യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചെന്ന പരാതിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ അന്വേഷണം വേണമെന്നു ഡിജിപിയോട് ആവശ്യപ്പെട്ടു. മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോടും ആവശ്യപ്പെട്ടു.
കെ സുരേന്ദ്രന്‍ നാളിതുവരെ വ്യാജ ആരോപണമല്ലാതെ ഒന്നും നടത്തിയിട്ടില്ലെന്നും വ്യാജ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചെന്ന പരാതിയില്‍ ഏത് അന്വേഷണവും നടക്കട്ടെയെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍. തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നു എന്നതില്‍ തങ്ങള്‍ക്ക് യാതൊരു ആശങ്കയും ഇല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ചെന്ന വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവത്തോടെ കാണണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ട് ചെയ്യാനുള്ള നീക്കമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.
സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ പുതിയ നിരക്ക് നിര്‍ണ്ണയിക്കാന്‍ മൂന്നംഗസമിതിയെ ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ നിയോഗിച്ചു. ഭക്ഷ്യ സെക്രട്ടറി, സപ്ലൈകോ സി.എം.ഡി അടക്കമുള്ളവര്‍ അംഗങ്ങളാണ്.
സിപിഎമ്മും കോണ്‍ഗ്രസും പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി നടത്തുന്ന കോഴിക്കോട്ട് ഇസ്രയേല്‍ അനുകൂല പരിപാടിയുമായി ബിജെപി. ക്രൈസ്തവ സഭാ നേതാക്കളെയും കഃഷണിക്കും. ഡിസംബര്‍ രണ്ടിന് വൈകിട്ട് മുതലക്കുളത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും.
അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. നെല്ലുസംഭരണത്തിനു 200 കോടി രൂപ കൊടുത്തു. ഒരു മാസത്തെ ക്ഷേമപെന്‍ഷന്‍ കൊടുത്തു തുടങ്ങി. ജനകീയ ഹോട്ടലുകള്‍ക്കും ആശാവര്‍ക്കര്‍മാര്‍ക്കും ധനസഹായം കൊടുത്തു. അപേക്ഷയില്‍ കുത്തും കോമയും ഇല്ലെന്ന് പറഞ്ഞുവരെ കേരളത്തിന് അര്‍ഹമായ പണം കേന്ദ്രം തടയുകയാണെന്നും മന്ത്രി പറഞ്ഞു.
പത്ത് വര്‍ഷത്തില്‍ കൂടുതല്‍ സേവന കാലാവധിയുള്ള അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും നിലവിലുള്ള വേതനത്തില്‍ നിന്ന് 1000 രൂപ വര്‍ധിപ്പിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 88,977 പേര്‍ക്ക് നേട്ടം ലഭിക്കും. മറ്റുള്ളവര്‍ക്കെല്ലാം 500 രൂപയുടെ വര്‍ധനയുണ്ടെന്നും മന്ത്രി പറഞ്ഞു.
2022 ഡിസംബര്‍ മുതല്‍ 2023 ഓഗസ്റ്റുവരെയുള്ള ജനകീയ ഹോട്ടലുകള്‍ക്കുള്ള സബ്ഡിസി കുടിശികയായ 41.09 കോടിയില്‍ 33.6 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്. ജനക്ഷേമ പദ്ധതിയായ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആരംഭിച്ചവയാണ് ജനകീയ ഹോട്ടലുകള്‍.
കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗത്വ വിഷയത്തില്‍ പാര്‍ട്ടി തലത്തില്‍ കൂടിയാലോചനകള്‍ നടന്നിട്ടില്ലെന്ന് മുസ്ലീം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍. പാര്‍ട്ടി തലത്തില്‍ കൂടിയാലോചന നടക്കാത്തതിനാല്‍ അതിന് മുമ്പ് പ്രതികരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും സാദിഖലി തങ്ങളുമായി കൂടിയാലോചിച്ച് നിലപാട് പറയുമെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്ന ടീമിന്റെ സേവന കാലാവധി ഒരു വര്‍ഷത്തേക്കു നീട്ടി. 12 പേരടങ്ങുന്ന സംഘത്തിനു പ്രതിവര്‍ഷം 80 ലക്ഷം രൂപയാണ് ശമ്പളം.
നവകേരള സദസിന് ലക്ഷം രൂപ നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കില്ലെന്ന് ചാലക്കുടി നഗരസഭ. സെക്രട്ടറി പണം നല്‍കിയാല്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ എബി ജോര്‍ജ് പറഞ്ഞു. നവകേരള സദസിന്റെ പേര് പറഞ്ഞ് രണ്ടാഴ്ചയായി ജീവനക്കാര്‍ നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ മുടക്കിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഭരിക്കുന്ന ഭരണപക്ഷം നഗരസഭാ ഓഫീസ് ഉപരോധിച്ചു.
ആക്സിസ് ബാങ്കിനും മണപ്പുറം ഫിനാന്‍സിനും പിഴ ചുമത്തി റിസര്‍വ് ബാങ്ക്. സാമ്പത്തിക സേവനങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ലംഘിച്ചതിനാണ് ആക്‌സിസ് ബാങ്കിന് 90.92 ലക്ഷം രൂപയും മണപ്പുറം ഫിനാന്‍സിന് 42.78 ലക്ഷം രൂപയും റിസര്‍വ് ബാങ്ക് പിഴ ചുമത്തിയത്. കെവൈസി ചട്ടങ്ങള്‍, ലോണുകളും അഡ്വാന്‍സുകളും, റിസ്‌ക് കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവയില്‍ ആര്‍ബിഐ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാണ് പിഴ ചുമത്തിയിരിക്കുന്നത്.
ശാന്തി നിയമനം നേടുന്നതിനായി ദേവസ്വം ബോര്‍ഡില്‍ വ്യാജ രേഖകള്‍ ഹാജരാക്കി നിയമനം നേടിയ നാല് പൂജാരിമാര്‍ക്ക് ഒരു വര്‍ഷം തടവ്. സുമോദ്, വിപിന്‍ ദാസ്, ബിജു മോന്‍, ദിലീപ് എന്നിവര്‍ക്കെതിരെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ നടപടി.
ജയിലിലെ ഭക്ഷണത്തില്‍ മുടി കണ്ടതു ചോദ്യം ചെയ്ത തടവുകാരന്റെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ജയില്‍ ഉദ്യോഗസ്ഥനെതിരേയാണു പരാതി.
വാഹന പരിശോധനയുടെ പേരില്‍ പാലാ സ്റ്റേഷനില്‍ വിദ്യാര്‍ത്ഥിയും 17 കാരനുമായ പാര്‍ത്ഥിപനെ മര്‍ദ്ദിച്ച കേസില്‍ രണ്ടു പൊലീസുകാരെ സസ്പെന്‍ഡു ചെയ്തു. എഎസ്ഐ ബിജു കെ തോമസ്, ഗ്രേഡ് എസ്ഐ പ്രേംസണ്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
വയനാട് പുല്‍പ്പള്ളിയില്‍ ഭാര്യ മരിച്ചതിനു ഭര്‍ത്താവിനെകസ്റ്റഡിയിലെടുത്ത . മുള്ളന്‍കൊല്ലി ശശിമല എ പി ജെ നഗര്‍ കോളനിയിലെ അമ്മിണി (55) ആണ് മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് ബാബു (60) വിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഡ്രൈവറെ ട്രാവലറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊള്ളാച്ചിയില്‍ നിന്ന് വിനോദസഞ്ചാരികളുമായി വയനാട് മേപ്പാടി 900കണ്ടിയില്‍ എത്തിയ വാഹനത്തിന്റെ ഡ്രൈവര്‍ പൊള്ളാച്ചി സ്വദേശി ബാലകൃഷ്ണനാണ് മരിച്ചത്.
യുഎഇയില്‍ കനത്ത മഴ. ദുബൈയിലും ഷാര്‍ജയിലും ശക്തമായ മഴമൂലം റോഡുകളില്‍ വെള്ളം കയറി. വാഹന ഗതാഗതവും വിമാന സര്‍വീസുകളും തടസപ്പെട്ടു.
നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനലിന് എയര്‍ ഷോ. ഇന്ത്യന്‍ വായുസേനയുടെ സൂര്യകിരണ്‍ എയറോബാറ്റിക് സംഘമായിരിക്കും സ്റ്റേഡിയത്തിന് മുകളില്‍ 10 മിനിറ്റ് നേരം നീണ്ടു നില്‍ക്കുന്ന എയര്‍ ഷോ നടത്തുക. എയര്‍ ഷോക്കുള്ള റിഹേഴ്സല്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. അതേസമയം ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിനെ മത്സരം കാണാന്‍ ഇന്ത്യ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍.