yt cover 46

മിന്നല്‍ ഹര്‍ത്താല്‍ അക്രമങ്ങളില്‍ നാശനഷ്ടം വരുത്തിയതിനു സ്വത്തു കണ്ടുകെട്ടിയവര്‍ക്കു പോപ്പുലര്‍ ഫ്രുണ്ടുമായുള്ള ബന്ധവും ഹര്‍ത്താലില്‍ അക്രമം നടത്തിയതിന്റെ വിവരവും ജപ്തി ചെയ്ത വസ്തു വകകളുടെ വിശദാംശങ്ങളും അറിയിക്കണമെന്നു ഹൈക്കോടതി. 248 പേരുടെ സ്വത്തു ജപ്തിചെയ്തെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ മലപ്പുറത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ വീടും ഹര്‍ത്താലിന് അഞ്ചു മാസംമുമ്പേ കൊല്ലപ്പെട്ട പാലക്കാട്ടെ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീടും ജപ്തി ചെയ്തതു വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ ആരാഞ്ഞത്. കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ജപ്തിക്കിരയായ മലപ്പുറത്തെ ലീഗ് പ്രവര്‍ത്തകന്‍ യൂസഫ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിച്ച ബിബിസി ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തെച്ചൊല്ലി സംഘര്‍ഷം. ഡല്‍ഹിയിലും തിരുവനന്തപുരത്തും കൊച്ചിയിലും പാലക്കാട്ടും പ്രദര്‍ശനം തടയാന്‍ ബിജെപി പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. ഡല്‍ഹി ജെഎന്‍യുവിലും തിരുവനന്തപുരത്ത് പൂജപ്പുര തിരുമല റോഡിലും ഏറ്റുമുട്ടലുണ്ടായി. ഡല്‍ഹിയില്‍ രാത്രി ഒമ്പതോടെ പ്രദര്‍ശനം ആരംഭിക്കാനിരിക്കേ എട്ടരയ്ക്കു വൈദ്യുതി ബന്ധം വിച്ഛേദിച്ചു. മൊബൈല്‍ ഫോണിലൂടേയും ലാപ്ടോപ്പിലൂടെയും ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. എബിവിപി, ബിജെപി പ്രവര്‍ത്തകര്‍ കല്ലേറു നടത്തി. നിരവധി പേര്‍ക്കു പരിക്കേറ്റു. വന്‍ പോലീസ് സന്നാഹം ഇവിടെയുണ്ട്. പൂജപ്പുര തിരുമല റോഡില്‍ പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് നാലു തവണ ജലപീരങ്കി പ്രയോഗിച്ചു. പൂജപ്പുരയില്‍ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലാണ് പ്രദര്‍ശനം ഒരുക്കിയത്.

പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഈ മാസം 31 ന് വിരമിക്കും. ഐഎഎസ് ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചു പണി. സാംസ്‌കാരിക വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജിനെ സാമൂഹിക നീതി വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. സഹകരണവകുപ്പ് സെക്രട്ടറിയായ മിനി ആന്റണിക്ക് സാംസ്‌കാരിക വകുപ്പിന്റെ അധിക ചുമതല. തുറമുഖ വകുപ്പ് സെക്രട്ടറിയായിരുന്ന കെ. ബിജുവിനെ പൊതുമരാമത്ത് വകുപ്പിലേക്കു മാറ്റി. കൃഷി വകുപ്പ് സെക്രട്ടറി ഡോ.ബി. അശോകിന് കാര്‍ഷികോല്‍പ്പാദന കമ്മീഷണറുടെ അധിക ചുമതല. എം. ശിവശങ്കര്‍ വഹിച്ചിരുന്ന കായിക- യുവക്ഷേമ വകുപ്പുകളുടെ ചുമതല പ്രണവ് ജ്യോതിനാഥിന് നല്‍കി. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന അജിത് കുമാറിനെ തൊഴില്‍ വകുപ്പിലേക്കു മാറ്റി.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അടപ്പിച്ച സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഭക്ഷ്യ സുരക്ഷാ പരിശീലനം നിര്‍ബന്ധമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജീവനക്കാര്‍ പരിശീലനം നേടിയശേഷമേ സ്ഥാപനം തുറക്കാവൂവെന്നു മന്ത്രി.

തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലെ മലയോര മേഖലകളിലും ശക്തമായ മഴയ്ക്കു സാധ്യത. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. മഡഗാസ്‌കറിനു സമീപമുണ്ടായ ചുഴലിക്കാറ്റാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയത്. ബംഗാള്‍ ഉള്‍ക്കടലില്‍നിന്ന് ഈര്‍പ്പമുള്ള കാറ്റ് വീശുന്നതും മഴയ്ക്കു കാരണമാകും.

പതിനേഴു മാസത്തെ ശമ്പള കുടിശിക എട്ടര ലക്ഷ രൂപ അനുവദിക്കണമെന്ന അപേക്ഷ അംഗീകരിച്ചാണ് സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് ചിന്ത ജെറോമിന് സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കിയതെന്നു വ്യക്തമാക്കുന്ന രേഖ പുറത്ത്. ശമ്പളം അനുവദിച്ചുകൊണ്ടു സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലാണ് ഈ വിവരം. താന്‍ ശമ്പള കുടിശിക ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ചിന്ത ജെറോമിന്റെ വാദം.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് ശമ്പള കുടിശ്ശിക അനുവദിച്ചത് വിവേചനമെന്ന് യുവജന കമ്മീഷന്‍ മുന്‍ അധ്യക്ഷന്‍ ആര്‍.വി രാജേഷ്. തന്റെ ശമ്പളം നിശ്ചയിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്ന് രാജേഷ് കുറ്റപ്പെടുത്തി.

തിരുവനന്തപുരത്ത് കഴക്കൂട്ടം കാരോട് റോഡില്‍ മേല്‍പാലം ആവശ്യപ്പെട്ട് പ്രതിഷേധ ധര്‍ണ നടക്കവെ സ്റ്റേജ് തകര്‍ന്ന് വീണു. നെയ്യാറ്റിന്‍കര മണ്ണക്കല്ലില്‍ കെ ആന്‍സലര്‍ എംഎല്‍എ ധര്‍ണ ഉദ്ഘാടനം ചെയ്തതിനു പിറകേയാണ് സ്റ്റേജ് തകര്‍ന്നത്. ആര്‍ക്കും പരിക്കില്ല.

അടിയന്തരാവസ്ഥക്കാലത്ത് ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍ സൂപ്രണ്ടായിരുന്ന മുന്‍ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എ.കെ. പത്മനാഭന്‍ നമ്പ്യര്‍ എന്ന എ.കെ.പി നമ്പ്യാര്‍ അന്തരിച്ചു. 95 വയസായിരുന്നു. തലശേരി കാവുംഭാഗത്തെ വസതിയിലായിരുന്നു അന്ത്യം.

കളമശേരിയില്‍ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തില്‍ പിടിയിലായ ജുനൈസ് വധശ്രമക്കേസ് അടക്കമുള്ള ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്ന് പൊലീസ്. ഇയാളുടെ പേരില്‍ മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ അഞ്ചു കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു.

ഗുജറാത്ത് കലാപത്തെക്കുറിച്ചു ബിബിസി നിര്‍മിച്ച വിവാദ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിന് കണ്ണൂര്‍ സര്‍വ്വകലാശാല അനുമതി നിഷേധിച്ചെങ്കിലും എസ്എഫ്ഐ പ്രവര്‍ത്തകര്‍ വരാന്തയില്‍ പ്രദര്‍ശിപ്പിച്ചു. സെമിനാര്‍ ഹാളില്‍ പ്രദര്‍ശനം നടത്താനാണ് എസ്എഫ്ഐ അനുമതി തേടിയത്.

പ്രധാനമന്ത്രിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ജനാധിപത്യ സമൂഹത്തില്‍ ആശയങ്ങള്‍ നിഷേധിക്കരുതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

ഇന്ത്യയിലുള്ളവര്‍ ഇന്ത്യയുടെ ഭരണഘടനാ സ്ഥാപനത്തേക്കാള്‍ ബിബിസിയുടെ വീക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്നത് അപകടകരമാണെന്ന് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറും എ.കെ ആന്റണിയുടെ മകനുമായ അനില്‍ കെ ആന്റണി. രാജ്യത്തിന്റെ പരമാധികാരത്തിനു തുരങ്കം വയ്ക്കുന്ന നടപടിയാണിതെന്നും അനില്‍. എന്നാല്‍ അനില്‍ കെ ആന്റണിയുടെ നിലപാട് കോണ്‍ഗ്രസിന്റേയോ യൂത്ത് കോണ്‍ഗ്രസിന്റേയോ നിലപാടല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലും പ്രതികരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ മകന്‍ മെല്‍ഹറിന്റെ മുത്തം. എക്‌സലന്‍സ് ഇന്‍ ഗുഡ് ഗവേര്‍ണന്‍സ് പുരസ്‌കാര തുകയായ ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയപ്പോള്‍ മുത്തം നല്‍കിയ ചിത്രം ദിവ്യ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ചു. ഭര്‍ത്താവ് കോണ്‍ഗ്രസ് നേതാവ് ശബരീനാഥിനൊപ്പമാണ് ദിവ്യ മുഖ്യമന്ത്രിയെ കണ്ടത്.

ഇടുക്കി പൂപ്പാറയില്‍ 35 ലിറ്റര്‍ വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരന്‍ അടക്കം നാലു പേര്‍ പിടിയില്‍. ശാന്തന്‍പാറ പോലീസിന്റെ വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. ബെവ്കോ ജീവനക്കാരന്‍ തിരുവനന്തപുരം സ്വദേശി ബിനു, സുഹൃത്ത് തിരുവനന്തപുരം സ്വദേശി ബിജു, ഇടുക്കി കഞ്ഞിക്കുഴി സ്വദേശി വിനു മാത്യു, മകന്‍ എബിന്‍ എന്നിവരാണ് പിടിയിലായത്.

കോട്ടയത്തെ കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് ഡയറക്ടറുടെ താല്ക്കാലിക ചുമതല ഷിബു അബ്രഹാമിന്. ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവെച്ച ഒഴിവിലേക്കാണ് താത്കാലിക നിയമനം.

കോഴിക്കോട് മുട്ടക്കള്ളന്മാര്‍ പിടിയില്‍. തമിഴ്നാട്ടില്‍ നിന്നും ഗുഡ്സ് ഓട്ടോറിക്ഷയില്‍ മൊത്തക്കച്ചവടത്തിനു കൊണ്ടുവന്ന 75,000 രൂപയുടെ 15000 കോഴി മുട്ടകള്‍ ഗുഡ്സ് ഓട്ടോറിക്ഷ സഹിതം മോഷ്ടിച്ചെന്ന കേസില്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ പീറ്റര്‍ സൈമണ്‍ എന്ന സനു (42) മങ്ങോട്ട് വയല്‍ ഇല്ലത്ത് കെ.വി. അര്‍ജ്ജുന്‍ (32) എന്നിവരെ നടക്കാവ് പൊലീസ് അറസ്റ്റു ചെയ്തു.

ഈരാറ്റുപേട്ടയില്‍ വിദേശ കറന്‍സിയുണ്ടെന്ന് കരുതി യുവാവിന്റെ ബാഗ് തട്ടിയെടുത്ത അഞ്ചംഗ സംഘം കവര്‍ച്ചാ കേസില്‍ അറസ്റ്റില്‍. ഈരാറ്റുപേട്ട സ്വദേശികളായ മുഹമ്മദ് നജാഫ്, ജംഷീര്‍ കബീര്‍, ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശി അഖില്‍ ആന്റണി, ഇടക്കൊച്ചി സ്വദേശി ശരത് ലാല്‍, ആലപ്പുഴ പെരുമ്പളം സ്വദേശി ഷിബിന്‍ എന്നിവരാണു പിടിയിലായത്.

മണ്ണാര്‍ക്കാട് എടിഎം മെഷീനില്‍ കൃത്രിമം കാണിച്ചു പണം തട്ടിയതിന് ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശികളായ പ്രവീണ്‍കുമാര്‍, ദിനേശ് കുമാര്‍, സന്ദീപ് എന്നിവരെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റുചെയ്തു. അറസ്റ്റിനു പിറകേ മണ്ണാര്‍ക്കാട് എസ്ബിഐ ബ്രാഞ്ച് പോലീസില്‍ പരാതി നല്‍കി.

തൊടുപുഴയില്‍ പണംവച്ച് ചൂതാട്ടം നടത്തിയ സംഘത്തെ പോലീസ് പിടികൂടി. രഹസ്യ വിവരത്തെത്തുടര്‍ന്ന് തൊടുപുഴയിലെ റോയല്‍ ക്ലബ്ബില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് 10 പേരെ പിടികൂടിയത്.

കോഴിക്കോട് ഉണ്ണികുളത്ത് സ്‌ക്കൂള്‍ വിദ്യാര്‍ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. തെങ്ങിനുകുന്നമ്മല്‍ പ്രസാദിന്റെ മകള്‍ അര്‍ച്ചനയാണ് മരിച്ചത്.

ഗോതമ്പു വില കുതിക്കുന്നു. കഴിഞ്ഞ വര്‍ഷം ഗോതമ്പ് വില 37 ശതമാനം വര്‍ധിച്ചപ്പോള്‍ ഈ വര്‍ഷം ജനുവരിയില്‍ ഏഴ് ശതമാനം വില വര്‍ധിച്ചു. ഒരു ടണ്ണിന് 29,375 രൂപയാണ് വില. ഡല്‍ഹിയില്‍ വില 31,508 രൂപ. ഉല്‍പാദനം കുറഞ്ഞതും ആഭ്യന്തര വിപണിയില്‍ ഗോതമ്പു ശേഖരിക്കാന്‍ വൈകിയതുമാണ് വിലവര്‍ധനയ്ക്കു കാരണം. ഗോതമ്പ് ഉല്‍പ്പാദനം ഒരു വര്‍ഷം മുമ്പ് 109.59 ദശലക്ഷം ആയിരുന്നെങ്കില്‍ 2022 ല്‍ 106.84 ദശലക്ഷം ടണ്ണായി കുറഞ്ഞു.

പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുമായി നടത്തിയ കൂടികാഴ്ചയ്ക്കു ശേഷമാണ് വില കുറയുമെന്ന സൂചനകള്‍.

ബിബിസി ഡോക്യുമെന്ററി വിലക്ക് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കുകയാണെന്നും സര്‍ക്കാര്‍ ഒളിക്കുകയാണെന്നും യെച്ചൂരി പ്രതികരിച്ചു.

ഡല്‍ഹിയില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഹിമാലയന്‍ താഴ്‌വരയില്‍ നേപ്പാളിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഇന്ത്യയിലും നേപ്പാളിലും ചൈനയിലും ഭൂമികുലുക്കം പ്രകടമായി.

പ്രതിപക്ഷ ഐക്യനീക്കവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. അടുത്ത മാസം 17 ന് നടക്കുന്ന തെലങ്കാന സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാക്കളെയും മുഖ്യമന്ത്രിമാരെയും ക്ഷണിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവര്‍ക്കാണ് ക്ഷണം.

രാഹുല്‍ ഗാന്ധി ഗൃഹപാഠം ചെയ്യണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം ഉണ്ടായ അഭിവൃദ്ധി മനസിലാക്കാതെയാണ് പ്രത്യേക പദവി പുനസ്ഥാപിക്കുമെന്നു പ്രസംഗിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആയിരകണക്കിന് കിലോമീറ്റര്‍ ഒപ്പം നടന്നിട്ടും ദിഗ്വിജയ് സിംഗ് ഇന്ത്യന്‍ സൈന്യത്തെ ബഹുമാനിക്കാന്‍ പഠിച്ചില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.

ആശുപത്രിയില്‍നിന്ന് രക്തം കയറ്റി എയ്ഡ്സ് ബാധിതനായി മരിച്ച യുവാവിന്റെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി ഉത്തരവ്. ഡെറാഡൂണ്‍ ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവ് ഉത്തരാഖണ്ഡ് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ശരിവച്ചു. സഹാറന്‍പൂര്‍ സ്വദേശിയായ യുവാവ് വൃക്ക മാറ്റിവെച്ചതിന് ശേഷം ചികിത്സയ്ക്കായെത്തിയ മൊഹാലിയിലെ മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാണു നഷ്ടപരിഹാരം നല്‍കേണ്ടത്.

രാത്രി വീട്ടിലെത്തിയപ്പോള്‍ ഭാര്യ വാതില്‍ തുറക്കാത്തതുമൂലം പൈപ്പ് ലൈന്‍ വഴി വീടിന്റെ മൂന്നാം നിലയിലേക്ക് കയറാന്‍ ശ്രമിച്ച യുവാവ് താഴെവീണു മരിച്ചു. തിരുപ്പത്തൂര്‍ സ്വദേശി മുപ്പതുകാരനായ തെന്നരശാണ് മരിച്ചത്.

പ്രശസ്തിക്കുവേണ്ടി ബംഗളൂരുവിലെ തിരക്കുള്ള കെ ആര്‍ മാര്‍ക്കറ്റ് മേല്‍പാലത്തിനു മുകളില്‍ നിന്ന് പത്തുരൂപാ നോട്ടുകള്‍ താഴേക്കു വലിച്ചെറിഞ്ഞ് ഗതാഗതക്കുരുക്കുണ്ടാക്കിയ യുവാവ് അറസ്റ്റിലായി. കോട്ടും സ്യൂട്ടും ധരിച്ചാണ് ഇയാള്‍ നോട്ടുകള്‍ വാരി വിതറിയത്. ഇവന്റ് മാനേജ്മെന്റ് – മാര്‍ക്കറ്റിംഗ് കമ്പനി നടത്തുന്ന നാഗബാവി സ്വദേശി അരുണാണ് പിടിയിലായത്. ചോദ്യം ചെയ്തപ്പോള്‍ കമ്പനിയുടെ പ്രശസ്തിക്കായാണ് ഇതു ചെയ്തതെന്ന് ഇയാള്‍ പറഞ്ഞു.

കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയതിനാല്‍ ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ സിനിമയെ എതിര്‍ക്കില്ലെന്ന് ഹൈന്ദവ സംഘടനകളായ ബജ്രംഗ്ദളും വിശ്വഹിന്ദു പരിഷത്തും. സിനിമയുടെ പേരില്‍ വിവാദം അരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്കിയിരുന്നു.

ഒരാഴ്ചയ്ക്കുള്ളില്‍ എയര്‍ ഇന്ത്യയ്ക്ക് രണ്ടാം തവണയും പത്തു ലക്ഷം രൂപ പിഴ ചുമത്തി ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. വിമാനത്തില്‍ യാത്രക്കാരുടെ മോശമായ പെരുമാറ്റം റിപ്പോര്‍ട്ട് ചെയ്യാത്തതിനാണ് പിഴശിക്ഷ.

തമിഴ് നടനും സംവിധായകനുമായ ഇ രാമദോസ് അന്തരിച്ചു. 66 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദ്രോഗംമൂലമാണ് മരിച്ചത്.

അഫ്ഗാനിസ്ഥാനില്‍ അതി ശൈത്യത്തില്‍ 124 മരണം. യഥാര്‍ത്ഥ മരണം ഇതിലും കൂടുതല്‍ വരുമെന്നാണ് സന്നദ്ധ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബ്രസീലിലെ യാനോമാമി മേഖലയില്‍ പട്ടിണിയിലായിരുന്ന ആദിവാസി കുടുംബങ്ങളെ എയര്‍ ലിഫ്റ്റ് ചെയ്തു. 16 ആദിവാസികളെയാണ് രക്ഷിച്ചത്. മുന്‍ പ്രസിഡന്റിന്റെ തീവ്രവലതുപക്ഷ നിലപാടുകളാണ് മഴക്കാടുകളില്‍ താമസിച്ചിരുന്ന ആദിവാസികളുടെ വംശഹത്യയിലേക്ക് നയിച്ചതെന്നാണ് ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ ആരോപിച്ചത്.

അമേരിക്ക ആസ്ഥാനമായുള്ള ഫോര്‍ഡ് മോട്ടോര്‍സ് 3,200 ജീവനക്കാരെ പിരിച്ചുവിടുന്നു. ജര്‍മ്മനിയിലെ ജീവനക്കാരെയാണ് കൂടുതല്‍ ബാധിക്കുക. കഴിഞ്ഞ വര്‍ഷം ഫോര്‍ഡ് 3,000 പേരെ പിരിച്ചുവിട്ടിരുന്നു,

ന്യൂസിലാണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ 90 റണ്‍സിന് വിജയിച്ച ഇന്ത്യ 3- 0 ന് പരമ്പര തൂത്തുവാരി, ഒപ്പം ഏകദിനറാങ്കിംഗില്‍ ഒന്നാം സ്ഥാനവും. ടോസ് നഷ്ടപ്പെട്ട്് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 112 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റേയും 101 റണ്‍സ് നേടിയ രോഹിത് ശര്‍മയുടേയും മികവില്‍ 9 വിക്കറ്റ് നഷ്ടടത്തില്‍ 385 റണ്‍സ് നേടി. കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലാണ്ടിന് 138 റണ്‍സ് നേടിയ ഡെവണ്‍ കോണ്‍വേയുടെ പ്രകടനം പ്രതീക്ഷ നല്‍കിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ കിവീസിനെ 295 ല്‍ എറിഞ്ഞൊതുക്കി. 25 റണ്‍സും 3 വിക്കറ്റും നേടിയ ശാര്‍ദുല്‍ ഠാക്കൂറാണ് കളിയിലെ താരം. ശുഭ്മാന്‍ ഗില്ലിനെ സീരിസിന്റെ താരമായി തിരഞ്ഞെടുത്തു. ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം ലഭിച്ച ഇന്ത്യ നിലവില്‍ ട്വന്റി20 റാങ്കിങ്ങിലും ഒന്നാമതാണ്.

അമല നേഴ്സിംഗ് കോളേജ് ആന്റ് റിസേര്‍ച്ച് സെന്ററിന് നാഷണല്‍ അസസ്സ്മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ എ ഗ്രേഡ് എന്ന അപൂര്‍വ്വ നേട്ടം കൈവരിച്ചു. ഇന്ത്യയില്‍ ആദ്യമായി ഫസ്റ്റ് സൈക്കിളില്‍ നാക് ‘എ’ ഗ്രേഡ് എന്ന ബഹുമതി ലഭിച്ച സ്ഥാപനമായി അമല നേഴ്സിംഗ് കോളേജ് മാറി. കേരളത്തില്‍ ഒരു നേഴ്സിംഗ് കോളേജും ഇത് വരെ നാക് എ ഗ്രേഡ് നേടിയിട്ടില്ല.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദ ഫലങ്ങള്‍ പ്രസിദ്ധീകരിച്ച് മാരുതി സുസൂക്കി. ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 2351 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായം ഇരട്ടിയോളം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ മാരുതിയുടെ അറ്റാദായം 1011 കോടി രൂപയായിരുന്നു. പ്രവര്‍ത്തന വരുമാനം 25 ശതമാനം ഉയര്‍ന്ന് 29,044 കോടി രൂപയിലെത്തി. ഇക്കാലയളവില്‍ 465,911 യൂണീറ്റ് വാഹനങ്ങളാണ് കമ്പനി വിറ്റത്. അതില്‍ കയറ്റി അയച്ചത് 61,982 യൂണീറ്റുകളാണ്. 22,187 കോടി രൂപയുടേതാണ് അറ്റ വില്‍പ്പന.വില്‍പ്പന ഉയര്‍ന്നതും നിര്‍മാണ സാമഗ്രികളുടെ വില ഇടിവും കമ്പനിയുടെ ലാഭം ഉയര്‍ത്തി. 3,63,000 വാഹനങ്ങളുടെ ബുക്കിംഗ് ആണ് മാരുതിക്കുള്ളത്. കഴിഞ്ഞ വര്‍ഷം മാരുതി നേടിയത് 1,940,067 യൂണീറ്റിന്റെ റെക്കോര്‍ഡ് വില്‍പ്പനയാണ് . 2022ല്‍ കമ്പനി 263,068 വാഹനങ്ങള്‍ കയറ്റി അയച്ചു. മികച്ച ത്രൈമാസ ഫലം ഓഹരി വിപണിയിലും മാരുതിക്ക് നേട്ടമായി.

ബ്ലൂംബെര്‍ഗിന്റെ ശതകോടീശ്വര പട്ടികയില്‍ ഗൗതം അദാനിയെ പിന്തള്ളി ആമസോണിന്റെ ജെഫ് ബെസോസ്. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ അദാനിയുടെ ആസ്തിയില്‍ 87.2 കോടി ഡോളറിന്റെ (ഏകദേശം7100 കോടി) ഇടിവാണ് ഉണ്ടായത്. നിലവില്‍ 120 ശതകോടി ഡോളറാണ് അദാനിയുടെ ആസ്തി. ബെസോസിന്റെ ആസ്തി 121 ശതകോടി ഡോളറാണ്. അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെ ഓഹരി വില ഇടിഞ്ഞതാണ് ഗൗതം അദാനിക്ക് തിരിച്ചടിയായത്. 188 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ബെര്‍ണാഡ് അര്‍ണോള്‍ട്ട് ആണ് ശതകോടീശ്വരന്മാരില്‍ ഒന്നാമന്‍. രണ്ടാം സ്ഥാനം ടെസ് ല സിഇഒ ഇലോണ്‍ മസ്‌കിനാണ് (145 ബില്യണ്‍ ഡോളര്‍ ആസ്തി). റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പട്ടികയില്‍ പന്ത്രണ്ടാമതാണ്. അംബാനിയുടെ ആസ്തി 84.7 ബില്യണ്‍ ഡോളറാണ്. ഒരു ദിവസം കൊണ്ട് 45.7 കോടി ഡോളറോളമാണ് (3700 കോടിയോളം രൂപ) അംബാനിക്ക് നഷ്ടമായത്. അതേ സമയം ഫോബ്‌സിന്റെ ശതകോടീശ്വ പട്ടികയില്‍ അദാനി തന്നെയാണ് മൂന്നാം സ്ഥാനത്ത്. ഫോബ്‌സിന്റെ കണക്കുകള്‍ അനുസരിച്ച് 126.6 ശതകോടി ഡോളറാണ് അദാനിയുടെ ആസ്തി. ബെസോസിന്റെ ആസ്തി 120.7 ബില്യണ്‍ ഡോളറും. ഫോബ്‌സിന്റെ പട്ടികയില്‍ ഒമ്പതാം സ്ഥാനമാണ് അംബാനിക്ക്.

സച്ചിക്കൊപ്പം ഒരുക്കിയ തിരക്കഥകളിലൂടെയാണ് മലയാള സിനിമയിലേക്ക് സേതുവിന്റെ അരങ്ങേറ്റം. പിന്നീട് സ്വന്തമായി ആറ് തിരക്കഥകള്‍ ഒരുക്കി. അവയില്‍ ഒന്ന് സംവിധാനവും ചെയ്തു. മമ്മൂട്ടിയെ നായകനാക്കി 2018 ല്‍ പുറത്തിറക്കിയ ഒരു കുട്ടനാടന്‍ ബ്ലോഗ് ആയിരുന്നു ആ ചിത്രം. ഇപ്പോഴിതാ നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സേതു സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം പ്രേക്ഷകരിലേക്ക് എത്തുകയാണ്. ‘മഹേഷും മാരുതിയും’ എന്ന കൌതുകകരമായ പേരുമായി എത്തുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് നായകന്‍. മംമ്ത മോഹന്‍ദാസ് നായികയും. ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘നാലുമണി പൂവ് കണക്കെ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. കേദാര്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരി ശങ്കര്‍ ആണ്. സേതു തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജുവാണ്.

‘ഉപ്പും മുളകും’ എന്ന ജനപ്രിയ പരിപാടിയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ നിറഞ്ഞാടിയ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘റാണി’. നിസാമുദ്ദീന്‍ നാസര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മണിസ് ദിവാകറിന്റേതാണ് ചിത്രത്തിന്റെ കഥ. ജയന്‍ ചേര്‍ത്തല, കുളപ്പുള്ളി ലീല, മഖ്ബൂല്‍, കണ്ണന്‍ പട്ടാമ്പി, അന്‍സാല്‍ പള്ളുരുത്തി, റിയാസ് പത്താന്‍, ജെന്‍സന്‍ ആലപ്പാട്ട്, ദാസേട്ടന്‍ കോഴിക്കോട്, ആരോമല്‍ ബി എസ് ശ്രീദേവ് പുത്തേടത്ത് എന്നിവരും അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായതായി. രാഹുല്‍ രാജ് തോട്ടത്തില്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ് ഔറ കോംപാക്ട് സെഡാന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. ഇ, എസ്, എസ്എക്സ്, എസ്എക്സ് (ഒ) എന്നീ നാല് വകഭേദങ്ങളിലാണ് മോഡല്‍ ലൈനപ്പ് വരുന്നത്. 6.29 ലക്ഷം മുതല്‍ 8.57 ലക്ഷം രൂപ വരെയാണ് ഈ മോഡലുകളുടെ എക്‌സ്‌ഷോറൂം വിലകള്‍. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 11,000 രൂപ ടോക്കണ്‍ തുക നല്‍കി 2023 ഹ്യൂണ്ടായ് ഓറ ഫെയ്സ്ലിഫ്റ്റ് ഓണ്‍ലൈനിലോ അംഗീകൃത ഡീലര്‍ഷിപ്പുകളിലോ ബുക്ക് ചെയ്യാം. പുതിയ കോംപാക്ട് സെഡാന്‍ കോസ്മെറ്റിക് ഡിസൈന്‍ മാറ്റങ്ങളും മെച്ചപ്പെടുത്തിയ സുരക്ഷയോടെ നവീകരിച്ച ക്യാബിനും നല്‍കുന്നു. പോളാര്‍ വൈറ്റ്, ഫിയറി റെഡ്, ടൈറ്റന്‍ ഗ്രേ, സ്റ്റാറി നൈറ്റ്, ടുഫൂണ്‍ സില്‍വര്‍, ടീല്‍ ബ്ലൂ എന്നിങ്ങനെ ആറ് വ്യത്യസ്ത നിറങ്ങളില്‍ കോംപാക്റ്റ് സെഡാന്‍ ലഭിക്കും. 83പിഎസ് പവറും 113.8എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ 4-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് പുതിയ ഓറയ്ക്ക് കരുത്തേകുന്നത്.

പല കാലങ്ങളില്‍ പലതരം ജീവിതം ജീവിച്ച സ്ത്രീകളുടെ പ്രതിരോധത്തെ അടയാളപ്പെടുത്തുന്ന നോവല്‍. വ്യക്തിപരമായ ഓര്‍മ്മകളെയും അനുഭൂതികളെയും രാഷ്ട്രീയവല്‍ക്കരിക്കുന്നതിന്റെ സാമൂഹിക സങ്കീര്‍ണ്ണതകളിലൂടെ സഞ്ചരിക്കുന്ന മുക്തിബാഹിനി. അധിനിവേശങ്ങളുടെയും വര്‍ഗ്ഗീയതയുടെയും അനുഭവങ്ങളെ ആഴത്തില്‍ തിരയുന്നു. സമകാലിക പെണ്‍പക്ഷ രാഷ്ട്രീയനോവലുകളിലേക്ക് പുതിയ ചേര്‍ത്തുവെയ്പ്പ്. ‘മുക്തിബാഹിനി’. ജിസ ജോസ്. ഡിസി ബുക്സ്. വില 379 രൂപ.

ആഹാരം നന്നായി ചവച്ചരച്ചു കഴിച്ചില്ലെങ്കില്‍ പലവിധ ആരോഗ്യപ്രശ്നങ്ങളും നിങ്ങളെ തേടിവരുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇത് ദന്താരോഗ്യത്തെ മാത്രമല്ല, നമ്മുടെ ദഹനവ്യവസ്ഥയെയും ബാധിക്കും. നന്നായി ചവച്ച് ആഹാരം കഴിച്ചില്ലെങ്കില്‍ ഭക്ഷ്യവിഷബാധയുണ്ടാകാനും സാധ്യതയുണ്ട്. ആഹാരം നന്നായി ചവച്ചരച്ചില്ലെങ്കില്‍ ഇവയില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ ശരീരത്തിന് പൂര്‍ണമായും വലിച്ചെടുക്കാനാവില്ല. അതുകൊണ്ടുതന്നെ കഴിക്കുന്ന ആഹാരത്തില്‍ നിന്ന് ശരീരത്തിലെത്തുന്ന പോഷകങ്ങളുടെ അളവും കുറയും. ദഹനത്തിന്റെ ആദ്യപടി ആഹാരം നന്നായി ബ്രേക്ക്ഡൗണ്‍ ചെയ്യുക എന്ന പ്രക്രിയയാണ്. ഇത് കൃത്യമായി നടന്നിലെങ്കില്‍ ദഹനം ശരിയാകില്ല. ഇത് നെഞ്ചെരിച്ചില്‍, മലബന്ധം, പുളിച്ചുതികട്ടല്‍ തുടങ്ങി പല പ്രശ്നങ്ങള്‍ക്കും കാരണമാകും. ആഹാരം നന്നായി ചവയ്ക്കാതെ വയറ്റിലെത്തുമ്പോള്‍ വയറിന്റെ ജോലി കൂടും. ഇതിന്റെ ഫലമായി ശരീരത്തിന്റെ കൂടുതല്‍ ഊര്‍ജം കവര്‍ന്നെടുക്കുകയും ചെയ്യും. ശരിയായ രീതിയില്‍ ആഹാരം കഴിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ മാനസികാവസ്ഥയെയും ബാധിക്കും. ആഹാരം ശരിയായല്ല വയറ്റില്‍ എത്തുന്നതെങ്കില്‍ വയറ്റില്‍ ഗ്യാസ് നിറയാന്‍ ഇത് കാരണമാകും. ഇതുമാത്രമല്ല, ശരീരഭാരം വര്‍ദ്ധിക്കുന്നതിനും ആഹാരം കഴിക്കുന്ന രീതി സ്വാധീനിക്കാറുണ്ട്. ധാരാളം സമയമെടുത്തു സാവധാനം വേണം ആഹാരം കഴിക്കാന്‍ അല്ലാത്തപക്ഷം അമിതവണ്ണമായാകും ശരീരം പ്രതികരിക്കുക.

*ശുഭദിനം*

*കവിത കണ്ണന്‍*

ഒരു ദിവസമെങ്കിലും ക്ലാസ്സ് മുടക്കണം. അതായിരുന്നു ആ രണ്ട് കുട്ടികളുടേയും ആഗ്രഹം. മേഞ്ഞ് നടക്കുന്ന മൂന്ന് ആടുകളെ കണ്ടപ്പോള്‍ അവര്‍ക്ക് ഒരാശയം തോന്നി. അവര്‍ ആ ആടുകളെ പിടിച്ച് അവയുടെ കഴുത്തില്‍ 1,2,4 എന്ന ബോര്‍ഡെഴുതി കെട്ടിത്തൂക്കി. വൈകുന്നേരം എല്ലാവരും പോയപ്പോള്‍ അവയെ സ്‌കൂളിന്റെ വിശാലമായ കോംമ്പൗണ്ടിലേക്ക് കയറ്റിവിട്ടു. പിറ്റേന്ന് ക്ലാസ്സിലെത്തിയ കുട്ടികള്‍ ഓടിനടക്കുന്ന ഈ ആടുകളെ പിടിക്കാനിറങ്ങി. മൂന്നെണ്ണത്തെ പിടിച്ചുകഴിഞ്ഞപ്പോഴാണ് അവര്‍ ആടുകളുടെ കഴുത്തില്‍ കിടക്കുന്ന നമ്പറുകള്‍ ശ്രദ്ധിച്ചത്. മൂന്നാമത്തെ നമ്പര്‍ ആടിനെ തിരഞ്ഞ് അന്നുമുഴുവന്‍ എല്ലാ കുട്ടികളും അധ്യാപകനും അലഞ്ഞുനടന്നു. വൈകുന്നേരം വരെ അന്വേഷിച്ചിട്ടും മൂന്നാമത്തെ ആടിനെ അവര്‍ക്ക് കിട്ടിയില്ല. ക്ലാസ്സ് വിടാനുള്ള മണിയടിച്ചപ്പോള്‍ എല്ലാവരും വീടുകളിലേക്ക് പോവുകയും ചെയ്തു. അപ്രസക്തമായ കാര്യങ്ങളുടെ പേരിലും ഇല്ലാത്ത കാര്യങ്ങളുടെ പേരിലും നമ്മള്‍ ചിലവഴിക്കുന്ന സമയത്തിന് കണക്കുകളുണ്ടാകില്ല. സ്വയം അസ്വസ്ഥരാകുമ്പോള്‍ രണ്ട് കാര്യങ്ങള്‍ നമുക്ക് ഓര്‍മ്മിക്കാം. എന്തിനാണ് വെറുതെ അസ്വസ്ഥരാകുന്നത്? മഴ പെയ്യുന്നതും കഠിന വേനല്‍ വരുന്നതുമോര്‍ത്ത് എന്തിനാണ് ആകുലപ്പെടുകയും അസ്വസ്ഥരാകുകയും ചെയ്യുന്നത്. ചില കാര്യങ്ങളെ പ്രതിരോധിക്കാന്‍ ആര്‍ക്കുമാകില്ല. പ്രതിരോധിക്കാനാകാത്ത കാര്യങ്ങളെക്കുറിച്ച് ആകുലപ്പെട്ടു സമയം കളയുന്നത് വ്യഥാവിലാണ്. രണ്ട്. സ്വയം നിയന്ത്രിക്കാന്‍ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് ആകുലപ്പെടുക. സ്വയം നിയന്ത്രിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ ആണെങ്കില്‍ ആകുലതകളും അസ്വസ്ഥതകളും മാറ്റിവെച്ച് അവയെ വരുതിയിലാക്കാനുള്ള പദ്ധതികള്‍ സ്വയം രൂപപ്പെടുത്തുകയും നടപ്പിലാക്കുകയുമാണ് ഉചിതമായ മാര്‍ഗ്ഗം – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *