S2 yt cover 2

https://dailynewslive.in/ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതില്‍ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. ഡല്‍ഹിയിലെ ഐടിഒ പരിസരത്ത് നിന്ന് ബിജെപി ഓഫീസിലേക്ക് മാര്‍ച്ചിനൊരുങ്ങിയ ആം ആദ്മി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. റോഡില്‍ കിടന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഡല്‍ഹി ഐടിഒ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മന്ത്രിമാരായ അതിഷി മര്‍ലേനയും സൗരഭ് ഭരദ്വാജിനെയും പൊലീസ് ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. ജനാധിപത്യത്തിന് മേലുള്ള ആക്രമണമാണ് കെജ്രിവാളിന്റെ അറസ്റ്റെന്നും ഏകാധിപത്യമാണ് നടക്കുന്നതെന്നും സമാധാനപരമായി പ്രതിഷേധിക്കാന്‍ അനുവദിക്കുന്നില്ലെന്നും മന്ത്രി അതിഷി വിമര്‍ശിച്ചു.

https://dailynewslive.in/ മദ്യനയക്കേസില്‍ ഇഡി അറസ്റ്റിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കുകയാണെന്ന് കെജ്രിവാളിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മനു അഭിഷേക് സിങ്വി കോടതിയിയെ അറിയിച്ചു. ജസ്റ്റിസുമാരായ എംഎം സുന്ദരേശ്, ബേല ത്രിവേദി എന്നിവരടങ്ങിയ ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ സ്പെഷല്‍ ബെഞ്ചാണ് എഎപിയുടെ ഹര്‍ജി പരിഗണിച്ചത്. വിചാരണ കോടതി റിമാന്‍ഡ് അടക്കമുള്ള നടപടികളിലേക്ക് പോകാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ സുപ്രീംകോടതിയിലെ ഹര്‍ജി തുടര്‍ന്നിട്ട് കാര്യമില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി പിന്‍വലിച്ചത്.

https://dailynewslive.in/ മദ്യനയക്കേസില്‍ ഇ.ഡി. അറസ്റ്റ് ചെയ്ത ബിആര്‍എസ് നേതാവ് കെ.കവിതയ്ക്ക് ജാമ്യം നല്‍കാതെ സുപ്രീംകോടതി. കവിതയ്ക്ക് ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ജാമ്യാപേക്ഷയില്‍ വിചാരണ കോടതി വേഗത്തില്‍ തീരുമാനം എടുക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. കവിതയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മദ്യനയക്കേസില്‍ ഗൂഢാലോചന നടത്തിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍.

*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

https://dailynewslive.in/ സുപ്രീം കോടതിയുടെ ചരിത്രം എഴുതുമ്പോള്‍ ഈ കാലം സുവര്‍ണലിപികളില്‍ ആയിരിക്കില്ലെന്ന് മദ്യനയ കേസിലെ പ്രതി കവിതയുടെ ഹര്‍ജി പരിഗണിച്ച ബെഞ്ചിന് വിമര്‍ശിച്ച് കപില്‍ സിബല്‍. കവിതയുടെ ജാമ്യത്തിനായി നല്‍കിയ റിട്ട് ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച സുപ്രീം കോടതി ബെഞ്ചിന്റെ നടപടിയെ വിമര്‍ശിച്ചാണ് കപില്‍ സിബല്‍ ഇത്തരമൊരു പരാമര്‍ശം ഉന്നയിച്ചത്.

https://dailynewslive.in/ സ്വന്തം ചെയ്തികളുടെ ഫലമാണ് കെജ്രിവാള്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് മുതിര്‍ന്ന സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ. താനും കെജ്രിവാളും മദ്യത്തിനെതിരെ ഒരുമിച്ച് ശബ്ദമുയര്‍ത്തിയവര്‍ ആയിരുന്നെന്നും എന്നാല്‍ കെജ്രിവാള്‍ പിന്നീട് മദ്യത്തിനായി പ്രത്യേക നയം കൊണ്ടുവന്നെന്നും അദ്ദേഹം പറഞ്ഞു. ഇത് തന്നെ ഏറെ വിഷമത്തിലാക്കിയതായും അണ്ണാ ഹസാരെ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ കര്‍മഫലമാണ് അരവിന്ദ് കെജ്രിവാള്‍ ഇന്ന് അനുഭവിക്കുന്നതെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി. കോണ്‍ഗ്രസിന്റെ ദില്ലി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത്തിനെതിരെ നിരുത്തരവാദപരവും അടിസ്ഥാനരഹിതവുമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചവരാണ് അരവിന്ദ് കെജ്രിവാളും അണ്ണാഹസാരയുമെന്നും , ഷീല ദീക്ഷിതിനെതിരെ തെളിവുകളുണ്ടെന്ന് അവകാശപ്പെട്ടവര്‍ അത് ഹാജരാക്കിയില്ലെന്നും ശര്‍മ്മിഷ്ഠ മുഖര്‍ജി കുറ്റപ്പെടുത്തി.

https://dailynewslive.in/ അരവിന്ദ് കെജ്രിവാളിനെ അന്യായമായി അറസ്റ്റ് ചെയ്ത നടപടി ഭരണഘടനാവിരുദ്ധമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കേന്ദ്ര അന്വേഷണ ഏജന്‍സികളെ സ്വാധീനിച്ച് ജനാധിപത്യം അട്ടിമറിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും, നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയവത്കരിക്കുന്നതിന്റെ ദുരന്തഫലങ്ങളാണ് രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന പ്രതിപക്ഷവേട്ടയെന്നും സുധാകരന്‍ പറഞ്ഞു. കേന്ദ്രത്തില്‍ നരേന്ദ്രമോദിയും കേരളത്തില്‍ പിണറായി വിജയനും പ്രതിപക്ഷ നേതാക്കളെ യാതൊരു അടിസ്ഥാനവുമില്ലാത്ത കേസുകളില്‍ പ്രതിചേര്‍ത്ത് വേട്ടയാടുകയാണ്. നരേന്ദ്രമോദിയോട് ഇഷ്ടം കാണിക്കുന്ന മുഖ്യമന്ത്രിമാരെ എത്ര അഴിമതികള്‍ ഉണ്ടെങ്കിലും സംരക്ഷിക്കുകയും എതിര്‍ക്കുന്നവരെ മാത്രം അകാരണമായി തുറുങ്കിലടക്കുകയും ചെയ്യുന്ന അധാര്‍മിക രാഷ്ട്രീയമാണ് ബിജെപി നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

*തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവല്‍*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സിലെ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലില്‍ 299 രൂപ മുതലുള്ള സ്പെഷ്യല്‍ കളക്ഷന്‍. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരെ, കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിക്കുന്നതിനെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കേരളത്തില്‍ നടക്കുന്നത് അഴിമതിക്കാരുടെ കൂട്ട കരച്ചിലാണെന്നും കേരളത്തില്‍ ഇഡിയുടെ വല്ല നടപടിയും വന്നാല്‍ സതീശന്‍ മാറ്റി പറയുമോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

https://dailynewslive.in/ കേന്ദ്ര ഏജന്‍സികള്‍ പിണറായി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തിലെത്തുമ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ മൗനം പാലിക്കുന്നുവെന്നും പിണറായി സര്‍ക്കാരിനോടുള്ള മൃദുസമീപനമാണിതെന്നും സതീശന്‍ പറഞ്ഞു. അതേസമയം കെജ്രിവാളിന്റെ അറസ്റ്റ് വിചിത്രമായ സംഭവമെന്നും എങ്ങനെയും ഇന്ത്യ മുന്നണിയെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് മോദി സര്‍ക്കാരിനെന്നും വിഡി സതീശന്‍.

https://dailynewslive.in/ പിണറായി വിജയനെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഗതി വരുമെന്ന് പി.സി. ജോര്‍ജ്. കെജ്രിവാള്‍ അറസ്റ്റിലായപ്പോള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് ഏറ്റവും വലിയ നെഞ്ചിടിപ്പെന്നും പി.സി. ജോര്‍ജ് പറഞ്ഞു. 2029-ല്‍ കേരളത്തില്‍ ബി.ജെ.പി. മുഖ്യമന്ത്രി ഉണ്ടാകുമെന്നും പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് സ്വാഭാവിക നിയമനടപടിയെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. ഇഡിയുടെ നോട്ടീസുകള്‍ കെജ്രിവാള്‍ പലവട്ടം തള്ളിക്കളഞ്ഞുവെന്നും ഗുരുതരമായ കേസിലാണ് ഇപ്പോഴത്തെ നടപടിയെന്നും നിയമം മുഖ്യമന്ത്രിക്കും ബാധകമാണെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനാല്‍ എങ്ങിനെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുമെന്ന് രമേശ് ചെന്നിത്തല. പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാനുള്ള ഗവേഷണമാണ് ബിജെപി നടത്തുന്നതെന്നും, ബിജെപി അടിച്ചമര്‍ത്തല്‍ നയം സ്വീകരിക്കുകയാണെന്നും കോണ്‍ഗ്രസിന് ഒരു ലവല്‍ പ്ലേ ഗ്രൗണ്ട് ഇല്ലെന്നും ചെന്നിത്തല പറഞ്ഞു. മോദി പുടിനായി മാറിയെന്നും, മോദിയുടെ ഈ നിലപാടുകള്‍ക്കെതിരെ ജനങ്ങള്‍ ബോധവാന്‍മാരാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

https://dailynewslive.in/ തലസ്ഥാന നഗരത്തിലെ ഇ ബസ്സുകളുടെ നിരക്ക് കൂട്ടി സര്‍വ്വീസുകള്‍ പുനക്രമീകരിച്ചതിനെതിരെ പരാതിയുമായി കോര്‍പ്പറേഷന്‍. നഷ്ടത്തിലായ ഷെഡ്യൂളുകളാണ് പുനക്രമീകരിച്ചതെന്ന് ഗതാഗതവകുപ്പും എന്നാല്‍ ചര്‍ച്ചകള്‍ കൂടാതെയാണ് ഗതാഗതവകുപ്പ് തീരുമാനമെടുത്തതെന്ന് കോര്‍പ്പറേഷനും വ്യക്തമാക്കി.

https://dailynewslive.in/ ആര്‍എല്‍വി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശത്തിനെതിരെ മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗിന്നസ് മാട സാമിയും ഇതേ വിഷയത്തില്‍ പരാതി നല്‍കിയിരുന്നു. കറുത്ത നിറമുള്ളവര്‍ നൃത്തം ചെയ്യരുതെന്ന് പറഞ്ഞ പരാമര്‍ശത്തിനെതിരെയാണ് കേസ്. തൃശ്ശൂര്‍ ജില്ലാ പൊലീസ് മേധാവിയും സാംസ്‌കാരിക വകുപ്പ് ഗവണ്‍മെന്റ് സെക്രട്ടറിയും പരാമര്‍ശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാ കുമാരി ആവശ്യപ്പെട്ടു.

https://dailynewslive.in/ ആര്‍എല്‍വി രാമകൃഷ്ണനെപ്പോലെയുള്ളവര്‍ക്ക് സര്‍ക്കാര്‍ എന്നും പിന്തുണ നല്‍കിയിട്ടുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. കാക്ക കുളിച്ചാല്‍ കൊക്കാകില്ല എന്നതുപോലെ കൊക്ക് കുളിച്ചാല്‍ കാക്കയാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ പൊലീസിനും സാംസ്‌കാരിക വകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍. അതോടൊപ്പം വേദി നല്‍കുമെന്ന് സുരേഷ് ഗോപി അറിയിച്ചതില്‍ സന്തോഷമുണ്ടെന്നും . കലക്കുവേണ്ടി സുരേഷ് ഗോപിയുമായി സഹകരിക്കും. സിനിമാരംഗത്ത് നിന്നും ഇങ്ങനെയൊരു സഹായം കിട്ടാന്‍ ഇത്ര വര്‍ഷം വേണ്ടിവന്നു. എങ്കിലും സന്തോഷമുണ്ട്. കലാമണ്ഡലം സത്യഭാമയുടെ പരാമര്‍ശത്തിന് ശേഷം വലിയ പിന്തുണയാണ് കിട്ടുന്നത്. മുന്നോട്ടുപോകാന്‍ ഈ പിന്തുണ ഊര്‍ജ്ജമാണെന്നും ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു. കൊല്ലത്തെ കുടുംബ ക്ഷേത്രത്തില്‍ 28 ന് നടക്കുന്ന ചിറപ്പ് മഹോത്സവത്തിലേക്ക് രാമകൃഷ്ണനെ പരിപാടിക്കായി ക്ഷണിക്കുമെന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നു .

https://dailynewslive.in/ നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പി ജി മനുവിന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസില്‍ വിചാരണ തീരുന്നത് വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നും പാസ്പോര്‍ട്ട് ഹാജരാക്കണമെന്നും എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകണമെന്നും ഇതിനുപുറമെ രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആള്‍ ജാമ്യം എന്നീ ഉപാധികളോടെയാണ് ജാമ്യം.

https://dailynewslive.in/ കോഴിക്കോട്ട് ഇന്നലെ വൈകീട്ട് എസ്ഡിപിഐ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ വിമര്‍ശനവുമായി ബിജെപി. തീവ്രവാദ സംഘടനകളുമായി ഇടത്, വലത് മുന്നണികള്‍ സഖ്യത്തില്‍ ആണെന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം. എന്നാല്‍ നോമ്പുതുറ സംഗമങ്ങളെ പോലും വര്‍ഗ്ഗീയമായി ചിത്രീകരിക്കാനാണ് ബിജെപി ശ്രമമെന്ന് ഇരു മുന്നണികളും വ്യക്തമാക്കി.

https://dailynewslive.in/ കോഴിക്കോട് എന്‍ഐടിയിലെ രാത്രികാല നിയന്ത്രണത്തിനെതിരെ ക്യാമ്പസ് ഉപരോധിച്ച് വിദ്യാര്‍ത്ഥികള്‍. ക്ലാസ് മുടക്കി പ്രതിഷേധിക്കുമെന്നും ജീവനക്കാരെ അകത്തേക്ക് വിടില്ലെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. ഡീന്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലറില്‍ വിദ്യാര്‍ത്ഥികള്‍ രാത്രി 12 മണിക്ക് മുമ്പ് ഹോസ്റ്റലില്‍ തിരികെ പ്രവേശിക്കണമെന്നുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ആരംഭിച്ചത്.

https://dailynewslive.in/ വയനാട് പനവല്ലിയില്‍ വീട്ടുമുറ്റത്ത് എത്തിയ കാട്ടാന പാലക്കല്‍ രാജുവിന്റെ വീടിന്റെ ജനല്‍ ജില്ലുകള്‍ തകര്‍ത്തു. ഞെട്ടിയുണര്‍ന്ന വീട്ടുകാര്‍ ലൈറ്റ് ഇട്ടപ്പോളാണ് കാട്ടാന പിന്‍വാങ്ങിയത്. വളപ്പിലെ വാഴയും ആന നശിപ്പിച്ചു. വീട്ടിലെ പട്ടിക്കൂടിനും കേടുപാടുണ്ടാക്കി. പ്രദേശത്ത് കുറെ ദിവസമായി ആന ശല്യമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

https://dailynewslive.in/ കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ഹര്‍ജി സുപ്രീം കോടതി തളളി. കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് ജോളി നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയിരിക്കുന്നത്. രണ്ടര വര്‍ഷമായി ജയിലാണെന്ന് ജോളി ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു. അങ്ങനെയെങ്കില്‍ ജാമ്യപേക്ഷ നല്‍കാന്‍ ആയിരുന്നു കോടതിയുടെ മറുപടി.

https://dailynewslive.in/ ദില്ലിയിലെ ജെഎന്‍യുവില്‍ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇടതുസ്ഥാനാര്‍ത്ഥിയുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്വാതി സിംഗിന്റെ സ്ഥാനാര്‍ത്ഥിത്വമാണ് റദ്ദാക്കിയത്. പുലര്‍ച്ചെ രണ്ടു മണിക്കാണ് സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കി കൊണ്ടുള്ള നോട്ടീസ് ലഭിച്ചതെന്നും, അവസാന നിമിഷം സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കിയതില്‍ അട്ടിമറിയുണ്ടെന്നുമാണ് ഇടതുസഖ്യത്തിന്റെ ആരോപണം. നാലു വര്‍ഷത്തിന് ശേഷമാണ് ജെഎന്‍യുവില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

https://dailynewslive.in/ സുപ്രീം കോടതിയുടെ താക്കീത് ലഭിച്ചതിന് പിന്നാലെ ഡി.എം.കെ. നേതാവ് കെ. പൊന്‍മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ച് തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് രാജ്ഭവന്‍ കത്തയച്ചു. പൊന്മുടിയെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ചുവെന്ന് എ.ജി. കോടതിയെ അറിയിച്ചു. കോടതി കാരണം ജനാധിപത്യം നിലനിന്നുവെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി.

https://dailynewslive.in/ ഒരുപാട് ക്യാമറകള്‍ ഒരേ സമയം കാണുമ്പോള്‍ ശ്വാസം വിടാന്‍ പോലും ഭയം തോന്നുമെന്ന് രജനികാന്ത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നമ്മള്‍ പറയുന്ന വാക്കുകള്‍ എളുപ്പത്തില്‍ വളച്ചൊടിക്കപ്പെടുമെന്നും, നിരവധി മാധ്യമപ്രവര്‍ത്തകര്‍ എത്തും എന്നതിനാല്‍ ഈ ചടങ്ങില്‍ത്തന്നെ സംസാരിക്കാന്‍ ആദ്യം തനിക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്നും രജനികാന്ത് പറഞ്ഞു. ഒരു ആശുപത്രി ഉദ്ഘാടനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ ഖത്തറില്‍ നിന്ന് റോഡ് മാര്‍ഗം ഉംറ നിര്‍വഹിക്കാനെത്തിയ മംഗലാപുരം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേര്‍ വാഹനാപകടത്തില്‍ മരിച്ചു. റിയാദ് പ്രവിശ്യയിലെ സുല്‍ഫ എന്ന സ്ഥലത്ത് സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടാണ് മംഗലാപുരം ഉളടങ്ങാടി തോക്കൂര്‍ സ്വദേശി ഹിബ ഇവരുടെ ഭര്‍ത്താവ് മുഹമ്മദ് റമീസ്, മക്കളായ ആരുഷ്, റാഹ എന്നിവര്‍ മരിച്ചത്.

https://dailynewslive.in/ ഐഎസ്ആര്‍ഒ യുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആര്‍എല്‍വിയുടെ രണ്ടാം ലാന്‍ഡിങ് പരീക്ഷണവും വിജയം. കര്‍ണാടക ചിത്രദുര്‍ഗയിലെ ഡിആര്‍ഡിഒയുടെ എയറോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ വെച്ച് രാവിലെ 7.10 നാണ് പരീക്ഷണം നടന്നത്. ചിനൂക് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് നാലര കിലോമീറ്റര്‍ ഉയരത്തില്‍ പേടകത്തെ എത്തിച്ച ശേഷം താഴേക്ക് ഇട്ടു. പിന്നീട് പേടകം സ്വയം ദിശ മാറ്റി ലാന്‍ഡ് ചെയ്തു. ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോള്‍ നേരിടേണ്ടിവന്നേക്കാവുന്ന പ്രതികൂല സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള പരിശീലനമാണ് ഈ ലാന്‍ഡിങ് പരീക്ഷണങ്ങള്‍.

https://dailynewslive.in/ ഇലക്ട്രല്‍ ബോണ്ടുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ ആദ്യ പത്ത് കമ്പനികളില്‍ നിന്ന് ബിജെപിക്ക് 2123 കോടി രൂപയും ടിഎംസിക്ക് 1,198 കോടി രൂപയും കോണ്‍ഗ്രസിന് 615 കോടി രൂപയും കിട്ടിയെന്ന് റിപ്പോര്‍ട്ട്. മേഘ എഞ്ചിനിയറിങ് 584 കോടിയും റിലയന്‍സുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്ന ക്വിക്ക് സപ്ലൈ 584 കോടിയും ബിജെപിക്ക് നല്‍കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനിയില്‍ നിന്ന് തൃണമൂലിനും ഡിഎംകെയ്ക്കും അഞ്ഞൂറ് കോടിയും വൈഎസ്ആര്‍ കോണ്‍ഗ്രസിന് 154 കോടി രൂപയും, ബിജെപിക്ക് കിട്ടിയത് നൂറ് കോടിയും , കോണ്‍ഗ്രസിന് 50 കോടിയും കിട്ടിയെന്നാണ് കണക്കുകള്‍.

https://dailynewslive.in/ ജനാധിപത്യത്തിന് നേരെയുള്ള ബിജെപിയുടെ നഗ്നമായ ആക്രമണമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തെരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ സഖ്യത്തിലെ മുഖ്യമന്ത്രിമാര്‍ക്കെതിരായ അന്യായമായ നടപടിയാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ ഭൂട്ടാന്‍ സന്ദര്‍ശനത്തിന് തുടക്കമായി. ഭൂട്ടാനിലെ പാരോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംങ് ടോബ്‌ഗേ മോദിയെ സ്വീകരിച്ചു.

https://dailynewslive.in/ ബിഹാറിലെ സുപോളില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. ഏകദേശം 30 പേര്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അധികൃതരുടെ അനുമാനം. സ്ഥലത്ത് അടിയന്തിര രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 984 കോടി ചെലവില്‍ കോസി നദിക്ക് കുറുകെ നിര്‍മാണം പുരോഗമിക്കുകയായിരുന്ന പാലമാണ് തകര്‍ന്നു വീണത്.

https://dailynewslive.in/ ഇന്ത്യയിലേക്കുള്ള എന്‍.ആര്‍.ഐ ഡെപ്പോസിറ്റുകളില്‍ നടപ്പ് സാമ്പത്തിക വര്‍ഷം (2023-24) ഏപ്രില്‍ മുതല്‍ ജനുവരി വരെ 1,016 കോടി ഡോളറിന്റെ (ഏകദേശം 83,830 കോടി രൂപ) നിക്ഷേപമെത്തിയതായി റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. മുന്‍വര്‍ഷത്തെ സമാനകാലത്തെ 596.4 കോടി ഡോളറിനേക്കാള്‍ (49,501 കോടി രൂപ) 70.35 ശതമാനം അധികമാണിത്. ഫോറിന്‍ കറന്‍സി നോണ്‍-റെസിഡന്റ് അക്കൗണ്ടുകളിലേക്കുള്ള പണമൊഴുക്ക് 128 കോടി ഡോളറില്‍ (10,600 കോടി രൂപ) നിന്ന് 415 കോടി ഡോളറായും (34,400 കോടി രൂപ) ഉയര്‍ന്നു. മൊത്തം എന്‍.ആര്‍.ഐ ഡെപ്പോസിറ്റ് 13,682 കോടി ഡോളറില്‍ (11.35 ലക്ഷം കോടി രൂപ) നിന്ന് 14,690 കോടി ഡോളറായും (12.19 ലക്ഷം കോടി രൂപ) വര്‍ദ്ധിച്ചു. മൊത്തം എഫ്.സി.എന്‍.ആര്‍ നിക്ഷേപം 1,820 കോടി ഡോളറില്‍ (1.51 ലക്ഷം കോടി രൂപ) നിന്ന് 2,351 കോടി ഡോളറായും (1.95 ലക്ഷം കോടി രൂപ) ഉയര്‍ന്നിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം വഴി നടപ്പുവര്‍ഷം ഏപ്രില്‍-ജനുവരിയില്‍ ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് ഒഴുകിയത് 24 ശതമാനം വളര്‍ച്ചയോടെ 2,742 കോടി ഡോളറാണ് (2.27 ലക്ഷം കോടി രൂപ). വിദേശയാത്രകള്‍ക്കായുള്ള ചെലവ് 30.67 ശതമാനം ഉയര്‍ന്ന് 1,495 കോടി കോടി ഡോളറിലെത്തി (1.24 ലക്ഷം കോടി രൂപ). വിദേശത്തെ അടുത്തബന്ധുക്കള്‍ക്ക് നല്‍കുന്ന പണത്തിന്റെ അളവ് 22.67 ശതമാനം ഉയര്‍ന്ന് 395 കോടി ഡോളറായി (32,800 കോടി രൂപ). വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ചെലവാക്കുന്ന പണം 2.02 ശതമാനം വര്‍ദ്ധിച്ച് 304 കോടി ഡോളറുമായിട്ടുണ്ട് (25,300 കോടി രൂപ). സമ്മാനങ്ങള്‍ നല്‍കാനായി 303 കോടി ഡോളറാണ് (25,150 കോടി രൂപ) ഇന്ത്യക്കാര്‍ വിദേശത്ത് ചെലവിട്ടത്; 31.17 ശതമാനമാണ് വളര്‍ച്ച. ഇക്വിറ്റി, കടപ്പത്രം എന്നിവയിലേക്കുള്ള ചെലവ് 29.21 ശതമാനം ഉയര്‍ന്ന് 115 കോടി ഡോളറിലുമെത്തിയെന്ന് (9,500 കോടി രൂപ) റിസര്‍വ് ബാങ്ക് പറയുന്നു.

https://dailynewslive.in/ മെയ് 15ന് നടക്കുന്ന ഗൂഗിള്‍ ഐഒ കോണ്‍ഫറന്‍സില്‍ വെച്ച് ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പായ ആന്‍ഡ്രോയിഡ് 15 റിലീസ് ചെയ്യാനൊരുങ്ങുകയാണ് ആല്‍ഫബറ്റ്. ആന്‍ഡ്രോയ്ഡ് 13-ല്‍ നിന്ന് കാര്യമായ മാറ്റങ്ങളില്ലാതെയായിരുന്നു പതിനാലാമന്‍ എത്തിയത്. എന്നാല്‍, ഇത്തവണ കാര്യമായ സവിശേഷതകള്‍ ഗൂഗിള്‍ പതിനഞ്ചാം പതിപ്പില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്‍ഡ്രോയ്ഡ് 15 ഒഎസില്‍ എത്തുമെന്ന് പറയപ്പെടുന്ന ഫീച്ചറുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഫോണിലെ സ്റ്റോറേജ് കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം. പുതിയ ഒ.എസില്‍ മൊബൈല്‍ ആപ്പുകള്‍ ആര്‍ക്കൈവ് ചെയ്യാനുള്ള സൗകര്യം ഉണ്ടാവും. ഫോണിലെ സ്റ്റോറേജ് സ്‌പേസ് ലാഭിക്കാനും അതിലൂടെ ഫോണിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും കഴിയുന്നതാണീ ഫീച്ചര്‍. സ്ഥിരമായി ഉപയോഗിക്കാതെ കിടക്കുന്ന ആപ്പുകളെ ഇത്തരത്തില്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാതെ ആര്‍ക്കൈവ് ചെയ്ത് സൂക്ഷിക്കാം. അതിലൂടെ അവയുടെ ബാക്ഗ്രൗണ്ട് പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും സ്റ്റോറേജ് സ്പേസ് ലാഭിക്കാനും കഴിഞ്ഞേക്കും. അത് ഒരേസമയം ഫോണിന്റെ പെര്‍ഫോമന്‍സ് കൂട്ടുകയും ബാറ്ററി ലൈഫ് മെച്ചപ്പെടുത്തുകയും ചെയ്യും. നിലവില്‍ ഈ ഫീച്ചര്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ക്രമീകരണങ്ങളിലൂടെ ഉറപ്പാക്കാമെങ്കിലും ഗൂഗിള്‍ നിര്‍ദേശിക്കുന്ന ആപ്പുകളില്‍ മാത്രമെ പ്രാവര്‍ത്തികമായിരുന്നുള്ളൂ. മാത്രമല്ല ആര്‍ക്കൈവ് ചെയ്യേണ്ട ആപ്പുകള്‍ ഉപയോക്താക്കള്‍ക്ക് നേരിട്ട് തിരഞ്ഞെടുക്കാനും പറ്റില്ല. എന്നാല്‍ ആന്‍ഡ്രോയിഡ് 15ല്‍ എല്ലാ ആപ്പുകളും ഇങ്ങനെ ആര്‍ക്കൈവ് ചെയ്യാനാകും.

https://dailynewslive.in/ ഗായത്രി സുരേഷ്, ശ്വേത മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജയന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ബദല്‍ (ദി മാനിഫെസ്റ്റോ) തിയറ്ററുകളിലേക്ക്. ഏപ്രില്‍ 5 ന് ചിത്രം പ്രദര്‍ശനം ആരംഭിക്കും. ജോയ് മാത്യു, സലിം കുമാര്‍, സംവിധായകന്‍ പ്രിയനന്ദനന്‍, സന്തോഷ് കീഴാറ്റൂര്‍, സിദ്ധാര്‍ത്ഥ് മേനോന്‍, അനീഷ് ജി മേനോന്‍, അനൂപ് അരവിന്ദ്, ഐ എം വിജയന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതുമുഖം നീതു തോമസ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആള്‍ട്ടര്‍നേറ്റ് സിനിമാസിന്റെ ബാനറില്‍ ജോസഫ് വര്‍ഗീസ് ഇലഞ്ഞിക്കല്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റെജി പ്രസാദ് നിര്‍വ്വഹിക്കുന്നു. വനമേഖലകളില്‍ വളര്‍ന്നുവന്ന സായുധ പോരാളികളെക്കുറിച്ചുള്ള അന്വേഷണത്തോടൊപ്പം അധികാര വ്യവസ്ഥയുടെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ, ചൂഷണങ്ങള്‍ക്കെതിരെ ശക്തമായ ഒരു താക്കീതുമാകുന്ന ഈ ചിത്രത്തില്‍ മനുഷ്യനും പ്രകൃതിയും തമിലുള്ള ആത്മബന്ധവും ദൃശ്യവല്‍ക്കരിക്കുന്നു. റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ഡോ. മധു വാസുദേവ് എന്നിവര്‍ എഴുതിയ വരികള്‍ക്ക് ബിജി ബാല്‍ സംഗീതം പകരുന്നു. ഗോത്ര ഗാനങ്ങള്‍ മുരുകേശന്‍ പാടവയല്‍.

https://dailynewslive.in/ ഈ വര്‍ഷത്തെ റിലീസുകളില്‍ തമിഴ്നാട് ബോക്സ് ഓഫീസില്‍ ഏറ്റവും കളക്ഷന്‍ നേടിയ 10 സിനിമകളുടെ ലിസ്റ്റില്‍ പ്രേമലുവും എത്തിയിരിക്കുകയാണ്. ഈ വര്‍ഷം ജനുവരി 1 മുതല്‍ മാര്‍ച്ച് 21 വരെ തമിഴ്നാട്ടില്‍ റിലീസ് ചെയ്യപ്പെട്ട എല്ലാ ഭാഷാ ചിത്രങ്ങളെയും പരിഗണിച്ച് തയ്യാറാക്കിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത് പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്ക് ആണ്. അവരുടെ കണക്ക് പ്രകാരം ചിത്രം തമിഴ്നാട്ടില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 4.61 കോടിയാണ്. 127 തിയറ്ററുകളിലെ 4379 ഷോകള്‍ ട്രാക്ക് ചെയ്തതില്‍ നിന്നുള്ള കണക്കാണ് ഇത്. 3.40 ലക്ഷം ടിക്കറ്റുകളാണ് തമിഴ്നാട്ടില്‍ പ്രേമലു ഇതുവരെ വിറ്റിരിക്കുന്നത്. അതേസമയം ഇതേ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് മഞ്ഞുമ്മല്‍ ബോയ്സ് ആണ്. തമിഴ് താര ചിത്രങ്ങളായ അയലാനെയും ക്യാപ്റ്റന്‍ മില്ലറെയുമൊക്കെ മറികടന്നാണ് മഞ്ഞുമ്മല്‍ ബോയ്സ് ഈ നേട്ടം സ്വന്തമാക്കിയത്. കേരളത്തിലെ റിലീസിനൊപ്പംതന്നെ പ്രേമലുവിന്റെ മലയാളം പതിപ്പ് തമിഴ്നാട്ടില്‍ റിലീസ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ മഞ്ഞുമ്മല്‍ ബോയ്സിന്റെ സംസ്ഥാനത്തെ വിജയത്തിന് ശേഷം തമിഴ് പതിപ്പും തിയറ്ററുകളിലെത്തി. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് ആണ് തമിഴ് പതിപ്പ് വിതരണം ചെയ്തിരിക്കുന്നത്. മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ഈ ചിത്രത്തിനും അവിടെ ലഭിക്കുന്നത്.

https://dailynewslive.in/ അഞ്ച് ഡോര്‍ എസ്യുവിയും കോംപാക്റ്റ് എംപിവിയും ഉള്‍പ്പെടെ രണ്ട് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാന്‍ എംജി മോട്ടോര്‍ ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോട്ടുകള്‍ ഉണ്ട്. രണ്ട് മോഡലുകളും ഇ260 ഇവി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. വില 15 ലക്ഷം രൂപയില്‍ താഴെയായിരിക്കും. ഇന്തോനേഷ്യയില്‍ വില്‍പ്പനയ്‌ക്കെത്തുന്ന വുളിംഗ് ക്ലൗഡ് എംപിവിയെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ ഇലക്ട്രിക് എംപിവി. നിലവില്‍ ചൈനയില്‍ വില്‍പനയിലുള്ള ബയോജുന്‍ യെപ് പ്ലസ് 5-ഡോര്‍ ഇലക്ട്രിക് ക്രോസ്ഓവറിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഈ ഇലക്ട്രിക് എസ്യുവി. പരുക്കന്‍ ഇലക്ട്രിക് എസ്യുവിയായാണ് ഇത് വിപണിയിലെത്തുക. നീലയും വെള്ളയും നിറഞ്ഞ റൂഫില്‍ വിചിത്രമായ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളിലാണ് എസ്യുവി വാഗ്ദാനം ചെയ്യുന്നത്. പുതിയ എംജി യെപ് പ്ലസ് 5-ഡോര്‍ ഇലക്ട്രിക് എസ്യുവി ഒറ്റ ചാര്‍ജില്‍ 401 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. ഇത് മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത വാഗ്ദാനം ചെയ്യുന്നു. മൂന്ന് ഡോര്‍ യെപ് മോഡല്‍ സൈക്കിളില്‍ 303 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു. 75കിലോവാട്ട് ഉള്ള ഒരൊറ്റ ഇലക്ട്രിക് മോട്ടോറാണ് എസ്യുവിയുടെ സവിശേഷത, അത് പിന്‍ ആക്‌സിലില്‍ സ്ഥാപിച്ചിരിക്കുന്നു.

https://dailynewslive.in/ തന്റെ കീഴില്‍ ആ മേശയുടെ പ്രതലം രണ്ടായി പിളര്‍ന്നു നീങ്ങുന്നതില്‍ അയാള്‍ ആദ്യമൊന്നു അമ്പരന്നു. വളരെ ക്ഷീണിച്ചതിലാകാം അവള്‍ അറിയാതെ മറ്റൊരു ബട്ടണിലാണ് ഞെക്കിയത്. അവളാ തെറ്റ് തിരുത്തിയപ്പോള്‍ അവളില്‍ തെളിഞ്ഞ കുറ്റബോധത്തിന്റെ ഭാവം അയാള്‍ കൗതുകത്തോടെ നോക്കി. പെ്ട്ടെന്ന് രണ്ടു ഭാഗങ്ങളും ശബ്ദ്‌ത്തോടെ ഒന്നായി ചേര്‍ന്നു. രണ്ടാം തവണ അവളൊരു തെറ്റും വരുത്തിയില്ല. മൂന്ന് ഉരുക്കു വളയങ്ങള്‍ അയാളുടെ കണങ്കാലിനെയും അരയെയയും കഴുത്തിനെയും മുറുക്കി. ‘വനിതാ ആരാച്ചാര്‍’. പാവേല്‍ കോഹൂട്ട്. വിവര്‍ത്തനം – പി.ആര്‍ പരമേശ്വരന്‍. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 594 രൂപ.

https://dailynewslive.in/ പെട്ടാസ്യം, വിറ്റാമിന്‍ സി തുടങ്ങിയ നിരവധി പോഷകഗുണങ്ങളാല്‍ സമ്പന്നമായ പെരുംജീരകമിട്ട് തിളപ്പിച്ചാറിയ വെള്ളം ദിവസവും രാവിലെ കുടിക്കുന്നത് രോഗപ്രതിരോധ ശേഷി കൂട്ടാനും ദേഹനക്കേട് കുറയ്ക്കാനും സഹായിക്കും. നാടന്‍ കറികള്‍ക്ക് രുചി കൂട്ടുന്ന മസാലക്കൂടിലെ പ്രധാന ഐറ്റം കൂടിയാണ് ഇവ. പെരുംജീരകത്തില്‍ കാര്‍മിനേറ്റീവ് ഗുണങ്ങളുള്ളതിനാല്‍ ദഹനക്കേടിന് മാത്രമല്ല നെഞ്ചെരിച്ചില്‍ അസിഡിറ്റി എന്നിവയ്ക്കും ഇവ നല്ലതാണ്. പെരുംജീരകം വിത്തുകളില്‍ ഫ്ലേവനോയ്ഡുകള്‍, ഫിനോളിക് ആസിഡുകള്‍ തുടങ്ങിയ ആന്റി-ഇന്‍ഫ്ലമേറ്ററി സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കും. സന്ധിവാതം അല്ലെങ്കില്‍ കോശജ്വലന മലവിസര്‍ജ്ജനം പോലുള്ള അവസ്ഥകളില്‍ നിന്ന് ആശ്വാസം നല്‍കും. പോളിഫെനോള്‍ പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ കോശങ്ങളെ ഓക്സിഡേറ്റീവാകാതെ ക്യാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ മെച്ചപ്പെട്ട കാഴ്ചശക്തിക്ക് ആവശ്യമായ വിറ്റാമിന്‍ എയുടെ അളവും ഇതില്‍ ധാരാളമുണ്ട്. പെരുംജീരകം വെള്ളം പതിവായി കഴിക്കുന്നത് പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷനില്‍ നിന്നും മറ്റ് നേത്രരോഗങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കും. പെരുംജീരകം വെള്ളം കഴിക്കുന്നതിലൂടെ അണുബാധകള്‍ക്കും രോഗങ്ങള്‍ക്കുമെതിരെ ശരീരത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്താന്‍ കഴിയും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.36, പൗണ്ട് – 104.95, യൂറോ – 90.12, സ്വിസ് ഫ്രാങ്ക് – 92.52, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.28, ബഹറിന്‍ ദിനാര്‍ – 221.18, കുവൈത്ത് ദിനാര്‍ -270.92, ഒമാനി റിയാല്‍ – 216.53, സൗദി റിയാല്‍ – 22.23, യു.എ.ഇ ദിര്‍ഹം – 22.70, ഖത്തര്‍ റിയാല്‍ – 22.89, കനേഡിയന്‍ ഡോളര്‍ – 61.43.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *