yt cover 28

https://dailynewslive.in/ ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സീസ് മാര്‍പ്പാപ്പ കാലം ചെയ്തു. വത്തിക്കാനിലെ വസതിയില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു. കത്തോലിക്കാ സഭയുടെ 266-ാമത്തെ മാര്‍പ്പാപ്പ ആയിരുന്നു. അര്‍ജന്റീനയിലെ ബ്യുണസ് ഐറിസില്‍ 1936 ഡിസംബര്‍ ഏഴിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഹോര്‍ഗെ മരിയോ ബെര്‍ഗോളിയോ എന്നായിരുന്നു യഥാര്‍ത്ഥ പേര്. 1958 ലാണ് ഈശോ സഭയില്‍ ചേര്‍ന്നത്. 1969 ഡിസംബര്‍ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കര്‍ദിനാള്‍ ആയി. 2013 മാര്‍ച്ച് 13 നാണ് മാര്‍പ്പാപ്പ പദവിയിലെത്തിയത്.

https://dailynewslive.in/ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് കാസര്‍കോട് തുടക്കം. ഒരു മാസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ കാലിക്കടവ് മിനി സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് നിന്ന് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കാമെന്ന് തീരുമാനിച്ചതിന് ഒട്ടെറെ കാരണങ്ങളുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ആദ്യ സര്‍ക്കാരിന് നേതൃത്വം നല്‍കിയ സഖാവ് ഇഎംഎസ് തെരഞ്ഞെടുക്കപ്പെട്ടത് നീലേശ്വരം മണ്ഡലത്തില്‍ നിന്നാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അത്തരമൊരു സര്‍ക്കാരിന് നേതൃത്വം കൊടുത്ത ഇഎംഎസ് മത്സരിച്ച മണ്ണില്‍ തന്നെ ഈ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ കഴിയുന്നത് ഏറ്റവും അഭിമാനകരമായ കാര്യമാണെന്ന് പിണറായി പറഞ്ഞു.

*ഫിലിപ്പീന്‍സ് യാത്ര ഫോര്‍ച്ചൂണിനൊപ്പം*

ഏഴായിരം ദ്വീപുകള്‍ കൊണ്ട് സമ്പന്നമായ, സഞ്ചാരികള്‍ ഏറെ ഇഷ്ടപ്പെടുന്ന നിരവധി കാഴ്ചകള്‍ സമ്മാനിക്കുന്ന ഫിലിപ്പീന്‍സിലേക്ക് 6 ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *8138902301* എന്ന നമ്പറില്‍ ബന്ധപ്പെടുക.

https://dailynewslive.in/ മുതലപ്പൊഴിയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ പ്രതിപക്ഷ ഗൂഢാലോചനയെന്ന് മന്ത്രി വി ശിവന്‍കുട്ടി. മത്സ്യ തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ആസൂത്രിത നീക്കങ്ങളാണ് നടക്കുന്നതെന്നും വിഷയത്തില്‍ എം.എല്‍.എയുടെ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിക്കുന്നത് ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. മുതലപ്പൊഴിയില്‍ മണല്‍ നീക്കാന്‍ മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനമായതെന്നും മണല്‍ അടിഞ്ഞ് മത്സ്യബന്ധനത്തിന് തടസ്സം നേരിടുന്ന സാഹചര്യം ഇല്ലാതാക്കാനാണ് ഈ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

https://dailynewslive.in/ തിരുവനന്തപുരം മുതലപ്പൊഴിയില്‍ അനിശ്ചിതകാല സമരം തുടരും. നിലവിലെ സാഹചര്യത്തില്‍ പൊഴി മുറിക്കാന്‍ അനുവദിക്കില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. മുതലപ്പൊഴിയില്‍ ഇന്ന് ചേര്‍ന്ന സംയുക്ത സമരസമിതി യോഗത്തിലാണ് തീരുമാനം. കൂടുതല്‍ മണല്‍ നീക്കിയ ശേഷം മാത്രമേ പൊഴി മുറിക്കാന്‍ അനുവദിക്കൂവെന്നും കൂടുതല്‍ എസ്‌കവേറ്ററുകള്‍ എത്തിക്കണമെന്നും മത്സ്യതൊഴിലാളികള്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിനെ വെല്ലുവിളിച്ചല്ല സമരം നടത്തുന്നതെന്നും മത്സ്യത്തൊഴിലാളികള്‍ വ്യക്തമാക്കി.

https://dailynewslive.in/ സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിനെ തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടേറിയേറ്റില്‍ അഞ്ച് പുതുമുഖങ്ങളാണ് ഇടം നേടിയത്. എം എല്‍ എമാരായ സി കെ ഹരീന്ദ്രന്‍, ഐ ബി സതീഷ് എന്നിവര്‍ സെക്രട്ടേറിയറ്റിലെത്തി. ബി സത്യന്‍, സി ലെനിന്‍, പി എസ് ഹരികുമാര്‍ എന്നിവരും സെക്രട്ടേറിയറ്റ് അംഗങ്ങളായി. മുതിര്‍ന്ന നേതാവ് സി ജയന്‍ബാബു സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവായി. 12 അംഗ സെക്രട്ടേറിയറ്റിനെയാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം തെരഞ്ഞെടുത്തത്.

*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*

സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് തൃണമൂല്‍ കോണ്‍ഗ്രസിന്റെയും പി വി അന്‍വറിന്റെയും യുഡിഎഫ് മുന്നണി പ്രവേശനത്തിന് സമ്മര്‍ദം ശക്തമാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. പി വി അന്‍വറിന് ഒറ്റയ്ക്ക് യുഡിഎഫുമായി സഹകരിക്കാന്‍ ആവില്ലെന്ന് തൃണമൂല്‍ നേതൃത്വം അറിയിച്ചു. തൃണമൂലിനെ മുന്നണിയില്‍ എടുക്കണമെന്നാണ് നേതൃത്വം ആവശ്യപ്പെടുന്നത്. മുന്നണിയില്‍ എടുക്കുമെന്നാണ് പ്രതീക്ഷയെന്നും അതിന് തടസ്സമുള്ള രാഷ്ട്രീയ സാഹചര്യം ഒന്നും നിലവിലില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് മലപ്പുറം ജില്ലാ ചീഫ് കോര്‍ഡിനേറ്റര്‍ കെ ടി അബ്ദുറഹ്‌മാന്‍ പ്രതികരിച്ചു.

https://dailynewslive.in/ ബിജെപിയുടെ ക്രിസ്ത്യന്‍ സ്‌നേഹം കാപട്യമെന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ 2014 മുതല്‍ 2024 വരെയുള്ള കാലയളവില്‍ വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഈസ്റ്റര്‍ സന്ദര്‍ശനത്തിനെതിരെയുള്ള രാഹുലിന്റെ പ്രതികരണത്തില്‍ ബിജെപി നേതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ വിഷയത്തിലാണ് രാഹുലിന്റെ പ്രതികരണം.

https://dailynewslive.in/ സിനിമ സെറ്റുകളിലും താരങ്ങളുടെ കാരവാനുകളിലുമടക്കം ലഹരി ഉപയോഗം വ്യാപകമാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും പ്രത്യേക നിരീക്ഷണത്തിന് സംവിധാനമുണ്ടാക്കിയെന്നും വിതരണക്കാരെ പിടികൂടുന്നതിനായി നീക്കം തുടങ്ങിയെന്നും എഡിജിപി മനോജ് എബ്രഹാം.

https://dailynewslive.in/ ലഹരി കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ പൊലീസിന് നല്‍കി മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മെത്താംഫിറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ടെന്ന് ഷൈന്‍ ടോം ചാക്കോ പൊലീസിനോട് സമ്മതിച്ചുവെന്നും സിനിമാ സെറ്റുകളില്‍ ലഹരി എത്തിച്ച് നല്‍കാന്‍ പ്രത്യേക ഏജന്റുമാരുണ്ടെന്നും ഹോട്ടലിലെത്തിയത് വിദേശ മലയാളിയായ യുവതിയെ കാണാനാണെന്നും ഷൈന്‍ പൊലീസിന് മൊഴി നല്‍കിയതായാണ് വിവരം.

https://dailynewslive.in/ നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ സിനിമയ്ക്ക് പുറത്ത് നിയമ നടപടിയുമായി മുന്നോട്ടില്ലെന്ന് നടി വിന്‍സി അലോഷ്യസ്. സിനിമയ്ക്കുള്ളില്‍ പ്രശ്‌നം പരിഹരിക്കണമെന്നാണ് തന്റെ നിലപാട്. അന്വേഷണത്തോട് സഹകരിക്കുമെന്ന് മാത്രമാണ് മന്ത്രിയോട് പറഞ്ഞത്. ഫിലിം ചേംബറിനും സിനിമയുടെ ഇന്റേണല്‍ കംപ്ലയിന്റ് അതോറിറ്റിക്കും നല്‍കിയ പരാതി പിന്‍വലിക്കില്ലെന്നും അതുമായി മുന്നോട്ട് പോകുമെന്നും നടി വ്യക്തമാക്കി.

https://dailynewslive.in/ കാസര്‍കോട് കാഞ്ഞിരത്തുങ്കാല്‍ കുറത്തിക്കുണ്ടില്‍ ലഹരിക്ക് അടിമകളായ യുവാക്കള്‍ നടത്തിയ ആക്രമണത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഉള്‍പ്പടെ രണ്ട് പേര്‍ക്ക് കുത്തേറ്റു. സഹോദരങ്ങളായ ജിഷ്ണു, വിഷ്ണു എന്നിവരാണ് ആക്രമണം നടത്തിയത്. പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്. ബിംബൂങ്കാല്‍ സ്വദേശി സരീഷ്, ബേഡകം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സൂരജ് എന്നിവര്‍ക്കാണ് കുത്തേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാണ് സഹോദരങ്ങളായ ജിഷ്ണു, വിഷ്ണു എന്നിവര്‍ ആക്രമണം നടത്തിയത്. ഇവര്‍ ലഹരിക്കടിമകളാണെന്ന് നാട്ടുകാര്‍ പറയുന്നു.

https://dailynewslive.in/ സര്‍ക്കാരിന്റെയും പാര്‍ലമെന്റിന്റെയും അധികാരത്തില്‍ കൈകടത്തുന്നുവെന്ന ആരോപണം പരാമര്‍ശിച്ച് സുപ്രീംകോടതി. വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട് മുര്‍ഷിദാബാദിലടക്കം നടന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലെ ബംഗാള്‍ കേസിനിടെ ഇക്കാര്യം പരമാര്‍ശിച്ച കോടതി, രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ഹര്‍ജിയില്‍ എങ്ങനെ ഇടപെടാനാകുമെന്ന് ചോദിച്ചു. മുര്‍ഷിദാബാദ് കലാപത്തിന്റെ പശ്ചാത്തലത്തില്‍ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ഹര്‍ജി പരിഗണിക്കുമ്പോഴാണ് പുറത്ത് ശക്തമാകുന്ന രാഷ്ട്രീയ ആക്രമണത്തെ കുറിച്ച് സുപ്രീംകോടതി പരാമര്‍ശം നടത്തിയത്.

https://dailynewslive.in/ സുപ്രീംകോടതി ജഡ്ജിക്കെതിരായ പരാമര്‍ശത്തില്‍ നിഷികാന്ത് ദുബെയെ പ്രതിരോധിച്ച് ബിജെപി. ഇന്ദിര ഗാന്ധിയുടെ അഭിമുഖ വിഡിയോ പങ്കുവച്ചാണ് പ്രതിരോധം. ജസ്റ്റിസ് ഷായെ ഇന്ദിര വിമര്‍ശിക്കുന്ന വിഡിയോയാണ് അമിത് മാളവ്യ സമൂഹമാധ്യമത്തില്‍ പങ്ക് വച്ചത്. കോണ്‍സുകാര്‍ സ്വന്തം ഭൂതകാലം മറക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

https://dailynewslive.in/ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ദില്ലിയിലെത്തി. ഇന്ന് രാവിലെ പത്തു മണിക്ക് ദില്ലിയിലെത്തിയ ജെഡി വാന്‍സിനെ ദില്ലി വിമാനത്താവളത്തില്‍ വെച്ച് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ വംശജയായ ഭാര്യ ഉഷ വാന്‍സ് മക്കളായ ഇവാന്‍, വിവേക്, മിരാബല്‍ എന്നിവര്‍ക്കൊപ്പം എത്തിയ വാന്‍സിന് പ്രധാനമന്ത്രി അത്താഴ വിരുന്നും നല്‍കും. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിലെ വ്യാപാര കരാര്‍ പ്രധാന ചര്‍ച്ചയാകാനാണ് സാധ്യത.

https://dailynewslive.in/ ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കടക്കം സമയപരിധി നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ വിമര്‍ശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അഭിഭാഷകന്‍. ഉപരാഷ്ട്രപതിക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അറ്റോര്‍ണി ജനറലിന് അഭിഭാഷകന്‍ സുഭാഷ് തീക്കാടനാണ് കത്ത് നല്‍കിയത്. കോടതി ജനാധിപത്യത്തിന് നേരെ ആണവ മിസൈലയക്കുന്നു എന്ന പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് സുഭാഷ് തീക്കാടന്‍ നടപടി ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.

https://dailynewslive.in/ ജമ്മു കാശ്മീരിലെ റമ്പാന്‍ ജില്ലയില്‍ മണ്ണിടിച്ചലിനെ തുടര്‍ന്നുണ്ടായ ഗതാഗതതടസ്സം നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജമ്മു ശ്രീനഗര്‍ ദേശീയപാതയില്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിനായി സൈന്യത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഗതാഗതം പുനസ്ഥാപിക്കാന്‍ 48 മണിക്കൂര്‍ എടുക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. റമ്പാന്‍ ജില്ലയില്‍ മിന്നല്‍ പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലില്‍ 3 പേരാണ് മരിച്ചത്.

https://dailynewslive.in/ ജാര്‍ഖണ്ഡില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ബൊക്കാറോ ജില്ലയിലെ ലല്‍പനിയയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ സര്‍ക്കാര്‍ തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന വിവേക് എന്നയാളും ഉള്‍പ്പെടും. മാവോയിസ്റ്റുകള്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന്ക്കിറങ്ങിയ സുരക്ഷസേനയ്ക്ക് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

https://dailynewslive.in/ ഐഎസ്ആര്‍ഒയുടെ രണ്ടാം സ്‌പേഡെക്‌സ് (SPADEX) ഡോക്കിംഗ് പരീക്ഷണവും വിജയം. കാത്തിരിപ്പ് അവസാനിപ്പിച്ച് ബഹിരാകാശത്ത് വച്ച് സ്‌പെഡെക്‌സ് ഉപഗ്രഹങ്ങള്‍ വീണ്ടും ഒത്തുചേര്‍ന്നു. ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന ഇസ്രൊയുടെ പരീക്ഷണമാണ് സ്‌പേഡെക്‌സ് എന്നറിയപ്പെടുന്നത്. 2025 ജനുവരി 16നായിരുന്നു ഈ രണ്ട് ഉപഗ്രഹങ്ങളുടെ ആദ്യ ഡോക്കിംഗ് ഐഎസ്ആര്‍ഒ വിജയിപ്പിച്ചത്.

https://dailynewslive.in/ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ക്ഷണം സ്വീകരിച്ച് മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സൗദി അറേബ്യയിലെത്തും. ആദ്യ രണ്ട് തവണ പ്രധാനമന്ത്രിയായപ്പോഴും മോദി സൗദി സന്ദര്‍ശിച്ചിരുന്നു. മൂന്നാം തവണ പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ സൗദി സന്ദര്‍ശനമാണിത്. ഈ സന്ദര്‍ശനത്തില്‍ ഇന്ത്യ സൗദി സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന്റെ രണ്ടാം മീറ്റിങ്ങില്‍ ഇരു രാഷ്ട്ര നേതാക്കളും പങ്കെടുക്കും.

https://dailynewslive.in/ കേരളത്തില്‍ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് പവന്‍ വില 72,120 രൂപയാണ്. ഇന്നലത്തെ അപേക്ഷിച്ച് ഗ്രാമിന് 95 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ നല്‌കേണ്ടത് 9,015 രൂപയാണ്. പവന്‍ വിലയിലാകട്ടെ 24 മണിക്കൂറിലെ മാറ്റം 560 രൂപയാണ്. വെള്ളിവില 109 രൂപയില്‍ തന്നെ നില്‍ക്കുന്നു. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 7,410 രൂപയായും ഉയര്‍ന്നു. അന്താരാഷ്ട്ര സ്വര്‍ണവില 3,284 ഡോളറിലാണ്. ഏപ്രില്‍ 30ന് എത്തുന്ന അക്ഷയതൃതീയ വരുന്നുണ്ട്. ഈ സമയത്ത് സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കുന്നത് വില്പനയെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. വിവാഹ ആവശ്യത്തിനായി സ്വര്‍ണം വാങ്ങുന്നവരേക്കാള്‍ നിക്ഷേപത്തിനായി വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഓഹരി വിപണിയിലും റിയല്‍ എസ്റ്റേറ്റിലും നിക്ഷേപിച്ചിരുന്ന ഒരുവിഭാഗം സ്വര്‍ണത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഈ മാസമാണ് സ്വര്‍ണം ആദ്യമായി പവന് 70,000 രൂപ കടക്കുന്നത്. ഏപ്രില്‍ ഒന്നിന് വില 68,080 രൂപയിലായിരുന്നു. ഏപ്രില്‍ എട്ടിലേക്ക് എത്തിയപ്പോള്‍ പവന്‍ വില 65,800 ആയി താഴ്ന്നിരുന്നു. എന്നാല്‍ പിന്നീടൊരു കുതിപ്പായിരുന്നു. 12 ദിവസം കൊണ്ട് 6,320 രൂപയാണ് കയറിയത്.

https://dailynewslive.in/ റീല്‍സുകള്‍ കൂടുതല്‍ എളുപ്പത്തില്‍ സുഹൃത്തുക്കളുമായി പങ്കിടാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ പുറത്തിറക്കിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഇനി മുതല്‍ ഡയറക്ട് മെസേജിലൂടെ റീല്‍സുകള്‍ പങ്കുവെക്കേണ്ട ആവശ്യമില്ല. പകരം റീല്‍സിനായി പുതിയ ഫീഡ് ലഭിക്കുന്നു. നിങ്ങള്‍ക്കും സുഹൃത്തിനും മാത്രമായോ നിങ്ങള്‍ക്കോ ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കോ പ്രത്യേകം റീല്‍സ് ഫീഡ് പങ്കിടാനാവുന്ന ഫീച്ചര്‍ ആണിത്. രണ്ട് അക്കൗണ്ടുകളുടെയും പെര്‍മിഷന്‍ ഇതിന് ആവശ്യമാണ്. ഉപയോഗിക്കുന്ന രീതി ഇന്‍സ്റ്റഗ്രാമിലെ ഡയറക്ട് മെസേജ് ഓപ്പണ്‍ ചെയ്യുക. മുകളിലായി കാണുന്ന പുതിയ ബ്ലെന്‍ഡ് ഐക്കണില്‍ ടാപ്പ് ചെയ്യുക. ഇന്‍വൈറ്റ് ഓപ്ഷന്‍ തിരഞ്ഞെടുത്ത് സുഹൃത്തുക്കളെ ബ്ലെന്‍ഡിലേക്ക് ക്ഷണിക്കാം. ക്ഷണം ആക്‌സപ്റ്റ് ചെയ്താല്‍ ബ്ലെന്‍ഡ് ആക്ടിവേറ്റാവും. തുടര്‍ന്ന ചാറ്റിലുള്ള എല്ലാവരുടേയും താത്പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള വിവിധ റീലുകള്‍ ഫീഡില്‍ കാണാനാവും. ആരെങ്കിലും ഏതെങ്കിലും റീലിനോട് പ്രതികരിച്ചാല്‍ നിങ്ങള്‍ക്ക് അതിന്റെ നോട്ടിഫിക്കേഷന്‍ ലഭിക്കും. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം അതുമായി ബന്ധപ്പെട്ട ആശയവിനിമയം തുടരാം. എപ്പോള്‍ വേണമെങ്കിലും ബ്ലെന്‍ഡില്‍ നിന്ന് പുറത്തുകടക്കാനുമാവും.

https://dailynewslive.in/ ഒരു കലാലയത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അദ്ധ്യപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള സൗഹൃദമാണ്. അതില്‍ വിള്ളലുകള്‍ വീഴുമ്പോഴാണ് ആ ക്യാമ്പസില്‍ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ തലപൊക്കുന്നത്. ഇത്തരം ഒരു തീമിലാണ് ‘പടക്കളം’ എന്ന ചിത്രം ഒരുങ്ങുന്നത്. മെയ് എട്ടിന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു. നിരവധി കൗതുകങ്ങളും, സസ്പെന്‍സും, മിത്തും ഒക്കെ കോര്‍ത്തിണക്കി അല്‍പ്പം ഹ്യൂമറും ചേര്‍ത്താണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. നവാഗതനായ മനുസ്വരാജാണ് സംവിധായകന്‍. വിശാലമായ ക്യാന്‍വാസ്സില്‍ വലിയ മുതല്‍മുടക്കിലൂടെയും ഉയര്‍ന്ന സാങ്കേതികമികവിലൂടെയുമാണ് ഈ ചിത്രത്തിന്റെ അവതരണം. ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സന്ധീപ് പ്രദീപ്. വാഴ ഫെയിം സാഫ്, അരുണ്‍ അജികുമാര്‍, അരുണ്‍ പ്രദീപ്, നിരഞ്ജനാ അനൂപ് എന്നിവരാണ്. ഈ പുതുതലമുറ നടന്മാര്‍ക്കൊപ്പം നടന്‍ സുരാജ് വെഞ്ഞാറന്മൂടും, ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്നു. ഇഷാന്‍ ഷൗക്കത്ത്, പൂജാ മോഹന്‍രാജ് എന്നിവരുമുണ്ട്.

https://dailynewslive.in/ അജു വര്‍ഗ്ഗീസ് നായക വേഷത്തിലെത്തുന്ന ‘പടക്കുതിര’ എന്ന ചിത്രം ഏപ്രില്‍ 24ന് തിയറ്ററുകളില്‍ എത്തും. നന്ദകുമാര്‍ എന്ന പത്ര മുതലാളിയായാണ് ചിത്രത്തില്‍ അജു എത്തുന്നത്. തൊണ്ണൂറുകളില്‍ മാധ്യമരംഗത്തെ വിറപ്പിച്ച പത്രാധിപനായ പടക്കുതിര വിശ്വനാഥ മേനോന്റെ മകനായ നന്ദകുമാര്‍ തന്റെ ചെയ്തികളിലൂടെ അച്ഛന്‍ ഉണ്ടാക്കിയ പ്രശസ്തി കളഞ്ഞുകുളിക്കുന്നതും അയാളുടെ സ്ഥാപനത്തിലേക്ക് രവിശങ്കര്‍ എന്ന റിപ്പോര്‍ട്ടര്‍ എത്തുന്നതോടെയുള്ള ചില തുടര്‍ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. കോമഡി ആക്ഷന്‍ ഡ്രാമ ജോണറിലുള്ളതാണ് ചിത്രം. സാലോണ്‍ സൈമണ്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ദീപു എസ് നായര്‍, സന്ദീപ് സദാനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിക്കുന്നത്. സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രന്‍സ്, സിജാ റോസ്, ദിലീപ് മേനോന്‍, നന്ദു, അഖില്‍ കവലയൂര്‍, ജോമോന്‍ ജ്യോതിര്‍, ഷമീര്‍, കോട്ടയം രമേശ്, അരുണ്‍ പുനലൂര്‍, സ്മിനു സിജോ, ഷെറിന്‍ സിദ്ധിഖ്, വിനീത് തട്ടില്‍, പിപി കുഞ്ഞികൃഷ്ണന്‍, ദേവനന്ദ, കാര്‍ത്തിക് ശങ്കര്‍, തമിഴ് നടന്‍ വയ്യാപൂരി, ജെയിംസ് ഏലിയാ, ഷാജു ശ്രീധര്‍, ഹരി, അരുണ്‍ കുമാര്‍, വിഷ്ണു, അരുണ്‍ ചൂളക്കല്‍, അരുണ്‍ മലയില്‍, ക്ലെയര്‍ ജോണ്‍, ബിബിന്‍, വിനോദ് തുടങ്ങി വലിയൊരു താരനിര തന്നെയാണ് സിനിമയില്‍ ഒരുമിക്കുന്നത്.

https://dailynewslive.in/ ആഗോളതലത്തില്‍ ജനപ്രിയമായ ഫോക്‌സ്വാഗണ്‍ ഗോള്‍ഫ് ജിടിഐ 2025 മെയ് മാസത്തോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ കമ്പനി തയ്യാറാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സിബിയു (കംപ്ലീറ്റ്ലി ബില്‍റ്റ് യൂണിറ്റ്) റൂട്ടിലൂടെ ഇത് എത്തും. ഗ്രനേഡില ബ്ലാക്ക് മെറ്റാലിക്, ഒറിക്സ് വൈറ്റ് പ്രീമിയം, മൂണ്‍സ്റ്റോണ്‍ ഗ്രേ, കിംഗ്സ് റെഡ് പ്രീമിയം മെറ്റാലിക് എന്നിങ്ങനെ നാല് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ പുതിയ ഗോള്‍ഫ് ജിടിഐ ലഭ്യമാകും. ഗ്രനേഡില ബ്ലാക്ക് മെറ്റാലിക് ഒഴികെ, മൂന്ന് കളര്‍ ഓപ്ഷനുകളും ഡ്യുവല്‍-ടോണ്‍ ഷേഡില്‍ ലഭ്യമാണ്. 18 ഇഞ്ച് 5-സ്‌പോക്ക് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍ ഇന്ത്യയില്‍ ഫോക്‌സ്വാഗണ്‍ ഗോള്‍ഫ് ഏഠകയില്‍ വാഗ്ദാനം ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ചുവന്ന നിറങ്ങളിലുള്ള കോണ്‍ട്രാസ്റ്റിംഗ് ഉള്ള ഓള്‍-ബ്ലാക്ക് ഇന്റീരിയര്‍, സീറ്റുകള്‍ക്ക് ഡ്യുവല്‍-ടോണ്‍ കറുപ്പും വെള്ളിയും അപ്ഹോള്‍സ്റ്ററി എന്നിവ ഇതിലുണ്ടാകും. 261 ബിഎച്പി കരുത്തും 370എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍, 4-സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ ഡിസിടി വഴിയാണ് പവര്‍ മുന്‍ ചക്രങ്ങളിലേക്ക് എത്തുന്നത്. ഈ ഹോട്ട് ഹാച്ച് വെറും 5.9 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.

https://dailynewslive.in/ പുത്രനെ നഷ്ടപ്പെട്ട അമ്മയുടെ വ്യഥ നിര്‍ദ്ദയമായ യുദ്ധതന്ത്രങ്ങളുടെ യുക്തിയില്‍ റദ്ദുചെയ്യപ്പെടുന്നു. കാടിനെ, കാറ്റിനെ, പുഴയെ, പൂക്കളെ, കിളികളെ പ്രണയിച്ച് വളര്‍ന്നൊരു പെണ്ണ് രാഷ്ട്രീയപ്പോര്‍ക്കളത്തില്‍ നിശ്ചേതനനായി വീണുകിടന്ന മകന്റെ മൂര്‍ദ്ധാവില്‍ ചുംബിച്ചുകൊണ്ട് തന്റെ ജീവിതപ്പുസ്തകം നിവര്‍ത്തി വായിക്കുന്നതായി ‘ഹിഡുംബി’ അനുഭവപ്പെടുന്നു. കാനനപുത്രിയായ ഹിഡുംബിയുടെ ജീവിതത്തിലെ സംഘര്‍ഷങ്ങളിലേക്കും വിഹ്വലതകളിലേക്കും വെളിച്ചംവീശുന്ന നോവല്‍. ‘ഹിഡുംബി’. സുഭദ്ര സതീശന്‍. മാതൃഭൂമി. വില 239 രൂപ.

https://dailynewslive.in/ കേരളത്തില്‍ ഫാറ്റി ലിവര്‍ രോഗബാധിതരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതരമായ ലിവര്‍ സിറോസിസിലെക്കോ കാന്‍സറിനോ വരെ കാരണമാകാവുന്ന നിശബ്ദവില്ലനാണ് ഫാറ്റി ലിവര്‍ ഡിസീസ്. കരളില്‍ അധിക കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴുണ്ടാകുന്ന അവസ്ഥയാണിത്. മദ്യപാനം മൂലമുണ്ടാകുന്ന ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍, മദ്യപാനികള്‍ അല്ലാത്തവര്‍ക്ക് വരുന്ന നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ എന്നിങ്ങനെ രണ്ട് വിധത്തിലാണ് ഈ രോഗം കണ്ടുവരുന്നത്. വയറുവേദന, വയര്‍ നിറഞ്ഞെന്ന തോന്നല്‍, വിശപ്പില്ലായ്മ, വയര്‍ വീര്‍ക്കല്‍, മനംമറിച്ചില്‍, ഭാരനഷ്ടം, കാലുകളില്‍ നീര്, ചര്‍മത്തിനും കണ്ണിനും മഞ്ഞനിറം, ക്ഷീണം തുടങ്ങിയവയൊക്കെ ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളാണ്. എന്നാല്‍ ലക്ഷണങ്ങള്‍ പ്രകടമല്ലാതെയും രോഗാവസ്ഥ ഉണ്ടാകാം. അസ്ഥിരമായ നടത്തം, വീഴാനുള്ള പ്രവണത എന്നിവ ഫാറ്റി ലിവര്‍ രോഗത്തിന്റെ മറ്റ് ലക്ഷണങ്ങളാണ്. ഫാറ്റി ലിവര്‍ നാഡീവ്യൂഹത്തെ ബാധിക്കുന്നതുകൊണ്ടാണ് നടപ്പില്‍ മാറ്റം പ്രകടമാകുന്നത്. നാഡീവ്യൂഹത്തെ ബാധിക്കുന്നതുമൂലം പെരുമാറ്റത്തിലും മാനസികാവസ്ഥയിലും സംസാരത്തിലും ഉറക്കത്തിലുമൊക്കെ രോഗികളില്‍ മാറ്റമുണ്ടായേക്കാം. പോഷകസമ്പുഷ്ടമായ ഭക്ഷണം, വ്യായാമം എന്നിവ ഉറപ്പാക്കുന്നത് ഫാറ്റി ലിവര്‍ രോഗത്തെ അകറ്റി നിര്‍ത്താന്‍ സഹായിക്കും. മദ്യപാനം, വൈറല്‍ ഹെപ്പറ്റൈറ്റിസ്, ഓട്ടോ ഇമ്മ്യൂണ്‍ ഹെപ്പറ്റൈറ്റിസ്, ചില മരുന്നുകളും കരളിന്റെ ആരോഗ്യത്തെ ബാധിക്കാം. കരള്‍ രോഗങ്ങള്‍ പലപ്പോഴും മൂര്‍ച്ഛിച്ച ശേഷമാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമാവുക. രോഗനിര്‍ണയം വൈകുന്നത് സ്ഥിതി ഗുരുതരമാക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 85.38, പൗണ്ട് – 113.24, യൂറോ – 97.11, സ്വിസ് ഫ്രാങ്ക് – 104.33, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.55, ബഹറിന്‍ ദിനാര്‍ – 226.53, കുവൈത്ത് ദിനാര്‍ -278.44, ഒമാനി റിയാല്‍ – 221.76, സൗദി റിയാല്‍ – 22.75, യു.എ.ഇ ദിര്‍ഹം – 23.25, ഖത്തര്‍ റിയാല്‍ – 23.45, കനേഡിയന്‍ ഡോളര്‍ – 61.69.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *