Screenshot 2024 02 27 20 21 14 990 com.android.chrome edit

ഭയന്ന് പോയോ എന്ന് മോദിയോട് എക്സ് ഹാന്‍ഡിലിലൂടെ ചോദിച്ച് രാഹുല്‍ ഗാന്ധി. അംബാനിയും അദാനിയുമായി രാഹുല്‍ ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ മറുപടി. ടെംപോയില്‍ പൈസ കൊടുക്കുമെന്ന് പറയുന്നത് സ്വന്തം അനുഭവത്തില്‍ നിന്നാണോയെന്നു ചോദിച്ച രാഹുല്‍ അദാനിയും അംബാനിയും പണം തന്നെങ്കില്‍ ഇ ഡിയേയും സി ബി ഐയേയും അങ്ങോട്ട് വിട്ട് അന്വേഷണം നടത്താനും ആവശ്യപ്പെട്ടു. ഇ ഡിയെയും സി ബി ഐയെയും അങ്ങോട്ടേക്കയക്കാന്‍ എന്താണ് പ്രയാസമെന്നും രാഹുല്‍ ചോദിച്ചു.

ഈ വര്‍ഷം എസ്എസ്എല്‍സിക്ക് 99. 69 ശതമാനം വിജയം. കഴിഞ്ഞ വര്‍ഷം 99.7 ശതമാനമാനമായിരുന്നു വിജയം. 71831 വിദ്യാര്‍ത്ഥികളാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. ഏറ്റവും കൂടുതല്‍ വിജയ ശതമാനം കോട്ടയം ജില്ലയിലാണ്, 99.92%. ഏറ്റവും കുറവ് വിജയ ശതമാനം തിരുവനന്തപുരം ജില്ലയിലാണ് 99.08%. 2474 സ്‌കൂളുകളാണ് മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉപരി പഠനത്തിന് യോഗ്യരാക്കിയത്. 9 മുതല്‍ 15 വരെ പുനര്‍ മൂല്യ നിര്‍ണയത്തിന് അപേക്ഷിക്കാം. മെയ് 28 മുതല്‍ ജൂണ്‍ 6 വരെയായിരുക്കും സേ പരീക്ഷ. ജൂണ്‍ ആദ്യവാരം മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുമെന്നും 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടി മെയ് 16 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി കെ ശിവന്‍ കുട്ടി. മെയ് 16 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. മെയ് 29ന് ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന് പ്രസിദ്ധീകരിക്കും. പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി ജൂണ്‍ 24ന് സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അടുത്ത വര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാരീതി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എഴുത്ത് പരീക്ഷയില്‍ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ വിഷയത്തിലും ജയിക്കാന്‍ 12 മാര്‍ക്ക് മിനിമം വേണം. മാറ്റം ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ കോണ്‍ക്ലേവ് നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബിലീവേഴ്സ് ചര്‍ച്ച് ഇസ്റ്റേണ്‍ സഭാധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ (74) കാലം ചെയ്തു. യുഎസിലെ ടെക്സസിലുള്ള ഡാലസില്‍ പ്രഭാതസവാരിക്കിടെയുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു.

പ്രശസ്ത സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലയിലിരിക്കെ ആയിരുന്നു മരണം. യോദ്ധ, ഗാന്ധര്‍വ്വം, നിര്‍ണ്ണയം തുടങ്ങി ആറോളം ചിത്രങ്ങള്‍ മലയാളത്തില്‍ ഒരുക്കിയ സംഗീത് ശിവന്‍ ബോളിവുഡില്‍ എട്ടോളം ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

നരേന്ദ്രമോദിക്ക് ഇഡി എങ്ങനെയാണോ അതേ പോലെയാണ് പിണറായിക്ക് വിജിലന്‍സെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. അതേസമയം ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസിലെ വിജിലന്‍സ് അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. തന്നെ വേട്ടയാടാനാണ് പിണറായി ശ്രമിക്കുന്നതെന്നും ഇതുകൊണ്ട് തന്നെ തളര്‍ത്താന്‍ കഴിയില്ലെന്ന് മനസിലാക്കണമെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം പണം ഉപയോഗിച്ചാണ് കുടുംബസമേതം വിദേശത്തേക്ക് പോയതെന്നും എല്ലാ അനുമതിയും വാങ്ങിയിരുന്നെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അങ്ങനെ ഒരു ഇടവേള ആരാണ് ആഗ്രഹിക്കാത്തതെന്നു ചോദിച്ച എംവി ഗോവിന്ദന്‍ വിദേശകാര്യമന്ത്രിയുടെ വാദം വില കുറഞ്ഞതാണെന്നും ആരോപിച്ചു.

വിവിധ സംസ്ഥാനങ്ങളില്‍ മത്സരിക്കുന്ന സി പി എം സ്ഥാനാര്‍ത്ഥികള്‍ക്കവേണ്ടി പോലും പ്രചാരണത്തിനു പോകാതെ മുഖ്യമന്ത്രി മുങ്ങിയത് സ്വന്തം പാര്‍ട്ടിക്കാരോടു ചെയ്ത കൊടുംചതിയാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. മോദിക്കെതിരേ പ്രസംഗിക്കാന്‍ ഭയമുള്ളതുകൊണ്ടാണ് ഇനി നാലുഘട്ടം തെരഞ്ഞെടുപ്പുകൂടി ബാക്കിയുള്ളപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തേക്കു മുങ്ങിയതെന്നും സുധാകരന്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെ സി പി എം സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണം നടത്തുന്ന് കോണ്‍ഗ്രസാണെന്നും കോണ്‍ഗ്രസ് കാട്ടുന്ന സാമാന്യമര്യാദ പോലും പൊളിറ്റ് ബ്യൂറോ അംഗവും സി പി എമ്മിന്റെ രാജ്യത്തെ ഏക മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ സ്വന്തം പാര്‍ട്ടിക്കാരോട് കാട്ടിയില്ലെന്നും സുധാകരന്‍ പറഞ്ഞു.

എസ് എന്‍ സി ലാവലിന്‍ കേസ് ഇന്നലെ അന്തിമവാദം തുടങ്ങാന്‍ സുപ്രീം കോടതി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും ഇന്നലെയും പരിഗണിച്ചില്ല. മറ്റ് പല കേസുകളുടെയും വാദം നീണ്ടുപോയതിനാലാണ് ലാവലിന്‍ കേസ് ഇന്നലെ പരിഗണനയ്ക്ക് എത്താഞ്ഞത്. ഇതോടെ ഈ മാസം 3 തവണയും മൊത്തത്തില്‍ 41 -ാം തവണയുമാാണ് ലാവലിന്‍ കേസ് മാറ്റിവയ്ക്കുന്നത്.

നാലാം ലോക കേരള സഭ ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത്. കേരള നിയമസഭാമന്ദിരത്തിലെ ആര്‍.ശങ്കരനാരായണന്‍ തമ്പി ഹാളാണ് ഇത്തവണയും വേദി. നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുള്‍പ്പടെ 351 അംഗങ്ങളായിരിക്കും ലോക കേരള സഭയില്‍ ഉണ്ടാവുക.

മേതില്‍ ദേവികയുടെ ദി ക്രോസ്ഓവര്‍ എന്ന ഡാന്‍സ് ഡോക്യുമെന്ററി തന്റെ നൃത്തരൂപത്തിന്റെ മോഷണം ആണെന്ന് നവ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച നിഷ് അധ്യാപികയ്ക്കെതിരെ കേസെടുത്ത് കോടതി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് അധ്യാപിക സില്‍വി മാക്സി മേനയ്ക്കെതിരെ എറണാകുളം ജുഡീഷ്യല്‍ മജിസിട്രേറ്റ് കോടതിയാണ് കേസെടുത്തിരിക്കുന്നത്.

കിണറ്റിനുള്ളില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ ഇറങ്ങിയ ആള്‍ ശ്വാസം മുട്ടി മരിച്ചു. ആലപ്പുഴ താമരക്കുളം പാറയില്‍ തെന്നാട്ടും വിളയില്‍ ബാബു (55) ആണ് മരിച്ചത്. താമരക്കുളം ഇരപ്പന്‍പാറ അനീഷിന്റെ വീട്ടിലെ മോട്ടോര്‍ നന്നാക്കാന്‍ ഇറങ്ങിയ സുഭാഷിന് ശ്വാസം മുട്ടിയപ്പോള്‍ രക്ഷിക്കാനായി ചെത്തുതൊഴിലാളിയായ ബാബു കിണറ്റിനുള്ളില്‍ ഇറങ്ങുകയായിരുന്നു. സുഭാഷിനെ മുകളിലേക്ക് കയറ്റിയ ശേഷം കിണറ്റില്‍ നിന്നും തിരികെ കയറുന്നതിനിടെയാണ് ബാബുവിന് ശ്വാസം കിട്ടാതെ വന്നത്.

കൂട്ടത്തോടെ വിമാനങ്ങള്‍ റദ്ദാക്കിയതിന് എയര്‍ ഇന്ത്യ എക്‌സ്പ്രസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം. എയര്‍ലൈനിലെ കെടുകാര്യസ്ഥതയെച്ചൊല്ലി 200 ഓളം ജീവനക്കാര്‍ അപ്രതീക്ഷിതമായി അസുഖ അവധി എടുത്തത് കാരണം ഇന്നലെ രാത്രി മുതല്‍ ഇതുവരെ 90 ഓളം വിമാനങ്ങള്‍ ആണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയത്.

കോണ്‍ഗ്രസിന്റെ ചിന്ഹമായ കൈപ്പത്തി അടിയന്തരമായി മരവിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സുപ്രീം കോടതി അഭിഭാഷകനും ബിജെപി നേതാവുമായ അശ്വിനി കുമാര്‍ ഉപാധ്യായ. പോളിംഗ് ബൂത്തില്‍ ചിഹ്നം പ്രദര്‍ശിപ്പിക്കരുതെന്ന ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടികാട്ടിയാണ് കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

പരാമര്‍ശങ്ങള്‍ വിവാദമായതോടെ ഇന്ത്യന്‍ ഓവര്‍സിസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സാം പിത്രോദ രാജിവെച്ചു. സാം പിത്രോദയുടെ രാജി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ അംഗീകരിച്ചതായി കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് അറിയിച്ചു. വടക്കുകിഴക്കന്‍ മേഖലയിലുള്ളവര്‍ ചൈനക്കാരെ പോലെയും തെക്കേയിന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയും പടിഞ്ഞാറുള്ളവര്‍ അറബികളെ പോലെയും വടക്കുള്ളവര്‍ യൂറോപ്പുകാരെപോലെ ആണെന്നുമുള്ള പിത്രോദയുടെ പ്രസ്താവനയാണ് വിവാദമായത്. പ്രസ്താവനയെ കോണ്‍ഗ്രസ് നേതൃത്വം നേരത്തെ തന്നെ തള്ളിക്കളഞ്ഞിരുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *