mid day hd

രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണി തരംഗം. ഉപതിരഞ്ഞെടുപ്പ് നടന്ന 13 നിയമസഭാ മണ്ഡലങ്ങളിലെ ഇതുവരെയുള്ള ഫലസൂചനകളനുസരിച്ച് ഇന്ത്യാ മുന്നണി 10 ഇടത്തും എന്‍ഡിഎ 2 ഇടത്തും മുന്നിട്ടു നില്‍ക്കുന്നു. പഞ്ചാബിലെ ജലന്ധറില്‍ എഎപി സ്ഥാനാര്‍ഥി വിജയിച്ചു. ഹിമാചല്‍പ്രദേശിലെ മൂന്നു സീറ്റുകളിലും ഉത്തരാഖണ്ഡിലെ രണ്ട് സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കാണ് മുന്നേറ്റം. ബംഗാളിലെ 4 സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസും തമിഴ്നാട്ടിലെ ഏക സീറ്റില്‍ ഡിഎംകെയുമാണ് മുന്നില്‍. ബിഹാറിലെയും മധ്യപ്രദേശിലെയും സീറ്റുകളില്‍ മാത്രമാണ് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നത്.

നെയ്യാറ്റിന്‍കരയിലെ പുനരധിവാസ കേന്ദ്രത്തില്‍ 11 പേര്‍ക്ക് കോളറ. നിലവില്‍ രോഗം ബാധിച്ചവരെ ഐരാണിമുട്ടത്തെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കോളറ സ്ഥിരീകരിച്ചതോടെ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് തടയാന്‍ ജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്. അതേസമയം, കോളറ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനാകാത്തത് രോഗ പ്രതിരോധത്തിന് തിരിച്ചടിയാകുമെന്ന മുന്നറിയിപ്പ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്നുണ്ട്.

കുടുംബശ്രീ ജനകീയ ഹോട്ടലുകളില്‍ ഇനി 30 രൂപയ്ക്കു തന്നെ ചോറു വിളമ്പാനാകും. കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ക്കുള്ള സബ്‌സിഡി അരി പുനസ്ഥാപിച്ചു. കുറഞ്ഞ ചിലവില്‍ ഉച്ചഭക്ഷണം അതായിരുന്നു കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ ഉദ്ദേശം. എന്നാല്‍ സബ്‌സിഡി നിരക്കില്‍ അരി നല്‍കുന്നത് സപ്ലൈ കോ നിര്‍ത്തലാക്കിയതോടെ ഹോട്ടലുകളുടെ പ്രവര്‍ത്തനം തന്നെ താളം തെറ്റി.

വിഴിഞ്ഞം പദ്ധതി യഥാര്‍ഥ്യമാകുന്നത് സന്തോഷമുള്ള കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അതേസമയം പ്രസംഗത്തില്‍ പദ്ധതിയുടെ നാള്‍വഴികള്‍ മുഴുവന്‍ പറഞ്ഞിട്ട് ഉമ്മന്‍ ചാണ്ടിയെ വിസ്മരിച്ചതില്‍ മുഖ്യമന്ത്രി സ്വയം ചെറുതായി പോയിയെന്നും ഇത് ഹൈജാക്ക് ചെയ്തതാണെന്ന് എല്ലാവര്‍ക്കും മനസ്സിലായിയെന്നും സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ്ണ സംഘിയായി മാറിയെന്നും വിഴിഞ്ഞം എന്നാല്‍ എല്ലാവരുടെയും ഓര്‍മ്മയില്‍ ഉമ്മന്‍ചാണ്ടിയാണെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പാര്‍ട്ടി വോട്ടുകള്‍ ബിജെപി വിഴുങ്ങുന്നു എന്ന സിപിഎം ആശങ്ക പിണറായിക്കില്ലെന്നും ബിജെപി മന്ത്രിയുടെ സാന്നിധ്യത്തില്‍ മന്‍മോഹന്‍സിംഗിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തിയെന്നും മുരളീധരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയങ്ങളില്‍ നിന്ന് പിണറായി ഒന്നും പഠിച്ചിട്ടില്ലെന്നും വിഴിഞ്ഞം പദ്ധതിയില്‍ ഉമ്മന്‍ചാണ്ടിയെ സ്മരിച്ച സ്പീക്കര്‍ ഷംസീറിന്റേത് മാതൃകാപരമായ നിലപാടാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പേരില്‍ തൃശൂരില്‍ വീണ്ടും സാമ്പത്തിക തട്ടിപ്പ്. പത്ത് കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പൊലീസില്‍ പരാതി നല്‍കിയിട്ടും കമ്പനി ഉടമകളെ പൊലീസ് സംരക്ഷിക്കുകയാണെന്നും നിക്ഷേപകര്‍ പറയുന്നു. കമ്പനിയുടെ ഓഫീസുകള്‍ പൂട്ടിയതോടെ പെരുവഴിയിലായ അവസ്ഥയിലാണ് നിക്ഷേപകര്‍.

തിരക്കേറിയ സമയങ്ങളില്‍ അധിക ട്രിപ്പുമായി കൊച്ചി മെട്രോ. യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായതോടെ ജൂലൈ 15 മുതല്‍ അധിക ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയതായി കൊച്ചി മെട്രോ അറിയിച്ചു. ഒരു ദിവസം 12 ട്രിപ്പുകള്‍ കൂടുതലായി ഉണ്ടാവും. രാവിലെ 8 മുതല്‍ 10 വരെയും വൈകുന്നേരം 4 മുതല്‍ 7 വരെയുമുള്ള തിരക്കേറിയ സമയങ്ങളിലാണ് പുതിയ ഷെഡ്യൂള്‍ വരുന്നത്. ഈ സമയങ്ങളില്‍ ഏഴ് മിനിട്ട് ഇടവേളകളില്‍ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തും.

മേല്‍പാത നിര്‍മാണം നടക്കുന്ന അരൂര്‍ തുറവൂര്‍ ദേശീയ പാതയിലെ ഗതാഗത നിയന്ത്രണം തുടരുന്നു. ഒരു ഭാഗത്തേക്കുള്ള റോഡ് അടച്ചിട്ടാണ് കുഴികള്‍ അടയ്ക്കുന്നത്. ഇന്നും നാളെയും റോഡ് അടച്ചിടും. ഹൈവേയിലൂടെ തുറവൂര്‍ നിന്ന് അരൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം മാത്രമാണ് അനുവദിക്കുക. അരൂരില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ അരൂക്കുറ്റി- തൈക്കാട്ടുശേരി വഴി തിരിഞ്ഞു പോകണം. വലിയ ഭാര വാഹനങ്ങള്‍ ഇതുവഴി കടത്തി വിടില്ല.

എറണാകുളം വരാപ്പുഴയ്ക്കടുത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കിടപ്പുമുറിയില്‍ വെച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം മറ്റൊരു മുറിയില്‍ ഭര്‍ത്താവ് തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എറണാകുളം വരാപ്പുഴയ്ക്ക് അടുത്ത് വഴിക്കുളങ്ങരയില്‍ കൈതാരം ഘണ്ടകര്‍ണവേളി സ്വദേശി വിദ്യാധരന്‍ ( 63) ആണ് ഭാര്യ വനജയെ (58) കഴുത്തറുത്ത് കൊന്നശേഷം തൂങ്ങിമരിച്ചത്.

കാര്‍ വൈദ്യുത പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഷോക്കേറ്റ് യുവാവ് മരിച്ചു. കാസര്‍കോട് ബദിയടുക്ക മാവിനക്കട്ട സ്വദേശി കലന്തര്‍ ഷമ്മാസ് (21) ആണ് മരിച്ചത്.

കണ്ണൂര്‍ ശ്രീകണ്ഠപുരം ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി ഗവ.എല്‍പി സ്‌കൂളിനടുത്തുള്ള സ്വകാര്യ ഭൂമിയില്‍ മഴക്കുഴിയെടുക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ അടക്കമുള്ള നിധി ശേഖരം ലഭിച്ചു.
നിധി പൊലീസ് തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി. നാണയങ്ങള്‍ പരിശോധിച്ചു പഴക്കം നിര്‍ണയിക്കുമെന്ന് പുരാവസ്തു വകുപ്പ് അധികൃതര്‍ പറഞ്ഞു.

തൃശൂര്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയെ കേരളാ കേഡറില്‍ നിന്ന് ആന്ധ്ര കേഡറിലേക്ക് മാറ്റിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. മൂന്നു വര്‍ഷത്തേക്കാണ് ഡപ്യൂട്ടേഷന്‍. ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി തസ്തികയിലേക്കാണ് കൃഷ്ണതേജ പോകുന്നത്. ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശിയായ കൃഷ്ണ തേജ 2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വിശാലാടിസ്ഥാനത്തില്‍ പാര്‍ട്ടിക്ക് അനുകൂലമാണെന്ന് വിലയിരുത്തി ബി.ജെ.പി ദേശീയനേതൃത്വം. പ്രാദേശികപ്രശ്നങ്ങളാണ് ചില സംസ്ഥാനങ്ങളിലുണ്ടായ തിരിച്ചടിക്കു കാരണമെന്നും ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാണ സംസ്ഥാനങ്ങളില്‍ പ്രതിഫലിച്ചത് ഇതാണെന്നും തുടര്‍ച്ചയായി പത്തുവര്‍ഷം അധികാരത്തിലിരുന്നിട്ടും ബി.ജെ.പി.ക്ക് ദേശീയാടിസ്ഥാനത്തില്‍ ജനപ്രീതിക്ക് ഇടിവുണ്ടായിട്ടില്ലെന്നും നേതൃത്വം വിലയിരുത്തി.

മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് ചെയ്ത തെറ്റുകള്‍ കാരണമാണ് അവര്‍ക്ക് അധികാരം നഷ്ടമായതെന്നും ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബി.ജെ.പി. ശ്രദ്ധിക്കണമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കോണ്‍ഗ്രസ് ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കാനാണെങ്കില്‍ ജനങ്ങള്‍ ബി.ജെ.പി.യെ അധികാരത്തിലെത്തിച്ചതിന് ഫലമില്ലാതാകുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. രാജ്യത്ത് സാമൂഹിക, സാമ്പത്തിക പരിഷ്‌കാരം കൊണ്ടുവരാനുള്ള ഉപകരണമാണ് രാഷ്ട്രീയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അസമില്‍ പ്രളയത്തില്‍ കഴിഞ്ഞ ദിവസം 7 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 106 ലെത്തി. 24 ഓളം ജില്ലകളില്‍ കനത്ത നാശനഷ്ടങ്ങളുണ്ട്. ഇന്നലെ മരിച്ചവരില്‍ ഗോവാല്‍പാരയില്‍ ബോട്ട് മറിഞ്ഞ് മരിച്ചഒരു കുടുംബത്തിലെ 5 പേര്‍ ഉള്‍പ്പെടുന്നു. കാസിരംഗ ദേശീയ ഉദ്യാനത്തില്‍ 174 ലധികം വന്യമൃഗങ്ങള്‍ ഇതിനോടകം ചത്തിട്ടുണ്ട്.

ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന നൈജീരിയയില്‍ സ്‌കൂളില്‍ പരീക്ഷ നടക്കുന്നതിനിടെ കെട്ടിടം തകര്‍ന്ന് 22 വിദ്യാര്‍ത്ഥികള്‍ മരിച്ചു. 130ഓളം വിദ്യാര്‍ത്ഥികള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. നൈജീരിയിലെ സെന്‍ട്രല്‍ പ്ലേറ്റോ സംസ്ഥാനത്താണ് ഇന്നലെ അപകടമുണ്ടായത്.

പരീക്ഷണ പറക്കലിനിറങ്ങിയ യാത്രാ വിമാനം തകര്‍ന്ന് വിമാനത്തിലെ ക്രൂ അംഗങ്ങളായ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. റഷ്യയിലെ മോസ്‌കോയിലാണ് സുഖോയ് സൂപ്പര്‍ ജെറ്റ് വിമാനം തകര്‍ന്ന് വീണത്.

കോപ്പ അമേരിക്കയില്‍ മൂന്നാം സ്ഥാനത്തിനായ് നാളെ കാനഡയും ഉറുഗ്വായും ഏറ്റുമുട്ടും. 15 നാണ് രാവിലെ 5.30 നാണ് അര്‍ജന്റീന – കൊളംബിയ ഫൈനല്‍ പോരാട്ടം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *