◾ഗാസയില്‍ നാലു ദിവസത്തെ വെടിനിര്‍ത്തല്‍. ആദ്യ ഘട്ടത്തില്‍ 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. വെടിനിറുത്തല്‍ കരാറിന് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്കി. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളിലാണ് ധാരണ. എന്നാല്‍ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു പറഞ്ഞു.
◾യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനു വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കി കള്ളവോട്ടു ചെയ്ത കേസില്‍ നാലു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അടൂര്‍ സ്വദേശികളായ അഭി വിക്രം, വികാസ് കൃഷ്ണന്, ബിനില്‍ വിനു, ഫെന്നി എന്നിവരാണ് അറസ്റ്റിലായത്. മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തെ ശനിയാഴ്ച ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കും.
◾
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്പ് ലൈന്‍ : 18004253455*
◾കേരള മാരിടൈം ബോര്‍ഡില്‍ ഓഡിറ്റ് നടത്തണമെന്ന അക്കൗണ്ടന്റ് ജനറലിന്റെ ആവശ്യം സര്‍ക്കാരും ബോര്‍ഡും തള്ളി. കേരള മാരിടൈം ആക്ട് പ്രകാരം ഏജിക്ക് ഓഡിറ്റ് നടത്താന്‍ അധികാരമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. കിഫ് ബിയിലെ ഓഡിറ്റ് സര്‍ക്കാര്‍ എതിര്‍ത്തിന് പിന്നാലെയാണ് മറ്റൊരു സ്ഥാപനത്തില്‍ കൂടി എജിയുടെ ഓഡിററിന് സര്‍ക്കാര്‍ അനുമതി നിഷേധിക്കുന്നത്.
◾കൊച്ചി വാഴക്കാലയിലെ ആപ്പിള്‍ ഹൈറ്റ്സ് ഫ്ളാറ്റിലെ താമസക്കാരെല്ലാം ഒഴിയണമെന്ന് തൃക്കാക്കര നഗരസഭ. ഇതോടെ 85 ലേറെ കുടുംബങ്ങള്‍ വഴിയാധാരമാകും. അനധികൃതമായ ഫ്ളാറ്റിന് നഗരസഭ നിശ്ചയിച്ച പിഴ അടക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറായില്ല. പിഴക്കു പുറമേ 135 ഫ്ളാറ്റുകളുള്ള സമുച്ചയം നഗരസഭയില്‍ അടക്കേണ്ട പെര്‍മിറ്റ് ഫീസും നികുതിയും വര്‍ഷങ്ങളായി അടച്ചിട്ടില്ല.
◾കരിങ്കൊടി കാണിച്ചവരെ വധിക്കാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനമാണു നടത്തിയതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കലാപാഹ്വാനത്തിനു തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. മുഖ്യമന്ത്രി ക്രിമിനലാണ്, നികൃഷ്ടനാണ്. രാജഭരണമല്ല കേരളത്തിലെന്നും സതീശന്.
◾കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൈകാര്യം ചെയ്തതിനെ മാതൃക രക്ഷാപ്രവര്‍ത്തനമെന്നു മുഖ്യമന്ത്രി വിശേഷിപ്പിച്ചത് ട്രോള്‍ സ്വഭാവത്തോടെയാണെന്ന് മന്ത്രി എം ബി രാജേഷ്. മുഖ്യമന്ത്രി പറഞ്ഞത് പകുതി തമാശയായാണ്. തെരുവില്‍ നേരിടുമെന്നു പറഞ്ഞ പ്രതിപക്ഷ നേതാവിന്റേത് തങ്കമനസ്സാണോ എന്നും രാജേഷ് ചോദിച്ചു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾കെപിസിസി കോഴിക്കോട് കടപ്പുറത്ത് നാളെ സംഘടിപ്പിക്കുന്ന പലസ്തീന് റാലിയില്‍ ശശി തരൂര്‍ പങ്കെടുക്കും. കെപിസിസി പ്രസിഡന്റും കോഴിക്കോട് എംപിയും തന്നെ നേരിട്ട് ക്ഷണിച്ചെന്ന് ശശി തരൂര്‍ പറഞ്ഞു. റാലിയില്‍ അരലക്ഷത്തിലേറെ പേര് എത്തുമെന്നാണ് പ്രതീക്ഷ.
◾കൊച്ചിയിലെ ജൈവമാലിന്യ പ്രശ്നം പരിഹരിക്കാന്‍ ബി.പി.സി.എല്ലിന്റെ 150 കോടി രൂപയുടെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന് മന്ത്രിസഭയുടെ അംഗീകാരം. നവകേരള സദസ് പര്യടനത്തിനിടെ തലശേരിയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. കൊച്ചി കോര്‍പ്പറേഷന്റെ ബ്രഹ്മപുരത്തെ ഭൂമിയില്‍നിന്ന് 10 ഏക്കര്‍ ഭൂമി പ്ളാന്റ് നിര്‍മിക്കാന്‍ ബി.പി. സി. എല്ലിന് കൈമാറും.
◾സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. കേസിലെ പരാതിക്കാരന് ജോഷി വര്‍ഗീസാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും.
◾നവകേരള സദസിലേക്കു അച്ചടക്കമുള്ള വിദ്യാര്‍ത്ഥികളെ അയക്കണമെന്ന് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ഡിഇഒ സ്കൂളുകള്‍ക്കു നല്കിയ നിര്‍ദേശം വിവാദമായി. ഒരോ സ്കൂളും 200 വിദ്യാര്‍ത്ഥികളെ അയക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ സാമൂഹ്യ ശാസ്ത്ര ക്ലബുകളുടെ പൊതുവിജ്ഞാന പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാമെന്നു മാത്രമാണു പറഞ്ഞതെന്നാണു ഡിഇഒയുടെ വിശദീകരണം.
◾നവ കേരള സദസിനെതിരെ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിക്കില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. അവരുടെ പരിപാടി അവര്‍ നടത്തട്ടെ. പിറകേ ഞങ്ങളുടെ പരിപാടിയും വരുന്നുണ്ട്. പിന്നെന്തിനാണ് പ്രതിഷേധിക്കുന്നത്. അദ്ദേഹം ചോദിച്ചു.
◾കാസര്‍കോട്ട് മേരിക്കുട്ടി ജോജോ എന്ന ഏജന്റ് വിറ്റ ജെ സി 213199 നമ്പരിനു 12 കോടി രൂപയുടെ പൂജാ ബംബര്‍ കേരള ലോട്ടറി. തിരുവനന്തപുരത്തു നടന്ന നറുക്കെടുപ്പിലാണ് ഭാഗ്യശാലിയെ കണ്ടെത്തിയത്. രണ്ടാം സമ്മാനം ഓരോ കോടി രൂപ വീതം നാലു പേര്‍ക്കു ലഭിക്കും.
◾ജൂനിയര്‍ അഭിഭാഷകനെ അധിക്ഷേപിച്ച തിരൂര്‍ മജിസ്ട്രേറ്റിനെ തരംതാഴ്ത്തുകയും സ്ഥലംമാറ്റുകയും ചെയ്തു. തിരൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ കെ ലെനിന്ദാസിനെയാണ് അഡീഷണല്‍ മുന്‍സിഫ് കോടതി ജഡ്ജിയായി തരംതാഴ്ത്തി കണ്ണൂരിലേക്കു മാറ്റിയത്. അഭിഭാഷകര്‍ സംസ്ഥാനത്ത് പലയിടത്തും കോടതി ബഹിഷ്കരിച്ച് പ്രതിഷേധിച്ചിരുന്നു.
◾വടകര റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ് ഫോമില്‍നിന്ന് എട്ടേകാല്‍ കിലോഗ്രാം കഞ്ചാവ് പിടികൂടി. നാലു ലക്ഷത്തിലേറെ രൂപ വില വരുന്ന കഞ്ചാവാണ് പിടിച്ചത്.
◾പാലക്കാട് മണ്ണാര്‍ക്കാട് കരിമ്പുഴയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടി പരിക്കേല്‍പ്പിച്ചു. കരിമ്പുഴ ചീരകുഴി സ്വദേശിനി ഹന്നത്തിന് പരിക്കേറ്റു. ഭര്‍ത്താവ് ഷബീറലിയെ ശ്രീകൃഷ്ണപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.
◾തിരുവനന്തപുരം കരിമഠം കോളനിയില്‍ യുവാവിനെ വെട്ടിക്കൊന്ന കേസില്‍ ധനുഷ് എന്നയാള്‍ അറസ്റ്റിലായി. ഇയാളുടെ രണ്ടു സഹോദരന്മാര് ഒളിവിലാണ്. 19 വയസുള്ള അര്‍ഷാദാണ് കൊല്ലപ്പെട്ടത്. പൂര്‍വ്വ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
◾കണ്ണൂരില്‍ എട്ടാം ക്ലാസുകാരിയുടെ കൈ അദ്ധ്യാപകന് തല്ലിയൊടിച്ചെന്നു പരാതി. നോട്ട് എഴുതി പൂര്‍ത്തിയാക്കാത്തതിന് പാച്ചേനി ഗവണ്മെന്റ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ സ്ക്കൂളിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി.
◾ഉത്തരാഖണ്ഡില്‍ ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാന്‍ ഇനി 15 മീറ്റര്‍കൂടി തുരക്കണം. തുരന്നു പൈപ്പു സ്ഥാപിച്ച് തൊഴിലാളികളെ പുറത്തെത്തിക്കുന്ന ജോലികളാണു പുരോഗമിക്കുന്നത്. ഇതുവരെ 48 മീറ്റര്‍ ഡ്രില്‍ ചെയ്തു.
◾കോടതിയില്‍ വൈകിയെത്തിയ പൊലീസുകാര്‍ക്കു പുല്ലുവെട്ടല്‍ ശിക്ഷിച്ചു ജഡ്ജി. മഹാരാഷ്ട്രയിലെ പര്‍ബാനി ജില്ലയിലെ മന്‍വാത് പൊലീസ് സ്റ്റേഷനില്‍നിന്നുള്ള ഒരു കോണ്‍സ്റ്റബിളും ഒരു ഹെഡ് കോണ്‍സ്റ്റബിളുമാണ് കോടതിയില്‍നിന്ന് വിചിത്രമായ ശിക്ഷ ഏറ്റുവാങ്ങിയത്.
◾തമിഴ്നാട് സേലത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തം. കുമാരമംഗലം മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിലാണ് തീയുയര്‍ന്നത്. രോഗികളെ ഉടന്‍ തന്നെ പുറത്തേക്ക് മാറ്റി. ആളപായമില്ല.
◾കോടതിമുറിയില്‍ ഭാര്യക്കുനേരെ ഭര്‍ത്താവിന്റെ ആസിഡാക്രമണം. പൊലീസും ജഡ്ജിയും നോക്കിനില്‍ക്കേയാണ് കോയമ്പത്തൂരിലെ കോടതിയില്‍ ഭര്‍ത്താവിനെതിരേ പരാതി നല്കിയ ചിത്ര എന്ന എന്ന യുവതിക്കെതിരേ ആസിഡ് ആക്രമണമുണ്ടായത്. പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് ഭര്‍ത്താവ് ശിവകുമാര്‍ വെള്ളംകുപ്പിയെന്ന വ്യാജേന കൊണ്ടുവന്ന ആസിഡ് ഭാര്യക്കുനേരെ പ്രയോഗിച്ചത്.
◾യുഎസ് നാവികസേനയുടെ നിരീക്ഷണ വിമാനം മറൈന്‍ കോര്‍പ്സ് ബേസ് ഹവായിയിലെ റണ്‍വേയില്‍നിന്ന് തെന്നി നീങ്ങി ഒവാഹു ദ്വീപിനു സമീപത്തെ കടലില്‍ വീണു. വിമാനത്തില്‍ ഉണ്ടായിരുന്ന ഒമ്പതു പേരില്‍ ആര്‍ക്കും പരിക്കേറ്റില്ല.
◾ബ്രസീല്‍ – അര്‍ജന്റീന ഫുട്ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ജയം അര്‍ജന്റീനക്കൊപ്പം. 63-ാം മിനിറ്റില്‍ നിക്കോളസ് ഓട്ടമെന്‍ഡി നേടിയ ഒരു ഗോളിനാണ് അര്‍ജന്റീന ബ്രസീലിനെ വീഴ്ത്തിയത്. മത്സരത്തിന് മുന്നോടിയായി ഗാലറിയില്‍ ഇരു ടീമിന്റെയും ആരാധകര്‍ ഏറ്റുമുട്ടി. ഇരുരാജ്യങ്ങളും ദേശീയ ഗാനം ചൊല്ലുന്നതിനായി അണിനിരന്നപ്പോഴാണ് ഗാലറിയില്‍ സംഘര്‍ഷമുണ്ടായത്. ഇതോടെ പോലീസെത്തി ലാത്തിച്ചാര്‍ജ് നടത്തി. ലാത്തിച്ചാര്‍ജില്‍ നിരവധി അര്‍ജന്റീന ആരാധകര്‍ക്ക് പരിക്കേറ്റു. ഇതില്‍ പ്രതിഷേധിച്ച് മെസ്സിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന ടീം മൈതാനം വിട്ടതോടെ മത്സരം അരമണിക്കൂര്‍ വൈകിയാണ് തുടങ്ങിയത്.
◾രാജ്യത്ത് 3 ലക്ഷം കോടി രൂപ വിപണി മൂലധന ക്ലബ്ബില്‍ ചേരുന്ന രണ്ടാമത്തെ ടാറ്റ ഗ്രൂപ്പ് കമ്പനിയായി ആഭരണ, വാച്ച് നിര്‍മ്മാതാക്കളായ ടൈറ്റന്. ചൊവ്വാഴ്ചത്തെ വ്യാപാരം പുരോഗമിക്കവേ ഓഹരി വില 3,400 രൂപ കടന്നതോടെയാണ് ഈ നാഴികക്കല്ല് ടൈറ്റന് പിന്നിട്ടത്. 3,01,847 കോടി രൂപ വിപണി മൂലധനവുമായി ടൈറ്റന് ബി.എസ്.ഇ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തത്തിലുള്ള വിപണി മൂലധന റാങ്കിംഗില്‍ 16-ാം സ്ഥാനത്തെത്തി. പെയിന്റ് കമ്പനിയായ ഏഷ്യന്‍ പെയിന്റ്സിനെ മറികടന്നാണ് ടൈറ്റന് ഈ നേട്ടം സ്വന്തമാക്കിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനി. 12.95 ലക്ഷം കോടി രൂപ മൂലധനവുമായി ടാറ്റ ഗ്രൂപ്പിന്റെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസാണ് രണ്ടാം സ്ഥാനത്ത്. വില്‍പ്പനയില്‍ ഒരു ലക്ഷം കോടി രൂപയുടെ കമ്പനി എന്ന ലക്ഷ്യത്തിലെത്താന്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 3,000ല്‍ അധികം ജീവനക്കാരെ കമ്പനി നിയമിക്കും. ഡിജിറ്റല്‍, ഇ-കൊമേഴ്സ്, സെയില്‍സ്, ഡേറ്റ അനലിറ്റിക്സ്, ഡിസൈന്‍, എന്‍ജിനീയറിംഗ് എന്നിവയില്‍ വൈദഗ്ദ്ധ്യമുള്ളവരെ വിവിധ തസ്തികകളിലേക്ക് നിയമിക്കാനാണ് തീരുമാനം. അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ എന്‍ജിനീയറിംഗ് തസ്തികയിലെ ജീവനക്കാരുടെ എണ്ണം 50% വര്‍ധിപ്പിക്കാന്‍ ടൈറ്റന് പദ്ധതിയിടുന്നുണ്ട്. ടൈറ്റന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തനിഷ്ക്, മിയ, ഫാസ്ട്രാക്ക്, സൊനാറ്റ, ഐപ്ലസ്, തനീറ, സ്കിന്‍, കാരറ്റ്ലെയ്ന് തുടങ്ങിയ റീട്ടെയില്‍ ബ്രാന്‍ഡുകളുടെ ബിസിനസ് വിപുലീകരിക്കുന്നത് തുടരുമെന്നും കമ്പനി അറിയിച്ചു. ടൈറ്റന് കമ്പനിയുടെ സംയോജിത വരുമാനത്തിന്റെ 85 ശതമാനവും ആഭരണ വിഭാഗത്തില്‍ നിന്നാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 150 ജുവലറി സ്റ്റോറുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. നിലവില്‍ കമ്പനിക്ക് ഇന്ത്യയില്‍ 750ല്‍ അധികം ജുവലറി സ്റ്റോറുകളുണ്ട്.
◾ഇന്ത്യന്‍ വിപണിയില്‍ നിറസാന്നിധ്യമായി മാറി ആഗോള ടെക് ഭീമനായ ആപ്പിള്‍. നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ ഒരു ലക്ഷം കോടി രൂപയുടെ ഐഫോണുകള്‍ നിര്‍മ്മിക്കാനാണ് ആപ്പിള്‍ പദ്ധതിയിടുന്നത്. അതേസമയം, നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ ഏഴ് മാസങ്ങളിലായി 60,000 കോടി രൂപയുടെ ഐഫോണുകള്‍ ഇതിനോടകം തന്നെ ആപ്പിള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ഐഫോണുകളുടെ 30 ശതമാനം മാത്രമാണ് ആഭ്യന്തര വിപണിയില്‍ വിറ്റഴിക്കുന്നത്. 70 ശതമാനത്തോളം ഐഫോണുകള്‍ കയറ്റുമതി ചെയ്യുകയാണ്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ആപ്പിള്‍ 40,000 കോടി രൂപയുടെ ഐഫോണുകളാണ് ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്തിരിക്കുന്നത്. മുന്‍ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ഐഫോണുകളുടെ കയറ്റുമതി വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ആദ്യത്തെ 7 മാസങ്ങളിലെ കയറ്റുമതിയില്‍ 185 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് നേടിയിരിക്കുന്നത്. കയറ്റുമതി തകൃതിയായി നടത്തുന്നതിനോടൊപ്പം, ഈ വര്‍ഷം ആഭ്യന്തര വിപണിയില്‍ 70 ലക്ഷത്തിനടുത്ത് ഐഫോണുകള്‍ വിറ്റഴിക്കാനുള്ള പദ്ധതിക്കും രൂപം നല്‍കിയിട്ടുണ്ട്. 2024 എത്തുമ്പോഴേക്കും വില്‍പ്പന 90 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാക്കി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ഫോക്സ്കോണ്‍, പെഗാട്രോണ്‍, വിസ്ട്രോണ്‍ തുടങ്ങിയ കമ്പനികളാണ് ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മിക്കുന്നത്.
◾വിജയ്-ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’ നവംബര്‍ 24 മുതല്‍ നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിങ് ആരംഭിക്കും. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളില്‍ ചിത്രം ആസ്വദിക്കാനാകും. മാസ്റ്റര്‍ എന്ന ചിത്രത്തിനു ശേഷം വിജയ്യും ലോകേഷും വീണ്ടും ഒന്നിച്ച ചിത്രത്തില്‍ തൃഷയായിരുന്നു നായിക. സിനിമ സകല ബോക്സ്ഓഫിസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്തു. കേരളത്തില്‍ ഏറ്റവും വേഗത്തില്‍ അന്‍പതു കോടി നേടുന്ന ആദ്യ ചിത്രമായും ലിയോ മാറിയിരുന്നു. 11 ദിവസം കൊണ്ട് 50 കോടി നേടിയ കെജിഎഫ് 2 വിന്റെ റെക്കോര്‍ഡ് ആണ് ‘ലിയോ’ കേരളത്തില്‍ മറികടന്നത്. ആദ്യ ദിനം 12 കോടി ഗ്രോസ് കലക്ഷന്‍ നേടിയ ചിത്രം മറ്റെല്ലാ അന്യഭാഷ സിനിമകളുടെയും ഇതുവരെയുള്ള റെക്കോര്‍ഡുകള്‍ തൂത്തെറിഞ്ഞു. 7.25 കോടി നേടിയ കെജിഎഫ് 2, 6.76 കോടി നേടിയ ഒടിയന്, വിജയ്യുടെ തന്നെ 6.6 കോടി നേടിയ ബീസ്റ്റ് സിനിമകളുടെ റെക്കോര്‍ഡുകള്‍ ആണ് പഴങ്കഥ ആയത്. കേരളം, ആന്ധ്രപദേശ്, കര്‍ണാടക, തമിഴ്നാട് എന്നീ നാല് സംസ്ഥാനങ്ങളില്‍ നിന്നും ആദ്യ ദിനം പത്തുകോടി കലക്ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് വിജയ്.
◾ആര്.പാര്ഥിപന് സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തില്‍ പാടാന്‍ ഗായകന് ഹരീഷ് ശിവരാമകൃഷ്ണന്. ഡി.ഇമ്മന്‍ ആണ് സംഗീതമൊരുക്കുന്നത്. 5 പാട്ടുകളാണ് സിനിമയില്‍ ഉണ്ടാവുകയെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഇതില്‍ എത്രയെണ്ണമാണ് ഹരീഷ് പാടുന്നതെന്നു വ്യക്തമല്ല. ഇമ്മന്‍ തന്നെയാണ് ഹരീഷ് തന്റെ സംഗീതത്തില്‍ പാടുന്നുവെന്ന വിവരം ഒദ്യോഗികമായി അറിയിച്ചത്. പാര്‍ഥിപന്റെ പുതിയ സംവിധാനസംരംഭത്തില്‍ പാട്ട് പാടാന്‍ ഹരീഷിനെ തിരഞ്ഞെടുത്തതില്‍ അതിയായ സന്തോഷമുണ്ടെന്നും പാട്ടുകള്‍ റിലീസ് ചെയ്യുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ഇമ്മന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. പാര്ഥിപന് തന്നെയാണ് ചിത്രത്തിനു വേണ്ടി ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ഹരീഷും പാര്‍ഥിപനും ഇമ്മനും ഒരുമിച്ചുള്ള സെല്‍ഫി ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുകയാണ്. നിരവധി പേരാണ് ആശംസകള്‍ അറിയിച്ചു രംഗത്തെത്തുന്നത്.
◾ഇന്നോവ ഹൈക്രോസിന്റെ ലിമിറ്റഡ് എഡിഷന് വിപണിയില്‍ എത്തിച്ച് ടൊയോട്ട. ജിഎക്സ് ലിമിറ്റഡ് എഡിഷന് വാഹനത്തിന് 20.07 ലക്ഷം മുതല്‍ 20.22 ലക്ഷം രൂപ വരെയാണ് വില. സ്റ്റാന്‍ഡേഡ് ജിഎക്സിനേക്കാള്‍ 40,000 രൂപ അധികം നല്‍കണം. അകത്തും പുറത്തും മാറ്റങ്ങളോടെ എത്തുന്ന ഈ ലിമിറ്റഡ് എഡിഷന് വാഹനം കുറച്ചുസമയത്തേക്കു മാത്രമേ വിപണിയിലുണ്ടാവൂ എന്നാണ് ടൊയോട്ട നല്കുന്ന സൂചന. പുറത്ത് വളരെ പരിമിതമായ മാറ്റങ്ങളോടെയാണ് ഇന്നോവ ഹൈക്രോസ് ജിഎക്സ് ലിമിറ്റഡ് എഡിഷന് എത്തുന്നത്. പ്ലാറ്റിനം വൈറ്റ് പെയിന്റ് വേണമെങ്കില്‍ അധികമായി 9,500 രൂപ കൂടി നല്‍കേണ്ടി വരും. കൂടുതല്‍ വിലയേറിയ വകഭേദങ്ങളിലുള്ള ഡാഷ്ബോര്‍ഡാണ് ഉള്ളില്‍ നല്‍കിയിട്ടുള്ളത്. വിഎക്സ് വകഭേദത്തില്‍ അടിസ്ഥാനമായിട്ടുള്ള സൗകര്യങ്ങളാണിത്. പുതിയ വിന്‍ഡോ കണ്ട്രോളും കറുപ്പ്, ചാര നിറങ്ങളിലുള്ള സീറ്റ് കവറുകളുമുണ്ട്. 7 സീറ്റര്‍, 8 സീറ്റര്‍ സൗകര്യങ്ങളില്‍ ജിഎക്സ് ലിമിറ്റഡ് എഡിഷന് ലഭ്യമാണ്. 2.0 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിനാണ് ജിഎക്സ് ലിമിറ്റഡ് എഡിഷനില്‍ നല്‍കിയിരിക്കുന്നത്. ജിഎക്സ് വകഭേദത്തെ അടിസ്ഥാനമാക്കിയതിനാല്‍ കൂടുതല്‍ ഇന്ധന ക്ഷമതയുള്ള ഹൈബ്രിഡ് പവര്‍ട്രെയിന്‍ ലിമിറ്റഡ് എഡിഷനിലുണ്ടാവില്ല. 172 എച്ച്പി കരുത്തും പരമാവധി 205 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന എന്ജിന് സിവിടി ഗിയര്‍ബോക്സുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ വരെ മാത്രമേ ഈ ലിമിറ്റഡ് എഡിഷന് ഇന്നോവ ഹൈക്രോസ് ലഭ്യമാവൂ എന്നാണ് സൂചന.
◾മണിമലയാറ് ഒരു ജനപ്രിയ നോവലാണ്. പ്രണയാധിഷ്ഠിത പൈങ്കിളിക്കഥകളുമായുള്ള താരതമ്യത്തിനിവിടെ മുതിരുന്നില്ല. ഇത് എഴുതപ്പെടുന്ന കാലത്ത് വായനയുടെ ആകാശങ്ങളില്‍ പാറിപ്പറന്നിരുന്ന പൈങ്കിളിക്കഥകളുടെ ജനുസ്സില്‍ പെടുന്നില്ല ജയിംസ് കെ.സിയുടെ നോവല്‍. മനസ്സിന്റെ നിഗൂഢ വ്യാപാരങ്ങള്‍ എങ്ങനെ ജീവിതത്തെ പ്രവചനാതീതമായ പ്രതിസന്ധികളിലകപ്പെടുത്തുന്നു എന്നത് നോവലിസ്റ്റ് കാണിച്ചുതരുന്നു. ദേശപശ്ചാത്തലത്തെക്കൂടി പരിഗണിച്ചുകൊണ്ടുവേണം മണിമലയാറ് വായിക്കുക. ഈ കൃതിക്ക് മണിമലപ്രദേശവുമായി ബന്ധമുണ്ട്. തകഴി വരച്ച കുട്ടനാട്ടിലെയും ആലപ്പുഴയിലെയും ജലനിബിഡ ദേശം, പൊറ്റെക്കാട്ടിന്റെ കോഴിക്കോടു നഗരം എന്നിങ്ങനെ ഏറെയുണ്ട് മലയാളത്തിലെ കഥയിടങ്ങള്‍. താരതമ്യത്തിനു പഴുതില്ല എങ്കിലും ജയിംസ് കെ.സിയുടെ മണിമലയുടെ രചനയ്ക്കുമുണ്ട് വ്യത്യസ്തമായ ഒരു സ്ഥലബദ്ധത. നദിയും ഗ്രാമവും ചേര്‍ന്ന ഭൂമികയാണ് അത്. ‘മണിമലയാറ’. ജയിംസ് കെ.സി മണിമല. കറന്റ് ബുക്സ്. വില 405 രൂപ.
◾ഒറ്റ കുത്തിവെപ്പില്‍ രക്തസമ്മര്‍ദ്ദം ആറ് മാസത്തേക്ക് കുറയ്ക്കാന്‍ സാധിക്കുന്ന മരുന്ന് കണ്ടെത്തി. പ്രധാനമായും കരളില്‍ ഉത്പാദിപ്പിക്കുന്ന ആന്ജിയോടെന്സിന് എന്ന രാസപദാര്‍ത്ഥമാണ് രക്തക്കുഴലുകളെ ചുരുക്കി ശരീരത്തില്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നത്. ആന്‍ജിയോടെന്‍സിന്റെ ഉത്പാദിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ സിലബീസിറാന്‍ എന്ന ഈ മരുന്ന് താല്‍ക്കാലികമായി തടയും എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഫിലാഡല്‍ഫിയയില്‍ നടന്ന അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ സയന്റിഫിക് സെഷന്‍സില്‍ പുതിയ കണ്ടുപിടിത്തം അവതരിപ്പിച്ചു. രക്തസമ്മര്‍ദ്ദത്തിന് നിലവിലുള്ള മരുന്നുകളെല്ലാം രോഗികള്‍ ദിവസവും കഴിക്കേണ്ടുന്നതാണ്. മരുന്നുകള്‍ കൃത്യ സമയത്ത് കഴിക്കാന്‍ പല രോഗികളും ഓര്‍ക്കാത്തത് രക്തസമ്മര്‍ദ്ദമുയര്‍ത്തി ഹൃദയാഘാതവും പക്ഷാഘാതവും വരെയുണ്ടാകാന്‍ കാരണമാകും. 2018ല്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം രോഗികളില്‍ 61 ശതമാനം പേര് മാത്രമേ കൃത്യ സമയത്ത് രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്ന് കഴിക്കാറുള്ളൂ. കൃത്യസമയത്ത് മരുന്ന് കഴിക്കാത്തത് ഹൃദ്രോഗ സാധ്യത, വൃക്കരോഗങ്ങള്‍ എന്നിവയ്ക്കും കാരണമാകാം. ഒറ്റ ഡോസ് കൊണ്ട് ആറ് മാസം വരെ രക്തസമ്മര്‍ദ്ദം കുറച്ച് നിര്‍ത്തുന്ന മരുന്നുകളൊന്നും നിലവില്‍ ലഭ്യമല്ല. 394 പേരില്‍ നടത്തിയ പരീക്ഷണത്തിലൂടെ സിലബീസിറാന്റെ കാര്യക്ഷമതയും സുരക്ഷയും ഉറപ്പുവരുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ശരാശരി 10 എംഎംഎച്ച്ജി വരെയും ചില കേസുകളില്‍ 20 എംഎംഎച്ച്ജി വരെയും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സിലബീസിറാന്റെ ഉപയോഗത്തിലൂടെ സാധിക്കുമെന്നും പരീക്ഷണത്തില്‍ തെളിഞ്ഞു. കാര്യമായ പാര്‍ശ്വഫലങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കാര്യക്ഷമതയും സുരക്ഷയെയും കുറിച്ച് കൂടുതല്‍ പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്തി ആവശ്യമായ അനുമതികള്‍ ലഭ്യമായ ശേഷം മാത്രമേ ഈ മരുന്ന് വ്യാപകമായി ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ എന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.32, പൗണ്ട് – 104.32, യൂറോ – 90.82, സ്വിസ് ഫ്രാങ്ക് – 94.16, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.41, ബഹറിന്‍ ദിനാര്‍ – 221.06, കുവൈത്ത് ദിനാര്‍ -270.28, ഒമാനി റിയാല്‍ – 216.44, സൗദി റിയാല്‍ – 22.21, യു.എ.ഇ ദിര്‍ഹം – 22.68, ഖത്തര്‍ റിയാല്‍ – 22.89, കനേഡിയന്‍ ഡോളര്‍ – 60.74.