◾മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിനും കിഫ്ബിക്കുമെതിരേ സമന്‍സ് അയക്കാന്‍ എന്‍ഫോഴ്സ്മെന്റിന് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഒരേ ഹര്‍ജിയില്‍ ഒരു സിംഗിള്‍ ബെഞ്ച് ഇട്ട ഇടക്കാല ഉത്തരവില്‍ മറ്റൊരു ഉത്തരവിടാന്‍ ഒരു സിംഗിള്‍ ബഞ്ചിനാകില്ലെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ല. ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് വാദം കേട്ട് തീര്‍പ്പാക്കണമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
◾തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് ഡോ. റുവൈസ് കസ്റ്റഡിയില്‍. ഒളിവിലായിരുന്ന ഡോ. റുവൈസിനെ കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍നിന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു. ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ വീണ്ടെടുക്കാന്‍ നടപടി ആരംഭിച്ചു. മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്.
◾അക്ഷരം കൂട്ടി വായിക്കാന്‍ അറിയാത്തവര്‍ക്ക് എ പ്ലസ് നല്‍കരുതെന്ന വിമര്‍ശനം വ്യക്തിപരമായ അഭിപ്രായമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ്. സര്‍ക്കാരിന്റെ നയമോ അഭിപ്രായമോ അല്ല. ചോദ്യ പേപ്പര്‍ തയ്യാറാക്കാനുള്ള യോഗത്തില്‍ ചര്‍ച്ചക്കായി പറഞ്ഞ അഭിപ്രായമാണത്. സര്‍ക്കാര്‍ നയത്തെയോ മൂല്യ നിര്‍ണ്ണയ രീതിയേയോ തരം താഴ്ത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം മന്ത്രിക്കു നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കി.
*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലുമായി തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സ്*
വിവാഹം ഇനി ഉത്സവമാകും. മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവല്‍. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾നവകേരള സദസിലൂടെ മൂന്നു ലക്ഷത്തിലേറെ പരാതികള്‍ ലഭിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. 3,00,571 പേരാണ് ഇതുവരെ നിവേദനങ്ങളുമായെത്തിയത്. ഇത്രയധികം നിവേദനങ്ങള്‍ അതിവേഗം പരിശോധിച്ച് നടപടിയെടുക്കുന്നത് വലിയ വെല്ലുവിളിയാണ്. എന്നാല്‍ വാഗ്ദാനം ചെയ്ത സമയത്തിനുള്ളില്‍ പരിഹാരമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
◾നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം. ജില്ലാ ജഡ്ജിയുടെ അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണം. ആവശ്യമെങ്കില്‍ പൊലീസിന്റെയോ മറ്റ് ഏജന്‍സികളുടെ സഹായം തേടാം. അതിജീവിതയുടെ ഹര്‍ജി അംഗീകരിച്ചാണ് കോടതി ഉത്തരവ്.
◾ജുഡീഷ്യല്‍ സര്‍വീസിലെ വിവിധ തസ്തികളുടെ പേരുകള്‍ മാറ്റാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. മുന്‍സിഫ് മജിസ്ട്രേറ്റ്, സബ് ജഡ്ജ്, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എന്നീ തസ്തികകളുടെ പേരാണ് മാറ്റുന്നത്. മുന്‍സിഫ് മജിസ്ട്രേറ്റിന്റെ പേര് സിവില്‍ ജഡ്ജ് (ജൂനിയര്‍ ഡിവിഷന്‍) എന്നും സബ് ജഡ്ജ്, ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് എന്നീ തസ്തികളുടെ പേര് സിവില്‍ ജഡ്ജ് (സീനിയര്‍ ഡിവിഷന്‍) എന്നുമാണ് മാറ്റുന്നത്. ജുഡീഷ്യല്‍ തസ്തികകളുടെ പേര് ഏകീകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനായി 1991 ലെ കേരള ജുഡീഷ്യല്‍ സര്‍വീസ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യും.
◾സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്നു പറയുന്നവരോട് ‘താന്‍ പോടോ’ എന്നു പറയാന്‍ പെണ്‍കുട്ടികള്‍ക്കു കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്തെ യുവ ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*
◾തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹ്നയുടെ മരണത്തില്‍ അറസ്റ്റിലായ ഡോ റുവൈസിനെ കോളജില്‍നിന്ന് സസ്പെന്‍ഡു ചെയ്തു. കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ മെഡിക്കല്‍ ബിരുദംതന്നെ റദ്ദാക്കുമെന്ന് ആരോഗ്യസര്‍വകലാശാല വ്യക്തമാക്കി.
◾കൊച്ചി മെട്രോയുടെ എസ്എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള പരീക്ഷണ ഓട്ടം ഇന്നു മുതല്‍. കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനാണ് തൃപ്പൂണിത്തുറ.
◾ജമ്മു കാഷ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ അനില്‍, സുധീഷ്, രാഹുല്‍, വിഘ്നേഷ് എന്നിവരുടെ മൃതദേഹങ്ങള്‍ നാളെ പുലര്‍ച്ചെ രണ്ടരയ്ക്കു കൊച്ചിയിലെത്തും. ഇന്നു വൈകുന്നേരം ആറിന് ശ്രീനഗറില്‍നിന്നു പുറപ്പെടുന്ന മുംബൈ വഴിയുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത്.
◾വിവാഹസദ്യയില്‍നിന്നു ഭക്ഷ്യവിഷബാധയേറ്റ അതിഥിക്ക് കാറ്ററിംഗ് സ്ഥാപനം 40,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ഭക്ഷ്യ വിഷബാധയേറ്റ എക്സൈസ് ഉദ്യോഗസ്ഥനായ കൂത്താട്ടുകുളം സ്വദേശി വി. ഉന്‍മേഷിനാണ് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചത്.
◾നവകേരള സദസിനായി പണം അനുവദിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാരോട് അഭ്യര്‍ത്ഥിച്ചുള്ള സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
◾
◾മിച്ചഭൂമി വിഷയത്തില്‍ പി.വി അന്‍വര്‍ എംഎല്‍എയുടെ ഭീഷണി വിലപ്പോവില്ലെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ കെവി ഷാജി. സര്‍ക്കാര്‍ നിയോഗിച്ച സമിതി തന്നെയാണ് മിച്ചഭൂമി കണ്ടെത്തിയത്. അന്‍വര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. വിവരാവകാശ കൂട്ടായ്മയാണ് മിച്ചഭൂമി കണ്ടെത്തിയതെന്നും കെ.വി ഷാജി പറഞ്ഞു.
◾കോഴിക്കോട് ലോ കോളജിലെ സംഘര്‍ഷത്തില്‍ ആറ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു. കെഎസ്യു പ്രവര്‍ത്തകനെ മര്‍ദിച്ചതിനാണ് ചേവായൂര്‍ പൊലീസ് കേസെടുത്തത്.
◾സിപിഎം തൃശൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.ആര്‍. തോമസ് സ്മാരക ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ പവലിയന്‍ കാല്‍നാട്ടലിനു മുമ്പു ഭൂമിപൂജ നടത്തിയതു വിവാദമായി. ഭൂമിപൂജയുടെ ഫോട്ടോകള്‍ സിപിഎം പ്രവര്‍ത്തകര്‍തന്നെ വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചതോടെയാണു വിവാദമായത്. ഈ മാസം 17 മുതലാണു ടൂര്‍ണമെന്റ്.
◾ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട് കുംഭകോണം സ്വദേശി രാംകുമാര്‍ (43) ആണ് മരിച്ചത്. രാവിലെ മുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് നട തുറക്കാന്‍ 20 മിനിറ്റു വൈകി.
◾പഠിപ്പുമുടക്കിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അധ്യാപകനെ മര്‍ദിച്ചെന്ന പരാതിയില്‍ 11 പേര്‍ക്കെതിരേ കേസ്. എടവണ്ണ ഇസ്ലാഹിയ ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ എ പി ജൗഹറിനാണ് മര്‍ദനമേറ്റത്. സ്‌കൂളിലെ മൂന്നു പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന എട്ട് പേര്‍ക്കെതിരെയുമാണു കേസെടുത്തത്.
◾തിരുവല്ലയില്‍ ശുചിമുറിയില്‍ പ്രസവിച്ച കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മയെ പൊലീസ് അറസ്റ്റു ചെയ്തു. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി നീതു എന്ന ഇരുപതുകാരിയാണ് അറസ്റ്റിലായത്.
◾വയനാട്ടില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു. കല്‍പ്പറ്റ വെണ്ണിയോട് കല്ലട്ടിയില്‍ ഇന്ന് രാവിലെയാണ് സംഭവം. കല്ലട്ടിയിലെ കേളുക്കുട്ടിയുടെ വീട്ടിലാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.
◾തെലങ്കാന മുഖ്യമന്ത്രിയായി എ. രേവന്ത് റെഡ്ഡി ഇന്നു സത്യപ്രതിജ്ഞ ചെയ്തു. ഹൈദരാബാദിലെ എല്‍.ബി. സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവര്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തു. ദളിത് നേതാവ് മല്ലു ഭട്ടി വിക്രമാര്‍ക്ക ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
◾അമേരിക്കയിലെ യൂണിവേഴ്സിറ്റ് കാമ്പസില്‍ 67 കാരനായ പ്രഫസര്‍ നടത്തിയ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. യൂണിവേഴ്സിറ്റി ഓഫ് നെവാഡ ലാസ് വെഗാസ് ക്യാംപസിലാണ് വെടിവയ്പ്പുണ്ടായത്. വെടിവച്ച പ്രഫസറും കൊല്ലപ്പെട്ടു.
◾ഒഡീഷയില്‍ ആദായനികുതി വകുപ്പ് ഡിസ്റ്റിലറി ഉടമകളുടെ ഓഫീസുകളിലും വീടുകളിലും നടത്തിയ റെയ്ഡില്‍ 200 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു. ആറു കേന്ദ്രങ്ങളില്‍ ഇന്നലെ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. പ്രമുഖ മദ്യ നിര്‍മാണ സ്ഥാപനങ്ങളായ ശിവ് ഗംഗ ആന്റ് കമ്പനി, ബൗധ് ഡിസ്റ്റിലറി തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന.
◾ആഗോള തലത്തിലെ നാലാമത്തെ വലിയ ഇന്‍ഷുറന്‍സ് ഭീമനെന്ന പദവി സ്വന്തമാക്കി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. പ്രമുഖ ധനകാര്യ വിവര സേവന ദാതാക്കളായ എസ് ആന്‍ഡ് പി ഗ്ലോബല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് എല്‍ഐസി നാലാമത്തെ വലിയ ഇന്‍ഷുറന്‍സ് കമ്പനിയായി തിരഞ്ഞെടുത്തിരിക്കുന്നത്. ലോകത്തിലെ 50 ഇന്‍ഷുറന്‍സ് കമ്പനികളാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എല്‍ ആന്‍ഡ് പി ഇന്‍ഷുറന്‍സ് കമ്പനികളുടെ അന്തിമ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. എല്‍ഐസിയുടെ കരുതല്‍ ശേഖരം 50,307 കോടി ഡോളറാണ്. 75,020 കോടി ഡോളര്‍ കരുതല്‍ ശേഖരവുമായി ജര്‍മ്മനിയിലെ അലിയന്‍സ് എസ്.ഇ ആണ് ഒന്നാം സ്ഥാനത്ത് എത്തിയത്. ചൈന ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി (61,690 കോടി ഡോളര്‍), ജപ്പാനിലെ നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് (536.80) എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ പങ്കിട്ടു. എസ് ആന്‍ഡ് പി ലിസ്റ്റിലെ 50 ആഗോള ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ 21 എണ്ണവും യൂറോപ്യന്‍ കമ്പനികളാണ്. ഓരോ രാജ്യങ്ങളില്‍ നിന്നുള്ള ഇന്‍ഷുറന്‍സ് കമ്പനികളുടെ എണ്ണം കണക്കാക്കുമ്പോള്‍ അമേരിക്കയാണ് മുന്‍പന്തിയില്‍. അമേരിക്കയിലെ 8 ഇന്‍ഷുറന്‍സ് കമ്പനികളാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. യുകെയില്‍ നിന്ന് 7 കമ്പനികളും ലിസ്റ്റില്‍ ഇടം നേടി.
◾വരാനിരിക്കുന്ന ഐഫോണ്‍ 16-ന് വേണ്ടിയുള്ള ബാറ്ററികള്‍ ഇന്ത്യന്‍ ഫാക്ടറികളില്‍ നിര്‍മിക്കാനുള്ള ആഗ്രഹമറിയിച്ച് ആപ്പിള്‍. ഐഫോണ്‍ ഘടക വിതരണക്കാരോട് ആപ്പിള്‍ ഇക്കാര്യം ആവശ്യപ്പെട്ടതായി ഫിനാന്‍ഷ്യല്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയില്‍ നിന്ന് ഉല്‍പ്പാദനം മാറ്റി, വിതരണ ശൃംഖല വൈവിധ്യവത്കരിക്കാനും ഇന്ത്യയിലെ നിര്‍മ്മാണ ശേഷി വര്‍ധിപ്പിക്കാനുമുള്ള ആപ്പിളിന്റെ നീക്കത്തിന്റെ ഭാഗമാണിത്. ഇന്ത്യയില്‍ പുതിയ ഫാക്ടറികള്‍ സ്ഥാപിക്കാന്‍ ചൈനയിലെ ഡെസെ അടക്കമുള്ള ബാറ്ററി നിര്‍മ്മാതാക്കളെ ആപ്പിള്‍ പ്രോത്സാഹിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ, ആപ്പിളിന്റെ തായ്വാനീസ് ബാറ്ററി വിതരണക്കാരായ സിംപ്ലോ ടെക്‌നോളജിയോടും, അവരുടെ ഉല്‍പ്പാദന ശേഷി ഇന്ത്യയിലേക്ക് കൂടി വിപുലീകരിക്കാന്‍ അമേരിക്കന്‍ ടെക് ഭീമന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ജാപ്പനീസ് ഇലക്ട്രോണിക് പാര്‍ട്‌സ് നിര്‍മ്മാതാക്കളായ ടിഡികെ കോര്‍പ്പറേഷന്‍ ആപ്പിള്‍ ഐഫോണുകള്‍ക്കായി ഇന്ത്യയില്‍ ലിഥിയം അയണ്‍ (ലി-അയണ്‍) ബാറ്ററി സെല്ലുകള്‍ നിര്‍മ്മിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. നിര്‍മ്മാണത്തിനും വിതരണ ശൃംഖലകള്‍ക്കുമായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ അമേരിക്കന്‍ ടെക് ഭീമന്‍ ആപ്പിള്‍ സജീവമായി പ്രവര്‍ത്തിച്ചുവരികയാണ്.
◾ധ്യാന്‍ ശ്രീനിവാസന്റെ ‘ചീനാ ട്രോഫി’ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റുമായി ഡിസംബര്‍ 8-ന് തീയറ്ററുകളിലേക്ക്. അനില്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറും ടീസറും ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടതോടെ പ്രേക്ഷകര്‍ക്ക് ചിത്രത്തിലുള്ള പ്രതീക്ഷ വര്‍ദ്ധിച്ചിരുന്നു. മികച്ചൊരു കോമഡി എന്റര്‍ടൈനര്‍ ആയിരിക്കും ചിത്രം എന്നാണ് പ്രേക്ഷകപ്രതീക്ഷ. പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹന്‍, ആഷ്ലിന്‍ മേരി ജോയ്, ലിജോ ഉലഹന്നാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏറെ രസകരമായൊരു കോമഡി ഫാമിലി എന്റര്‍ടൈനറായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഫെയിം കെന്റി സിര്‍ദോ, ഷെഫ് സുരേഷ് പിള്ള എന്നിവരെക്കൂടാതെ ജാഫര്‍ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന്‍ കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
◾അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ ‘പ്രേമം’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നായകന്‍ നിവിന്‍ പോളിയും നായിക സായി പല്ലവിയും വീണ്ടും ഒന്നിക്കുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒരു സ്‌ക്രീന്‍ പങ്കിടാന്‍ എത്തുന്നത്. ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. ‘പ്രേമം’ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളികളുടെ ഒന്നാകെ മനസ്സില്‍ കയറിയ താരമാണ് സായി പല്ലവി. പ്രേമത്തിന് ശേഷം ഫഹദ് ഫാസിന്റെ നായികയായി അതിരനിലും, ദുല്‍ഖര്‍ സല്‍മാന്റെ നായികയായി കലിയിലും താരം മലയാളത്തില്‍ അഭിനയിച്ചിരുന്നു. 2015 മെയ് 26നാണ് പ്രേമം തിയറ്ററുകള്‍ റിലീസിനെത്തുന്നത്. ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ചിത്രത്തിലൂടെയാണ് സായി പല്ലവി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2008ല്‍ പുറത്തിറങ്ങിയ ധാം ധൂം എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം സിനിമയലേക്ക് ചുവടുവെക്കുന്നത്. ശിവ കാര്‍ത്തികേയന്‍ നായകനായി രാജ്കുമാര്‍ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രമായി സായി പല്ലവിയുടെതായി റിലീസ് ആകാനുള്ള ചിത്രം. ഡിയോ ജോസ് ആന്റണിയുടെ ചിത്രത്തിലാണ് നിവിന്‍ ഇപ്പോള്‍ അഭിമയിക്കുന്നത്.
◾ടോക്കിയോയില്‍ പ്രദര്‍ശിപ്പിച്ച പുതിയ സ്വിഫ്റ്റിന്റെ എന്‍ജിന്‍ വിവരങ്ങള്‍ പുറത്തത്. പെട്രോള്‍, പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ് ഓപ്ഷനുകളില്‍ ഇസഡ്12 ഇ എന്ന പുതിയ എന്‍ജിന്‍ ലഭിക്കും. ടോക്കിയോ മോട്ടോര്‍ഷോയില്‍ പ്രദര്‍ശിപ്പിച്ച ഇസഡ് സീരീസില്‍ പെട്ട ഈ എന്‍ജിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. അടുത്ത വര്‍ഷം പകുതിയില്‍ ഇന്ത്യയിലെത്തുന്ന സ്വിഫ്റ്റിനും ഈ എന്‍ജിന്‍ തന്നെയാകും എത്തുക. നിലവിലെ 1.2 ലീറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് എന്‍ജിനെക്കാള്‍ 3 ബിഎച്ച്പി കരുത്തും 60 എന്‍എം ടോര്‍ക്കും അധികമുണ്ട് പുതിയ എന്‍ജിന്. ജാപ്പനീസ് വിപണിയ്ക്കുള്ള സ്വിഫ്റ്റിലെ 1197 സിസി പെട്രോള്‍ എന്‍ജിന് 82 ബിഎച്ച്പി കരുത്തും 108 എന്‍എം ടോര്‍ക്കുമുണ്ട്. മൈല്‍ഡ് ഹൈബ്രിഡ് ടെക്നോളജിയുള്ള എന്‍ജിന് 24.5 കിലോമീറ്ററും സാദാ എന്‍ജിന് 23.4 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. ഇന്ത്യന്‍ വിപണിയിലേക്ക് ഈ എന്‍ജിന്‍ തന്നെയായിരിക്കും എത്തുകയെങ്കിലും കരുത്തിന്റെയും ടോര്‍ക്കിന്റെയും കൂടുതല്‍ വിവരങ്ങള്‍ പുറത്തിവിട്ടിട്ടില്ല. ജാപ്പനീസ് വിപണിയില്‍ സിവിടി ഗിയര്‍ബോക്സ് വാഹനം പുറത്തിറങ്ങുമെങ്കിലും ഇന്ത്യയില്‍ 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സുകളില്‍ മാത്രമായിരിക്കും ലഭിക്കുന്നത്.
◾അഗാധമായ മനുഷ്യസ്നേഹവും കാരുണ്യവും ഉദാരതയും ഈ കഥകളുടെ മേല്‍ അന്യൂനവും അപൂര്‍വ്വവുമായ ഒരു നവപ്രകാശം വര്‍ഷിക്കുന്നു. ഒരര്‍ത്ഥത്തില്‍ സതീഷ്ബാബുവിന്റെ സര്‍ഗ്ഗാത്മകമായ ഊര്‍ജ്ജത്തിന്റെ ചാലകശേഷിതന്നെ നിരുപാധികമായ മനുഷ്യസ്നേഹമാണെന്നു പറയാം. സാഹിത്യത്തിന്റെ ശുദ്ധവഴിയിലൂടെ സഞ്ചരിച്ച്, മനുഷ്യജീവിതത്തെയും മനുഷ്യവികാരങ്ങളെയും മുന്‍വിധികളുടെയോ, കപട സദാചാരത്തിന്റെയോ വര്‍ണ്ണച്ചില്ലിലൂടെ നോക്കിക്കാണാന്‍ വിസമ്മതിച്ച ഒരു സ്വതന്ത്ര ചേതസ്സാണ് സതീഷ്ബാബു പയ്യന്നൂര്‍ എന്ന എഴുത്തുകാരന്‍. തന്നിട്ട് പോയതെല്ലാം മികച്ചത്. കാലം അനുഗ്രഹിച്ചിരുന്നെങ്കില്‍ ഇനിയും ഇനിയും അനേകം പക്വരചനകള്‍ നമ്മെത്തേടി വരുമായിരുന്നു എന്ന് മികച്ച കഥകളുടെ ഈ സമാഹാരം നമ്മെ വേദനിപ്പിച്ചുകൊണ്ട് ഓര്‍മ്മിപ്പിക്കുന്നു. ‘അരികിലാരോ’. സതീഷ്ബാബു പയ്യന്നൂര്‍. ഗ്രീന്‍ ബുക്സ്. വില 119 രൂപ.
◾ചീത്ത കൊളസ്ട്രോള്‍ അഥവാ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കൂടുമ്പോള്‍ ചിലരില്‍ മുഖത്ത് ചില ലക്ഷണങ്ങള്‍ പ്രകടമാകും. രക്തത്തില്‍ കൊളസ്ട്രോളിന്റെ അളവ് കൂടിയാല്‍ അത് ഹൃദയത്തെ ദോഷകരമായി ബാധിക്കും. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. കൊളസ്‌ട്രോളിന്റെ അളവ് കൂടുമ്പോള്‍ കണ്ണിന് ചുറ്റുമായി മഞ്ഞ കലര്‍ന്ന നിറത്തില്‍ തീരെ ചെറിയ മുഴകള്‍ കാണപ്പെടാം. ചിലരില്‍ ഈ മുഴകള്‍ നെറ്റിയിലും മുഖത്തും കവിളുകളിലും കൈയിലുമൊക്കെ ഉണ്ടാകാം. അതുപോലെ ചിലരില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുമ്പോള്‍ മുഖത്തിന്റെ ചര്‍മ്മത്തിലോ വായ്ക്കകത്തോ ചൊറിച്ചില്‍ ഉണ്ടാവുകയും, ചൊറിഞ്ഞ് ചുവന്നു തടിക്കുകയും ചെയ്യാം. കൊളസ്ട്രോള്‍ കൂടുമ്പോള്‍ ചര്‍മ്മത്തില്‍ പലയിടത്തും ചൊറിച്ചിലും ചുവന്ന പാടുമെല്ലാം ഉണ്ടാകാന്‍ സാധ്യതയേറെയാണ്. ചര്‍മ്മത്തിലുള്ള നിറ വ്യത്യാസം, മുഖത്ത് കാണുന്ന ഇത്തരം ലക്ഷണങ്ങള്‍ എന്നിവയെ നിസാരമായി കാണേണ്ട. കൈ രേഖയില്‍, കാലിന്റെ പുറകില്‍ ഒക്കെ കൊളസ്‌ട്രോള്‍ അടിഞ്ഞതുമൂലം കാണുന്ന തടിപ്പും കൊളസ്ട്രോളിന്റെ ലക്ഷണമാകാം. അതുപോലെ ചിലരില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുമ്പോള്‍ കേള്‍വിക്കുറവ് വരാം. ഉയര്‍ന്ന കൊളസ്ട്രോളുമായി ബന്ധപ്പെട്ട ശ്രവണ നഷ്ടം പലപ്പോഴും ഉയര്‍ന്ന ശബ്ദങ്ങള്‍ കേള്‍ക്കുന്നതിനോ ഉച്ചത്തിലുള്ള ചുറ്റുപാടുകളില്‍ സംസാരം മനസ്സിലാക്കുന്നതിനോ ഉള്ള ബുദ്ധിമുട്ടുകളായി പ്രകടമാകുന്നു. കാലുകളില്‍ വേദന, കാലുകളില്‍ മരവിപ്പ്, മുട്ടുവേദന, കാലുകളുടെ പേശികളില്‍ വേദന, കാലുകളിലോ പാദത്തിലോ മുറിവുകള്‍ തുടങ്ങിയവ ഉണ്ടാകാം. കഴുത്തിനു പിന്നില്‍ ഉളുക്കുപോലെ കഴപ്പുണ്ടാകുക, മങ്ങിയ നഖങ്ങള്‍, തളര്‍ച്ച, ക്ഷീണം തുടങ്ങിയവയും ഇതുമൂലം കാണപ്പെടാം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.35, പൗണ്ട് – 104.82, യൂറോ – 89.78, സ്വിസ് ഫ്രാങ്ക് – 95.33, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.68, ബഹറിന്‍ ദിനാര്‍ – 221.08, കുവൈത്ത് ദിനാര്‍ -270.14, ഒമാനി റിയാല്‍ – 216.48, സൗദി റിയാല്‍ – 22.22, യു.എ.ഇ ദിര്‍ഹം – 22.70, ഖത്തര്‍ റിയാല്‍ – 22.89, കനേഡിയന്‍ ഡോളര്‍ – 61.32.