p7 yt cover 1

ഗാസയിലെ അല്‍ഷിഫ ആശുപത്രിയിലേക്ക് ഇരച്ചു കയറി ഇസ്രയേല്‍ സൈന്യം. ആശുപത്രിക്കടിയിലെ ഹമാസിന്റെ കമാണ്ടര്‍ കേന്ദ്രം തകര്‍ക്കാനുള്ള സൈനിക നടപടിയാണിതെന്നാണ് ഇസ്രയേല്‍ വിശദീകരണം. മൂവായിരം അഭയാര്‍ത്ഥികളടക്കം നാലായിരത്തിലേറെ പേര്‍ ആശുപത്രിയിലുണ്ട്. ചികിത്സ കിട്ടാതെ മരിച്ച ഇരുനൂറ് പേരെ ഇന്നലെ ആശുപത്രി വളപ്പില്‍ കൂട്ടമായി സംസ്‌കരിച്ചിരുന്നു. വടക്കന്‍ ഗാസയുടെ പൂര്‍ണ്ണ നിയന്ത്രണം പിടിച്ചതായും ഇസ്രയേല്‍ അവകാശപ്പെട്ടു.

വിഴിഞ്ഞത്തും കോവളത്തും മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട, ജീവനോപാധി നഷ്ടമായ കട്ടമര തൊഴിലാളികള്‍ക്കുളള നഷ്ട പരിഹാര തുക വിതരണം ചെയ്ത സ്ഥലത്താണ് പ്രതിഷേധമുണ്ടായത്. നഷ്ട പരിഹാരത്തില്‍ നിന്നും വടക്ക് ഭാഗത്തെ മത്സ്യ തൊഴിലാളികളെ ഒഴിവാക്കിയെന്നാണ് ആക്ഷേപം. കോവളത്ത് മത്സ്യ തൊഴിലാളികള്‍ റോഡ് ഉപരോധിക്കുകയും. മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ തടഞ്ഞുവെയ്ക്കുകയും ചെയ്തു. മന്ത്രിയെ തടഞ്ഞ സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി.

നവകരേള സദസ്സിന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്ര ചെയ്യാനായി ബസ്സ് ഒരുക്കുന്നതിനെ കുറിച്ച് പ്രതികരിച്ച് ഗതാഗത മന്ത്രി ആന്റണി രാജു . ബസില്‍ യാത്ര ചെയ്യുന്നത് ട്രാഫിക് ജാം ഒഴിവാക്കാനാണെന്നാണ് മന്ത്രിയുടെ വാദം. 21 മന്ത്രിമാരും അവരുടെ എസ്‌കോര്‍ട്ടും കൂടി 75 വാഹനം ഉണ്ടാകും. ആ തിരക്ക് ഒഴിവാക്കാനാകും. മുഖ്യമന്ത്രി ഉള്‍പ്പെടെ ബെന്‍സ് ബസിലാണ് യാത്ര ചെയ്യുന്നത്. സാമ്പത്തികമായ ലാഭം ബസില്‍ യാത്ര ചെയ്യുന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിയ സുരേഷ് ഗോപിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. 12 മണിയോടെ സ്റ്റേഷനില്‍ ഹാജരായ സുരേഷ് ഗോപിയെ രണ്ടു മണിക്കൂറിലേറെ ചോദ്യം ചെയ്തു. നേരത്തെ സുരേഷ് ഗോപി വരുന്നതിന് മുമ്പായി നേതാക്കളുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുകളുമേന്തി പദയാത്ര നടത്തിയിരുന്നു. പദയാത്ര നടക്കാവ് പൊലീസ് സ്റ്റേഷന് മുന്നില്‍ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് വാക്കേറ്റം ഉണ്ടായി.

കരുവന്നൂര്‍ തട്ടിപ്പില്‍ സുരേഷ് ഗോപി ഇടപെട്ടതിനെതിരെയുള്ള രാഷ്ട്രീയ വേട്ടയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സുരേഷ് ഗോപിക്ക് എതിരായ കേസ് നിയമപരമായി ജനങ്ങളെ അണി നിരത്തി നേരിടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന വിവേചനം ഒറ്റപ്പെട്ടതല്ലെന്ന് മന്ത്രി എംബി രാജേഷ്. ലൈഫ് പദ്ധതി മുതല്‍ അധികാര വികേന്ദ്രീകരണത്തെ അട്ടിമറിക്കുന്ന നീക്കം വരെ കേന്ദ്രത്തില്‍ നിന്നുണ്ടാവുന്നുവെന്നും രാജേഷ് കുറ്റപ്പെടുത്തി. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് തുച്ഛമായ പണം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍, ലൈഫ് പദ്ധതിയുടെ അടക്കം പേര് മാറ്റാന്‍ നിര്‍ബന്ധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

യുഡിഎഫ് ഭരിക്കുന്ന ശ്രീകണ്ഠാപുരം നഗരസഭ നവകേരള സദസിനായി അരലക്ഷം രൂപ നല്‍കാനുള്ള തീരുമാനം പിന്‍വലിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച്ച ചേര്‍ന്ന യോഗത്തില്‍ അരലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചിരുന്നു. നഗരസഭ പിരിവ് നല്‍കുന്നത് ചര്‍ച്ചയായതോടെ പിരിവ് നല്‍കേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചതിനെ തുടര്‍ന്ന് പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ചു ചേരുകയും തീരുമാനം പിന്‍വലിക്കുകയും ചെയ്തു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

കഴിഞ്ഞ മാസം 29ന് കളമശ്ശേരിയില്‍ നടന്ന സ്ഫോടനത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ ചികിത്സയിലുള്ളവരുടെ ചികിത്സാ ചെലവും അനുവദിക്കും.

കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടെ പ്രതിയെ ഇന്ന് രാവിലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് പ്രതിയെ റിമാന്‍ഡ് ചെയ്തു.

172 ആപ്പുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി. ആളുകളെ വന്‍ കടക്കെണിയിലേക്കും ആത്മഹത്യകളിലേക്കും തള്ളിവിടുന്ന ലോണ്‍ ആപ്പുകള്‍ക്കെതിരെ സൈബര്‍ പൊലിസ് ഡിവിഷന്റെ ശുപാര്‍ശ പ്രകാരമാണ് സംസ്ഥാന ഐടി വകുപ്പ് കേന്ദ്രത്തെ സമീപിച്ചത്.

വ്യാജപ്രചരണത്തിനെതിരെ അടിമാലിയിലെ മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കാനിരിക്കെ മറിയക്കുട്ടിക്ക് ഭൂമിയുണ്ടെന്നും, മകള്‍ വിദേശത്താണെന്നുമുള്ള വ്യാജ വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിച്ച് സിപിഎം മുഖപത്രം. പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭിക്ഷ യാചിച്ച മറിയക്കുട്ടിക്കെതിരെ വ്യാപകമായ സൈബര്‍ ആക്രമണം നടന്നിരുന്നു. കോടതി ഇടപെട്ട് ഇത്തരം പ്രചരണങ്ങള്‍ തടയണമെന്നും കൃത്യമായി പെന്‍ഷന്‍ നല്‍കാന്‍ നടപടിയുണ്ടാകണമെന്നുമാണ് മറിയക്കുട്ടിയുടെ ആവശ്യം.

കോഴിക്കോട് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യറാലി വന്‍ വിജയമായെന്ന വിലയിരുത്തലിനെത്തുടര്‍ന്ന് മലപ്പുറത്തും വിപുലമായ രീതിയില്‍ റാലി സംഘടിപ്പിക്കാന്‍ സിപിഎം തീരുമാനം. ഐക്യദാര്‍ഢ്യ റാലിയിലേക്ക് മുസ്ലീം ലീഗ് അണികളെ സ്വാഗതം ചെയ്യുന്നതിനോടൊപ്പം ആര്യാടന്‍ ഷൗക്കത്തിന് താത്പര്യമുണ്ടെങ്കില്‍ അദ്ദേഹത്തെയും റാലിയില്‍ പങ്കെടുപ്പിക്കുമെന്ന് സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കി.

ഞെട്ടിത്തോട് ഉള്‍വനത്തിലും കര്‍ണാടക അതിര്‍ത്തി വനമേഖലയിലും വ്യാപക തെരച്ചില്‍ തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് സംഘം. തിങ്കളാഴ്ച രാവിലെ നടന്ന വെടിവെപ്പില്‍ ഒരു മാവോയിസ്റ്റിന് സാരമായ പരിക്കേറ്റെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. വനത്തില്‍ നിന്ന് പുറത്തേക്കുള്ള വഴികളെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്.

സിപിഎം സ്ഥാപക നേതാക്കളിലൊരാളായ എന്‍. ശങ്കരയ്യ അന്തരിച്ചു. 1964 ല്‍ സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിവന്ന് സിപിഎം പടുത്തുയര്‍ത്തിയ 32 സഖാക്കളില്‍ ജീവിച്ചിരുന്ന രണ്ട് പേരില്‍ ഒരാളാണ് എന്‍.ശങ്കരയ്യ.

കോഴിക്കോട് ചാത്തമംഗലം കളന്തോട് എംഇഎസ് കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന പരാതിയില്‍ ആറു സീനിയര്‍ വിദ്യാര്‍ത്ഥികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കുന്ദമംഗലം പൊലീസ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പേരാമ്പ്രയിലെ ചേനായി റോയല്‍ മാര്‍ബിള്‍സിലെ ജീവനക്കാരിയായ 34കാരിയെ സ്ഥാപനം ഉടമയായ ജാഫര്‍ മര്‍ദ്ദിച്ചെന്ന കേസില്‍ മര്‍ദ്ദനം, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്തു. കടയിലെ കണക്കുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മര്‍ദനത്തില്‍ പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ആലുവയില്‍ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക്ക് ആലത്തിന്റെ വധശിക്ഷ ഉടന്‍ നടപ്പാകില്ല. പ്രതിക്ക് മേല്‍ക്കോടതികളില്‍ അപ്പീല്‍ നല്‍കാന്‍ ഉള്‍പ്പെടെ അവസരമുള്ളതിനാല്‍ പല കടമ്പകള്‍ കടന്നശേഷം മാത്രമെ വധശിക്ഷയിലേക്കുള്ള നടപടികളിലേക്ക് കടക്കാനാകുവെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി കുടിശിക നല്‍കാന്‍ സുപ്രീംകോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവായി. ഗ്രാറ്റുവിറ്റി കുടിശിക നിര്‍ണയിക്കാന്‍ സുപ്രീംകോടതി റിട്ട. ജഡ്ജി ജസ്റ്റിസ് അഭയ് മനോഹര്‍ സാപ്രേയയെ സുപ്രീംകോടതി നിയോഗിച്ചിരുന്നു. കേരളത്തിലെ ആറ് എസ്റ്റേറ്റുകളിലെ 1892 തൊഴിലാളികള്‍ക്ക് 28 കോടി രൂപ നല്‍കാനാണ് രണ്ടംഗ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.

സേഫ് & സ്ട്രോങ് നിക്ഷേപതട്ടിപ്പ് കേസിലെ, മുഖ്യപ്രതി പ്രവീണ്‍ റാണയുടെ സ്വത്ത് കണ്ടുകെട്ടാന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ ഉത്തരവിട്ടു.അതതു മേഖലകളിലെ തഹസീല്‍ദാര്‍മാര്‍ക്കാണ് സ്വത്ത് കണ്ടുകെട്ടുന്ന ചുമതല. ബഡ്സ് നിയമപ്രകാരമാണ് നടപടി.

അഞ്ച് വയസ്സില്‍ താഴെ പ്രായപരിധിയിലുളള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയ കേരളത്തിലെ ആദ്യ ജില്ലയായി വയനാട്. ജില്ലയില്‍ ആധാര്‍ എടുത്തത് 44487 കുട്ടികളാണ്. മെഗാ ക്യാമ്പുകള്‍ വഴിയും, ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ട് എത്തിച്ചേര്‍ന്നുമാണ് ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയത്.

വിവിധ കേസുകളില്‍ പെട്ട നാല് ജീവനക്കാരെ കെഎസ്ആര്‍ടിസി സസ്പെന്‍ഡ് ചെയ്തു. പോസ്‌കോ കേസില്‍പ്പെട്ട പെരുമ്പാവൂര്‍ യൂണിറ്റിലെ കണ്ടക്ടര്‍ ജിജി. വി ചേലപ്പുറത്ത്, യാത്രക്കാരിക്ക് ടിക്കറ്റ് നല്‍കാതെ സൗജന്യയാത്ര അനുവദിച്ച പുനലൂര്‍ യൂണിറ്റിലെ കണ്ടക്ടര്‍ അനില്‍ ജോണ്‍, കോതമംഗലം യുണീററിലെ ജീവനക്കാരുടെ മുറിയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ കണ്ടക്ടര്‍ വിഷ്ണു എസ് നായര്‍, വിദ്യാര്‍ത്ഥിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലെ ഹരിപ്പാട് യൂണിറ്റിലെ കണ്ടക്ടര്‍ ബി. വിജയന്‍പിള്ള എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായി കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു.

പടിഞ്ഞാറങ്ങാടി കല്ലടത്തൂരില്‍ ക്ഷേത്ര കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കല്ലടത്തൂര്‍ വടക്കത്ത് വളപ്പില്‍ സുന്ദരന്റെ മകന്‍ ശബരിയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറരയോടെ ആയിരുന്നു അപകടം. ശബരിമല വൃതാനുഷ്ഠങ്ങളുടെ ഭാഗമായി ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ എത്തിയതായിരുന്നു ശബരി.

കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിയായ സൈനബയെ കൊലപ്പെടുത്തിയ കേസില്‍ കൂട്ടുപ്രതിയായ സുലൈമാനെ പൊലീസ് പീടികൂടി. സേലത്തുവെച്ചാണ് കസബ പൊലീസ് പ്രതിയെ പിടികൂടിയത്. മുഖ്യപ്രതിയായ മലപ്പുറം സ്വദേശി സമദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സമദ് നല്‍കിയ മൊഴിയിലാണ് സൈനബയുടെ തിരോധാനം കൊലപാതകമാണെന്ന് വ്യക്തമായത്.

അമേരിക്കയില്‍ വെടിയേറ്റ ഗര്‍ഭിണിയായ മലയാളി യുവതിയുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട് . കോട്ടയം ഉഴവൂര്‍ സ്വദേശിയായ മീരയ്ക്ക് നേരെ ഭര്‍ത്താവ് അമല്‍ റെജിയാണ് വെടിവെച്ചത്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു ആക്രമണം. ഏറ്റുമാനൂര്‍ സ്വദേശിയായ അമല്‍ റെജിയെ ചിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ സെമി ഇന്ന്് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍. ആദ്യ സെമി ഫൈനലില്‍ ഇന്ത്യ ന്യൂസിലാണ്ടുമായാണ് ഏറ്റുമുട്ടുന്നത്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു.

പ്രമുഖ ആരോഗ്യ സേവനദാതാക്കളായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ നടപ്പുവര്‍ഷത്തെ (2023-24) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറില്‍ രേഖപ്പെടുത്തിയത് 15.33 കോടി രൂപ നഷ്ടം. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 54.10 കോടി രൂപയുടെ ലാഭത്തില്‍ നിന്നാണ് ആസ്റ്റര്‍ കഴിഞ്ഞപാദത്തില്‍ നഷ്ടത്തിലേക്ക് വീണത്. നടപ്പുവര്‍ഷം ജൂണ്‍പാദത്തില്‍ ലാഭം 19.85 കോടി രൂപയായിരുന്നു. ഇതും കഴിഞ്ഞവര്‍ഷത്തെ ജൂണ്‍പാദത്തെ അപേക്ഷിച്ച് 75 ശതമാനം കുറവായിരുന്നു. അതേസമയം, കഴിഞ്ഞപാദത്തില്‍ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 17.3 ശതമാനം ഉയര്‍ന്ന് 3,325.22 കോടി രൂപയിലെത്തി. 2022-23ലെ സെപ്റ്റംബറില്‍ പാദ വരുമാനം 2,834.72 കോടി രൂപയായിരുന്നു. പലിശ, നികുതി തുടങ്ങിയ ബാധ്യതകള്‍ക്ക് മുമ്പുള്ള ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 324 കോടി രൂപയില്‍ നിന്ന് 21 ശതമാനം ഉയര്‍ന്ന് 393 കോടി രൂപയായി. പാദാടിസ്ഥാനത്തില്‍ 399 രൂപയില്‍ നിന്ന് രണ്ട് ശതമാനം താഴ്ന്നു. സംയോജിത വരുമാനം 18 ശതമാനവും എബിറ്റ്ഡ 21 ശതമാനവും ഉയര്‍ന്നത് പ്രവര്‍ത്തന മികവ് മെച്ചപ്പെടുത്തിയതിന്റെയും പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുന്ന പദ്ധതികളുടെയും ഫലമാണെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. സെപ്റ്റംബര്‍ 30ന് സമാപിച്ച നടപ്പുവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ (ഏപ്രില്‍-സെപ്റ്റംബര്‍) കൊല്ലം ശാസ്താംകോട്ടയിലെ പദ്മാവതി മെഡിക്കല്‍ ഫൗണ്ടേഷന്റെ 130 കിടക്കകളോട് കൂടിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ നിയന്ത്രണവും മേല്‍നോട്ടവും ആസ്റ്റര്‍ ഏറ്റെടുത്തിരുന്നു. മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ 2.82 അധിക ഓഹരിപങ്കാളിത്തം ആസ്റ്റര്‍ നേടി. ആസ്റ്ററിന്റെ പുത്തന്‍ മള്‍ട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രിയായ ബംഗളൂരുവിലെ ആസ്റ്റര്‍ വൈറ്റ്ഫീല്‍ഡ് ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിച്ചത് അടുത്തിടെയാണ്.

വോയ്‌സ് ചാറ്റ് ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്. വലിയ ഗ്രൂപ്പുകളിലാണ് ഈ ഫീച്ചര്‍ കൂടുതല്‍ പ്രയോജനം ചെയ്യുക. ഗ്രൂപ്പില്‍ മെസേജ് ചെയ്യുന്നതിനൊപ്പം ഗ്രൂപ്പ് ചാറ്റ് അംഗങ്ങളോട് തത്സമയം സംസാരിക്കാന്‍ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍. വോയ്‌സ് ചാറ്റ് തുടങ്ങി കഴിഞ്ഞാല്‍ ഉടന്‍ തന്നെ മറ്റു ഗ്രൂപ്പ് അംഗങ്ങള്‍ക്ക് പുഷ് നോട്ടിഫിക്കേഷന്‍ ലഭിക്കും. കോളിന് പകരം ഗ്രൂപ്പ് ചാറ്റില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പാണ് പുഷ് നോട്ടിഫിക്കേഷന്‍ വഴി നല്‍കുന്നത്. ഇതിനോടൊപ്പം ഇന്‍ ചാറ്റ് ബബിളും ഉണ്ടായിരിക്കും. ഇത് ടാപ്പ് ചെയ്ത് വോയ്‌സ് ചാറ്റില്‍ പങ്കെടുക്കാന്‍ കഴിയുന്നവിധമാണ് പുതിയ ഫീച്ചറിന്റെ പ്രവര്‍ത്തനം. സ്‌ക്രീനിന്റെ അടിയില്‍ നല്‍കിയിരിക്കുന്ന ബാനറിലൂടെ ആരെല്ലാം വോയ്‌സ് ചാറ്റില്‍ ചേര്‍ന്നിട്ടുണ്ട് എന്ന് അറിയാനും സാധിക്കും. ചാറ്റില്‍ നിന്ന് എല്ലാവരും പോകുന്നതിന് അനുസരിച്ച് വോയ്‌സ് ചാറ്റ് ഓട്ടോമാറ്റിക്കായി അവസാനിക്കും. 60 മിനിറ്റിനുള്ളില്‍ പങ്കെടുത്തില്ലായെങ്കിലും ചാറ്റ് സ്വാഭാവികമായി അവസാനിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 33 മുതല്‍ 128 പേര്‍ വരെ അംഗങ്ങളായുള്ള ഗ്രൂപ്പുകളില്‍ വോയ്‌സ് ചാറ്റ് ഫീച്ചര്‍ ലഭ്യമാകും. വോയ്‌സ് ചാറ്റ് ആരംഭിച്ച് കഴിഞ്ഞാല്‍ ചാറ്റിന്റെ മുകളില്‍ നിന്ന് കൊണ്ട് കോള്‍ കണ്‍ട്രോള്‍ പ്രയോജനപ്പെടുത്താനും സാധിക്കും. ഒരേസമയം ടെക്സ്റ്റ് മെസേജിങ്ങും സാധിക്കുന്നവിധമാണ് ഈ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. വരും ആഴ്ചകളില്‍ തന്നെ പുതിയ ഫീച്ചര്‍ ലഭ്യമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

22 വര്‍ഷം മുമ്പ് തിയേറ്ററിലെത്തി ഫ്‌ളോപ്പ് ആയ കമല്‍ ഹാസന്‍ ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക്. 2001ലെ ദീപാവലി റിലീസ് ആയി എത്തിയ ‘ആളവന്താന്‍’ എന്ന ചിത്രമാണ് ഇപ്പോള്‍ റീ റിലീസിന് ഒരുങ്ങുന്നത്. 1000 തിയേറ്ററുകളില്‍ ചിത്രം വീണ്ടും റിലീസ് ചെയ്യും. ചിത്രത്തിന്റെ നിര്‍മ്മാതാവായ കലൈപ്പുലി എസ് താണു ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കമല്‍ ഹാസന്റെ ‘പുഷ്പക്’, ‘നായകന്‍’ എന്നീ ചിത്രങ്ങള്‍ റീ റിലീസ് ചെയ്തിരുന്നു. എന്നാല്‍ ലിമിറ്റഡ് റിലീസ് മാത്രമാണ് ഈ ചിത്രങ്ങള്‍ക്ക് ഉണ്ടായത്. അതേസമയം, ഇരട്ട വേഷത്തിലാണ് കമല്‍ ആളവന്താനില്‍ എത്തിയത്. നായകനായും വില്ലനായും കമല്‍ തന്നെയാണ് ചിത്രത്തില്‍ എത്തിയത്. വിജയ് എന്ന വിജയ് കുമാര്‍, നന്ദു എന്ന നന്ദകുമാര്‍ എന്നിങ്ങനെയായിരുന്നു കഥാപാത്രങ്ങളുടെ പേരുകള്‍. സാങ്കേതിക വിഭാഗങ്ങളില്‍ നിരവധി വിദേശികളും ചിത്രത്തിന്റെ ഭാഗമായിരുന്നു. 25 കോടിയായിരുന്നു ബജറ്റ്. വലിയ പ്രതീക്ഷയോടെയാണ് എത്തിയെങ്കിലും ചിത്രം ബോക്‌സ് ഓഫീസ് ദുരന്തമായി മാറി. എന്നാല്‍ ചിത്രത്തിന് സ്‌പെഷ്യല്‍ എഫക്റ്റ്‌സിനുള്ള ആ വര്‍ഷത്തെ ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. ബാഷയടക്കമുള്ള ഹിറ്റുകള്‍ ഒരുക്കിയ സുരേഷ് കൃഷ്ണ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.

തെന്നിന്ത്യന്‍ സൂപ്പര്‍ താരം ധനുഷ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ക്യാപ്റ്റന്‍ മില്ലര്‍’. അരുണ്‍ മാതേശ്വരനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. തമിഴ് സെന്‍സേഷന്‍ ജി. വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. പ്രിയങ്ക അരുള്‍ മോഹനാണ് ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുത്തന്‍ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തില്‍ ഒരു ഗാനം ആലപിക്കുന്നത് ധനുഷ് ആണ് എന്നാണ് ജി. വി പ്രകാശ്കുമാര്‍ എക്സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സത്യ ജ്യോതി ഫിലിംസിന്റെ ബാനറില്‍ സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മദന്‍ കാര്‍ക്കിയാണ് ക്യാപ്റ്റന്‍ മില്ലറിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ശിവ രാജ്കുമാര്‍, സുന്ദീപ് കിഷന്‍, ജോണ്‍ കൊക്കെന്‍, എഡ്വാര്‍ഡ് സോണന്‍ബ്ലിക്ക്, നിവേദിത സതീഷ്, വിനോദ് കിഷന്‍, നാസര്‍, എലങ്കോ കുമരവേല്, വിജി ചന്ദ്രശേഖര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സ്വീഡിഷ് കാര്‍ നിര്‍മ്മാതാക്കളായ വോള്‍വോ കാര്‍സ് തങ്ങളുടെ ആദ്യത്തെ മിനിവാന്‍ ഇഎം90നെ അവതരിപ്പിച്ചു. പ്രാഥമികമായി ചൈനീസ് വിപണികള്‍ക്കായി വികസിപ്പിച്ച ഈ ആഡംബര ഇലക്ട്രിക് മിനിവാന്‍ പിന്നീട് മറ്റ് രാജ്യങ്ങളിലും നിരത്തുകളില്‍ എത്തിയേക്കും. വോള്‍വോയുടെ സ്‌കേലബിള്‍ സീ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഇവി. കൂടാതെ വോള്‍വോയുടെ ഇഎക്സ്90 ഇലക്ട്രിക് എസ്യുവിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ഉയര്‍ന്ന ഫീച്ചറുകളാല്‍ നിറഞ്ഞ ഒരു ‘സ്‌കാന്‍ഡിനേവിയന്‍ ലിവിംഗ് റൂം ഓണ്‍ വീല്‍’ പോലെയാണ് ഇഎം90 എന്ന് വോള്‍വോ അവകാശപ്പെടുന്നു. വോള്‍വോ കാറുകളുടെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുത ലക്ഷ്വറി എംപിവി ആയിരിക്കും വോള്‍വോ ഇഎം90. മൂന്ന് നിര സീറ്റുകളുള്ള ഇതില്‍ ആറ് പേര്‍ക്ക് ഇരിക്കാം. പിന്‍സീറ്റിന് സ്ലൈഡിംഗ് ഡോറുകളോട് കൂടിയ ആദ്യ വോള്‍വോ കാറാണ് ഇഎം90. പരമാവധി 272 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന ഒരു മോട്ടോര്‍ ഇഎം90ല്‍ സജ്ജീകരിച്ചിരിക്കുന്നു. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് 8.3 സെക്കന്‍ഡ് മതി. 116 കിലോവാട്ട്അവര്‍ ആണ് ബാറ്ററിയുടെ സംഭരണശേഷി. ചൈനയുടെ സിഎല്‍ടിസി ടെസ്റ്റ് സൈക്കിള്‍ അനുസരിച്ച്, ഒറ്റ ചാര്‍ജില്‍ 738 കിലോമീറ്ററാണ് റേഞ്ച്. ഫാസ്റ്റ് ചാര്‍ജിംഗ് ഉപയോഗിക്കുകയാണെങ്കില്‍, 10 ശതമാനം മുതല്‍ 80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ ഏകദേശം 30 മിനിറ്റ് എടുക്കുമെന്ന് കണക്കാക്കപ്പെടുന്നു.

കളര്‍പെന്‍സിലും പെണ്‍കുട്ടിയും, മാന്ത്രികപ്പൂമ്പാറ്റ, നഗരത്തിലെ അപ്പു, രുചിയേറും വിഭവങ്ങള്‍, കുറുക്കന്റെ ആനിമേഷന്‍, കാടും മയിലും മുത്തശ്ശിയും, അന്ധനും കണ്ണാടിയും, നിധിപോലെ വെള്ളം, പുഴ കാണാന്‍ പോകുന്ന കുട്ടികള്‍, വയല്‍ക്കാറ്റ്, മരങ്ങളിലെ പുസ്തകച്ചിറകുകള്‍, എടക്കല്‍ ഗുഹ തുടങ്ങി കുട്ടികളുടെ നിര്‍മലമനസ്സുകളില്‍ കരുണയും സ്‌നേഹവും ഭാവനയും വളര്‍ത്താനുതകുന്ന കഥകള്‍. നമ്മുടെ ചുറ്റുപാടുകളെ അറിയാനും പ്രകൃതിയെ സ്‌നേഹിക്കാനും സ്വപ്നം കാണാനും ആര്‍ദ്രമനസ്സോടെ പെരുമാറാനും വായനയിലൂടെ വളരാനും പഠിപ്പിക്കുന്നവയാണ് ഇവയോരോന്നും. ചുറ്റുമുള്ള ലോകത്തെ നിരീക്ഷിക്കാനും മനസ്സിലാക്കാനും കുട്ടികളെ പ്രേരിപ്പിക്കുന്ന കഥകള്‍. ‘കളര്‍ പെന്‍സിലും പെണ്‍കുട്ടിയും’. അര്‍ഷാദ് ബത്തേരി. മാതൃഭൂമി. വില 136 രൂപ.

വായു മലിനീകരണത്തില്‍ ജീവിക്കുന്ന നമ്മള്‍ ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ അന്തരീക്ഷത്തില്‍ ജീവിക്കുന്നവര്‍ വിഷവായുവിന്റെ സ്വാധീനം കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിര്‍ബന്ധമാക്കണം. ഈ സമയത്ത് കഴിക്കേണ്ട 10 ഭക്ഷണങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. അവ പതിവായി കഴിക്കുന്നത് നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ജലദോഷം, ചുമ എന്നിവയില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. ലൈക്കോപീന്‍ എന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയതാണ് തക്കാളി. ലൈക്കോപീന്‍ നമ്മുടെ ശ്വസനവ്യവസ്ഥയുടെ ഒരു സംരക്ഷണ പാളിയായി പ്രവര്‍ത്തിക്കുകയും വായുവിലെ പൊടിപടലങ്ങളില്‍ നിന്ന് ശ്വസനവ്യവസ്ഥയെ സംരക്ഷിക്കുകയും ചെയ്യുന്നു. നെല്ലിക്ക കഴിക്കുന്നത് കരളില്‍ പൊടിപടലങ്ങള്‍ ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങളെ ഇല്ലാതാക്കുമെന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. മഞ്ഞള്‍ ഒരു മികച്ച ആന്റിഓക്‌സിഡന്റാണ്. ഇത് വായുവിലെ വിഷ പൊടിപടലങ്ങളില്‍ നിന്ന് ശ്വാസകോശത്തെ സംരക്ഷിക്കുന്നു. തുളസി ശ്വാസകോശത്തെ സംരക്ഷിക്കുന്നു. ദിവസവും 10-15 മില്ലി തുളസി നീര് കുടിക്കുന്നത് ശ്വസനവ്യവസ്ഥയിലെ മലിനമായ കണങ്ങളെ ഇല്ലാതാക്കുന്നു. ഓറഞ്ച്, പേരക്ക, കിവി, ഗ്രേപ്ഫ്രൂട്ട്, നാരങ്ങ തുടങ്ങിയ സിട്രസ് അടങ്ങിയ പഴങ്ങള്‍ പതിവായി കഴിക്കുന്നത് മലിനീകരണത്തിന്റെ ദോഷഫലങ്ങള്‍ ഇല്ലാതാക്കുകയും ശ്വാസകോശത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍, ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ശര്‍ക്കര കഴിക്കുന്നത് വളരെ ഫലപ്രദമാണ്. എള്ളിനൊപ്പം ശര്‍ക്കര കഴിക്കുന്നത് വളരെ ഗുണം ചെയ്യും. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായ ഗ്രീന്‍ ടീ കുടിക്കുന്നത് ശരീരത്തിലെ എല്ലാ അഴുക്കും നീക്കം ചെയ്യുന്നു. വാല്‍നട്ട് ഒമേഗ -3 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമായ ഒന്നാണ്. ഇത് പതിവായി കഴിക്കുന്നത് ആസ്ത്മയില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു. ബീറ്റ്റൂട്ടില്‍ നൈട്രേറ്റ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്, അതിനാല്‍ ശ്വാസകോശങ്ങളെ ശരിയായി പ്രവര്‍ത്തിക്കാന്‍ ഇവ സഹായിക്കുന്നു. വെളുത്തുള്ളി കഴിക്കുന്നത് ശരീരത്തില്‍ അണുബാധയും എരിച്ചിലും ഉണ്ടാക്കുന്നത് തടയുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.13, പൗണ്ട് – 103.68, യൂറോ – 90.41, സ്വിസ് ഫ്രാങ്ക് – 93.68, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.16, ബഹറിന്‍ ദിനാര്‍ – 220.56, കുവൈത്ത് ദിനാര്‍ -269.58, ഒമാനി റിയാല്‍ – 215.99, സൗദി റിയാല്‍ – 22.17, യു.എ.ഇ ദിര്‍ഹം – 22.64, ഖത്തര്‍ റിയാല്‍ – 22.84, കനേഡിയന്‍ ഡോളര്‍ – 60.75.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *