◾അദാനി ഗ്രൂപ്പ് ഓഹരി തട്ടിപ്പ് നടത്തിയെന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്ന് ഓഹരി വിപണിയില്‍ തകര്‍ച്ച. അദാനി ഗ്രൂപ്പിന് രണ്ടു ലക്ഷം കോടി രൂപ വിപണി മൂലധനം നഷ്ടപ്പെട്ടു. റിപ്പോര്‍ട്ട് പുറത്തുവന്നതു മുതല്‍ വിപണി മൂലധനത്തില്‍ മൊത്തത്തിലുള്ള ഇടിവ് 2.75 ലക്ഷം കോടി രൂപയായി. അദാനി ടോട്ടല്‍ ഗ്യാസിന്റെ ഓഹരികള്‍ 17 ശതമാനം ഇടിഞ്ഞു. അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍ എന്നിവ 12 ശതമാനത്തിലധികമാണ് ഇടിഞ്ഞത്..
◾അദാനി ഗ്രൂപ്പ് ഓഹരിമൂല്യം ഉയര്‍ത്തിക്കാണിക്കാന്‍ തട്ടിപ്പു നടത്തിയെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണത്തെക്കുറിച്ച് റിസര്‍വ് ബാങ്കും സെബിയും അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ്. വ്യവസായ പ്രമുഖന്‍ ഗൗതം അദാനിയുടെ കമ്പനികള്‍ ഓഹരി മൂല്യം പെരുപ്പിച്ച് തട്ടിപ്പ് നടത്തിയെന്ന റിപ്പോര്‍ട്ടില്‍ ഇതുവരേയും അന്വേഷണത്തിനു മുതിരാത്തതില്‍ എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് അദ്ഭുതം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ അടുത്ത ബന്ധമുള്ള അദാനി ഗ്രൂപ്പിനും രാജ്യത്തെ നിയമം ബാധകമാണെന്ന് ജയറാം രമേശ്.
◾കേരളത്തിലെ സ്വാശ്രയ ഡെന്റല്‍ കോളജുകളില്‍ ഒഴിവുള്ള അഞ്ഞൂറു സീറ്റുകളില്‍ പ്രത്യേക കൗണ്‍സിലിംഗ് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. സ്വകാര്യ ഡെന്റല്‍ മെഡിക്കല്‍ കോളജുകളാണ് സുപ്രിം കോടതിയെ സമീപിച്ചത്. നീറ്റ് സ്‌കോര്‍ ഉണ്ടായിട്ടും കൗണ്‍സിലിംഗിന് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കണമെന്നാണ് ആവശ്യം.
*ഐതിഹ്യമാല കഥകള്‍*
കേരളത്തിന്റെ സംസ്‌കാരത്തേയും സംസ്‌കൃതിയേയും തൊട്ടറിഞ്ഞ 126 കഥകള്‍. പ്രശസ്ത സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രന്‍ അവതരിപ്പിക്കുന്ന ഐതിഹ്യമാല കഥകള്‍ കേള്‍ക്കാന്‍:
https://www.youtube.com/watch?v=ELRD4fyJQ2U&list=PLtul8xTi_mtcRdtk8KGGIi1rwZas0onnk
◾ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കൊല്ലത്ത് പിടിയിലായ പിഎഫ്ഐ പ്രവര്‍ത്തകന്‍ സാദിഖിനോട് നേതൃത്വം ആവശ്യപ്പെട്ടിരുന്നതായി എന്‍ഐഎ. കൊല്ലം ജില്ലയില്‍ നടക്കുന്ന ആര്‍എസ്എസ് – ബിജെപി പരിപാടികളുടെ വിവരങ്ങള്‍ കൈമാറാനും ഇയാളെ ചുമതലപ്പെടുത്തിയിരുന്നു. ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങളും ഇയാളോട് ആവശ്യപ്പെട്ടിരുന്നു. എന്‍ഐഎ ആരോപിച്ചു.
◾കരുനാഗപ്പള്ളി ലഹരികടത്തു കേസില്‍ തനിക്കെതിരേ മുന്‍മന്ത്രി ജി. സുധാകരന്‍, സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, പി.പി. ചിത്തരഞ്ജന്‍ എംഎല്‍എ എന്നിവര്‍ ഗൂഡാലോചന നടത്തിയെന്ന് ആരോപണ വിധേയനായ നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും സിപിഎമ്മുകാരനുമായ എ ഷാനവാസ്. ആരോപണം ഉന്നയിച്ചുള്ള കത്ത് സംസ്ഥാന നേതൃത്വത്തിന് പാര്‍ട്ടിയില്‍നിന്നു സസ്പെന്‍ഡു ചെയ്ത ഷാനവാസ് അയച്ചു. മന്ത്രി സജി ചെറിയാന്‍ പക്ഷക്കാരനാണ് ഷാനവാസ്.
◾കോഴിക്കോട് മാവൂര്‍ റോഡ് കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ ബലക്ഷയം പരിഹരിക്കാന്‍ ചെലവാകുന്ന മുപ്പതു കോടി രൂപ കുറ്റക്കാരില്‍നിന്ന് ഈടാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മദ്രാസ് ഐഐടി റിപ്പോര്‍ട്ട് പരിശോധിക്കുകയാണ്. കെട്ടിടം പൊളിച്ചു മാറ്റേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. 75 കോടി രൂപ ചെലവിട്ട് 2015 ല്‍ നിര്‍മിച്ച കെട്ടിടത്തിനാണ് ബലക്ഷയം.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾അനില്‍ അന്റണിക്ക് ഉപദേശവുമായി മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍. വൈകാരികമായി എടുത്ത തീരുമാനം ആണെങ്കില്‍ അനില്‍ തിരുത്തണം. ബിബിസിയുടെ ഡോക്യുമെന്ററിയില്‍ പറയുന്നതു സത്യമാണ്. എ.കെ ആന്റണി കോണ്‍ഗ്രസ് പ്രസ്ഥാനത്തിനു വേണ്ടി ജീവിതം ഒഴിഞ്ഞുവച്ച നേതാവാണ്. അദ്ദേഹത്തെ വേദനിപ്പിക്കുന്ന നടപടികള്‍ അനില്‍ എടുക്കരുത്. കെ മുരളീധരന്‍ പറഞ്ഞു.
◾ബസ് സര്‍വീസ് ആവശ്യപ്പെട്ട് ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി പ്രതിഷേധിച്ചു. എറണാകുളം വൈപ്പിനില്‍ മന്ത്രി പങ്കെടുത്ത പരിപാടിക്കിടെയാണ് കരിങ്കൊടി പ്രതിഷേധം. വൈപ്പിനില്‍നിന്നു നഗരത്തിലേക്കു നേരിട്ടുള്ള ബസ് സര്‍വീസുകള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി സമരം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. വേദിക്കു സമീപം യുവമോര്‍ച്ച പ്രവര്‍ത്തകരും പ്രതിഷേധിച്ചു.
◾ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദം. രണ്ടു ദിവസത്തിനകം ശക്തി പ്രാപിക്കുന്ന ന്യുന മര്‍ദ്ദം ഈ മാസാവസാനത്തോടെ ശ്രീലങ്കന്‍ തീരത്തേക്കു നീങ്ങും. ഈ മാസാവസാനവും ഫെബ്രുവരി ആദ്യ ദിവസങ്ങളിലും തെക്കന്‍ കേരളത്തില്‍ മഴക്കു സാധ്യത.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
◾ഭക്ഷ്യ സുരക്ഷ വകുപ്പില്‍ നിയമ വിഭാഗം തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. പഴകിയ ഭക്ഷണം പിടിച്ചാലടക്കമുള്ള തുടര്‍ നടപടികള്‍ വേഗത്തിലാക്കാനാണിത്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
◾മക്കളിലൊരാള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായതിന് മാതാപിതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നത് എന്തിനാണെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. പതിനായിരകണക്കിന് ഹെക്ടര്‍ ഭൂമി പിടിച്ചെടുക്കാനുള്ള കോടതി ഉത്തരവ് അലമാരയില്‍ ഇരിക്കുമ്പോളാണ് പത്തും പതിനഞ്ചു സെന്റുള്ളവരുടെ ഭൂമി ജപ്തി ചെയ്യുന്നത്. കോടതി വിധി നടപ്പാക്കുന്നതില്‍പോലും പക്ഷപാതിത്വമാണ്. പി.കെ. ഫിറോസിനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട് കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ യൂത്ത് ലീഗ് സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
◾കൊല്ലം ചാത്തന്നൂരില്‍ ഭക്ഷ്യവിഷബാധ. ഛര്‍ദി അടക്കമുള്ള ശാരീരിക അസ്വസ്ഥതകളോടെ എട്ടു പേര്‍ ചാത്തന്നൂരിലെ കുടുംബാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. കുടുംബശ്രീ വാര്‍ഷികാഘോഷ പരിപാടിക്കു നല്‍കിയ ഭക്ഷണം കഴിച്ചവരാണ് ചികിത്സ തേടിയത്.
◾തൃശൂര്‍ നഗരത്തിലെ ഏഴു ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണം പിടികൂടി. കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടികൂടിയത്. 45 ഹോട്ടലുകളിലായിരുന്നു പരിശോധന. അറേബ്യന്‍ ഗ്രില്‍, ഹോട്ടല്‍ ഈറ്റില്ലം, വികാസ് ബാബു സ്വീറ്റ്സ്, നേതാജി ഹോട്ടല്‍ ചേറൂര്‍, പ്രിയ ഹോട്ടല്‍ കൊക്കാലെ, ചന്ദ്രമതി ആശുപത്രി കാന്റീന്‍, എംജി റോഡിലെ ചന്ദ്ര ഹോട്ടല്‍ എന്നിവിടങ്ങളില്‍നിന്നാണു പഴകിയ ഭക്ഷണം പിടിച്ചത്.
◾തൃശൂര്‍ കാട്ടൂരില്‍ ഒന്നര വയസുള്ള കുട്ടി കുളിമുറിയിലെ വെള്ളം നിറഞ്ഞ ബക്കറ്റില്‍ വീണ് മരിച്ചു. പൊഞ്ഞനം സ്വദേശി കുറ്റിക്കാടന്‍ ജോര്‍ജ്ജിന്റെ മകള്‍ എല്‍സ മരിയ ആണ് മരിച്ചത്.
◾ഇടുക്കി ബിഎല്‍ റാമില്‍ കാട്ടാന വീട് തകര്‍ത്തു. കുന്നത്ത് ബെന്നിയുടെ വീടാണ് തകര്‍ന്നത്. വെളുപ്പിന് രണ്ടു മണിക്കായിരുന്നു ഒറ്റയാന്റെ ആക്രമണം. ബെന്നിയും ഭാര്യയും അദ്ഭുതകരമായാണ് രക്ഷപെട്ടത്.
◾കരസേനയില്‍ വനിതാ ഉദ്യോഗസ്ഥര്‍ കമാന്‍ഡിംഗ് ഓഫീസര്‍ പദവിയിലേക്ക്. 1992- 2006 ബാച്ചിലെ നിലവില്‍ ലെഫ്റ്റനന്റ് കേണല്‍ റാങ്കിലുള്ള 244 വനിതാ ഉദ്യോഗസ്ഥരെയാണ് കേണല്‍ റാങ്കിലേക്കായി പരിഗണിക്കുന്നത്. ഇതില്‍ 108 പേരുടെ പ്രൊമോഷന്‍ നടപടികള്‍ പൂര്‍ത്തിയായി. ജഡ്ജ് അഡ്വക്കറ്റ് ജനറല്‍, ആര്‍മി എഡ്യുക്കേഷന്‍ കോപ്‌സ് എന്നീ രണ്ടു ബ്രാഞ്ചുകളില്‍ മാത്രമാണ് വനിതകള്‍ക്ക് പെര്‍മനന്റ് കമ്മീഷനും കേണല്‍ റാങ്കും നല്‍കിയിരുന്നത്.
◾ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസ് ഡല്‍ഹിയില്‍. ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കലഹിക്കാത്ത ഗവര്‍ണര്‍ക്കെതിരെ ബംഗാള്‍ ബിജെപി നേതാക്കള്‍ കേന്ദ്ര നേതൃത്വത്തോടു പരാതിപ്പെട്ടിട്ടുണ്ട്. തൃണമൂല്‍ സര്‍ക്കാരുമായി ഗവര്‍ണര്‍ സഹകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് അവരുടെ നിലപാട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിക്കുന്ന ഗവര്‍ണറോട് മമതാ സര്‍ക്കാരുമായി കലഹിക്കണമെന്നു ആവശ്യപ്പെടുമെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്.
◾ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് നല്‍കണമെന്ന് സുപ്രീം കോടതി. ആന്ധ്രയിലെ അഹോബിലം ക്ഷേത്രം ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടി സുപ്രീം കോടതി റദ്ദാക്കി. ക്ഷേത്രം ഏറ്റെടുത്തുകൊണ്ട് ആന്ധ്ര സര്‍ക്കാര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ നിയമിച്ച നടപടി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ ആന്ധ്രാ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. തമിഴ്നാട്ടിലുള്ള അഹോബിലം മഠത്തിന്റെ ക്ഷേത്രം ആന്ധ്രയിലാണ്. ക്ഷേത്രഭരണത്തിനു മഠത്തിനുതന്നെയാണ് അവകാശം. സുപ്രീം കോടതി ഉത്തരവിട്ടു.
◾മൈസൂരുവിലെ ആളെക്കൊല്ലി പുലിയെ കെണിവച്ചു പിടിച്ചു. ടി നരസിപുര താലൂക്കിനടുത്തുള്ള വനമേഖലയിലാണ് പുലിയെ വനംവകുപ്പ് പിടിച്ചത്. ഒരു കുട്ടിയുള്‍പ്പടെ മൂന്ന് പേരെയാണ് ഒരാഴ്ചയ്ക്കുള്ളില്‍ ഈ പുലി കൊന്നത്. പുലിപ്പേടി മൂലം രാത്രി കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിരുന്നു. പുലിയെ നിരീക്ഷിക്കാന്‍ 40 ഇന്‍ഫ്രാറെഡ്, തെര്‍മല്‍ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുള്‍പ്പടെ 158 പേരാണു പുലിയെ നിരീക്ഷിച്ചിരുന്നത്.
◾അമേരിക്കയില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു. ഷിക്കാഗോ പ്രസിംഗ്ടണ്‍ പാര്‍ക്കിലാണ് ആന്ധ്രപ്രദേശിലെ വിജയവാഡ സ്വദേശിയായ നന്ദപ്പു ഡിവാന്‍ഷ (23) കൊല്ലപ്പെട്ടത്. ഉന്നത പഠനത്തിനായി അമേരിക്കയിലെത്തി പത്തു ദിവസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. വെടിവയ്പില്‍ ഹൈദരബാദ് സ്വദേശിയായ കൊപ്പള സായ്സരണ്‍ എന്ന വിദ്യാര്‍ത്ഥിക്കും വെടിയേറ്റു.
◾ശതകോടീശ്വരനും ട്വിറ്റര്‍ മുതലാളിയുമായ ഇലോണ്‍ മസ്‌ക് സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലെ പേരു മാറ്റി. മിസ്റ്റര്‍ ട്വീറ്റ് എന്നാണ് പുതിയ പേര്. ഇത് മാറ്റി സ്വന്തം പേരാക്കാന്‍ സൈറ്റ് അനുവദിക്കില്ലെന്നു തമാശയായി മസ്‌ക് പ്രതികരിച്ചിട്ടുണ്ട്.
◾ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സ- രോഹന്‍ ബൊപ്പണ്ണ സഖ്യം ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനി, റാഫേല്‍ മാറ്റോസ് സഖ്യത്തോട് തോറ്റു. കിരീട നേട്ടത്തോടെ ഗ്രാന്‍ഡ് സ്ലാം കരിയര്‍ അവസാനിപ്പിക്കാമെന്ന് ഫൈനലിലെത്തിയതോടെ സാനിയയും ആരാധകരും പ്രതീക്ഷിച്ചിരുന്നു. ഇത് തന്റെ അവസാന ഗ്രാന്‍ഡ് സ്ലാം ആയിരിക്കുമെന്ന് സാനിയ മിര്‍സ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
◾പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിച്ച അല്‍ നസര്‍ ക്ലബ് സൗദി സൂപ്പര്‍ കപ്പിന്റെ സെമി ഫൈനലില്‍ തോറ്റു പുറത്തായി. അല്‍ നസറിനെ അല്‍ ഇതിഹാദ് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണു തകര്‍ത്തുവിട്ടത്. ഈ മത്സരത്തിലും അല്‍ നസറിനായി ഗോള്‍ നേടാന്‍ റൊണാള്‍ഡോയ്ക്കു സാധിച്ചില്ല.
◾അദാനി ഗ്രൂപ്പ് ഓഹരി വില പെരുപ്പിച്ചു കാണിക്കുകയാണെന്ന യുഎസ് ഫൊറന്‍സിക് ഫിനാന്‍ഷ്യല്‍ റിസര്‍ച് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടിന്റെ ആഘാതത്തില്‍ ഇന്ത്യന്‍ വിപണി. വെള്ളിയാഴ്ച, വ്യാപാരം ആരംഭിച്ചതു മുതല്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്സ് 1.25% ഇടിഞ്ഞ് 59,451 ആയി. നിഫ്റ്റി 17,683ല്‍ എത്തി. അദാനി ഗ്രൂപ്പ് ലിസ്റ്റ് ചെയ്ത എല്ലാ കമ്പനികളും നഷ്ടത്തിലാണ്. അദാനി ട്രാന്‍സ്മിഷന്‍ ഓഹരികള്‍ 19.2 ശതമാനവും അദാനി ടോട്ടല്‍ ഗ്യാസ് 19.1 ശതമാനവും ഇടിഞ്ഞു. 2020 മാര്‍ച്ചിനുശേഷമുള്ള എറ്റവും വലിയ ഇടിവാണ് ഇത്. അതേസമയം, അദാനി എന്റര്‍പ്രൈസസിന്റെ ഫോളോ ഓണ്‍ പബ്ലിക് ഇഷ്യു (എഫ്പിഒ) ആരംഭിച്ചു. റിപ്പോര്‍ട്ടു പുറത്തുവന്നതിനു പിന്നാലെ, ബുധനാഴ്ച ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള അദാനി ഗ്രൂപ്പിന്റെ 10 കമ്പനികളുടെയും കൂടി മൂല്യത്തില്‍ ഇന്നലെ ഏതാണ്ട് 90,000 കോടി രൂപയുടെ കുറവുണ്ടായിരുന്നു. ഉന്നയിക്കുന്ന പല ആരോപണങ്ങളും കോടതികള്‍ അടക്കം തള്ളിക്കളഞ്ഞതാണെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു. എന്നാല്‍ റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നതായി ഹിന്‍ഡന്‍ബര്‍ഗ് വ്യക്തമാക്കി. റിപ്പോര്‍ട്ടിലുന്നയിച്ച 88 ചോദ്യങ്ങള്‍ക്ക് അദാനി ഗ്രൂപ്പിന് കൃത്യമായ മറുപടിയില്ലെന്നും ഏതു നടപടിയും നേരിടാന്‍ തയാറാണെന്നും അവര്‍ വ്യക്തമാക്കി.
◾നോക്കിയയുടെ ഏറ്റവും പുതിയ ടാബ്ലറ്റായ നോക്കിയ ടി21 ആണ് ഇത്തവണ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. വന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഈ ടാബ്ലറ്റില്‍ ഒട്ടനവധി ഫീച്ചറുകള്‍ ലഭ്യമാണ്. 10.3 ഇഞ്ച് 2കെ ഡിസ്പ്ലേയാണ് ഈ ടാബ്ലറ്റുകള്‍ക്ക് നല്‍കിയിട്ടുള്ളത്. പ്രത്യേക ഡിസൈനില്‍ രൂപകല്‍പ്പന ചെയ്ത ടാബ്ലറ്റില്‍ ആന്റിനയ്ക്കായി 60 ശതമാനം റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്കാണ് ഉപയോഗിച്ചിരിക്കുന്നത്. കടുപ്പമേറിയ അലൂമിനിയം ബോഡിയാണ് നല്‍കിയിട്ടുള്ളത്. 8,200 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്. അതിനാല്‍, 15 മണിക്കൂര്‍ വരെ വെബ് ബ്രൗസിംഗ്, 7 മണിക്കൂര്‍ വരെ കോണ്‍ഫന്‍സ് കോള്‍ തുടങ്ങിയവ സാധ്യമാണ്. ശരാശരി ബാറ്ററിയെക്കാള്‍ 60 ശതമാനം ആയുസ് കൂടുതല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നോക്കിയ ടി21 ടാബ്ലറ്റിന്റെ പ്രീ- ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉളള വൈഫൈ മോഡലിന് 17,999 രൂപയും, എല്‍ടിഇ പ്ലസ് വൈഫൈ മോഡലിന് 18,999 രൂപയുമാണ് വില. അതേസമയം, 1,000 രൂപയുടെ പ്രീ- ബുക്കിംഗ് ചെയ്യുന്നവര്‍ക്ക് 1,999 രൂപ വിലയുള്ള സൗജന്യ ഫ്ലിപ്പ് കവറും ലഭിക്കുന്നതാണ്.
◾സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ നായകന്മാരായി എത്തുന്ന രോമാഞ്ചത്തിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. വിനായക് ശശി കുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സുശിന്‍ ശ്യാമാണ്. പാടിയിരിക്കുന്നത് സിയ ഉള്‍ ഹഖാണ്. ചിത്രത്തില്‍ സൗബിന്റെയും കൂട്ടരുടെയും ജീവിതം രംഗങ്ങളാണ് ഗാനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നവാഗതനായ ജിത്തു മാധവന്‍ ആണ് രോമാഞ്ചത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. സിനിമ ഫെബ്രുവരി 3ന് പ്രദര്‍ശനത്തിന് എത്തും. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. 2007ല്‍ ബാംഗ്ലൂരില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. അന്നം ജോണ്‍പോള്‍, സുഷിന്‍ ശ്യാം എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല്‍ പി എച്ച്, അബിന്‍ ബിനോ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍, ദീപിക ദാസ്, അസിം ജമാല്‍, ആദിത്യ ഭാസ്‌കര്‍, തങ്കം മോഹന്‍, ജോളി ചിറയത്ത്, സുരേഷ് നായര്‍, നോബിള്‍ ജെയിംസ്, സൂര്യ കിരണ്‍, പൂജ മഹന്‍രാജ്, പ്രേംനാഥ് കൃഷ്ണന്‍കുട്ടി, സ്നേഹ മാത്യു, സിബി ജോസഫ്, ജമേഷ് ജോസ്, അനസ് ഫൈസാന്‍, ദീപക് നാരായണ്‍ ഹുസ്ബെ, അമൃത നായര്‍, മിമിക്രി ഗോപി, മിത്തു വിജില്‍, ഇഷിത ഷെട്ടി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
◾ആസാദ് അലവില്‍ സംവിധാനം ചെയ്ത് അമിത് ചക്കാലക്കല്‍ നായകനാകുന്ന പുതിയ ചിത്രം ‘അസ്ത്രാ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വയനാടിന്റെ പശ്ചാത്തലത്തില്‍ ഒരു ക്രൈം ത്രില്ലറാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പുതുമുഖം സുഹാസിനി കുമരനാണ് നായിക. കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, സന്തോഷം കീഴാറ്റൂര്‍, അബു സലിം ,ശ്രീകാന്ത് മുരളി, മേലനാഥന്‍, ജയകൃഷ്ണന്‍, ചെമ്പില്‍ അശോകന്‍, രേണു സൗന്ദര്‍ ,നീനാ കുറുപ്പ്, ജിജുരാജ്, നീനാ കുറുപ്പ്, ബിഗ് ബോസ് താരം സന്ധ്യാ മനോജ്, ‘പരസ്പരം’ പ്രദീപ്, സനല്‍ കല്ലാട്ട് എന്നിവരും അമിത് ചക്കാലക്കല്‍ നായകനാകുന്ന ‘അസ്ത്രാ’ എന്ന ചിത്രത്തില്‍ പ്രധാന താരങ്ങളാണ്. വിനു കെ മോഹന്‍, ജിജു രാജ് എന്നിവരാണ് അമിത് ചക്കാലക്കലിന്റെ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഹരി നാരായണന്‍, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരാണ് ‘അസ്ത്രാ’ എന്ന ചിത്രത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. മോഹന്‍ സിത്താരയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
◾പുതുതായി ലോഞ്ച് ചെയ്ത മഹീന്ദ്ര എക്സയുവി 400 ഇവിയുടെ ബുക്കിംഗ് 21,000 രൂപ ടോക്കണ്‍ തുകയ്ക്ക് ഓണ്‍ലൈനിലോ അംഗീകൃത ഡീലര്‍ഷിപ്പുകളിലോ ആരംഭിച്ചു. പുതിയ മോഡലിന്റെ ഡെലിവറി 2023 മാര്‍ച്ച് മുതല്‍ ആരംഭിക്കും. ഇത് ഇസി, ഇഎല്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. യഥാക്രമം 15.99 ലക്ഷം രൂപയും 18.99 ലക്ഷം രൂപയുമാണ് ഇവയുടെ വില. ഇവ പ്രാരംഭ വിലകളാണ്, ആദ്യ 5,000 യൂണിറ്റുകള്‍ക്ക് മാത്രമേ ഇത് ബാധകമാകൂ. പുതിയ മഹീന്ദ്ര എക്സയുവി400 ഇലക്ട്രിക് രണ്ട് ബാറ്ററി പാക്കുകളില്‍ ലഭ്യമാണ് – 34.5 കിലോവാട്ട്അവര്‍ ഇസി വേരിയന്റും 39.4 കിലോവാട്ട്അവര്‍ ബാറ്ററി പാക്ക് ഇഎല്‍ വേരിയന്റും. 150 ബിഎച്ച്പിയും 310 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന ഫ്രണ്ട് ആക്‌സില്‍ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറിന് ബാറ്ററികള്‍ കരുത്ത് പകരുന്നു. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നതിന് മുമ്പ് വെറും 8.3 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് അവകാശപ്പെടുന്നു.
◾എടയ്ക്കല്‍ ഗുഹാചിത്രങ്ങളുടെയും പെരുങ്കല്‍ പരിഷ്‌കൃതിയുടെയും ജൈനസംസ്‌കൃതിയുടെയും കാലംമുതല്‍ ഫ്യൂഡല്‍-കൊളോണിയല്‍ വാഴ്ചക്കാലം വരെയുള്ള വയനാടിനെക്കുറിച്ച്, പുതിയ ചരിത്ര-പുരാവസ്തു ഗവേഷണഫലങ്ങളുടെ വെളിച്ചത്തില്‍ എഴുതപ്പെട്ട പുസ്തകം. പലപ്പോഴും ഒരു പ്രദേശമോ ഒരു കാലഘട്ടമോ മുഴുവനോടെ കൈകാര്യം ചെയ്യേണ്ടിവരുന്നവര്‍ക്ക് മിക്കവാറും കഴിയാതെപോകുന്ന ഒരു ധര്‍മ്മമാണ് വയനാട് രേഖകള്‍ നിര്‍വഹിക്കുന്നത്. ലോക്കല്‍ ഹിസ്റ്ററിക്ക് കൂടുതല്‍ക്കൂടുതല്‍ പ്രാധാന്യം വര്‍ധിച്ചുവരുമ്പോള്‍ ഈ ഗ്രന്ഥം ഒഴിച്ചുകൂടാത്ത ഒന്നായി മാറും. ‘വയനാട് രേഖകള്‍’. ഒ.കെ ജോണി. മാതൃഭൂമി. വില 272 രൂപ.
◾കണ്ണുകള്‍ക്ക് ഒരുപാട് സമ്മര്‍ദ്ദം വരുന്ന തരത്തിലുള്ള ജീവിതരീതിയിലൂടെയാണ് ഇന്ന് മിക്കവരും പോകുന്നത്. ദീര്‍ഘസമയം കംപ്യൂട്ടര്‍- ലാപ്ടോപ് സ്‌ക്രീന്‍ നോക്കിയിരിക്കുന്നതിലൂടെയും മൊബൈല്‍ സ്‌ക്രീനിലേക്ക് നോക്കി മണിക്കൂറുകള്‍ ചെലവിടുന്നതിലൂടെയും കണ്ണിന്റെ ആരോഗ്യം നഷ്ടമാകുന്നു. കണ്ണുകളുടെ ആരോഗ്യം പതിയെ നഷ്ടപ്പെടുന്നത് തടയാന്‍ തീര്‍ച്ചയായും സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്തണം. ഇതിനൊപ്പം തന്നെ ഡയറ്റില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ചില ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ഇലക്കറികള്‍ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. ചീര, മുരിങ്ങ പോലുള്ള ഇലക്കറികളെല്ലാം ഇങ്ങനെ കഴിക്കാവുന്നതാണ്. മിക്ക വീടുകളിലും പതിവായി ഉപയോഗിക്കുന്നൊരു വിഭവമാണ് മുട്ട. പ്രോട്ടീന്‍, സിങ്ക്, കെരോട്ടിനോയിഡ്സ് എന്നിവയാല്‍ സമ്പന്നമായ മുട്ട, കാഴ്ചാശക്തി മങ്ങുന്നത് തടയുന്നതിനും മറ്റും സഹായകമാകുന്നു. ബ്രൊക്കോളി അല്ലെങ്കില്‍ ബ്രസല്‍ സ്പ്രൗട്ട്സ് എന്നിവയും കണ്ണിന് ഏറെ നല്ലതാണ്. വൈറ്റമിന്‍ എ, സി, ഇ എന്നിവയാലും ആന്റി-ഓക്സിഡന്റുകള്‍, കെരോട്ടിനോയിഡ്സ് എന്നിവയാലും സമ്പന്നമാണ് ഇവ. അധികവും പ്രായാധിക്യം മൂലമുണ്ടാകുന്ന കണ്ണിലെ പ്രശ്നങ്ങളെ അകറ്റാനാണ് ഇവ സഹായകമാവുക. പരിപ്പ്- പയറുവര്‍ഗങ്ങള്‍ നിത്യവും ഡയറ്റിലുള്‍പ്പെടുത്തുന്നതും കണ്ണുകള്‍ക്ക് നല്ലതാണ്. വെള്ളക്കടല, രാജ്മ, ബീന്‍സ്, പരിപ്പ്, വെള്ളപ്പയര്‍ എന്നിവയെല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്. ഒരുപാട് പോഷകങ്ങളുടെ കലവറയാണ് പരിപ്പ്- പയര്‍വര്‍ഗങ്ങള്‍. സാല്‍മണ്‍- ടൂണ- ട്രൗട്ട് പോലുള്ള മത്സ്യങ്ങള്‍ കഴിക്കുന്നതും കണ്ണുകള്‍ക്ക് വളരെ നല്ലതാണ്. ഒമേഗ- 3 ഫാറ്റി ആസിഡാണ് പ്രധാനമായും ഇവയില്‍ അടങ്ങിയിട്ടുള്ളത്. ഗ്ലൂക്കോമ പോലുള്ള രോഗങ്ങളെ അകറ്റുന്നതിന് ഇവ സഹായകമായിരിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 81.57, പൗണ്ട് – 100.97, യൂറോ – 88.82, സ്വിസ് ഫ്രാങ്ക് – 88.58, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 57.98, ബഹറിന്‍ ദിനാര്‍ – 216.34, കുവൈത്ത് ദിനാര്‍ -267.21, ഒമാനി റിയാല്‍ – 211.86, സൗദി റിയാല്‍ – 21.73, യു.എ.ഇ ദിര്‍ഹം – 22.21, ഖത്തര്‍ റിയാല്‍ – 22.40, കനേഡിയന്‍ ഡോളര്‍ – 61.20.