◾മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷന്‍ റിപോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ഡാമില്‍ സ്വതന്ത്ര സമിതി അടിയന്തര സുരക്ഷാ പരിശോധന നടത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി ഇന്നു പരിഗണിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
◾ലൈഫ് മിഷന്‍ കേസില്‍ നാലു കോടി രൂപ കോഴ നല്‍കിയ യൂണിടാക് മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ഈപ്പനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്റെ ഭാഗമായി ഫ്ലാറ്റ് കെട്ടിടം നിര്‍മ്മിക്കാനുള്ള കരാര്‍ സന്തോഷ് ഈപ്പന്റെ കമ്പനിക്കായിരുന്നു. കേസില്‍ രണ്ടാമത്തെ അറസ്റ്റാണിത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരനെയാണ് ആദ്യം അറസ്റ്റു ചെയ്തത്.
◾ലിവ് ഇന്‍ ടുഗെതര്‍ റിലേഷനുകള്‍ക്ക് രജിസ്ട്രേഷന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ലിവ് ഇന്‍ ടുഗെതര്‍ ബന്ധങ്ങള്‍ തടയുകയാണോ ഹര്‍ജിക്കാരന്റെ ലക്ഷ്യമെന്ന് കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
*വരുന്നൂ, തൃശ്ശൂരിന്റെ ഹൃദയത്തില്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂം*
കെട്ടിടത്തിന്റെ മുന്‍ഭാഗം ഉള്‍പ്പെടെ മൊത്തത്തില്‍ നവീകരിച്ച പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമിന് പുതിയ മുഖം. നിലവിലുള്ള ഷോറൂമിനെക്കാള്‍ പകുതിയിലധികം വലുപ്പ കൂടുതലുള്ള പുതിയ കെട്ടിടം പുളിമൂട്ടില്‍ സില്‍ക്‌സിനെ ഏറെ ഇഷ്ടപ്പെടുന്ന പ്രിയപ്പെട്ട കസ്റ്റമേഴ്‌സിന് ഒരു പുതുപുത്തന്‍ അനുഭവം തന്നെ ആയിരിക്കും. ജയന്റ് വീല്‍, വാലറ്റ്, അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിംഗുകളിലൂടെ വിശാലമായ പാര്‍ക്കിംഗ് സൗകര്യം. കൂടാതെ, ഉദ്ഘാടനം പ്രമാണിച്ച് വിവാഹ പര്‍ച്ചേസുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും സൗകര്യങ്ങളും. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഏറ്റവും ഉയര്‍ന്ന മൂല്യങ്ങളായ ഗുണമേന്മ, അതിവിപുലമായ സെലക്ഷനുകള്‍, ഉപഭോക്തൃ സംതൃപ്തി, ന്യായമായ വില എന്നിവ ഇനി കൂടുതല്‍ മേന്മയോടെ തൃശ്ശൂരിലെ ജനങ്ങള്‍ക്ക് ആസ്വദിക്കാം.
*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*
◾ബിജെപിയുടെ തെരഞ്ഞെടുപ്പു ചിഹ്നമായ താമര ഹിന്ദു, ബുദ്ധ മതങ്ങളുടെ ചിഹ്നമാണെന്ന് മുസ്ലിംലീഗ് സുപ്രീം കോടതിയില്‍. മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരേ നടപടിയാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് ലീഗിന്റെ വാദം. ബിജെപി, ശിവസേന, ശിരോമണി അകാലിദള്‍ ഉള്‍പ്പെടെ 27 രാഷ്ട്രീയ പാര്‍ട്ടികളെക്കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടു.
◾പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനദ്രോഹ നടപടികളെ വിമര്‍ശിച്ചാല്‍ ഇന്ത്യയെ വിമര്‍ശിക്കലാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. മോദിയെ ഇന്ത്യയെന്നു ചിത്രീകരിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും രാഹുല്‍. കോഴിക്കോട് മുക്കത്ത് യുഡിഎഫ് ബഹുജന കണ്‍വഷനും കൈത്താങ്ങ് പദ്ധതിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ വേദിയില്‍ സ്ത്രീകളെ ഉള്‍പെടുത്താതിരുന്നതിനെ രാഹുല്‍ സംഘാടകരെ വിമര്‍ശിച്ചു.
◾തിരുവനന്തപുരം വഞ്ചിയൂരില്‍ നടുറോഡില്‍ സ്ത്രീക്കെതിരെ ലൈംഗികാതിക്രമം നടന്ന വിവരം അറിയിച്ചിട്ടും നടപടിയെടുക്കാതിരുന്ന പേട്ട പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജയരാജ്, സിവില്‍ പൊലീസ് ഓഫീസര്‍ രഞ്ജിത്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
◾വഞ്ചിയൂരിലെ ലൈംഗികാതിക്രമ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അതിക്രമത്തിനിരയായ സ്ത്രീ പോലീസില്‍ പരാതി എഴുതിക്കൊടുക്കാതിരുന്നതിനാലാണ് കേസെടുക്കാന്‍ വൈകിയതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പോലീസിനെ ന്യായീകരിച്ചു. എന്നാല്‍ പരാതിക്കാരിയെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുക്കുന്ന നടപടി ശരിയല്ലെന്നും സതീദേവി പറഞ്ഞു.
◾
◾വഞ്ചിയൂരില്‍ മുഖ്യമന്ത്രിയുടെ മൂക്കിനുതാഴെ ഉണ്ടായ ലൈംഗികാതിക്രമ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നു ഗുരുതരമായ വീഴ്ചയാണു സംഭവിച്ചതെന്ന് ആര്‍എംപി നേതാവ് കെകെ രമ എംഎല്‍എ. ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കും. വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പൊലീസിനെ ന്യായീകരിച്ചതു തെറ്റാണെന്നും രമ.
◾ഈ സര്‍ക്കാരിന്റെ കാലത്ത് 2021 മുതല്‍ ഇന്നുവരെ നാലുതവണ സഭാ നടപടികള്‍ നിര്‍ത്തിവെച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയങ്ങള്‍ ചര്‍ച്ചയ്ക്കെടുത്തെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇതു സര്‍വ്വകാല റെക്കോര്‍ഡാണെന്നും റിയാസ് അവകാശപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തണമെന്ന ബിജെപിയുടെ ലക്ഷ്യം നടപ്പാക്കാനാണു പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ്.
◾നിയമസഭ പാസാക്കിയ രണ്ടു ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. വഖഫ് ബില്ലിലും മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കുന്ന ബില്ലിലുമാണ് ഒപ്പിട്ടത്. എന്നാല്‍ ചാന്‍സലര്‍ ബില്ലും ലോകായുക്താ ബില്ലുമടക്കം എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചിട്ടില്ല.
◾കെഎസ്ആര്‍ടിസിയില്‍ ശമ്പളം ഗഡുക്കളായി നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച പരാജയപ്പെട്ടു. മാനേജ്മെന്റും സിഐടിയുവും ഗതാഗത മന്ത്രിയും തമ്മിലായിരുന്നു ചര്‍ച്ച. സമരത്തിനിറങ്ങുമെന്ന് സിഐടിയു മുന്നറിയിപ്പു നല്‍കി.
◾കൊച്ചി കോര്‍പ്പറേഷനു മുന്നില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച സമരത്തില്‍ തന്റെ പ്രസംഗത്തിനെതിരെ കലാപശ്രമത്തിനു കേസെടുത്തത് അല്‍പ്പത്തരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സമാന രീതിയില്‍ കേസെടുത്തിരുന്നെങ്കില്‍ മുഖ്യമന്ത്രിക്കെതിരെ എത്ര കേസുകള്‍ എടുക്കേണ്ടിവരുമായിരുന്നു. പോലീസിനെക്കൊണ്ട് കേസെടുപ്പിച്ച് വിരട്ടി മൂലയ്ക്കിരുത്താമെന്നതു മുഖ്യമന്ത്രിയുടെ വ്യാമോഹമാണ്. സുധാകരന്‍ പറഞ്ഞു.
◾
◾ദേവികുളം എം.എല്‍.എ എ. രാജയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പിന്നാക്ക സമുദായങ്ങളെ എല്‍ഡിഎഫും യുഡിഎഫും ചതിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കോടതി വിധിയിലൂടെ പുറത്തുവന്നതെന്നും സുരേന്ദ്രന്‍.
◾സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും ഗുരുതരമായി പരിക്കേറ്റവര്‍ക്കും കൃഷിനാശം സംഭവിച്ചവര്‍ക്കുമുള്ള നഷ്ടപരിഹാരം നല്‍കാനും അനുബന്ധ ചെലവുകള്‍ക്കുമായി 19 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
◾തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാം ജീവപര്യന്തം തടവിനെതിരെ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാറിനും എതിര്‍കക്ഷികള്‍ക്കും സുപ്രീംകോടതി നോട്ടീസയച്ചു. ജീവപര്യന്തം ശിക്ഷാവിധി റദ്ദാക്കണമെന്നാണ് മുഹമ്മദ് നിഷാമിന്റെ ഹര്‍ജിയിലെ ആവശ്യം. ഇതേസമയം നിഷാമിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഒമ്പതു വര്‍ഷമായി ജയിലില്‍ കഴിയുന്ന നിഷാമിന് ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ ജാമ്യം നല്‍കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയും അഭിഭാഷകന്‍ ഹാരീസ് ബീരാനും കോടതിയില്‍ ആവശ്യപ്പെട്ടു.
◾കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ അഭിഭാഷകയായി പത്മലക്ഷ്മി എന്റോള്‍ ചെയ്തു. ഇന്നലെ 1,528 അഭിഭാഷകരാണ് എന്റോള്‍ ചെയ്തത്.
◾ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ വന്‍ നാശനഷ്ടങ്ങളുണ്ടാക്കുന്ന അരിക്കൊമ്പനെ ഈ മാസം 25 നു മയക്കു വെടിവയ്ക്കുമെന്ന് മൂന്നാര്‍ ഡിഎഫ്ഒ രമേശ് ബിഷ്ണോയ്. പിടികൂടാനുള്ള മുഴുവന്‍ സംഘങ്ങളും എത്തിയ ശേഷം 24 ന് മോക്ക് ഡ്രില്‍ നടത്തും.
◾ബെംഗളുരു ശോഭ ഡെവലപ്പേഴ്സില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. ശോഭ ഗ്രൂപ്പുമായി ഇടപാടുണ്ടായിരുന്ന ഫാരിസ് അബുബക്കറിന്റെ സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. നേരത്തേ ഗുരുഗ്രാമില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ശോഭ ഡെവലപ്പേഴ്സിന്റെ 201 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു.
◾കെ റെയില്‍ വിരുദ്ധ സമരം കേരളത്തെ അമ്പതു വര്‍ഷം പിന്നോട്ടടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എന്തിനെയും എതിര്‍ക്കുന്ന ചില പരിസ്ഥിതി വാദികളും പ്രതിപക്ഷവുമാണ് വികസനത്തിനെതിരെ സമരം ചെയ്യുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
◾കേരള ലോട്ടറിയുടെ സമ്മര്‍ ബമ്പര്‍ സമ്മാനമായ പത്തു കോടി രൂപ ആസാം സ്വദേശിക്ക്. സിനിമ സീരിയല്‍ താരം രജനി ചാണ്ടിയുടെ സഹായിയായ ആല്‍ബര്‍ട്ട് ടിഗയ്ക്കാണ് 10 കോടിയുടെ ബമ്പറടിച്ചത്.
◾മുതിര്‍ന്ന നടി ഷീല നിയമസഭാ മന്ദിരം കാണാനെത്തി. നിയമസഭ കാണാന്‍ ആഗ്രഹമുണ്ടെന്നും സ്പീക്കറുടെ ഓഫീസിനെ അറിയിച്ചിരുന്നു. അനുമതി നല്‍കിയതോടെ ഇന്നലെ ഉച്ചയോടെയാണ് ഷീല നിയമസഭാ മന്ദിരത്തില്‍ എത്തിയത്. സ്പീക്കര്‍ എ എന്‍ ഷംസീറും ഉദ്യോഗസ്ഥരും ചേര്‍ന്നു ഷീലയെ സ്വീകരിച്ചു. മുഖ്യമന്ത്രിയെയും സന്ദര്‍ശിച്ചു.
◾കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ടിന് ആദായ നികുതി വകുപ്പ് ടിഡിഎസ് വിഭാഗം വീണ്ടും നോട്ടീസ് നല്‍കി. ടിഡിഎസ് വിഭാഗത്തിന് നല്‍കിയ രേഖകള്‍ അപൂര്‍ണ്ണമാണെന്ന് കണ്ടതിനെത്തുടര്‍ന്നാണ് നടപടി. നികുതി സംബന്ധമായ മുഴുവന്‍ രേഖകളും 27 ന് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
◾കോട്ടയം പഴയിടം ഇരട്ട കൊലപാതകക്കേസിലെ പ്രതി ചൂരപ്പാടി അരുണ്‍ ശശി കുറ്റക്കാരനെന്നു കോടതി. കൊലപാതകവും മോഷണവും ഭവനഭേദനവും അടക്കമുള്ള ഗുരുതര ക്രിമിനല്‍ കുറ്റങ്ങള്‍ പ്രതി ചെയ്തുവെന്നാണ് കോടതി കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ നാളെ വിധിക്കും.
◾കാഷ്മീര്‍ തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസില്‍ കേരള ഹൈക്കോടതി വിധിച്ച ശിക്ഷ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പന്ത്രണ്ടാം പ്രതി കളമശേരി സ്വദേശി ഫിറോസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി അടുത്ത മാസം പത്തിലേക്കു മാറ്റി. കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.
◾എഴുകോണ്‍ ഇ.എസ്ഐ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ആശുപത്രി ജീവനക്കാരി കൂടിയായ എഴുകോണ്‍ സ്വദേശി ചിഞ്ചു രാജിന്റെ ഓപ്പറേഷനില്‍ ഉപകരണം ഉള്ളില്‍വച്ചു സ്റ്റിച്ചു ചെയ്ത സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താന്‍ കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ് ഇ.എസ്.ഐ ഡയറക്ടര്‍ ജനറലിന് നിര്‍ദേശം നല്‍കി.
◾ചടയമംഗലത്ത് പ്ലസ് ടു വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ യുവാവ് പൊലീസ് പിടിയില്‍. പോരേടം സ്വദേശി പ്രവീണിനെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
◾പത്തനംതിട്ട പൂങ്കാവിലെ പെട്രോള്‍ പമ്പില്‍ അതിക്രമം നടത്തിയ പ്രതികള്‍ റിമാന്റില്‍. പ്രമാടം സ്വദേശികളായ കെ എസ് ആരോമല്‍, ഗിരിന്‍, അനൂപ് എന്നിവരാണ് റിമാന്റിലായത്.
◾പത്രം വിതരണം ചെയ്യുന്നതിനിടെ ബൈക്ക് ടിപ്പറിന് അടിയില്‍പ്പെട്ട് പത്രവിതരണക്കാരനായ യുവാവ് മരിച്ചു. കറുകച്ചാല്‍ പത്തനാട് പരുത്തിമൂട് പതിയ്ക്കല്‍ ജിത്തു ജോണി എന്ന 21 കാരനാണ് മരിച്ചത്.
◾ലഹരി മരുന്നുമായി യുവതിയെ എറണാകുളത്ത് പൊലീസ് പിടികൂടി. തിരുവനന്തപുരം സ്വദേശി അഞ്ജു കൃഷ്ണയാണ് എടപ്പള്ളിയിലെ ഫ്ളാറ്റില്‍ 52 ഗ്രാം എംഡിഎംഎ യുമായി പിടിയിലായത്.
◾തന്റെ പേരിലുള്ള യൂട്യൂബ് ചാനല്‍ നോക്കി നടത്തിയിരുന്നവര്‍ കബളിപ്പിച്ചതിനാല്‍ പുതിയ ചാനല്‍ ആരംഭിച്ചെന്ന് നടി മീനാക്ഷി അനൂപ്. തന്റെ ചാനലിനായി ലഭിച്ച യൂട്യൂബ് പ്ലേ ബട്ടണ്‍ പോലും തനിക്കു തന്നില്ലെന്ന് മീനാക്ഷി ആരോപിച്ചു. പുതിയ ചാനലിലൂടെയാണ് മീനാക്ഷിയും കുടുംബവും തട്ടിപ്പുകാര്യം വെളിപെടുത്തിയത്.
◾ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ മൂന്നാം മുന്നണി രൂപീകരിക്കാനുള്ള നീക്കം നടത്തിയെങ്കിലും ഫലിച്ചില്ല. ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ഭാഗമല്ലാത്ത മുഖ്യമന്ത്രിമാരുടെ കൂട്ടായ്മ രൂപീകരിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ആരും പ്രതികരിച്ചില്ലെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട്.
◾ഡല്‍ഹി സംസ്ഥാന ബജറ്റ് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇന്നു നിയമസഭയില്‍ അവതരിപ്പിക്കാനിരുന്ന ബജറ്റാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തടഞ്ഞത്. ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ പരസ്യങ്ങള്‍ക്കായി ചെലവാക്കിയ തുക സംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ബജറ്റ് തടഞ്ഞത്.
◾ഇന്തോ – പസഫിക് മേഖലയിലെ ചൈനയുടെ വെല്ലുവിളികള്‍ നേരിടാന്‍ 7500 കോടി ഡോളറിന്റെ പദ്ധതി പ്രഖ്യാപിച്ച് ജപ്പാന്‍. ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെയാണ് ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ പ്രഖ്യാപനം നടത്തിയത്. സ്വകാര്യ നിക്ഷേപങ്ങളിലൂടെയും സര്‍ക്കാര്‍ സഹായവും വഴി 2030 ഓടെയാണ് പദ്ധതി നടപ്പാക്കുക.
◾കര്‍ണാടകത്തില്‍ തൊഴില്‍രഹിതരായ ബിരുദധാരികള്‍ക്ക് മൂവായിരം രൂപ തൊഴിലില്ലായ്മാ വേതനം നല്‍കുമെന്നു കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനം. ബെലഗാവിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത സമ്മേളനത്തിലാണ് പ്രഖ്യാപനം. തൊഴില്‍രഹിതരായ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ, ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 10 കിലോ അരി, എല്ലാ കുടുംബങ്ങള്‍ക്കും ആദ്യത്തെ 200 യൂണിറ്റ് വൈദ്യുതി സൗജന്യം എന്നീ വാഗ്ദാനങ്ങളുമുണ്ട്. രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണു കര്‍ണാടകയിലെ ബിജെപി സര്‍ക്കാരെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
◾പൊലീസ് വെടിവയ്പില്‍ മദ്യക്കടത്തുകാരന്‍ കൊല്ലപ്പെട്ടു. ബീഹാറിലെ ദര്‍ഭംഗ, മുസാഫര്‍പൂര്‍ ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളായ ബൂത്നാഗ്ര ഗ്രാമത്തിലാണ് പൊലീസും മദ്യകടത്തുകാരും തമ്മില്‍ വെടിവയ്പുണ്ടായത്. പ്രിന്‍സ് സിംഗ് എന്നയാളാണു കൊല്ലപ്പെട്ടത്.
◾റെയില്‍വേ സ്റ്റേഷനിലെ ടിവിയില്‍ പരസ്യത്തിനിടെ അശ്ലീല സിനിമാ ദൃശ്യങ്ങള്‍. ബിഹാറിലെ പാറ്റ്ന റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പോലീസ് കേസെടുത്തിട്ടുണ്ട്.
◾അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെയും ഖലിസ്ഥാന്‍ വാദികളുടെ അതിക്രമം. യുകെയിലെ ഹൈക്കമ്മീഷന് നേരെ നടന്ന അതിക്രമത്തിന് പിന്നാലെയാണ് സംഭവം. അമൃത്പാല്‍ സിംഗിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അക്രമികള്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലെ കോണ്‍സുലേറ്റില്‍ അതിക്രമം നടത്തിയത്. കെട്ടിടത്തിന്റെ ചുമരില്‍ സ്പ്രേ പെയിന്റ് ഉപയോഗിച്ച് അമൃത് പാലിനെ മോചിപ്പിക്കണമെന്ന് ഖലിസ്ഥാന്‍വാദികള്‍ എഴുതി. ഖലിസ്ഥാന്‍ വാദികളുടെ അക്രമത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധിച്ചു. ഇന്ത്യന്‍ നയതന്ത്ര മേഖലകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സുരക്ഷ ഉറപ്പാക്കുമെന്ന് അമേരിക്ക വ്യക്തമാക്കി.
◾യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചൈന മുന്നോട്ടുവച്ച സമാധാന ചര്‍ച്ചയ്ക്ക് തയ്യാറെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗും റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഇരു രാഷ്ട്രത്തലവന്‍മാരും തമ്മിലുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കും.
◾ഓണ്‍ലൈനില്‍ കുട്ടികളുടെ ഫോട്ടോകള്‍ പോസ്റ്റു ചെയ്യാന്‍ മാതാപിതാക്കള്‍ക്ക് അവകാശമില്ലെന്ന് ഫ്രാന്‍സില്‍ പുതിയ നിയമം. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനാണു പുതിയ നിയമം. കുട്ടികളുടെ അനുമതി ഇല്ലാതെ അവരുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിലടക്കം ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യാനാവില്ല.
◾സ്വിറ്റ്സര്‍ലന്‍ഡിലും ബാങ്ക് തകര്‍ച്ച. തകര്‍ച്ച നേരിടുന്ന ബാങ്കായ ക്രെഡിറ്റ് സ്വിസ്സിനെ ഏറ്റെടുക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ യുബിഎസ് തയ്യാറായിട്ടുണ്ട്. ആഗോള ബാങ്കിംഗ് മേഖലയിലും വിപണികളിലും പരിഭ്രാന്തി തുടരുന്നു. യൂറോപ്യന്‍ ഏഷ്യന്‍ ഓഹരി വിപണികളിലെല്ലാം തിങ്കളാഴ്ചയും നഷ്ടമുണ്ടായി. അമേരിക്കയില്‍ തുടര്‍ച്ചയായ രണ്ട് ബാങ്കുകളുടെ തകര്‍ച്ച.
◾വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഡല്‍ഹി ക്യാപിറ്റല്‍സാണ് കരുത്തരായ മുംബൈ ഇന്ത്യന്‍സിനെ 9 വിക്കറ്റിന് തോല്‍പിച്ചത്. മുംബൈ ഉയര്‍ത്തിയ 109 റണ്‍സ് വിജയലക്ഷ്യം 9 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഡല്‍ഹി മറികടക്കുകയായിരുന്നു. ഇതോടെ മുംബൈയെ പിന്തള്ളി ഡല്‍ഹി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.
◾വനിതാ പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ ഗുജറാത്ത് ജയന്റ്‌സിനെ മൂന്ന് വിക്കറ്റിന് തകര്‍ത്ത് യുപി വാരിയേഴ്‌സ്. ഗുജറാത്ത് ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം യുപി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഒരു പന്ത് ബാക്കിനില്‍ക്കേ നേടുകയായിരുന്നു. ഈ ജയത്തോടെ യുപി വാരിയേഴ്സ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.
◾രാജ്യത്ത് വിദേശ നിക്ഷേപത്തില്‍ വര്‍ദ്ധനവ്. ഈ മാസം ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം, വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഇക്വിറ്റിയില്‍ 11,500 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. ഇവയില്‍ അദാനി ഗ്രൂപ്പ് കമ്പനികളില്‍ യുഎസ് ആസ്ഥാനമായ ജിക്യുജി പാര്‍ട്ണേഴ്സ് നടത്തിയ നിക്ഷേപമാണ് ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. ഡെപ്പോസിറ്ററുകളില്‍ നിന്നുള്ള കണക്കുകള്‍ അനുസരിച്ച്, വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ മാര്‍ച്ച് 17 വരെ 11,495 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ 5,294 കോടി രൂപയും, ജനുവരിയില്‍ 28,852 കോടി രൂപയും പിന്‍വലിക്കപ്പെട്ട സാഹചര്യത്തിലാണ് മാര്‍ച്ചില്‍ മുന്നേറ്റം. 2023 കലണ്ടര്‍ വര്‍ഷത്തില്‍ ഇതുവരെ 22,651 കോടി രൂപയുടെ എഫ്പിഐ വില്‍പ്പനയാണ് നടന്നിട്ടുള്ളത്. അതേസമയം, അമേരിക്കയിലെ പ്രമുഖ ബാങ്കുകളായ സിലിക്കണ്‍ വാലി ബാങ്ക്, സിഗ്നേച്ചര്‍ ബാങ്ക് എന്നിവയുടെ തകര്‍ച്ചയും വിവിധ ആഗോള പ്രതിസന്ധികളും കാരണം വരും ദിവസങ്ങളില്‍ വിദേശ നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്താന്‍ സാധ്യതയുണ്ട്.
◾‘ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം ബേസില്‍ ജോസഫ് നായകനാകുന്ന ‘കഠിന കഠോരമി അണ്ഡകടാഹം’ പെരുന്നാള്‍ റിലീസായി തിയേറ്ററുകളിലേക്കെത്തും. നവാഗതനായ മുഹാഷിന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസില്‍ ജോസഫ് ആണ് റിലീസ് വിവരം പങ്കുവെച്ചത്. ബച്ചു എന്ന മുഴുനീള കഥാപാത്രത്തിലാണ് ബേസില്‍ ചിത്രത്തില്‍ എത്തുന്നത്. ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയിലാകും ബേസില്‍ വരിക എന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറില്‍ നൈസാം സലാമാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പുഴു, ഉണ്ട എന്നീ ചിത്രങ്ങളിടെ രചയിതാവ് ഹര്‍ഷാദാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്.
◾ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റാണി’. ഉര്‍വശി, ഭാവന, ഹണി റോസ്, നിയതി കാദമ്പി തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ശങ്കര്‍ രാമകൃഷ്ണന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. നിയതി കാദമ്പിയുടെ ഫസ്റ്റ് ലുക്ക് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. മോഷന്‍ പോസ്റ്ററായിട്ടാണ് ഫസ്റ്റ് ലുക്ക് ചിത്രത്തിന്റേതായി പുറത്തുവിട്ടിരിക്കുന്നത്. സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണനും, വിനോദ് മേനോനും ജിമ്മി ജേക്കബും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. രഞ്ജിത്തിന്റെ ‘കേരള കഫേ’യില്‍ ‘ഐലന്റ് എക്സ്പ്രസ്’ ആണ് ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. മാലാ പാര്‍വതി, അനുമോള്‍ ഇന്ദ്രന്‍സ്, ഗുരു സോമസുന്ദരം, മണിയന്‍പിള്ള രാജു, അശ്വിന്‍ ഗോപിനാഥ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, അമ്പി നീനസം, അശ്വത് ലാല്‍ തുടങ്ങിയവരും ‘റാണി’ എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. മേന മേലത്ത് ആണ് ഗാനങ്ങള്‍ എഴുതി സംഗീതം നല്‍കിയിരിക്കുന്നത്.
◾മാരുതി സുസുക്കി ബ്രെസ സിഎന്‍ജി ഇന്ത്യന്‍ വിപണിയിലിറക്കി. അടിസ്ഥാന എല്‍എക്സഐ വേരിയന്റിന് 9.14 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ഏറ്റവും ഉയര്‍ന്ന ഇസെഡ്എക്സ്ഐ ഡ്യുവല്‍ ടോണ്‍ വേരിയന്റിന് 12.05 ലക്ഷം രൂപ . സിഎന്‍ജി കരുത്ത് ലഭിക്കുന്ന വിപണിയിലെ ആദ്യത്തെ സബ്-കോംപാക്റ്റ് എസ്യുവിയാണ് ഇപ്പോള്‍ ബ്രെസ. ഒരു കിലോ ഇന്ധനത്തിന് ഏകദേശം 25.51 കിലോമീറ്റര്‍ മൈലേജാണ് ബ്രെസ സിഎന്‍ജി വാഗ്ദാനം ചെയ്യുന്നത്. നാല് വകഭേദങ്ങളിലാണ് എത്തുന്നത്. ഈ വേരിയന്റുകളില്‍, ഇലക്ട്രോണിക് സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, കീലെസ് പുഷ് സ്റ്റാര്‍ട്ട് എന്നിവയുള്ള സ്മാര്‍ട്ട്പ്ലേ പ്രോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ ബ്രെസ തുടര്‍ന്നും നല്‍കും. സിഎന്‍ജി മോഡില്‍, ബ്രെസ്സ 121.5 എന്‍എം ടോര്‍ക്ക് വാഗ്ദാനം ചെയ്യുന്നു, കൂടാതെ പരമാവധി 87 ബിഎച്പി പവറും ഉണ്ട്.
◾മറ്റൊരു സാഹിത്യ ജനുസ്സിനെക്കാളും വികാരതീവ്രതയോടെ മനുഷ്യാവസ്ഥയെ ആവിഷ്‌ക്കരിക്കാന്‍ സ്വയം പര്യാപ്തമാണ് കവിത. ഭാഷയിലും രൂപഘടനയിലും ആവിഷ്‌ക്കാരസങ്കേതങ്ങളിലും വൈവിധ്യമാഘോഷിക്കുകയാണ് സമകാലമലയാളകവിത. തീര്‍ത്തും സ്വകാര്യമായ അനുഭവങ്ങളാവിഷ്‌കരിക്കുന്പോഴും അവ സാമൂഹികമാവുന്നു. രാഷ്ട്രീയ ജാഗ്രത പുലര്‍ത്തുന്നു. ഇപ്പോള്‍ സജീവമായി എഴുതിക്കൊണ്ടിരിക്കുന്ന മുപ്പത്തൊന്‍പത് കവികളെക്കുറിച്ചുള്ള സമഗ്രപഠനങ്ങളാണ് ഈ പുസ്തകത്തില്‍. പുതുകവിതയുടെ സഞ്ചാരവഴികള്‍ വെളിപ്പെടുത്തുന്ന പഠനങ്ങള്‍. ‘പുതു കവിതാ വായനകള്‍’. ഡോ. ഷീബ ദിവാകരന്‍. ആത്മ ബുക്സ്. വില 427 രൂപ.
◾കഠിനമായ വ്യായാമമോ ഭക്ഷണ നിയന്ത്രണമോ ഇല്ലാതെ തന്നെ ശരീരഭാരം കുറയ്ക്കാം. ഇതിനായി ആരോഗ്യവിദഗ്ധര്‍ കണ്ടെത്തിയ പത്ത് മാര്‍ഗങ്ങളുണ്ട്. ഇത് നിരവധിപേരില്‍ പരീക്ഷിച്ച് വിജയിച്ചതാണ്. ഈ ലളിതമായ കാര്യങ്ങള്‍ പിന്തുടര്‍ന്ന് കഴിഞ്ഞാല്‍ നിങ്ങള്‍ക്കും ശരീരഭാരം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കുറയ്ക്കാന്‍ സാധിക്കുന്നതാണ്. ഇവ ഏതൊക്കെയെന്ന് നോക്കാം. അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ പൊതുവെ മണവും രുചിയുമുള്ളവയാണ്. അതിനാല്‍ തന്നെ മറ്റ് ഭക്ഷണങ്ങളേക്കാള്‍ കൂടുതല്‍ ഇവ കഴിക്കാനുള്ള ആഗ്രഹവും നിങ്ങളില്‍ കൂടുതലായിരിക്കും. ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ പാടെ ഒഴിവാക്കുന്നതിന് പകരം പതിയെ ഇതിന്റെ അളവ് കുറച്ചുകൊണ്ട് വരിക. ഇങ്ങനെ അളവ് കുറച്ച് കഴിക്കുന്നതിലൂടെ അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ നിങ്ങളുടെ ശരീര ഭാരത്തെ ബാധിക്കുന്നതല്ല. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ നമ്മുടെ അനാവശ്യമായ വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയുകയും ശരീരഭാരം നിയന്ത്രണവിധേയമാവുകയും ചെയ്യുന്നു. ചിക്കന്‍ ബ്രെസ്റ്റ്, മീന്‍, തൈര്, പയറ്, ബദാം എന്നിവയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. എണ്ണയും മധുരവും അടങ്ങിയിട്ടുള്ള പലഹാരങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുമ്പോള്‍ അവ നിങ്ങളുടെ കണ്‍വെട്ടത്ത് നിന്നും മാറ്റിവയ്ക്കുക. പകരം ഇടനേരത്ത് വിശപ്പുണ്ടാകുമ്പോള്‍ കഴിക്കാന്‍ പഴങ്ങള്‍ എന്തെങ്കിലും പെട്ടെന്ന് തന്നെ കാണുന്ന തരത്തില്‍ വയ്ക്കുക. ടിവി, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഭക്ഷണം കഴിക്കുന്ന സമയത്ത് ഉപയോഗിക്കരുത്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും. ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത് പലരിലും രക്തസമ്മര്‍ദവും അമിത വിശപ്പും ഉണ്ടാകുന്നതിന് കാരണമാകുന്നു. പലരിലും ഇത് ടൈപ്പ് 2 പ്രമേഹത്തിലേയ്ക്ക് നയിക്കുന്നു. അതിനാല്‍ തന്നെ ദിവസവും ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശ്രമിക്കേണ്ടതാണ്. മധുരം ധാരാളമടങ്ങിയ പാനീയങ്ങള്‍ നിങ്ങളുടെ ശരീരഭാരം പെട്ടെന്ന് കൂടുന്നതിന് കാരണമാകുന്നു. അതുപോലെ പല രോഗങ്ങളും പെട്ടെന്ന് വരാനും സാദ്ധ്യതയുണ്ട്. അതിനാല്‍ തന്നെ ഇത്തരം പാനീയങ്ങള്‍ക്ക് പകരം പഞ്ചസാര ഉപയോഗിക്കാതെ പഴച്ചാറുകള്‍ കുടിക്കാവുന്നതാണ്. ഇത് ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
1595 ല്‍ ബര്‍മുഡാക്കടലില്‍ മുങ്ങിപ്പോയ സ്പാനിഷ് കപ്പലാണ് സാന്‍പെന്‍ഡ്രോ. ഈ കപ്പല്‍ വീണ്ടെടുക്കാന്‍ നടത്തിയ പല പരിശ്രമങ്ങളും വിജയിച്ചില്ല. അവസാനം എഡ്വേര്‍ഡ് ടുക്കര്‍, റോബര്‍ട്ട് കാന്‍ടോണ്‍ എന്നിവര്‍ കപ്പലിനെ കുറിച്ച് കഴിയന്നത്രവിവരങ്ങള്‍ ശേഖരിച്ച് അതു വീണ്ടെടുക്കാന്‍ തീരുമാനിച്ചു. പലരും അവരെ നിരുത്സാഹപ്പെടുത്തി. കളിയാക്കി. പക്ഷേ, അവര്‍ മുന്നോട്ട് തന്നെ നീങ്ങി. ജീവന് തന്നെ ഭീഷണയാകുന്ന നിരവധി അവസരങ്ങളില്‍ അവര്‍ പരസ്പരം താങ്ങായി നിന്നു. നിരാശയില്‍ അകപ്പെടുമ്പോള്‍ ഒരാള്‍ മറ്റൊരാള്‍ക്ക് വെളിച്ചമായി മാറി. നീണ്ട നാളത്തെ പരിശ്രങ്ങള്‍. അവരുടെ കഠിനാധ്വാനം വിജയത്തിലെത്തി. വിലപ്പെട്ട കുറെ വസ്ത്രങ്ങള്‍, രണ്ടായിരം വെള്ളിനാണയങ്ങള്‍, ആഭരണങ്ങള്‍, തോക്കുകള്‍ തുടങ്ങിയ യുദ്ധോപകരണങ്ങള്‍ എന്നിവയെല്ലാം അവര്‍ക്ക് കപ്പലില്‍ നിന്നും ലഭിച്ചു. ആ ശേഖരം മുഴുവന്‍ തങ്ങളുടെ നാടിന്റെ രക്ഷയ്ക്കായി അവര്‍ വിനിയോഗിച്ചു. പാരസ്പര്യത്തിന്റെ അടിസ്ഥാനത്തിലും ഭദ്രതയിലുമാണ് ഓരോ മനുഷ്യജീവിതവും അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. നന്മ വളരുമ്പോള്‍ നമ്മളും വളരുന്നു.. ജീവിതം ഒന്നേയുള്ളൂ.. അതില്‍ നന്മവളരട്ടെ – ശുഭദിനം.