s3 yt cover 1

കപ്പലുകളുടെ അറ്റകുറ്റപ്പണി നടത്തുന്ന കൊച്ചിന്‍ ഷിപ്യാര്‍ഡിന്റെ സേവനം തേടി വിദേശ കപ്പലുകള്‍ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലെ നാലായിരം കോടിയുടെ വികസന പദ്ധതികള്‍ രാജ്യത്തിന്റെ വികസനത്തിനു നാഴികക്കല്ലാകും. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. തുറമുഖങ്ങള്‍ വലിയ വളര്‍ച്ചയാണ് നേടിയത്. കേരളത്തിന്റെ വികസന ഉല്‍സവത്തില്‍ പങ്കെടുക്കാനായത് സൗഭാഗ്യമാണെന്നും മോദി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പരിപാടിയില്‍ പങ്കെടുത്തു.

ഗുരുവായൂര്‍, തൃപ്രയാര്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയും ഗുരുവായൂരില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തും പ്രധാനമന്ത്രി നരേന്ദ്ര മോദി. മറൈന്‍ ഡ്രൈവില്‍ ബിജെപി ശക്തികേന്ദ്ര പ്രമുഖരുടെ സമ്മേളനത്തില്‍ പ്രസംഗിച്ചു. തേക്കിന്‍തടിയില്‍ നിര്‍മിച്ച അമ്പും വില്ലും സമ്മാനിച്ചാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ മോദിയെ വരവേറ്റത്. ഗുരുവായൂരിലും തൃപ്രയാറിലും ഹെലികോപ്റ്റര്‍ ഇറങ്ങി ക്ഷേത്രത്തിലേക്കു റോഡു മാര്‍ഗം പോയ മോദിയെ കാണാന്‍ റോഡിനിരുവശത്തും ബാരിക്കേഡുകള്‍ക്കു പിറകില്‍ അനേകായിരങ്ങള്‍ കാത്തു നിന്നു.

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററിലെത്തിയ പ്രധാനമന്ത്രി റോഡ് മാര്‍ഗം ഗുരുവായൂരിലെ ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് പോയി. ഇവിടെ വസ്ത്രം മാറി മുണ്ടും മേല്‍മുണ്ടും ധരിച്ച ശേഷം ഇലക്ട്രിക് വാഹനത്തിലാണ് അദ്ദേഹം ക്ഷേത്രത്തിലേക്കെത്തിയത്. ദര്‍ശനത്തിനുശേഷം പ്രധാനമന്ത്രി ഗുരുവായൂരപ്പനു ദാരുശില്‍പം സമര്‍പ്പിച്ചു. ഒരു മണിക്കൂറോളം അദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചെലവഴിച്ചു.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*

ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. ഈ പദ്ധതി 2024 ജനുവരി 31 വരെ മാത്രം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,

ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455, *www.ksfe.com*

ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സാക്ഷി നിര്‍ത്തി സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയ്ക്കു വരന്‍ ശ്രേയസ് മോഹന്‍ താലികെട്ടി. താലികെട്ടു സമയം മോദി കൂപ്പുകൈകളുമായി നിന്നു. വധൂവരന്മാര്‍ക്കു മുല്ലപ്പൂകൊണ്ടുള്ള വരണമാല്യം കൈമാറിയതു പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. പാദങ്ങളില്‍ നമസ്‌കരിച്ച വധൂവരന്മാരെ മോദി ശിരസില്‍ കൈവച്ച് അനുഗ്രഹിച്ചു. വധൂവരന്മാര്‍ക്കൊപ്പം ഫോട്ടോയ്ക്കു പോസു ചെയ്തു. സ്ഥലത്തുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ ജയ്ശ്രീരാം എന്ന് ആര്‍പ്പുവിളിച്ചു. വേദിക്കു തൊട്ടു താഴെ നിന്നിരുന്ന ഉറ്റവരെ സുരേഷ് ഗോപി മോദിക്കു പരിചയപ്പെടുത്തി. അതിഥികളായെത്തിയ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ് തുടങ്ങിയവരെ മോദി അഭിവാദ്യം ചെയ്തു. ശക്തമായ സുരക്ഷാ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

തൃപ്രയാര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മീനൂട്ടും നടത്തി. ക്ഷേത്ര കുളത്തിലെത്തി അരിയും മലരും നല്‍കിയാണ് പ്രധാനമന്ത്രി മീനൂട്ട് വഴിപാട് നടത്തിയത്. കേരളീയ വേഷത്തിലാണു ക്ഷേത്ര ദര്‍ശനം നടത്തിയത്. ഒന്നേകാല്‍ മണിക്കൂറോളം തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലുണ്ടായിരുന്നു. മടങ്ങുന്നതിനിടെ വഴിയരികില്‍ കാത്തുനിന്ന പ്രവര്‍ത്തകരെ മോദി അഭിവാദ്യം ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ ഇടക്കിടെ വന്നതുകൊണ്ട് ബിജെപിക്കു വോട്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബിജെപി കേരളത്തില്‍ അപ്രസക്തമാണ്. കേരളത്തിന്റേത് മതേതര മനസാണെന്നും ജനങ്ങള്‍ക്കു കോണ്‍ഗ്രസിലാണു വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ സര്‍ക്കാരുമായി യോജിച്ച സമരം നടത്തുന്ന കാര്യം യുഡിഎഫ് ചച്ച ചെയ്തു തീരുമാനിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ രക്തദാഹിയാണെന്നും കുഞ്ഞുങ്ങളുടെ ചോര കാണുമ്പോള്‍ ആഹ്ലാദിക്കുന്ന സാഡിസ്റ്റാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

വ്യക്തിനിയമ പ്രകാരം നേടുന്ന വിവാഹമോചന വിവരം വിവാഹ രജിസ്റ്ററില്‍ രേഖപ്പെടുത്താന്‍ പ്രത്യേക സംവിധാനം വേണമെന്ന് ഹൈക്കോടതി. നിയമസഭ ആവശ്യമായ നടപടി സ്വീകരിക്കണം. വ്യക്തിനിയമ പ്രകാരം നടന്ന വിവാഹം രേഖപ്പെടുത്താന്‍ വ്യവസ്ഥയുണ്ടെങ്കിലും വിവാഹമോചനം രേഖപ്പെടുത്താന്‍ കോടതി ഉത്തരവിലൂടെ മാത്രമേ സാധ്യമാകൂവെന്നു കോടതി ചൂണ്ടിക്കാട്ടി.

*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍

കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

ഓഡിറ്റോറിയത്തില്‍ ഉള്‍ക്കൊള്ളാനാകുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ തിക്കിത്തിരക്കി എത്തിയതാണ് നാലു പേരുടെ മരണത്തിന് ഇടയാക്കിയ കുസാറ്റ് ദുരന്തത്തിന് കാരണമെന്ന് പോലീസ് ഹൈക്കോടതിയില്‍. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു നല്‍കിയ ഹര്‍ജിയിലാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആയിരം പേര്‍ക്ക് പങ്കെടുക്കാനാകുന്ന ഓഡിറ്റോറിയത്തില്‍ നാലായിരം പേരാണ് എത്തിയത്. ഓഡിറ്റോറിയത്തിലെ പടികളുടെ നിര്‍മിതിയില്‍ പിഴവുകളുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലൈംഗിക പീഡന കേസിലെ പ്രതിയായ മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി ജി മനു മുന്‍കൂര്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് അതിജീവിത സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി നല്‍കി.

എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനെ വിദ്യാര്‍ത്ഥി കയ്യേറ്റം ചെയ്തു. മൂന്നാം വര്‍ഷ ബിഎ അറബിക് വിദ്യാര്‍ത്ഥിയാണ് ഇതേ ഡിപ്പാര്‍ട്ട്മെന്റിലെ അധ്യാപകന്‍ നിസാമുദ്ദീനെ പിറകില്‍നിന്ന് കുത്തിയത്. അധ്യാപകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മഹാരാജാസ് കോളജിലെ മുന്‍ പ്രിന്‍സിപ്പലും സഭാചരിത്ര പണ്ഡിതനുമായ ഷെവലിയാര്‍ ഏബ്രഹാം അറയ്ക്കല്‍ അന്തരിച്ചു. 87 വയസായിരുന്നു.

പീരുമേട് കരടിക്കുഴി അയ്യപ്പ കോളജിന് സമീപം കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് റോഡില്‍ നിന്നു ഗര്‍ത്തത്തിലേക്കു തെന്നി മാറി അപകടം. കുമളിയില്‍നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസാണ് രാവിലെ അഞ്ചു മണിയോടെ അപകടത്തില്‍പ്പെട്ടത്. ബസ് ഭാഗ്യംകൊണ്ടു മാത്രമാണു താഴേക്കു മറിയാതിരുന്നത്.

സമസ്തയുടെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഭീഷണി കത്ത് തയ്യാറാക്കിയതിന് പിന്നില്‍ സത്താര്‍ പന്തല്ലൂര്‍ ആണെന്ന് പാണക്കാട് കുടുംബാംഗമായ സമീറലി ശിഹാബ് തങ്ങള്‍ ആരോപിച്ചു. സത്താര്‍ പന്തല്ലൂരിനെതിരെ സമസ്തയ്ക്ക് പരാതി നല്‍കുമെന്നും സമീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

മലപ്പുറം ചങ്ങരംകുളത്ത് രണ്ടര വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ചങ്ങരംകുളം പേരോത്തയില്‍ റഫീഖിന്റെ ഭാര്യ വന്നേരി സ്വദേശിനി ഹസീന(35)ക്കെതിരെയാണ് കേസ്. മകളേയും കൂട്ടി ഹസീന കിണറില്‍ ചാടുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തമിഴ്നാട്ടിലെത്തും. ചെന്നൈയില്‍ ഖേലോ ഇന്ത്യ ഗെയിംസ് മോദി ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ തിരുച്ചിറപ്പള്ളി ശ്രീരംഗം ക്ഷേത്രം സന്ദര്‍ശിക്കും. രാമനാഥപുരം രാമേശ്വരം ക്ഷേത്രത്തിലും ദര്‍ശനം നടത്തും.

പ്രമുഖ ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയിരുന്ന സാമ്പത്തിക വിലക്ക് നീട്ടി. രാജ്യത്തെ സാമ്പത്തിക രംഗത്തിന് അഭികാമ്യമല്ലാത്ത പ്രവര്‍ത്തങ്ങള്‍ സ്ഥാപനം ചെയ്യുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് വിലക്ക്. സിപിആര്‍ വിദേശ ഫണ്ട് സ്വീകരിക്കുന്നത് കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിരുന്നു.

ഡല്‍ഹി കര്‍ത്തവ്യപഥില്‍ വ്യാജ തിരിച്ചറിയില്‍ കാര്‍ഡുമായി എത്തിയ യുവാവിനെ അറസ്റ്റു ചെയ്തു. വിവിധ ജോലിക്കായി എത്തുന്നവരുടെ തിരിച്ചറിയില്‍ കാര്‍ഡില്‍ സ്വന്തം ഫോട്ടോ പതിച്ച് എത്തിയ ശിവം ചൗധരിയാണു പിടിയിലായത്. ഉത്തര്‍പ്രദേശിലെ ഹാപ്പൂര്‍ സ്വദേശിയാണ്.

ഗാസയിലേക്ക് മാനുഷിക സഹായമെത്തിക്കാന്‍ ഇസ്രയേല്‍ ഹമാസ് ധാരണ. ഖത്തറിന്റെയും ഫ്രാന്‍സിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ കൂടുതല്‍ അവശ്യ സാധനങ്ങള്‍ ഗാസയിലേക്ക് കടത്തിവിടാന്‍ അനുവദിക്കും.

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ ഇറാന്റെ മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു. ബലൂചി ഭീകര സംഘടനയായ ജെയ്ഷ് അല്‍-അദലിന്റെ രണ്ട് താവളങ്ങള്‍ക്കുനേരെയാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. വടക്കന്‍ ഇറാഖിലും സിറിയയിലും മിസൈല്‍ വിക്ഷേപിച്ചതിന് പിന്നാലെയാണ് ഇറാന്റെ പാകിസ്ഥാനിലേക്കുള്ള ആക്രമണം. കനത്ത തിരിച്ചടി നല്‍കുമെന്നും പാക്കിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കി.

നിലവിലെ ചെസ് ലോക ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെ തോല്‍പിച്ച ഇന്ത്യയുടെ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദ ഇന്ത്യയിലെ ചെസ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. നെതര്‍ലന്‍ഡ്‌സില്‍ നടന്ന ടാറ്റ സ്റ്റീല്‍ മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റിലായിരുന്നു ലോക ചാമ്പ്യനെ പ്രജ്ഞാനന്ദ തോല്‍പിച്ചത്. ഇതോടെയാണ് വെറ്ററന്‍ താരം വിശ്വനാഥന്‍ ആനന്ദിനെ മറികടന്ന് ഇന്ത്യയിലെ ചെസ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്താന്‍ പ്രജ്ഞാനന്ദയ്ക്കായത്.

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമെന്ന നേട്ടം എസ്.ബി.ഐയെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ സ്വന്തമാക്കി. നിലവില്‍ 5.70 ലക്ഷം കോടി രൂപയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷ്വറന്‍സ് കമ്പനിയായ എല്‍.ഐ.സിയുടെ വിപണിമൂല്യം. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയുടെ വിപണിമൂല്യം 5.60 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ രണ്ടുമാസത്തിനിടെ മാത്രം ഏകദേശം രണ്ടുലക്ഷം കോടി രൂപയുടെ വര്‍ധന എല്‍.ഐ.സി ഓഹരികളിലുണ്ടായിട്ടുണ്ട്. ഇന്നലെ എല്‍.ഐ.സിയുടെ ഓഹരിവില 5.30 ശതമാനം മുന്നേറി ഒരുവേള 900 രൂപ ഭേദിച്ചിരുന്നു. 2022 മേയ് 17നായിരുന്നു എല്‍.ഐ.സിയുടെ പ്രാരംഭ ഓഹരി വില്‍പന. 949 രൂപയായിരുന്നു ഇഷ്യൂ വിലയെങ്കിലും ലിസ്റ്റിംഗ് നടന്നത് 875 രൂപയിലായിരുന്നു. തുടര്‍ന്ന്, ഇന്നലെയാണ് ആദ്യമായി ഓഹരിവില ലിസ്റ്റിംഗ് വിലയേക്കാള്‍ ഉയരത്തിലെത്തിയത്. നിലവില്‍ 1.21 ശതമാനം ഉയര്‍ന്ന് 903.35 രൂപയിലാണ് എല്‍.ഐ.സി ഓഹരികള്‍ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 27 ശതമാനവും 6 മാസത്തിനിടെ 45 ശതമാനവും വളര്‍ച്ച എല്‍.ഐ.സി ഓഹരികള്‍ കൈവരിച്ചിട്ടുണ്ട്. ലിസ്റ്റിംഗിന് ശേഷം ഒരുവേള 530 രൂപവരെ കൂപ്പകുത്തിയ ഓഹരിവിലയാണ് ഇപ്പോള്‍ തിരിച്ചുകയറ്റത്തിന്റെ പാതയിലൂടെ കടന്നുപോകുന്നത്.’ജീവന്‍ ഉത്സവ്’ ഉള്‍പ്പെടെ അടുത്തിടെ പുറത്തിറക്കിയ പുത്തന്‍ ഇന്‍ഷ്വറന്‍സ് സ്‌കീമുകളുടെ സ്വീകാര്യതയുടെ പിന്‍ബലത്തില്‍ കൂടിയാണ് എല്‍.ഐ.സി ഓഹരികളുടെ കുതിപ്പ്.

ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ഓരോ അപ്ഡേറ്റിലും വ്യത്യസ്തമായ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ വാട്സ്ആപ്പ് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ചാനലിലും പോള്‍ ഫീച്ചര്‍ എത്തിയിരിക്കുകയാണ്. നിലവില്‍, ഐഒഎസ് പ്ലാറ്റ്ഫോമിലെ തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ പോള്‍ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ചാനല്‍ ഉടമകള്‍ക്ക് ഭൂരിപക്ഷാഭിപ്രായം അറിയാന്‍ സാധിക്കും. മാസങ്ങള്‍ക്കു മുന്‍പ് തന്നെ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പോള്‍ ഫീച്ചര്‍ ലഭ്യമാക്കിയിരുന്നു. ചാനലില്‍ ചാറ്റ് അറ്റാച്മെന്റ് മെനുവിലാണ് പുതിയ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. പോള്‍ സൃഷ്ടിക്കുന്നതില്‍ ചാനല്‍ ഉടമകള്‍ക്ക് പൂര്‍ണമായി നിയന്ത്രണം നല്‍കുന്ന തരത്തിലാണ് ഫീച്ചറിന്റെ പ്രവര്‍ത്തനം. ഒന്നിലധികം ഉത്തരങ്ങള്‍ നല്‍കുന്നത് ഒഴിവാക്കി, ഒരെണ്ണം മാത്രം തിരഞ്ഞെടുക്കാന്‍ കഴിയുന്ന വിധത്തിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ചാനല്‍ ഫോളോ ചെയ്യുന്നവര്‍ക്ക് ഈ ഫീച്ചര്‍ കൂടുതല്‍ ഉപകാരപ്രദമാകും. സ്വകാര്യതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനാല്‍ പോളില്‍ വോട്ട് ചെയ്യുന്നവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തുകയില്ല. ഈ ഫീച്ചര്‍ ഉപയോഗിക്കുന്നവര്‍ക്ക് മൊത്തം എത്ര വോട്ട് കിട്ടിയെന്ന് മാത്രമേ അറിയാന്‍ കഴിയുകയുള്ളൂ.

മഹേഷ് ബാബു നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ‘ഗുണ്ടുര്‍ കാരം’. മഹേഷ് ബാബുവിന്റെ ഗുണ്ടുര്‍ കാരം സിനിമ വമ്പന്‍ ഹിറ്റിലേക്ക് കുതിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ഗുണ്ടുര്‍ കാരം 164 കോടി രൂപയിലധികം നേടിയിട്ടുണ്ട്. ഗുണ്ടുര്‍ കാരത്തിന്റെ ഗാനത്തിനറെ ലിറിക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ‘രമണ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഗാനത്തിന്റെ പശ്ചാത്തലമായി ഒരു മാസ് രംഗമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശ്രീലീലയും മീനാക്ഷി ചൗധരിയുമാണ് പുതിയ ചിത്രത്തില്‍ നായികമാരായി എത്തിയിരിക്കുന്നത്. ജയറാമും ഒരു നിര്‍ണായക കഥാപാത്രമായി ചിത്രത്തില്‍ ഉണ്ട്. മഹേഷ് ബാബു നായകനായി എത്തുന്ന ചിത്രമായ ഗുണ്ടുര്‍ കാരത്തിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ നിര്‍മാതാവ് നാഗ വംശി പ്രവചിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഹിറ്റ്മേക്കര്‍ എസ് എസ് രാജമൗലി ചിത്രങ്ങള്‍ക്ക് ലഭിക്കുംവിധം ത്രിവിക്രം ശ്രീനിവാസിന്റെ ഗുണ്ടുര്‍ കാരവും കളക്ഷന്‍ നേടുമെന്നാണ് നാഗ വംശി പ്രവചിച്ചിരുന്നത്. ആഗോളതലത്തില്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ സംവിധായകന്‍ എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആറും ബാഹുബലിയൊക്കെ 1000 കോടിയിലധികം നേടി റെക്കോര്‍ഡിട്ടതാണ്. അന്ന് നിര്‍മാതാവ് നാഗ വംശി പറഞ്ഞതു കേട്ട് മഹേഷ് ബാബുവിന്റെ ആരാധകര്‍ ഗുണ്ടുര്‍ കാരത്തിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരുന്നത് വെറുതെയായില്ല എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് തെളിയിക്കുന്നത്.

ഷൈന്‍ ടോം ചാക്കോയുടെ നൂറാമത് ചിത്രം ‘വിവേകാനന്ദന്‍ വൈറലാണി’ലെ ആദ്യ ഗാനം പുറത്തിറങ്ങി. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് സിതാര കൃഷ്ണകുമാര്‍ ആണ്. ജനുവരി 19 ന് തിയറ്ററുകളിലെത്തുന്ന ഈ കമല്‍ ചിത്രം നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി എസ് ഷെല്ലി രാജും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും കമല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. നര്‍മ്മത്തില്‍ പൊതിഞ്ഞ് എത്തുന്ന ചിത്രം നായികാപ്രാധാന്യം കൂടിയുള്ളതാണെന്ന് ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ഉറപ്പ് തരുന്നുണ്ട്. സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. മാജിക് ഫ്രെയിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്. മെറീന മൈക്കിള്‍, ജോണി ആന്റണി, മാലാ പാര്‍വതി, മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാര്‍ത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കര്‍, സ്മിനു സിജോ, വിനീത് തട്ടില്‍, അനുഷാ മോഹന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ടാറ്റയുടെ നാലാമത്തെ ഇലക്ട്രിക് വാഹനം പഞ്ച് ഇവി പുറത്തിറങ്ങി. രണ്ടു മോഡലുകളിലായി അഞ്ച് വേരിയന്റുകളില്‍ ലഭിക്കുന്ന പഞ്ചിന്റെ റേഞ്ച് കുറഞ്ഞ മോഡലിന് 10.99 ലക്ഷം രൂപ മുതല്‍ 13.29 ലക്ഷം രൂപ വരെയും ലോങ് റേഞ്ചിന് 12.99 ലക്ഷം രൂപ മുതല്‍ 14.49 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില. രണ്ടു ബാറ്ററി പായ്ക്കുകളില്‍ പഞ്ച് ഇവി ലഭിക്കും. 25 കിലോവാട്ട്അവര്‍ ബാറ്ററി പാക്ക് ഉപയോഗിക്കുന്ന മോഡലിന് 315 കിലോമീറ്റര്‍ റേഞ്ചും 35 കിലോവാട്ട്അവര്‍ ബാറ്ററി പാക്ക് ഉപയോഗിക്കുന്ന ലോങ് റേഞ്ച് മോഡലിന് 421 കിലോമീറ്റര്‍ റേഞ്ചും ലഭിക്കുമെന്നാണ് ടാറ്റ അവകാശപ്പെടുന്നത്. ലോങ് റേഞ്ച് മോഡലിന് 50000 രൂപ അധികം നല്‍കിയാല്‍ 7.2 കിലോവാട്ട് എസി ചാര്‍ജര്‍ ലഭിക്കും. അഡ്വഞ്ചര്‍, എംപവേര്‍ഡ്, എംപവേര്‍ഡ് പ്ലസ് മോഡലുകള്‍ക്ക് 50000 രൂപ അധികം നല്‍കിയാല്‍ സണ്‍റൂഫും ലഭിക്കും. പഞ്ചിന്റെ ബുക്കിങ് ടാറ്റ നേരത്തെ ആരംഭിച്ചിരുന്നു. 21000 രൂപ നല്‍കി ടാറ്റയുടെ ഇലക്ട്രിക് കാര്‍ ബുക്ക് ചെയ്യാം. റേഞ്ച് കുറഞ്ഞ മോഡലിന് 3.3 കിലോ വാട്ട് എസി ചാര്‍ജറും റേഞ്ച് കൂടിയ മോഡലിന് 7.2 കിലോവാട്ട് ചാര്‍ജറുമുണ്ട്. 7.2 കിലോ വാട്ട് മുതല്‍ 11 കിലോവാട്ട് വരെയുള്ള ഓണ്‍ബോര്‍ഡ് ചാര്‍ജര്‍, 150 കിലോ വാട്ട് വരെ എസി ഫാസ്റ്റ് ചാര്‍ജിങ് എന്നിവ ഈ പ്ലാറ്റ്ഫോമില്‍ സാധ്യം. അതായത് 10 മിനിറ്റു കൊണ്ട് 100 കിലോമീറ്റര്‍ റേഞ്ച് ചാര്‍ജ് ചെയ്യാം. ലോങ് റേഞ്ചില്‍ 122 ബിഎച്ച്പി കരുത്തും 190 എന്‍എം ടോര്‍ക്കുമുള്ള ഇലക്ട്രിക് മോട്ടറും ഷോട്ട് റേഞ്ചില്‍ 81 എച്ച്പി കരത്തും 114 എന്‍എം ടോര്‍ക്കുമുള്ള മോട്ടറുമാണ് ഉപയോഗിക്കുന്നത്.

സിസ്റ്റര്‍ ജെസ്മി മഠമുപേക്ഷിച്ച് തന്റെ ജീവിതം പൊതുമണ്ഡലത്തിന് സമര്‍പ്പിച്ച് സാമൂഹ്യവും സാംസ്‌കാരികവും കലാസാഹിത്യപരവുമായ മണ്ഡലങ്ങളില്‍ വ്യാപൃതയായതിന്റെ നേര്‍സാക്ഷ്യങ്ങളായ ലേഖനങ്ങളുടെ സമാഹാരം. കേരളത്തിന്റെ സമകാലികാവസ്ഥയോടുള്ള സത്വരപ്രതികരണങ്ങളാണ് ഇവയിലെല്ലാമുള്ളത്. സാഹിത്യം, സിനിമ, കാരുണ്യപ്രവര്‍ത്തനം, ഫെമിനിസം തുടങ്ങീ വിവിധ വിഷയങ്ങളിലൂടെ തന്റെ നിലപാടുകളും അഭിപ്രായങ്ങളും വ്യക്തമാക്കുകയാണ് സിസ്റ്റര്‍ ജെസ്മി. ‘കേരള സ്റ്റോറികള്‍’. സിസ്റ്റര്‍ ജെസ്മി. ഡിസി ബുക്സ്. വില 189 രൂപ.

ദിവസവും പല ആവശ്യങ്ങള്‍ക്ക് പുറത്തു പോകുന്നവരാണ് നമ്മള്‍. വളരെ കുറച്ചു ദൂരമേ ഉള്ളുവെങ്കിലും ഓട്ടോയോ കാറോ ബസോ പിടിക്കുന്ന ശീലക്കാരാണ് കൂടുതലും. എന്നാല്‍ ഇനി യാത്രകള്‍ പരമാവധി സൈക്കിളിലാക്കുന്നതിനെ കുറിച്ച് ഒന്നു ആലോചിച്ചു നോക്കൂ. ദിവസവും ജോലിക്ക് പോകുമ്പോള്‍ ഓട്ടോയും ബസും പിടിക്കുന്നതിന് പകരം സ്വന്തമായി സൈക്കിള്‍ ചവിട്ടി പോകുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് പുതിയ പഠനം പറയുന്നത്. യാത്ര ചെയ്യാന്‍ മറ്റ് മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കുന്നവരെക്കാള്‍ സൈക്കിളിങ് ചെയ്യുന്നവര്‍ക്ക് വിഷാദം, ഉത്കണ്ഠ പോലുള്ള മാനസീക പ്രശ്‌നങ്ങള്‍ നേരിടുന്നത് കുറവാണെന്ന് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് എപ്പിഡെര്‍മിയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 16 നും 74 നുമിടയില്‍ പ്രായമായ 3,78,253 ആളുകളില്‍ അഞ്ച് വര്‍ഷമാണ് പഠനം നടത്തിയത്. അഞ്ചു വര്‍ഷത്തിനിടെ ജോലിസ്ഥലത്തേക്ക് സ്ഥിരമായി സൈക്കിളില്‍ യാത്ര ചെയ്യുന്നവരില്‍ മാനസികാരോഗ്യം മെച്ചപ്പെട്ടതായി കണ്ടെത്തി. സൈക്കിള്‍ ഉപയോഗിക്കുന്നവരില്‍ വിഷാദവും ഉത്കണ്ഠയും 15 ശതമാനം വരെ കുറഞ്ഞതായി പഠനത്തില്‍ വ്യക്തമാക്കുന്നു. പുരുഷന്മാരെക്കാള്‍ സ്ത്രീകളിലാണ് ഇത് കൂടുതല്‍ ഫലപ്രദമായതെന്നും പഠനം ചൂണ്ടികാണിക്കുന്നു. സൈക്കിളിങ് ആളുകളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല, കാര്‍ബണ്‍ എമിഷന്‍, ഗതാഗതക്കുരുക്ക്, വായു മലിനീകരണം എന്നിവ കുറയ്ക്കാന്‍ സഹായിക്കുമെന്നും പഠനത്തില്‍ ചൂണ്ടികാണിക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.09, പൗണ്ട് – 105.29, യൂറോ – 90.37, സ്വിസ് ഫ്രാങ്ക് – 96.43, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.44, ബഹറിന്‍ ദിനാര്‍ – 220.43, കുവൈത്ത് ദിനാര്‍ -269.97, ഒമാനി റിയാല്‍ – 215.84, സൗദി റിയാല്‍ – 22.16, യു.എ.ഇ ദിര്‍ഹം – 22.62, ഖത്തര്‍ റിയാല്‍ – 22.82, കനേഡിയന്‍ ഡോളര്‍ – 61.47.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *