◾കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മോദി സമുദായത്തെ അപമാനിച്ചെന്ന മാനനഷ്ടക്കേസില്‍ രണ്ടു വര്‍ഷത്തെ തടവിനു ശിക്ഷിച്ച സെഷന്‍സ് കോടതി വിധി ഗുജറാത്ത് ഹൈക്കോടതി ശരിവച്ചു. വിധ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്കിയ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി തള്ളി. രാഹുലിന്റെ അയോഗ്യത തുടരും. രാഹുലിനെതിരെ പത്തിലേറെ ക്രിമിനല്‍ കേസുകളുണ്ടെന്നും രാഹുല്‍ സ്ഥിരമായി തെറ്റ് ആവര്‍ത്തിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. രാഹുല്‍ കുറ്റക്കാരനെന്ന വിധി ഉചിതമാണെന്നു ഹൈക്കോടതി വ്യക്തമാക്കി.
◾ഗുജറാത്തില്‍നിന്ന് വര്‍ത്തമാന കാലത്ത് നീതി കിട്ടുമെന്നു പ്രതീക്ഷയില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. അപ്പീല്‍ തള്ളിയതില്‍ അതിശയം ഇല്ല. ഇതിനെയെല്ലാം തരണം ചെയ്യാന്‍ രാഹുലിനു കഴിയുമെന്ന് വിധി എഴുതുന്നവരും അതിനു കളമൊരുക്കുന്നവരും ഓര്‍ക്കണം. സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
◾തുടര്‍ച്ചയായി മൂന്നു മാസമോ അതിലധികമോ റേഷന്‍ വാങ്ങാത്ത 59,035 കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനേതര നോണ്‍ സബ്സിഡി വിഭാഗത്തിലേക്ക് മാറ്റി. പൊതുവിതരണ വകുപ്പിന്റെ വെബ്സൈറ്റില്‍ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരാതിയുള്ളവര്‍ക്ക് താലൂക്ക് സപ്ലെ ഓഫീസറെ സമീപിക്കാം. മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് 48,523 കാര്‍ഡുകളും എഎവൈ വിഭാഗത്തില്‍ നിന്ന് 6247 കാര്‍ഡുകളും എന്‍പിഎസ് വിഭാഗത്തില്‍ നിന്ന് 4265 കാര്‍ഡുകളുമാണ് മാറ്റിയത്.
◾പ്ലസ് വണ്‍ പ്രവേശത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ നാളെ സമര്‍പ്പിക്കാം. രാവിലെ പത്തു മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഒന്‍പതു മുതല്‍ വെബ്സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാകും. നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്കോ, അലോട്ട്മെന്റ് ലഭിച്ച് ഹാജരാകാത്തവര്‍ക്കോ സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിക്കാനാവില്ല. അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെട്ടതുമൂലം പ്രവേശനം നേടാനാകാത്തവര്‍ക്ക് തിരുത്തലുകള്‍ വരുത്തി അപേക്ഷ നല്‍കാം.
◾ലൈഫ് മിഷന് അഴിമതിക്കേസില്‍ കഴിഞ്ഞ അഞ്ചു മാസമായി ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഈ മാസം പന്ത്രണ്ടിന് സുപ്രീംകോടതി പരിഗണിക്കും. ചികിത്സക്കായി ഇടക്കാല ജാമ്യം വേണമെന്ന ശിവശങ്കറിന്റെ ഹര്‍ജി നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
◾കൊലപാതകിക്കു ലഭിക്കുന്ന നീതി പോലും പിഡിപി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅദനിക്ക് ലഭിച്ചില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള മഅദനിയെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജാമ്യകാലാവധി കഴിഞ്ഞതിനാല്‍ മഅദനി വീട്ടിലേക്കു പോകാനാകാതെ ഇന്നു വൈകിട്ട് ബെംഗളുരുവിലേക്കു മടങ്ങും.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾പൊലീസ് സ്റ്റേഷനുകളില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ ദിവസേന ഉറപ്പാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്. പ്രവര്‍ത്തിക്കാത്ത ക്യാമറകളുടെ വിവരം ജില്ലാ പോലീസ് മേധാവിമാരുടെ ശ്രദ്ധയില്‍പ്പെടുത്തി പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
◾
◾ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കേണ്ടതുണ്ടോയെന്ന് യുഡിഎഫില്‍ ചര്‍ച്ച ചെയ്തേ തീരുമാനിക്കൂവെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം. ഏക സിവില്‍ കോഡ് പോലുള്ള വിഷയങ്ങളില്‍ ഭിന്നാഭിപ്രായങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ലീഗ് നേതാക്കള്‍ക്ക് മാധ്യമങ്ങളോടു സംസാരിക്കുന്നിതില് മുസ്ലീം ലീഗ് നിയന്ത്രണമേര്‍പ്പെടുത്തി.
◾വിവാഹ വാര്‍ഷികത്തിനു കൂട്ടുകാര്‍ മദ്യപിച്ചു ലക്കുകെട്ട് സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കു ജീവപരന്ത്യം തടവും ലക്ഷം രൂപ പിഴയും. പുതുപ്പള്ളി വടക്ക് മഠത്തില്‍ വീട്ടില്‍ ബാലകൃഷ്ണപിള്ളയുടെ മകന് ഹരികൃഷ്ണന് (36) കൊല്ലപ്പെട്ട കേസിലാണ് പുതുപ്പള്ളി വടക്ക് സ്നേഹജാലകം കോളനിയില്‍ ജോമോന് ജോയി (28)യെ മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
◾ആലപ്പുഴയില്‍ അപൂര്‍വ രോഗമായ ബ്രെയിന്‍ ഈറ്റിംഗ് അമീബിയ ബാധിച്ച് പതിനഞ്ചുകാരന് മരിച്ചു. അമീബിക്ക് മെനിങ്കോ എന്‍സെഫലൈറ്റിസ് രോഗം സ്ഥിരീകരിച്ച പാണാവള്ളി സ്വദേശി കിഴക്കേ മായിത്തറ അനില്‍കുമാറിന്റേയും ശാലിനിയുടേയും മകന് ഗുരുദത്ത് ആണു മരിച്ചത്. തോട്ടില്‍ കുളിച്ചതിനെത്തുടര്‍ന്നാണ് അമീബിയ മൂക്കിലൂടെ ശിരസിലെത്തി തലച്ചോറില്‍ അണുബാധയുണ്ടാക്കിയതെന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
◾രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളെ ഭയത്തോടെ കാണുന്ന രാഷ്ട്രീയ ശക്തികള്‍ക്ക് സന്തോഷം നല്കുന്ന വിധിയാണ് ഗുജറാത്ത് ഹൈക്കോടതി പുറപ്പെടുവിച്ചതെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതോ രാജ്യവിരുദ്ധമായതോ ആയ ഒരു പരാമര്‍ശവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
◾പാലക്കാട് പിരായിരി പഞ്ചായത്തില്‍ ബിജെപി പിന്തുണയോടെ എല്‍ഡിഎഫിനു പ്രസിഡന്റ് സ്ഥാനം. ബിജെപിയുടെ മൂന്നംഗങ്ങള്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചു. യുഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തില്‍ കോണ്‍ഗ്രസ്- ലീഗ് ധാരണയനുസരിച്ച് ആദ്യ രണ്ടരവര്‍ഷം കോണ്‍ഗ്രസിനായിരുന്നു പ്രസിഡന്റ് സ്ഥാനം. കോണ്‍ഗ്രസ് പ്രതിനിധി ഒഴിഞ്ഞപ്പോള്‍ നടന്ന തെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. 21 അംഗങ്ങളുള്ള പഞ്ചായത്തില്‍ യു ഡി എഫ് 10 , എല്‍ഡിഎഫ് 8 , ബിജെപി 3 എന്നിങ്ങനെയാണ് സീറ്റ് നില.
◾തൃശൂര്‍ പുന്നയൂര്‍ക്കുളത്ത് രണ്ടര വയസുകാരി മുങ്ങി മരിച്ചു. ചമ്മന്നൂര്‍ പാലക്കല്‍ വീട്ടില്‍ സനീഷ്-വിശ്വനി ദമ്പതികളുടെ മകള്‍ അതിഥിയാണ് മരിച്ചത്. വീടിനോട് ചേര്‍ന്ന ചാലിലെ വെള്ളക്കെട്ടില്‍ കുട്ടി വീഴുകയായിരുന്നു.
◾കോഴിക്കോട് ചോറോട് എന്‍.സി കനാലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി. ചോറോട് പുളിയുള്ളതില്‍ ബിജീഷ് (22) നെയാണ് ബുധനാഴ്ച കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാനെത്തിയപ്പോള്‍ കൊമ്മിണേരിപാലത്തിനടുത്തുനിന്നു വഴുതി വീഴുകയായിരുന്നു.
◾തിരുവനന്തപുരം കാട്ടാക്കടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയും സുഹൃത്തുക്കളും അറസ്റ്റില്‍. അമ്മയെ കൂടാതെ സുഹൃത്തുക്കളായ അമല്‍ദേവ്, വിനീഷ എന്നിവരെയാണ് കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്.
◾കാസര്‍കോട് സീതാംഗോളിയിലെ തോമസ് ക്രാസ്റ്റയെ കൊന്ന് കക്കൂസ് കുഴിയില്‍ തള്ളിയ സംഭവത്തില്‍ അയല്‍വാസികളായ രണ്ടു പേര് അറസ്റ്റില്‍. മുനീര്‍, ഇയാളുടെ ബന്ധു അഷ്റഫ് എന്നിവരാണ് പിടിയിലായത്. കവര്‍ച്ചാ ശ്രമത്തിനിടെയാണ് കൊലപാതകം.
◾ട്രക്കുകളുടെ ക്യാബിനുകള്‍ നിര്‍ബന്ധമായും എയര്‍ കണ്ടീഷന്‍ ചെയ്യണമെന്നു നിയമം വരുന്നു. ഇതിനുള്ള കരട് വിജ്ഞാപനത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
◾പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തിനിടെ ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നീ നാലു സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് 50,000 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. ചത്തീസ്ഗഡിലെ റായിപൂരില്‍ 7600 കോടി രൂപയുടെ ആറുവരിപ്പാത അടക്കമുള്ള പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. റായ്പൂര്‍- വിശാഖപട്ടണം ആറുവരി ഗ്രീന്‍ഫീല്‍ഡ് ഇടനാഴിയുടെ ഛത്തീസ്ഗഢ് ഭാഗത്തിനുള്ള പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നത്. ഉദാന്തി വന്യജീവി സങ്കേത മേഖലയില്‍ വന്യജീവികള്‍ക്കു സുഗമമായ സഞ്ചാരസൗകര്യം നല്കുന്ന 27 മൃഗപാതകളും കുരങ്ങുകള്‍ക്കായി 17 മേല്‍പ്പാലങ്ങളും 2.8 കിലോമീറ്റര്‍ ആറുവരി തുരങ്കവും ഉള്‍പെടുന്നതാണ് ഈ ദേശീയപാതാ പദ്ധതി. 6,400 കോടി രൂപയുടെ അഞ്ച് എന്‍എച്ച് പദ്ധതികള്‍ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. എന്‍എച്ച്- 130 ലെ ബിലാസ്പൂര്‍ മുതല്‍ അംബികാപൂര്‍ വരെയുള്ള 53 കിലോമീറ്റര്‍ നീളമുള്ള നാലുവരി ബിലാസ്പൂര്‍- പത്രപാലി പാതയും രാജ്യത്തിന് സമര്‍പ്പിക്കും. ഉത്തര്‍പ്രദേശില്‍ ഗൊരഖ്പുര്‍-ലക്നോ, ജോധ്പുര്‍-സബര്‍മതി വന്ദേഭാരത് എക്സ്പ്രസുകളും മോദി ഫ്ളാഗ് ഓഫ് ചെയ്യും.
◾തമിഴ്നാട്ടില്‍ ഡിഐജി ആത്മഹത്യ ചെയ്തു. കോയമ്പത്തൂര്‍ ഡിഐജി സി. വിജയകുമാര്‍ ആണ് മരിച്ചത്. സുരക്ഷാ ജീവനക്കാരനില്‍നിന്നു തോക്കു വാങ്ങി വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ വിഷാദരോഗിയാണെന്നും പറയപ്പെടുന്നു.
◾രണ്ടു മാസത്തിലേറെയായി തുടരുന്ന മണിപ്പൂര്‍ കലാപം പരിഹരിക്കാന്‍ ഇന്ത്യയെ സഹായിക്കാന്‍ തയാറാണെന്ന് അമേരിക്ക. ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി എറിക് ഗാര്‍സെറ്റിയാണ് ഇന്ത്യ ആവശ്യപ്പെടുകയാണെങ്കില് ഇടപെടാമെന്നു പറഞ്ഞത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ അമേരിക്ക ഇടപെടുന്നത് അത്യപൂര്‍വമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
◾വൈറ്റ് ഹൗസില്‍നിന്നു കൊക്കൈന്‍ കണ്ടെത്തി. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. വൈറ്റ് ഹൗസിലെത്തിയ സന്ദര്‍ശകരുടെ വിവരങ്ങളും ക്യാമറാ ദൃശ്യങ്ങളും ഉള്‍പ്പെടെ പരിശോധിക്കുകയാണ്.
◾2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കല്യാണ്‍ ജുവലേഴ്സിന് മികച്ച വളര്‍ച്ച. മുന്‍ പാദങ്ങളെ അപേക്ഷിച്ച് വരുമാനത്തിലും വില്‍പ്പനയിലും വലിയ മുന്നേറ്റമുണ്ടായി. ഇന്ത്യ, ഗള്‍ഫ് വിപണികളിലെ സംയോജിത വരുമാന വളര്‍ച്ച 2022-23 സാമ്പത്തിക വര്‍ഷത്തിലെ സമാനപാദത്തെ അപേക്ഷിച്ച് 31 ശതമാനം വര്‍ധിച്ചു. 2022 ജൂണ്‍ പാദത്തില്‍ 3,333 കോടി രൂപയായിരുന്നു വിറ്റുവരവ്. ദക്ഷിണേന്ത്യക്ക് പുറത്തുള്ള വിപണികളിലാണ് കൂടുതല്‍ വളര്‍ച്ച. ഷോറൂം അടിസ്ഥാനത്തിലുള്ള മൊത്ത ലാഭ മാര്‍ജിനും മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് മെച്ചപ്പെട്ടിട്ടുണ്ട്. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ ദക്ഷിണേന്ത്യക്ക് പുറത്ത് 12 ഷോറൂമകളാണ് കമ്പനി തുറന്നത്. ദീപാവലിക്ക് മുന്‍പ് 20 പുതിയ ഷോറൂമുകള്‍ കൂടി ഈ മേഖലകളില്‍ തുറക്കും. നടപ്പു സാമ്പത്തിക വര്‍ഷം മൊത്തം 52 പുതിയ ഷോറൂമുകള്‍ തുറക്കാനാണ് കല്യാണ്‍ ജുവലേഴ്സ് ലക്ഷ്യമിട്ടിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ ആദ്യ പാദത്തില്‍ 21 ശതമാനമാണ് വളര്‍ച്ച. കഴിഞ്ഞ പാദത്തില്‍ കല്യാണ്‍ ജുവലേഴ്സിന്റെ സംയോജിത വരുമാനത്തിന്റെ 16 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. ഇ-കൊമേഴ്സ് വിഭാഗമായ കാന്‍ഡിയറിന്റെ വരുമാനത്തില്‍ മുന്‍ സാമ്പത്തികവര്‍ഷത്തെ സമാനപാദവുമായി നോക്കുമ്പോള്‍ 22 ശതമാനം കുറവുണ്ടായിട്ടുണ്ട്. അടുത്ത ആറ് മാസത്തിനുള്ളില്‍ 20 കാന്‍ഡിയര്‍ ഷോറൂമുകള്‍ കൂടി തുറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. കല്യാണ്‍ ജുവലേഴ്സിന് 2023 ജൂണ്‍ 30 വരെ ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമായി 194 ഷോറൂമുകളുണ്ട്.
◾വാട്സാപ്പില്‍ ക്യു ആര് കോഡ് വഴി ചാറ്റ് ബാക്കപ്പ് നടത്താനുള്ള ഓപ്ഷന് എത്തി. ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായുള്ള ഗൂഗിള്‍ ക്ലൗഡില്‍ നിന്നോ ഐ ഫോണുകളെങ്കില്‍ ഐക്ലൗഡില്‍ നിന്നോ ചാറ്റ് ബാക്കപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന രീതിയില്‍നിന്ന് വ്യത്യസ്തമായി, നിങ്ങളുടെ പഴയ ഫോണില്‍ സംഭരിച്ചിരിക്കുന്ന ചാറ്റ് ബാക്കപ്പ് പുതിയ ഫോണിലേക്ക് നേരിട്ട് വൈഫൈ നെറ്റ്വര്‍ക്ക് വഴി അയയ്ക്കുന്നതാണ് പുതിയ രീതി. ചുരുക്കത്തില്‍, ഡിവൈസ് ലിങ്ക് ചെയ്യുന്നത് പോലെ സിംപിള്‍ ആയിട്ട് ഇപ്പോള്‍ ചാറ്റുകളും ഇത്തരത്തില്‍ മാറ്റാം. അതായത് ചാറ്റുകള്‍ ഇല്ലാത്ത ഫോണില്‍ നിന്ന് ചാറ്റുകള്‍ ഉള്ള ഫോണിലെ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ വാട്സാപ് മീഡിയ ഉള്‍പ്പെടെ ഇനി എളുപ്പം ചാറ്റുകള്‍ കൈമാറാം. ഇത്തരത്തില്‍ വീഡിയോയും ഡോക്യുമെന്റുകളും അടങ്ങുന്ന വലിയ മീഡിയ ഫയലുകളും എളുപ്പത്തില്‍ കൈമാറാം എന്നത് ഈ ഫീച്ചറിന്റെ പ്രത്യേകതയാണ്. ഇതിനായി ആദ്യം തന്നെ രണ്ടു ഫോണുകളും ഒരേ വൈഫൈയുമായി കണക്റ്റ് ചെയ്യുക. ചാറ്റ് ഹിസ്റ്ററി കൈമാറ്റം ചെയ്യപ്പെടേണ്ട ഫോണിലെ വാട്സ്ആപ്പ് തുറന്ന ശേഷം പുതിയ ഫോണിലെ സെറ്റിംഗ്സില് നിന്ന് ചാറ്റ്, ചാറ്റ് ഹിസ്റ്ററി ട്രാന്‍സ്ഫര്‍ എന്നിവ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് പഴയ ഫോണില്‍ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യുന്നതോടെ ചാറ്റ് ഹിസ്റ്ററി ട്രാന്‍സ്ഫര്‍ ആരംഭിക്കും. പെട്ടെന്ന് പൂര്‍ത്തിയാകുകയും ചെയ്യും.
◾ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെ പേടിപ്പിച്ച ‘വലാക്’ എന്ന പ്രേതം വീണ്ടുമെത്തുന്നു. ദ് നണ് 2 എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരെ പേടിപ്പിക്കാന്‍ വലാക്കിന്റെ രണ്ടാം വരവ്. 2018 ല്‍ പുറത്തിറങ്ങിയ ദ് നണ്ണിന്റെ തുടര്‍ച്ചയായ ഈ സിനിമ കണ്‍ജറിങ് യൂണിവേഴ്സിലെ ഒന്‍പതാമത്തെ ചിത്രമാണ്. കണ്‍ജറിങ് 2 വിലെ വലാക് എന്ന കന്യാസ്ത്രീയെ ആസ്പദമാക്കിയെടുക്കുന്ന ആദ്യ മുഴുനീള ചിത്രമായിരുന്നു ദ് നണ്. ദ് നണ് സിനിമയുടെ ക്ലൈമാക്സിനു ശേഷം നാല് വര്‍ഷങ്ങള്‍ കഴിഞ്ഞ് നടക്കുന്ന കഥയാണിത്. 1950 കളിലെ ഫ്രാന്‍സ് ആണ് പശ്ചാത്തലം. സിസ്റ്റര്‍ ഐറീനെ തേടി വലാക് എന്ന പ്രേതം വീണ്ടുമെത്തുന്നതും അതിനെ നേരിടുന്നതുമാണ് കഥ. ബോണി ആരന്‍സ് ആണ് ഇത്തവണയും വലാകിനെ അവതരിപ്പിക്കുക. മൈക്കള്‍ ഷാവേസ് ആണ് സംവിധാനം. ദ് കഴ്സ് ഓഫ് ലാ ലൊറോണ, ദ് കണ്‍ജറിങ്: ദ് ഡെവിള്‍ മേഡ് മി ഡു ഇറ്റ് എന്നീ ചിത്രങ്ങളൊരുക്കിയ മൈക്കളിന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണ് ദ് നണ് 2. ചിത്രം സെപ്റ്റംബര്‍ 28ന് തിയറ്ററുകളിലെത്തും.
◾രണ്‍വീര്‍ സിങ്ആലിയ ഭട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ‘റോക്കി ഓര് റാണി കി പ്രേം കഹാനി’ സിനിമയുടെ ട്രെയിലര്‍ എത്തി. റൊമാന്റിക് ചിത്രങ്ങളുടെ തലതൊട്ടപ്പനായ അദ്ദേഹം ഏഴ് വര്‍ഷങ്ങള്‍ക്കുശേഷം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സിനിമാ മേഖലയില്‍ 25 വര്‍ഷം പൂര്‍ത്തിയാകുന്ന വര്‍ഷമാണ് വീണ്ടും സംവിധാന രംഗത്തേക്കെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ധര്‍മേന്ദ്ര, ഷബാന ആസ്മി, ടോട്ട റോയ്, സാസ്വത ചാറ്റര്‍ജി, കര്‍മവീര്‍ ചൗധരി, അര്ജുന്, ശ്രദ്ധ ആര്യ, ശ്രിതി ഝാ, അര്‍ജിത് തനേജ തുടങ്ങിയവരും ചിത്രത്തിലെ അഭിനേതാക്കളാണ്. ഇഷിത മോയിത്ര, ശശാങ്ക് ഖെയ്താന്, സുമിത് റോയി എന്നിവരാണ് കഥയും തിരക്കഥയും. മനുഷ് നന്ദന് ആണ് ഛായാഗ്രാഹണം. സംഗീതം പ്രീതം. ചിത്രം ജൂലൈ 23ന് തിയറ്ററുകളിലെത്തും.
◾ഓസ്ട്രേലിയയിലെ സിംപ്സണ് മരുഭൂമി ഏറ്റവും വേഗത്തില്‍ മറികടന്ന വാഹനമെന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി സ്കോര്‍പിയോ എന്‍. 385 കിലോമീറ്റര്‍ മരുഭൂമി 13 മണിക്കൂറും 21 മിനുറ്റും അഞ്ചു സെക്കന്‍ഡും കൊണ്ടാണ് സ്കോര്‍പിയോ എന്‍ മറികടന്നത്. ജീന്‍ കോര്ബെറ്റും ബെന്‍ റോബിന്‍സണുമാണ് ഗിന്നസ് ലോക റോക്കോഡ് റൈഡില്‍ സ്കോര്‍പിയോ എന്‍ നിയന്ത്രിച്ചത്. യാത്രക്കിടെ 1,100 മണല്‍കുന്നുകളെ ഇവര്‍ മറികടന്നു. ഇസെഡ് 8, ഇസെഡ് 8 എല്‍ എന്നീ രണ്ട് വകഭേദങ്ങളിലാണ് ഓസ്ട്രേലിയന്‍ വിപണിയില്‍ മഹീന്ദ്ര സ്കോര്‍പിയോ എന്‍ എത്തിയത്. ഫോര്‍ വീല്‍ ഡ്രൈവ് ആവശ്യമെങ്കില്‍ ഉപഭോക്താക്കള്‍ക്ക് സ്വീകരിക്കാനും സാധിക്കും. നോര്‍മല്‍, ഗ്രാസ്/സ്നോ, മഡ്&റട്സ്, സാന്‍ഡ് എന്നിങ്ങനെ നാല് ഡ്രൈവ് മോഡുകളുണ്ട് വാഹനത്തിന്. 4 സിലിണ്ടര്‍, ടര്‍ബോ ചാര്‍ജ്ഡ് 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് സ്കോര്‍പിയോ എന്നിന് നല്‍കിയിട്ടുള്ളത്. 172.5ബിഎച്പി കരുത്തും പരമാവധി 400എന്‍എം ടോര്‍ക്കും പുറത്തെടുക്കാന്‍ ഈ വാഹനത്തിന് സാധിക്കും. സ്കോര്‍പിയോ എന്നിന് 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇന്ത്യയിലെങ്കില്‍ ഓസ്ട്രേലിയയില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്സ്മിഷന് മാത്രമാണുള്ളത്. ഇസെഡ് 8 വകഭേദത്തിന് 41,990 ഡോളറും ഇസെഡ് 8 എല്‍ വകഭേദത്തിന് 45,999 ഡോളറുമാണ് വില. ഡീപ്പ് ഫോറസ്റ്റ്, എവറസ്റ്റ് വൈറ്റ്, നാപോളി ബ്ലാക്ക്, ഡാസ്ലിംങ് സില്‍വര്‍, റാഗെ റെഡ് എന്നിങ്ങനെ അഞ്ചു നിറങ്ങളില്‍ സ്കോര്‍പിയോ എന്‍ ലഭ്യമാണ്.
◾സമാനതകളില്ലാത്ത ഈ പുസ്തകം നദികളോട് സംവദിക്കുന്ന ഒരാളുടെ ആത്മഭാഷണമാണ്. ആ ആത്മഭാഷണത്തില്‍ ധാരാളം വസ്തുതകളുണ്ട്, പുരാണേതിഹാസങ്ങളോടുള്ള ബന്ധമുണ്ട്, നാഗരികതകളുടെ ചരിത്രമുണ്ട്, സാഹിത്യശില്പനൃത്തകലകള് വിരിഞ്ഞാടിയ ഭൂതകാലസ്മൃതികളുണ്ട്, ഉര്‍വ്വരതയുടെ ഹരിതകേളിയുണ്ട്, ആധുനികതയുടെ ആശങ്കകളുണ്ട്, സര്‍വോപരി നദികളുടെ ജൈവ വ്യക്തിത്വത്തെ അറിയാനുള്ള അന്വേഷണകൗതുകമുണ്ട്. ഓരോ നദിയെക്കുറിച്ചെഴുതുമ്പോഴും ആ നദി എങ്ങനെ മറ്റു നദികളില്‍നിന്ന് വ്യത്യസ്തയായിരിക്കുന്നുവെന്ന് അടയാളപ്പെടുത്താനുള്ള ഗ്രന്ഥകാരന്റെ നിര്‍ബന്ധം, ഒരേ പ്രമേയത്തെ അധികരിച്ചിട്ടുള്ളതെങ്കിലും ഈ പതിനെട്ട് അധ്യായങ്ങളെയും അങ്ങേയറ്റം പാരായണക്ഷമമാക്കുന്നു. വൈജ്ഞാനികതയുടെയും വൈകാരികതയുടെയും ഊടുംപാവുംകൊണ്ട് നെയ്തെടുത്ത കംബളമാണ് ഈ കൃതി. ‘നദികള്‍’. പി. എ. രാമചന്ദ്രന്. മാതൃഭൂമി ബുക്സ്. വില: 300 രൂപ.
◾ഓര്‍മക്കുറവ്, കാഴ്ച നഷ്ടം, മതിഭ്രമം, അസാധാരണമായ ചലനങ്ങള്‍ തുടങ്ങിയ നാഡീവ്യൂഹ പ്രശ്നങ്ങളിലേക്ക് നയിക്കുന്ന വിചിത്രമായ ഒരു രോഗം കാനഡയില്‍ പടരുന്നതായി റിപ്പോര്‍ട്ട്. തലച്ചോറിനെ ബാധിക്കുന്ന ഈ രോഗം കാനഡയിലെ ന്യൂ ബ്രണ്‍സ്വിക് പ്രവിശ്യയിലാണ് ആശങ്കപരത്തുന്നത്. ന്യൂയോര്‍ക്ക് പോസ്റ്റ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2015ലാണ് ഇത്തരം കേസുകള്‍ ആദ്യം കണ്ടെത്തിയത്. എന്നാല്‍, കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഈ വിചിത്ര രോഗം ബാധിച്ച 147 രോഗികളുടെ കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചെറുപ്പക്കാരെയാണ് ഈ രോഗം ബാധിച്ച് കാണുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. 17നും 80നും ഇടയില്‍ പ്രായമായവരാണ് രോഗബാധിതര്‍. വീടുകളിലും കൃഷിയിടങ്ങളിലും ഉപയോഗിച്ച് വരുന്ന ഗ്ലോഫോസേറ്റ് എന്ന ഒരു കളനാശിനിയാണോ ഈ വിചിത്ര രോഗത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. രോഗികളുടെ ലാബ് ഫലങ്ങളില്‍ ഗ്ലൈഫോസേറ്റ് സാന്നിധ്യം കണ്ടെത്തിയതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ജലസ്രോതസ്സുകളില്‍ ഉള്ള ബ്ലൂ-ഗ്രീന്‍ ആന്ഗെകള് മൂലമുണ്ടാകുന്ന മലിനീകരണമാകാം രോഗകാരണമെന്നും കരുതപ്പെടുന്നു. ഈ ആല്‍ഗെകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കളനാശിനിയാണ് ഗ്ലൈഫോസേറ്റ്. നേരത്തെ ഈ രോഗത്തെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം തുടങ്ങിയെങ്കിലും 2021ല്‍ ഈ അന്വേഷണം പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു. ഈ ക്ലസ്റ്ററിന്റെ ഭാഗമായ ആളുകള്‍ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങള്‍ ഓരോ കേസിലും വ്യത്യസ്തമാണെന്നും എല്ലാവരിലും ഒരുപോലെയുള്ള ഒരു രോഗമെന്ന് കണ്ടെത്താന്‍ സഹായിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ലെന്നുമാണ് സര്‍ക്കാര്‍ അന്തിമ റിപ്പോര്‍ട്ടില്‍ പറഞ്ഞത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.74, പൗണ്ട് – 105.40, യൂറോ – 89.96, സ്വിസ് ഫ്രാങ്ക് – 92.35, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.89, ബഹറിന്‍ ദിനാര്‍ – 219.49, കുവൈത്ത് ദിനാര്‍ -269.22, ഒമാനി റിയാല്‍ – 214.93, സൗദി റിയാല്‍ – 22.06, യു.എ.ഇ ദിര്‍ഹം – 22.53, ഖത്തര്‍ റിയാല്‍ – 22.72, കനേഡിയന്‍ ഡോളര്‍ – 61.86.