന്നും കേന്ദ്രസര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് കെ.എല്‍- 99 ബി എന്നും നമ്പര്‍ നല്‍കും. തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് കെ.എല്‍-99 സി എന്നും സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് കെ.എല്‍-99 ഡി എന്നും തുടങ്ങുന്ന നമ്പരായിരിക്കും. നമ്പര്‍ മാറ്റത്തിനായി ചട്ടഭേദഗതി വേണ്ടിവരും.
◾അധോലോക സംഘങ്ങളുമായി ബന്ധമുള്ള നാലു പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡു ചെയ്തു. തിരുവനന്തപുരം മംഗലപുരം ഇന്‍സ്പെകടര്‍ സജേഷ്, പേട്ട ഇന്‍സ്പെക്ടര്‍ റിയാസ് രാജ, ചേരന്നല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ കുമാര്‍, തിരുവല്ലം എസ്ഐ സതീഷ്‌കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇതോടെ സസ്പെന്‍ഷനില്‍ ആയവരുടെ എണ്ണം അഞ്ചായി.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
◾വിഴിഞ്ഞം തുറമുഖ നിര്‍മാണംമൂലം തീരശോഷണം ഉണ്ടായിട്ടില്ലെന്ന് ചെന്നൈ എന്‍ഐഒടിയുടെ പഠന റിപ്പോര്‍ട്ട്. വലിയ തീരശോഷണം നേരിട്ട വലിയതുറ, ശംഖുമുഖം മേഖലയില്‍ അടുത്ത വര്‍ഷങ്ങളില്‍ സ്ഥിതി മെച്ചപ്പെട്ട് തീരം സ്ഥിരപ്പെടുമെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. 2021 ഒക്ടോബര്‍ മുതല്‍ 2022 സെംപ്റ്റംബര്‍ വരെയുള്ള മാസങ്ങളിലാണ് പഠനം നടന്നത്. വെട്ടുകാട്, വലിയതുറ, പനത്തുറ മുതല്‍ പൂന്തുറ, കോവളം, അടിമലത്തുറ, പുല്ലുവിള, പൂവാര്‍, എടപ്പാട് എന്നിവിടങ്ങളില്‍ വന്‍തോതില്‍ തീരശോഷണം ഉണ്ടായിട്ടും ഗൗനിക്കാതെയാണ് റിപ്പോര്‍ട്ടു തയാറാക്കിയത്.
◾ശബരിമലയില്‍ തീര്‍ത്ഥാടകരെ വാച്ചര്‍ തള്ളിയതിനെതിരേ വിമര്‍ശനവുമായി ഹൈക്കോടതി. തീര്‍ത്ഥാടകരെ തള്ളാന്‍ ആരാണ് അധികാരം നല്‍കിയതെന്ന് കോടതി ചോദിച്ചു. തിരക്ക് നിയന്ത്രിക്കാന്‍ നിരവധിയായ മാര്‍ഗങ്ങളുണ്ട്. ഭക്തരെ കൈയേറ്റം ചെയ്തത് എന്തിനെന്നും കോടതി ചോദിച്ചു. ബോധപൂര്‍വമല്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
◾ശബരിമലയില്‍ തീര്‍ത്ഥാടകരെ ദേവസ്വം വാച്ചര്‍ പിടിച്ച് തള്ളിയ സംഭവത്തെ ആദ്യം ന്യായീകരിച്ച ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപന്‍, പിന്നീട് കോടതി ഇടപെട്ടതോടെ നിലപാടു മാറ്റി. ദേവസ്വം വാച്ചര്‍ അരുണ്‍ കുമാറിനോട് ബോര്‍ഡ് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് പറഞ്ഞു. ഭക്തര്‍ക്കുനേരെയുള്ള ബല പ്രയോഗം അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
◾മയോണയ്സ് കൂട്ടി കോഴിമാംസം കഴിച്ച ഏഴു വിദ്യാര്‍ത്ഥികള്‍ക്കു ഭക്ഷ്യവിഷബാധ. കണ്ണൂര്‍ നിത്യാനന്ദ ഭവന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ട വിദ്യാര്‍ത്ഥികളെ പാപ്പിനിശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾കാസര്‍കോട് കുണ്ടംകുഴിയിലെ ജിബിജി നിക്ഷേപ തട്ടിപ്പു കേസില്‍ കമ്പനി ചെയര്‍മാന്‍ വിനോദ് കുമാര്‍, ഡയറക്ടര്‍ ഗംഗാധരന്‍ എന്നിവരെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു. വിനോദ് കുമാര്‍ രാവിലെ പതിനൊന്നിന് വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. വാര്‍ത്താ സമ്മേളനത്തിന് എത്തുംമുമ്പേ കാസര്‍കോട്ടെ ലോഡ്ജില്‍നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഡയറക്ടര്‍ ബോര്‍ഡ് അംഗം ഗംഗാധരനേയും അറസ്റ്റു ചെയ്തു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ നാലു പ്രതികളെക്കൂടി ഇനി പിടികൂടാനുണ്ട്.
◾എല്ലാ സര്‍വ്വകലാശാലകളിലും ആര്‍ത്തവാവധി നടപ്പാക്കുമെന്ന് മന്ത്രി ഡോ ആര്‍ ബിന്ദു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടപ്പാക്കിയ ആര്‍ത്തവാവധി മാതൃകയാണ് സംസ്ഥാന വ്യാപകമാക്കാന്‍ പരിഗണിക്കുന്നത്.
◾പാലാ നഗരസഭാ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതില്‍ ഉടക്കുമായി കേരള കോണ്‍ഗ്രസ് എം. ചെയര്‍മാന്‍ സ്ഥാനം സിപിഎമ്മിനു വിട്ടുകൊടുക്കാം, എന്നാല്‍ ബിനു പുളിക്കകണ്ടം എന്ന കൗണ്‍സിലറെ ചെയര്‍മാനാക്കാന്‍ സമ്മതിക്കില്ലെന്ന് കേരള കോണ്‍ഗ്രസ് എം വ്യക്തമാക്കി. ജോസ് കെ മാണിയെ തോല്‍പിക്കാന്‍ ശ്രമിക്കുകയും കേരള കോണ്‍ഗ്രസിന്റെ കൗണ്‍സിലര്‍ ബൈജുവിനെ മര്‍ദിക്കുകയും ചെയ്ത ബിനുവിനെ ചെയര്‍മാനാക്കാന്‍ പറ്റില്ലെന്നാണ് അവരുടെ നിലപാട്.
◾ഇന്ത്യ- ശ്രീലങ്ക ക്രിക്കറ്റ് മാച്ചില്‍ കാണികള്‍ കുറഞ്ഞതിന്റെ പഴി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കരുതെന്ന് മന്ത്രി എം ബി രാജേഷ്. വിനോദ നികുതി വര്‍ധിപ്പിച്ചെന്ന ആരോപണം ശരിയല്ല. വിനോദ നികുതി 24 ശതമാനത്തില്‍നിന്ന് 12 ശതമാനമാക്കി കുറയ്ക്കുകയാണു ചെയ്തതെന്ന് മന്ത്രി അവകാശപ്പെട്ടു.
◾തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നും ടിക്കറ്റ് നിരക്ക് നിശ്ചയിച്ചത് കേരള ക്രിക്കറ്റ് അസോസിയേഷനാണെന്നും കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. പാവപ്പെട്ടവര്‍ കളി കാണേണ്ടെന്നാകും കെസിഎ നിലപാടെന്നാണു താന്‍ പറഞ്ഞതെന്നും അബ്ദുറഹ്‌മാന്‍ പറഞ്ഞു.
◾നടന്‍ സുനില്‍ സുഗതയുടെ കാര്‍ ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കുഴിക്കാട്ടുശ്ശേരി വരദനാട് സ്വദേശിയായ കൊളത്താപ്പിള്ളി വീട്ടില്‍ രജീഷ് (33) ആണ് ആളൂര്‍ പൊലീസിന്റെ പിടിയിലായത്. മൂന്നു പ്രതികളെകൂടി പിടികൂടാനുണ്ട്.
◾പി.വി അന്‍വര്‍ എംഎല്‍എയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചിയില്‍ ചോദ്യം ചെയ്യുന്നു. 10 വര്‍ഷം മുമ്പ് ക്വാറി ബിസിനസിലെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണു ചോദ്യം ചെയ്യുന്നത്. മംഗലാപുരത്തെ ക്വാറിയില്‍ 50 ലക്ഷം രൂപ മുടക്കിയാല്‍ 10 ശതമാനം ഷെയറും ലാഭവീതവും വാഗ്ദാനം ചെയ്ത് അന്‍വര്‍ മലപ്പുറം സ്വദേശിയായ വ്യവസായി സലീമില്‍നിന്നു പണം തട്ടിയെന്ന ആരോപണത്തിലാണ് അന്വേഷണം.
◾സെക്രട്ടേറിയേറ്റില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘടനയിലെ എ ഗ്രൂപ്പ്, ഐ ഗ്രൂപ്പ് നേതാക്കളാണ് അടിയുണ്ടാക്കിയത്. മാസങ്ങളായി സംഘടനയുടെ ഭാരവാഹിത്വവുമായി ബന്ധപ്പെട്ട് നേതാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
◾മൂന്നാറില്‍ മഞ്ഞുകാണാന്‍ എത്തിവരില്‍നിന്നു ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പണപ്പിരിവ്. വിവാദമായതോടെ ദേശീയോദ്യാനത്തില്‍ വാഹനം നിര്‍ത്താന്‍ പാടില്ലെന്ന താക്കീതുമായി സഞ്ചാരികളെ ഓടിച്ചുവിടാന്‍ തുടങ്ങി. മൂന്നാറില്‍ തണുപ്പ് പൂജ്യം ഡിഗ്രിയില്‍ താഴെയായതോടെ കന്നിമല, ചെണ്ടവാര എന്നിവിടങ്ങളിലെ പുല്‍മേടുകള്‍ വെളുത്ത മഞ്ഞുമൂടിക്കിടക്കുകയാണ്. ഈ കാഴ്ച കാണാന്‍ ധാരളം പേര്‍ ഇവിടെ എത്തുന്നുണ്ട്.
◾കണ്ണൂര്‍ പന്ന്യന്നുര്‍ കുറുമ്പക്കാവ് തിറ മഹോത്സവത്തിനിടെ ആര്‍.എസ്.എസ് – കോണ്‍ഗ്രസ് സംഘര്‍ഷം. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സന്ദീപിനും ആര്‍എസ്എസ് പ്രവര്‍ത്തകരായ അനീഷ്, അതുല്‍ എന്നിവര്‍ക്കും പരുക്കേറ്റു. വധശ്രമത്തിന് പാനൂര്‍ പൊലീസ് കേസെടുത്തു.
◾മലപ്പുറത്ത് പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് 12 വയസുകാരനെ അടിച്ച് എല്ലൊടിച്ചു. കളിക്കാനെത്തിയ കുട്ടികള്‍ പറമ്പില്‍ നിന്ന് പേരക്ക മോഷ്ടിച്ചെന്നാരോപിച്ചാണ് സ്ഥലമുടമ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തുകയും മര്‍ദിക്കുകയും ചെയ്തത്. കുട്ടിയുടെ കാലിലെ എല്ലൊടിഞ്ഞു. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
◾മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് ജനവാസമേഖലയില്‍ പുലിയെയും രണ്ടു കുഞ്ഞുങ്ങളെയും കണ്ടെന്നു നാട്ടുകാര്‍. വനം വകുപ്പ് തെരച്ചില്‍ തുടങ്ങി.
◾കല്‍പ്പറ്റ മേപ്പാടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. മലപ്പുറം സ്വദേശികളും മേപ്പാടി പോളിടെക്‌നിക് കോളേജ് വിദ്യാര്‍ഥികളുമായ മന്നടിയില്‍ മുഹമ്മദ് ഹാഫിസ് (20), ഇല്ല്യാസ് (19) എന്നിവരാണ് മരിച്ചത്.
◾ഇടുക്കിയിലെ അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രത്തില്‍ നാലംഗ കുടുംബത്തെ ആക്രമിച്ച 14 അംഗ സംഘത്തെ പൊലീസ് അറസ്റ്റു ചെയ്തു. സംഘത്തിലെ യുവതിയോട് അശ്ലീലമായി സംസാരിച്ചതു ചോദ്യം ചെയ്ത ഗൃഹനാഥനെ അക്രമിസംഘം കൈയേറ്റം ചെയ്തിരുന്നു.
◾കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്‍ തോമസിനു ചികിത്സ നല്‍കുന്നതില്‍ വയനാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിനു വീഴ്ച ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ്. ഹൃദയ സംബന്ധമായ രോഗമാണ് തോമസിന്റെ മരണകാരണമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ആരോഗ്യമന്ത്രിയ്ക്കു റിപ്പോര്‍ട്ട് നല്‍കി.
◾ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന ഒമ്പതു സംസ്ഥാനങ്ങളിലും ബിജെപി ജയിക്കണമെന്ന് ബിജെപി ദേശീയ നിര്‍വഹക സമിതി യോഗം. അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണ് ഈ നിയമസാ തെരഞ്ഞെടുപ്പുകള്‍. രാജ്യത്തെ 72,000 ബൂത്തുകളില്‍ ബിജെപിക്ക് അടിത്തറയില്ല. ഇതു പരിഹരിക്കണം. തെരെഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ ഇന്നലെ ആരംഭിച്ച ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ പ്രസിഡന്റ് ജെപി നദ്ദ അധ്യക്ഷനായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയോടെയാണ് യോഗം തുടങ്ങിയത്.
◾മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബറിലെ 5.85 ശതമാനത്തില്‍നിന്ന് ഡിസംബറില്‍ 4.95 ശതമാനമായി കുറഞ്ഞു. 22 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഭക്ഷ്യ ഉല്‍പന്നങ്ങളുടെയും ക്രൂഡ് പെട്രോളിയത്തിന്റെയും വിലയിടിവാണ് കാരണം.
◾ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനം പേരുടെ കൈയിലാണു രാജ്യത്തെ സമ്പത്തിന്റ 40 ശതമാനവുമെന്ന് ഓക്സ്ഫാം ഇന്ത്യയുടെ റിപ്പോര്‍ട്ട്. ജനസംഖ്യയുടെ പകുതിവരുന്ന താഴെത്തട്ടിലുള്ള ജനങ്ങളുടെ സമ്പത്ത് മൂന്ന് ശതമാനം മാത്രമാണ്. മൊത്തം സമ്പത്തിന്റെ 61.7 ശതമാനവും സമ്പന്നരായ അഞ്ചു ശതമാനത്തിന്റെ കൈകളിലാണ്. അതേസമയം ചരക്ക് സേവന നികുതിയുടെ 64 ശതമാനവും ജനസംഖ്യയുടെ താഴെ തട്ടിലുള്ള 50 ശതമാനം ജനങ്ങളാണ് നല്‍കുന്നത്. ജിഎസ്ടിയുടെ മൂന്നു ശതമാനം മാത്രമാണ് അതിസമ്പന്നര്‍ നല്‍കുന്നത്. റിപ്പോര്‍ട്ടില്‍ പറയുന്നു.
◾അധികാരത്തിലെത്തിയാല്‍ തൊഴില്‍രഹിതരായ എല്ലാ സ്ത്രീകള്‍ക്കും 2000 രൂപ വീതം പ്രതിമാസം സഹായധനം പ്രഖ്യാപിച്ച് കര്‍ണാടകത്തിലെ കോണ്‍ഗ്രസ്. പ്രിയങ്കാ ഗാന്ധി പ്രസംഗിച്ച കണ്‍വെന്‍ഷനിലായിരുന്നു പ്രഖ്യാപനം. ഫെബ്രുവരി ഏഴിന് അവതരിപ്പിക്കുന്ന ബജറ്റില്‍ സ്ത്രീകള്‍ കുടുംബനാഥമാര്‍ ആയ എല്ലാ കുടുംബങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് പ്രഖ്യാപിച്ചതിനു ബദലായാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം.
◾ഡല്‍ഹിയിലും ഗവര്‍ണര്‍ – സര്‍ക്കാര്‍ യുദ്ധം തെരുവിലേക്ക്. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന ഇടപെടുന്നതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ രാജ്ഭവനിലേക്കു മാര്‍ച്ച് നടത്തി. സ്‌കൂള്‍ അധ്യാപകരെ ഫിന്‍ലന്‍ഡിലേക്ക് അയക്കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ നിര്‍ദ്ദേശം ഗവര്‍ണര്‍ തടഞ്ഞതാണ് ഏറ്റവും പുതിയ പ്രകോപനത്തിനു കാരണം.
◾ഇന്ത്യന്‍ സംസ്‌കാരവും രീതികളും പരിശീലിക്കാന്‍ സോണിയ ഗാന്ധി തുടക്കത്തില്‍ പ്രയാസപ്പെട്ടെന്നും രാഷ്ട്രീയം ഇഷ്ടമല്ലായിരുന്നെന്നും മകളും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി ഒരുക്കിയ സ്ത്രീ കേന്ദ്രീകൃത കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ധീരരും ശക്തരുമായ രണ്ട് സ്ത്രീകളാണ് തന്നെ വളര്‍ത്തിയത്. മുത്തശ്ശി ഇന്ദിരാഗാന്ധിയെയും അമ്മ സോണിയാ ഗാന്ധിയെയും സൂചിപ്പിച്ച് പ്രിയങ്ക പറഞ്ഞു.
◾ജോഷിമഠില്‍ വിള്ളല്‍ വീണ കെട്ടിടങ്ങളുടെ എണ്ണം 826 ആയി. പ്രധാനമന്ത്രിയുടെ ഓഫീസ് നിയോഗിച്ച സംഘം പ്രശ്ന ബാധിത മേഖലകള്‍ സന്ദര്‍ശിച്ചു. ജോഷിമഠിലെ ഭൗമപ്രതിഭാസം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും. 223 കുടുംബങ്ങളെ ഇതുവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിത്താമസിപ്പിച്ചു.
◾മുപ്പത് വര്‍ഷമായി ഒളിവിലായിരുന്ന ഇറ്റാലിയന്‍ മാഫിയാ തലവന്‍ പിടിയിലായി. സിസിലിയന്‍ മാഫിയയുടെ തലവനായിരുന്ന മാറ്റിയോ മെസിന ഡെനാരോയാണ് പൊലീസിന്റെ പിടിയിലായത്. നൂറിലേറെ പൊലീസുകാര്‍ ചേര്‍ന്ന് ഇയാള്‍ താമസിച്ച വീടു വളയുകയായിരുന്നു.
◾താലിബാന്റെ സ്ത്രീവിരുദ്ധ നടപടികള്‍ക്കെതിരെ വിമര്‍ശിച്ച അഫ്ഗാന്‍ പാര്‍ലമെന്റിലെ മുന്‍ വനിതാ അംഗവും 32 കാരിയുമായ മുര്‍സല്‍ നബിസാദയെ വെടിവച്ചുകൊന്നു. ഇവരുടെ അംഗരക്ഷകരില്‍ ഒരാളും കൊല്ലപ്പെട്ടു.
◾പാകിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരെ സെക്‌സ് വീഡിയോ വിവാദം. പാകിസ്ഥാന്‍ നായകന്‍ ഹണിട്രാപ്പില്‍ അകപ്പെട്ടെന്ന രീതിയിലാണ് സാമൂഹികമാധ്യമങ്ങളില്‍ വീഡിയോയും ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും പ്രചരിക്കുന്നത്. പാകിസ്ഥാനിലെ മറ്റൊരു ക്രിക്കറ്റ് താരത്തിന്റെ പെണ്‍സുഹൃത്തിനെ ബാബര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്നുവെന്ന തരത്തിലാണ് ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
◾സ്പാനിഷ് സൂപ്പര്‍ കപ്പ് ബാഴ്സലോണക്ക്. റയല്‍ മാഡ്രിഡിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ബാഴ്‌സലോണ കിരീടം ചൂടിയത്. ബാഴ്‌സയുടെ 14-ാം സൂപ്പര്‍ കപ്പ് വിജയമാണിത്. സാവി പരിശീലകനായി ചുമതലയേറ്റ ശേഷമുള്ള ബാഴ്‌സയുടെ ആദ്യ കിരീട നേട്ടം കൂടിയാണിത്. .
◾മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് കുറഞ്ഞു. രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കാണ് പണപ്പെരുപ്പനിരക്ക് എത്തിയത്. ഡിസംബറില്‍ പണപ്പെരുപ്പനിരക്ക് 4.95 ശതമാനമായാണ് താഴ്ന്നത്. ഭക്ഷ്യവസ്തുക്കളുടെയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും വില താഴ്ന്നതാണ് പണപ്പെരുപ്പനിരക്കില്‍ പ്രതിഫലിച്ചത്. നവംബറില്‍ 5.85 ശതമാനമായിരുന്നതാണ് 4.95 ശതമാനമായി താഴ്ന്നത്. തുടര്‍ച്ചയായ മൂന്നാം മാസമാണ് മൊത്ത വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം രണ്ടക്കത്തിന് താഴെ നില്‍ക്കുന്നത്. 2021 ഏപ്രില്‍ മുതല്‍ തുടര്‍ച്ചയായി 18 മാസങ്ങളില്‍ രാജ്യത്തെ മൊത്തവില പണപ്പെരുപ്പം 10 ശതമാനത്തിന് മുകളിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രാജ്യത്തെ മൊത്തവില പണപ്പെരുപ്പം 14.27 ശതമാനമായിരുന്നു. 2021 ഫെബ്രുവരിയിലാണ് ഇതിന് മുന്‍പത്തെ താഴ്ന്ന നിരക്ക്. അന്ന് 4.83 ശതമാനമായിരുന്നു പണപ്പെരുപ്പനിരക്ക്. പണപ്പെരുപ്പനിരക്ക് ആറുശതമാനത്തില്‍ താഴെ എത്തിക്കുക എന്നതാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം.
◾‘തങ്കം’ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. അന്‍വര്‍ അലി രചിച്ച് ബിജിബാല്‍ ഈണമിട്ട ‘ദേവീ നീയേ, വരലക്ഷ്മി നീയേ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് നജിം അര്‍ഷാദാണ്. ചിത്രം ജനുവരി 26ന് തിയറ്ററുകളില്‍ എത്തും. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ്ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി തുടങ്ങിയവരും നിരവധി മറാത്തി തമിഴ് താരങ്ങളും വേഷമിടുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ്. ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന തങ്കം ഒട്ടേറെ ദുരൂഹതകള്‍ ഒളിപ്പിച്ചുകൊണ്ടാണ് പ്രേക്ഷകരിലേക്കെത്തുന്നതെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് ശ്യാം പുഷ്‌കരനാണ്.
◾കോട്ടയം കുഞ്ഞച്ചന്‍, കിഴക്കന്‍ പത്രോസ്, പ്രായിക്കര പാപ്പാന്‍ തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ ടി.എസ് സുരേഷ് ബാബു ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു. ഡി.എന്‍.എ, ഐ. പി.എസ് എന്നീ ചിത്രങ്ങളിലൂടെയാണ് സുരേഷ് ബാബു തിരിച്ചെത്തുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസര്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളുടെ ടൈറ്റില്‍ ലോഞ്ച് നിര്‍വഹിച്ചത് നടന്‍ മമ്മൂട്ടിയാണ്. ഫോറന്‍സിക് ബയോളജിക്കല്‍ ത്രില്ലറിലൊരുക്കുന്ന ‘ഡി എന്‍ എ ‘യുടെ ചിത്രീകരണം ജനുവരി 26ന് ആരംഭിക്കും. ചിത്രത്തില്‍ അസ്‌കര്‍ സൗദാന്‍ നായകനാകുന്നു. അജു വര്‍ഗീസ്, ജോണി ആന്റണി, ഇന്ദ്രന്‍സ് , രവീന്ദ്രന്‍ , സെന്തില്‍രാജ്, പത്മരാജ് രതീഷ് , ഇടവേള ബാബു, സുധീര്‍ (ഡ്രാക്കുള ), അമീര്‍ നിയാസ്, പൊന്‍വര്‍ണ്ണന്‍ , നമിതാ പ്രമോദ്, ഹണി റോസ് , ഗൗരിനന്ദ, ലക്ഷ്മി മേനോന്‍, അംബിക എന്നിവര്‍ക്കൊപ്പം ബാബു ആന്റണിയും ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നു.
◾മാരുതി സുസുക്കി എല്ലാ വാഹനങ്ങളുടെയും വിലയില്‍ 1.1 ശതമാനം വര്‍ദ്ധനവ് പ്രഖ്യാപിച്ചു. വിവിധ മോഡലുകളിലുടെ വര്‍ധനവ് ഏകദേശം 1.1 ശതമാനമായിരിക്കും. മോഡലുകളുടെ ഡല്‍ഹിയിലെ എക്‌സ് ഷോറൂം വിലകള്‍ അടിസ്ഥാനമാക്കിയാവും ഇത് കണക്കാക്കുന്നത്. 2023 ജനുവരി 16 മുതല്‍ പ്രാബല്യത്തില്‍ വന്നു. സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍ സെഗ്മെന്റില്‍ ഒന്നാം സ്ഥാനം ഉറപ്പിക്കുന്നതിനും രാജ്യത്തെ പാസഞ്ചര്‍ വാഹന വിപണിയില്‍ 50 ശതമാനം വിപണി വിഹിതം വീണ്ടെടുക്കുന്നതിനുമുള്ള ശ്രമത്തില്‍ മാരുതി സുസുക്കി കഴിഞ്ഞ ആഴ്ച, ജിംനി, ഫ്രോങ്‌സ് എന്നീ രണ്ട് പുതിയ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. അതേസമയം, മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ 2022 ഡിസംബറില്‍ മൊത്ത വില്‍പ്പനയില്‍ 9 ശതമാനം ഇടിവ് രേഖപ്പെടുത്തി. 1,39,347 യൂണിറ്റുകളാണ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വിറ്റഴിച്ചത്. എന്നാല്‍ 2021ല്‍ ഇതേ മാസം 1,53,149 യൂണിറ്റ് വില്‍പ്പനയാണ് കമ്പനി നേടിയത്.
◾നാഗരികതയുടെ കണ്ണടയിലൂടെ നോക്കുമ്പോള്‍ മങ്ങിയും മറഞ്ഞും കാണപ്പെടുന്ന ഒരു ഭൂവിഭാഗമാണ് ഈ കഥകളുടെ ദൃഷ്ടികോണില്‍. നിഴലുകള്‍ വെളിച്ചത്തെ മറയ്ക്കുന്ന, ഇരുള്‍വീഴുന്ന ഗിരിനിരകളിലേക്കും കാടകങ്ങളിലേക്കും അവിടെ അധിവസിക്കുന്ന പച്ചമനുഷ്യരിലേക്കുമുണ്ടള്ള ഒരു നോട്ടം. മലവാഴിയെ ഉപാസിച്ച്, കുലനാഥനെ പ്രീതിപ്പെടുത്തി, ആചാരമുറ തെറ്റാതെപാലിച്ച് മുന്നോട്ടുപോകുന്ന ഈ മലവാസികളുടെ ജീവിതസമ്പ്രദായങ്ങള്‍ ‘പരിഷ്‌കാരി’കളായ നമ്മെ അതിശയിപ്പിച്ചേക്കാം; ചിലപ്പോള്‍ നാണിപ്പിച്ചേക്കാം. ഗോത്രങ്ങളും വര്‍ഗങ്ങളുമായി പിണഞ്ഞും പിരിഞ്ഞും പുലരുന്ന അവരുടെ അജ്ഞാതലോകത്തെ ‘നാട്ടുനടപ്പു’കള്‍ക്ക് നഗരവാസികള്‍ വന്യമെന്നോ അവിശ്വസനീയമെന്നോ ശോചനീയമെന്നോ ഒക്കെ മുദ്രചാര്‍ത്തിയേക്കാം. ‘ചെമ്പവിഴവും ഓട്ടുവളയും’. യു എ ഖാദര്‍. എച്ചആന്‍ഡ്സി ബുക്സ്. വില 85 രൂപ.
◾മാനസികാരോഗ്യത്തെ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ടത് ഹാപ്പി ഹോര്‍മോണുകളെക്കുറിച്ചാണ്. നമ്മുടെ ശരീരത്തില്‍ സെറോടോണിന്‍, ഡോപാമിന്‍, എന്‍ഡോര്‍ഫിന്‍, ഓക്‌സിടോസിന്‍ തുടങ്ങി നിരവധി ഹാപ്പി ഹോര്‍മോണ്‍സുണ്ട്. ഇവ നമ്മെ സന്തോഷത്തോടെയിരിക്കാന്‍ സഹായിക്കും. പല കാര്യങ്ങളിലൂടെയും നമുക്ക് ഈ സന്തോഷകരമായ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. വ്യായാമം ചെയ്യുന്നതിലൂടെ എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടും. ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള ഏത് വ്യായാമവും നിങ്ങള്‍ക്ക് നല്ല അനുഭവം നല്‍കും. ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തിന് ഭക്ഷണക്രമം കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഡാര്‍ക്ക് ചോക്ലേറ്റിന് ചെറിയ അളവില്‍ നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ കഴിയും. ക്യാപ്സൈസിന്‍ അടങ്ങിയ മുളക്, ഒമേഗ 3 ഫാറ്റി ആസിഡുകളുള്ള മത്സ്യം, കോഫി, ട്രിപ്‌റ്റോഫാന്‍ അടങ്ങിയ ഭക്ഷണങ്ങള്‍, ചിക്കന്‍, മുട്ട, പാല്‍, പരിപ്പ്, കാപ്പി എന്നിവയും ഇത്തരത്തില്‍ കഴിക്കാവുന്നവയാണ്. മസാജ് ചെയ്യുന്നതിലൂടെ എന്‍ഡോര്‍ഫിനുകളും ഓക്‌സിടോസിനും പുറത്തുവരും. ഇത് നമ്മുടെ ശരീരത്തിന് വിശ്രമം നല്‍കുമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. ഇതില്‍ നിങ്ങള്‍ക്ക് അക്യുപങ്ചര്‍, കൈറോപ്രാക്റ്റിക്, ഹൈഡ്രോതെറാപ്പി എന്നിവയുടെ സഹായം സ്വീകരിക്കാം. എന്‍ഡോര്‍ഫിനുകള്‍ പുറത്തുവിടാന്‍ നിങ്ങളുടെ പ്രിയപ്പെട്ട കോമഡി പ്രോഗ്രാം കാണുക. ചിരി സമ്മര്‍ദ്ദം കുറയ്ക്കുകയും പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതിരാവിലെയോ ഉച്ചകഴിഞ്ഞോ വെയിലു കൊള്ളുന്നതിലൂടെ നമ്മുടെ ശരീരത്തിനാവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും. ഈ വിറ്റാമിന്‍ സെറോടോണിന്റെ രൂപീകരണത്തിനും സഹായികക്കും. ഇത് വിഷാദം കുറയ്ക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. സംഗീതം ഹാപ്പി ഹോര്‍മോണുകളുടെ ഉല്‍പ്പാദനത്തെ ഉത്തേജിപ്പിക്കും. സ്ലോ മ്യൂസിക് നിങ്ങളുടെ തലച്ചോറില്‍ ഡോപാമൈന്‍ ഉല്‍പാദിപ്പിക്കും. സംഗീതം കേള്‍ക്കുന്നതിലൂടെ നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടാനും സെറോടോണിന്റെ ഉത്പാദനം വര്‍ദ്ധിക്കാനും ഇടയാകും.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ ഗ്രാമത്തിലെ ഗുരു എല്ലാവരോടും പറയും, തന്നെ പിന്‍തുടര്‍ന്നാല്‍ ഈശ്വരനില്‍ എളുപ്പം എത്തിച്ചേരാം. എല്ലാവരും തിരക്കിലായിരുന്നതുകൊണ്ടുതന്നെ ആരും അദ്ദേഹത്തെ പിന്തുടരാന്‍ തയ്യാറായില്ല. ഒരിക്കല്‍ ഒരാള്‍ ഗുരുവിനെ പിന്തുടരുവാന്‍ തയ്യാറായി വന്നു. പിറ്റേന്നുമുതല്‍ വിവിധ ജോലികള്‍ ഗുരു അയാള്‍ക്ക് നല്‍കി. ജോലിഭാരം കൊണ്ട് അയാള്‍ തന്നെ വിട്ടുപോകുമെന്ന് ഗുരു കരുതിയെങ്കിലും യാതൊരു പരാതിയും പറയാതെ തന്നെ ഏല്‍പ്പിച്ച ജോലിയില്‍ തുടര്‍ന്നു. ഒരു കുറ്റവും കണ്ടുപിടിക്കാനില്ലാതെ വിഷമിച്ച ഗുരു അവസാനം അയാള്‍ക്ക് ജോലികള്‍ ഒന്നും തന്നെ നല്‍കാതായി. കാരണമന്വേഷിച്ച അയാളോട് ഗുരു പറഞ്ഞു: ഈശ്വരനിലെത്താനുള്ള വഴി ഞാനാണെന്നാണ് ഇത്രയും കാലം കരുതിയത്. താങ്കള്‍ വന്നതില്‍ പിന്നെ എനിക്ക് എന്റെ വഴികള്‍പോലും നഷ്ടമായി. ദയവായി എന്നെ വിട്ട് പോവുക. പ്രവര്‍ത്തികളില്ലാത്ത പ്രവാചകരുടെ മുഖമുദ്ര മൂടുപടമാണ്. പ്രഘോഷണങ്ങളിലൂടെ മാത്രം നടന്നുശീലിച്ചവരാണവര്‍. തലമുറകളായി തങ്ങളെ കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരില്‍ നിന്നു മറുചോദ്യങ്ങളൊന്നും ഉയരുകയില്ലെന്ന് അവര്‍ക്കറിയാം. ആരും അനുകരികരിക്കുകയില്ലെന്നുറപ്പായാല്‍ അകലെ നിന്നുള്ള പ്രസംഗങ്ങള്‍ എളുപ്പമാണ്. പിന്‍ഗാമികള്‍ നിയോഗവും കര്‍മ്മശുദ്ധിയുമുളളവരാകണമെങ്കില്‍ ഗുരുവിന്റെ ചുവടുകളും വിശുദ്ധമായേ പറ്റൂ. ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ശിഷ്യനെ ഒരുപടി മുന്നിലെത്തിക്കാന്‍ അസാധാരണമായ അനുഭവവും മനോഭാവവും ഉണ്ടായേ തീരൂ. വഴികാട്ടികളാകുമ്പോള്‍ നമുക്കും നമ്മുടെ ചുവടുകള്‍ വിശുദ്ധമാക്കാന്‍ ശ്രമിക്കാം. – ശുഭദിനം.