◾സംസ്ഥാനത്തെ 23 തദ്ദേശ വാര്‍ഡുകളിലേക്ക് ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. പത്തിടത്ത് യുഡിഎഫ് വിജയിച്ചപ്പോള്‍ ഒമ്പത് സീറ്റുകള്‍ എല്‍ഡിഎഫ് നേടി. മൂന്നിടത്ത് ബിജെപി വിജയിച്ചു. ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിക്കും ജയം. നേരത്തെ നാല് സീറ്റുകളുണ്ടായിരുന്ന എല്‍ഡിഎഫ് അഞ്ച് സീറ്റുകള്‍ അധികമായി നേടി. 14 സീറ്റുകളുണ്ടായിരുന്ന യുഡിഎഫിന്റെ നില പത്തായി ചുരുങ്ങി. നാല് സീറ്റുകളുണ്ടായിരുന്ന ബിജെപിക്ക് മൂന്ന് സീറ്റുകളിലെ ജയിക്കാനായുള്ളൂ.
◾മിനിമം താങ്ങുവിലയ്ക്ക് നിയമം ആവശ്യപ്പെട്ട് ദില്ലിയില്‍ സമരം ചെയ്യുന്ന കര്‍ഷക നേതാക്കള്‍ക്കെതിരെ ദേശീയ സുരക്ഷാനിയമം ചുമത്താന്‍ നീക്കം. സമരത്തിനിടെ പൊതുമുതലോ സ്വകാര്യസ്വത്തോ നശിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും, സ്വത്തോ ബാങ്ക് അക്കൗണ്ടോ കണ്ടുകെട്ടുന്നത് അടക്കമുള്ള നടപടിയെടുക്കുമെന്നും അംബാല പൊലീസ് അറിയിച്ചു.
◾
*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*
കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*
◾പിവി സത്യനാഥന്‍ കൊയിലാണ്ടി പ്രദേശത്തെ പാര്‍ട്ടിയുടെ ധീരവും ജനകീയവുമായ മുഖമായിരുന്നുവെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അങ്ങേയറ്റം ദുഃഖഭരിതമായ നിമിഷമാണിതെന്നും സമഗ്രമായ അന്വേഷണത്തിലൂടെ കൊലപാതകത്തില്‍ പങ്കുള്ള മുഴുവന്‍ ആളുകളെയും നിയമത്തിന് മുന്‍പില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾ഉത്തമനായ സഖാവിനെയാണ് നഷ്ടമായതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. പ്രയാസകരമായ ജീവിതം നയിച്ചയാളാണ് പിവി സത്യനാഥനെന്നും നല്ലൊരു പാര്‍ട്ടി സെക്രട്ടറിയെയാണ് നഷ്ടമായതെന്നും പ്രതിയായ അഭിലാഷിന്റെ ക്രിമിനല്‍ സ്വഭാവം മനസിലാക്കിയപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണെന്നും ജയരാജന്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. സത്യനാഥ് സ്‌നേഹത്തോടെ വളര്‍ത്തി കൊണ്ടുവന്ന ആളാണ് പ്രതി. തയ്യാറെടുപ്പോടെ നടത്തിയ കൊലപാതകമാണിതെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി.
◾പിവി സത്യനാഥന്റെ കൊലപാതകക്കേസില്‍ അറസ്റ്റിലായ അഭിലാഷിനെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണെന്ന് എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കാനത്തില്‍ ജമീല. കൊയിലാണ്ടി നഗരസഭയിലെ പാലിയേറ്റീവ് കെയര്‍ വാഹനത്തിന്റെ ഡ്രൈവറായിരുന്നു അഭിലാഷ്. മദ്യപിച്ച് വാഹനം ഓടിക്കുന്നത് ഉള്‍പ്പെടെയുള്ള സ്വഭാവ പ്രശ്നങ്ങള്‍ അഭിലാഷിനുണ്ടായിരുന്നുവെന്നും കാനത്തില്‍ ജമീല പറഞ്ഞു.
◾കൊല്ലം, ആലപ്പുഴ, പാലക്കാട് എന്നിവിടങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും
മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾ബി.ജെപി ഐടി സെല്ലിന്റെ ഗാനം ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്തതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗാനം ജനങ്ങള്‍ നെഞ്ചിലേറ്റി കഴിഞ്ഞെന്നും സത്യത്തില്‍ ഗാനത്തിന്റെ ഹിന്ദി പകര്‍പ്പ് കൂടി പുറത്തിറക്കണമായിരുന്നെന്നും ചെന്നിത്തല പരിഹസിച്ചു.
◾തിരുവനന്തപുരം നേമത്ത് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ അക്യുപങ്ചര്‍ ചികിത്സ നടത്തിയ ഷിഹാബുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്യൂപങ്ചറിന്റെ മറവില്‍ ഷിഹാബുദ്ദീന്‍ വ്യാജ ചികിത്സ നടത്തുകയാണെന്ന് സെപ്തംബര്‍ മാസത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വെഞ്ഞാറമൂട്ടിലായിരുന്നു ഷിഹാബുദ്ദീന്റെ ചികിത്സാ കേന്ദ്രം. എന്നാല്‍ റിപ്പോര്‍ട്ടിന്‍മേല്‍ പൊലീസും ആരോഗ്യവകുപ്പും തുടര്‍നടപടികളൊന്നും സ്വീകരിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്ുകള്‍.
◾ബൈജൂസിനെതിരെ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ച് നിക്ഷേപകര്‍. ഇന്ന് ചേര്‍ന്ന എക്സ്ട്രാ ഓര്‍ഡിനറി ജനറല്‍ യോഗത്തിലാണ് ഒരു വിഭാഗം നിക്ഷേപകര്‍ ഇക്കാര്യമറിയിച്ചത്. ബൈജു രവീന്ദ്രന് കമ്പനിയെ മുന്നോട്ട് കൊണ്ടുപോകാന്‍ ഇനി കഴിയില്ലെന്നും ബൈജൂസില്‍ ഫൊറന്‍സിക് ഓഡിറ്റ് അടക്കം നടത്തണമെന്നും ഹര്‍ജിയില്‍ പറയുന്നു. റൈറ്റ്സ് ഇഷ്യൂ ചെയ്യാനുള്ള അവകാശം നിലവിലെ ബൈജൂസ് ഉടമകളില്‍ നിന്ന് എടുത്ത് മാറ്റണമെന്നും നിലവിലെ ഡയറക്ടര്‍ ബോര്‍ഡിനെ മാറ്റി പുതിയ ഡയറക്ടര്‍ ബോര്‍ഡിനെ ഉടന്‍ നിയമിക്കണമെന്നും ഇജിഎമ്മില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കാതിരുന്ന ബൈജു രവീന്ദ്രന്‍ ഇന്ത്യ വിട്ടെന്നും, ഇപ്പോള്‍ ദുബായിലാണെന്നുമാണ് സൂചന.
◾കണ്ടന്റ് മാസ്റ്ററിങും സിനിമ ഒടിടിയിലേക്ക് നല്‍കുന്നതും അടക്കമുള്ള വിവിധ വിഷയങ്ങളില്‍ നിര്‍മാതാക്കളുമായി നിലനില്‍ക്കുന്ന തര്‍ക്കത്തിന് പരിഹാരം ആവശ്യപ്പെട്ട് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്ക് സമരം പ്രഖ്യാപിച്ചു. അതിനാല്‍ സംസ്ഥാനത്തെ തിയറ്ററുകളില്‍ ഇന്ന് മുതല്‍ മലയാള സിനിമ റിലീസില്ല. 28ന് ഫിലിം ചേംബറിന്റെ സാന്നിധ്യത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ച വിളിച്ചുവെങ്കിലും പങ്കെടുക്കില്ലെന്നാണ് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറഞ്ഞിരിക്കുന്നത്.
◾ആലപ്പുഴ കാട്ടൂര്‍ വിസിറ്റേഷന്‍ പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന പ്രജിത്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് അധ്യാപകരെ സസ്‌പെന്റ് ചെയ്തു. കഴിഞ്ഞ 15 നാണ് പ്രജിത്തിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നിസ്സാര കാര്യത്തിന് ചില അധ്യാപകര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിന്റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഇന്ന് അധ്യാപകരുടെ മൊഴിയെടുക്കും. വിശദമായ അന്വേഷണത്തിന് എസ് പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആത്മഹത്യാ പ്രേരണ ഉണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും ബാലാവകാശ കമ്മീഷന്‍ അറിയിച്ചു.
◾ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. പ്രതിദിനം ടെസ്റ്റ് എടുക്കുന്നവരുടെ എണ്ണം മുപ്പതായി നിജപ്പെടുത്തി. മേയ് 1 മുതല്‍ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ ഇനി എച്ച് ഉണ്ടാവില്ല. ഗ്രൗണ്ട് ടെസ്റ്റില്‍ പാര്‍ക്കിങ്, കയറ്റിറക്കങ്ങള്‍, വളവുതിരിവുകള്‍ എന്നിവ ഉള്‍പ്പെടുത്തി. ഇരുചക്രവാഹനങ്ങളുടെ റോഡ് ടെസ്റ്റ് ഗ്രൗണ്ടിലല്ല വാഹന ഗതാഗതമുള്ള റോഡില്‍ തന്നെ നടത്തണമെന്നും സര്‍ക്കുലറിലുണ്ട്
◾ആറര കോടിയിലേറെ രൂപ കുടിശ്ശിക വരുത്തിയതോടെ മോട്ടോര്‍ വാഹന വകുപ്പിനുള്ള സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതായി സി-ഡിറ്റ് അറിയിച്ചു. ഫെസിലിറ്റി മാനേജ്‌മെന്റ് പ്രോജക്ട് വഴി മോട്ടോര്‍ വാഹന വകുപ്പിന് വേണ്ടി ഒട്ടേറെ സേവനങ്ങളാണ് സി-ഡിറ്റ് നല്‍കിവരുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ സേവനങ്ങള്‍ തടസപ്പെടുമെന്ന മുന്നറിയിപ്പ് സി-ഡിറ്റ് നല്‍കിയിരുന്നു. അതുകൊണ്ടും പ്രയോജനമില്ലാതെ വന്നതോടെയാണ് സേവനം നിര്‍ത്തിവയ്ക്കുകയാണെന്ന് കാണിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.
◾കായംകുളത്ത് എംഎസ്എം കോളേജിന് മുന്‍വശത്തായി ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. തീ പിടുത്തത്തില്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു. കായംകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന ബസിനാണ് തീ പിടിച്ചത്. യാത്രക്കാര്‍ക്ക് പരിക്കില്ലെന്നാണ് പ്രാഥമിക വിവരം.
◾തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി വരികയായിരുന്ന ആംബുലന്‍സിന്റെ ടയര്‍ ഊരിത്തെറിച്ച് അതുവഴി പോവുകയായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ദേശീയപാതയുടെ നിര്‍മ്മാണം നടക്കുന്ന ഓടയിലേക്ക് തെറിച്ചുവീണ സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.
◾പത്തനംതിട്ടയില്‍ പി.സി. ജോര്‍ജിന് പകരം പി.എസ്. ശ്രീധരന്‍പിള്ളയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സാധ്യത തേടി ബിജെപി. ജോര്‍ജിനെ അംഗീകരിക്കില്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തന്നെ ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. മത സാമുദായിക സംഘടനകള്‍ ഒന്നടങ്കം ശ്രീധരന്‍പിള്ളയെ പിന്തുണയ്ക്കുമെന്നാണ് എന്‍ഡിഎ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
◾രാജസ്ഥാനിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തില്‍ ആരോഗ്യമന്ത്രി ഗജേന്ദ്ര സിങ്, സാമൂഹിക നീതി മന്ത്രി അവിനാശ് ഗെലോട്ട്, ഭക്ഷ്യ പൊതുവിതരണമന്ത്രി സുമിത് ഗൊദാര എന്നിവരെ ഒരുക്കങ്ങളില്‍ അലംഭാവം കാണിച്ചതിനാല്‍ നാല്‍പത് മിനിറ്റോളം എഴുന്നേല്‍പ്പിച്ച് നിര്‍ത്തി. അതോടൊപ്പം രാജസ്ഥാനില്‍ 100 ശതമാനത്തില്‍ കുറഞ്ഞ ഒരു റിസല്‍ട്ടും സ്വീകാര്യമല്ലെന്ന മുന്നറിയിപ്പും നല്‍കി.
◾മുതിര്‍ന്ന ശിവസേന നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ മനോഹര്‍ ജോഷി അന്തരിച്ചു. 86 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് ലോക്‌സഭാ സ്പീക്കര്‍ ആയിരുന്നു മനോഹര്‍ ജോഷി.
◾അയോധ്യ പ്രതിഷ്ഠയ്ക്ക് പിന്നാലെ ക്യാമ്പസില്‍ ആഘോഷം നടത്തിയതിനെ വിമര്‍ശിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടെന്ന പരാതിയിന്‍മേല്‍ മുംബൈ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സസ് വിദ്യാര്‍ത്ഥി അനന്തകൃഷ്ണന്‍ അറസ്റ്റിലായി. മതവിദ്വേഷം പ്രചരിപ്പിച്ചെന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തിരിക്കുന്നത്.
◾തെലങ്കാനയില്‍ ബിആര്‍എസ് വനിതാ എംഎല്‍എ ലാസ്യ നന്ദിത വാഹനാപകടത്തില്‍ മരിച്ചു. മുപ്പത്തിയെട്ട് വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ ഹൈദരാബാദ് ഔട്ടര്‍ റിംഗ് റോഡില്‍ പട്ടന്‍ചെരുവില്‍ വച്ച് കാര്‍ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾കിഴക്കന്‍ സിക്കിമില്‍ അപ്രതീക്ഷിതമായുണ്ടായ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഒറ്റപ്പെട്ട് പോയ 500 ലധികം വിനോദ സഞ്ചാരികളെ ഇന്ത്യന്‍ കരസേനയുടെ ഭാഗമായ ത്രിശക്തി കോര്‍പ്‌സിലെ സൈനികര്‍ രക്ഷപ്പെടുത്തി. സീറോ ഡിഗ്രി സെല്‍ഷ്യസിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
◾ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള നാലാം ടെസ്റ്റിന് റാഞ്ചിയില്‍ തുടക്കമായി. 2-1 ന്റെ ലീഡ് സ്വന്തമാക്കിയ ഇന്ത്യയ്ക്ക് ഈ മത്സരം കൂടി ജയിച്ചാല്‍ പരമ്പര നേടാം. ഇംഗ്ലണ്ടിനു ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റു വീഴ്ത്തുന്നത് ഇന്ത്യന്‍ ബോളര്‍മാര്‍ തുടരുകയാണ്. ഒന്നാം ദിനം ചായക്ക് പിരിയുമ്പോള്‍ ഇംഗ്ലണ്ട് 198 ന് 5 എന്ന നിലയിലാണ്. ജസ്പ്രീത് ബുംറക്ക് പകരക്കാരനായി നാലാം ടെസ്റ്റില്‍ അരങ്ങേറിയ ഇന്ത്യന്‍ പേസര്‍ ആകാശ് ദീപ് ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റുകള്‍ പിഴുതു.
◾പേടിഎം പേയ്മെന്റ് ബാങ്കില്‍ സാലറി അക്കൗണ്ട് ഉള്ളവര്‍ക്ക് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. മാര്‍ച്ച് 15-നകം സാലറി അക്കൗണ്ട് നിര്‍ബന്ധമായും മറ്റൊരു ബാങ്കിന്റെ അക്കൗണ്ടിലേക്ക് മാറ്റേണ്ടതാണ്. മാര്‍ച്ച് 15-ന് ശേഷം പേടിഎം പേയ്മെന്റ് ബാങ്കിലെ അക്കൗണ്ടിലേക്ക് ഇത്തരം ക്രെഡിറ്റുകളൊന്നും സ്വീകരിക്കാന്‍ കഴിയില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കി. സാലറി അക്കൗണ്ടിന് പുറമേ, സബ്സിഡികളോ, മറ്റ് ആനുകൂല്യങ്ങളോ പേടിഎം പേയ്മെന്റ് ബാങ്കില്‍ വരുന്നുണ്ടെങ്കിലും അക്കൗണ്ട് ഉടന്‍ മാറ്റണം. ഫെബ്രുവരി 29ന് ശേഷം പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും ഇടപാടുകള്‍ നടത്തുന്നതിനും ഉള്‍പ്പെടെ പേടിഎം പേയ്മെന്റ് ബാങ്കിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതിനായി ജനുവരി 31-ന് റിസര്‍വ് ബാങ്ക് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് നിക്ഷേപങ്ങളും ക്രെഡിറ്റ് ഇടപാടുകളും സ്വീകരിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 15-ലേക്ക് ദീര്‍ഘിപ്പിക്കുകയായിരുന്നു. പേടിഎം പേയ്മെന്റ് ബാങ്കില്‍ ഉപഭോക്താക്കള്‍ വാലറ്റ്, ഫാസ്ടാഗ്, നാഷണല്‍ കോമണ്‍ മൊബൈല്‍ കാര്‍ഡ് എന്നിവയില്‍ പണം നിക്ഷേപിക്കുന്നതിന് റിസര്‍വ് ബാങ്ക് ഇതിനോടകം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രമക്കേടുകള്‍ കണ്ടെത്തിയതോടെയാണ് പേടിഎം പേയ്മെന്റ് ബാങ്കിനെതിരെ ആര്‍ബിഐ സ്വരം കടുപ്പിച്ചത്.
◾ബഡ്ജറ്റില്‍ ഒതുങ്ങുന്ന വിലയ്ക്ക് കിടിലനൊരു ഹാന്‍ഡ്സെറ്റ് അവതരിപ്പിച്ച് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് ഇന്‍ഫിനിക്സ്. ബഡ്ജറ്റ് ഫ്രണ്ട്‌ലി സ്മാര്‍ട്ട്ഫോണായ ഇന്‍ഫിനിക്സ് ഹോട്ട് 40ഐ ആണ് വില്‍പ്പനയ്ക്കായി എത്തിച്ചിരിക്കുന്നത്. 10,000 രൂപയില്‍ താഴെ മാത്രം വില വരുന്ന ഹാന്‍ഡ്സെറ്റിന്റെ ആദ്യ സെയില്‍ ആരംഭിച്ചിട്ടുണ്ട്. ബഡ്ജറ്റ് സെഗ്മെന്റില്‍ ഉള്‍പ്പെട്ട ഇന്‍ഫിനിക്സ് ഹോട്ട് 40ഐ ഫോണിന്റെ ഓഫറുകളെ കുറിച്ച് അറിയാം. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇന്‍ഫിനിക്സ് ഹോട്ട് 40ഐ പുറത്തിറക്കുന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ കമ്പനി പങ്കുവെച്ചിരുന്നു. നിലവില്‍, ഒരേയൊരു സ്റ്റോറേജ് ഓപ്ഷനില്‍ മാത്രമാണ് പുറത്തിറക്കിയിട്ടുള്ളത്. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഓപ്ഷനാണ് ഉള്ളത്. 10,999 രൂപയാണ് യഥാര്‍ത്ഥ വിലയെങ്കിലും, ഫ്ലിപ്കാര്‍ട്ടില്‍ 9,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുകയാണെങ്കില്‍ 1000 രൂപയുടെ കിഴിവ് നേടാനാകും. ഇതോടെ, സ്മാര്‍ട്ട്ഫോണിന്റെ വില 8,999 രൂപയായി ചുരുങ്ങുന്നതാണ്. പാം ബ്ലൂ, ഗ്രീന്‍, ഹൊറൈസണ്‍ ഗോള്‍ഡ്, സ്റ്റാര്‍ലിറ്റ് ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളിലാണ് സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ കഴിയുക.
◾നടന്‍ വിജയ്യുടെ മകന്‍ ജേസണ്‍ന്റെ അരങ്ങേറ്റ സിനിമയില്‍ നായകനായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ലൈക പ്രൊഡക്ഷന്‍സ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. 2009ല്‍ പുറത്തിറങ്ങിയ വേട്ടക്കാരന്‍ ചിത്രത്തില്‍ വിജയ്‌ക്കൊപ്പം ജേസണ്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ചിത്രം ഇറങ്ങി 14 വര്‍ഷത്തിന് ശേഷം സംവിധായകന്റെ റോളിലാണ് ജേസണ്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ടൊറന്റോ ഫിലിം സ്‌കൂളില്‍ നിന്ന് ഫിലിം പ്രൊഡക്ഷനില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് ജേസണ്‍ സിനിമയിലേക്ക് എത്തുന്നത്. ദുല്‍ഖറിനെ കൂടാതെ ധ്രുവ് വിക്രം, വിജയ് സേതുപതി എന്നിവര്‍ സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംവിധായകന്‍ ശങ്കറിന്റെ മകള്‍ അതിഥി ശങ്കറും ജേസണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന റോളില്‍ എത്തുമെന്നാണ് സൂചന. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം എന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും എ.ആര്‍ റഹ്‌മാന്റെ മകന്‍ എ.ആര്‍ അമിന്‍ ആണ് സംഗീത സംവിധായകനാവുക എന്നും വാര്‍ത്തകളുണ്ട്.
◾ഇന്നു മുതല്‍ ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ച് മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി ചിത്രം ‘മലൈകോട്ടൈ വാലിബന്‍’. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം തന്നെ 10 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രം പിന്നീട് ബോക്‌സ് ഓഫീസില്‍ തളരുകയായിരുന്നു. 65 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് ആകെ നേടാനായത് 30 കോടി രൂപ മാത്രമാണ്. അതുകൊണ്ട് ജനുവരി 25ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം 31 ദിവസങ്ങള്‍ക്കുള്ളില്‍ ഒ.ടി.ടിയില്‍ ത്തെിയിരിക്കുകയാണ്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ ആണ് സിനിമ എത്തിയിരിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ ചിത്രം സ്ട്രീം ചെയ്യും. ‘ആമേന്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പി. എസ് റഫീഖ് തിരക്കഥയെഴുതിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം കൂടിയാണ് വാലിബന്‍. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, സെഞ്ച്വറി ഫിലിംസ്, മാക്‌സ് ലാബ്, സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
◾2024 ജനുവരിയില്‍ യമഹയുടെ കയറ്റുമതിയില്‍ ഇടിവ് രേഖപ്പെടുത്തി. യമഹയുടെ വില്‍പ്പന റിപ്പോര്‍ട്ടില്‍ 2024 ജനുവരിയില്‍ കുറഞ്ഞ കയറ്റുമതി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫാസിനോ ഒഴികെയുള്ള മിക്കവാറും എല്ലാ മോഡലുകളും വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തി. ഫാസിനോ മികച്ച പ്രതിവര്‍ഷ, പ്രതിമാസ വളര്‍ച്ച നേടി. യമഹ സലൂട്ടോയ്ക്ക് പ്രതിമാസ അടിസ്ഥാനത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 2023 ജനുവരിയില്‍ കയറ്റുമതി ചെയ്ത 18,215 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 30.40 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 12,678 യൂണിറ്റായിരുന്നു കഴിഞ്ഞ മാസത്തെ മൊത്തം കയറ്റുമതി. 2023 ഡിസംബറില്‍ കയറ്റുമതി ചെയ്ത 23,333 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിമാസ കയറ്റുമതി 45.66 ശതമാനം കുറഞ്ഞു. ഈ പട്ടികയില്‍ യമഹ എഫ്ഇസഡ് 56.62 ശതമാനം വിഹിതം നേടി. എന്നാല്‍ 2024 ജനുവരിയില്‍ അതിന്റെ കയറ്റുമതി 18.02 ശതമാനവും 34.57 ശതമാനം എംഒഎമ്മും കുറഞ്ഞ് 7,178 യൂണിറ്റായി. 2024 ജനുവരിയില്‍ 8,756 യൂണിറ്റുകളും 2023 ഡിസംബറില്‍ 10,970 യൂണിറ്റുകളും കയറ്റുമതി ചെയ്തു. സലൂട്ടോ മോഡലിന്റെ കയറ്റുമതി 2024 ജനുവരിയില്‍ 56.21 ശതമാനം ഇടിഞ്ഞ് 1,248 യൂണിറ്റുകളായി. ഈ മോഡലിന്റെ കയറ്റുമതി 2023 ഡിസംബറില്‍ കയറ്റുമതി ചെയ്ത 526 യൂണിറ്റുകളില്‍ നിന്ന് 137.26 ശതമാനം വര്‍ദ്ധിച്ചു.
◾അനുഭവങ്ങളുടെ വെളിച്ചത്തില്‍ കാലം, ദേശം, സംസ്‌കാരം, ജീവിതം എല്ലാം അമൃതുപോലെ കടഞ്ഞെടുത്ത്, ചാലിച്ച് എഴുതുന്ന ജീവിത ഗന്ധികളായ കഥകളാണ് ഇതിലുള്ളത്. തനിമയാര്‍ന്ന സംഭവങ്ങളും നേര്‍ക്കാഴ്ചകളും ഭാവനയും നിരീക്ഷണവും ആസ്വാദ്യതയും തോരണങ്ങള്‍ ചാര്‍ത്തി മനോഹരമാക്കിയിരിക്കുന്നു. ജീവിതം സുഖവും സമാധാനവും ശാന്തിയും പൂര്‍ണ്ണതയും നിറഞ്ഞ പറുദീസ അല്ലെന്നും സ്ഥായിയായ ഭാവം ദുഃഖം തന്നെയാണെന്നും അതിനെ മറികടക്കുന്നതിന് നാം നടത്തുന്ന ഭൂമിയിലെ യുദ്ധമാണ് മനുഷ്യന്റെ ഓരോ പ്രയത്‌നങ്ങളെന്നും നാം അറിയുന്നു. അപര്യാപ്തതയും അപൂര്‍ണ്ണതയും അസംതൃപ്തിയും അസഹിഷ്ണതയും നിറഞ്ഞ ജീവിതത്തില്‍ സത്യമായ സ്‌നേഹമാണ് മൃതസഞ്ജീവനിയായി മാറുന്നതെന്ന് സോമദാസ് ഊന്നിപ്പറയുന്നു. ‘അരക്കള്ളനും മുക്കാല്‍ കള്ളനും’. സോമദാസ് കോട്ടയില്‍. ഗ്രീന്‍ ബുക്സ്. വില 170 രൂപ.
◾ലോകമെമ്പാടും മാസം തികയാതെയുള്ള കുട്ടികളുടെ ജനനം ഒരോ ദിവസവും വര്‍ധിച്ചുവരികയാണ്. ഇതിന് കാരണം പ്ലാസ്റ്റിക്കുമായുള്ള നിരന്തര സമ്പര്‍ക്കമാണെന്ന് ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ഗ്രോസ്മാന്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍ ഗവേഷകരുടെ പഠനം. ഭക്ഷണം പൊതിയാനും സൂക്ഷിക്കാനുമായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളില്‍ കണ്ടു വരുന്ന സിന്തറ്റിക് രാസവസ്തുവായ താലേറ്റുകളാണ് മാസം തികയാതെയുള്ള പ്രസവത്തിന് പിന്നിലെ പ്രധാന കാരണം. പ്ലാസ്റ്റിക്കിനെ മൃദുവും ഫ്ലെക്സിബിളും ഏറെക്കാലം നിലനില്‍ക്കുന്നതിനും വേണ്ടിയാണ് ഉല്‍പന്നങ്ങളില്‍ താലേറ്റുകള്‍ ചേര്‍ക്കുന്നത്. താലേറ്റുകള്‍ ഇപ്പോള്‍ ലോകത്തെല്ലായിടത്തും വ്യാപിച്ചു കഴിഞ്ഞു. പലവിധത്തില്‍ ഗര്‍ഭിണികളുടെ ശരീരത്തിലുള്ള താലേറ്റുകള്‍ പ്ലാസന്റയില്‍ വീക്കമുണ്ടാക്കുകയും മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാവുകയും ചെയ്യുന്നു. ഡി (2എഥൈല്‍ഹെക്‌സില്‍) താലേറ്റ് അല്ലെങ്കില്‍ ഡിഇഎച്ച്പി എന്ന് വിളിക്കപ്പെടുന്ന ഭക്ഷണ പാക്കേജിങ്ങില്‍ കാണപ്പെടുന്ന താലേറ്റുകള്‍ മൂലമാണ് മാസം തികയാതെയുള്ള പ്രസവങ്ങള്‍ പ്രധാന കാരണമെന്ന് പഠനം പറയുന്നത്. 2018ല്‍ മാസം തികയാതെയുള്ള ജനനങ്ങളില്‍ 5% മുതല്‍ 10% വരെ ഡിഇഎച്ച്പിയും അതിന് സമാനമായ മൂന്ന് രാസവസ്തുക്കളും കാരണമാകുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തി. 40 ആഴ്ചയാണ് ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് പൂര്‍ണ്ണ വളര്‍ച്ചയിലെത്താന്‍ വേണ്ടത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെല്‍ത്ത് എന്‍വൈറോണ്‍മെന്റല്‍ ഇന്‍ഫ്ലുവന്‍സേഴ്‌സ് ഓണ്‍ ചൈള്‍ഡ് ഹെല്‍ത്ത് ഔട്ട്കംസ് നിന്നുള്ള ഡേറ്റ ഉപയോഗിച്ചു നടത്തിയ പഠനത്തില്‍ 5006 ഗര്‍ഭിണികളികളെയാണ് ഉള്‍പ്പെടുത്തിയത്. ഇവരുടെ ഗര്‍ഭകാലത്തെ വിവിധ ഘട്ടങ്ങളില്‍ ശേഖരിച്ച മൂത്ര സാമ്പിളില്‍ വ്യത്യസ്ത തരത്തിലുള്ള തലേറ്റുകളുടെ സാന്നിധ്യം കണ്ടെത്തിയെന്നും പഠനത്തില്‍ പറയുന്നു. നിത്യേനയുള്ള പ്ലസ്റ്റിക് ഉപയോഗത്തിലൂടെ പല രീതിയില്‍ താലേറ്റുകള്‍ പലകാലങ്ങളിലായി നമ്മുടെ ഉള്ളില്‍ കയറിയിട്ടുണ്ട്. പ്ലാസ്റ്റിക് ഉപയോഗിക്കുമ്പോള്‍ റീസൈക്ലിങ് കോര്‍ഡ് 3 കാണിക്കുന്ന പ്ലാസ്റ്റിക്കുകള്‍ നിര്‍ബന്ധമായും ഉപയോഗിക്കരുതെന്നും പഠനത്തില്‍ പറയുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.89, പൗണ്ട് – 104.97, യൂറോ – 89.73, സ്വിസ് ഫ്രാങ്ക് – 94.11, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.44, ബഹറിന്‍ ദിനാര്‍ – 220.01, കുവൈത്ത് ദിനാര്‍ -269.36, ഒമാനി റിയാല്‍ – 215.34, സൗദി റിയാല്‍ – 22.10, യു.എ.ഇ ദിര്‍ഹം – 22.57, ഖത്തര്‍ റിയാല്‍ – 22.77, കനേഡിയന്‍ ഡോളര്‍ – 61.49.