sunrise 12

https://dailynewslive.in/ തീവ്രവാദത്തിന് തിരിച്ചടി നല്‍കിയ സേനകള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചതിനുള്ള മറുപടിയാണ് ഓപ്പറേഷന്‍ സിന്ദൂറെന്നും ഈ വിജയം അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും സമര്‍പ്പിക്കുന്നുവെന്നും മോദി വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂറിനും തുടര്‍ന്നുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷത്തിനും ശേഷം രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കവേയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. നമ്മുടെ പെണ്‍കുട്ടികളുടെ സിന്ദൂരം മായ്ച്ചുകളഞ്ഞ ഭീകരരെ ഭൂമുഖത്തുനിന്ന് നമ്മള്‍ മായ്ച്ചുകളഞ്ഞു എന്നും ഇന്ത്യന്‍ തിരിച്ചടികളെ ഭയന്ന് ലോകം മുഴുവന്‍ രക്ഷതേടി നടന്ന പാകിസ്ഥാന്റെ ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ടെന്നും ആ ബ്ലാക്ക് മെയില്‍ ഇവിടെ ചെലവാകില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു.

https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂറില്‍ രാജ്യം നേടിയ വിജയത്തില്‍ സേനകള്‍ക്ക് സല്യൂട്ട് പറഞ്ഞ പ്രധാനമന്ത്രി പോര്‍മുഖത്ത് സേനകള്‍ അസാമാന്യ ധൈര്യവും, പ്രകടനവും കാഴ്ച വെച്ചുവെന്ന് പ്രശംസിച്ചു. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായ എല്ലാവര്‍ക്കും അഭിവാദ്യമെന്നും മോദി പറഞ്ഞു. വെള്ളവും ചോരയും ഒരുമിച്ച് ഒഴുകില്ലെന്നും അതിനാല്‍ പാകിസ്താനുമായി ഇനി എന്തെങ്കിലും ചര്‍ച്ചയുണ്ടെങ്കില്‍ അത് തീവ്രവാദത്തെക്കുറിച്ചും പാക് അധീന കശ്മീരിനെക്കുറിച്ചും മാത്രമായിരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെ ഇന്ത്യ – പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പത്തിടങ്ങളില്‍ പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണ ശ്രമം. പാക് ഡ്രോണുകളെ ഇന്ത്യന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ തുടര്‍ന്ന് സാംബയിലും അമൃത്സറിലെ ചിലയിടങ്ങളില്‍ ഭാഗികമായും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു.

*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*

സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ പാകിസ്ഥാന്റെ മണ്ണിലെ ഭീകരതയുടെ കെട്ടിടം തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരതത്തിന്റെ ശത്രുക്കള്‍ക്ക് അതിര്‍ത്തി നിര്‍ണ്ണയിച്ചിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ സായുധ സേനകളുടെ ധൈര്യത്തെയും ശൗര്യത്തെയും പ്രശംസിച്ച അദ്ദേഹം സേനകളുടെ ധീരത ഭാരതത്തിന്റെ മഹത്തായ ചരിത്രത്തില്‍ എന്നെന്നേക്കുമായി നിലനില്‍ക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂറില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാക്കി കോണ്‍ഗ്രസ്. പഹല്‍ഗാമില്‍ വിനോദ സഞ്ചാരികളെ കൊന്നൊടുക്കിയ ഭീകരരെ പിടികൂടാതെ ഓപ്പറേഷന്‍ സിന്ദൂര്‍ വിജയമാണെന്ന് എങ്ങനെ പറയാനാകുമെന്ന് ഛത്തീസ് ഘട്ട് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ചോദിച്ചു. ഓപ്പറേഷന്‍ സിന്ധൂര്‍ വന്‍ വിജയമാണെന്നും ഭീകരര്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത പ്രത്യാക്രമണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയതെന്നും ബിജെപി തിരിച്ചടിച്ചു.

https://dailynewslive.in/ അമേരിക്കയുടെ ഇടപെടല്‍ മൂലമാണ് ഇന്ത്യ – പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ യാഥാര്‍ത്ഥ്യമായതെന്നും ആണവയുദ്ധമാണ് ഒഴിവാക്കിയതെന്നും വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞതോടെയാണ് ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ അംഗീകരിച്ചതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ അവകാശവാദം. എന്നാല്‍ ട്രംപിന്റെ ഈ അവകാശവാദം ഇന്ത്യ തള്ളിക്കളഞ്ഞിരിക്കുകയാണ്. അമേരിക്കയുമായുള്ള സംഭാഷണത്തില്‍ ഒരുഘട്ടത്തിലും വ്യാപാരത്തെക്കുറിച്ച് പരാമര്‍ശമുണ്ടായില്ലെന്നും ട്രംപിന്റെ അവകാശവാദം തെറ്റാണെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സുമായി വിദേശകാര്യമന്ത്രി നടത്തിയ ചര്‍ച്ചകളിലും വ്യാപാരത്തെക്കുറിച്ച് ഒരു പരാമര്‍ശവുമുണ്ടായില്ലെന്നും ഇന്ത്യ വിശദീകരിച്ചു.

https://dailynewslive.in/ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ ഇന്ത്യയിലേയ്ക്ക്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും ഫോണില്‍ സംസാരിച്ചെന്നും ഭീകരതയെ ചെറുക്കുന്നതില്‍ ഇന്ത്യയും റഷ്യയും തമ്മിലുള്ള തുടര്‍ച്ചയായ സഹകരണത്തിന്റെ അടിയന്തര ആവശ്യകത ഇരുപക്ഷവും ഊന്നിപ്പറഞ്ഞുവെന്നും റഷ്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് സ്ഥിരീകരിച്ചു. വര്‍ഷാവസാനം ഇന്ത്യയില്‍ നടക്കുന്ന വാര്‍ഷിക ഉച്ചകോടിയിലായിരിക്കും പുടിന്‍ പങ്കെടുക്കുക.

https://dailynewslive.in/ കേരള സര്‍വകലാശാല, ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. മോഹന്‍ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. കേരള സര്‍വകലാശാല തമിഴ് ഡിപ്പാര്‍ട്ട്മെന്റിലെ സെമിനാര്‍ വിലക്കിയ സംഭവത്തിലാണ് വൈസ് ചാന്‍സിലര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിക്കുന്നത്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യസ്നേഹ സര്‍ട്ടിഫിക്കറ്റ് വിസി നല്‍കേണ്ടതില്ലെന്നും ഡോ. മോഹന്‍ കുന്നുമ്മല്‍ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയാണെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് ആരോപിച്ചു.

https://dailynewslive.in/ കേരള സര്‍വകലാശാല തമിഴ് ഡിപ്പാര്‍ട്ട്മെന്റില്‍ സെമിനാര്‍ വിലക്കിയ സംഭവത്തില്‍ കടുത്ത നടപടികള്‍ വേണ്ടെന്ന് സര്‍വകലാശാലയുടെ തീരുമാനം. വിദ്യാര്‍ത്ഥി മാപ്പ് അപേക്ഷിച്ച പശ്ചാത്തലത്തിലാണ് സര്‍വകലാശല ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്. സംഭവത്തില്‍ വകുപ്പ് മേധാവിയേയും വിദ്യാര്‍ത്ഥിയേയും താക്കീത് ചെയ്യും എന്നും സര്‍വകലാശാല അറിയിച്ചു.

https://dailynewslive.in/ മലപ്പുറത്ത് നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 2 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 49 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് 40 പേരെയാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ആകെ 152 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.

https://dailynewslive.in/ പുതുതായി ചുമതലയേറ്റ കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫും മറ്റ് ഭാരവാഹികളും ഇന്ന് ഹൈക്കമാന്‍ഡ് നേതാക്കളെ കാണും. വൈകീട്ട് നാല് മണിക്ക് എ ഐ സി സി ആസ്ഥാനത്താണ് കൂടിക്കാഴ്ച. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍സെക്രട്ടറി ദീപ ദാസ് മുന്‍ഷി തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.

https://dailynewslive.in/ മുന്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ശക്തനായ നേതാവായിരുന്നുവെന്ന് പത്മജ വേണുഗോപാല്‍. പുതിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ കണ്ണൂരില്‍ അറിയാമെങ്കിലും സംസ്ഥാന വ്യാപകമായി അദ്ദേഹത്തെ അറിയുമോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം കഴിവ് തെളിയിക്കട്ടേയെന്നും പത്മജ പ്രതികരിച്ചു. സണ്ണി ജോസഫ് ആരാണെന്ന് പലരും തന്നോട് ചോദിച്ചിരുന്നുവെന്നും കെ മുരളീധരന്‍ കഴിവ് തെളിയിച്ച നേതാവാണെന്നും അദ്ദേഹത്തെപ്പോലുള്ള പല നേതാക്കളെയും പരിഗണിക്കാതിരുന്നത് എന്തുകൊണ്ടെന്നറിയില്ലെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ കൊഴുപ്പ് നീക്കല്‍ ശസത്രക്രിയക്ക് വിധേയയായ യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തില്‍, ശസ്ത്രക്രിയ നടത്തിയ കഴക്കൂട്ടത്തെ കോസ്മെറ്റിക് ക്ലിനികിന്റെ ക്ലിനിക്കല്‍ രജിസ്ട്രേഷന്‍ റദ്ദാക്കി. ലൈസന്‍സിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാലാണ് ആശുപത്രിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയത്. ആശുപത്രിക്കെതിരായ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് ലൈസന്‍സ് നല്‍കിയത്. ഇതിനെതിരെ ഗുരുതരാവസ്ഥയില്‍ കഴിയുന്ന നീതുവിന്റെ കുടുംബം രംഗത്ത് വന്നിരുന്നു.

https://dailynewslive.in/ കഴക്കൂട്ടത്തെ സ്വകാര്യ ക്ലിനിക്കില്‍ കൊഴുപ്പു നീക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായതിന് പിന്നാലെ യുവതി ഗുരുതരാവസ്ഥയിലാവുകയും ഒന്‍പത് വിരലുകള്‍ മുറിച്ചുമാറ്റേണ്ടി വരികയും ചെയ്ത സംഭവത്തില്‍ ചികിത്സാ പിഴവില്ലെന്ന് ഇന്നലെ പുറത്തുവന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. എന്നാല്‍ മെഡിക്കല്‍ ബോര്‍ഡ് ഒത്തുകളിക്കുകയാണെന്ന് ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ കുടുംബം ആരോപിച്ചു.

https://dailynewslive.in/ ഇടുക്കി ജില്ലയിലെ മൂന്നാര്‍ ഗ്യാപ്പ് റോഡിലൂടെയുള്ള യാത്രക്ക് നിരോധനം. റോഡിലേക്ക് കല്ലും മണ്ണും ഇടിഞ്ഞു വീണതിന് പിന്നാലെയാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. അപകടസാധ്യത കണക്കിലെടുത്താണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് കളക്ടര്‍ വിശദീകരിച്ചു. കരിങ്കല്ല് വീഴാനുള്ള സാധ്യതയുണ്ടെന്നും മഴ ശക്തമായി പെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് ഇങ്ങിനെയൊരു തീരുമാനമെടുത്തതെന്നുമാണ് കളക്ടര്‍ അറിയിക്കുന്നത്.

https://dailynewslive.in/ ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റിന്റെ ഭാഗമായുള്ള പരിശോധനയില്‍ ബെംഗളൂരുവില്‍ നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനില്‍ നിന്നും 16.399 ഗ്രാം മെത്താംഫിറ്റമിന്‍ പിടികൂടി. കോഴിക്കോട് ഒളവണ്ണ സ്വദേശി അദ്വൈത്.പി.റ്റി (27 വയസ്) ആണ് പിടിയിലായത്.

https://dailynewslive.in/ പാലിയേക്കരയില്‍ ടോള്‍ പ്ലാസ ജീവനക്കാരനെ ലോറി ഡ്രൈവര്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ടോള്‍ ബൂത്തിലെ കളക്ഷന്‍ ജീവനക്കാരനായ ഉത്തര്‍പ്രദേശ് ഫൈസാബാദ് സ്വദശി പപ്പു കുമാറിനാണ് മര്‍ദനമേറ്റത്. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. പരിക്കേറ്റ പപ്പു കുമാറിന്റെ പരാതിയില്‍ കേസെടുത്ത പുതുക്കാട് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ചേര്‍പ്പ് സ്വദേശിയാണ് പിടിയിലായത്.

https://dailynewslive.in/ കൊല്ലം അലയമണ്‍ കരുകോണില്‍ തെരുവുനായ ആക്രമണത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ 11പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ആക്രമിച്ച നായയെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചവരുടെ എണ്ണം കൂടി വരികയാണ്. തെരുവുനായ ആക്രമണത്തില്‍ സംസ്ഥാനത്ത് ഒരാഴ്ച്ചക്കിടെ 3 കുട്ടികള്‍ മരിച്ചിരുന്നു. മലപ്പുറത്തും, പത്തനംതിട്ടയിലും കൊല്ലത്തുമാണ് കുട്ടികള്‍ മരിച്ചത്. വാക്സിന്‍ എടുത്തതിന് ശേഷമായിരുന്നു മരണം.

https://dailynewslive.in/ അഞ്ചംഗ സംഘം ബസ് ഡ്രൈവറുടെ കഴുത്തില്‍ വടിവാള്‍ വെച്ച് ഭീഷണിപ്പെടുത്തി. തിരുവല്ല മല്ലപ്പള്ളിയിലാണ് സംഭവം. സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഭീഷണി. തിരുവമ്പാടി ബസ്സിന്റെ ഡ്രൈവര്‍ വിഷ്ണുവിനെയാണ് അഞ്ചംഗ സംഘം ഭീഷണിപ്പെടുത്തിയത്.

https://dailynewslive.in/ തൃശൂര്‍ പൂരത്തിനിടക്ക് ആന ഓടിയത് ആനകളുടെ കണ്ണിലേയ്ക്ക് ലേസര്‍ അടിച്ചെന്ന് ആരോപണം. പാറമേക്കാവ് ദേവസ്വമാണ് ഗുരുതര ആരോപണം ഉന്നയിച്ചത്. ആനകളുടെ കണ്ണിലേയ്ക്ക് ലേസര്‍ അടിച്ചെന്നും ഇതേ തുടര്‍ന്നുമാണ് ആനകള്‍ ഓടിയതെന്നും ഇവര്‍ പറയുന്നു. തൃശ്ശൂര്‍ പൂരപറമ്പില്‍ ലേസറുകള്‍ നിരോധിക്കണമെന്നും പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ലേസര്‍ അടിച്ചതില്‍ ചില സംഘടനകള്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നതായും ഇവര്‍ പറഞ്ഞു. ആനകളെ എഴുപ്പള്ളിപ്പിക്കുന്നതിനെതിരെ നില്‍ക്കുന്ന സംഘടനകള്‍ ബോധപൂര്‍വം പ്രശ്നമുണ്ടാക്കിയതാണോയെന്ന സംശയമാണ് ഇവര്‍ ഉന്നയിച്ചത്.

https://dailynewslive.in/ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്തും കന്യാകുമാരി തീരത്തും ഇന്ന് രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നു ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.

https://dailynewslive.in/ പ്രമുഖ ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോക്ടര്‍ സുബണ്ണ അയ്യപ്പനെ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ശ്രീരംഗപട്ടണത്ത് കാവേരി നദിയിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച മുതല്‍ അദ്ദേഹത്തെ കാണാതായിരുന്നു. നദീ തീരത്ത് ധ്യാനത്തില്‍ ഇരിക്കുന്നതിനിടയില്‍ പുഴയിലേക്ക് കാല്‍ തെറ്റി വീണതാണോ എന്ന സംശയത്തിലാണ് പൊലീസ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

https://dailynewslive.in/ സുപ്രീംകോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായ സഞ്ജീവ് ഖന്ന ഇന്ന് പടിയിറങ്ങും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പിന്‍ഗാമിയായി കഴിഞ്ഞ നവംബര്‍ 11-നാണ് ജസ്റ്റിസ് ഖന്ന ചുമതലയേറ്റത്. അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആര്‍. ഗവായ് നാളെ ചുമതലയേല്‍ക്കും.

https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം രാജ്യത്തുടനീളം സുരക്ഷ വര്‍ധിപ്പിച്ചതിന്റെ ഭാഗമായി ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ സുരക്ഷയും നിരീക്ഷണവും ശക്തമാക്കി. തീവ്രവാദികളും ഗുണ്ടകളുമുള്‍പ്പെടെയുള്ള കുപ്രസിദ്ധരായ തടവുകാരെ ജയിലില്‍ പ്രത്യേക നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.

https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂറില്‍ രാജ്യവ്യാപക പ്രചാരണത്തിന് ബിജെപി. ഓപ്പറേഷന്‍ സിന്ദൂര്‍ വിജയമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപി രാജ്യവ്യാപക പ്രചാരണത്തിന് ഇറങ്ങുന്നത്. ഇന്ന് മുതല്‍ 23 വരെ രാജ്യവ്യാപകമായി മുതിര്‍ന്ന നേതാക്കളും, മന്ത്രിമാരും നയിക്കുന്ന തിരംഗ യാത്രകള്‍ സംഘടിപ്പിക്കും. ഓപ്പറേഷന്‍ സിന്ധൂര്‍ വന്‍ വിജയമാണെന്നും ഭീകരര്‍ക്ക് സങ്കല്‍പിക്കാന്‍ കഴിയാത്ത പ്രത്യാക്രമണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയതെന്നുമാണ് ബിജെപിയുടെ വാദം.

https://dailynewslive.in/ ഇന്ത്യയും പാകിസ്ഥാനും തമ്മിലെ ഡിജിഎംഒ തല ചര്‍ച്ചയില്‍ മുന്നറിയിപ്പുമായി ഇന്ത്യ. ഒരു വെടി പോലും ഉതിര്‍ക്കരുതെന്നും വെടിനിര്‍ത്തല്‍ സമ്പൂര്‍ണമായി നടപ്പാക്കണമെന്നും പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടു. അതിര്‍ത്തി മേഖലകളില്‍ നിന്ന് ഇരുപക്ഷവും സേനകളെ കുറച്ചു തുടങ്ങാനും തീരുമാനമുണ്ട്. സിന്ധു നദീജല കരാര്‍ അടക്കമുള്ള വിഷയങ്ങള്‍ ഈ യോഗത്തില്‍ ചര്‍ച്ച ചെയ്തില്ല. ഇന്നലെ വൈകിട്ടോടെ ആരംഭിച്ച ചര്‍ച്ച 30 മിനിറ്റോളമാണ് നീണ്ടു നിന്നത്. ചര്‍ച്ച തുടരാനും യോഗത്തില്‍ ധാരണയായി.

https://dailynewslive.in/ ശ്രീലങ്കയില്‍ ബസ് പാറക്കെട്ടിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 21 ആയി. 14 പേര്‍ക്ക് പരിക്കേറ്റു. കോട്മലെ എന്ന സ്ഥലത്ത് വച്ചാണ് സര്‍ക്കാര്‍ ബസ് മറിഞ്ഞത്.

https://dailynewslive.in/ തുര്‍ക്കിയുമായുള്ള സംഘര്‍ഷം അവസാനിപ്പിച്ച് ആയുധം താഴെ വയ്ക്കുകയാണെന്ന് കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി. 40 വര്‍ഷത്തിലേറെയായി പികെകെയുടെ നേതൃത്വത്തില്‍ തുര്‍ക്കിയില്‍ ആഭ്യന്തര കലാപം നടക്കുകയാണ്. തടവില്‍ കഴിയുന്ന പികെകെയുടെ സ്ഥാപക നേതാവ് അബ്ദുള്ള ഒക്ലാനാണ് സംഘടനയെ നിരായുധീകരിക്കാനും സമാധാനത്തിന്റെ പാത പിന്തുടരാനും ആഹ്വാനം ചെയ്തത്.

https://dailynewslive.in/ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വരവേല്‍ക്കാന്‍ സജ്ജമായി സൗദി തലസ്ഥാനം. രണ്ടാം തവണ പ്രസിഡന്റായ ശേഷം ട്രംപിന്റെ മിഡില്‍ ഈസ്റ്റിലേക്കുള്ള ചരിത്രപരമായ ആദ്യ യാത്ര ഇന്ന് തുടങ്ങും. വെള്ളിയാഴ്ച വരെ നീളുന്ന സന്ദര്‍ശനത്തില്‍ ട്രംപ് ആദ്യമെത്തുക സൗദിയിലാണ്. തുടര്‍ന്ന് ഖത്തറിലും യുഎഇയിലും ട്രംപ് സന്ദര്‍ശനം നടത്തും.

https://dailynewslive.in/ ഖത്തര്‍ സന്ദര്‍ശിക്കുന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കാത്തിരിക്കുന്നത് കോടികള്‍ വിലയുള്ള അത്ഭുത സമ്മാനമെന്ന് റിപ്പോര്‍ട്ടുകള്‍. ട്രംപ് നിലവില്‍ ഉപയോഗിക്കുന്ന എയര്‍ ഫോഴ്‌സ് 1 വിമാനത്തിന് പകരം 40 കോടി ഡോളര്‍ വില വരുന്ന ആഡംബര വിമാനമായ ബോയിങ് 747 ജെറ്റ് ട്രംപിന് സമ്മാനിക്കാന്‍ ഖത്തര്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ചര്‍ച്ചയായതിന് പിന്നാലെ ഡോണള്‍ഡ് ട്രംപ് തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരുന്നു.

https://dailynewslive.in/ 51 ഇടങ്ങളിലായി പാകിസ്ഥാന്‍ സൈന്യത്തിന് നേരെ ആക്രമണങ്ങള്‍ നടത്തിയെന്ന അവകാശവാദവുമായി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി. 71 ആക്രമണങ്ങളാണ് പാക് സൈന്യത്തെയും ഐഎസ്ഐയെയും ലക്ഷ്യമിട്ട് നടത്തിയതെന്ന് ബിഎല്‍എ പ്രസ്താവനയിലൂടെ അറിയിച്ചു. പാകിസ്ഥാന്‍ ഒരേ സമയം ഭീകരത വളര്‍ത്തുകയും സമാധാനം പറയുകയുമാണ് ചെയ്യുന്നത്. പാകിസ്ഥാനില്‍ നിന്നുള്ള സമാധാനം, വെടിനിര്‍ത്തല്‍, സാഹോദര്യം എന്നിവയെക്കുറിച്ചുള്ള ഓരോ വാക്കും വെറും വഞ്ചനയും താല്‍ക്കാലിക യുദ്ധ തന്ത്രവും മാത്രമാണെന്ന് ഇന്ത്യയെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട് ബിഎല്‍എ വ്യക്തമാക്കി.

https://dailynewslive.in/ ഗാസയില്‍ ബന്ദിയാക്കിയിരുന്ന അവസാനത്തെ അമേരിക്കന്‍ പൌരനെയും വിട്ടയച്ചതായി ഹമാസ്. ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ തുടരുന്നത് ലക്ഷ്യമിട്ട് ഈദന്‍ അലക്സാണ്ടറെ വിട്ടയയ്ക്കുമെന്ന് ഹമാസ് നേരത്തെ വിശദമാക്കിയിരുന്നു. ഇസ്രയേലില്‍ സൈന്യത്തിനൊപ്പം സേവനം ചെയ്യുകയായിരുന്ന 21കാരനെ ഹമാസ് 2023 ഒക്ടോബര്‍ 7നാണ് തട്ടിക്കൊണ്ട് പോയത്. ഹമാസിന്റെ തീരുമാനത്തെ ഖത്തറും ഈജിപ്തും സ്വാഗതം ചെയ്തു. ഗാസയില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കുന്നതിനും, തടവുകാരെയും ബന്ദികളെയും മോചിപ്പിക്കുന്നതിനും, മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഗാസയിലേക്കുള്ള സഹായം തടസ്സങ്ങളില്ലാതെ ഉറപ്പാക്കുന്നതിനും വേണ്ടി സമാധാന ചര്‍ച്ചകളിലേക്കുള്ള ചുവടുവയ്പ്പായാണ് ഹമാസിന്റെ തീരുമാനത്തെ ഇരുരാജ്യങ്ങളും കണക്കാക്കുന്നത്.

https://dailynewslive.in/ ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ പുനരാരംഭിക്കുന്നു. മെയ് 17ന് മത്സരങ്ങള്‍ പുനരാരംഭിക്കും. 6 വേദികളിലായാണ് അവശേഷിക്കുന്ന മത്സരങ്ങള്‍ പൂര്‍ത്തിയാക്കുക. നാല് പ്ലേഓഫ് മത്സരങ്ങള്‍ ഉള്‍പ്പെടെ ആകെ 16 മത്സരങ്ങളാണ് ഇനി കളിക്കാനുള്ളത്. ഫൈനല്‍ മത്സരം ജൂണ്‍ 3ന് നടത്തുമെന്നും ബിസിസിഐ ഔദ്യോഗികമായി അറിയിച്ചു.

https://dailynewslive.in/ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്റെ ഇറ്റാലിയന്‍ പരിശീലകനായ കാര്‍ലോ ആഞ്ചലോട്ടിയെ ബ്രസീല്‍ ഫുട്ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി നിയമിച്ചു. ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലകനാവുന്ന ആദ്യ വിദേശിയെന്ന ചരിത്രം സൃഷ്ടിച്ചാണ് ആഞ്ചലോട്ടി എത്തുന്നത്.

https://dailynewslive.in/ 2024-25 സാമ്പത്തിക വര്‍ഷം പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയുടെ ലാഭത്തില്‍ 10.1 ശതമാനത്തിന്റെ വര്‍ധന. ലാഭം കഴിഞ്ഞ വര്‍ഷത്തെ 17,789 കോടി രൂപയില്‍ നിന്ന് 19,581 കോടി രൂപയായാണ് വര്‍ധിച്ചത്. 2025 സാമ്പത്തിക വര്‍ഷത്തിലെ പലിശ വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 44,722 കോടി രൂപയില്‍ നിന്ന് 2.1 ശതമാനം വര്‍ധിച്ച് 45,659 കോടി രൂപയായി. ബാങ്കിന്റെ ആഭ്യന്തര വായ്പകള്‍ 13.7 ശതമാനം വര്‍ധിച്ച് 10,21,112 കോടി രൂപയിലെത്തി. ഓര്‍ഗാനിക് റീട്ടെയില്‍ വായ്പകള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 19.4 ശതമാനം വര്‍ധിച്ച് 2,56,633 കോടി രൂപയായി. അന്താരാഷ്ട്ര വായ്പകള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12.8 ശതമാനം വര്‍ധിച്ച് 12,30,461 കോടി രൂപ രേഖപ്പെടുത്തി. ആഗോള ബിസിനസിന് 27 ലക്ഷം കോടി രൂപയുടെ നാഴികക്കല്ല് പിന്നിടാനും സാധിച്ചു. നാലാം പാദത്തില്‍ ബാങ്കിന്റെ അറ്റാദായം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തിലെ 4,886 കോടി രൂപയില്‍ നിന്ന് 5,048 കോടി രൂപയായി ഉയര്‍ന്നു. നാലാം പാദത്തിലെ ബാങ്കിന്റെ മൊത്തം വരുമാനം കഴിഞ്ഞ വര്‍ഷത്തെ 33,774.87 കോടി രൂപയില്‍ നിന്ന് 6.15 ശതമാനം ഉയര്‍ന്ന് 35,851.85 കോടിയായി. ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 0.3 ശതമാനം വര്‍ധിച്ച് 8,132 കോടി രൂപയായി. മികച്ച ഫലങ്ങളെ തുടര്‍ന്ന് ബാങ്ക് ഓഹരിക്ക് 8.35 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. ലാഭവിഹിതം നല്‍കുന്നതിനുള്ള റെക്കോഡ് തീയതി ജൂണ്‍ 6 ആണ്.

https://dailynewslive.in/ പ്രഖ്യാപനം മുതല്‍ തന്നെ സിനിമാ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘മൂണ്‍വാക്ക്’. 1980 – 90 കാലഘട്ടങ്ങളില്‍ ലോകമെമ്പാടുമുള്ള യുവാക്കളെ ഹരം കൊള്ളിച്ച ബ്രേക്ക് ഡാന്‍സ് തരംഗമാണ് ചിത്രത്തിന്റെ പശ്ചാത്തലം. നവാഗതനായ വിനോദ് എകെ ആണ് മൂണ്‍വാക്ക് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രം കൂടിയാണ് മൂണ്‍വാക്ക്. നവാഗതരായ നൂറില്‍പ്പരം അഭിനേതാക്കളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഈ മാസം 23 ന് ചിത്രം തിയറ്ററുകളിലെത്തും. നവാഗതരായ താരങ്ങളോടൊപ്പം ശ്രീകാന്ത് മുരളി, വീണ നായര്‍, സഞ്ജന ദോസ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. മൂണ്‍ വാക്കിന്റെ കഥ,തിരക്കഥ എന്നിവ ഒരുക്കിയിരിക്കുന്നത് വിനോദ് എ കെ, മാത്യു വര്‍ഗീസ്, സുനില്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ്.

https://dailynewslive.in/ ‘ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍’ എന്ന ചിത്രത്തിനു ശേഷം അരുണ്‍ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ ട്രെയിലര്‍ പുറത്തിറങ്ങി. രഞ്ജിത്ത് സജീവനാണ് ചിത്രത്തിലെ നായകന്‍. ആക്ഷനും കോമഡിക്കും പ്രാധാന്യം നല്‍കുന്ന ഫാമിലി എന്റര്‍ടെയ്നറാകും ചിത്രം. മേയ് 23 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. മൈക്ക്, ഖല്‍ബ്, ഗോളം എന്നി ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. രഞ്ജിത്ത് സജീവനെ കൂടാതെ ജോണി ആന്റണി, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, ഡോക്ടര്‍ റോണി, മനോജ് കെ യു,സംഗീത, മീര വാസുദേവ്,മഞ്ജു പിള്ള, സാരംഗി ശ്യാം തുടങ്ങിയവര്‍ക്കൊപ്പം അല്‍ഫോന്‍സ് പുത്രന്‍ ഒരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്. ഛായാഗ്രഹണം സിനോജ് പി. അയ്യപ്പന്‍. ശബരീഷ് വര്‍മ എഴുതിയ വരികള്‍ക്ക് രാജേഷ് മുരുകേശന്‍ സംഗീതം പകരുന്നു.

https://dailynewslive.in/ സൗബിന്‍ ഷാഹിറിന്റെ ഗാരിജിലേക്കു മിനി കൂപ്പറിന്റെ ആഡംബരം കൂടി. കൊച്ചിയിലെ ബി എം ഡബ്ള്യു മിനി ഓട്ടോക്രാഫ്റ്റില്‍ നിന്നും കുടുംബത്തോടൊപ്പം എത്തിയാണ് പുതുവാഹനത്തിന്റെ ഡെലിവറി സൗബിന്‍ സ്വീകരിച്ചത്. മിനിയുടെ എസ് ജെ സി ഡബ്ള്യു എന്ന മോഡലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 55.90 ലക്ഷം രൂപയാണ് ഈ വാഹനത്തിനു എക്സ് ഷോറൂം വില. ബ്ലാക്ക് ഷെയ്ഡാണ് പുത്തന്‍ കാറിനായി താരം തിരഞ്ഞെടുത്തത്. ഇക്കഴിഞ്ഞ 2025 ഭാരത് മൊബിലിറ്റി എക്സ്പോയില്‍ അവതരിപ്പിക്കപ്പെട്ട കൂപ്പര്‍ എസ് ജെ സി ഡബ്‌ള്യുവില്‍ മുന്‍ മോഡല്‍ കൂപ്പര്‍ എസിന്റെ 2.0 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് ഉപയോഗിക്കുന്നത്. നേരത്തെ 178എച്ച്പി, 280 എന്‍എം ആയിരുന്നത് പുതിയ മോഡലില്‍ 204 എച്ച്പി കരുത്തും പരമാവധി 300എന്‍എം ടോര്‍ക്കുമായി ഉയര്‍ന്നിട്ടുണ്ട്. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്.

https://dailynewslive.in/ ജീവിതത്തിന്റെ പുതിയ പരിസരങ്ങള്‍ ആവിഷ്‌കരിക്കുന്ന കഥകള്‍. പ്രമേയത്തിലും അവതരണത്തിലും പുതുമ പുലര്‍ത്തിക്കൊണ്ടു മനുഷ്യാവസ്ഥയുടെ ഭിന്ന ചിത്രമുഖങ്ങള്‍ വരച്ചുകാട്ടുന്ന ഈ പുസ്തകം മലയാളകഥയുടെ വര്‍ത്തമാനത്തെ സാക്ഷ്യപ്പെടുത്തുന്നു. ‘കണ്ണേട്ടന്റെ ഗ്രാമം’. എ.വി ചന്ദ്രന്‍. കൈരളി ബുക്സ്. വില 152 രൂപ.

https://dailynewslive.in/ ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കുന്നത് കുടല്‍, കരള്‍ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. വാള്‍നട്ടും ഈന്തപ്പഴവും ഒരുമിച്ച് കഴിക്കുന്നത് ദഹനവ്യവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കും. ഈന്തപ്പഴത്തില്‍ ലയിക്കുന്ന നാരുകള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഇത് കുടലിനുള്ളില്‍ വൃത്തിയാക്കാന്‍ സഹായിക്കുകയും ആരോഗ്യകരമായ ബാക്ടീരിയകളെ പോഷിപ്പിക്കുകയും ചെയ്യും. ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവയുടെ സമ്പുഷ്ട ഉറവിടമാണ് വാള്‍നട്ട്. അതിനാല്‍ ഇവ രണ്ടും ഒരുമിച്ച് ചേരുമ്പോള്‍ കുടല്‍ പാളിയെ ശമിപ്പിക്കാന്‍ വളരെയധികം ഫലപ്രദമാണ്. ബദാം, പിസ്ത തുടങ്ങിയവയുടെ കൂടെ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാം. നട്സ്ല് വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ആന്റി ഓക്‌സിഡന്റുകളുടെ മികച്ച സ്രോതസാണ് ഡാര്‍ക്ക് ചോക്ലേറ്റ്. ചോക്ലേറ്റിലെ ആന്റി ഓക്‌സിഡന്റുകള്‍ നട്‌സില്‍ നിന്നുള്ള പോഷകങ്ങളുടെ ആഗിരണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഡാര്‍ക്ക് ചോക്ലേറ്റിലെ ഫ്ലേവനോയ്ഡുകള്‍ കരളിനെ വിഷവിമുക്തമാക്കാന്‍ പിന്തുണയ്ക്കും. ഊര്‍ജ്ജം വര്‍ധിപ്പിക്കാനും ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ഇത് ഗുണകരമാണ്. ആപ്പിളും ചൂടോടെ പൊടിച്ചെടുത്ത കറുവപ്പട്ടയും തേനും ഒരുമിച്ച് ചേരുമ്പോള്‍ ഔഷധ ഗുണങ്ങളുള്ള ഭക്ഷണമായി ഇത് മാറും. കറുവപ്പട്ടയില്‍ സിന്നമാല്‍ഡിഹൈഡ് എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. കുടല്‍ ബാക്ടീരിയകളെ സന്തുലിതമാക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ഇത് സഹായിക്കും. തേന്‍ ഒരു സ്വാഭാവിക പ്രീബയോറ്റിക് ആയി പ്രവര്‍ത്തിക്കുന്നതിനാല്‍ കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളെ പോഷിപ്പിക്കും. പ്രോബയോട്ടിക്‌സി ന്റെ മികച്ച സ്രോതസാണ് തൈര്. പോളിഫെനോളുകള്‍ ധാരാളമടങ്ങിയിട്ടുള്ള ബ്ലൂ ബെറി, റാസ് ബെറി എന്നിവ തൈരുമായി ചേര്‍ത്ത് കഴിക്കാം. ഇത് നല്ല ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കും. ആമാശയത്തെ ശാന്തമാക്കാനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്ന മികച്ചൊരു ലഘുഭക്ഷണമാണിത്. കരളിന്റെ ആരോഗ്യത്തെയും ഇത് പിന്തുണയ്ക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *