mid day hd

ഊഷ്മളവരവേല്‍പ്പില്‍ വിങ്ങി പൊട്ടി വിനേഷ് ഫോഗട്ട്. പാരീസ് ഒളിംപിക്സില്‍ അയോഗ്യയാക്കപ്പെട്ടതിനു ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ  ഗുസ്തി താരം വിനേഷ് ഫോഗട്ട് ഗംഭീര സ്വീകരണം. സാക്ഷി മാലിക്ക്, ബജ്റംഗ് പൂനിയ തുടങ്ങിയവര്‍ താരത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. സ്വീകരണത്തിനിടെ വികാരാധീനയായ വിനേഷ് എല്ലാവരോടും നന്ദി പറഞ്ഞു. ഇത്തരത്തില്‍ ഒരു പിന്തുണ ലഭിച്ചതില്‍ താന്‍ ഭാഗ്യവതിയാണെന്നും വിനേഷ് വ്യക്തമാക്കി. രാജ്യം നല്‍കിയത് സ്വര്‍ണ മെഡലിനേക്കാള്‍ നല്‍കിയ ആദരവെന്ന് വിനേഷിന്റെ അമ്മയും പറഞ്ഞു

കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ഐഎംഎയുടെ 24 മണിക്കൂര്‍ രാജ്യവ്യാപക സമരം ഇന്ന്. അടിയന്തര സേവനം ഒഴികെയുള്ളവ ബഹിഷ്‌കരിച്ചാണ് പ്രതിഷേധം. സംസ്ഥാനത്ത് മെഡിക്കല്‍ പിജി അസോസിയേഷന്റെ നേതൃത്വത്തിലും സമരം നടക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികളില്‍ ഒപി ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌കരിക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.

 കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറുടെ കൊലപാതകം നടന്ന ഉടന്‍ സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും ഇത് തെളിവ് നശിപ്പിക്കാന്‍ വഴിയൊരുക്കിയെന്നും ദേശീയ വനിതാ കമ്മീഷന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ആശുപത്രിയില്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വനിതാ കമ്മീഷന്‍ സ്വമേധയാ എടുത്ത കേസില്‍ രണ്ടംഗ സമിതി ആണ് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കിയത്. അതിനിടെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ ഇന്ന് പുലര്‍ച്ചെ വരെ സിബിഐ ചോദ്യംചെയ്തു. ഇന്നലെയാണ് സന്ദീപ് ഘോഷിനെ സിബിഐ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിക്കും എന്നാണ് സൂചന.

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ടയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യവുമായി വനിത കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. ഹര്‍ജി കോടതിയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് ഇന്നു പുറത്തു വിടാതിരുന്നതെന്നും കോടതി രഞ്ജിനിയുടെ ഹര്‍ജി തള്ളുമെന്നാണ് പ്രതീക്ഷയെന്നും പി സതീദേവി പറഞ്ഞു. മുന്‍പ് ഉന്നയിക്കാത്ത ആവശ്യമാണ് രഞ്ജിനി ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നത്. ഒരാശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും സ്വകാര്യത മാനിച്ചു കൊണ്ടായിരിക്കും റിപ്പോര്‍ട്ട് പുറത്തുവിടുകയെന്നും സതീദേവി അഭിപ്രായപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടില്ല. നടി രഞ്ജിനി ഹര്‍ജിയുമായി കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് തീരുമാനം. തിങ്കളാഴ്ച കോടതിയില്‍ കേസ് പരിഗണിച്ചതിന് ശേഷം തുടര്‍ തീരുമാനമെടുക്കുമെന്ന് സാംസ്‌കാരിക വകുപ്പ് അറിയിച്ചു.

തോട്ടപ്പള്ളിയിലെ മണലെടുപ്പിന് എതിരെ അതിശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം. ഖനന ഭൂമിയില്‍ സമര പ്രഖ്യാപന പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വരുന്ന 30ന് മുമ്പ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് മണല്‍ ലോറികള്‍ തടയാനാണ് നീക്കം. 2018 ലെ പ്രളയത്തിന് ശേഷം കുട്ടനാടിനെ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷിക്കാന്‍ എന്ന പേരിലാണ് തോട്ടപ്പള്ളിയിലെ മണല്‍ നീക്കം സര്‍ക്കാര്‍ ആരംഭിച്ചത്. എന്നാല്‍ വര്‍ഷം മുഴുവന്‍ ഖനനം നടത്താന്‍ കെഎംഎംഎല്ലിന് അനുമതി നല്‍കിയുള്ള തീരുമാനമാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്.

കേരളം മുഴുവന്‍ ഇനി മുതല്‍ ഓട്ടോറിക്ഷകള്‍ക്ക് സര്‍വീസ് നടത്താനായി പെര്‍മിറ്റ് അനുവദിക്കും. സംസ്ഥാനത്തെ ഓട്ടോ റിക്ഷകള്‍ക്കുള്ള പെര്‍മിറ്റില്‍ ഇളവ് വരുത്തി. ഓട്ടോറിക്ഷകള്‍ക്ക് ജില്ലാ അതിര്‍ത്തിയില്‍ നിന്നും 20 കിലോമീറ്റര്‍ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെര്‍മിറ്റ് നല്‍കിയിരുന്നത്. ഓട്ടോകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്തുന്നതിലെ അപകട സാധ്യത കണക്കിലെടുത്താണ് പെര്‍മിറ്റ് നിയന്ത്രിയിച്ചത്.
ഓട്ടോറിക്ഷ യൂണിയന്റെ സിഐടിയു കണ്ണൂര്‍ മാടായി ഏരിയ കമ്മിറ്റി നല്‍കിയ അപേക്ഷ പരിഗണിച്ചാണ് പെര്‍മിറ്റിലെ ഇളവ്. സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം.
സംസ്ഥാന സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിക്ക് 91.53 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പെന്‍ഷന്‍ വിതരണത്തിന് കോര്‍പറേഷന്‍ എടുത്ത വായ്പയുടെ തിരിച്ചടവിനായാണ് ഇതില്‍ 71.53 കോടി രൂപ നല്‍കിയത്. ശേഷിക്കുന്ന 20 കോടി രൂപ കെ.എസ്.ആര്‍.ടി.സിക്കുള്ള സഹായമായും നല്‍കി. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 5868.53 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് നല്‍കിയതെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു.
ഇടുക്കിയിലെ കോണ്‍ഗ്രസ് – ലീഗ് പോരാട്ടത്തില്‍ നയം വ്യക്തമാക്കി മുസ്ലീം ലീഗ്. പ്രശ്‌നങ്ങള്‍ വഷളാക്കിയ ഡിസിസി പ്രസിഡന്റിനൊപ്പം ഇനി വേദി പങ്കിടില്ലെന്നാണ് മുസ്ലീം ലീഗ് നിലപാട്. അതേസമയം യുഡിഎഫുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നും കൂടുതല്‍ വിവാദങ്ങള്‍ക്കില്ലെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി.
സംസ്ഥാനത്ത് സ്വര്‍ണവില 53000 കടന്നു. യു എസ് വിപണി ഇന്നലെ തുറന്നപ്പോള്‍ അന്താരാഷ്ട്ര സ്വര്‍ണ്ണ വിലയില്‍ വലിയ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയത്. ഇതോടെ കേരളത്തജില്‍ സ്വര്‍ണവില കുതിച്ചുയരകുയായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 53360 രൂപയാണ്.
ഇടുക്കി മുള്ളരിങ്ങാട് നേര്യമംഗലം, അടിമാലി മേഖലയിലുണ്ടായ കനത്ത മഴയില്‍ തോട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുള്ളരിങ്ങാട് ലൂര്‍ദ് മാത പള്ളി വികാരിയുടെ കാര്‍ ഒഴുക്കില്‍പ്പെട്ടു. ലൂര്‍ദ് മാത പള്ളി വികാരി ഫാദര്‍ ജേക്കബ് വാട്ടപ്പിള്ളിയുടെ കാറാണ് ഒഴുക്കില്‍പ്പെട്ടത്. കാറിനുള്ളിലുണ്ടായിരുന്ന വൈദികനെ നാട്ടുകാരെത്തിയാണ് രക്ഷപ്പെടുത്തിയത്.
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശിയായ ബെനഡിറ്റിനെ (45) ആണ് കാണാതായത്. നാലു പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. വള്ളം മറിഞ്ഞ് തിരയില്‍പെട്ട മൂന്നു പേരെ  രക്ഷപ്പെടുത്തി. കാണാതായ ആളെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുകയാണ്.
തൃശൂര്‍ വെള്ളറക്കാട് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു.  മരത്തം കോട് ചിറപ്പുറത്ത് ആശാരി വീട്ടില്‍ ആനന്ദന്‍, ഇയാളുടെ സഹോദര പുത്രന്‍ പ്രവീണ്‍  എന്നിവരാണ് മരിച്ചത്.
കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച് കരുവാറ്റ താമല്ലാക്കല്‍ സ്വദേശി ലത (62) മരിച്ചു. ചിങ്ങം ഒന്നിന് ക്ഷേത്ര ദര്‍ശനത്തിന് പോയ സ്ത്രീകള്‍ സഞ്ചരിച്ച ഓട്ടോ പുലര്‍ച്ചെ 5 മണിയോടെ പുറക്കാട് മാത്തേരി ഭാഗത്ത് വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു.
നടന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ ആദ്യ സമ്മേളനം അടുത്ത മാസം 29 ന് വിക്രവാണ്ടിയില്‍ നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തിരുച്ചിറപ്പള്ളിയിലെ റെയില്‍വേ ഗ്രൗണ്ടില്‍ സമ്മേളനം നടത്താന്‍ ആയിരുന്നു ആദ്യ തീരുമാനമെങ്കിലും റെയില്‍വേ അനുമതി നിഷേധിച്ചതോടെയാണ് വിഴുപ്പുറത്തേക്ക് മാറ്റിയത്. സെപ്റ്റംബര്‍ 12ന് പാര്‍ട്ടി പതാക അവതരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.
ബുദ്ധിയും സൗന്ദര്യവും ഉള്ള സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ വരുന്നത് ഡിഎംകെ ക്ക് പിടിക്കില്ലെന്ന് നടി ഖുശ്ബു. പദവിക്കായി ബിജെപി നേതൃത്വത്തോട് വിലപേശിയിട്ടില്ലെന്നും പാര്‍ട്ടിയില്‍ സ്വാതന്ത്യതോടെ പ്രവര്‍ത്തിക്കാനായാണ് ദേശീയ വനിത കമ്മീഷനില്‍ നിന്ന് രാജിവച്ചതെന്നും ഖുശ്ബു പറഞ്ഞു. രാഷ്ട്രീയത്തില്‍ ഇറങ്ങിയ നടന്‍ വിജയ് ബുദ്ധിമാന്‍ ആണെന്നും ഖുശ്ബു പറഞ്ഞു.
ഉത്തര്‍പ്രദേശിലെ കാണ്‍പൂരിനും ഭീംസെന്‍ സ്റ്റേഷനും ഇടയില്‍ സബര്‍മതി എക്‌സ്പ്രസ് പാളം തെറ്റി. ഇന്ന് പുലര്‍ച്ചെ 2:30നായിരുന്നു സംഭവം. ട്രെയിനിന്റെ 20 കോച്ചുകളെങ്കിലും പാളം തെറ്റിയതായാണ് റിപ്പോര്‍ട്ട്. ആര്‍ക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ട്രെയിനിന്റെ മുന്‍ഭാഗം പാറകളില്‍ തട്ടി കേടായതായി ലോക്കോ പൈലറ്റ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഏഴ് ട്രെയിനുകള്‍ റദ്ദാക്കിയതായും മൂന്നെണ്ണം വഴിതിരിച്ചുവിട്ടതായും റെയില്‍വേ അറിയിച്ചു. സംഭവത്തില്‍ അട്ടിമറി സംശയിക്കുന്നതായും റെയില്‍വേ അറിയിച്ചു.
ബീഹാറിലെ പാലം തകരല്‍ തുടര്‍ക്കഥയാവുന്നു. ഗംഗാ നദിക്ക് കുറുകെ നിര്‍മ്മാണത്തിലിരിക്കുന്ന അഗുവാനി-സുല്‍ത്താന്‍ഗഞ്ച് പാലത്തിന്റെ ഒരു ഭാഗം ഇന്ന് രാവിലെ തകര്‍ന്നു. മൂന്നാം തവണയാണ് ഇതേ പാലം തകരുന്നത്. 2022 ഏപ്രില്‍ ഒമ്പതിനും 2023 ജൂണ്‍ 5നും  പാലത്തിന്റെ ഒരുഭാഗം തകര്‍ന്നിരുന്നു. 1710 കോടി രൂപ ചെലവാക്കി പതിനൊന്ന് വര്‍ഷമായി നിര്‍മിക്കുന്ന പാലമാണ് ഇന്ന് തകര്‍ന്നത്. അതേസമയം, ബിഹാറില്‍ നാലാഴ്ചയ്ക്കിടെ 15 പാലങ്ങളാണ് തകര്‍ന്നത്.
ഗൂഗിളിനെതിരെ നിയന്ത്രണ ശ്രമങ്ങള്‍ അമേരിക്ക കടുപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നിയമവിരുദ്ധമായുണ്ടാക്കിയെടുത്ത കുത്തക അവസാനിപ്പിക്കാന്‍ ഗൂഗിളിനെ ചിതറിപ്പിക്കാനുള്ള സാധ്യതകള്‍ യുഎസ് തേടുകയാണ് എന്നാണ് മാധ്യമ റിപ്പോര്‍ട്ട്. യുഎസ് നീതിന്യായ മന്ത്രാലയമാണ് ഇത്തരമൊരു നീക്കത്തിന് പിന്നില്‍. ഓണ്‍ലൈന്‍ സെര്‍ച്ച് വിപണിയില്‍ ഗൂഗിളിന്റെ കുത്തകവത്ക്കരണത്തിന് എതിരായ യുഎസ് കോടതി വിധിയാണ് ഇത്തരമൊരു സാധ്യതയിലേക്കു നയിക്കുന്നത്. ഗൂഗിളിന്റെ കുത്തകവത്ക്കരണം തടയാനുള്ള വഴികള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നുവരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
2018 മുതല്‍ 2021 വരെയുള്ള കാലയളവില്‍ അക്കാദമിയില്‍ പരിശീലനത്തിയെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലകന്‍ എം മനുവിനെതിരെ നാല് കേസുകളില്‍ പൊലീസ് കുറ്റപത്രം നല്‍കി. പോക്‌സോ കേസിലെ ഇരയെ പ്രായപൂര്‍ത്തിയായ ശേഷം കഴിഞ്ഞ ഏപ്രിലിലും പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി. ഈ കേസ് തെങ്കാശി പൊലീസിന് കൈമാറി.
ഐപിഎല്‍ ടീമായ പഞ്ചാബ് കിംഗ്സിന്റെ നാല് ഉടമകളില്‍ ഒരാളായ മോഹിത് ബര്‍മനെതിരെ പ്രീതി സിന്റ ഛണ്ഡീഗഢ് ഹൈക്കോടതിയെ സമീപിച്ചു. മറ്റുടമകളുടെ അറിവില്ലാതെ ബര്‍മന്റെ ഓഹരികള്‍ കൈമാറാന്‍ ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം. മോഹിത് ബര്‍മന്റെ നടപടികള്‍ തടയണമെന്നാണ് പ്രീതി സിന്റ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ടീമിന്റെ 48 ശതമാനം ഓഹരികളും മോഹിത് ബര്‍മന്റെ പക്കലാണ്. എന്നാല്‍ സഹ ഉടമകളുടെ സമ്മതമില്ലാതെ ഓഹരികള്‍ വില്‍ക്കരുതെന്നാണ് ഫ്രാഞ്ചൈസിക്കുള്ളിലുണ്ടായിരുന്ന ധാരണ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *