*1985ലെ മികച്ച ജനപ്രിയ ഗാനം?* : https://youtu.be/C9z09QDHHjU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/
◾അര്ഹതയില്ലാത്തവര്ക്കു സാമൂഹിക സുരക്ഷാ പെന്ഷന് നല്‍കിയെന്നും നികുതി പിരിവില്‍ പിഴവുണ്ടായെന്നും സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സിഎജി റിപ്പോര്‍ട്ട്. ആര്‍ടിഒ ഉദ്യോഗസ്ഥരുടെ പിഴവ് മൂലം 72.98 കോടി രൂപയുടെ നികുതി ചുമത്തിയില്ല. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ 38,270 വാഹനങ്ങളാണ് സംസ്ഥാനത്തുള്ളത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ബജറ്റില്‍ വകയിരുത്തിയ തുക ഫലപ്രദമായി വിനിയോഗിച്ചില്ല. നിരസിക്കപ്പെട്ട അപേക്ഷകളിലെ തെറ്റുകള്‍ തിരുത്തുന്നതിനു പകരം പുതിയ അപേക്ഷകള്‍ സ്വീകരിച്ചതു മൂലമാണ് അനര്‍ഹര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്ഷന് കിട്ടിയത്. മരിച്ച 4039 പേര്‍ക്ക് ക്ഷേമ പെന്ഷന് നല്കി. മദ്യലൈസന്സില് 2.17 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും പ്രിന്‍സിപ്പല്‍ അക്കൗണ്ട് ജനറല്‍മാരായ എസ്. സുനില്‍ രാജ്, ഡോ ബിജു ജേക്കബ് എന്നിവര്‍ പറഞ്ഞു.
◾കോഴിക്കോട് ജില്ലയിലെ കണ്ടൈയ്ന്‍മെന്റ് സോണുകളില്‍ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകള്‍ വിലക്കി. കള്ള് ചെത്തുന്നതും വില്‍ക്കുന്നതും നിരോധിച്ചു. ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. ഒരു ബൈസ്റ്റാന്‍ഡറെ മാത്രമേ അനുവദിക്കൂ. കോഴിക്കോട് ബീച്ചിലും നിയന്ത്രണമേര്‍പ്പെടുത്തി. ഇന്നു രാവിലെ പത്തിന് കോഴിക്കോട് സര്‍വ്വകക്ഷിയോഗം നടത്തും. 11 ന് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ രോഗബാധിത ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെ യോഗം നടക്കും.
◾നിപ വ്യാപനം തടയാന്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളേയും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*
ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന് സ്വര്‍ണ്ണവും.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*
◾നിപ പ്രതിരോധത്തിനുള്ള മോണോക്ലോണ്‍ ആന്റിബോഡി എത്തിയെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. മുപ്പതിന് മരിച്ചയാളുടെ സമ്പര്‍ക്കത്തിലുള്ള എല്ലാവരേയും പരിശോധിക്കും. നിപ പൊസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത ആശുപത്രികളില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. രാജീവ് ഗാന്ധി ബയോടെക്നോളജി സജ്ജീകരിച്ച മൊബൈല്‍ വൈറോളജി ലാബ് കോഴിക്കോട്ട് എത്തിക്കും.
◾നിപ രോഗികളുമായുള്ള സമ്പര്‍ക്ക പട്ടികയിലുള്ള 950 പേര് നിരീക്ഷണത്തില്‍. വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക മൊബൈല്‍ ലൊക്കേഷനിലൂടെ കണ്ടെത്താന്‍ പൊലീസിന്റെ സഹായം തേടി. ഹൈ റിസ്ക് സമ്പര്‍ക്ക പട്ടികയിലുള്ള 15 പേരുടേതടക്കം 30 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. കോഴിക്കോട് ജില്ലയില്‍ മാസ്ക് നിര്‍ബന്ധമാണ്. നിപ ബാധിത പ്രദേശങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ 5162 വീടുകള്‍ സന്ദര്‍ശിച്ചു വിവരങ്ങള്‍ ശേഖരിച്ചു. 51 പേര്‍ക്ക് പനിയുണ്ടെങ്കിലും നിപയല്ല.
◾കേരളത്തില്‍ അഞ്ചു ദിവസം ശക്തമായ മഴയ്ക്കു സാധ്യത. വടക്കന്‍ ഒഡിഷക്കു മുകളിലെ ശക്തമായ ന്യുനമര്‍ദ്ദം ഛത്തീസ്ഗഡ് – കിഴക്കന്‍ മധ്യപ്രദേശ് മേഖലയിലേക്കു നീങ്ങാന്‍ സാധ്യത. തെക്ക് കിഴക്കന്‍ ഉത്തര്‍പ്രാദേശിനും വടക്ക് കിഴക്കന്‍ മധ്യപ്രാദേശിനും മുകളിലായി ചക്രവാതചുഴിയുമുണ്ട്.
◾
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾കെട്ടിടങ്ങളുടെ ഒറ്റത്തവണ നികുതി നിശ്ചയിക്കാന്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ അളവെടുക്കേണ്ടതില്ലെന്ന വ്യവസ്ഥയുമായി സംസ്ഥാന കെട്ടിട നിയമ ഭേദഗതി ബില്‍ നിയമസഭ പാസാക്കി. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും അളന്നാണ് നികുതി നിശ്ചയിച്ചിരുന്നത്. പുതിയ ഭേദഗതി പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടുചെയ്യുന്ന വിസ്തീര്‍ണത്തെ ആധാരമാക്കി റവന്യൂ വകുപ്പ് ഒറ്റത്തവണ നികുതി നിശ്ചയിക്കും. ആഡംബര നികുതി എന്ന വാക്കിനു പകരം അഡീഷണല്‍ നികുതി എന്നാക്കിയിട്ടുണ്ട്.
◾കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് നിയമസഭയില്‍ വായിച്ച മാത്യു കുഴല്‍നാടന്റെ മൈക്ക് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഓഫാക്കി. സംസ്ഥാന സഹകരണ നിയമ ഭേദഗതി ബില്ലിനിടെയാണു ബഹളവും മൈക്ക് ഓഫാക്കലും സംഭവിച്ചത്.
◾കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ബിനാമി തട്ടിപ്പുകാരന് സതീശന്റെ ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്സ്മെന്റ് മരവിപ്പിച്ചു. അയ്യന്തോള്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. സതീശന്റെ പേരിലുള്ള രണ്ട് സ്ഥിര നിക്ഷേപ അക്കൗണ്ടുകള്‍ക്കു പുറമേ, സതീശന്റെ ഭാര്യ, മകന് എന്നിവരുടെ പേരിലുള്ള അക്കൗണ്ടുകളും മരവിപ്പിച്ചു.
◾നിപ രോഗ വ്യാപന ഭീതിയില്‍ അതിര്‍ത്തി കടന്നു കേരളത്തില്‍നിന്നു വരുന്നവര്‍ക്കു പരിശോധനയുമായി തമിഴ്നാടിനു പിറകേ, കര്‍ണാടകവും. കേരള – കര്‍ണാടക അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സര്‍വയ്ലന്‍സ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. കോഴിക്കോട് ജില്ലയിലേക്ക് അത്യാവശ്യമെങ്കില്‍ മാത്രമേ പോകാവൂവെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
◾മധ്യപ്രദേശിലെ ഇന്ദിര ഗാന്ധി നാഷണല്‍ ട്രൈബല്‍ സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിലേക്കു പ്രവേശിക്കാന്‍ നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ദേശം. ഇന്നും നാളെയുമായി സര്‍വകലാശാലയില്‍ നടക്കുന്ന യുജി, പിജി പ്രവേശനത്തിനുള്ള കൗണ്‍സിലിംഗിന് എത്തിയ കേരള വിദ്യാര്‍ത്ഥികള്‍ ഇതോടെ പ്രതിസന്ധിയിലായി.
◾സിപിഎം ഭരിക്കുന്ന പത്തനംതിട്ട നെടുമ്പ്രം പഞ്ചായത്തില്‍ 69 ലക്ഷം രൂപയുടെ കുടുംബശ്രീ ഫണ്ട് ക്രമക്കേട്. സിഡിഎസ് അധ്യക്ഷ, അക്കൗണ്ടന്റ്, വി.ഇ.ഒ എന്നിവര്‍ക്കെതിരെ നപടിക്കു ശുപാര്‍ശ. കൊവിഡ് സഹായം, മുഖ്യമന്ത്രിയുടെ പ്രളയസഹായം, അഗതികളുടെ ഫണ്ട്, കാന്‍സര്‍ ചികിത്സ സഹായം, ജനകീയ ഹോട്ടല്‍ നടത്തിപ്പ് തുടങ്ങിയവയിലാണ് തിരിമറി.
◾സ്പെഷ്യല്‍ ജൂറി പുരസ്കാരത്തിന് പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്നും സ്വര്‍ണം പൂശിയ പ്രതിമ തരണമെന്നും നടന് അലന്‍സിയര്‍. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്പം തരണമെന്നും അലന്‍സിയര്‍ പറഞ്ഞു. സംസ്ഥാന ഫിലിം അവാര്‍ഡ് ദാനച്ചടങ്ങില്‍ സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല ഭാരമുണ്ട് അവാര്‍ഡിന്. തന്നേയും കുഞ്ചാക്കോ ബോബനേയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടണം. അദ്ദേഹം ആവശ്യപ്പെട്ടു.
◾വിജിലന്‍സ് അന്വേഷണത്തില്‍ ആശങ്കയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. വ്യക്തി ജീവിതത്തില്‍ കറയില്ലെന്ന് തെളിയിയ്ക്കാനുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്നും കെ സുധാകരന്. പിരിച്ച പണത്തിന്റെ കണക്കുണ്ട്. പണം എല്ലാവര്ക്കും മടക്കി നല്കി. രേഖകള്‍ കൃത്യമായി സമര്‍പ്പിച്ചു. മുന്‍ഡ്രൈവര്‍ പ്രശാന്ത് ബാബു രാഷ്ട്രീയ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്നും സുധാകരന് വിമര്‍ശിച്ചു.
◾മാധ്യമപ്രവര്ത്തകന് കെഎം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ജില്ലാ കോടതി വീണ്ടും വിചാരണ നടത്തും. കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള നരഹത്യ കുറ്റം നിലനില്‍ക്കുമെന്നു ഹൈക്കോടതിയും സുപ്രീം കോടതിയും ഉത്തരവിട്ടതിനെത്തുടര്‍ന്നാണിത്. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് തുടര്‍ വിചാരണ നടപടികള്‍ക്കായാണ് ജില്ലാ കോടതിക്ക് കേസ് കൈമാറിയത്.
◾കൊച്ചിയിലെ 83 ആയുര്‍വേദ സ്പാകളിലും മസ്സാജ് പാര്‍ലറുകളിലും പൊലീസ് റെയ്ഡ് നടത്തി. അനാശാസ്യ പ്രവര്‍ത്തനത്തിനു കടവന്ത്രയിലെ വജ്ര ബ്യൂട്ടി പാര്‍ലറിനും മയക്കുമരുന്നു ഉപയോഗത്തിനു പാലാരിവട്ടത്തെ എസന്‍ഷ്യല്‍ ബോഡി കെയറിനുമെതിരേ കേസെടുത്തു.
◾യുഎഇ ദിര്‍ഹമെന്ന പേരില്‍ പത്രക്കടലാസുകള്‍ നല്കി ഏഴു ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയ ബംഗാള്‍ സ്വദേശി ആഷിഖ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാമ്പളളിയിലെ വ്യാപാരിയായ സിറാജുദ്ദീനാണ് തട്ടിപ്പിന് ഇരയായത്.
◾കോഴിക്കോട് പേരാമ്പ്ര ചാലിക്കരയില്‍ പരസ്യ ബോര്‍ഡ് സ്ഥാപിക്കുകയായിരുന്ന യുവാവ് ഷോക്കേറ്റ് മരിച്ചു. പേരാമ്പ്ര കക്കാട് സ്വദേശി ചെറുകുന്നത്ത് മുനീബ് (27) ആണ് മരിച്ചത്.
◾തദ്ദേശീയ വാസ്തുവിദ്യ തരംതാണല്ലെന്നു കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ പ്രസിഡന്റ് അഭയ് പുരോഹിത്. ആര്‍ക്കിടെക്ചറില്‍ ഉണ്ടായ ഏറ്റവും മോശം സംഗതി കോണ്‍ക്രീറ്റിന്റെ വരവാണെന്ന് അദ്ദേഹം പറഞ്ഞു. സാംസ്കാരിക വകുപ്പിന് കീഴിലുള്ള വാസ്തുവിദ്യാ ഗുരുകുലം സംഘടിപ്പിച്ച പൈതൃകോത്സവം ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ഇടുക്കിയില്‍ മൂന്നാറിലെ പള്ളിവാസലില്‍ ഹോട്ടല്‍ ജീവനക്കാരന് ജീവനൊടുക്കിയത് ഓണ്‍ലൈന്‍ ഗെയിമിലൂടെ പണം നഷ്ടപ്പെട്ടതുമൂലം. കാസര്‍ഗോഡ് സ്വദേശിയായ പി കെ റോഷനാണ് ആത്മഹത്യ ചെയ്തത്.
◾ആനക്കൊമ്പുകളുമായി മലയാളിയടക്കം രണ്ടുപേര്‍ തമിഴ്നാട്ടിലെ കമ്പത്ത് പിടിയില്‍. ഗൂഡല്ലൂര്‍ സ്വദേശി സുരേഷ് കണ്ണന്, ഇടുക്കി കടശികടവ് സ്വദേശി മുകേഷ് കണ്ണന് എന്നിവരാണ് പിടിയിലായത്.
◾പതിനാലുകാരിയെ പീഡിപ്പിച്ച 31 കാരന് 58 വര്‍ഷം തടവും 3.75 ലക്ഷം രൂപ പിഴയും ശിക്ഷ. അരൂര്‍ പഞ്ചായത്തില്‍ പുത്തന്‍കാട് വീട്ടില്‍ രാഹുലി (വൈദ്യന്-31) നെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.
◾രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതരായ കുറ്റവാളികള്‍ക്കു ശ്രീലങ്കയിലേക്കു മടങ്ങാന്‍ അനുമതി. മദ്രാസ് ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടറിയിച്ചു. മുരുകന്, ശാന്തന്, ജയകുമാര്‍, റോബര്‍ട്ട് പയസ് എന്നിവരെയാണ് ശ്രീലങ്കയിലേക്ക് തിരിച്ചയക്കുന്നത്. മുരുകന്റെ ഭാര്യ നളിനി നല്കിയ അപേക്ഷയിലാണ് നടപടി.
◾ഇന്ത്യ മുന്നണി 14 മാധ്യമപ്രവര്‍ത്തകരെ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു. ഹിന്ദി, ഇംഗ്ലീഷ് വാര്‍ത്താ ചാനലുകളിലെ ബിജെപിയുടെ പ്രചാരകരെന്ന് ആരോപിക്കപ്പെടുന്ന അവതാരകരായ അതിഥി ത്യാഗി, അമന് ചോപ്ര, അമീഷ് ദേവ്ഗണ്, ആനന്ദ് നരസിംഹന്, അര്‍ണാബ് ഗോസ്വാമി, അശോക് ശ്രീവാസ്തവ്, ചിത്ര ത്രിപദി, ഗൗരവ് സാവന്ത്, വിക കുമാര്‍, പ്രാചി പരാശര്‍, റുബിക ലിയാഖത്, ശിവ് അരൂര്‍, സുധിര്‍ ചൗധരി, സുശാന്ത് സിന്‍ഹ എന്നിവരെയാണു ബഹിഷ്കരിക്കുക.
◾നിരോധിക്കപ്പെട്ട തീവ്ര ഇടത് സംഘടന സിപിഐ മാവോയിസ്റ്റിന്റെ നേതാവ് സഞ്ജയ് ദീപക് റാവു അറസ്റ്റില്‍. കേരളം അടക്കമുള്ള മാവോയിസ്റ്റ് പശ്ചിമഘട്ട സ്പെഷ്യല്‍ സോണ്‍ കമ്മിറ്റി തലവനാണ് അറുപതുകാരനായ സഞ്ജയ് ദീപക് റാവു. ഇദ്ദേഹത്തിന്റെ ഭാര്യ കര്‍ണാടകയില്‍ അറസ്റ്റിലായിട്ടുണ്ട്.
◾ലക്ഷദ്വീപിലെ സ്കൂള്‍ ഉച്ചഭക്ഷണത്തില്‍ നിന്ന് മാംസാഹാരം ഒഴിവാക്കിയ നടപടി സുപ്രീം കോടതി ശരിവച്ചു. കോഴി, ആട്ടിറച്ചി എന്നിവ ഒഴിവാക്കിയ ഉത്തരവില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു.
◾ഡല്‍ഹി മദ്യ നയ അഴിമതിക്കേസില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളും ബിആര്‍എസ് നേതാവുമായ കെ കവിതക്ക് എന്‍ഫോഴ്സ്മെന്റിന്റെ സമന്‍സ്. ഇന്നു ഡല്‍ഹിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ്. കഴിഞ്ഞ മാര്‍ച്ചു മാസത്തില്‍ കവിതയെ രണ്ടു ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തിരുന്നു.
◾അവസാന പന്തുവരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ പാകിസ്താനെ രണ്ടുവിക്കറ്റിന് കീഴടക്കി ശ്രീലങ്ക ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 86 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാന്റെ കരുത്തില്‍ 42 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 89 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസിന്റേയും 49 റണ്‍സെടുത്ത ചരിത് അസലങ്കയുടേയും പോരാട്ടത്തിലൂടെ ലക്ഷ്യത്തിലെത്തി. ഇതോടെ സെപ്റ്റംബര്‍ 17 ന് കൊളംബോയില്‍ വെച്ച് നടക്കുന്ന ഫൈനലില്‍ ശ്രീലങ്ക ഇന്ത്യയുമായി ഏറ്റുമുട്ടും.
◾ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള സ്നാക്സ് ബ്രാന്‍ഡായ ഹല്‍ദിറാമിനെ ഏറ്റെടുക്കാന്‍ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഹല്‍ദിറാമിന്റെ 51 ശതമാനം ഓഹരികളാണ് ടാറ്റ കണ്‍സ്യൂമര്‍ ഏറ്റെടുക്കാന്‍ സാധ്യത. ടാറ്റയുടെ ഏറ്റെടുക്കല്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ, വിപണിയില്‍ മത്സരം മുറുകുന്നതാണ്. പെപ്സി, റിലയന്‍സ് റീട്ടെയില്‍ തുടങ്ങിയവയാണ് വിപണിയിലെ പ്രധാന എതിരാളികള്‍. ഉത്തരേന്ത്യയിലെ ജനകീയമായ ബ്രാന്‍ഡാണ് ഹല്‍ദിറാം. നിലവില്‍, കമ്പനി ബെയിന്‍ ക്യാപിറ്റലുമായി, 10 ശതമാനം ഓഹരി പങ്കാളിത്തം വിഭജിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നാണ് സൂചന. പ്രാദേശിക ഭക്ഷ്യ വിഭവങ്ങള്‍, മധുര പലഹാരങ്ങള്‍ തുടങ്ങിയവ നല്കുന്ന ഏകദേശം 150 ഓളം റസ്റ്റോറന്റുകള്‍ ഹല്‍ദിറാമിന് ഉണ്ട്. അതേസമയം, യൂറോ മോണിറ്റര്‍ ഇന്റര്‍നാഷണലിന്റെ കണക്കുകള്‍ അനുസരിച്ച്, ഇന്ത്യന്‍ സ്നാക്സ് വിപണി 6.2 ബില്യണ്‍ യുഎസ് ഡോളര്‍ വാല്യുവേഷന് ഉള്ളതാണ്. ഇതില്‍ 13 ശതമാനം ഓഹരി പങ്കാളിത്തം ഹല്‍ദിറാമിന് ഉണ്ട്. ലെയ്സ് ചിപ്സുകളിലൂടെ വിപണിയിലെ താരമായി മാറിയ പെപ്സിക്കും 13 ശതമാനം വിപണി പങ്കാളിത്തമാണ് ഉള്ളത്.
◾പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് നായകനായ ‘സലാര്‍’ പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയിലുള്ളതാണ്. സമീപകാലത്ത് പ്രഭാസിന് ചില പരാജയങ്ങളുണ്ടായെങ്കിലും താരത്തിന്റ മൂല്യം ഒട്ടും കുറഞ്ഞില്ല എന്ന് തെളിയിക്കുന്നതാണ് സലാറിന്റെ പ്രീ റിലീസ് ബിസിനസ്. നെറ്റ്ഫ്ലിക്സ് പ്രഭാസ് നായകനാകുന്ന സലാറിന്റെ ഒടിടി റൈറ്റ്സ് നേടിയിട്ടുണ്ട്. പ്രഭാസിന്റെ സലാര്‍ 350 കോടിയാണ് ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് ബിസിനസില്‍ നേടിയിരിക്കുന്നത്. നവംബറില്‍ ആയിരിക്കും റിലീസ് ചെയ്യുക എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പ്രഭാസ് നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രമായിട്ടായിരിക്കും എത്തുക. പൃഥ്വിരാജും പ്രധാനപ്പെട്ട ഒരു വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ‘കെജിഎഫ്’ എന്ന ചിത്രത്തിന്റെ ബാനറായ ഹൊംബാളെ ഫിലിംസിന്റെ വിജയ് കിരംഗന്ദുറാണ് ‘സലാര്‍’ നിര്‍മിക്കുന്നത്. ശ്രുതി ഹാസന് നായികയായി എത്തുന്നു. വരദരാജ് മന്നാറായിട്ടാണ് സലാറില്‍ പൃഥ്വിരാജ്. ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, രാമചന്ദ്ര രാജു, ശ്രിയ റെഡ്ഡി സപ്തഗിരി, ഝാന്‍സി, ജെമിനി സുരേഷ് എന്നിവരും പ്രഭാസിനും പൃഥ്വിരാജിനും ഒപ്പം പ്രധാന വേഷങ്ങളില്‍ സലാറിലുണ്ട്. വില്ലനായി മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍. ഭുവന് ഗൗഡയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സംഗീതം രവി ബസ്രുര്‍ ആണ്.
◾വീക്കന്റ ബ്ലോക്ക്ബസ്റ്ററിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിച്ച് നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ‘ആര്. ഡി. എക്സ്’ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു. 19 ദിവസം കൊണ്ട് 77 കോടി രൂപയാണ് ചിത്രം വേള്‍ഡ് വൈഡ് കളക്ഷനായി നേടിയത്. ആഗസ്റ്റ് 25 നായിരുന്നു ചിത്രം റിലീസ് ചെയ്തിരുന്നത്. ഓണം റിലീസുകളില്‍ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളായ കിങ്ങ് ഓഫ് കൊത്ത, രാമചന്ദ്ര ബോസ്സ് എന്നിവയ്ക്കൊപ്പം വലിയ പ്രതീക്ഷകളില്ലാതെ വന്ന സിനിമ ബോക്സ് ഓഫീസ് തൂത്തുവാരി. കേരളത്തില്‍ നിന്നു മാത്രം ചിത്രം 47.5 കോടി രൂപയാണ് നേടിയത്. 77 കോടി ആഗോള കളക്ഷന്‍ നേടിയതിലൂടെ ഏറ്റവും മികച്ച കളക്ഷന്‍ നേടുന്ന ആറാമത്തെ മലയാളം സിനിമയായി ‘ആര്. ഡി. എക്സ്’ മാറി. കൂടാതെ ദൃശ്യം, ഭീഷ്മ പര്‍വ്വം എന്നിവയെ മറികടന്ന് എക്കാലത്തെയും മലയാള ചിത്രങ്ങളുടെ ഉയര്‍ന്ന കളക്ഷന്‍ ലിസ്റ്റില്‍ നാലാം സ്ഥാനത്തേക്കും ചിത്രമെത്തി. ഷെയ്ന്, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരെ കൂടാതെ ലാല്‍, ബാബു ആന്റണി, മഹിമ, വിഷ്ണു അഗസ്ത്യ, നിഷാന്ത് സാഗര്‍, സുജിത് ശങ്കര്‍, ഐമ റോസി, മാല പാര്‍വതി, ബൈജു എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആദര്‍ശ് സുകുമാരന്‍,ഷബാസ് റഷീദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്.
◾ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാന്‍ഡായ യമഹ മോട്ടോര്‍ ഇന്ത്യ തങ്ങളുടെ ശ്രേണിയില്‍ പുതിയ മോണ്‍സ്റ്റര്‍ എനര്‍ജി മോട്ടോ ജിപി പതിപ്പുകള്‍ പുറത്തിറക്കി. പുതിയ പ്രത്യേക പതിപ്പ് വൈസെഡ്എഫ്-ആര്15എം, എംടി15 വി2.0, എയറോക്സ്155, റേ ഇസെഡ്ആര്‍ എന്നിവയില്‍ ലഭ്യമാകും. പരിമിതമായ യൂണിറ്റുകളിലാണ് മോണ്‍സ്റ്റര്‍ എനര്‍ജി മോട്ടോജിപി പതിപ്പ് യമഹ വാഗ്ദാനം ചെയ്യുന്നത്. പ്രത്യേക പതിപ്പ് സൗന്ദര്യവര്‍ദ്ധക മാറ്റങ്ങളോടെ മാത്രമാണ് വരുന്നത്. അതായത് ഈ ബൈക്കുകളില്‍ യമഹ മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. വൈസെഡ്എഫ്-ആര്15എമ്മിന്റെ 2023 മോട്ടോജിപി പതിപ്പിന് 1,97,200 രൂപയാണ് വില. അതേസമയം എംടി15 വി2.0 ന് 1,72,700 രൂപയാണ് വില. പിന്നെ 92,330 രൂപ വിലയുള്ള റേ ഇസെഡ്ആര്‍ 125 എഫ്ഐ ഹൈബ്രിഡ് ഉണ്ട്. എല്ലാ വിലകളും എക്സ്-ഷോറൂം ആണ്. എയ്റോക്സ് 155ന്റെ വില നിര്‍മ്മാതാവ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മോണ്‍സ്റ്റര്‍ എനര്‍ജി യമഹ മോട്ടോജിപി എഡിഷന് മോഡല്‍ ശ്രേണി സെപ്റ്റംബര്‍ മൂന്നാം വാരം മുതല്‍ ഇന്ത്യയിലെ എല്ലാ യമഹ ബ്ലൂ സ്ക്വയര്‍ ഔട്ട്ലെറ്റുകളിലും ലഭ്യമാകും.
◾ജീവിതം കരുപ്പിടിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങളിലെ അവസാനശ്രമമായാണ് കഥാനായകന്റെ സൗദിയിലേക്കുള്ള പ്രവാസയാത്ര. കര്‍മ്മങ്ങള്‍ക്കനുസരിച്ച് കഷ്ടതകള്‍ നിറഞ്ഞ കാലങ്ങള്‍ നല്‍കുന്നതും സൗഭാഗ്യകരമായ സമയം പ്രദാനം ചെയ്യുന്നതും നിയതിയത്രെ. വിധിയുടെ പര്യായം ദുരാനുഭവവും ക്രൂരതയും അല്ലെന്ന് ജോസിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല, യഥാര്‍ത്ഥ ജീവിതത്തില്‍ ഉണ്ടാവുന്ന ഐശ്വര്യങ്ങളും നന്മകളും വിധിയുടെ ഭാഗം തന്നെയാണെന്ന് അംഗീകരിക്കാന്‍ ആരും തയ്യാറാവില്ലല്ലോ. അതും നിയതിയുടെ നിശ്ചയങ്ങള്‍ തന്നെയാണ് എന്നും ആ ജീവിതം വ്യക്തമാക്കുന്നു. ‘നിയതം’. ഇഗ്നേഷ്യസ് വാര്യത്ത്. ഗ്രീന്‍ ബുക്സ്. വില 370 രൂപ.
◾പലരുടെയും ദിവസം തുടങ്ങുന്നത് കാപ്പിയില്‍ നിന്നാണ്. ക്ഷീണം മാറ്റാനും ബോറടിച്ചിരിക്കുമ്പോള്‍ കുറച്ച് ഉന്മേഷം കിട്ടാനുമെല്ലാം കാപ്പിയെ ആശ്രയിക്കുന്നവരാണ് നമ്മളെല്ലാം. ഇങ്ങനെ കാപ്പി പ്രേമികള്‍ പെരുകുന്നതിനൊപ്പം വിപണിയില്‍ ലഭ്യമായിട്ടുള്ള കാപ്പി വെറൈറ്റികളും അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഹൃദയസംബന്ധമായ ആശങ്കകള്‍ അകറ്റാനുമൊക്കെ സഹായിക്കുന്ന കാപ്പി തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും മെച്ചപ്പെടുത്തും. കാര്യങ്ങള്‍ നന്നായി ഓര്‍ത്തിരിക്കാനും മനഃപാഠമാക്കാനും കാപ്പി നല്ലതാണെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയത്. മൈന്ഡ്വാച്ച് എന്നൊരു ഉപകരണം നിര്‍മ്മിച്ചാണ് ഗവേഷകര്‍ പഠനത്തില്‍ പങ്കെടുത്ത ആളുകളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചത്. കാപ്പിയും സംഗീതവും ഓര്‍മ്മശക്തി വേണ്ട കാര്യങ്ങളില്‍ ആളുകളുടെ പ്രവര്‍ത്തനം ക്രമീകരിക്കുന്ന മാനസികാവസ്ഥയിലേക്ക് അവരെ എത്തിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഇന്ന് കാപ്പി പല വെറൈറ്റിയില്‍ ലഭ്യമാണെങ്കിലും കട്ടന്‍കാപ്പി മധുരമില്ലാതെ കുടിക്കുന്നതാണ് ഏറ്റവും നല്ലതെന്നാണ് വിദഗ്ധര്‍ പറയുന്നത്. കട്ടന്‍ കാപ്പി ശരിയായ അളവില്‍ ശരിയായ സമയത്ത് കുടിക്കുന്നത് ശരിരത്തില്‍ നിന്ന് ടോക്സിന് നീക്കം ചെയ്യാനും ശാരീരിക പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കാനും സഹായിക്കും. മധുരം വേണമെന്നുണ്ടെങ്കില്‍ അല്പം കറുവപ്പട്ട ചേര്‍ക്കാം.
*ശുഭദിനം*
*കവിത കണ്ണന്*
അയാള്‍ ഒരു മാമ്പഴവില്പനക്കാരനായിരുന്നു. ദൂരെ ഒരു നാട്ടിലെ കൃഷിക്കാരനില്‍ നിന്ന് മാമ്പഴം ശേഖരിക്കാനാണ് അയാള്‍ അന്ന് അവിടെ എത്തിയത്. പല സ്ഥലങ്ങളില്‍ കയറിയിറങ്ങിയാണ് ഒടുവില്‍ അയാള്‍ അവിടെ എത്തിയത്. ധാരാളം മാമ്പഴങ്ങളുമായി അയാള്‍ കുതിരപ്പുറത്ത് മടക്കയാത്ര ആരംഭിച്ചു. പക്ഷേ, വളരെ അശ്രദ്ധമായാണ് അയാള്‍ മാമ്പഴങ്ങളെ പൊതിഞ്ഞെടുത്തത്. തന്റെ നാട്ടിലെത്താന്‍ എത്ര സമയമെടുക്കും എന്നറിയാനായി വഴിയില്‍ കണ്ട ഒരു വൃദ്ധനോട് അദ്ദേഹം സമയം ചോദിച്ചു. ഒന്ന് നിരീക്ഷിച്ചശേഷം അദ്ദേഹം പറഞ്ഞു. പതുക്കെപോയാല് ഏകദേശം മൂന്ന് മണിക്കൂര്‍, വേഗത്തില്‍ പോയാല്‍ ഏകദേശം ഏഴ് മണിക്കൂര്‍… വൃദ്ധന് തന്നെ കളിയാക്കുകയാണ് എന്ന് കരുതി അയാള്‍ യാത്രയ്ക്ക് അല്പം വേഗം കൂട്ടി. അല്പം കഴിഞ്ഞപ്പോഴേക്കും കുറച്ചുമാമ്പഴം താഴെ വീണു. അവ പെറുക്കി സഞ്ചിയിലാക്കി കുറച്ച് ദൂരം പോയപ്പോഴേക്കും മാമ്പഴങ്ങള്‍ വീണ്ടും വീണു. പല തവണ നിലത്ത് വീണ മാമ്പഴങ്ങളെടുത്ത് തന്റെ നാട്ടിലെത്തിയപ്പോഴേക്കും ആ വൃദ്ധന് പറഞ്ഞ സമയമെടുത്തു! മുന്നൊരുക്കങ്ങളാണ് മുന്നോട്ടുളള യാത്രയുടെ കാര്യക്ഷമത തീരുമാനിക്കുന്നത്. ആക്സ്മികതയുടെ ആഘാതം കൊണ്ടല്ല, ഗൃഹപാഠങ്ങളുടെ അഭാവം കൊണ്ടാണ് അധികമാളുകളും അര്‍ഹിക്കുന്ന വേഗത്തില്‍ ലക്ഷ്യത്തിലെത്താത്തത്. സ്ഥിരവഴികളില്‍ പോലും ആകസ്മികതകള്‍ ഒളിച്ചിരുപ്പുണ്ടാകും. എല്ലാ ചുവടുവെയ്പുകളും ഒരുപോലെയല്ലെന്നും, എത്ര പരിചിതമായ പ്രവൃത്തിയിലും അസാധാരണവും അപ്രതീക്ഷിതവുമായ സാഹചര്യങ്ങള്‍ ഉടലെടുക്കുമെന്ന തിരിച്ചറിവ് നല്ലതാണ്. ഒരോ ചുവടിലും ഒരു മുന്‍കരുതലെടുക്കാന്‍ അത് നമ്മെ സഹായിക്കും. വയ്ക്കുന്ന ഓരോ ചുവടും ഒരു കുഴിയിലേക്കാണെന്ന് സങ്കല്പിക്കുക, അവിടെയാ കുഴിയെില്ലെങ്കില് അതൊരു ഭാഗ്യമായി കരുതി മുന്നോട്ട് പോകാം.. – ശുഭദിനം