P3 yt cover

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും, യൂത്ത് കോണ്‍ഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്ന ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍. എന്നാല്‍ ആരോപണം ഉന്നയിച്ച് വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെ ആദായ നികുതി വകുപ്പ് അപ്പലേറ്റ് ട്രൈബ്യൂണല്‍ അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചു. 2018 -19 ലെ ആദായനികുതി അടക്കാന്‍ 45 ദിവസം വൈകിയെന്നതിന്റെ പേരിലാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്നും 210 കോടി രൂപ പിഴയും ചുമത്തിയതെന്നും അജയ് മാക്കന്‍ ആരോപിച്ചിരുന്നു. ബിജെപി ഭരണഘടന വിരുദ്ധമായി ഇലക്ട്രല്‍ ബോണ്ടിലൂടെ ആറായിരം കോടി രൂപ സമാഹരിച്ച ബാങ്ക് അക്കൗണ്ട് നിലനില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസിന്റ അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെട്ടതെന്നും നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു

ഇലക്ട്രല്‍ ബോണ്ടിലൂടെ ബിജെപി അനധികൃതമായി ആറായിരം കോടി രൂപ സമാഹരിച്ചിട്ടുണ്ടെന്നും ആ അക്കൗണ്ടുകള്‍ ഒന്നും മരവിപ്പിക്കപ്പെട്ടിട്ടില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സാധാരണക്കാരായ പ്രവര്‍ത്തകരിലൂടെ സമാഹരിച്ച തുകയാണ് കോണ്‍ഗ്രസിന്റെ അക്കൗണ്ടിലുണ്ടായിരുന്നതെന്നും അക്കൗണ്ട് നിരോധിച്ചതിനെതിരെ ജനാധിപത്യപരമായ രീതിയില്‍ പോരാടുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും അജയ് മാക്കന്റെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു.

കേരളത്തെ സാമ്പത്തികമായി എല്‍.ഡി.എഫ് സര്‍ക്കാര്‍ തകര്‍ത്ത് തരിപ്പണമാക്കിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബജറ്റിന് പുറത്ത് കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും ഉണ്ടാക്കി 25,874 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാക്കിയെന്ന സി.എ.ജിയുടെ കണ്ടെത്തല്‍ പ്രതിപക്ഷ ആരോപണങ്ങള്‍ ശരി വയ്ക്കുന്നതാണെന്നും ബജറ്റിന് പുറത്തുള്ള കടമെടുപ്പ് അപകടം ഉണ്ടാക്കുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കിയതാണെന്നും സതീശന്‍ പറഞ്ഞു.

*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ നാടകീയ രംഗങ്ങള്‍. മന്ത്രി ആര്‍ ബിന്ദു യോഗത്തില്‍ പങ്കെടുക്കുകയും അധ്യക്ഷ സ്ഥാനം സ്വയം ഏറ്റെടുക്കുകയും ചെയ്തതിനെതിരെ വിസി രംഗത്ത് വന്നു. സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ അയക്കേണ്ടെന്ന പ്രമേയം ഇടതു അംഗം സെനറ്റില്‍ അവതരിപ്പിച്ചതിന് തുടര്‍ന്ന് പ്രമേയം പാസായി എന്ന് മന്ത്രിയും, പാസായില്ലെന്ന് വൈസ് ചാന്‍സിലറും അറിയിച്ചു. തുടര്‍ന്ന് എതിര്‍പ്പുമായി ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത അംഗങ്ങള്‍ രംഗത്തെത്തി. സേര്‍ച്ച് കമ്മിറ്റിയിലേക്ക് താന്‍ പേര് നല്‍കുമെന്നു വിസിയും വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി എകെജി സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇ.പി.ജയരാജന് പാര്‍ട്ടി നിര്‍ദ്ദേശം. ഇ.പി.ജയരാജന്‍ ഇനി മുതല്‍ എകെജി സെന്ററിന്റെ ചുമതലകളില്‍ സജീവമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോക്സഭാ തെരഞ്ഞടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക ചര്‍ച്ചയ്ക്കായി സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത്. 15 സീറ്റുകളില്‍ സിപിഎം, നാലിടത്ത് സിപിഐ, ഒരെണ്ണത്തില്‍ കേരള കോണ്‍ഗ്രസ് എമ്മും മത്സരിക്കുമെന്നാണ് മുന്നണി യോഗത്തിലെ തീരുമാനം. കേരള കോണ്‍ഗ്രസ് എം മത്സരിക്കുന്ന കോട്ടയത്ത് തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തിലെ മണ്ഡലങ്ങളില്‍ ജനപ്രീതിയുളള മുതിര്‍ന്ന നേതാക്കളെയും എംഎല്‍എമാരെയുമാണ് സിപിഎം പരിഗണിക്കുന്നതെന്നാണ് സൂചന. ജില്ലാ സെക്രട്ടറിയേറ്റ് നല്‍കിയിരിക്കുന്ന പട്ടികയില്‍ കെ കെ ശൈലജ, എ പ്രദീപ് കുമാര്‍, ടി വി രാജേഷ് എന്നിവരുടെ പേരുകളുമുണ്ട്.

തെരഞ്ഞെടുപ്പ് ഏതു സമയത്തു തീരുമാനിച്ചാലും അപ്പോള്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കഴിയുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ലീഗ് ഉള്‍പ്പെടെ പല കക്ഷികളും പല ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്, അതൊക്കെ പരിഗണിക്കുമെന്നും ലീഗ് നേതാക്കള്‍ ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയാല്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

തൃശ്ശൂരിലെ ക്രിസ്ത്യന്‍ പള്ളിക്ക് പിന്നാലെ ഹിന്ദു ഐക്യവേദി ഉണ്ടെന്നും കോണ്‍ഗ്രസ് അതിനെ പ്രതിരോധിക്കുമെന്നും വിഡി സതീശന്‍. ബാബരി മസ്ജിദ് കൊണ്ട് അവസാനിക്കും എന്നാണ് കരുതിയത്. എന്നാല്‍ വര്‍ഗീയ ധ്രുവീകരണം നടത്തി വോട്ട് ഉണ്ടാക്കാനുള്ള ഹീനമായ ശ്രമം കേരളത്തിലും തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിന്റെ ഗ്രൗണ്ടില്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ട് വെടിക്കെട്ട് നടത്തുന്നതിനുള്ള സൗകര്യമില്ലാത്തതിനാലാണ് ഈ മാസം 21, 22 തീയതികളില്‍ നടത്താനിരുന്ന വെടിക്കെട്ടിന് അനുമതി നിരസിച്ചതെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ്. കണയന്നൂര്‍ തഹസില്‍ദാര്‍, ജില്ലാ ഫയര്‍ ഓഫീസര്‍, കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എന്നിവര്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വെടിക്കെട്ട് അനുമതിക്കായുള്ള അപേക്ഷ നിരസിച്ചതെന്ന് കളക്ടര്‍ അറിയിച്ചു. ക്ഷേത്ര ഗ്രൗണ്ടിന്റെ കിഴക്കുവശം റോഡും, റോഡിന്റെ കിഴക്ക് വശത്ത് ഇരുനില വ്യാപാരസ്ഥാപനങ്ങളും വീടുകളും ഉണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.

കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കൊളജ് ഹയര്‍ സെക്കന്‍ഡറി ഗ്രൗണ്ടില്‍ ഈ മാസം 18ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി സംവദിക്കുന്ന മുഖാമുഖം പരിപാടിയുടെ പന്തലിന് 18 ലക്ഷം രൂപ അനുവദിച്ചു. എസ്റ്റിമേറ്റ് തുകയായ 17,03,490 രൂപയും അധികമായി ചെലവാകുന്ന ഒരു ലക്ഷം രൂപ ഉള്‍പ്പെടെ ആകെ 18,03,490 രൂപക്കുള്ള ഭരണാനുമതി നല്‍കണമെന്നാണ് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

തൃശ്ശൂരിലെ ഇന്ത്യന്‍ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി(ICCSL) 400 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തി. സൊസൈറ്റി ചെയര്‍മാന്‍ സോജന്‍ അവറാച്ചന്‍, സിനിമാ നിര്‍മാതാവ് അജിത് വിനായക, വഡോദ്ര സ്വദേശി യതിന്‍ ഗുപ്ത എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതേ തുടര്‍ന്ന് രാജ്യ വ്യാപകമായി 34 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്.

ജനങ്ങളോടു മര്യാദയ്ക്കു പെരുമാറണമെന്ന നിര്‍ദേശം അനുസരിക്കാന്‍ പൊലീസുകാര്‍ക്ക് ഇത്രയ്ക്കു ബുദ്ധിമുട്ടാണോ എന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. എത്രകാലം പറയണമെന്നും എത്ര പറഞ്ഞാലും മനസ്സിലാവില്ല എന്നാണോയെന്നും അദ്ദേഹം ചോദിച്ചു. അപകടത്തെ തുടര്‍ന്ന് പൊലീസ് പിടികൂടിയ വാഹനം വിട്ടുകിട്ടാന്‍ കോടതി ഉത്തരവുമായി സ്റ്റേഷനിലെത്തിയ അഭിഭാഷകനോട് മോശമായി പെരുമാറിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരായ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് അദ്ദേഹം രൂക്ഷവിമര്‍ശനം നടത്തിയത്.

ബേലൂര്‍ മഖ്നയെ മയക്കുവെടി വെക്കാനുള്ള ദൗത്യം തുടരുന്നു. ഇന്നത്തെ സംഘത്തിനൊപ്പം ഡോക്ടര്‍ അരുണ്‍ സഖറിയയും. ആന ഇപ്പോള്‍ നില്‍ക്കുന്നത് കുത്തനെയുള്ള പ്രദേശത്താണെന്നും അവിടെ മയക്കുവെടി സാധ്യത ഇല്ലെന്നും നോര്‍ത്ത് വയനാട് ഡിഎഫ്ഒ.

പാലക്കാട് അട്ടപ്പാടിയില്‍ വൈക്കോല്‍ കയറ്റി വന്ന ഓടിക്കൊണ്ടിരുന്ന ടിപ്പര്‍ ലോറിക്ക് തീപിടിച്ചു. അതേസമയം ഇതുവഴി വന്ന പുതുര്‍ ആര്‍ആര്‍ടി സംഘത്തിന്റെ അവസരോചിതമായ ഇടപെടലിലൂടെ വന്‍ അപകടം ഒഴിവായി. ലോറി മുന്നോട്ടെടുത്തതും കത്തിയ വൈക്കോല്‍ ലോറിയില്‍ നിന്നും മാറ്റിയതും ആര്‍ആര്‍ടി സംഘമാണ്. മഞ്ചിക്കണ്ടി ഭാഗത്തു നിന്നും ആനയെ തുരത്തിയ ശേഷം പുതൂരിലേക്ക് തിരിച്ചു വരികയായിരുന്നു സംഘം.

സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവര്‍ സീതത്തോട് കൊടുമുടി അനിതയ്ക്ക് ദാരുണാന്ത്യം. പത്തനംതിട്ട ചിറ്റാര്‍ കൊടുമുടിയില്‍ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. കുട്ടികള്‍ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

കൊല്ലം പട്ടാഴിയില്‍ നിന്ന് ഇന്നലെ കാണാതായ ആദിത്യന്‍, അമല്‍ എന്നിവരുടെ മ്യതദേഹം കല്ലടയാറ്റില്‍ ആറാട്ടുപുഴ പാറക്കടവിന് സമീപം കണ്ടെത്തി. വെണ്ടാര്‍ ശ്രീ വിദ്യാധിരാജാ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ആദിത്യനും അമലും. കുട്ടികള്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.

കേരള പൊലീസിന്റെ തോക്കും തിരകളും നഷ്ടമായ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്. ഡ്യൂട്ടിയിലുണ്ടായിരുന്ന കമാന്‍ഡന്റ് ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഡ്യൂട്ടിക്ക് പോയപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്ന് തോക്കും തിരകളും നഷ്ടമായത്.

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ ദളിത് ക്രിസ്ത്യന്‍ പള്ളിക്കെതിരെ ബജ്രംഗദള്‍ ആക്രമണം. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് രംഗറെഡ്ഡിയിലെ ജനവാഡയില്‍ പള്ളിക്ക് നേരെ തീവ്രഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. മഡിഗ ദളിത് ക്രിസ്ത്യന്‍ വിഭാഗത്തിലെ ആളുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ രണ്ട് കുട്ടികളടക്കം ഇരുപത് പേര്‍ക്ക് പരിക്കേറ്റു.

ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസമാകുമ്പോഴേക്കും ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍പ്പാലമായ അടല്‍ സേതുവില്‍ വാഹനം നിര്‍ത്തി സെല്‍ഫി എടുത്ത 1612 പേര്‍ക്ക് പിഴ ചുമത്തി. 12 ലക്ഷത്തിലധികം രൂപ പിഴയിനത്തില്‍ മാത്രമായി ലഭിച്ചുവെന്ന് പിഴ ചുമത്തിയ മുംബൈ പൊലീസും നവി മുംബൈ പൊലീസും അറിയിച്ചു.

ദില്ലിയില്‍ പെയിന്റ് ഫാക്ടറിയില്‍ ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയുണ്ടായ തീപിടിത്തത്തില്‍ മരണം പതിനൊന്നായി. അലിപ്പൂര്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന പെയിന്റ് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. 22 അംഗ അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്.

മലയാളികളായ ആനന്ദ് ഹെന്റി, ഭാര്യ ആലിസ് ബെന്‍സിഗര്‍, രണ്ട് ഇരട്ട കുട്ടികള്‍ എന്നിവരെ കാലിഫോര്‍ണിയയിലെ സാന്‍ മറ്റെയോ നഗരത്തിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവ് ആനന്ദ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കുട്ടികളുടെ മരണകാരണം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷം മാത്രമേ വെളിപ്പെടുത്തുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.

അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയുന്നതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും അദ്ദേഹത്തിന്റെ ഭരണകൂടവും കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസിലെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് കോര്‍ഡിനേറ്റര്‍ ജോണ്‍ കിര്‍ബി അവകാശപ്പെട്ടു. കഴിഞ്ഞ ഏതാനും നാളുകള്‍ക്കുള്ളില്‍ നിരവധി ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികളാണ് അമേരിക്കയില്‍ കൊല്ലപ്പെട്ടത്.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 445 റണ്‍സിന് പുറത്ത്. 326 ന് 5 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 46 റണ്‍സെടുത്ത ധ്രുവ് ജുറെലിന്റെയും 37 റണ്‍സെടുത്ത അശ്വിന്റെയും 26 റണ്‍സെടുത്ത ബുംറയുടേയും മികച്ച പ്രകടനത്തിലൂടെ 445 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ചായക്ക് പിരിയുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 31 റണ്‍സെടുത്തിട്ടുണ്ട്.

അതിസമ്പന്നരുടെ എണ്ണം ഇന്ത്യയില്‍ അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ടുകള്‍. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ ഫയലിംഗ് ഡാറ്റയുടെ വിശകലനത്തില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. കോടീശ്വരന്മാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് കാണിക്കുന്നത്. 2023 ഡിസംബര്‍ 31 ഓടെ കോടീശ്വരന്മാരുടെ എണ്ണം 2.16 ലക്ഷത്തില്‍ എത്തിയിട്ടുണ്ടെന്നാണ് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. 2023-24 ലെ മൂല്യനിര്‍ണ്ണയ വര്‍ഷത്തില്‍ വരുമാന വിവരങ്ങള്‍ നല്‍കിയത് 12,218 പേരായിരുന്നു, ഇത് 2022-23 ലെ മുന്‍വര്‍ഷത്തേക്കാള്‍ കൂടുതലാണ്. ഈ വര്‍ഷം 10,528 പേര്‍ വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞു. 2022-23 ല്‍ രാജ്യത്ത് ഒരു കോടി രൂപയോ അതില്‍ കൂടുതലോ വരുമാനമുള്ളവരുടെ എണ്ണം 1,87,000 ആയിരുന്നു. എന്നാല്‍ 2023-24 മൂല്യനിര്‍ണ്ണയ വര്‍ഷത്തില്‍ ഒരു കോടിയില്‍ കൂടുതല്‍ വരുമാനമുള്ള ആളുകളുടെ എണ്ണം 2.16 ലക്ഷമാണെന്നും കണക്കാക്കപ്പെടുന്നു. 2021-22 മൂല്യനിര്‍ണ്ണയ വര്‍ഷത്തില്‍ ഒരു കോടിയില്‍ കൂടുതല്‍ വരുമാനമുള്ള ആളുകളുടെ എണ്ണം 1,14,446 ആയിരുന്നു, അതേസമയം 2020-21 ല്‍ 81,653 നികുതിദായകര്‍ മാത്രമാണ് ഒരു കോടി രൂപയില്‍ കൂടുതല്‍ വരുമാനം കാണിച്ചത്. ഇക്കൂട്ടത്തില്‍ വ്യക്തിഗത നികുതിദായകര്‍, കമ്പനികള്‍, സ്ഥാപനങ്ങള്‍, ട്രസ്റ്റുകള്‍ എന്നിവയും ഉള്‍പ്പെടുന്നുണ്ട്.

ഗൂഗിളിള്‍ ജനറേറ്റീവ് എഐ ചാറ്റ്‌ബോട്ടിന് നിരവധി അപ്‌ഗ്രേഡുകള്‍ പ്രഖ്യാപിച്ചിരുന്നു. ഗൂഗിള്‍ ബാര്‍ഡ് എന്നതിന് പകരം ജെമിനി എന്ന പേരും നല്‍കിയതും പുതിയ ആന്‍ഡ്രോയിഡ് ആപ്പ് പുറത്തിറക്കിയത്, പുതിയ അള്‍ട്രാ 1.0 ഭാഷാ മോഡല്‍ കൊണ്ടുവരുന്നതുള്‍പ്പെടെ പുതിയ അപ്‌ഡേറ്റുകള്‍ ഗൂഗിള്‍ അവതരിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍ ജെമിനി ഉപയോക്താക്കള്‍ക്കു ഗൂഗിള്‍ കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ചാറ്റ്‌ബോട്ടില്‍ രഹസ്യ വിവരങ്ങളൊന്നും പങ്കിടരുതെന്നാണ് ഗൂഗിളിന്റെ നിര്‍ദേശം. ജെമിനിയില്‍ ഉപയോക്താക്കളുടെ ചാറ്റുകള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണിതെന്നും ഗൂഗിള്‍ പറയുന്നു. ഹ്യുമന്‍ റിവ്യൂവേഴ്‌സിന് നിരീക്ഷണത്തിനായി ചാറ്റ് കൈമാറുന്നതിന് മുമ്പ് ഇമെയില്‍ വിലാസങ്ങളും ഫോണ്‍ നമ്പറുകളും പോലുള്ള ഉപയോക്താവിനെ തിരിച്ചറിയും വിധമുള്ള വിവരങ്ങള്‍ നീക്കം ചെയ്യപ്പെടുമെങ്കിലും ഉപയോക്താക്കളുടെ സംഭാഷണങ്ങള്‍, ലൊക്കേഷന്‍, ഫീഡ്ബാക്ക്, ഉപയോഗ വിവരങ്ങള്‍ എന്നിവ ഗൂഗിള്‍ ശേഖരിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഓണ്‍ലൈനില്‍ പങ്കിടുന്ന വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള ചെറിയ സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും വിവരങ്ങള്‍ പങ്കിടുന്നതില്‍ ശ്രദ്ധിക്കണമെന്നും ഗൂഗിള്‍ മുന്നറിയിപ്പില്‍ പറയുന്നു. ഉപയോക്താക്കള്‍ക്ക് myactivtiy.google.com/product/gemini എന്നതില്‍നിന്നും ജെമിനി ആപിലെ സംഭാഷണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയും, പക്ഷേ ആക്റ്റിവിറ്റി ഓഫ് ചെയ്താലും 72 മണിക്കൂര്‍ വരെ ഹിസ്റ്ററിയില്‍ ഇവ കാണാനാകും.

ബോക്‌സ് ഓഫീസില്‍ കുതിച്ച് മമ്മൂട്ടി നിറഞ്ഞാടിയ ‘ഭ്രമയുഗം’. ഓപ്പണിംഗ് ദിനത്തില്‍ ഗംഭീര കളക്ഷന്‍ ആണ് ചിത്രം നേടിയിരിക്കുന്നത്. 2.30 കോടി രൂപയാണ് ആദ്യ ദിനം ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും നേടിയത്. 863 ഷോകളാണ് കഴിഞ്ഞ ദിവസം കേരളത്തില്‍ മാത്രം വന്നത്. മറ്റ് സംസ്ഥാനങ്ങളിലെയും ജിസിസിയിലെയും കണക്കുകള്‍ വന്നാല്‍ ചിത്രത്തിന്റെ കളക്ഷന്‍ അഞ്ച് കോടിക്ക് മുകളിലാകും എന്നും റിപ്പോര്‍ട്ടുകളുണ്ട്. രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമില്‍ എത്തിയ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മനക്കല്‍ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്. തേവന്‍ എന്ന നാടോടി ഗായകന്‍ ആയാണ് അര്‍ജുന്‍ അശോകന്‍ വേഷമിട്ടത്. സിദ്ധാര്‍ത്ഥ് ഭരതന്‍ മമ്മൂട്ടിയുടെ മകനായാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഭ്രമയുഗം എന്ന ഹാഷ് ടാഗ് എക്‌സില്‍ നിലവില്‍ ട്രെന്‍ഡിംഗ് ആണ്.

‘പ്രേമം’ എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് സായ് പല്ലവി. പ്രേമത്തിലെ മലര്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. സായ് പല്ലവിയുടെ കരിയറില്‍ വഴിത്തിരിവായ കഥാപാത്രവും ‘മലര്‍ മിസ്’ തന്നെ ആയിരുന്നു. പ്രേമത്തിന്റെ വന്‍ വിജയമായിത്തിന് ശേഷം താരം തമിഴിലും തെലുങ്കിലും ഒക്കെ തന്റെ പ്രതിഭ തെളിയിച്ചു. ഇപ്പോഴിതാ അങ്ങ് ബോളിവുഡില്‍ വരെ എത്തി നില്‍ക്കുകയാണ് സായ് പല്ലവി. സിനിമയുടെ ചിത്രീകരണം ജപ്പാനില്‍ ആരംഭിച്ചു. സിദ്ധാര്‍ത്ഥ് പി.മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജപ്പാനിലെ പ്രസിദ്ധമായ സപ്പാറോ സ്‌നോ ഫെസ്റ്റിവല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിന്നുള്ള ഇരുവരുടേയും ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്. ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാനാണ് സായ് പല്ലവിയുടെ നായകനായി എത്തുന്നത്. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആമിര്‍ ഖാനാണ് നിര്‍മ്മാണം. ആദിത്യ ചോപ്രയുടെ മഹാരാജാ എന്ന ചിത്രത്തിലൂടെയാണ് ജുനൈദ് ഖാന്റെ അരങ്ങേറ്റം. ജുനൈദിന്റെ രണ്ടാമത്തെ ചിത്രമാണിത്.

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാണ കമ്പനിയായ മാരുതി സുസുക്കി അതിന്റെ മാതൃ കമ്പനിയായ സുസുക്കിയുമായി സഹകരിച്ച് ഒരു ഇലക്ട്രിക് എയര്‍ കോപ്റ്റര്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. തുടക്കത്തില്‍ ജപ്പാന്‍, അമേരിക്ക തുടങ്ങിയ വിപണികളില്‍ കമ്പനി ഇത് അവതരിപ്പിക്കും, പിന്നീട് ഇത് ഇന്ത്യന്‍ വിപണിയിലും അവതരിപ്പിക്കാനാകും. ഈ എയര്‍ കോപ്റ്ററുകള്‍ ഡ്രോണുകളേക്കാള്‍ വലുതായിരിക്കുമെന്നും എന്നാല്‍ സാധാരണ ഹെലികോപ്റ്ററുകളേക്കാള്‍ ചെറുതായിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പൈലറ്റടക്കം മൂന്ന് പേര്‍ക്കെങ്കിലും ഇരിപ്പിടം ഉണ്ടായിരിക്കും. 1.4 ടണ്‍ ഭാരമുള്ള എയര്‍ കോപ്റ്ററിന് പറന്നുയരുമ്പോള്‍ സാധാരണ ഹെലികോപ്റ്ററിന്റെ പകുതി ഭാരമുണ്ടാകും. ടേക്ക് ഓഫിനും ലാന്‍ഡിംഗിനും കെട്ടിടത്തിന്റെ മേല്‍ക്കൂര ഉപയോഗിക്കാന്‍ ഈ ഭാരക്കുറവുമൂലം സാധിക്കും. വൈദ്യുതീകരണം മൂലം എയര്‍ കോപ്റ്ററിന്റെ ഘടകങ്ങളില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും ഇത് അതിന്റെ നിര്‍മ്മാണ, പരിപാലന ചെലവുകള്‍ കുറയ്ക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കമ്പനി ആദ്യം ഈ എയര്‍ കോപ്റ്റര്‍ ഒരു എയര്‍ ടാക്സി ആയി ജപ്പാനിലെയും അമേരിക്കയിലെയും വിപണികളില്‍ അവതരിപ്പിക്കും. ഇതിന് ശേഷം ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനും പദ്ധതിയുണ്ട്. മാരുതി സുസുക്കി ഇലക്ട്രിക് എയര്‍ കോപ്റ്ററിന് സ്‌കൈഡ്രൈവ് എന്ന് പേരിടും. 12 മോട്ടോറുകളും റോട്ടറുകളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ കോപ്റ്റര്‍ 2025 ല്‍ ജപ്പാനില്‍ നടക്കുന്ന ഒസാക്ക എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വളരെ ചെറിയതോതില്‍ ആരംഭിച്ച ഒരു ചെരുപ്പുനിര്‍മ്മാണ കമ്പനി ശാഖോപശാഖകളുള്ള ഒരു വന്‍വൃക്ഷമായി വളര്‍ന്നത് ആളുകള്‍ അദ്ഭുതാദരങ്ങളോടെ ഇന്ന് നോക്കിനില്‍ക്കുന്നു. ഒരു വ്യാപാരസ്ഥാപനത്തിന്റെ വളര്‍ച്ചകൊണ്ടു മാത്രമല്ല വി.കെ.സി. മമ്മത്‌കോയ സമാദരണീയനായത്. തന്റെ കാലഘട്ടത്തിന്റെയും സമൂഹത്തിന്റെയും സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം. -എം.ടി. വാസുദേവന്‍ നായര്‍. രാഷ്ട്രീയനേതാവും വ്യവസായിയുമായ വി.കെ.സി. മമ്മത്‌കോയയുടെ ആത്മകഥ. ‘ഇനിയും നടക്കാം’. മാതൃഭൂമി. വില 200 രൂപ.

ഇരുമ്പ്, മഗ്നീഷ്യം, സിങ്ക്, സെലിനിയം, കാല്‍സ്യം, പൊട്ടാസ്യം എന്നിവയുള്‍പ്പെടെ വിവിധ വിറ്റാമിനുകളും ധാതുക്കളും ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്. ഓട്‌സില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോള്‍ ആന്റിഓക്‌സിഡന്റുകള്‍ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിലൂടെ വാര്‍ദ്ധക്യത്തെയും രോഗത്തെയും പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പോളിഫെനോളുകള്‍ ഹൃദ്രോഗം, സ്ട്രോക്ക്, അതുപോലെ ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്നതിന് സഹായിക്കും. ആരോഗ്യകരമായ രോഗപ്രതിരോധ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുക മാത്രമല്ല, രക്തത്തിലെ കൊളസ്ട്രോളിന്റെയും രക്തത്തിലെ പഞ്ചസാരയുടെയും അളവ് കുറയ്ക്കുകയും ചെയ്യുന്ന ബീറ്റാ-ഗ്ലൂക്കന്‍ എന്ന നാരുകള്‍ ഓട്‌സില്‍ അടങ്ങിയിരിക്കുന്നു. പതിവായി ഓട്‌സ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യതയും ടൈപ്പ് 2 പ്രമേഹവും കുറയ്ക്കാന്‍ സഹായിക്കും. ബീറ്റാ-ഗ്ലൂക്കന്‍ ശരിയായ ദഹന പ്രവര്‍ത്തനം നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൂടാതെ ഒരു പ്രീബയോട്ടിക് ആയി പ്രവര്‍ത്തിക്കുന്നു. പ്രീബയോട്ടിക്സ് പ്രധാനമായും കുടലിലെ സംരക്ഷിത സൂക്ഷ്മാണുക്കളെ പോഷിപ്പിക്കുകയും ചീത്ത ബാക്ടീരിയകളുടെ വളര്‍ച്ചയെ തടയുകയും ചെയ്യുന്നു. ഓട്‌സില്‍ നാരുകളും പോഷകങ്ങളും കൂടുതലാണ്. പക്ഷേ പൂരിതവും ട്രാന്‍സ് ഫാറ്റും പഞ്ചസാരയും കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിച്ചേക്കും. ഓട്‌സ് പോലുള്ള മുഴുവന്‍ ധാന്യങ്ങളും നാരുകളാല്‍ സമ്പന്നമായ ഭക്ഷണങ്ങളും ചഅഎഘഉ യുമായി ബന്ധപ്പെട്ട രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.നോണ്‍ ഫാറ്റഇ ലിവര്‍ ഡിസീസ് ഉള്ളവര്‍ക്ക് ഓട്‌സ് പോലുള്ള ഉയര്‍ന്ന നാരുകളാല്‍ സമ്പന്നമായ പോഷകാഹാരം ഫലപ്രദമാകുമെന്നും ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.02, പൗണ്ട് – 104.45, യൂറോ – 89.35, സ്വിസ് ഫ്രാങ്ക് – 94.19, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.14, ബഹറിന്‍ ദിനാര്‍ – 220.28, കുവൈത്ത് ദിനാര്‍ -269.56, ഒമാനി റിയാല്‍ – 215.67, സൗദി റിയാല്‍ – 22.14, യു.എ.ഇ ദിര്‍ഹം – 22.60, ഖത്തര്‍ റിയാല്‍ – 22.80, കനേഡിയന്‍ ഡോളര്‍ – 61.58.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *