yt cover 30

https://dailynewslive.in/ രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ ഹൈഡ്രജന്‍ ബോംബ് പൊട്ടിക്കുമോ? എഐസിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ ഇന്ന് രാവിലെ പത്ത് മണിക്ക് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനം വിളിച്ചതോടെയാണ് ഈ ചോദ്യം ഉയരുന്നത്. വോട്ട് ചോരിയിലെ തുടര്‍ ക്രമക്കേടുകള്‍ വൈകാതെ പുറത്ത് വിടുമെന്നും, ഹൈഡ്രജന്‍ ബോംബായിരിക്കുമെന്നും രാഹുല്‍ ഗാന്ധി സൂചിപ്പിച്ചിരുന്നു. ആ വിവരങ്ങള്‍ പുറത്ത് വന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജനങ്ങളുടെ മുന്‍പില്‍ നില്‍ക്കാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടിരുന്നു.

https://dailynewslive.in/ വ്യക്തതയും വായനാക്ഷമതയും വര്‍ധിപ്പിക്കാനായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ ഇനി സ്ഥാനാര്‍ഥികളുടെ കളര്‍ ചിത്രമടക്കം ഉപയോഗിക്കാനും സ്ഥാാര്‍ത്ഥികളുടെ പേര്, സീരിയല്‍ നമ്പര്‍ എന്നിവ കുറച്ചു കൂടി വ്യക്തമായി അച്ചടിക്കാനും ഇതിന് തെളിച്ചം കൂടിയ പേപ്പര്‍ ഉപയോഗിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ബിഹാര്‍ തെരഞ്ഞെടുപ്പ് മുതല്‍ പുതിയ രീതി നടപ്പാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. എല്ലാ സ്ഥാനാര്‍ത്ഥികളുടെയും പേര് ഒരേ ഫോണ്ടിലാവണം എന്നും നിര്‍ദ്ദേശമുണ്ട്.

https://dailynewslive.in/ ആഗോള അയ്യപ്പ സംഗമം നടത്താന്‍ അനുമതി നല്‍കി സുപ്രീം കോടതി. അയ്യപ്പ സംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടാനില്ലെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാന്‍ പാടില്ല എന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. മാത്രമല്ല സംഗമവുമായി ബന്ധപ്പെട്ട് എന്ത് പ്രശ്നം വന്നാലും ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനായിരിക്കുമെന്നും പരാതിയുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കണമെന്നും ഹൈക്കോടതിയുടെ നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കണം അയ്യപ്പ സംഗമം നടത്താന്‍ എന്നും സുപ്രീം കോടതി വ്യക്തമാക്കി.

https://dailynewslive.in/ ആഗോള അയ്യപ്പസംഗമം നാടകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വിശ്വാസികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ ആഗോള അയ്യപ്പ സംഗമത്തില്‍ നിലവില്‍ 5000ത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് മന്ത്രി വി എന്‍ വാസവന്‍. പ്രതിനിധികളുടെ എണ്ണം മുന്‍ഗണനാക്രമത്തില്‍ 3000 ആയി നിജപ്പെടുത്തിയിട്ടുണ്ടെന്നും ശബരിമല മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാര്‍ അംഗീകരിച്ചുവെന്നും മന്ത്രി പറഞ്ഞു. മാസ്റ്റര്‍ പ്ലാന്‍ നിര്‍ദ്ദേശങ്ങള്‍ ആഗോള അയ്യപ്പ സംഗമത്തില്‍ ചര്‍ച്ചയാകും.

https://dailynewslive.in/ ശബരിമല സ്വര്‍ണപ്പാളിയിലെ തൂക്ക വ്യത്യാസം ഭരണപരമായ വീഴച്ചയെന്ന് ഹൈകോടതി. 2019 ല്‍ സ്വര്‍ണ്ണപ്പാളി തിരികെയെത്തിച്ചപ്പോള്‍ തൂക്കം മഹസറില്‍ രേഖപ്പെടുത്തിയില്ലെന്നും വിശ്വാസ്യതയും സുതാര്യതയും ഉറപ്പ് വരുത്തേണ്ട ഒരു ക്ഷേത്ര സമിതിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത വീഴ്ച്ചയാണ് ഉണ്ടായതെന്നും കോടതി പറഞ്ഞു. സ്വര്‍ണ്ണപ്പാളി കേസില്‍ വിശദമായ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ആവിയാകാന്‍ പെട്രോള്‍ ഒന്നും അല്ലല്ലോ സ്വര്‍ണമെന്നും സ്വര്‍ണപ്പാളിയുടെ ഭാരത്തിലുണ്ടായ കുറവില്‍ ഉത്തരം വേണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ തന്റെ ഭരണകാലത്തെ പോലീസ് അതിക്രമങ്ങളെ കുറിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തിന് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. മുഖ്യമന്ത്രിയായിരുന്ന കാലത്ത് തനിക്ക് ഏറ്റവും ദുഃഖവും വേദനയും ഉണ്ടാക്കിയ കാര്യം ശിവഗിരിയില്‍ പോലീസിനെ അയച്ച സംഭവമായിരുന്നുവെന്നും 1995-ലെ ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കാനായിരുന്നു അതെന്നും അവിടെ ഉണ്ടായ സംഭവങ്ങള്‍ പലതും നിര്‍ഭാഗ്യകരമായിരുന്നുവെന്നും ആന്റണി പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ബാലകൃഷണന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പരസ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ആന്റണി ആവശ്യപ്പെട്ടു. മുത്തങ്ങയിലെ പോലീസ് നടപടിയെ കുറിച്ചും ആദിവാസി സമരത്തെ കുറിച്ചും സി.ബി.ഐ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതും പരസ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ആ റിപ്പോര്‍ട്ടും ഈ സര്‍ക്കാരിന്റെ കയ്യിലുണ്ട്. എന്നിട്ട് ആരെയാണ് ആ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നതെന്ന് വ്യക്തമാക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.

https://dailynewslive.in/ പോലീസ് അതിക്രമങ്ങളെ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ചീറ്റിപ്പോയെന്ന് പറഞ്ഞാല്‍ ജനങ്ങളത് വിശ്വസിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഎസ് സുജിത്തിനും കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനില്‍ നടന്ന പോലീസ് അതിക്രമങ്ങളുടെയും നേര്‍സാക്ഷ്യമാണ് പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ചത്. വിഷയത്തിന്റെ ഗൗരവം ഉള്ളതുകൊണ്ടാണ് ഭരണപക്ഷമത് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ കേരളത്തില്‍ മരണനിരക്ക് അപകടകരമായ രീതിയില്‍ വര്‍ധിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. ലോകത്തുള്ള എല്ലാ രോഗങ്ങളും കേരളത്തിലുണ്ടെന്നും കോവിഡിന് ശേഷം കേരളത്തില്‍ മരണനിരക്ക് വര്‍ധിച്ചുവെന്നും എന്നിട്ടും നമ്പര്‍ വണ്‍ കേരളം എന്ന് പറയുന്നുവെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞു.

https://dailynewslive.in/ അമീബിക് മസ്തിഷ്‌ക ജ്വരം അപൂര്‍വ്വരോഗമാണെന്നും എല്ലാ ജലസ്രോതസ്സുകളിലും അമീബ സാന്നിധ്യമുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഈ രോഗത്തിന് ചികിത്സാ മാര്‍ഗരേഖ പുറത്തിറക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്നും ഏകാരോഗ്യ ആശയത്തില്‍ അധിഷ്ഠിതമായ ഒരു കര്‍മ്മപദ്ധതി തയ്യാറാക്കിയ ലോകത്തിലെ ഏക ഭൂപ്രദേശമാണ് കേരളമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.

https://dailynewslive.in/ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി വയനാട് സന്ദര്‍ശിക്കും. രാഹുല്‍ ഗാന്ധിക്കൊപ്പം സോണിയാഗാന്ധി നാളെയാണ് വയനാട്ടിലേക്ക് വരുന്നത്. ഒരു ദിവസത്തെ സന്ദര്‍ശനം മാത്രമാണെന്നാണ് പുറത്തുവരുന്ന വിവരം. മകളും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി വയനാട്ടില്‍ തുടരുന്നതിനിടെയാണ് ഇരുവരും ജില്ലയിലേക്ക് എത്തുന്നത്. സോണിയാഗാന്ധിയുടേത് സ്വകാര്യ സന്ദര്‍ശനത്തിന്റെ ഭാഗമാണെങ്കിലും നേതാക്കന്മാരെയും കാണുമെന്നാണ് വിവരം.

https://dailynewslive.in/ ഡോ എം ലീലാവതിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. എറണാകുളത്ത് നടന്ന കമ്മീഷന്‍ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍.കേരളം ആദരിക്കുന്ന പ്രശസ്ത നിരൂപകയും എഴുത്തുകാരിയുമായ ടീച്ചറെ അധിക്ഷേപിക്കുന്നത് വേദനാജനനകമാണെന്നും പ്രായം പോലും കണക്കിലെടുക്കാതെയാണ് ആക്രമിക്കുക്കുന്നതെന്നും കേരളീയ സമൂഹം ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ടെന്നും അധ്യക്ഷ പറഞ്ഞു.

https://dailynewslive.in/ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തിയെ തെരഞ്ഞെടുത്തു. പാലക്കാട് സ്വദേശി മുര്‍ത്തിയേടത്ത് സുധാകരന്‍ നമ്പൂതിരിയെ (59) ആണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ആറു മാസത്തേക്കാണ് കാലാവധി. 51 പേരില്‍ നിന്നാണ് ഇദ്ദേഹത്തെ മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്.

https://dailynewslive.in/ കോഴിക്കോട് വെര്‍ച്വല്‍ അറസ്റ്റിലൂടെ റിട്ടയേര്‍ഡ് അധ്യാപികയുടെ 18 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. താമരശ്ശേരി സ്വദേശി മുഹമ്മദ് സല്‍മാനാണ് പിടിയിലായത്. വിദേശത്തായിരുന്ന പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ആറ് മാസം മുന്‍പാണ് തട്ടിപ്പ് നടന്നത്. കൊയിലാണ്ടി സ്വദേശിയായ റിട്ടയേര്‍ഡ് അധ്യാപികക്കാണ് പണം നഷ്ടമായത്.

https://dailynewslive.in/ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന് മറുപടിയുമായി കെടി ജലീല്‍ എംഎല്‍എ. താന്‍ എവിടേക്കും ഒളിച്ചോടിയിട്ടില്ലെന്നും തനിക്ക് എവിടെയും ബിസിനസ് വിസ ഇല്ലെന്നും ഫിറോസിനെ പോലുള്ള പ്രമാണിമാര്‍ക്ക് കിട്ടുന്നതാണ് ബിസിനസ് വിസയെന്നും കെടി ജലീല്‍ പറഞ്ഞു. മലയാളം സര്‍വകലാശാല ഭൂമി വിഷയം നിയമസഭയില്‍ കൊണ്ടുവരാന്‍ ലീഗിനെ വെല്ലുവിളിക്കുകയാണെന്നും തിരൂരില്‍ പ്രതിഷേധം നടത്താനുള്ള ലീഗ് തീരുമാനം തിരൂര്‍കാര്‍ക്ക് തന്നെ അറിയുമെന്നും ജലീല്‍ പറഞ്ഞു.

https://dailynewslive.in/ ആലപ്പുഴ പൂച്ചാക്കലില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി. ബെംഗളൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടില്‍ എത്തിയ ശേഷം പുറത്ത് പോയ കുട്ടികള്‍ തിരികെ എത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് ഇവര്‍ ബെംഗളൂരുവില്‍ ഉണ്ടെന്ന് റെയില്‍വേ പൊലീസ് അറിയിച്ചത്.

https://dailynewslive.in/ എറണാകുളം പുത്തന്‍വേലിക്കര പോക്‌സോ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന വൈദികന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് തീരുമാനം. പുത്തന്‍വേലിക്കര കുരിശിങ്കല്‍ ലൂര്‍ദ്മാതാ പള്ളി വികാരിയായ എഡ്വിന്‍ ഫിഗറസിന്റെ ശിക്ഷയാണ് കോടതി മരവിപ്പിച്ചത്. കേസില്‍ വൈദികന് ഹൈക്കോടതി വിധിച്ച 20 വര്‍ഷം തടവെന്ന ശിക്ഷയ്‌ക്കെതിരെ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

https://dailynewslive.in/ വന്‍ ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ നിര്‍ണായക അറസ്റ്റ് നടത്തി കൊച്ചി സിറ്റി പൊലീസ്. 25 കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശിയായ ജി സുജിതയാണ് അറസ്റ്റിലായത്. കൊച്ചി സൈബര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.

https://dailynewslive.in/ തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴി അന്തരിച്ചു. 94 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂര്‍ കാച്ചേരി മൈനര്‍ സെമിനാരിയില്‍ വിശ്രമത്തിലായിരുന്നു.

https://dailynewslive.in/ കലുങ്ക് സൗഹൃദ സദസില്‍ കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാന്‍ സഹായം തേടിയ വയോധികയോട് മുഖ്യമന്ത്രിയെ സമീപിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാന്‍ പറ്റില്ലെന്നും വഴി അറിയില്ലെന്നും വയോധിക പറഞ്ഞു. എന്നാല്‍, എന്റെ നെഞ്ചത്തോട്ട് കയറിക്കോ എന്നായിരുന്നു സുരേഷ് ഗോപി ചിരിച്ചുകൊണ്ട് പറഞ്ഞത്.

https://dailynewslive.in/ പൊലീസിനെതിരെ ഭീഷണി ആവര്‍ത്തിച്ച് കെ എസ് യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി ടി സൂരജ്. അകാരണമായി കെ എസ് യു പ്രവര്‍ത്തകരെ മര്‍ദിക്കുന്ന പൊലീസുകാരെ കൈകാര്യം ചെയ്യാന്‍ മടിക്കില്ലെന്നും പ്രവര്‍ത്തകരുടെ വികാരമാണ് താന്‍ ഇന്നലെ പറഞ്ഞതെന്നും കഴിഞ്ഞ ദിവസം പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായും കെ എസ് യുവിന്റെ മെക്കിട്ട് കേറിയാല്‍ തിരിച്ചടി ഉണ്ടാകുമെന്നും വി ടി സൂരജ് ആവര്‍ത്തിച്ച് പറഞ്ഞു.

https://dailynewslive.in/ തൃശ്ശൂര്‍ പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രിക്കും മരുമകന്‍ ടി. എ. അരുണിനും എതിരായ വ്യാജ പീഡനകേസിലെ രണ്ട് പ്രതികള്‍ കൊച്ചിയില്‍ പിടിയില്‍. ശ്രീരാഗ്, സ്വാമിനാഥന്‍ എന്നിവരെയാണ് കര്‍ണാടക ബാനസവാടി പൊലീസ് പിടികൂടിയത്. കൊച്ചി വരാപ്പുഴയില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. പ്രതികളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. പെരിങ്ങോട്ടുകര ദേവസ്ഥാനക്ഷേത്രം തന്ത്രി ഉണ്ണി ദാമോദരന്റെ ജ്യേഷ്ഠ സഹോദരങ്ങളാണ് ഇരുവരും. കേസിലെ ഒന്നാം പ്രതി പ്രവീണ്‍ ഒളിവിലാണ്.

https://dailynewslive.in/ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ആറ് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

https://dailynewslive.in/ ധര്‍മ്മസ്ഥലയില്‍ വീണ്ടും അസ്ഥികള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ബങ്കലെഗുഡേ വനമേഖലയില്‍ നിന്നാണ് അസസ്ഥി കഷ്ണങ്ങള്‍ ലഭിച്ചത് എന്നാണ് വിവരം. എസ്ഐടി സംഘം ഇന്ന് ബങ്കലെഗുഡേയില്‍ പരിശോധന നടത്തിയിരുന്നു. കര്‍ണാടക ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. ഈ പരിശോധനയില്‍ അഞ്ചിടത്ത് നിന്ന് അസ്ഥി കഷ്ണങ്ങള്‍ ലഭിച്ചതായാണ് സൂചനയുണ്ട്.

https://dailynewslive.in/ ധര്‍മ്മസ്ഥലയില്‍ നിന്ന് ഒമ്പത് മൃതദേഹാവശിഷ്ടങ്ങള്‍ എസ്ഐടി കണ്ടെത്തിയതായി യൂട്യൂബര്‍ മനാഫ്. കുട്ടിയുടെയും സ്ത്രീകളുടെയും മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്നും ബംഗലെഗുഡേ വനമേഖലയില്‍ നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്, ഇനിയും അസ്ഥികള്‍ കണ്ടെത്തുമെന്നും ഉന്നയിച്ചകാര്യങ്ങളെല്ലാം സത്യമായി വരുമെന്നും ഇപ്പോഴും തനിക്കെതിരെ വധഭീഷണിയുണ്ടെന്നും പറഞ്ഞകാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു എന്നും മനാഫ് പറഞ്ഞു.

https://dailynewslive.in/ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് അന്വേഷണം നടത്തണമെന്ന് ക്യാപ്റ്റന്‍ സുമീത് സബര്‍വാളിന്റെ പിതാവ് പുഷ്‌കരാജ് സബര്‍വാള്‍. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പുഷ്‌കരാജ് സബര്‍വാള്‍ പറഞ്ഞു. സുമിത് സബര്‍വാളാണ് ദുരന്തത്തിന് കാരണക്കാരന്‍ എന്ന പ്രചാരണം ശക്തമാകുന്നുവെന്നും അക്കാര്യം അന്തിമ റിപ്പോര്‍ട്ടാകുമോയെന്ന ആശങ്കയുണ്ടെന്നും പുഷ്‌കരാജ് സബര്‍വാള്‍ പറഞ്ഞു.

https://dailynewslive.in/ ബോളിവുഡ് നടി ദിഷ പത്താണിയുടെ വീടിന് നേരെ വെടിവെച്ച സംഭവത്തില്‍ അക്രമികളായ രണ്ട് പേര്‍ പൊലീസ് പിടികൂടുന്നതിനിടയില്‍ വെടിയേറ്റ് മരിച്ചുവെന്ന് യുപി പോലിസ്. ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചെന്ന വിവരം പുറത്തുവരികയായിരുന്നു. ഗാസിയാബാദിലാണ് സംഭവം നടന്നത്. ദിഷ പഠാനിയുടെ ബറേലിയിലെ വീടിന് നേര്‍ക്കാണ് രണ്ട് ദിവസം മുമ്പ് വെടിവെപ്പുണ്ടായത്.

https://dailynewslive.in/ ജോര്‍ജിയയില്‍ എത്തിയ 56 ഇന്ത്യക്കാര്‍ക്ക് മനുഷ്യത്വരഹിതമായ പെരുമാറ്റം നേരിടേണ്ടി വന്നതായി പരാതി. ധ്രുവി പട്ടേല്‍ എന്ന യുവതി ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് അനുഭവം പങ്കുവെച്ചത്. സാധുവായ ഇ-വിസയും മറ്റ് രേഖകളും ഉണ്ടായിരുന്നിട്ടും, സദാഖ്ലോ അതിര്‍ത്തിയില്‍ വെച്ച് തങ്ങളെ അപമാനിക്കുകയും ദീര്‍ഘനേരം തടഞ്ഞുവെക്കുകയും ചെയ്തതായി യുവതി ആരോപിച്ചു.

https://dailynewslive.in/ ടിക് ടോകിന്റെ ഉടമസ്ഥാവകാശം കൈമാറുന്ന കാര്യത്തില്‍ അമേരിക്കയും ചൈനയും തമ്മില്‍ ധാരണയായെന്ന് ചൈനീസ് ഭാഗത്ത് നിന്നും സ്ഥിരീകരണം. അമേരിക്കയിലെ ടിക് ടോക്ക് ആപ്പും, ഡാറ്റയും, അനുബന്ധ സാങ്കേതിക വിദ്യയും വാങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ച അമേരിക്കന്‍ കമ്പനികള്‍ക്ക് കൈമാറും. ഏതൊക്കെ കമ്പനികള്‍ക്കാണ് ആപ്പ് ഉടമസ്ഥാവകാശം കൈമാറുകയെന്ന് വെളിപ്പെടുത്തിയിട്ടില്ല.

https://dailynewslive.in/ സാംസ്‌കാരികമായ അധിനിവേശം ആരോപിച്ച് ഐസ്‌ക്രീം, ഹാംബര്‍ഗര്‍, കരോക്കെ തുടങ്ങിയ വാക്കുകള്‍ നിരോധിച്ച് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. പാശ്ചാത്യമാണെന്ന് ആരോപിച്ച് വേറെയും വാക്കുകള്‍ നിരോധിച്ചുവെന്ന് ഡെയ്‌ലി എന്‍കെ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് പുതുതായി തുറന്ന വോണ്‍സാന്‍ ബീച്ച് സൈഡ് റിസോര്‍ട്ടില്‍ ജോലി ചെയ്യുന്ന ടൂര്‍ ഗൈഡുകള്‍ സന്ദര്‍ശകരുമായി ഇടപഴകുമ്പോള്‍ വിദേശ, ദക്ഷിണ കൊറിയന്‍ പദാവലി ഒഴിവാക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.

https://dailynewslive.in/ ഗാസയിലെ യുദ്ധം രണ്ടു വര്‍ഷം പൂര്‍ത്തിയാകാന്‍ 20 ദിവസം മാത്രം ശേഷിക്കേ കരയാക്രമണമാരംഭിച്ച് ഇസ്രയേല്‍. യുദ്ധം ആരംഭിച്ച് ഇതിനകം 64964 പേര്‍ കൊല്ലപ്പെട്ടുകഴിഞ്ഞു. 165312 പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

https://dailynewslive.in/ വ്യാപാര കരാറിന്റെ തുടര്‍ ചര്‍ച്ചകള്‍ക്ക് ഇന്ത്യന്‍ സംഘത്തെ ക്ഷണിച്ച് അമേരിക്ക. കാര്‍ഷിക ഉത്പന്നങ്ങളിലടക്കം ചര്‍ച്ചയോട് എതിര്‍പ്പില്ലെന്ന നിലപാട് ഇന്ത്യ അറിയിച്ചതായാണ് സൂചന. തീരുവ ചുമത്തിയുള്ള ഭീഷണിക്കൊടുവില്‍ നരേന്ദ്ര മോദിയെ ഡോണള്‍ഡ് ട്രംപ് വിളിച്ചത് അമേരിക്ക നിലപാട് മാറ്റുന്നു എന്ന സൂചനയായാണ് ഇന്ത്യ കാണുന്നത്. ഇന്ത്യ – അമേരിക്ക ചര്‍ച്ചയില്‍ വ്യപാര കരാറിനുള്ള നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കാനാണ് ധാരണയിലെത്തിയത്. കാര്‍ഷിക ഉത്പന്നങ്ങളില്‍ ഇന്ത്യ നിലപാട് മാറ്റിയിട്ടില്ല എന്നാണ് സൂചന. ജനിതകമാറ്റം വരുത്തിയ ചോളം ഇന്ത്യ വാങ്ങണം എന്ന ആവശ്യം യു എസ് ആവര്‍ത്തിച്ചു. എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാം എന്നാണ് ഇന്ത്യ മറുപടി നല്‍കിയത്.

https://dailynewslive.in/ 9 മാസത്തെ കാത്തിരിപ്പിനൊടുവില്‍ അടിസ്ഥാന പലിശനിരക്ക് കാല്‍ ശതമാനം വെട്ടിക്കുറച്ച് യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്. ഇതോടെ പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയിലായി . ഈ വര്‍ഷത്തെ ആദ്യ ഇളവാണ് ഇത്. കഴിഞ്ഞമാസങ്ങളില്‍ തൊഴിലില്ലായ്മ നിരക്ക് കുത്തനെ കൂടിയ തൊഴില്‍ മേഖലയെ ഊര്‍ജ്ജിതപ്പെടുത്താനാണ് തീരുമാനമെന്ന് ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ പ്രതികരിച്ചത്. ഫെഡറല്‍ റിസര്‍വിന്റെ പലിശനയം പുറത്തുവന്നതിന് തൊട്ടുപിന്നാലെ യുഎസ് ഓഹരികള്‍ വന്‍ നേട്ടത്തിലേക്ക് കുതിച്ചുകയറിയെങ്കിലും പിന്നീട് തകിടംമറിഞ്ഞു. വാഹന, വ്യക്തിഗത, വിദ്യാഭ്യാസ വായ്പാപ്പലിശയും ക്രെഡിറ്റ് കാര്‍ഡ് പലിശയും കുറയാന്‍ സഹായിക്കുന്നതാണ് തീരുമാനം. വരും ദിവസങ്ങളില്‍ വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സഹായിക്കുന്ന സമാന നടപടികളുണ്ടായേക്കുമെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പലിശനിരക്ക് വെട്ടിക്കുറയ്ക്കണമെന്ന് പ്രസിഡന്റ് ട്രംപ് നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നു. അതേസമയം, മിനിമം ഒരു ശതമാനമെങ്കിലും കുറയ്ക്കണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം.

https://dailynewslive.in/ ഇന്ത്യയുടെ നീരജ് ചോപ്രയും സച്ചിന്‍ യാദവും ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ജാവലിന്‍ ത്രോ ഫൈനലില്‍ പ്രവേശിച്ചു. യോഗ്യതാ റൗണ്ടില്‍ നിലവിലെ ജേതാവായ നീരജ് ചോപ്ര ആറാമതായാണ് ഫൈനലില്‍ പ്രവേശിച്ചത്. 84.95 മീറ്ററാണ് എറിഞ്ഞ ദൂരം. സച്ചിന്‍ യാദവ് 83.67 മീറ്റര്‍ എറിഞ്ഞാണ് ഫൈനലിന് യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടില്‍ പത്താമനാണ് സച്ചിന്‍.

https://dailynewslive.in/ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 102 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റ് തോല്‍വി വഴങ്ങിയ ഇന്ത്യന്‍ വനിതകള്‍ രണ്ടാം മത്സരത്തിലെ ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ 1-1ന് ഒപ്പമെത്തി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ശനിയാഴ്ച നടക്കും. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ വനിതകള്‍ 49.5 ഓവറില്‍ 292 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഓസ്ട്രേലിയയുടെ പോരാട്ടം 40.5 ഓവറില്‍ 190 റണ്‍സില്‍ അവസാനിച്ചു.

https://dailynewslive.in/ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് കടന്നു. പാകിസ്ഥാന്‍ ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുഎഇ 17.4 ഓവറില്‍ 105 റണ്‍സിന് ഓള്‍ ഔട്ടായി.

https://dailynewslive.in/ ഇന്ത്യയ്ക്കെതിരായ മത്സരത്തിലെ ഹസ്തദാന വിവാദത്തെ തുടര്‍ന്ന് മത്സരത്തിലെ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ അമ്പയര്‍മാരുടെ പാനലില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാക് ടീം പ്രതിഷേധവുമായി ഹോട്ടലില്‍ തന്നെ തങ്ങിയതു കാരണം മുന്‍ നിശ്ചയിച്ചതില്‍ നിന്ന് ഒരു മണിക്കൂര്‍ വൈകിയാണ് പാക് – യുഎഇ മത്സരം തുടങ്ങിയത്. ഒരുവേള മത്സരം ഉപേക്ഷിച്ചുവെന്നു വരെ വാര്‍ത്ത പരന്നിരുന്നു. ബഹിഷ്‌കരണ നാടകത്തിനിടെ ഐസിസിയുടെ താക്കീതിനൊടുവില്‍ പാകിസ്താന്‍ കളിക്കാനിറങ്ങുകയായിരുന്നു. ടൂര്‍ണമെന്റില്‍ പങ്കെടുക്കാതെ പോയാല്‍ 16 മില്യണ്‍ യുഎസ് ഡോളര്‍ നഷ്ടപ്പെടുമെന്നതിനാലാണ് പാക് താരങ്ങള്‍ കളത്തിലിറങ്ങിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

https://dailynewslive.in/ പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്കിലെ നിക്ഷേപത്തിന്റെ പകുതിയിലധികം വിറ്റൊഴിവാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ജപ്പാനിലെ സുമിറ്റോമോ മിറ്റ്‌സുയി ബാങ്കിംഗ് കോര്‍പറേഷനാണ് 8,889 കോടി രൂപയ്ക്ക് ഈ ഓഹരികള്‍ വാങ്ങിയത്. എസ്.ബി.ഐയുടെ കൈവശമുണ്ടായിരുന്ന 13.18 ശതമാനം ഓഹരികളാണ് കൈമാറ്റം ചെയ്യപ്പെട്ടത്. 4.13 ബില്യണ്‍ ഇക്വിറ്റി ഓഹരികളാണ് ഓഹരിയൊന്നിന് 21.50 രൂപയ്ക്ക് ജാപ്പനീസ് ധനകാര്യ സ്ഥാപനം വാങ്ങിയത്. ഇനി എസ്.ബി.ഐയുടെ കൈവശമുള്ളത് 10.8 ശതമാനം ഓഹരികളാണ്. ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ മേഖലയില്‍ സുമിറ്റോമോ മിറ്റ്‌സുയി ബാങ്കിംഗ് കോര്‍പറേഷന്റെ ഏറ്റവും വലിയ നിക്ഷേപമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരിപങ്കാളിത്തം ഇപ്പോള്‍ ജാപ്പനീസ് കമ്പനിക്കാണ്. ആക്‌സിസ് ബാങ്ക്, ബന്ധന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, കൊഡക് മഹീന്ദ്ര ബാങ്ക് എന്നിവയുടെ കൈവശമുണ്ടായിരുന്ന ഏഴ് ശതമാനം ഓഹരികളും സുമിറ്റോമോ മിറ്റ്‌സുയി ബാങ്കിംഗ് കോര്‍പറേഷന്‍ സ്വന്തമാക്കിയിട്ടുണ്ട്. ഈ സ്ഥാപനങ്ങള്‍ 2020ല്‍ ഓഹരിയൊന്നിന് 10 രൂപയ്ക്ക് വാങ്ങിയ ഓഹരികളാണ് വിറ്റഴിച്ചത്.

https://dailynewslive.in/ ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കിയ ആക്ഷന്‍ ചിത്രം ‘മാര്‍ക്കോ’യുടെ രണ്ടാം ഭാഗം എത്തുന്നു. ‘ലോര്‍ഡ് മാര്‍ക്കോ’ എന്ന പേരിലാണ് ചിത്രം ചേമ്പര്‍ ഓഫ് കൊമേഴ്സില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹനീഫ് അദേനി തന്നെയാണ് ചിത്രത്തിന്റെ സംവിധായകന്‍. ലോര്‍ഡ് മാര്‍ക്കോയില്‍ നായകനായി സൂപ്പര്‍ താരം യഷ് എത്തുമോ എന്ന സംശയത്തിലാണ് ആരാധകര്‍. ക്യൂബ്സ് എന്റര്‍ടെയിന്‍മെന്റ്സ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തില്‍ ‘# Y’ എന്നാണ് കുറിച്ചിരിക്കുന്നത്. ഇത് യഷ് ആണോ എന്ന ചര്‍ച്ചയിലാണ് ആരാധകര്‍. ക്യൂബ്സ് എന്റര്‍ടെയിന്‍മെന്റ്സ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഉണ്ണി മുകുന്ദന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമായിരുന്നു മാര്‍ക്കോ. ഇന്ത്യയിലൊട്ടാകെ തരംഗമുണ്ടാക്കിയ ചിത്രം ആഗോള തലത്തില്‍ 100 കോടിക്ക് മുകളില്‍ കലക്ഷന്‍ നേടിയിരുന്നു. ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന പ്രഖ്യാപനത്തോടെ ആവേശത്തിലായിരുന്നു ആരാധകര്‍.

https://dailynewslive.in/ 2015 ല്‍ പുറത്തിറങ്ങി, ഏറെ പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങിയ ‘മാസാന്‍’ എന്ന ചിത്രത്തിന് ശേഷം നീരജ് ഗായ്വാന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ‘ഹോംബൗണ്ട്’ ട്രെയ്‌ലര്‍ പുറത്ത്. ഇഷാന്‍ ഖട്ടര്‍, വിശാല്‍ ജെത്വ, ജാന്‍വി കപൂര്‍ എന്നിവര്‍ അഭിനയിച്ച ചിത്രം 2025 ലെ ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്റര്‍നാഷണല്‍ പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ് വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നേടിയിരുന്നു. സെപ്റ്റംബര്‍ 26 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. നോര്‍ത്തിന്ത്യയില്‍ നിന്നുള്ള രണ്ട് ബാല്യകാല സുഹൃത്തുക്കള്‍ പോലീസ് സേനയില്‍ ചേരാനുള്ള ആഗ്രഹം നിറവേറ്റാനായി മുന്നിട്ടിറങ്ങുകയും, അതുവഴി സമൂഹത്തില്‍ നിന്നും തങ്ങള്‍ക്ക് ഇതുവരെ ലഭിക്കാത്ത ബഹുമാനം നേടാന്‍ കഴിയുമെന്നുമാണ് അവര്‍ കരുതുന്നത്. എന്നാല്‍ ഈ യാത്രയില്‍ ഇരുവരും നേരിടുന്ന പ്രതിസന്ധികളാണ് നീരജ് ഗായ്വാന്‍ തന്റെ പുതിയ ചിത്രത്തിലൂടെ ചര്‍ച്ച ചെയ്യുന്നത്.

https://dailynewslive.in/ പ്രമുഖ ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ സിട്രോണ്‍ കൂപ്പെ എസ് യുവി സെഗ്മെന്റില്‍ പുതിയ കാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ബസാള്‍ട്ട് എക്‌സ് രീതിയില്‍ എയര്‍ക്രോസിന്റെ ഒരു വേരിയന്റ് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. എയര്‍ക്രോസ് എക്സിന്റെ ഔദ്യോഗിക ടീസര്‍ പുറത്തുവിട്ടു. 11,000 രൂപ ടോക്കണ്‍ തുക നല്‍കി പുതിയ കാര്‍ ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ബസാള്‍ട്ട് എക്സിന്റെ അതേ അപ്ഡേറ്റുകള്‍ എയര്‍ക്രോസ് എക്സില്‍ വരും. പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകള്‍ ഉള്‍പ്പെടും. എന്‍ട്രി ലെവല്‍ വേരിയന്റുകളില്‍ 81 ബിഎച്പി കരുത്തും 115 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഈ എന്‍ജിന്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോഡിയാക്കിയിരിക്കുന്നു. ഉയര്‍ന്ന സ്‌പെക്ക് വേരിയന്റുകളില്‍ 109 ബിഎച്പി കരുത്തും 190 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ മോട്ടോറായിരിക്കും ഉണ്ടാകുക. ഈ എന്‍ജിന്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോഡിയാക്കിയിരിക്കുന്നു.

https://dailynewslive.in/ ചരിത്രം ചിലപ്പോഴെല്ലാം അതിന്റെ മരിച്ച കണ്‍പോളകള്‍ വര്‍ത്തമാനത്തിലേക്കു തുറക്കാറുണ്ട് – ചിലര്‍ക്കു മാത്രം കാണാന്‍ വേണ്ടി, വര്‍ത്തമാനത്തിന്റെ ആസന്ന മരണവേളകളിലും ചിലപ്പോള്‍ അങ്ങനെ സംഭവിക്കാം – ചിലര്‍ക്കുമാത്രം ചരിത്രം അറിയാന്‍ വേണ്ടി. ഒരു മ്യൂസിയം കാവല്‍ക്കാരന്‍ മൂര്‍ത്തിയുടെയും അയാളുടെ ഭാര്യയുടെയും അടഞ്ഞ ജീവിതവാതില്‍ക്കലെത്തുന്ന ഒരു പരിചയക്കാരനിലൂടെ മനുഷ്യാവസ്ഥയുടെ ആവര്‍ത്തിത ചരിത്രം മൂടല്‍മഞ്ഞില്‍ ഒരു രക്തത്തുള്ളി കണക്കെ തണുത്ത സൂര്യനായി തെളിയുന്നു. ‘മ്യൂസിയം’. ഇ. സന്തോഷ്‌കുമാര്‍. എച്ച് & സി ബുക്സ്. വില 110 രൂപ.

https://dailynewslive.in/ കാന്‍സറിന്റെ സാധ്യത കൂട്ടാനും കുറയ്ക്കാനും ചില വിറ്റാമിനുകള്‍ സ്വാധീനിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അതില്‍ പ്രധാനം വിറ്റാമിന്‍ ഡിയാണ്. ശരീരത്തിന്റെ ആവശ്യമായ കാല്‍സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന ഒരു പ്രധാന പോഷകമാണ് വിറ്റാമിന്‍ ഡി. അണ്ഡാശയ അര്‍ബുദം, സ്തനാര്‍ബുദം, വന്‍കുടല്‍ അര്‍ബുദം തുടങ്ങിയവ വിറ്റാമിന്‍ ഡി3 യുടെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലുകളുടെയും സന്ധികളുടെയും വേദന, പേശിവലിവ്, ക്ഷീണം, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ എന്നിവയൊക്കെ വിറ്റാമിന്‍ ഡി കുറയുന്നതിന്റെ ലക്ഷണങ്ങളാവാം. സൂര്യരശ്മികളാണ് വിറ്റാമിന്‍ ഡിയുടെ പ്രധാന ഉറവിടം. രാവിലെയും വൈകുന്നേരവുമുള്ള ഇളം വെയില്‍ കൊള്ളുന്നത് വിറ്റാമിന്‍ ഡി നേരിട്ട് ശരീരത്തിന് ലഭിക്കും. പാല്‍, തൈര്, ബട്ടര്‍, ചീസ്, മുട്ട, സാല്‍മണ്‍ ഫിഷ്, കൂണ്‍, ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍ തുടങ്ങിയവയില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും. കൂടാതെ കാന്‍സര്‍ സ്ഥിരീകരിക്കുന്ന രോഗികളില്‍ വിറ്റാമിന്‍ സിയുടെ കുറവ് വലിയ തോതില്‍ കണാറുണ്ട്. രോഗപ്രതിരോധ ശേഷിക്ക് വിറ്റാമിന്‍ സി ആവശ്യമാണ്. ഓറഞ്ച്, നാരങ്ങ, നെല്ലിക്ക, കിവി, പപ്പായ, സ്ട്രോബെറി, ബ്രോക്കോളി, പൊട്ടറ്റോ, ബെല്‍ പെപ്പര്‍, തക്കാളി, പേരയ്ക്ക, ചീര, പൈനാപ്പിള്‍ തുടങ്ങിയവയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. സ്തനാര്‍ബുദം, ശ്വാസകോശ അര്‍ബുദം, ത്വക്ക് അര്‍ബുദം, സെര്‍വിക്കല്‍ കാന്‍സര്‍, ഗ്യാസ്ട്രിക് കാന്‍സര്‍, കരളുമായി ബന്ധപ്പെട്ട അര്‍ബുദം, അണ്ഡാശയ അര്‍ബുദം എന്നിവ വിറ്റാമിന്‍ എയുടെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. മധുരക്കിഴങ്ങ്, ക്യാരറ്റ്, ചീര തുടങ്ങിയവയില്‍ ധാരാളം വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്.

*ശുഭദിനം*

*കവിത കണ്ണന്‍*

അയാള്‍ക്ക് രണ്ടുസ്ത്രീകളെയും ഒരുപോലെ ഇഷ്ടമാണ്. അതില്‍ ആരെ വിവാഹം കഴിക്കണമെന്ന കാര്യത്തില്‍ ചിന്താകുഴപ്പമുണ്ട്. ഒരിക്കല്‍ അവര്‍ രണ്ടുപേരും ഒരുമിച്ച് അയാളെ കാണാനെത്തി. തങ്ങളിലാരെയാണ് കൂടുതല്‍ ഇഷ്ടമെന്ന് ചോദിച്ചു: മറുപടി പറയാതെ ഒഴിയാന്‍ ശ്രമിച്ച അയാളോട് ആദ്യത്തെ സ്ത്രീ ചോദിച്ചു: ഞങ്ങള്‍ രണ്ടുപേരും കൂടി പുഴയില്‍ വീണാന്‍ നിങ്ങള്‍ ആരെ ആദ്യം രക്ഷിക്കും? അപകടം മണത്ത അയാള്‍ രണ്ടാമത്തെ സ്ത്രീയോട് ഇങ്ങനെ ചോദിച്ചു: താങ്കള്‍ക്ക് നീന്തല്‍ അറിയാമല്ലോ അല്ലേ.. അവര്‍ അറിയാമെന്ന് തലയാട്ടി. പ്രത്യുത്തരമല്ല, പ്രതികരണ രീതിയാണ് മറുപടി. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടാകില്ല. ചില ഉത്തരങ്ങള്‍ വിളിച്ചുപറയാനും പറ്റില്ല. ഉത്തരം കിട്ടാന്‍ വേണ്ടിയല്ല, മനോഭാവവും കാഴ്ചപ്പാടും മനസ്സിലാക്കാന്‍ വേണ്ടിയായിരിക്കും പല ചോദ്യങ്ങളും. ചോദ്യം ചോദിക്കുന്നവര്‍ക്ക് തന്നെ ഉത്തരമറിയാമായിരിക്കും.. പക്ഷേ, ശരിയായ ഉത്തരമല്ല, ശരിയായ പ്രതികരണത്തെയാണ് അവര്‍ തേടുന്നത്. പ്രതികരണം പ്രധാനമാണ്.. ശരിയായരീതിയില്‍ പ്രതികരിക്കാന്‍ നമുക്കും സാധിക്കട്ടെ – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *