◾അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കേരളത്തിന്റെ ബാഷ്പാഞ്ജലി. സംസ്ഥാനത്ത് മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണം. ഇന്ന് പൊതു അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാങ്കുകള്‍ക്കും അവധിയാണ്. ഇന്നു വെളുപ്പിനു നാലരയ്ക്ക് ബെംഗളൂരുവില്‍ അന്തരിച്ച ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തിച്ചു. ജഗതിയിലെ വസതിയിലും വൈകുന്നേരം ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനത്തിനു വയ്ക്കും. രാത്രിയോടെ കെപിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിനുശേഷം ജഗതിയിലെ വീട്ടിലേക്കു കൊണ്ടുപോകും. നാളെ രാവിലെ ഏഴിന് കോട്ടയത്തേക്കു കൊണ്ടുപോകും. തിരുനക്കരയില്‍ മൈതാനത്ത് പൊതുദര്‍ശനത്തിനുശേഷം വൈകുന്നേരം പുതുപ്പള്ളിയില്‍ എത്തിക്കും. മറ്റന്നാള്‍ ഉച്ചയ്ക്കു രണ്ടിനാണ് സംസ്‌കാരം.
◾മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ ദുഖസൂചകമായി സംസ്ഥാനത്ത് ഇന്നു നടക്കാനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റിവച്ചു. കാലിക്കറ്റ് സര്‍വകലാശാല ഇന്നത്തെ എല്ലാ പരീക്ഷകളും 22 ലേക്കു മാറ്റി. മൂല്യനിര്‍ണയ ക്യാമ്പുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
◾കോണ്‍ഗ്രസ് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. 22 ന് കോഴിക്കോട് നടത്താനിരുന്ന ജനസദസ് ഉള്‍പ്പെടെയുള്ള കെപിസിസിയുടെയും കോണ്‍ഗ്രസിന്റെയും പോഷകസംഘടനകളുടെയും എല്ലാ പൊതുപരിപാടികളും ഒരാഴ്ചത്തേക്ക് മാറ്റിവച്ചു. ഈ ഒരാഴ്ചക്കാലം എല്ലാ കമ്മിറ്റികളും ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടികള്‍ നടത്തണമെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി നിര്‍ദ്ദേശിച്ചു.
◾ഉമ്മന്‍ചാണ്ടിക്ക് ആദരാഞ്ജലികളുമായി രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയും എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന ഖാര്‍ഗെയും അടക്കമുള്ള എഐസിസി നേതാക്കള്‍. ജനകീയ അടിത്തറയുള്ള നേതാവിനെയാണു നഷ്ടമായതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. വിശാല പ്രതിപക്ഷ യോഗത്തിനായി ബംഗ്ലൂരുവിലുള്ള നേതാക്കള്‍ ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം പൊതുദര്‍ശനത്തിനുവച്ച കോണ്‍ഗ്രസ് നേതാവ് ടി ജോണിന്റെ വീട്ടിലെത്തിയാണ് അന്ത്യോപചാരം അര്‍പ്പിച്ചത്. വിതുമ്പിയ ഭാര്യ മറിയാമ്മയെയും മകളെയും രാഹുല്‍ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു.
◾ഒരേ കാലഘട്ടത്തില്‍ മുഖ്യമന്ത്രിമാരായി സേവനം ചെയ്തവരാണെന്ന് ഉമ്മന്‍ ചാണ്ടിയെ അനുസമരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉമ്മന്‍ ചാണ്ടിയുമൊത്തുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ അടക്കമാണ് പ്രധാനമന്ത്രിയുടെ അനുശോചന കുറിപ്പ്. കേരളത്തിന്റെ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച ജനകീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. പ്രധാനമന്ത്രിയായശേഷവും സൗഹാര്‍ദം തുടര്‍ന്നെന്നും നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.
◾പൊതുജീവിതത്തില്‍ ഒരേ കാലത്ത് സഞ്ചരിച്ച ഉമ്മന്‍ചാണ്ടിയുടെ വിട പറയല്‍ അതീവ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തില്‍ ഇഴുകിച്ചേര്‍ന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾കേരളത്തിലെ ജനങ്ങള്‍ക്കുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടെന്ന് എകെ ആന്റണി. തന്റെ പൊതുജീവിതത്തില്‍ ഏറ്റവും വലിയ നഷ്ടമാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗം. തന്റെ കുടുംബ ജീവിതത്തിന് കാരണക്കാരന്‍ ഉമ്മന്‍ചാണ്ടിയാണെന്നും ആന്റണി പറഞ്ഞു.
◾കീറല്‍ വീണ ഖദര്‍ ഷര്‍ട്ടിന്റെ ആര്‍ഭാടരാഹിത്യമാണ് ഉമ്മന്‍ ചാണ്ടിയെ ആള്‍ക്കൂട്ടത്തിന്റെ ആരാധനാപാത്രമാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കയറിപ്പോകാനുള്ള ഏണിപ്പടികളായി ജനത്തെ ഉമ്മന്‍ ചാണ്ടി ഒരിക്കലും കണ്ടില്ല. ലോകത്തിന്റെ ഏതു കോണിലുമുള്ള മലയാളിക്ക് ആശ്വാസവും സാന്ത്വനവും പ്രതീക്ഷയുമായിരുന്നു ഉമ്മന്‍ചാണ്ടി. സതീശന്‍ പറഞ്ഞു.
◾സാധാരണക്കാര്‍ക്ക് വേണ്ടി ജീവിച്ച നേതായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒരു സഹോദരനെയാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
◾കോണ്‍ഗ്രസിനെ അടയാളപ്പെടുത്തിയ രാഷ്ട്രീയ ധാരയാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ ഇല്ലാതാവുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു.
◾ജനങ്ങളുടെ ഇടയിലായിരുന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജീവിതമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.
◾എസ് എന്‍ സി ലാവ്ലിന്‍ കേസ് സുപ്രീം കോടതി സെപ്റ്റംബര്‍ 12 ലേക്കു മാറ്റി. സിബിഐക്കു വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ എസ് വി രാജുവിന്റെ അസൗകര്യം കണക്കിലെടുത്ത് ഹര്‍ജി അടുത്ത ചൊവാഴ്ച്ച പരിഗണിക്കാന്‍ മാറ്റണമെന്ന് സിബിഐ ആവശ്യപ്പെട്ടതനുസരിച്ചാണ് മാറ്റിയത്.
◾ലീഡര്‍ കെ. കരുണാകരന്റെ ഗണ്‍മാനായിരുന്ന തിരുവനന്തപുരം ഊരുട്ടമ്പലം മാറനല്ലൂര്‍ കൂവളശേരി പത്മനിലയത്തില്‍ കെ. രാമചന്ദ്രന്‍ നായര്‍ (82) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ ഒമ്പതിന് തൈക്കാട് ശാന്തി കവാടത്തില്‍.
◾കൊല്ലം പരവൂരില്‍ കോട്ടുവന്‍കോണം അംബിക മേയ്ക്കപ് ജംഗ്ഷനു സമീപം ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. പരവൂര്‍ നെടുങ്ങോം പുന്നമുക്ക് സ്വദേശി ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് സുബിന്‍ (31), പാരിപ്പള്ളി മീനമ്പലം സ്വദേശി വിഘ്നേഷ് (23) എന്നിവരാണു മരിച്ചത്.
◾
◾നീന്തല്‍ക്കുളത്തില്‍ വീണു മൂന്നു വയസുകാരന്‍ മരിച്ചു. കാഞ്ഞങ്ങാട്ടെ പ്രവാസിയായ മാണിക്കോത്ത് പടിഞ്ഞാറ് വളപ്പില്‍ ഹാഷിം- തസ്ലിമ ദമ്പതികളുടെ മകന്‍ ഹാദിയാണ് മരിച്ചത്.
◾പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ അവരുടെ കുടുംബാംഗങ്ങളെ അധികാരത്തില്‍ എത്തിക്കാനാണു മുന്‍ഗണന നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറിലുള്ള വീര്‍ സവര്‍ക്കര്‍ വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മോദി. 710 കോടി രൂപ മുടക്കിയാണ് പുതിയ ടെര്‍മിനല്‍ നിര്‍മിച്ചത്.
◾മകന്റെ കോളേജ് ഫീസ് അടക്കാന്‍ പണമില്ലാതെ ക്ലേശിച്ച വീട്ടമ്മ വന്‍തുക നഷ്ടപരിഹാരം കിട്ടുമെന്നു മോഹിച്ചു ബസിനു മുന്നിലേക്കു ചാടി മരിച്ചു. തമിഴ്നാട്ടിലെ സേലത്ത് പാപ്പാത്തി എന്ന 45 കാരിയാണ് മരിച്ചതെന്നു പോലീസ് പറഞ്ഞു.
◾ബിസിനസുകാരനായ 64 കാരനെ ഹണി ട്രാപ്പില്‍ കുടുക്കി മുന്നേകാല്‍ കോടി രൂപ തട്ടിയെടുത്ത യുവതിയും കൂട്ടാളികളും പിടിയിലായി. പീഡനം നടന്നെന്നു കോഴിയുടെ ചോര ഉപയോഗിച്ചാണു യുവതി കള്ളത്തെളിവുണ്ടാക്കാന്‍ ശ്രമിച്ചത്. ദവ് ചൗധരി എന്ന മോണിക്ക ഭഗവാനും കൂട്ടാളികളായ ആകാശ് എന്ന അനില്‍ ചൗധരി, ഫാഷന്‍ ഡിസൈനറായ സപ്ന എന്ന ലുബ്ന വസീര്‍, ജ്വല്ലറിക്കാരനായ മനീഷ് സോഡി എന്നിവരെ അറസ്റ്റു ചെയ്ത മുംബൈ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
◾ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പിന്റെ പ്രതിച്ഛായ തകര്‍ക്കാനായിരുന്നെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. പൊതു ബോണ്ടുകളുടെ വില്‍പനയ്ക്കു തൊട്ടുമുമ്പ് പുറത്തിറക്കിയ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ”നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍” നിറഞ്ഞതായിരുന്നു. തെറ്റായ വിവരങ്ങളും അപകീര്‍ത്തി നിറഞ്ഞതുമാണെന്ന് അദാനി ഗ്രൂപ്പിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ പ്രസംഗിക്കവേ ഗൗതം അദാനി പറഞ്ഞു.
◾ട്വിറ്ററില്‍നിന്ന് പരസ്യ വരുമാനം ഉപഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങിയെന്നു റിപ്പോര്‍ട്ട്. ‘ആഡ് റെവന്യൂ ഷെയറിങ്’ ക്രിയേറ്റര്‍ സബ്സ്‌ക്രിപ്ഷന്‍ പ്രോഗ്രാമുകളില്‍ സൈന്‍അപ്പ് ചെയ്ത ക്രിയേറ്റര്‍മാര്‍ക്കാണ് വരുമാനം ലഭിച്ചു തുടങ്ങിയത്.
◾ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള ആയുര്‍വേദ, ഭക്ഷ്യ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന പതഞ്ജലി ഫുഡ്‌സില്‍ 5.86% ഓഹരി സ്വന്തമാക്കി അമേരിക്കന്‍ നിക്ഷപക സ്ഥാപനമായ ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ്. ഇന്ത്യന്‍ വംശജനായ രാജീവ് ജെയിന്റെ ഉടമസ്ഥതയിലുള്ള ജി.ക്യു.ജി 2,400കോടി രൂപയുടെ നിക്ഷേപമാണ് ഇതിനായി മുടക്കിയിരിക്കുന്നത്. നിലവിലെ ഓഹരി ഉടമകളുടെ കൈവശമുള്ള ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ വഴിയാണ് ഓഹരികള്‍ വാങ്ങിയത്. ഓഹരിയൊന്നിന് 1,000 രൂപ നിരക്കില്‍ 2.53 കോടി ഓഹരികള്‍ വിറ്റഴിക്കാന്‍ പതഞ്ജലി ഫുഡ്‌സിന്റെ ഏറ്റവും വലിയ ഓഹരി ഉടമകളായ പതഞ്ജലി ആയുര്‍വേദയ്ക്ക് അനുമതി നല്‍കിയിരുന്നു. ബി.എസ്.ഇയില്‍ 1,225 രൂപയ്ക്ക് വില്‍പ്പന നടന്നിരുന്ന ഓഹരികള്‍ 18.36 ശതമാനം ഡിസ്‌കൗണ്ടിലാണ് വില്‍പ്പന നടത്തിയത്. കഴിഞ്ഞ മാര്‍ച്ചില്‍ ഗൗതം അദാനി നേതൃത്വം നല്‍കുന്ന അദാനി ഗ്രൂപ്പ് കമ്പനികളില്‍ ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ് വലിയ നിക്ഷേപം നടത്തിരുന്നു. ഹിന്‍ഡെന്‍ ബെര്‍ഗ് റിപ്പോര്‍ട്ട് പുറത്തു വിട്ടതിനു ശേഷമായിരുന്നു ജി.ക്യു.ജിയുടെ നിക്ഷേപം. കൂടാതെ ഇന്ത്യയിലെ പ്രമുഖ കമ്പനികളായ ഐ.ടി.സി ലിമിറ്റഡ്, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് എന്നിവയിലും ബാങ്കിംഗ് – ഫിനാന്‍സ് രംഗത്തെ പ്രമുഖ സ്ഥാപനങ്ങളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.സി.ഐ.സി ഐ ബാങ്ക്, ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് എന്നിവയിലും ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ് നിക്ഷേപം നടത്തിയിട്ടുണ്ട്.
◾ജനപ്രിയ എഐ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടി നവംബറില്‍ ലോഞ്ച് ചെയ്തതിനുശേഷം അതിന്റെ ഉപയോക്തൃ അടിത്തറയില്‍ ഏകദേശം 10 ശതമാനം ഇടിവ് രേഖപ്പെടുത്തി. വാഷിംഗ്ടണ്‍ പോസ്റ്റിന്റെ സമീപകാല റിപ്പോര്‍ട്ട് അനുസരിച്ച്, ഈ ജനപ്രിയ എഐ ചാറ്റ്ബോട്ടിന്റെ ഉപയോക്താക്കളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. ജൂണ്‍ മാസത്തില്‍ ആഗോളതലത്തില്‍ ബോട്ടിന്റെ വെബ്‌സൈറ്റിലേക്കുള്ള മൊബൈല്‍, ഡെസ്‌ക്ടോപ്പ് ട്രാഫിക്കില്‍ ഏകദേശം 10 ശതമാനം കുറവുണ്ടായതോടെ, കഴിഞ്ഞ മാസം ആപ്പ് ഉപയോക്തൃ എണ്ണത്തില്‍ ആദ്യമായി ഇടിവ് നേരിട്ടു. ബോട്ടിന്റെ ഐഫോണ്‍ ആപ്പിന്റെ ഡൗണ്‍ലോഡുകളും കുറഞ്ഞു. ഉപയോക്തൃ ഇടപഴകലിന്റെ ഈ വന്‍ ഇടിവിന്റെ കൃത്യമായ കാരണങ്ങള്‍ വ്യക്തമല്ല. വെബ് അനലിറ്റിക്‌സ് ആന്‍ഡ് മാര്‍ക്കറ്റ് ഇന്റലിജന്‍സ് സ്ഥാപനമായ സിമിലാര്‍വെബിന്റെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് മുതല്‍, വളര്‍ച്ചാ നിരക്ക് കുറയാന്‍ തുടങ്ങി, മെയ് മാസത്തില്‍ അതില്‍ മാന്ദ്യം അനുഭവപ്പെട്ടു. കൂടാതെ, ചാറ്റ്ജിപിടി വെബ്‌സൈറ്റിലേക്കുള്ള ഓരോ സന്ദര്‍ശനത്തിലും ഇടപഴകല്‍ ക്രമാനുഗതമായി കുറയുന്നു. മറ്റൊരു ജനപ്രിയ എഐ ചാറ്റ്‌ബോട്ടായ ക്യാരക്ടര്‍, ജൂണില്‍ ഇടപഴകല്‍ നിലവാരത്തില്‍ ഇടിവ് നേരിട്ടതായും റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു.
◾അപ്പാനി ശരത് മുഖ്യ വേഷത്തിലെത്തുന്ന ‘കിര്‍ക്കന്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ‘കാലമേ’ എന്നു തുടങ്ങുന്ന ഗാനം മനോരമ മ്യൂസിക് ആണ് പ്രേക്ഷകര്‍ക്കരികിലെത്തിച്ചത്. മണികണ്ഠന്‍ അയ്യപ്പ ഈണമൊരുക്കിയ ഗാനം മൃദുല വാരിയറും മുഹമ്മദ് മക്ബൂല്‍ മന്‍സൂറും ചേര്‍ന്ന് ആലപിച്ചിരിക്കുന്നു. ജ്യോതിഷ്.ടി.കോശിയാണ് പാട്ടിനു വരികള്‍ കുറിച്ചത്. ‘കാലമേ’ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. അപ്പാനി ശരത് ആലപിച്ച ചിത്രത്തിന്റെ ടൈറ്റില്‍ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടന്റെ ആദ്യ പിന്നണി ഗാനമായിരുന്നു അത്. ജോഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിര്‍ക്കന്‍’. മാമ്പ്ര സിനിമാസിന്റെ ബാനറില്‍ മാത്യു മാമ്പ്രയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഔള്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ അജിത് നായര്‍, ബിന്ദിയ അജീഷ്, രമ്യ ജോഷ് എന്നിവരാണ് സഹനിര്‍മാതാക്കള്‍.
◾നടന്‍ ജയറാമും ഭാവനയും പ്രധാന വേഷത്തില്‍ എത്തിയ ‘വിന്റര്‍’ എന്ന ഹൊറര്‍ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു. സംവിധായകന്‍ ദീപു കരുണാകരന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിലേത് പുതിയ കഥയാണെന്നും അതുകൊണ്ട് ജയറാനും ഭാവനയും രണ്ടാം ഭാഗത്തില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് പതിനേഴിന് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും. അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും. പൂര്‍ണമായും ഹൊറര്‍ ത്രില്ലര്‍ ആയിരിക്കും ചിത്രം. 2009 ജൂലൈയില്‍ റിലീസ് ചെയ്ത സിനിമയാണ് വിന്റര്‍. ദീപു കരുണാകന്റെ ആദ്യ സംവിധാന ചിത്രം കൂടിയായിരുന്നു ഇത്. അദ്ദേഹ തന്നെ ആയിരുന്നു തിരക്കഥയും. ദീപു കരുണാകരന്റെ നേതൃത്ത്വത്തിലുള്ള ലെമണ്‍ പ്രൊഡക്ഷന്‍സാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
◾അഡ്വഞ്ചര്‍ അഷ്വേഡ് പ്രോഗ്രാം അവതരിപ്പിച്ച് ജീപ്പ് ഇന്ത്യ. പ്രമുഖ വാഹന ലീസിങ് കമ്പനിയായ എഎല്‍ഡി ഓട്ടോമോട്ടീവുമായി സഹകരിച്ചാണ് ജീപ്പ് ഇന്ത്യ പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ജീപ്പ് കോംപസിലും മെറിഡിയന്‍ എസ്യുവികളിലുമാണ് ജീപ്പ് അഡ്വഞ്ചര്‍ അഷ്വേഡ് പ്രോഗ്രാം കൊണ്ടുവന്നിരിക്കുന്നത്. ഈ പദ്ധതി പ്രകാരം പരമാവധി നാലു വര്‍ഷ കാലയളവില്‍ ജീപ്പിന്റെ വാഹനം തിരിച്ചു നല്‍കിയാല്‍ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലയുടെ 55 ശതമാനം വരെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. പദ്ധതിയുടെ ആനുകൂല്യം ഉറപ്പിക്കണമെങ്കില്‍ പ്രതിവര്‍ഷം 20,000 കിലോമീറ്ററില്‍ കൂടുതല്‍ വാഹനം ഓടരുതെന്നും നിബന്ധനയുണ്ട്. ബൈ ബാക്ക് ഓഫറിനു പുറമേ എക്‌സ്റ്റെന്‍ഡഡ് വാറന്‍ഡി, പ്രതിവര്‍ഷ അറ്റകുറ്റ പണികള്‍, റോഡ്‌സൈഡ് അസിസ്റ്റന്‍സ്, ഇന്‍ഷുറന്‍സ്(ആദ്യ വര്‍ഷം) എന്നിവയും ജീപ്പിന്റെ അഡ്വഞ്ചര്‍ അഷ്വേഡ് പ്രോഗ്രാമില്‍ ഉള്‍പ്പെടുന്നു. ജീപ് ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ പ്രതിമാസ തിരിച്ചടവ് പദ്ധതികള്‍ ഉപയോഗപ്പെടുത്തിയും ഇതില്‍ അംഗമാവാം. താരതമ്യേന കുറഞ്ഞ പ്രതിമാസ തിരിച്ചടവാണ് മറ്റൊരു സവിശേഷത. 39,999 രൂപമുതലുള്ള പ്രതിമാസ തിരിച്ചടവ് പദ്ധതികള്‍ അഡ്വഞ്ചര്‍ അഷ്വേഡ് പ്രോഗ്രാമിന്റെ ഭാഗമായുണ്ട്.
◾മനുഷ്യയാതനകളുടെ ഏറ്റവും ദാരുണമായ വശം കണ്ട യാത്രയായിരുന്നു അത്. ഒപ്പം മനുഷ്യന്‍ ചില സവിശേഷ സാഹചര്യത്തില്‍ തന്റെ സംസ്‌കാരത്തെ വലിച്ചെറിഞ്ഞ് ഏറ്റവും മൃഗീയമായി പെരുമാറുമെന്നതിന്റെ ദൃഷ്ടാന്തവുമായി ആ കപ്പല്‍യാത്ര മാറി. കേവലമൊരു മനുഷ്യജീവി വിചാരിച്ചാല്‍, ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍കൊണ്ട് ഉരുത്തിരിഞ്ഞ ചില ജീവകുലത്തിനെതന്നെ ഇല്ലായ്മ ചെയ്യാനാവുമെന്നും തെളിഞ്ഞു. ഇന്നത്തെയും എന്നത്തെയും ലോകസാഹചര്യത്തിലും
ആ കപ്പല്‍യാത്രയ്ക്ക് പ്രസക്തിയേറുന്നു. ലോകമെങ്ങും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍തന്നെ ഏറ്റവും വലിയ കച്ചവടക്കാരും കോര്‍പ്പറേറ്റുകളായും സ്വയം അധഃപതിക്കുമ്പോള്‍, അധികാരം നിലനിര്‍ത്താന്‍ സ്വന്തം ജനതയെത്തന്നെ തമ്മിലടിപ്പിച്ചും അവരെ വെടിവെച്ചു കൊന്നുമൊക്കെ ഭരണകര്‍ത്താക്കള്‍തന്നെ നരഭോജികളായി പരിണമിക്കുമ്പോള്‍ എസ്സെക്സിന്റെ യാത്ര ഈ ഇരുനൂറാം വര്‍ഷവും വലിയൊരു പാഠപുസ്തകമാവുകയാണ്. തകര്‍ന്ന തിമിംഗിലവേട്ടക്കപ്പലില്‍നിന്നു രക്ഷപ്പെട്ട് 120 ദിവസം കടലില്‍ കഴിച്ചുകൂട്ടേണ്ടിവന്ന നാവികരിലൊരാള്‍ എഴുതിയ ഓര്‍മ്മപ്പുസ്തകം. ‘ഒരു കപ്പല്‍ച്ചേതത്തിന്റെ കഥ’. പരിഭാഷ – തുമ്പൂര്‍ ലോഹിതാക്ഷന്‍. മാതൃഭൂമി. വില 136 രൂപ.
◾അമിതമായ കോട്ടുവായ ചില ആരോഗ്യ പ്രശ്നങ്ങളുടെ സൂചനയാകാം. 15 മിനിറ്റില്‍ മൂന്ന് തവണയില്‍ കൂടുതലൊക്കെ കോട്ടുവായ ഇടുന്നത് അസ്വാഭാവികമാണ്. ഇനി പറയുന്ന രോഗങ്ങളും ആരോഗ്യാവസ്ഥകളുമായി അമിതമായ കോട്ടുവായ ബന്ധപ്പെട്ടിരിക്കുന്നു. സ്ലീപ് അപ്നിയ, ഇന്‍സോമ്നിയ പോലുള്ള ചില രോഗങ്ങളുടെ ഫലമായി ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത് അമിതമായ കോട്ടുവായയിലേക്ക് നയിക്കാം. ഉറക്കത്തില്‍ ശ്വാസം ഇടയ്ക്കിടെ നിലച്ചു പോകുന്ന ഗുരുതരമായ പ്രശ്നമാണ് സ്ലീപ് അപ്നിയ. ഉറക്കെയുള്ള കൂര്‍ക്കം വലി, രാത്രി നന്നായി ഉറങ്ങിയ ശേഷവും ക്ഷീണം എന്നിവയെല്ലാം സ്ലീപ് അപ്നിയയുടെ ലക്ഷണങ്ങളാണ്. ഇന്‍സോമ്നിയ രോഗികള്‍ക്ക് ഉറങ്ങാന്‍ ബുദ്ധിമുട്ടും ഉറക്കത്തിന്റെ നിലവാരമില്ലായ്മയും അനുഭവപ്പെടാം. ചില തരം മരുന്നുകളും അമിതമായ കോട്ടുവായക്ക് കാരണമാകാറുണ്ട്. വിഷാദരോഗത്തിന് കഴിക്കുന്ന മരുന്നുകളും ചില ആന്റിസൈക്കോട്ടിക് മരുന്നുകളും ഇത്തരത്തില്‍ സ്വാധീനം ചെലുത്താം. തലച്ചോറിലെ എന്തെങ്കിലും തകരാറിന്റെ സൂചനയുമാകാം അമിതമായ കോട്ടുവായ. പാര്‍ക്കിന്‍സണ്‍സ് രോഗം, മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ്, മൈഗ്രേന്‍ തലവേദന എന്നിവയെല്ലാം ഇതിന് പിന്നിലെ കാരണങ്ങളാകാം. അമിതമായ ഉത്കണ്ഠയോ സമ്മര്‍ദമോ വരുമ്പോള്‍ അതിനെ മറികടക്കാനുള്ള മാര്‍ഗമായും ശരീരം ചിലപ്പോള്‍ കോട്ടുവായ ഇടാറുണ്ട്. അമിതമായ കോട്ടുവായ ചിലപ്പോഴോക്കെ ഹൃദയാഘാതത്തിന്റെയും പക്ഷാഘാതത്തിന്റെയും സൂചനയാകാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഹൃദയത്തിന് ചുറ്റും രക്തസ്രാവമുണ്ടാകുന്നതിന്റെ പ്രതികരണമെന്ന നിലയില്‍ ചിലപ്പോള്‍ കോട്ടുവായ വന്നേക്കാമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വ്യായാമം ചെയ്യുമ്പോള്‍ ഒരു പാട് കോട്ടുവായ ഇടുന്നത്, പ്രത്യേകിച്ച് ചൂടുള്ള ദിവസങ്ങളില്‍ അങ്ങനെ സംഭവിക്കുന്നത് ഹൃദയാഘാതത്തിന് മുന്നോടിയാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.02, പൗണ്ട് – 107.31, യൂറോ – 92.26, സ്വിസ് ഫ്രാങ്ക് – 95.57, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.87, ബഹറിന്‍ ദിനാര്‍ – 217.57, കുവൈത്ത് ദിനാര്‍ -267.80, ഒമാനി റിയാല്‍ – 213.05, സൗദി റിയാല്‍ – 21.86, യു.എ.ഇ ദിര്‍ഹം – 22.33, ഖത്തര്‍ റിയാല്‍ – 22.53, കനേഡിയന്‍ ഡോളര്‍ – 62.12.