ഇറാന്‍ നടത്തിയ ആക്രമണത്തിനെതിരെ തിരിച്ചടിച്ച് ഇസ്രയേല്‍. ഇറാന്‍ നഗരമായ ഇസ്ഫഹാനിലെ ഷഹിദ് സലാമി എയര്‍ബേസിലായിരുന്നു ഇസ്രയേലിന്റെ മിസൈല്‍ ആക്രമണം. മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് ഇറാനിലെ പ്രധാന നഗരങ്ങളില്‍ വ്യോമഗതാഗതം നിര്‍ത്തിവച്ചു. രാജ്യം അതീവ ജാഗ്രതയിലാണ്. ഏപ്രില്‍ ഒന്നിന് സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാന്‍ നയതന്ത്രകാര്യാലയത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണമാണ് സംഘര്‍ഷങ്ങള്‍ക്കാധാരമായത്. തുടര്‍ന്ന് ഇതിന് തിരിച്ചടിയെന്നോണം ഏപ്രില്‍ 13 ന് മുന്നൂറിലധികം ഡ്രോണുകളും മിസൈലുകളുമയച്ച് ഇറാന്‍ മറുപടി നല്‍കിയിരുന്നു.
എല്ലാവരോടും വോട്ടവകാശം വിനിയോഗിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രാദേശിക ഭാഷകളില്‍ വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ഓരോ വോട്ടും, ഓരോ ശബ്ദവും പ്രധാനമാണ്. റെക്കോഡ് പോളിംഗ് രേഖപ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എട്ട് മണ്ഡലങ്ങളില്‍ വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തുമെന്നും ആറ്റിങ്ങലില്‍ ഇരട്ടവോട്ട് കണ്ടെത്തി നീക്കം ചെയ്തുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്,വയനാട്, മലപ്പുറം പാലക്കാട്,ത്യശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് വെബ് കാസ്റ്റിംഗ് നടത്തുക. സ്വതന്ത്യവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനുളള ക്രമീകരണങ്ങള്‍ സംസ്ഥാനത്താകെ സജ്ജമാക്കിയിട്ടുണ്ടെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു.
കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മുന്‍ ജില്ലാ അധ്യക്ഷനും കോട്ടയം ജില്ല യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎ മുന്നണിയുടെ ഭാഗമാകും. ഇതിന് മുന്നോടിയായി സജിയുടെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. പുതിയ പാര്‍ട്ടിയുടെ പേര് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് എന്നായിരിക്കുമെന്ന് സജി പ്രഖ്യാപിച്ചു. റബറിന് 250 രൂപ ആക്കുമെന്ന് പറഞ്ഞ കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്കാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ ഞങ്ങളുടെ പിന്തുണയെന്നും സജി പറഞ്ഞു.
ഇറാന്‍ പിടിച്ചെടുത്ത കപ്പല്‍ വിട്ടയക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചരക്കു കപ്പലിലെ നാവികര്‍ക്ക് മടങ്ങാന്‍ തടസ്സം ഇല്ലെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. ട്രെയിനി ആയതുകൊണ്ടാണ് വനിതാ ജീവനക്കാരിയെ ആദ്യം അയച്ചത്. കപ്പല്‍ നിയന്ത്രിക്കാന്‍ തല്‍ക്കാലം ജീവനക്കാരെ ആവശ്യമാണ്, ഉടന്‍തന്നെ കപ്പല്‍ ജീവനക്കാരെ മോചിപ്പിക്കാം എന്നാണ് ഇറാന്‍ അറിയിച്ചിട്ടുള്ളത്.
കെ കെ ശൈലജയ്‌ക്കെതിരായ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെതിരെ കേസെടുത്തു. ബാലുശ്ശേരി പഞ്ചായത്ത് അംഗം ഹരീഷ് നന്ദനത്തിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. പരാതിക്കാരിയുടെ മാനം ഇകഴ്ത്തി, കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
കെകെ ശൈലജയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ടല്ല, ട്രോള്‍ പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്ന് വിടി ബല്‍റാം. ഈ വിഷയത്തില്‍ അഞ്ച് കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരു സാമൂഹിക മാധ്യമത്തിലൂടെയും അങ്ങനെയൊരു അശ്ലീല വിഡിയോ പ്രചരിച്ചിട്ടില്ല, കെ കെ ശൈലജ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെടുമെന്ന് ഗ്യാരണ്ടിയാണെന്നും ബല്‍റാം പറഞ്ഞു.
ഇഡി നടപടികള്‍ക്കെതിരെ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരും, ശശിധരന്‍ കര്‍ത്തയും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചോദ്യം ചെയ്യലിന്റെ പേരില്‍ ഇഡി ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പരാതി . ചോദ്യം ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം, ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും സിഎംആര്‍എല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ ഇ.ഡി ഇന്ന് കോടതിയില്‍ വിശദീകരണം നല്‍കും.
കാസര്‍കോട് മണ്ഡലം പാറക്കടവില്‍ 92 വയസുകാരിയുടെ വോട്ട് സിപിഎം നേതാവ് രേഖപ്പെടുത്തിയതായി പരാതി. വീട്ടില്‍ തന്നെ വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. കല്യാശ്ശേരി സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേഷന്‍ വോട്ട് ചെയ്തുവെന്നാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചു.
പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇ വി എം മെഷീനിനെതിരെ പരാതി. 9 വോട്ടുകള്‍ രേഖപ്പെടുത്തിയപ്പോള്‍ വിവി പാറ്റില്‍ പത്ത് സ്ലിപ്പുകള്‍ വന്നു. ബിജെപിയുടെ ഒരു സ്ലിപ്പാണ് അധികമായി വന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. സാങ്കേതിക തകരാറാണുണ്ടായതെന്നും പരിഹരിച്ച് മോക് പോള്‍ നടത്തി ഉറപ്പുവരുത്തിയെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.