yt cover 26

പതിമൂന്ന് ഇനങ്ങളുള്ള ഓണക്കിറ്റ് സംസ്ഥാനത്തെ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ് ലക്ഷം പേര്‍ക്ക് 36 കോടി രൂപ ചെലവിലാണ് ഈ വര്‍ഷത്തെ കിറ്റ് വിതരണം. സപ്ലൈകോ ഓണവിപണികള്‍ സെപ്തംബര്‍ 6 മുതല്‍ ആരംഭിക്കും. ജൈവ പച്ചക്കറിയും, ഓണം ഫെയറുകളും ഒരുക്കും. മാവേലി സ്റ്റോറില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴക്കൂട്ടത്ത് അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ വീടുവിട്ടിറങ്ങിയ 13 വയസുകാരിയെ ഇതുവരെ കണ്ടെത്താനായില്ല. ആസാം സ്വദേശിയും നിലവില്‍ കഴക്കൂട്ടത്ത് താമസവുമായ അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മീന്‍ ബീഗത്തെ (13) ആണ് ഇന്നലെ രാവിലെ 10 മണി മുതല്‍ കഴക്കൂട്ടത്തെ വാടക വീട്ടില്‍ നിന്ന് കാണാന്‍ ഇല്ലാത്തത്. അന്വേഷണം പുരോഗമിക്കുന്നുവെന്ന് സിറ്റി പോലീസ് കമ്മീഷ്ണര്‍ സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം

*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഓഗസ്റ്റ് 20 ലെ വിജയി : പ്രദീപ് കുമാര്‍, താന്നിത്തോട്, പത്തനംതിട്ട*

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി തസ്മീനായുള്ള അന്വേഷണം അര്‍ദ്ധരാത്രിക്ക് ശേഷവും തുടരുകയാണ്. കുട്ടി ഹൈവേയിലൂടെ കഴക്കൂട്ടം ജംഗ്ഷന്‍ വരെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയതായി തിരുവനന്തപുരം പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. വിവിധ സംഘങ്ങളായി തിരിഞ്ഞ് റോഡുകളിലും ആരാധനാലയങ്ങളിലും ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന്‍ പോലുള്ള സ്ഥലങ്ങളിലും ഒറ്റപ്പെട്ട മറ്റ് പ്രദേശങ്ങളിലുമെല്ലാം പൊലീസ് വിശദമായ തെരച്ചില്‍ നടത്തുകയാണ്.

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരി തസ്മിത് തംസുമിയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് കുട്ടി തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂര്‍ – കന്യാകുമാരി എക്സ്പ്രസ് ട്രെയിനില്‍ കയറിയതായി പൊലീസിന് വിവരം ലഭിച്ചു. ഇത്രേ ട്രെയിനില്‍ കുട്ടിയുടെ എതിര്‍വശത്തുള്ള സീറ്റില്‍ ഇരിക്കുകയായിരുന്ന ഒരു യാത്രക്കാരിയാണ് പൊലീസിന് നിര്‍ണായക വിവരം കൈമാറിയത്. തിരുവനന്തപുരത്തു നിന്ന് കുട്ടി ട്രെയിന്‍ കയറിയെന്നാണ് സഹയാത്രിക പൊലീസിനെ അറിയിച്ചത്. ട്രെയിനില്‍ ഇരുന്ന് കുട്ടി കരയുന്നതു കണ്ട യാത്രക്കാരി കുട്ടിയുടെ ഫോട്ടോ എടുത്തു. ഈ ഫോട്ടോയാണ് പൊലീസിന് ലഭിച്ചത്. പെണ്‍കുട്ടിയുടെ അച്ഛന്‍ ഇത് തന്റെ മകള്‍ തന്നെയെന്ന് പൊലീസിനെ അറിയിച്ചു. ഇതോടെ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്.

വയനാട് ദുരന്തബാധിതരുടെ പുനരധിവാസം ഉടനെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 75 സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സ് താമസ യോഗ്യമാക്കിയിട്ടുണ്ട്, 83 കുടുംബങ്ങള്‍ക്ക് ഇവിടെ താമസിക്കാം. 219 കുടുംബം ഇപ്പോഴും ക്യാമ്പിലാണ്, കൂടുതല്‍ വീടുകള്‍ കണ്ടെത്തി ഇവരുടെ പുനരധിവാസം വേഗത്തിലാക്കുമെന്നും വിദഗ്ധരുമായും ജനപ്രതിനിധികളുമായും പുനരധിവാസ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

*നൂറാം ഓണം ആഘോഷമാക്കി പുളിമൂട്ടില്‍ സില്‍ക്സ്*

മലയാളികളുടെ വിവാഹ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ പുളിമൂട്ടില്‍ സില്‍ക്സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷത്തോടൊപ്പം നൂറാം ഓണാഘോഷവും. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂര്‍ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷത്തോടൊപ്പം നൂറാം ഓണാഘോഷവും. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

വയനാട് ദുരന്ത ഭൂമിയില്‍ നിന്ന് 119 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും 17 കുടുംബങ്ങളില്‍ ആരും അവശേഷിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ . വയനാട് ദുരന്ത പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷം ഒഴിവാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു. മാനവ ഹൃദയങ്ങള്‍ ഒരുമിക്കുന്ന മനോഹര സന്ദര്‍ഭമാകട്ടെ ഓണമെന്നും വയനാടിനായി ഈ നിമിഷം നമുക്ക് ഒരുമിച്ച് നില്‍ക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയിട്ടില്ലെന്നും പുറത്ത് വിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ കത്ത് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകളുടെ വെളിപ്പെടുത്തല്‍ അടങ്ങുന്ന അതീവ രഹസ്യാത്മക റിപ്പോര്‍ട്ടെന്ന് കത്തില്‍ ആവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു തരത്തിലും റിപ്പോര്‍ട്ട് പുറത്ത് വരുന്നതിന് സര്‍ക്കാര്‍ എതിരല്ല. സാക്ഷികളുടെ വിശ്വാസം പൂര്‍ണ്ണമായും സംരക്ഷിക്കണമെന്ന് റിപ്പോര്‍ട്ട് എടുത്ത് പറയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീകളെ മാന്യമായും ബഹുമാനത്തോടെയും കാണണമെന്നും സ്ത്രീയേയും പുരുഷനേയും വേര്‍തിരിച്ച് കാണുന്നത് അംഗീകരിക്കാനാവില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു ഗവര്‍ണറുടെ പ്രതികരണം. ‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാരിന് ഒരു കടമയുണ്ട്. എന്നാല്‍, നമ്മുടെ മനസാക്ഷി എവിടെ പോയി. സമൂഹത്തോടുള്ള നമ്മുടെ കടമ എന്താണ്. സ്വന്തം കുടുംബത്തിലെ സ്ത്രീകളോട് ഏതുവിധത്തിലാണ് നാം പെരുമാറുക. പിന്നെ, എന്തുകൊണ്ടാണ് കുടുംബത്തിന് പുറത്തുള്ള സ്ത്രീകളോട് വ്യത്യസ്തമായി പെരുമാറുന്നത്. സമൂഹത്തില്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച 15 അംഗ പവര്‍ ഗ്രൂപ്പില്‍ മന്ത്രിസഭയിലെ ഒരാള്‍ ഉണ്ടെന്നത് ശരിയെങ്കില്‍ അത് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ഓണം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*

ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഗൗരവതരമാണെന്ന് ഡിവൈഎഫ്ഐ. സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി കാണുന്ന പ്രവണത ഇല്ലാതാക്കണമെന്നും മലയാള സിനിമയ്ക്ക് അതിന്റെ സാംസ്‌കാരിക ഔന്നത്യത്തോടെ മുന്നോട്ടു പോവാന്‍ കഴിയുന്ന വിധത്തില്‍ റിപ്പോര്‍ട്ട് വിശദമായ പഠനത്തിന് വിധേയമാക്കി പ്രശ്നപരിഹാരം സാധ്യമാക്കുവാന്‍ സര്‍ക്കാര്‍ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു

സംസ്ഥാന സര്‍ക്കാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചത് ക്രിമിനല്‍ കുറ്റമാണെന്ന് എം എം ഹസന്‍. തൊഴിലിടത്തില്‍ ലൈംഗിക ചൂഷണം ഉണ്ടായാല്‍ കേസെടുക്കാന്‍ നാലര വര്‍ഷം കാത്തു നില്‍ക്കണോയെന്നും ലേഡി ഐപിഎസ് ഓഫിസര്‍ ഇത് അന്വേഷിക്കണമെന്നും പറഞ്ഞ ഹസന്‍ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ പഠിച്ച് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

ഇരകളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്നും നാലര വര്‍ഷം മുന്‍പ് കിട്ടിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അന്ന് വായിച്ചിരുന്നെങ്കില്‍ അപ്പോള്‍ തന്നെ നിയമ നടപടികള്‍ സ്വീകരിക്കാമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ക്രിമിനല്‍ കുറ്റങ്ങളുടെ പരമ്പര മറച്ചുവച്ചതിലൂടെ ഗുരുതര കുറ്റകൃത്യം ചെയ്ത സര്‍ക്കാര്‍ ആരെ സംരക്ഷിക്കാനാണ് ശ്രമിച്ചത് എന്നും അദ്ദേഹം ചോദിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചകളില്‍ സര്‍ക്കാര്‍ വിളിച്ചാല്‍ സഹകരിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എന്തുകൊണ്ട് കാലതാമസം ഉണ്ടായെന്ന് ചോദിക്കേണ്ടി വന്നല്ലോയെന്നും ഇത്ര ഗൗരവമുള്ള കാര്യങ്ങള്‍ അവരുടെ അറിവില്‍ എത്തുന്നത് ഇപ്പോള്‍ ആയിരിക്കുമെന്നും സുരേഷ്ഗോപി പറഞ്ഞു. എല്ലാ മേഖലകളിലും ഇതുപോലുള്ള കാര്യങ്ങളുണ്ടെന്നും പരിഹാര മാര്‍ഗങ്ങളും റിപ്പോര്‍ട്ടില്‍ ഉണ്ടല്ലോയെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചതിന് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ . ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ അടിയന്തരമായി നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സിനിമാ സെറ്റുകളിലെ സ്ത്രീവിരുദ്ധത അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നിലപാടെടുക്കണമെന്നും സിനിമാ സെറ്റുകള്‍ സ്ത്രീ സൗഹാര്‍ദ്ദമാക്കാന്‍ വേണ്ട ഇടപെടലുകള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

സാംസ്‌ക്കാരിക മന്ത്രിയെ പുറത്താക്കി സ്ത്രീകളുടെ മാനം രക്ഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. സിനിമയെ നിയന്ത്രിക്കേണ്ട ഭരണകൂടം മദ്യ-ലഹരി മാഫിയക്ക് ഓശാന പാടുന്നതിന്റെ പകല്‍ ദൃശ്യമാണ് ഹേമ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കമെന്ന് അദ്ദേഹം ആരോപിച്ചു.

താരസംഘടന അമ്മയുടെ ഭാരവാഹിപ്പട്ടിക വലിച്ചെറിയണമെന്ന് പി കെ ശ്രീമതി. സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കാത്ത അമ്മയ്ക്ക് പെണ്‍മക്കളില്ലെന്ന് പണ്ടേ പറഞ്ഞതാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഗൗരവത്തിലുളള നടപടിയെടുക്കണമെന്നും മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാമോ എന്ന് നിയമോപദേശം തേടണമെന്നും ശ്രീമതി കണ്ണൂരില്‍ പറഞ്ഞു.

വയനാട്ടിലെ ദുരിതബാധിതരുടെ ഇഎംഐ, ബാങ്കുകള്‍ ഇപ്പോഴും പിടിക്കുന്നുവെന്ന് കോണ്‍ഗ്രസ് എംഎല്‍എ ടി സിദ്ധിഖ്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സര്‍ക്കാര്‍ നിയന്ത്രിക്കണമെന്നും വായ്പ എഴുതിത്തളളുന്നതില്‍ ഉടന്‍ തീരുമാനം വേണമെന്നും വൈകിയാല്‍ സമരത്തിലേക്ക് നീങ്ങുമെന്നും എംഎല്‍എ മുന്നറിയിപ്പ് നല്‍കി.

തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ മുങ്ങിമരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ അമ്മയ്ക്ക് വീട് വച്ച് നല്‍കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍ നല്‍കിയ ശുപാര്‍ശയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. 3 സെന്റില്‍ കുറയാത്ത സ്ഥലം ജില്ലാ പഞ്ചായത്ത് കണ്ടെത്തി നല്‍കണം. സബ്സിഡി വ്യവസ്ഥകള്‍ക്ക് വിധേയമായി കോര്‍പറേഷനാണ് ജോയിയുടെ അമ്മയ്ക്ക് വീട് വച്ച് നല്‍കുക.

ഓണത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്തു നിന്ന് ബംഗളുരുവിലേക്കും തിരിച്ചും പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വെ. കൊച്ചുവേളിയില്‍ നിന്ന് ബംഗളുരു എസ്എംവിടി സ്റ്റേഷനിലേക്കാണ് 16 തേര്‍ഡ് എ.സി കോച്ചുകളുള്ള ട്രെയിന്‍ അനുവദിച്ചിരിക്കുന്നത് .

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓണാഘോഷങ്ങള്‍ നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ കൂടി ബാധിക്കുമെന്നും അവരുടെ പ്രയാസം കണക്കിലെടുത്ത് ഓണാഘോഷ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നും പി.സി വിഷ്ണുനാഥ് എംഎല്‍എ. മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആണ് അദ്ദേഹം ഈ കാര്യങ്ങള്‍ ആവശ്യപ്പെട്ടത്. ആഡംബരവും ധൂര്‍ത്തും ഒഴിവാക്കി ഇത്തവണത്തെ ഓണാഘോഷം സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന നാടെന്ന നിലയില്‍ കേരളത്തിനെ ഒരു ബ്രാന്‍ഡായി ലേബല്‍ ചെയ്യുന്ന സംസ്ഥാന വ്യവസായവകുപ്പിന്റെ ശ്രമങ്ങള്‍ വിജയതീരത്തേക്ക് അടുക്കുകയാണെന്ന് മന്ത്രി പി രാജീവ്. ആദ്യ കേരള ബ്രാന്‍ഡ് ലൈസന്‍സ് നാളെ കൈമാറും. ഇന്ന് ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരത്തുവച്ച് നടക്കുന്ന ചടങ്ങിലാണ് ലൈസന്‍സ് കൈമാറുക. മെയ്ഡ് ഇന്‍ കേരള ബ്രാന്‍ഡില്‍ ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്നതിനാണ് കേരള ബ്രാന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്.

ജസ്‌ന തിരോധാന കേസില്‍ സി ബി ഐ അന്വേഷണം പുരോഗമിക്കുന്നു. ഇന്നലെ മുണ്ടക്കയത്ത് എത്തിയ സി ബി ഐ സംഘം കേസിന്റെ വിവരങ്ങള്‍ ശേഖരിച്ചു. മുണ്ടക്കയം ലോഡ്ജിന്റെ ഉടമ ബിജു സേവിയറിന്റെ മൊഴി സി ബി ഐ രേഖപ്പെടുത്തി. എന്നാല്‍ ജസ്‌നയെന്ന് സംശയിക്കുന്ന പെണ്‍കുട്ടിയെ കണ്ടെന്ന് വെളിപ്പെടുത്തല്‍ നടത്തിയ ലോഡ്ജിലെ മുന്‍ജീവനക്കാരിയുടെ മൊഴി ഇതുവരെയും രേഖപ്പെടുത്തിയില്ല. സി ബി ഐ ഉടന്‍ തന്നെ ലോഡ്ജിലെ മുന്‍ ജീവനക്കാരിയുടെ മൊഴിയും രേഖപ്പെടുത്തും.

മലപ്പുറം പൊലിസ് അസോസിയേഷന്‍ യോഗത്തില്‍ ജില്ലാ പൊലിസ് മേധാവിയെ അധിക്ഷേപിച്ച പി വി അന്‍വര്‍ എം എല്‍ എക്കെതിരെ ഐ പി എസ് അസോസിയേഷന്‍. സേനാംഗങ്ങളുടെ യോഗത്തില്‍ വച്ച് വ്യക്തിപരമായി ഉദ്യോഗസ്ഥനെ അധിക്ഷേപിച്ചതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നാണ് അസോസിയേഷന്‍ അംഗങ്ങളുടെ ആവശ്യം.

കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കാനായി കൈറ്റ് ഗ്‌നു ലിനക്‌സ് 22.04 എന്ന പുതുക്കിയ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം സ്യൂട്ട് കൈറ്റ് തയ്യാറാക്കി. ഓഗസ്റ്റ് 23 ന് രാവിലെ 10.30 ന് എറണാകുളം കൈറ്റ് കേന്ദ്രത്തില്‍ നടക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് സംസ്ഥാന ക്യാമ്പിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രകാശനം നിര്‍വഹിക്കും.

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ ദലിത്, ആദിവാസി സംഘടനകള്‍ പ്രഖ്യാപിച്ച സംസ്ഥാന ഹര്‍ത്താല്‍ ഇന്ന്. ഹര്‍ത്താല്‍ ജനകീയ സഹകരണത്തോടെ വിജയിപ്പിക്കുമെന്നും ബലം പ്രയോഗിച്ചോ, നിര്‍ബന്ധിച്ചോ ജനജീവിതം തടസപ്പെടുത്തില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.യാതൊരു അക്രമപ്രവര്‍ത്തനങ്ങളും നടത്താന്‍ പാടില്ലന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന് കോഴിക്കോട് അടങ്ങുന്ന മലബാറിന്റെ ചുമതല നല്‍കിയതില്‍ പ്രതിഷേധിച്ച് ടിഎന്‍ പ്രതാപനെതിരെ കോഴിക്കോട് നഗരത്തില്‍ ഫ്ലെക്സ് ബോര്‍ഡുകള്‍. ‘ചതിയന്‍ പ്രതാപനെ മലബാറിന് വേണ്ടെന്നാണ് ബോര്‍ഡുകളിലുള്ളത്. ‘തൃശൂര്‍ ആര്‍എസ്എസിന് കൊടുത്ത നയ വഞ്ചകന്‍ എന്നും ബോര്‍ഡിലുണ്ട്. കോണ്‍ഗ്രസ് പോരാളികള്‍ എന്ന പേരിലാണ് ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കേരളത്തില്‍ അതിശക്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 6 ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 2 ചക്രവാതചുഴിയും മധ്യ കിഴക്കന്‍ അറബിക്കടല്‍ മുതല്‍ മാലിദ്വീപ് വരെ 0 .9 കിലോമീറ്റര്‍ ഉയരത്തിലായി ന്യുനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതുമാണ് കേരളത്തിലെ അതിശക്ത മഴക്ക് കാരണം.

പത്തനംതിട്ട ഏരിയാ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തി സിപിഎം. ഏരിയാ കമ്മിറ്റിയംഗം അന്‍സാരി അസീസിനെയാണ് ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ തോമസ് ഐസക്കിനെ പരിഹസിക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് നടപടി.

ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വര്‍ണ്ണം തട്ടിയെടുക്കാനായി മുന്‍ മാനേജര്‍ പകരം വെച്ച വ്യാജ സ്വര്‍ണ്ണം പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി മധു ജയകുമാര്‍ വച്ച 26 കിലോ വ്യാജ സ്വര്‍ണ്ണമാണ് കണ്ടെടുത്തത്. ബാങ്കില്‍ നിന്നും 40 കോടിയോളം രൂപയാണ് സ്വകാര്യ ധനകാര്യ സ്ഥാപനം സ്വര്‍ണ പണയത്തില്‍ വായ്പയെടുത്തത്. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് സംഘം ബാങ്കിലെത്തിയാണ് വ്യാജ സ്വര്‍ണ്ണം കസ്റ്റഡിയിലെടുത്തത്.

രണ്ടേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടുമായി മലയാളികള്‍ അടക്കം നാല് പേര്‍ കര്‍ണാടകയിലെ മംഗളൂരുവില്‍ അറസ്റ്റില്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് മംഗ്ളൂരു ക്ലോക്ക് ടവറിന് സമീപത്തെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

ഓണ്‍ലൈന്‍ ലോണ്‍ എടുത്ത യുവതി ലോണ്‍ നല്‍കിയവരുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്തു. എറണാകുളം വേങ്ങൂര്‍ എടപ്പാറ സ്വദേശിനി ആരതി (30)ആണ് മരിച്ചത്. യുവതിയുടെയും ഭര്‍ത്താവിന്റെയും ഫോണിലേക്ക് നഗ്ന ഫോട്ടോകള്‍ അയച്ചു നല്‍കുമെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ ലോണ്‍ ദാദാക്കള്‍ ഭീഷണി മുഴക്കിയതായി നാട്ടുകാര്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്ത് കുറുപ്പുംപടി പൊലീസ് അന്വേഷണം തുടങ്ങി.

ഒഴിവുവന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ മധ്യപ്രദേശില്‍ നിന്നാണ് മത്സരിക്കുന്നത്. അസമില്‍ മിഷന്‍ രഞ്ജന്‍ ദാസ്, രാമേശ്വര്‍ തെലി എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും. രാജസ്ഥാനില്‍ സര്‍ദാര്‍ രവനീത് സിംഗ് ബിട്ടു, ത്രിപുരയില്‍ രജീബ് ഭട്ടാചാരി എന്നിവരാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍.

ബിസിസിഐ സെക്രട്ടറി ജയ് ഷാ പുതിയ ചെയര്‍മാനായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റായ ജയ് ഷായെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ശുഭദിനം

കവിത കണ്ണന്‍

ധാരാളം അന്ധവിശ്വാസങ്ങള്‍ നിലനിന്ന നാടായിരുന്നു അത്. ദൈവപ്രീതിക്കായി പക്ഷിമൃഗാദികളെ ബലികൊടുക്കുന്ന ചടങ്ങ് അവിടെ നിലനിന്നിരുന്നു. രാജാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകന്‍ അധികാരത്തിലേറി. നല്ല അറിവും പാണ്ഡിത്യവുമുളള വ്യക്തിയായിരുന്നു അദ്ദേഹം. രാജഭരണത്തിലേറിയ ശേഷം പുതിയ രാജാവിന്റെ ആദ്യ കല്‍പന വന്നു: നിഷ്‌കളങ്കരായ പക്ഷികളേയും മൃഗങ്ങളേയും ഇനിമുതല്‍ ഇവിടെ ഒരു ആചാരത്തിന്റെ പേരിലും കൊല്ലാന്‍ പാടില്ല. അവരും ഈ രാജ്യത്തെ പ്രജകളാണ്. അന്നുമുതല്‍ അവിടെ എല്ലാ ജീവജാലങ്ങളും സന്തോഷത്തോടെ ജീവിക്കാന്‍ തുടങ്ങി. സത്യത്തില്‍ നശിപ്പിക്കപ്പെടേണ്ടത് അന്യജീവികളോ മററു വസ്തുക്കളോ അല്ല, സ്വന്തം സ്വാര്‍ത്ഥതയും ഈഗോയുമാണ്. നിസ്സായഹരും പ്രതികരണശേഷി കുറഞ്ഞവരുമായ മൃഗങ്ങളെ ബലികൊടുത്ത് സ്വന്തം ഇഷ്ടങ്ങളെ സഫലമാക്കുന്നത് ബലമല്ല, ബലഹീനതയാണ്. അവകാശങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാണ്. കഴിവുളളവര്‍ക്ക് കൂടിയ അളവിലും കഴിവ് കുറഞ്ഞവര്‍ക്ക് കുറഞ്ഞ അളവിലും ലഭിക്കേണ്ട ഒന്നല്ല അത്. ഒരേയിടത്ത് ജീവിക്കുന്ന എല്ലാവര്‍ക്കും ഒരേ അവസരങ്ങളെങ്കിലും ലഭിച്ചെങ്കില്‍ മാത്രമേ എല്ലാവര്‍ക്കും സമാനഅനുഭവങ്ങളോടെ ജീവിക്കാന്‍ സാധിക്കൂ – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *