◾https://dailynewslive.in/ എഴുപത്തിയാറാം റിപ്പബ്ലിക് ദിനം ആഘോഷമാക്കി രാജ്യം. സൈനികകരുത്തിന്റെയും സാംസ്‌കാരികപാരമ്പര്യത്തിന്റെയും പ്രൗഢി വിളിച്ചോതുന്നതായിരുന്നു റിപ്പബ്ലിക് ദിന പരേഡ്. പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചതോടെ 76ാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ക്ക് തുടക്കമായി. പത്തരയോടെ രാഷ്ട്രപതി ദ്രൗപതി മുര്‍മു ദില്ലിയിലെ കര്‍ത്തവ്യപഥില്‍ എത്തി. ദേശീയ പതാക ഉയര്‍ത്തിയതിന് പിന്നാലെ 21 ഗണ്‍ സല്യൂട്ട് ചടങ്ങ് നടന്നു. ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാത്ഥിയായ ചടങ്ങില്‍ കര-വ്യോമ-നാവിക സേനകളുടെയും വിവിധ സായുധ സേനകളുടെയും പ്രകടനത്തിനൊപ്പം സംസ്ഥാനങ്ങളുടെ അടക്കം 31 നിശ്ചലദൃശ്യങ്ങളും പരേഡില്‍ അണിനിരന്നു.
◾https://dailynewslive.in/ സംസ്ഥാനത്തേയും മുഖ്യമന്ത്രി പിണറായി വിജയനേയും പുകഴ്ത്തി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍. മുഖ്യമന്ത്രിക്ക് കേരളത്തെപ്പറ്റി കൃത്യമായ ദീര്‍ഘവീക്ഷണമുണ്ടെന്നും വികസിത കേരളമാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും പറഞ്ഞ ഗവര്‍ണര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത് ഭാരതം വികസിത കേരളമില്ലാതെ സാക്ഷാത്കരിക്കാനാവില്ലെന്നും അഭിപ്രായപ്പെട്ടു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയയിരുന്നു അദ്ദേഹം.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ജനുവരി 26 ലെ വിജയി : ഷെജീന സക്കീര്‍, വാടാനപ്പള്ളി പോസ്റ്റ്, തൃശൂര്‍*
◾https://dailynewslive.in/ വയനാടിലെ പഞ്ചാരക്കൊല്ലി മേഖലയില്‍ ഭീതി പരത്തുന്ന നരഭോജി കടുവയെ ഇനിയും പിടികൂടാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കടുവാ ഭീഷണിയുള്ള വിവിധ മേഖലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ ആറുമണിമുതല്‍ 48 മണിക്കൂര്‍ സമയത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചാരക്കൊല്ലി , മേലേചിറക്കര, പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയംകുന്ന് ഭാഗങ്ങളിലാണ് നിയന്ത്രണം. മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ചിറക്കര ഡിവിഷനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിവിഷനുകളിലെ സ്‌കൂള്‍, അങ്കണവാടി, മദ്രസ, ട്യൂഷന്‍ സെന്ററുകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. കര്‍ഫ്യൂ പ്രഖ്യാപിച്ച ഡിവിഷനുകളില്‍ നിന്നും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോയി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ജനുവരി 27, 28 തിയതികളില്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്നും അറിയിപ്പുണ്ട്.
◾https://dailynewslive.in/ മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ ഒടുവില്‍ നരഭോജി കടുവയായി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. നിര്‍ണായക ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കടുവയെ നരഭോജിയായി പ്രഖ്യാപിക്കുന്ന സംസ്ഥാനത്തെ ആദ്യ തീരുമാനമാണിത്. മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് നിര്‍ണായക തീരുമാനം.
◾https://dailynewslive.in/ വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിയത് മുഖ്യമന്ത്രിയുടെ ഇടപെടലില്‍. അടിയന്തരപരിഹാരം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി കടുത്ത നിലപാടെടുത്തു. വനനിയമം പറഞ്ഞ് കടിച്ചു തൂങ്ങരുതെന്നും ജനങ്ങളുടെ ജീവന് ആപത്തുണ്ടാകരുതെന്നും ആയിരുന്നു മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം. ഉന്നതതലയോഗത്തിന് മുമ്പ് വനം മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ഇക്കാര്യം അറിയിച്ചു .
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ വെടിവെച്ചു കൊല്ലാന്‍ പൊലീസിലെ ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ ഉള്‍പ്പെടെ പത്തംഗം സംഘത്തെ നിയോഗിച്ചതായി സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. ശാരദ മുരളീധരന്‍ പറഞ്ഞു. കടുവയെ എത്രയും വേഗം വെടിവെച്ച് കൊല്ലുമെന്നും പഞ്ചാരക്കൊല്ലി മേഖലയില്‍ കര്‍ഫ്യൂ ശക്തമാക്കുമെന്നും അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണ് എന്നും അവര്‍ പറഞ്ഞു .
◾https://dailynewslive.in/ വയനാട്ടില്‍ നിരന്തരമായി നടക്കുന്ന വന്യജീവി ആക്രമണത്തില്‍ ജനങ്ങള്‍ ഭീതിയിലാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റി സുരക്ഷ ഉറപ്പാക്കുന്ന നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. പഞ്ചാരക്കൊല്ലിയില്‍ കടുവയെ വെടി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ സമരം ശക്തിപ്പെടുത്തിയ പശ്ചാത്തലത്തില്‍ മേഖല ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പ്രിയങ്ക ഇക്കാര്യം ആവശ്യപ്പെട്ടത്.
◾https://dailynewslive.in/ പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ കണ്ടെത്താന്‍ തീവ്ര ശ്രമം തുടരുകയാണെന്നും കടുവ ഉണ്ടാകാന്‍ സാധ്യതയുള്ള ഏരിയ മാര്‍ക്ക് ചെയ്തതായും ഡിഎഫ്ഒ അറിയിച്ചു. മാര്‍ക്ക് ചെയ്ത സ്ഥലത്ത് വനംവകുപ്പ് പരിശോധന നടത്തും. കടുവയെ കണ്ടെത്താന്‍ തെര്‍മ്മല്‍ ക്യാമറ കൂടി ഉപയോഗിക്കും. അതേസമയം കടുവയെ പിടികൂടാനായി ഇറങ്ങിയ ദൗത്യ സംഘത്തിന് നേരെ കടുവയുടെ ആക്രമണമുണ്ടായി. മാനന്തവാടി ആര്‍ആര്‍ടി അംഗം ജയസൂര്യക്ക് പരിക്കേറ്റു.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ കണ്ടെത്താന്‍ നടത്തുന്ന തെരച്ചിലിനെ കുറിച്ച് വിശദീകരിക്കവേ വയനാട് ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവറിന്റെ പ്രതികരണം തടസപ്പെടുത്തി പൊലീസ്. മാധ്യമങ്ങളെ കാണുന്നതിനിടെ ഡിഎഫ്ഒ യെ പൊലീസ് തടഞ്ഞ മാനന്തവാടി എസ്എച്ച്ഒക്ക് എതിരെ നടപടി വേണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു.
◾https://dailynewslive.in/ വയനാട് കടുവാ ഭീതിയില്‍ കഴിയുന്നതിനിടെ കോഴിക്കോട് നടന്ന ഫാഷന്‍ ഷോയില്‍ പാട്ടു പാടിയ സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി എകെ ശശീന്ദ്രന്‍. വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്ന് തോന്നിയെന്നും ഇനി അക്കാര്യങ്ങളില്‍ ശ്രദ്ധിക്കുമെന്നുമാണ് മന്ത്രി ശശീന്ദ്രന്റെ പ്രതികരണം. അതേസമയം സ്വകാര്യ പരിപാടിയില്‍ പാട്ടു പാടിയ മന്ത്രി എ കെ ശശീന്ദ്രന്റെ പ്രവര്‍ത്തി റോമാസാമ്രാജ്യം കത്തിയപ്പോള്‍ ചക്രവര്‍ത്തി വീണ വായിച്ചത് പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ വിമര്‍ശിച്ചു. കേരളത്തോട് വനം മന്ത്രി മാപ്പ് പറയണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
◾https://dailynewslive.in/ വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ മകന് താത്ക്കാലിക ജോലിക്കായുള്ള നിയമന ഉത്തരവ് കൈമാറി വനംമന്ത്രി എ കെ ശശീന്ദ്രന്‍. പ്രദേശവാസികളുടെ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് മന്ത്രി കൊല്ലപ്പട്ടെ രാധയുടെ വീട്ടിലെത്തുന്നത്. മന്ത്രിയെ കൂകിവിളിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പൊലീസ് സന്നാഹം ഒരുക്കിയ വഴിയിലൂടെയാണ് ഒടുവില്‍ മന്ത്രി രാധയുടെ വീട്ടിലെത്തിയത്.
◾https://dailynewslive.in/ വയനാട് പെരുന്തട്ടയില്‍ പശുവിനെ വന്യജീവി ആക്രമിച്ചു. നേരത്തെ കടുവയെ കണ്ട മേഖലയിലാണ് പശുക്കിടാവ് ആക്രമിക്കപ്പെട്ടത്. പുലി ആണോ എന്ന് സംശയമുണ്ടെന്നും സ്ഥലത്ത് കൂട് വെക്കുമെന്നും വനം വകുപ്പ് അറിയിച്ചു.
◾https://dailynewslive.in/ കോഴിക്കോട് പയ്യോളി തിക്കോടിയില്‍ കടലില്‍ ഇറങ്ങിയ രണ്ട് സ്ത്രീകളടക്കം നാലു പേര്‍ തിരയില്‍പ്പെട്ട് മരിച്ചു. വയനാട് കല്‍പ്പറ്റ സ്വദേശികളായ വാണി (39), അനീസ (38), വിനീഷ് (45), ഫൈസല്‍ (42) എന്നിവരാണു മരിച്ചത്. ഇന്നലെ വൈകിട്ടോടെ പയ്യോളി തിക്കോടി കല്ലകത്ത് ബീച്ചിലാണ് സംഭവം. അപകടത്തില്‍പ്പെട്ട ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്‍പ്പറ്റ ബോഡി ഷേപ്പ് എന്ന ജിമ്മിലെ 25 അംഗ സംഘമാണു കടല്‍ കാണാനെത്തിയത്. ഇവരില്‍ 5 പേര്‍ കടലില്‍ ഇറങ്ങുകയായിരുന്നു.
◾https://dailynewslive.in/ റേഷന്‍ വ്യാപാരികളുടെ അനിശ്ചിത കാല സമരം ഇന്ന് മുതല്‍. സമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് മുതല്‍ റേഷന്‍ വിതരണം സ്തംഭനത്തിലേക്ക് നീങ്ങും. സമരം പിന്‍വലിച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് ഭക്ഷ്യമന്ത്രി ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭീഷണി മറികടന്നാണ് ഇന്ന് വ്യാപാരികള്‍ സമരത്തിന് ഒരുങ്ങുന്നത്.
◾https://dailynewslive.in/ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ ഇന്ന് മുതല്‍ നടത്താനിരിക്കുന്ന കടയടച്ചുള്ള പണിമുടക്ക് സമരത്തില്‍ നിന്നും പിന്‍മാറണമെന്നാണ് സര്‍ക്കാരിന് അഭ്യര്‍ത്ഥിക്കാനുള്ളതെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ആരുടെ വീഴ്ച്ചകൊണ്ടാണോ ജനങ്ങള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ നിഷേധിക്കപ്പെട്ടത് അവര്‍ ഗുണഭോക്താക്കള്‍ക്ക് ഫുഡ് സെക്യൂരിറ്റി അലവന്‍സ് നല്‍കേണ്ടിവരും. ഇവിടെ സര്‍ക്കാരിന്റെ വീഴ്ചകൊണ്ടല്ല ജനങ്ങള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ മുടങ്ങുന്നത് എന്നും അദ്ദേഹം പറഞ്ഞു .
◾https://dailynewslive.in/ റേഷന്‍ സമരത്തില്‍ നിന്നും വ്യാപാരികള്‍ നിന്നും പിന്‍മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജനങ്ങള്‍ക്ക് റേഷന്‍ കിട്ടുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടവരാണ് ഗവണ്‍മെന്റും കച്ചവടക്കാരുമെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ കേവലം കച്ചവടക്കാര്‍ മാത്രമല്ലെന്നും ലൈസന്‍സികളാണ് ഉത്തരവാദിത്തം കാണിക്കേണ്ടതെന്നും അത് കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ എറണാകുളം ജില്ലയിലെ ചില നേതാക്കള്‍ സമ്പത്തിനും, വ്യക്തിപരമായ ധന സമാഹരണത്തിനും പിന്നാലെയാണെന്ന് സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഇത് ശരിയല്ലെന്നും മാറ്റം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് അവതരണത്തിന് മുന്‍പു സമ്മേളന പ്രതിനിധികളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിന് ഇടയില്‍ ആണ് പരാമര്‍ശം.
◾https://dailynewslive.in/ സെക്രട്ടറിയേറ്റ് ഗേറ്റില്‍ മുഖ്യമന്ത്രിയുടെ ചിത്രമടങ്ങിയ കൂറ്റന്‍ ഫ്ലക്സ് സ്ഥാപിച്ചതിന് സെക്രട്ടറിയേറ്റ് എംപ്ലോയ്സ് അസോസിയേഷന്‍ പിഴ അടച്ചു. 5600 രൂപയാണ് സംഘടന നഗരസഭക്ക് പിഴയായി നല്‍കിയത്. നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥര്‍ ഫ്ലക്സ് വച്ചതില്‍ നടപടി വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരായ നേതാക്കളെ പ്രതി ചേര്‍ത്തത്.
◾https://dailynewslive.in/ സി.പി.എം. സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്ററുടെ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരുമായി ബന്ധപ്പെട്ട പ്രസ്താവന സിപിഎം കേരളത്തില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പുതിയ രാഷ്ട്രീയ നയത്തിന്റെ ഭാഗമാണെന്ന് പിവി അന്‍വര്‍. നടക്കാനിരിക്കുന്ന ത്രിതല പഞ്ചായത്ത്,നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്‍കൂട്ടി കണ്ട് പാര്‍ട്ടി മനപ്പൂര്‍വ്വം തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണിതെന്നും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ സി.പി.എം നിലപാട് സ്വീകരിച്ചു തുടങ്ങിയതെന്നും അന്‍വര്‍ പറഞ്ഞു.
◾https://dailynewslive.in/ പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറിയെന്ന് റിപ്പോര്‍ട്ടുകള്‍. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെ പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് ആക്കുന്നതിനെതിരെ പ്രതിഷേധിച്ച് നഗരസഭാ കൗണ്‍സിലര്‍മാര്‍ രാജി പ്രഖ്യാപിച്ചതോടെ ബിജെപിക്ക് കേരളത്തില്‍ ഭരണമുളള ഏക നഗരസഭയായ പാലക്കാട് ഭരണം തുലാസിലായി. ഒന്‍പത് കൗണ്‍സിലര്‍മാരാണ് ഇന്ന് പാര്‍ട്ടിക്ക് രാജിക്കത്ത് നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
◾https://dailynewslive.in/ പാലക്കാട്ടെ ബിജെപി പ്രതിസന്ധിയില്‍ നിലപാട് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ജില്ല പ്രസിഡന്റ് പട്ടിക കേന്ദ്ര നേതൃത്വം അംഗീകരിച്ചതാണെന്നും ഇതിനെതിരെ സംസാരിക്കാന്‍ ആര്‍ക്കും ആകില്ലെന്നും വ്യക്തമാക്കിയ സുരേന്ദ്രന്‍ ഇത്രയും സമീകൃതമായ പട്ടിക ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. നിങ്ങള്‍ വിചാരിക്കുന്ന ഒന്നും പാലക്കാട് നടക്കില്ലെന്നും നഗരസഭ താഴെ വീഴില്ലെന്നും പന്തളത്തും ഇതല്ലേ പറഞ്ഞതെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.
◾https://dailynewslive.in/ പൊതുപരിപാടിയില്‍ ഓണ്‍ലൈനായി പങ്കെടുത്ത് ഉമ തോമസ് എംഎല്‍എ. കാക്കനാട് എം എ അബൂബക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍ വികസനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ആശുപത്രിയില്‍ നിന്നാണ് എംഎല്‍എ മുഖ്യാതിഥിയായി പങ്കെടുത്തത്. വലിയൊരു അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ചികിത്സയിലാണെന്നും തിരിച്ചുവരവിന് നിങ്ങളുടെയെല്ലാം പ്രാര്‍ത്ഥനയുണ്ടായിരുന്നുവെന്ന് ഞാന്‍ വളരെ നന്ദിയോടെ ഓര്‍ക്കുന്നുവെന്നും എംഎല്‍എ പറഞ്ഞു.
◾https://dailynewslive.in/ ലൈംഗിക പീഡന പരാതിയില്‍ കാസര്‍കോട് സി പിഎം നേതാവിനെതിരെ അച്ചടക്ക നടപടി. ഡിവൈഎഫ്ഐ തൃക്കരിപ്പൂര്‍ ബ്ലോക്ക് സെക്രട്ടറിയും സിപിഎം ഏരിയാകമ്മിറ്റി അംഗവുമായ സുജിത് കൊടക്കാടിനെതിരെയാണ് നടപടി. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് നിന്നും സിപിഎം ഏരിയ കമ്മിറ്റിയില്‍ നിന്നും സുജിത്തിനെ പുറത്താക്കി.
◾https://dailynewslive.in/ കേരളത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3°C വരെ താപനില ഉയരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
◾https://dailynewslive.in/ വയനാട് ഡിസിസി യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ വന്‍ വാക്ക് പോര്. എന്‍ എം വിജയന്റെ മരണത്തിന് പിന്നാലെ ഉയര്‍ന്ന വിവാദത്തെ ചൊല്ലിയാണ് നേതാക്കള്‍ തമ്മില്‍ വാക് പോര് ഉണ്ടായത്. ആരോപണം ഉയര്‍ന്ന ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനും ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയും സ്ഥാനമൊഴിയണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. വയനാടിന്റെ ചുമതലയുള്ള മുതിര്‍ന്ന നേതാവ് സണ്ണി ജോസഫ്, ടി എന്‍ പ്രതാപന്‍ തുടങ്ങിയവരും ഡിസിസി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
◾https://dailynewslive.in/ അടൂരില്‍ പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയെ 9 പേര്‍ പീഡിപ്പിച്ച കേസില്‍ മന്ത്രവാദി അറസ്റ്റില്‍. ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് പെണ്‍കുട്ടിയെ ചൂഷണത്തിനിരയാക്കിയ, തങ്ങള്‍ എന്നു വിളിക്കുന്ന ആദിക്കാട്ടുകുളങ്ങര സ്വദേശി ബദര്‍ സമന്‍ (62) ആണ് നൂറനാട് പോലീസിന്റെ പിടിയിലായിരിക്കുന്നത്.
◾https://dailynewslive.in/ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിക്കെതിരെ ആരോപണവുമായി ശ്വാസ തടസവും പനിയും അനുഭവപ്പെട്ട് ചികിത്സക്കെത്തി ഭക്ഷ്യവിഷബാധ അനുഭവപ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍. ആശുപത്രിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചികിത്സയ്ക്കെത്തിയ കുരുന്നുകള്‍ക്കാണ് വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടത്. ആശുപത്രിയിലെ വൃത്തിഹീനമായ സാഹചര്യത്തില്‍ നിന്നാണ് രോഗം ഉണ്ടായിരിക്കുന്നതെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. കൂടാതെ വിവരം അറിയിച്ചിട്ട് നഴ്സുമാര്‍ ആരും തിരിഞ്ഞ് നോക്കിയില്ലെന്നും നാളെ നോക്കാമെന്ന മറുപടിയാണ് ലഭിച്ചതെന്നും കുട്ടികളുടെ രക്ഷിതാക്കള്‍ കുറ്റപ്പെടുത്തുന്നു.
◾https://dailynewslive.in/ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകാന്‍ തയ്യാറെടുക്കുന്ന ഉത്തരാഖണ്ഡില്‍ ഇന്ന് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും. വിവാഹം ഉള്‍പ്പടെ രജിസ്റ്റര്‍ ചെയ്യാനുള്ള യു സി സി പോര്‍ട്ടല്‍ ഉച്ചക്ക് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഉദ്ഘാടനം ചെയ്യും. വര്‍ഗീയ വിഭജനമാണ് ബി ജെ പി ലക്ഷ്യമിടുന്നതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
◾https://dailynewslive.in/ തമിഴ്നാട്ടില്‍ നിന്നുള്ള 33 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു. രാമേശ്വരത്ത് നിന്ന് പോയവരെയാണ് സമൂദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ മൂന്ന് ബോട്ടുകളും ശ്രീലങ്കന്‍ നാവിക സേന പിടിച്ചെടുത്തു. രാമേശ്വരത്ത് നിന്നുള്ള 18 മത്സ്യത്തൊഴിലാളികളെ ധനുഷ്‌കോടിക്കും തലൈമന്നാറിനും ഇടയില്‍ വെച്ചാണ് ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തത്.
◾https://dailynewslive.in/ ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപം ഭൂഗര്‍ഭ അറകളില്‍ നിന്ന് 1.4 കോടി രൂപ വിലമതിക്കുന്ന നിരോധിത കഫ് സിറപ്പ് പിടികൂടി. റെയ്ഡില്‍ നിരോധിത കഫ് സിറപ്പായ ഫെന്‍സഡിലിന്റെ 62,200 കുപ്പികളാണ് കണ്ടെടുത്തതെന്ന് ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് തുങ്കി അതിര്‍ത്തി ഔട്ട്‌പോസ്റ്റിലെ ബിഎസ്എഫ് ഉദ്യോഗസ്ഥരും ലോക്കല്‍ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മരുന്ന് കുപ്പികള്‍ പിടിച്ചെടുത്തത്.
◾https://dailynewslive.in/ ഇന്ത്യയില്‍ ഹിന്ദുക്കളുടെ ജനനനിരക്ക് കുറയുകയാണെന്ന് വിശ്വ ഹിന്ദു പരിഷത്ത്. ജനനനിരക്ക് കുറയുന്നത് പരിഹരിക്കാനായി ഹിന്ദു ദമ്പതികള്‍ക്ക് കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും വേണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു. യു.പിയിലെ പ്രയാഗ് രാജില്‍ നടന്ന സന്യാസി സമ്മേളനത്തില്‍ സംസാരിക്കവെ ജനറല്‍ സെക്രട്ടറി ബജ്രംഗ് ലാല്‍ ബംഗ്രയാണ് ഇക്കാര്യം പറഞ്ഞത്.
◾https://dailynewslive.in/ ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ പൊലീസിനെ അമ്പരപ്പിച്ച് വിരലടയാള റിപ്പോര്‍ട്ട്. നടന്റെ വസതിയില്‍ നിന്ന് ശേഖരിച്ച 19 സെറ്റ് വിരലടയാളങ്ങളില്‍ ഒന്ന് പോലും സംഭവത്തില്‍ അറസ്റ്റിലായ ഷരീഫുള്‍ ഇസ്ലാമിന്റേതുമായി ഇല്ലെന്നതാണ് പൊലീസിന്റെ റിപ്പോര്‍ട്ട്.
◾https://dailynewslive.in/ മോഷ്ടാവിന്റെ ആക്രമണത്തില്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന് അതിവേഗത്തില്‍ ഇന്‍ഷുറന്‍സ് അനുവദിച്ചതില്‍ ആശങ്ക ഉന്നയിച്ച് അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ കണ്‍സള്‍ട്ടന്റ്സ്. അപേക്ഷ സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കം ക്ലെയിം അനുവദിച്ചതില്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി അന്വേഷണം നടത്തണമെന്നും എ.എം.സി. ആവശ്യപ്പെട്ടു.
◾https://dailynewslive.in/ വിമാന യാത്രയ്ക്കിടെ യാത്രക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി. കൊച്ചി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. ഡേവിസ് എന്ന മലയാളിയും അമേരിക്കന്‍ പൗരനും തമ്മിലാണ് ഏറ്റുമുട്ടിയത്. ഇതിന് പിന്നാലെ കൈവശം ബോംബ് ഉണ്ടെന്നും വിമാനം തകര്‍ക്കുമെന്നും ഇരുവരും ഭീഷണി മുഴക്കി. ഇതോടെ പൈലറ്റ്, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയും ജാഗ്രതാ നിര്‍ദേശം നല്‍കിയതിന് ശേഷം ചെന്നൈയില്‍ വിമാനം ഇറക്കുകയുമായിരുന്നു. അധികൃതര്‍ ഇരുവരെയും ചെന്നൈ പൊലീസിന് കൈമാറി.
◾https://dailynewslive.in/ റെയില്‍വെ ട്രാക്കില്‍ വീണുപോയ ബ്ലൂടൂത്ത് ഇയര്‍ ഫോണ്‍ തിരയുന്നിതിനിടെ വിദ്യാര്‍ത്ഥി ട്രെയിനിടിച്ച് മരിച്ചു. ചെന്നൈ കോടമ്പാക്കം റെയില്‍വെ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. നന്ദനത്തെ ഗവ. ആര്‍ട്സ് കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ രാജഗോപാല്‍ (19) ആണ് മരിച്ചത്.
◾https://dailynewslive.in/ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മുംബൈയിലെ വസതിയായ ‘മന്നത്തിന്റെ’ പാട്ടവ്യവസ്ഥ ഉടമസ്ഥാവകാശമാക്കി മാറ്റാന്‍ അധികമായി നല്‍കിയ ഒമ്പത് കോടി രൂപ മഹാരാഷ്ട്ര സര്‍ക്കാര്‍ തിരികെ നല്‍കും. കണക്കിലെ പിഴവിനെത്തുടര്‍ന്ന് ഷാരൂഖിനും കുടുംബത്തിനും മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്ന് 9 കോടി രൂപ റീഫണ്ട് ചെയ്യാന്‍ ഒരുങ്ങുന്നു എന്നാണ് ദേശീയ മാധ്യമങ്ങളിലെ വാര്‍ത്ത.
◾https://dailynewslive.in/ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പരസ്യം നല്‍കിയെന്ന ആരോപണത്തില്‍ സിവില്‍ സര്‍വീസസ് കോച്ചിങ് സ്ഥാപനത്തിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പിഴ ചുമത്തി. വിഷന്‍ ഐഎഎസ് എന്ന സ്ഥാപനത്തിനാണ് മൂന്ന് ലക്ഷം രൂപയുടെ പിഴ ലഭിച്ചത്. പരസ്യങ്ങളില്‍ നിന്ന് ചില കോഴ്സുകളെ സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവെച്ചു എന്നായിരുന്നു പരാതി.
◾https://dailynewslive.in/ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് കാന്‍സര്‍ കണ്ടെത്താനും ഓരോ രോഗിക്കും അനുസരിച്ച് 48 മണിക്കൂറിനുള്ളില്‍ കസ്റ്റമൈസ്ഡ് കാന്‍സര്‍ വാക്സിനുകള്‍ സൃഷ്ടിക്കാനും കഴിവുണ്ടെന്ന് ടെക് സ്ഥാപനമായ ഒറാക്കിളിന്റെ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ ലാറി എലിസണ്‍ വ്യക്തമാക്കി. അടുത്തിടെ വൈറ്റ് ഹൗസില്‍ നടന്ന സ്റ്റാര്‍ഗേറ്റ് പ്രൊജക്ടിന്റെ ലോഞ്ച് വേളയിലാണ് ലാറി എലിസണ്‍ കാന്‍സര്‍ ചികിത്സ രംഗത്ത് എഐയുടെ പുത്തന്‍ സാധ്യത അനാവരണം ചെയ്തത്.
◾https://dailynewslive.in/ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ നടന്ന മൂന്ന് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 30 ഭീകരരെ വധിച്ചെന്ന് പാകിസ്താന്‍ സൈന്യം. ലക്കി മര്‍വാട്ട് ജില്ലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ സുരക്ഷാ സേനയുടെ രഹസ്യാന്വേഷണ വിഭാഗം വെള്ളി, ശനി ദിവസങ്ങളില്‍ തെരച്ചില്‍ നടത്തിയിരുന്നുവെന്ന് പാക് സൈന്യത്തിന്റെ മീഡിയ വിഭാഗമായ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് അറിയിച്ചു.
◾https://dailynewslive.in/ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ ദാര്‍ഫര്‍ മേഖലയിലെ എല്‍ ഫാഷറില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിക്കു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 67 ആയി. സംഭവത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. വെള്ളിയാഴ്ച സൗദി ആശുപത്രിക്കു നേരെയും ബോംബാക്രമണം ഉണ്ടായിരുന്നു.
◾https://dailynewslive.in/ തായ്വാന് സമീപം സൈനിക നീക്കങ്ങള്‍ ശക്തമാക്കി ചൈന. ശനിയാഴ്ച രാവിലെ 6 മണിയ്ക്കും ഞായറാഴ്ച രാവിലെ 6 മണിയ്ക്കും ഇടയില്‍ തായ്വാന് ചുറ്റും ആറ് ചൈനീസ് സൈനിക വിമാനങ്ങളും ഏഴ് നാവിക കപ്പലുകളും കണ്ടെത്തിയതായി തായ്വാന്‍ ദേശീയ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചൈനീസ് നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിച്ചെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
◾https://dailynewslive.in/ ബംഗ്ലാദേശ് സര്‍ക്കാരിനുള്ള എല്ലാ സാമ്പത്തിക സഹായങ്ങളും നിര്‍ത്തലാക്കാന്‍ തീരുമാനിച്ച് യു.എസ്. കരാറുകളും ഗ്രാന്റുകളും ഉള്‍പ്പെടെ എല്ലാ സഹായപദ്ധതികളും അവസാനിപ്പിക്കാനാണ് ട്രംപ് സര്‍ക്കാരിന്റെ നീക്കം. യുക്രൈനടക്കം ചില രാജ്യങ്ങള്‍ക്കുള്ള സാമ്പത്തികസഹായം 90 ദിവസത്തേക്ക് മരവിപ്പിക്കുന്നതായി യു.എസ്. വിദേശകാര്യസെക്രട്ടറി മാര്‍ക്ക് റൂബിയോ നേരത്തെ അറിയിച്ചിരുന്നു. യു.എസിന്റെ പുതിയ വിദേശനയങ്ങളുമായി പൊരുത്തപ്പെടുന്നര്‍ക്ക് മാത്രം സാമ്പത്തികസഹായം തുടരാനുള്ള പദ്ധതികളുടെ ഭാഗമാണ് ഈ നടപടികള്‍. ഇതോടെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റിന്റെ പരിധിയില്‍ ബംഗ്ലാദേശില്‍ നിലവിലുള്ള എല്ലാ കരാറുകളും ഗ്രാന്റുകളും പദ്ധതികളും നിര്‍ത്തലാക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും 90 ദിവസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്.
◾https://dailynewslive.in/ വെടി നിര്‍ത്തലിന് ശേഷവും ഇസ്രായേലിന് വീണ്ടും ബോംബുകള്‍ നല്‍കാന്‍ ട്രംപിന്റെ തീരുമാനം. ബോംബുകള്‍ നല്‍കാന്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കാന്‍ ട്രംപ് യുഎസ് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം. ഗാസയിലെ കൂട്ടക്കൊലയില്‍ ആശങ്കപ്പെട്ടാണ് ബൈഡന്‍ നേരത്തെ ബോംബ് വിതരണം തടഞ്ഞത്.
◾https://dailynewslive.in/ ഗാസ മുനമ്പില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ ജോര്‍ദന്‍, ഈജിപ്റ്റ് ഉള്‍പ്പടെയുള്ള അറബ് രാജ്യങ്ങള്‍ ഇനിയും ഏറ്റെടുക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗാസ`ക്ലീന്‍’ ആകണമെങ്കില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കയിലെ അതിര്‍ത്തിരക്ഷാ ചുമതലയുള്ള ടോം ഹോമന്‍. വത്തിക്കാന് ചുറ്റും മതില്‍ കെട്ടി ഉയര്‍ത്തിയ പോപ്പിന്, അമേരിക്കയിലെ നാടുകടത്തലിനെ കുറ്റപ്പെടുത്താനാകില്ലെന്നും കത്തോലിക്ക സഭയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാനാണ് പോപ്പ് ആദ്യം ശ്രമിക്കേണ്ടതെന്നും ടോം ഹോമന്‍ പറഞ്ഞു. കുടിയേറ്റക്കാരെ നാടുകടത്താനുള്ള ട്രംപിന്റെ തീരുമാനത്തെ വിമര്‍ശിച്ച് മാര്‍പ്പാപ്പ നേരത്തെ രംഗത്തെത്തിയിരുന്നു.
◾https://dailynewslive.in/ യുക്രൈന്‍ – റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിനുമായി ഉടന്‍ സംസാരിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചര്‍ച്ചകള്‍ക്ക് റഷ്യ തയ്യാറാണെന്ന് പുട്ടിന്‍ അറിയിച്ചതിന് പിന്നാലെയാണ് വ്യക്തത വരുത്തി ട്രംപ് രംഗത്തെത്തിയത്. ‘യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലെന്‍സ്‌കിയുമായി ട്രംപ് സംസാരിച്ചു.
◾https://dailynewslive.in/ അമേരിക്കന്‍ ഭരണ നിര്‍വഹണത്തിലും പൊളിച്ചെഴുത്ത് നടത്തി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിന്റെ ആദ്യ പടിയായി അമേരിക്കയിലെ 12 ഫെഡറല്‍ നിരീക്ഷക സമിതികള്‍ ട്രംപ് പിരിച്ചുവിട്ടു. 12 ഫെഡറല്‍ ഇന്‍സ്പെക്ടര്‍ ജനറല്‍മാരുടെ സമിതികളാണ് ഒറ്റയടിക്ക് പ്രസിഡന്റ് ട്രംപ് പിരിച്ചുവിട്ടത്. നാലു വര്‍ഷം കൊണ്ട് ബൈഡന്‍ സര്‍ക്കാരിന് ചെയ്യാന്‍ കഴിയാത്തത് താന്‍ ഒരാഴ്ച കൊണ്ട് ചെയ്‌തെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് തീരുമാനം അറിയിച്ചത്. താന്‍ കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങിയിട്ടേ ഉള്ളൂ എന്ന പ്രഖ്യാപനവും ട്രംപ് നടത്തി.
◾https://dailynewslive.in/ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സില്‍ തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം ചൂടി ഇറ്റാലിയുടെ ലോക ഒന്നാം നമ്പര്‍ താരം യാനിക് സിന്നര്‍. ഇന്നലെ നടന്ന ഫൈനലില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിനെ തകര്‍ത്താണ് സിന്നര്‍ കിരീടം ചൂടിയത്. തുടര്‍ച്ചയായി മൂന്ന് സെറ്റുകളും നേടിയ സിന്നറിന്റെ സമ്പൂര്‍ണ ആധിപത്യമാണ് ഫൈനലില്‍ കണ്ടത്.
◾https://dailynewslive.in/ ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ നാലെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1.25 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. സെന്‍സെക്‌സ് 428 പോയിന്റ് ആണ് താഴ്ന്നത്. റിലയന്‍സ് ആണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. റിലയന്‍സിന്റെ നഷ്ടം 74,969 കോടിയാണ്. 16,85,998 കോടിയായാണ് റിലയന്‍സിന്റെ വിപണിമൂല്യം താഴ്ന്നത്. എല്‍ഐസി, എസ്ബിഐ, ഐസിഐസിഐ ബാങ്ക് എന്നിവയാണ് നഷ്ടം നേരിട്ട മറ്റു കമ്പനികള്‍. എല്‍ഐസി 21,251 കോടി, എസ്ബിഐ 17,626 കോടി, ഐസിഐസിഐ ബാങ്ക് 11,549 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. അതേസമയം ഇന്‍ഫോസിസിന്റെ വിപണി മൂല്യം ഉയര്‍ന്നു. കഴിഞ്ഞയാഴ്ച 24,934 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 7,78,612 കോടിയായാണ് ഇന്‍ഫോസിന്റെ വിപണി മൂല്യം ഉയര്‍ന്നത്. ഭാരതി എയര്‍ടെല്‍ 9,398 കോടി, ടിസിഎസ് 9,262 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 3,442 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ നേട്ടം.
◾https://dailynewslive.in/ ഉണ്ണി മുകുന്ദന്‍ നായകനായി വന്ന ചിത്രമാണ് ‘മാര്‍ക്കോ’. ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ 116 കോടിയിലധികം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നിന്ന് മാത്രം 70 കോടി ക്ലബിലെത്തി. സോണി ലിവിലൂടെ ആയിരിക്കും മാര്‍ക്കോ ഒടിടിയില്‍ എത്തുക. എന്നാല്‍ എപ്പോഴായിരിക്കും ഒടിടി റിലീസെന്നതിനെ കുറിച്ച് വ്യക്തതയില്ല. സംവിധായകന്‍ ഹനീഫ് അദേനിയായ മാര്‍കോ സിനിമയില്‍ തെലുങ്ക് നടി യുക്തി തരേജയാണ്. തിരക്കഥയും ഹനീഫ് അദേനി നിര്‍വഹിക്കുന്ന ചിത്രം മാര്‍കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദന്‍ ഫിലിംസും ക്യൂബ്സ് എന്റര്‍ടൈന്‍മെന്റ്സുമാണ്. നായകന്‍ ഉണ്ണി മുകുന്ദനൊപ്പം മറ്റ് വേഷങ്ങളില്‍ എത്തുന്നത് ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ്, അഭിമന്യു തിലകന്‍. യുക്തി തരേജ എന്നീ താരങ്ങളും ആണ്. ഹനീഫ് അദേനിയുടെ മിഖായേല്‍ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച മാര്‍ക്കോ ജൂനിയറെ നായകനാക്കിയാണ് മാര്‍കോ എത്തിയിരിക്കുന്നത്.
◾https://dailynewslive.in/ തെലുങ്ക് മാസ് മസാല സിനിമകളുടെ പാറ്റേണില്‍ എത്തുന്ന സണ്ണി ഡിയോളിന്റെ ‘ജാട്ടി’ന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. നന്ദമൂരി ബാലകൃഷ്ണയുടെ വീര സിംഹ റെഡ്ഡി അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ ഗോപിചന്ദ് മലിനേനിയാണ് ജാട്ട് ഒരുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്ഷന്‍ ചിത്രം 2025 ഏപ്രില്‍ 10-ന് തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. സണ്ണി ഡിയോളിനൊപ്പം രണ്‍ദീപ് ഹൂഡ, വിനീത് കുമാര്‍ സിംഗ്, റെഗിന കസാന്‍ഡ്ര, സൈയാമി ഖേര്‍, സ്വരൂപ് ഘോഷ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും ഗോപിചന്ദിന്റേത് തന്നെയാണ്. റാം ലക്ഷ്മണ്‍, വി വെങ്കട്ട്, പീറ്റര്‍ ഹെയ്ന്‍, അനല്‍ അരസ് എന്നിങ്ങനെ നീളുന്നു ചിത്രത്തിലെ ഫൈറ്റ് മാസ്റ്റര്‍മാരുടെ പേരുകള്‍.
◾https://dailynewslive.in/ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഹീറോ സ്‌പ്ലെന്‍ഡര്‍ ആധിപത്യം തുടരുന്നു. 2024 ഡിസംബറില്‍ ഒരിക്കല്‍ കൂടി, ഹീറോ സ്‌പ്ലെന്‍ഡര്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോട്ടോര്‍സൈക്കിളായി മാറി. 1,92,438 യൂണിറ്റ് സ്പ്ലെന്‍ഡര്‍ മോട്ടോര്‍സൈക്കിളുകളാണ് ഡിസംബറില്‍ വിറ്റത്. എന്നാല്‍ ഈ കാലയളവില്‍, വില്‍പ്പനയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 34.51 ശതമാനം ഇടിവുണ്ടായി. മൊത്തം മോട്ടോര്‍സൈക്കിള്‍ വില്‍പ്പനയില്‍ സ്‌പ്ലെന്‍ഡറിന്റെ വിഹിതം 36.24 ശതമാനമായി ഉയര്‍ന്നു. രണ്ടാം സ്ഥാനത്താണ് ഹോണ്ട ഷൈന്‍. മൂന്നാം സ്ഥാനത്താണ് ബജാജ് പള്‍സര്‍. ഹീറോ എച്ച്എഫ് ഡീലക്‌സ് ഈ വില്‍പ്പന പട്ടികയില്‍ നാലാം സ്ഥാനത്താണ്. അഞ്ചാം സ്ഥാനത്താണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350. ബജാജ് പ്ലാറ്റിന ആറാം സ്ഥാനത്താണ്. സിബി യൂണികോണ്‍ ഏഴാം സ്ഥാനത്തും ടിവിഎസ് അപ്പാച്ചെ എട്ടാം സ്ഥാനത്തുമാണ്. ഹീറോ എക്‌സ്ട്രീം 125 ആര്‍ ഒമ്പതാം സ്ഥാനത്തും ടിവിഎസ് റൈഡര്‍ പട്ടികയില്‍ പത്താം സ്ഥാനത്തുമാണ്.
◾https://dailynewslive.in/ സി.വി.യുടെ സുപ്രസിദ്ധങ്ങളായ ചരിത്രാഖ്യായികകളുടെ ഗരിമയും ഗാംഭീര്യവും ഇല്ലെന്ന് പൊതുവേ കരുതപ്പെടുന്ന പ്രഹസന നോവലായാണ് ‘പ്രേമാമൃത’ത്തെ ചരിത്രകാരന്മാര്‍ അടയാളപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഭരണകൂടത്തോടുള്ള ശക്തമായ എതിര്‍പ്പും കൊളോണിയല്‍ വിരുദ്ധ മനോഭാവവുംകൊണ്ട് കാലഘട്ടത്തിന്റെ വിപ്ലവബോധമുണര്‍ത്താനുതകുന്ന ഒന്നായി ഇത് വായിക്കപ്പെടേണ്ടതുണ്ടെന്നു തോന്നുന്നു. ‘പ്രേമാമൃതം’. സി വി രാമന്‍ പിള്ള. ഡിസി ബുക്സ്. വില 427 രൂപ.
◾https://dailynewslive.in/ ശരീരഭാരം കുറയ്ക്കാന്‍ കട്ടന്‍ കാപ്പി മികച്ചൊരു പാനീയമാണെന്ന് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഫുഡ് ആന്‍ഡ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. വിശപ്പ് നിയന്ത്രിക്കുന്നതില്‍ കഫീന്‍ പ്രധാന പങ്കാണ് വഹിക്കുന്നത്. കട്ടന്‍ കാപ്പി കുടിക്കുന്നത് അമിത വിശപ്പ് തടയുക മാത്രമല്ല ശരീരത്തിലെ അധിക കലോറി കുറയ്ക്കുന്നതിനും ഗുണം ചെയ്യും. ഇത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയാന്‍ ഇടയാക്കും. കഫീന്റെ ഉത്തേജക ഗുണങ്ങള്‍ ഊര്‍ജ്ജ നില കൂട്ടുന്നതിന് സഹായിക്കുന്നതായി ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് സ്‌പോര്‍ട്‌സ് ന്യൂട്രീഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. മാനസിക ശ്രദ്ധ വര്‍ധിപ്പിക്കുകയും ക്ഷീണം കുറയ്ക്കുകയും ചെയ്യുന്നതിലൂടെ കഫീന് ഒരു ഉന്മേഷദായകമായ ഉത്തേജനം നല്‍കാന്‍ കഴിയും. വ്യായാമത്തിന് 20 മിനുട്ട് മുമ്പ് കട്ടന്‍ കാപ്പി കുടിക്കുന്നത് ശരീരത്തിലെ അധികം കലോറി എളുപ്പത്തില്‍ നീക്കം ചെയ്യുന്നു. ഭക്ഷണത്തിന് അരമണിക്കൂര്‍ മുമ്പ് കട്ടന്‍ കാപ്പി കുടിക്കുന്നത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കും. രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് കാപ്പി കുടിക്കുന്ന ശീലം ഒഴിവാക്കുക. കാരണം ഇത് ഉറക്കക്കുറവിന് ഇടയാക്കും. ബ്ലാക്ക് കോഫി ചിലരില്‍ നെഞ്ചെരിച്ചില്‍, ആസിഡ് റിഫ്ലക്സ്, ദഹനസംബന്ധമായ അസ്വസ്ഥത എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും, പ്രത്യേകിച്ച് വെറും വയറ്റില്‍ കഴിക്കുമ്പോള്‍.
*ശുഭദിനം*
*കവിത കണ്ണന്‍*
കുന്നിന്‍ മുകളില്‍ ഒരു സന്യാസി താമസിച്ചിരുന്നു. ചിലപ്പോഴൊക്കെ അദ്ദേഹം താഴ്വാരത്തിലുളള ഗ്രാമം സന്ദര്‍ശിക്കുമായിരുന്നു. ഒരിക്കല്‍ സന്യാസിയെ ഒന്ന് പറ്റിക്കാന്‍ ഗ്രാമത്തിലെ ചില കുസൃതികുട്ടികള്‍ തീരുമാനിച്ചു. അടുത്ത തവണ സന്യാസി വരുമ്പോള്‍ ഒരു കുഞ്ഞുകിളിയെ കയ്യില്‍ ഒളിപ്പിച്ചുവെക്കും. എന്നിട്ട് കിളിക്ക് ജീവനുണ്ടോ ഇല്ലയോ എന്ന് ചോദിക്കും. ജീവനില്ല എന്നാണ് സന്യാസി പറയുന്നതെങ്കില്‍ അവര്‍ കിളിയെ പറത്തിവിടും മറിച്ച് ജീവനുണ്ട് എന്നാണ് പറയുന്നതെങ്കില്‍ കിളിയെ കൈക്കുളളില്‍ വെച്ച് തന്നെ ഞെക്കി കൊല്ലും. അങ്ങനെ സന്യാസിയെ തോല്‍പിക്കും. അതായിരുന്നു അവരുടെ പദ്ധതി. അടുത്ത തവണ സന്യാസി വന്നപ്പോള്‍ കുട്ടികള്‍ ചുറ്റും കൂടി. രണ്ടുപേര്‍ കൈകള്‍ ചുരുട്ടി പിടിച്ചിരുന്നു. അവര്‍ സന്യാസിയോട് ചോദിച്ചു: ഗുരുജി ഞങ്ങളില്‍ ഒരാളുടെ കയ്യില്‍ ഒരു കുഞ്ഞ് കിളിയുണ്ട്. അതിന് ജീവനുണ്ടോ ഇല്ലയോ? സന്യാസി ചിരിച്ചുകൊണ്ട് പറഞ്ഞു: നിങ്ങളുടെ കയ്യിലുളള കിളിയുടെ ജീവിതവും മരണവും നിങ്ങളുടെ കൈകളിലാണ്. അത് ജീവിക്കണോ മരിക്കണോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. അവര്‍ കിളിയെ പറത്തിവിട്ടു. സന്യാസിയോട് മാപ്പ് പറഞ്ഞു. നമ്മുടെ തിരഞ്ഞെടുപ്പുകളും തീരുമാനങ്ങളും ഇതുപോലെ തന്നെയാണ്. അവ നമ്മുടെ കൈകളില്‍ തന്നെയാണ്. നമ്മുടെ ജീവിതത്തിന്റെ ജയപരാജയങ്ങളെ തീരുമാനിക്കുന്നതും നയിക്കുന്നതും നമ്മള്‍ തന്നെയാണ് – ശുഭദിനം.