p6 yt cover

അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കൊടും ക്രൂരന് ശിശുദിനത്തില്‍ വധശിക്ഷ വിധിച്ച് എറണാകുളം പോക്സോ കോടതി. ആലുവയില്‍ ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ അഞ്ച് വയസുകാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസില്‍ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചു. പോക്സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ക്ക് പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ആകെ 13 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ 13 വകുപ്പുകളും പ്രതിക്കെതിരെ തെളിഞ്ഞിരുന്നു. പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും, കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്നും കോടതി അഭിപ്രായപ്പെട്ടു.

പെണ്‍കുട്ടി കൊല്ലപ്പെട്ട് 35-ാം ദിവസമാണ് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് വിചാരണ ഉടന്‍ തുടങ്ങണമെന്ന അപേക്ഷയും കോടതിയില്‍ നല്‍കി. തുടര്‍ന്ന് ഒക്ടോബര്‍ നാലിന് കോടതിയില്‍ ആരംഭിച്ച വിചാരണ 26 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. കൃത്യം നടന്ന് 99-ാം ദിവസം കേസില്‍ പ്രതി അസ്ഫാക്ക് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 110-ാം ദിവസം ശിക്ഷ വിധിക്കുകയുമാണ് ഉണ്ടായത്. പോക്സോ നിയമം പ്രാബല്യത്തില്‍ വന്നതിന്റെ 11-ാം വാര്‍ഷികദിനത്തിലാണ് ആലുവ കേസിന്റെ ശിക്ഷാവിധിയെന്നതും പ്രത്യേകതയാണ്.

ശിശുദിനത്തിലെ കോടതി വിധി കുഞ്ഞുങ്ങള്‍ക്ക് നേരെ അതിക്രമം കാട്ടുന്നവര്‍ക്കുള്ള ശക്തമായ താക്കീതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമഗ്രവും പഴുതടച്ചതുമായ അന്വേഷണത്തിലൂടെയും വിചാരണയിലൂടെയും കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കിയ അന്വേഷണസംഘത്തെയും പ്രോസിക്യൂഷനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

കേസിന്റെ വിചാരണ വേഗത്തില്‍ നടത്തിയത് മാതൃകാപരമെന്ന് മന്ത്രി വീണാ ജോര്‍ജ്. പൊലീസിനും പ്രോസിക്യൂഷനും ആദരമെന്നും ഇനി ഒരു കുട്ടിയും ആക്രമിക്കപ്പെടരുതെന്നും വീണാ ജോര്‍ജ് പറഞ്ഞു. അതോടൊപ്പം വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാനും പരമാവധി ശിക്ഷ നല്‍കാനും നാട്ടുകാരും മാധ്യമങ്ങളും സഹായിച്ചെന്ന് വിധികേട്ട ശേഷം എ.ഡി.ജി.പി. എം.ആര്‍.അജിത്കുമാര്‍ പറഞ്ഞു.

വിധിയില്‍ താന്‍ പൂര്‍ണതൃപ്തനാണെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 302 വകുപ്പ് പ്രകാരമാണ് തൂക്കുകയര്‍ വിധിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ സ്ഥിരീകരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

അഞ്ചുവയസ്സുകാരി അതിക്രൂരമായ കൊല ചെയ്യപ്പെട്ട സംഭവത്തിലെ പ്രധാന സാക്ഷിയായ ആലുവ മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി താജുദ്ദീന്‍ പ്രതിക്ക് വധശിക്ഷ കിട്ടിയതിനെ തുടര്‍ന്ന് മാര്‍ക്കറ്റില്‍ മധുരം വിതരണം ചെയ്തു. അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും ഇത് പാഠമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 120 കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്ന് ആരോപിച്ച് ടൈറ്റാനിയം മുന്‍ ജീവനക്കാരന്‍ ജയന്‍ നല്‍കിയ ഹര്‍ജിയില്‍ സിബിഐ അന്വേഷണതിന് ഹൈക്കോടതി ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് നിര്‍ദേശിച്ചെങ്കിലും സിബിഐ കേസ് ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എം.എല്‍.എ, വികെ ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ അടക്കമുള്ള യുഡിഎഫ് നേതാക്കളാണ് കേസില്‍ ആരോപണം നേരിടുന്നത്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്ര സര്‍ക്കാരെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും വാദം പച്ചക്കള്ളമെന്നാവര്‍ത്തിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേന്ദ്രത്തില്‍ നിന്ന് കിട്ടാനുള്ള തുകയുടെ കണക്കിന് ധനമന്ത്രി കെ.ബാലഗോപാലിന്റെ മറുപടി പഴമൊഴിയെ അനുസ്മരിപ്പിക്കുന്നതാണെന്നും, അരിയെത്ര എന്ന് ചോദിച്ചാല്‍ പയറഞ്ഞാഴി എന്നാണ് മറുപടിയെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളല്ലാതെ മറ്റാരും റാലി നടത്തരുതെന്ന ധാര്‍ഷ്ട്യമാണ് സിപിഎമ്മിനെന്ന് രമേശ് ചെന്നിത്തല. പലസ്തീന്‍ റാലിക്ക് അനുമതി നിഷേധിച്ചത് സിപിഎമ്മിന്റെ രാഷ്ട്രീയക്കളിയാണെന്നും, കോണ്‍ഗ്രസ് അവിടെ തന്നെ റാലി നടത്തുമെന്നും ചെന്നിത്തല പറഞ്ഞു. പലസ്തീന്‍ ജനതയ്ക്ക് ആദ്യം മുതലേ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് കോണ്‍ഗ്രസാണ്. ഈ വിഷയത്തില്‍ ആശയകുഴപ്പമുള്ളത് സിപിഎമ്മിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പലസ്തീന്‍ വിഷയത്തില്‍ തന്നെ ആരും നിലപാട് പഠിപ്പിക്കേണ്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശശി തരൂര്‍. പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് സോണിയ ഗാന്ധി വ്യക്തമാക്കിയതാണ്. ഇത് പലസ്തീനെ ചൊല്ലി തര്‍ക്കത്തിനുള്ള സമയമല്ലെന്നും അദ്ദേഹം പറഞ്ഞു. ആരുടേയെങ്കിലും റാലിയില്‍ പങ്കെടുക്കാന്‍ അപേക്ഷയുമായി നില്‍ക്കേണ്ട സാഹചര്യം കോണ്‍ഗ്രസിനില്ലെന്ന് പറഞ്ഞ അദ്ദേഹം, പരമാധികാരമുള്ള പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്നതാണ് കോണ്‍ഗ്രസിന്റെ ആവശ്യമെന്നും വ്യക്തമാക്കി.

സുരേഷ് ഗോപിക്കെതിരായി പോലിസ് പ്രവര്‍ത്തിച്ചാല്‍ ജനം നേരിടുമെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടന്‍ സുരേഷ്ഗോപി നാളെ കോഴിക്കോട് പോലീസിന് മുന്നില്‍ ഹാജരാകാനിരിക്കേയാണ് ശോഭയുടെ പ്രതികരണം. സുരേഷ് ഗോപിയെ മൂക്കില്‍ കയറ്റാനും വലിയ താമ്ര പത്രം ഒരുക്കി കൊടുക്കാനും കോഴിക്കോട് പോലീസ് അധികാരികള്‍ മുന്നോട്ടു വരുകയാണ്. ഒരേ നീതി പുലര്‍ത്താന്‍ പോലീസ് തയ്യാറാകണം. ഇല്ലെങ്കില്‍ പൊതുജനങ്ങള്‍ നിയമത്തെ വെല്ലുവിളിക്കുമെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് എരവന്നൂര്‍ എയുപി സ്‌കൂളില്‍ സ്റ്റാഫ് മീറ്റിങ് ചേരുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ 7 പേര്‍ക്ക് പരിക്കേറ്റു. കുട്ടികളെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് സ്‌കൂളിലെ രണ്ട് അധ്യാപകര്‍ക്കെതിരെ പരാതി ഉണ്ടായിരുന്നു. ഇതാണ് സംഘര്‍ഷത്തിലെത്തിയത്. പരിക്കേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വിദ്യാവാഹിനി പദ്ധതിയിലുള്ള കരാറുകാര്‍ക്ക് ഒരു മാസത്തെ പണം നല്‍കി പട്ടികവര്‍ഗവകുപ്പ്. ബാക്കി തുക 15 ദിവസത്തിനുള്ളില്‍ നല്‍കുമെന്നും ഉറപ്പ് നല്‍കി. നാല് മാസത്തെ കുടിശ്ശിക കരാറുകാര്‍ക്ക് നല്‍കാതിരുന്നതിനെ തുടര്‍ന്ന് വിദ്യാവാഹിനി പദ്ധതി പ്രകാരം ആദിവാസി വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനുള്ള വാഹന സംവിധാനം കരാറുകാര്‍ നിഷേധിച്ചിരുന്നു.

ആടിനെ ഉപദ്രവിച്ചത് ചോദ്യം ചെയ്തതിന് വീട്ടമ്മയേയും മക്കളേയും മര്‍ദ്ദിച്ച മുതലക്കുളങ്ങര വീട്ടില്‍ രാധാകൃഷ്ണനെ രാമമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ പറമ്പില്‍ ആട് കയറി പൈനാപ്പിള്‍ ചെടികള്‍ നശിപ്പിച്ചു എന്നാരോപിച്ച് ആടിനെ ഉപദ്രവിച്ചിരുന്നു. ഇത് വീട്ടമ്മയുടെ മകന്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇയാള്‍ ആക്രമിച്ചത്. കൊലപാതകശ്രമത്തിനുള്‍പ്പടെയാണ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപിനും മുകളിലായി ന്യൂന മര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ വീണ്ടും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ മറ്റൊരു ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. ഇവ രണ്ടിന്റെയും സ്വാധീന ഫലമായി അടുത്ത 5 ദിവസം കേരളത്തില്‍ ഇടി മിന്നലോടു കൂടിയ മിതമായ മഴ പെയ്യുമെന്നാണ് അറിയിപ്പ്.

കണ്ണൂര്‍ അയ്യന്‍കുന്ന് ഉരുപ്പുംകുറ്റി ഉള്‍വനത്തില്‍ ഇന്നലെ രാത്രിയിലും വെടിവെയ്പ്പുണ്ടായതായി സൂചന. രാത്രിയില്‍ ഇടയ്ക്കിടെ വെടിയൊച്ച കേട്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ രാവിലെ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടുമായി ഉള്‍വനത്തില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. പ്രത്യേക ദൗത്യ സംഘം വനമേഖലയില്‍ തുടരുകയാണ്.

മകള്‍ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന പുഴനാട് ലയോള സ്‌കൂളിലെ അധ്യാപിക അഭിരാമി കാര്‍ ഇടിച്ചു മരിച്ചു. സ്‌കൂട്ടറില്‍ പിന്നില്‍ ഇരിക്കുകയായിരുന്ന മകള്‍ അര്‍പ്പിതയ്ക്കും അപകടത്തില്‍ പരിക്കേറ്റു. അഭിരാമിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കര്‍ണാടകയിലെ എക്സാമിനേഷന്‍ അതോറിറ്റി സംസ്ഥാനത്തെ സര്‍ക്കാര്‍ ഒഴിവുകളിലേക്ക് നടക്കുന്ന മത്സര പരീക്ഷകളില്‍ തല മറക്കുന്ന എല്ലാ വസ്ത്രങ്ങളും നിരോധിച്ച് ഉത്തരവിറക്കി. നേരത്തെ ഹിജാബ് അടക്കമുള്ള വസ്ത്രങ്ങള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കല്‍ തീരപ്രദേശങ്ങളില്‍ ഒറ്റപ്പെട്ട കനത്തതോ അതിശക്തമായതോ ആയ മഴ ലഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ വില്ലുപുരം, അരിയല്ലൂര്‍, കടലൂര്‍, നാഗപട്ടണം എന്നീ നാല് ജില്ലകളിലും പുതുച്ചേരി, കാരയ്ക്കല്‍ ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഛത്തീസ്ഗഡില്‍ അവസാന ഘട്ട തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ 75 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. 2018-ല്‍ നേടിയതിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസ് ഛത്തീസ്ഗഡില്‍ നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഉത്തരാഖണ്ഡില്‍ ടണല്‍ തകര്‍ന്നു കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുളള ദൗത്യം തുടരുന്നു. തുരങ്കകവാടത്തിലുണ്ടായ മണ്ണിടിച്ചിലായിരുന്നു അപകട കാരണം. 40പേരാണ് തുരങ്കത്തിനുള്ളില്‍ കുടുങ്ങികിടക്കുന്നത്. അതോടൊപ്പം അപകടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.

ഇന്ത്യന്‍ ഹോട്ടല്‍ വ്യവസായരംഗത്തെ പ്രമുഖനായ, ഒബ്‌റോയ് ഗ്രൂപ്പിന്റെ ചെയര്‍മാനന്‍ പൃഥ്വി രാജ് സിംഗ് ഒബ്‌റോയ് അന്തരിച്ചു. അദ്ദേഹത്തിന് പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ലക്ഷ്വറി ട്രാവല്‍ മാര്‍ക്കറ്റ് – ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും ഹോട്ടല്‍സ് മാസിക യുഎസ്എയുടെ ‘കോര്‍പ്പറേറ്റ് ഹോട്ടലിയര്‍ ഓഫ് ദി വേള്‍ഡ്’ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നാളെ നടക്കുന്ന ഏകദിന ക്രിക്കററ് ലോകകപ്പിലെ ആദ്യ സെമി ഫൈനലില്‍ ഇന്ത്യയും ന്യൂസീലാന്‍ഡും തമ്മില്‍ ഏറ്റുമുട്ടും.

സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് 561 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ ലാഭമായിരുന്ന 410 കോടി രൂപയില്‍ നിന്ന് 37 ശതമാനം വര്‍ധന. ജൂണില്‍ അവസാനിച്ച ഒന്നാം പാദത്തെ അപേക്ഷിച്ച് 12.6 ശതമാനമാണ് വര്‍ധന. കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തികളുടെ മൂല്യത്തില്‍ 27 ശതമാനം വാര്‍ഷിക വര്‍ധന രേഖപ്പെടുത്തി. 38,950 കോടി രൂപയാണ് ആകെ ആസ്തി. സബ്‌സിഡിയറികള്‍ ഉള്‍പ്പെടാതെ ഉള്ള കമ്പനിയുടെ അറ്റാദായം 420 കോടി രൂപയാണ്. രണ്ടാം പാദത്തിലെ സംയോജിത പ്രവര്‍ത്തന വരുമാനം 27 ശതമാനം വര്‍ധിച്ച് 2157 കോടി രൂപയിലെത്തി. സ്വര്‍ണ വായ്പകള്‍ 8.4 ശതമാനം വര്‍ധിച്ച് 20,809 കോടി രൂപയിലുമെത്തി. 2023 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിക്ക് 25 ലക്ഷം സജീവ സ്വര്‍ണ വായ്പാ ഉപഭോക്താക്കളുണ്ട്. മണപ്പുറത്തിനു കീഴിലുള്ള ആശിര്‍വാദ് മൈക്രോഫിനാന്‍സ് ലിമിറ്റഡിന്റെ ആസ്തി മൂല്യം 43 ശതമാനം വര്‍ധിച്ച് 10,950 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം 7,661 കോടി രൂപയായിരുന്നു. മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡും മികച്ച വളര്‍ച്ചയുടെ പാതയിലാണ്. ആസ്തി മൂല്യം 41.6 ശതമാനം വാര്‍ഷിക വര്‍ധനയോടെ 1305 കോടി രൂപയിലെത്തി. വാഹന, ഉപകരണ വായ്പാ വിഭാഗത്തിന്റെ ആസ്തി മൂല്യം 66.7 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 3143 കോടി രൂപയായും ഉയര്‍ന്നു. കമ്പനിയുടെ മൊത്തം ആസ്തി മൂല്യത്തിന്റെ 47 ശതമാനം സ്വര്‍ണവായ്പാ ഇതര ബിസിനസില്‍ നിന്നാണ്. 2023 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം എല്ലാ സബ്‌സിഡിയറികളും ഉള്‍പ്പെടെയുള്ള കമ്പനിയുടെ സംയോജിത കടം 32,237 കോടി രൂപയാണ്. ആകെ 64 ലക്ഷം സജീവ ഉപഭോക്താക്കളുമുണ്ട്.

അപ്രതീക്ഷിതമായി ഡാറ്റ ഉപയോഗം കൂടുന്നുണ്ടെങ്കില്‍ നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടുന്നുണ്ടാകാമെന്ന് മുന്നറിയിപ്പ്. സൈബര്‍ വിദഗ്ധരും പൊലീസ് ഉള്‍പ്പെടെ സുരക്ഷാവിഭാഗങ്ങളും നല്‍കുന്ന മുന്നറിയിപ്പാണിത്. രാജ്യത്തും, പ്രത്യേകിച്ച് കേരളത്തിലും കൂടുതലായി ഉപയോഗിക്കുന്നത് ആന്‍ഡ്രോയ്ഡ് ഫോണുകളാണ്. അവ എളുപ്പം ഹാക്ക് ചെയ്യാന്‍ സാധിക്കുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഫോണ്‍ ഹാക്ക് ചെയ്യുന്നതിലൂടെ അതിലെ വിവരങ്ങള്‍ ചോര്‍ത്തി സാമ്പത്തിക തട്ടിപ്പുള്‍പ്പെടെ നടക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. ഹാക്ക് ചെയ്യപ്പെടുന്ന ഫോണില്‍ പ്രവര്‍ത്തിക്കുന്ന മാല്‍വെയറാണ് ഡാറ്റ ഉപഭോഗത്തെ വര്‍ധിപ്പിക്കുന്നത്. അതിനാല്‍ ഫോണിലെ ഡാറ്റ ഉപയോഗം ഇടക്കിടെ ശ്രദ്ധിക്കണം. പാസ്വേര്‍ഡ് പ്രവര്‍ത്തനം തെറ്റായി കാണുന്നുണ്ടെങ്കിലും അത് ഫോണ്‍ ഹാക്കായതിന്റെ സൂചനയാകാം. നമുക്ക് അറിയാത്ത ആപ്പുകള്‍ ഫോണില്‍ കണ്ടാല്‍ അതും ഫോണ്‍ ഹാക്ക് ചെയ്തതിന്റെ ലക്ഷണമാകാം. നമ്മുടെ അറിവിലില്ലാത്ത കോളുകള്‍ ഫോണ്‍ ഹിസ്റ്ററിയിലുണ്ടെങ്കില്‍ അതും ഇതിന്റെ സൂചനയാണ്. ഇടക്കിടെ പാസ്വേര്‍ഡുകള്‍ മാറ്റുന്നത് നല്ലതായിരിക്കും. വൈഫൈ, ബ്ലൂടൂത്ത് എന്നിവ ഉപയോഗത്തിന് ശേഷം ഓഫ് ചെയ്യാന്‍ മറക്കരുത്. പൊതുസ്ഥലങ്ങളിലെ വൈഫൈ ഉപയോഗത്തിലും ശ്രദ്ധവേണം. വിശ്വാസയോഗ്യമല്ലാത്ത ആപ്പുകള്‍, സൈറ്റുകള്‍, ലിങ്കുകളില്‍ കയറുന്നതിലും ശ്രദ്ധിക്കണം. അപരിചിതമായ ലിങ്കുകളില്‍ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ കൈമാറാതിരുന്നാലും ഫോണ്‍ ഹാക്ക് ചെയ്യുന്നതില്‍ നിന്നും ഒരു പരിധി വരെ രക്ഷപെടാമെന്ന മുന്നറിയിപ്പാണ് സൈബര്‍ വിദഗ്ധര്‍ നല്‍കുന്നത്.

മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷങ്ങളിലെത്തുന്ന ജിയോ ബേബി ചിത്രം ‘കാതല്‍’ ട്രെയിലര്‍ എത്തി. 12 വര്‍ഷങ്ങള്‍ക്കു ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. പേര് കാതല്‍ എന്നാണെങ്കിലും പ്രണയത്തിന്റെ ‘കാതലല്ല’ ചിത്രം ചര്‍ച്ച ചെയ്യുന്നതെന്നാണ് സൂചന. മമ്മൂട്ടിയുടെയും ജ്യോതികയുടെയും അഭിനയ പ്രകടനവും ട്രെയിലറിന്റെ ആകര്‍ഷണമാണ്. മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതല്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ചിത്രം വിതരണം ചെയ്യുന്നു. നവംബര്‍ 23 നാണ് തിയറ്റര്‍ റിലീസ്. ഗോവയില്‍ നടക്കുന്ന ഐഎഫ്എഫ്ഐയിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഈ മാസം 20 മുതല്‍ 28 വരെയാണ് ഗോവ ചലച്ചിത്രമേള. ഡിസംബര്‍ 8 മുതല്‍ 15 വരെ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിലും കാതല്‍ പ്രദര്‍ശിപ്പിക്കും. മലയാളം സിനിമ ടുഡേ എന്ന വിഭാ?ഗത്തിലാണ് പ്രദര്‍ശനം. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. കാതലിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയുമാണ്.

‘മേപ്പടിയാന്‍’ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ വിഷ്ണു മോഹന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ‘കഥ ഇന്നുവരെ’ ചിത്രീകരണം പൂര്‍ത്തിയായി. ആലപ്പുഴ, കുമളി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ സിനിമയില്‍ ബിജു മേനോന്റെ നായികയായി പ്രശസ്ത നര്‍ത്തകി മേതില്‍ ദേവിക എത്തുന്നു. ചെറുപ്പം മുതല്‍ സിനിമയിലേക്ക് ഒരുപാട് അവസരങ്ങള്‍ തേടിയെത്തിയെങ്കിലും ആദ്യമായി മേതില്‍ ദേവിക ഒരു സിനിമയില്‍ അഭിനയിക്കുന്നത് വിഷ്ണു മോഹന്‍ ചിത്രത്തിലൂടെയാണ്. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ ‘കൊച്ചു കൊച്ചു സന്തോഷങ്ങളിലെ’ നായിക എന്ന വലിയ സന്തോഷം പോലും വേണ്ടെന്ന് വച്ച് സിനിമയിലേക്ക് ഒരിക്കലും വരില്ല എന്ന് പ്രഖ്യാപിച്ചിരുന്ന നര്‍ത്തകിയാണ് മേതില്‍ ദേവിക. പതിമൂന്നാം വയസ്സ് മുതല്‍ നിരവധി പ്രതിഭാധനന്മാരായ സംവിധായകരുടെ ക്ഷണം നിരസിച്ച താരമാണ് ഇപ്പോള്‍ ഒരു ഇളമുറക്കാരനായ സംവിധായകന്റെ കഠിന പരിശ്രമത്തിനൊടുവില്‍ ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. നാല്‍പത്തിയാറാം വയസ്സില്‍ ബിജു മേനോന്റെ നായികയായാണ് മേതില്‍ ദേവികയുടെ അരങ്ങേറ്റം. ഇവരെ കൂടാതെ അനു മോഹന്‍, നിഖില വിമല്‍, ഹക്കീം ഷാജഹാന്‍, അനുശ്രീ, സിദ്ദീഖ്, രഞ്ജി പണിക്കര്‍, കോട്ടയം രമേഷ്, അപ്പുണ്ണി ശശി, കൃഷ്ണ പ്രസാദ്, തുടങ്ങിയ നീണ്ട താരനിര അണിനിരക്കുന്നു.

ലോട്ടസ് ഇക്ട്രെ ഇന്ത്യന്‍ വാഹന വിപണിയിലെത്തി. മൂന്നു വകഭേദങ്ങളിലായി ഇറങ്ങിയ ലോട്ടസ് ഇക്ട്രെയുടെ വില 2.55 കോടി രൂപയിലാണ് ആരംഭിക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗമുള്ള ഡ്യുവല്‍ മോട്ടോര്‍ വൈദ്യുത കാറായ ലോട്ടസ് ഇക്ട്രെ മണിക്കൂറില്‍ 265 കിലോമീറ്റര്‍ വേഗത്തില്‍ വരെ പറപറക്കും. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേക്കെത്താന്‍ വെറും 2.95 സെക്കന്‍ഡ് മതി. ലോട്ടസ് ഇക്ട്രെ ആര്‍ എന്ന ഏറ്റവും ഉയര്‍ന്ന വകഭേദത്തില്‍ 905 എച്ച്പി കരുത്തുള്ള ഡ്യുവല്‍ ഇലക്ട്രിക് മോട്ടോര്‍ നല്‍കിയിരിക്കുന്നു. പരമാവധി ടോര്‍ക്ക് 985 എന്‍എം. 112കിലോവാട്ട്അവര്‍ ബാറ്ററി പാക്ക് ഒറ്റ ചാര്‍ജില്‍ 490 കിലോമീറ്റര്‍ റേഞ്ച് നല്‍കും. ഇന്ത്യയിലെ വില 2.99 കോടി രൂപ. തൊട്ടു താഴെയുള്ള ലോട്ടസ് ഇക്ട്രെ എസിന് 2.75 കോടി രൂപയാണ് വില. 112കിലോവാട്ട്അവര്‍ ബാറ്ററി തന്നെയാണ് ഈ കാറിലുമുള്ളത്. എന്നാല്‍ 603 ബിഎച്ച്പി കരുത്തും പരമാവധി 710 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന സിംഗിള്‍ ഇലക്ട്രിക് മോട്ടോറാണ് ഇതിലുള്ളത്. റേഞ്ച് 600 കിലോമീറ്റര്‍. കൂട്ടത്തിലെ അടിസ്ഥാന വകഭേദമായ ലോട്ടസ് ഇക്ട്രെ എസില്‍ സിംഗിള്‍ ഇലക്ട്രിക് മോട്ടോറാണ്. ഇതിന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേക്കെത്താന്‍ 4.5 സെക്കന്‍ഡു വേണം. എല്ലാ വകഭേദങ്ങളും റാപിഡ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 20 മിനിറ്റുകൊണ്ട് 10% മുതല്‍ 80%വരെ ചാര്‍ജ് ചെയ്യാനാവും.

ആനവാരി രാമന്‍ നായര്‍, പൊന്‍കുരിശ് തോമ, എട്ടുകാലി മമ്മൂഞ്ഞ്, മജീദ്, സുഹ്‌റ, കുഞ്ഞിപ്പാത്തുമ്മ തുടങ്ങിയ നിത്യസ്മരണീയങ്ങളായ കഥാപാത്രങ്ങളെയും ബാല്യകാലസഖി, ന്റപ്പുപ്പാക്കൊരാനെണ്ടാര്‍ന്ന്!, ശബ്ദങ്ങള്‍, പാത്തുമ്മായുടെ ആട്, അനര്‍ഘനിമിഷം, മുച്ചീട്ടുകളിക്കാരന്റെ മകള്‍, ആനവാരിയും പൊന്‍കുരിശും തുടങ്ങിയ നിസ്തുലരചനകളെയും മലയാളികള്‍ക്ക് സമ്മാനിച്ച ബേപ്പൂര്‍ സുല്‍ത്താനെ അടുത്തറിയാന്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി തയ്യാറാക്കിയ ഗ്രന്ഥം. വൈക്കം മുഹമ്മദ് ബഷീറിന്റെ ലഘുജീവചരിത്രം. ‘ബഷീര്‍ ജീവചരിത്രം വിദ്യാര്‍ത്ഥികള്‍ക്ക്’. മലയത്ത് അപ്പുണ്ണി. മാതൃഭൂമി. വില 168 രൂപ.

ഇന്ന് നവംബര്‍ 14 – ലോക പ്രമേഹദിനം. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണിത്. ജീവിതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടാണ് പ്രമേഹരോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ പ്രമേഹത്തെ നമുക്ക് നിയന്ത്രിക്കാം. പ്രമേഹം രണ്ട് തരത്തിലുണ്ട്. ടൈപ്പ്-1 പ്രമേഹവും ടൈപ്പ്-2 പ്രമേഹവും. ശരീരത്തില്‍ ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ ഇല്ലാതാകുന്നതും അളവ് കുറയുന്നതുമൊക്കെയാണ് ടൈപ്പ്-2 പ്രമേഹത്തിന് കാരണം. അതേസമയം, പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങള്‍ നശിക്കുന്നതിനാല്‍ ഇന്‍സുലിന്‍ ഇല്ലാതെ പോകുന്നതും തുടര്‍ന്ന് രക്തത്തിലെ ഗ്‌ളൂക്കോസിന്റെ അളവ് കൂടുന്നതുമാണ് ടൈപ്പ്-1 പ്രമേഹത്തിനു കാരണം. അകാരണമായ ക്ഷീണം, ശരീരഭാരം കുറയല്‍, അമിതമായ ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കുക, മുറിവുകള്‍ പതുക്കെ ഉണങ്ങുക, മങ്ങിയ കാഴ്ച, ഞരമ്പുകള്‍ക്ക് ക്ഷതം, ക്ഷീണവും ബലഹീനതയും, ചര്‍മ്മത്തില്‍ ഇരുണ്ട പാടുകള്‍ പ്രത്യക്ഷപ്പെടുക തുടങ്ങിയവയാണ് ടൈപ്പ് 1-ന്റെ സാധാരാണയായി കണ്ടുവരുന്ന ലക്ഷണങ്ങള്‍. പ്രമേഹം നിയന്ത്രിക്കാനായി കൃത്യമായ ഇടവേളകളില്‍ ഷുഗര്‍ നില പരിശോധിക്കണം. മൂന്ന് മാസത്തിലൊരിക്കല്‍ ഡോക്ടറെ കാണുകയും വേണം. പ്രമേഹ രോഗികള്‍ അമിത അളവില്‍ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ്, പഞ്ചസാര എന്നിവയെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണം. പ്രമേഹരോഗികള്‍ഗ്ലൈസെമിക് ഇന്‍ഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കാനും ശ്രദ്ധിക്കണം. ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുക. വെള്ളം ധാരാളം കുടിക്കണം. ശരീരഭാരം ഉയരാതെ നോക്കുക എന്നതും പ്രധാനമാണ്. വ്യായാമം പ്രധാനമാണ്. പുകവലി ഒഴിവാക്കുക, മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കുക. ഇവയൊക്കെ പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.22, പൗണ്ട് – 102.22, യൂറോ – 89.05, സ്വിസ് ഫ്രാങ്ക് – 92.26, ഓസ്ട്രേലിയന്‍ ഡോളര്‍ – 52.94, ബഹറിന്‍ ദിനാര്‍ – 220.77, കുവൈത്ത് ദിനാര്‍ -269.48, ഒമാനി റിയാല്‍ – 216.19, സൗദി റിയാല്‍ – 22.19, യു.എ.ഇ ദിര്‍ഹം – 22.66, ഖത്തര്‍ റിയാല്‍ – 22.86, കനേഡിയന്‍ ഡോളര്‍ – 60.21.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *