s7 yt cover 1

തന്റെ വാഹനം തടയാന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ എത്തിയാല്‍ ഇനിയും കാറില്‍നിന്നു പുറത്തിറങ്ങുമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തനിക്കു ഭയമില്ല. കാമ്പസുകളില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് എസ്എഫ്ഐ ഭീഷണിപ്പെടുത്തിയിരിക്കേ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നു വൈകുന്നേരം കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ എത്തും. ക്യാമ്പസിലെ വിവിഐപി ഗസ്റ്റ് ഹൗസിലാണു ഗവര്‍ണര്‍ തങ്ങുക. പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എത്താനിരിക്കെ കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്ഐ കറുത്ത ബാനറുകള്‍ ഉയര്‍ത്തി. ചാന്‍സലര്‍ ഗോ ബാക്ക്, മിസ്റ്റര്‍ ചാന്‍സലര്‍ യു ആര്‍ നോട്ട് വെല്‍ക്കം, സംഘി ചാന്‍സലര്‍ വാപസ് ജാവോ എന്നിങ്ങനെ എഴുതിയ മൂന്നു ബാനറുകളാണ് ഉയര്‍ത്തിയത്.

പാര്‍ലമെന്റിലെ പുകയാക്രമണ കേസിലെ പ്രതികള്‍ സ്വയം തീ കൊളുത്താനും പദ്ധതിയിട്ടിരുന്നെന്ന് ഡല്‍ഹി പൊലീസ്. സ്വയം തീകൊളുത്താനായിരുന്നു ഇവര്‍ ആദ്യം തയാറാക്കിയ പദ്ധതി. ദേഹത്തു പുരട്ടാന്‍ ജെല്‍ കിട്ടാത്തതിനാല്‍ ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പ്ലാന്‍ എ, പ്ലാന്‍ ബി എന്നിങ്ങനെ രണ്ടു പ്ലാനുമായാണ് സംഘം എത്തിയതെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു.

*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ക്രിസ്മസ് കളക്ഷനും*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ക്രിസ്മസ് കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

ആലപ്പുഴയില്‍ റോഡരികില്‍ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസുകാരെ കാര്‍ നിര്‍ത്തി ഓടിയെത്തി മര്‍ദിച്ചത് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കുമാര്‍. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ ഗണ്‍മാന്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

നാടിനുവേണ്ടി അധ്വാനിക്കുന്ന തന്റെ ജീവന്‍ രക്ഷിക്കേണ്ടത് അംഗരക്ഷകരുടെ ജോലിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ വാഹനത്തിനു നേരെ ചിലര്‍ ചാടി വീണു. പൊലീസുകാര്‍ പ്രതിഷേധക്കാരെ മാറ്റുകയും ആക്രമണം തടയുകയും ചെയ്തു. പിണറായി വിജയന്‍ പറഞ്ഞു. കരിങ്കൊടി കാണിച്ചവരെ ഗണ്‍മാന്‍ മര്‍ദിച്ചതിനെക്കുറിച്ചു ചോദിച്ച മാധ്യമ പ്രവര്‍ത്തകരോടു ചോദ്യം പ്രത്യേക ഉദേശ്യത്തോടെയാണെന്നു പിണറായി നീരസം പ്രകടിപ്പിച്ചു.

നവകേരള സദസിനു പാര്‍ട്ടി പ്രവര്‍ത്തകര്‍ സംരക്ഷണം നല്‍കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. നവകേരള സദസ് സര്‍ക്കാര്‍ പരിപാടിയാണ്. പോലീസ് സംരക്ഷണം നല്‍കും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ നിരവധി പരാതികളുണ്ടെന്നും 23 ന് ശേഷം ഇക്കാര്യത്തില്‍ നടപടിയെടുക്കുമെന്നും മന്ത്രി സജി ചെറിയാന്‍. ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതിനോടു യോജിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ രാജ്യാന്തര ചലച്ചിത്രമേളയ്ക്കിടെ അക്കാദമി അംഗങ്ങള്‍ സമാന്തര യോഗം ചേര്‍ന്നതിന്റെ മിനുട്സ് പുറത്ത്. അക്കാദമി അംഗങ്ങളായ കുക്കു പരമേശ്വരന്‍, സോഹന്‍ സീനു ലാല്‍ അടക്കം ഒമ്പതു പേര്‍ പങ്കെടുത്തെന്നാണ് മിനുട്സില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ശബരിമലയില്‍ ഭക്തജന തിരക്ക്. അവധി ദിവസമായതിനാല്‍ ഇന്ന് 90,000 പേരാണ് വെര്‍ച്വല്‍ ക്യൂവഴി ബുക്ക് ചെയ്തത്. പതിനെട്ടാം പടി കയറാന്‍ ഭക്തരെ സഹായിക്കുന്ന പതിനാല് പോലീസുകാര്‍ ഓരോ ഇരുപത് മിനിറ്റിലും മാറുന്ന വിധത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ മിനിറ്റിലും എഴുപത്തഞ്ചിലധികം പേരെ പടി കയറ്റുന്നുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ ആക്രമിക്കുന്നവരെ പ്രതിരോധിക്കുകയാണ് ഗണ്‍മാന്റെ ചുമതലയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഗണ്‍മാന്‍ ചെയ്തത് അദ്ദേഹത്തിന്റെ ജോലിയാണെന്നും ആ ദൗത്യം നിര്‍വഹിച്ചില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ പൊലീസ് നടപടിയെടുക്കും. ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് നടത്തുന്നത് ഭീകര പ്രവര്‍ത്തനമാണെന്നും ജയരാജന്‍ പറഞ്ഞു.

പിണറായിയുടെ ബോഡി ഗാര്‍ഡുകള്‍ ക്രിമിനലുകളും ഗുണ്ടകളുമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ആക്രമണം. ഇനിയും നോക്കി ഇരിക്കില്ല, പ്രതികരിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കീലേരി അച്ചുവായി മാറിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. ഗവര്‍ണറുടെ പ്രകോപനത്തില്‍ എസ്എഫ്ഐ വീഴില്ല. വിദ്യാര്‍ത്ഥികളുടെ അക്കാദമിക് സൗകര്യങ്ങള്‍ തടഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ യൂണിവേഴ്സിറ്റിയില്‍ താമസിക്കുന്നതെന്നും ആര്‍ഷോ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ കേന്ദ്ര ധനമന്ത്രിക്കു കത്തു നല്‍കാന്‍ യുഡിഎഫ് എംപിമാര്‍ തയ്യാറായത് നവകേരള സദസിന്റെ വിജയമാണെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. ഇതുവരെ കേരളത്തിന്റെ പൊതു ആവശ്യങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ തയ്യാറാകാത്തവരാണിവര്‍. രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.

തൃശൂര്‍ കോര്‍പ്പറേഷനില്‍ നടപ്പാക്കുന്ന 56 കോടി രൂപുടെ അമൃത് കുടിവെള്ള പദ്ധതിയിലെ അഴിമതി ആരോപണം കേന്ദ്ര സമിതി അന്വേഷിക്കും. ബിജെപി നല്‍കിയ പരാതിയിലാണ് അന്വേഷണം. പദ്ധതിയില്‍ ഇരുപതു കോടി രൂപയുടെ ക്രമക്കേടുണ്ടെന്നാണ് ആരോപണം.

മലപ്പുറം മഞ്ചേരിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. അപകടത്തില്‍ ഒരു കുടുംബത്തിലെ നാലു പേരാണു മരിച്ചത്. മരിച്ച ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ മജീദിന്റെ മകളുടെ നിക്കാഹ് ഇന്നു നടക്കാനിരുന്നതാണ്. മകളുടെ നിക്കാഹിന് പന്തലുയര്‍ന്ന വീട്ടിലേക്ക് മജീദിന്റെ മയ്യത്താണ് എത്തിയത്.

വണ്ടിപ്പെരിയാര്‍ കേസിലെ വീഴ്ചയ്ക്കെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ഡിജിപിയുടെ വീട്ടില്‍ കയറി പ്രതിഷേധിച്ചു. ഡിജിപി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഔദ്യോഗിക വസതിയിലുള്ളപ്പോഴാണ് പ്രതിഷേധക്കാര്‍ ഗേറ്റ് തള്ളിത്തുറന്ന് അകത്ത് കയറിയത്. സമരം നടത്തിയ അഞ്ചു വനിതകള്‍ അറസ്റ്റിലായി.

തൃശൂര്‍ കൈപ്പറമ്പില്‍ മദ്യലഹരിയില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്നു. എടക്കളത്തൂര്‍ സ്വദേശിനി ചന്ദ്രമതി എന്ന അറുപത്തെട്ടുകാരിയാണ് കൊല്ലപ്പെട്ടത്. മകന്‍ സന്തോഷിനെ പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.

കോഴിക്കോട് കോടഞ്ചേരിയില്‍ യുവാവിനെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ മുഖ്യ പ്രതിയുടെ ഭാര്യയും അറസ്റ്റിലായി. കുപ്പായക്കോട്ട് കൈപ്പുറം വേളങ്ങാട്ട് അഭിജിത്തിന്റെ (27) ഭാര്യ സരിതയെ (21)യാണ് പിടിയിലായത്. മുട്ടിത്തോട് ചാലപ്പുറത്ത് വീട്ടില്‍ നിധിന്‍ തങ്കച്ചനെ (25) മര്‍ദ്ദിച്ച് കൊന്നക്കേസിലാണ് അറസ്റ്റ്. നേരത്തെ മൂന്നു പേരെ അറസ്റ്റു ചെയ്തിരുന്നു

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഡീപ്ഫേക്ക് സാങ്കേതികവിദ്യയും ഉപയോഗിച്ച് വീഡിയോ കോളിലൂടെ തെറ്റിദ്ധരിപ്പിച്ച് കോഴിക്കോട് സ്വദേശിയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം തട്ടിയെടുത്ത കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശികളായ അമരീഷ് അശോക് പാട്ടീല്‍, സിദ്ധേഷ് ആനന്ദ് കാര്‍വെ എന്നിവരാണ് അറസ്റ്റിലായത്.

കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തു കര്‍ണാടകത്തിനും ഉപയോഗിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. പേര് ഉപയോഗിക്കാനുള്ള അവകാശം കേരളത്തിനുമാത്രം നല്‍കിയ ട്രേഡ് മാര്‍ക്ക് രജിസ്റ്ററി ഉത്തരവ് കോടതി റദ്ദാക്കി.

പാര്‍ലമെന്റ് അതിക്രമത്തിലൂടെ പ്രതികള്‍ അരാജകത്വം സൃഷ്ടിക്കാനാണു ശ്രമിച്ചതെന്ന് ഡല്‍ഹി പൊലീസ്. കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി പ്രതിഷേധം നടത്താന്‍ ശ്രമം നടന്നു. കേസില്‍ കസ്റ്റഡിയിലുള്ള മഹേഷിനും ഗൂഢാലോചനയില്‍ വ്യക്തമായ പങ്കുള്ളതായി പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പാര്‍ലമെന്റിലെ പുകയാക്രമണക്കേസില്‍ അറസ്റ്റിലായ ഹരിയാന സ്വദേശിനി നീലം ദേവിയെ മോചിപ്പിക്കണമെന്ന് ഖാപ് പഞ്ചായത്തും സംയുക്ത കിസാന്‍ മോര്‍ച്ചയും. പ്രമേയം പാസാക്കിയ ഇരു സംഘടനകളുടെയും പ്രവര്‍ത്തകര്‍ പലയിടത്തും പ്രകടനം നടത്തുകയും ചെയ്തു.

ജാതി സെന്‍സസിന്റെ പേരില്‍ കര്‍ണാടകത്തിലെ കോണ്‍ഗ്രസില്‍ കലഹം. ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ലിംഗായത്ത് സമുദായത്തിലെ എംഎല്‍എമാര്‍ സര്‍ക്കാരിന് സംയുക്തമായി നിവേദനം നല്‍കി.

നടപ്പുവര്‍ഷത്തെ (2023-24) സോവറീന്‍ ഗോള്‍ഡ് ബോണ്ട് മൂന്നാം സീരീസിന്റെ വില റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. ഗ്രാമിന് 6,199 രൂപയാണ് വില. ഓണ്‍ലൈനിലൂടെ അപേക്ഷിക്കുന്നവര്‍ക്കും പണമടയ്ക്കുന്നവര്‍ക്കും ഗ്രാമിന് 50 രൂപ ഡിസ്‌കൗണ്ടുണ്ട്. ഇവര്‍ ഗ്രാമിന് 6,149 രൂപ നല്‍കിയാല്‍ മതി. ഡിസംബര്‍ 18 മുതല്‍ 22 വരെ സോവറീന്‍ ഗോള്‍ഡ് ബോണ്ടിനായി അപേക്ഷിക്കാം. 28ന് ബോണ്ടുകള്‍ നിക്ഷേപകന് വിതരണം ചെയ്യും. ഇന്ത്യന്‍ പൗരന്മാര്‍, ഹിന്ദു അവിഭക്ത കുടുംബങ്ങള്‍, ട്രസ്റ്റുകള്‍, സര്‍വകലാശാലകള്‍, ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷനുകള്‍ എന്നിവരാണ് സ്വര്‍ണ ബോണ്ട് വാങ്ങാന്‍ യോഗ്യര്‍. വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും പരമാവധി 4 കിലോഗ്രാം വരെ വാങ്ങാം. ട്രസ്റ്റുകള്‍ ഉള്‍പ്പെടെ മറ്റുള്ളവര്‍ക്ക് പരമാവധി 20 കിലോ വരെയും വാങ്ങാം. സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍, പേമെന്റ് ബാങ്കുകള്‍, ഗ്രാമീണ്‍ ബാങ്ക് എന്നിവ ഒഴികെയുള്ള ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കുകള്‍, സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍, ക്ലിയറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഓഫീസുകള്‍, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവിടങ്ങളില്‍ നിന്ന് സോവറീന്‍ സ്വര്‍ണ ബോണ്ട് വാങ്ങാം. സ്വര്‍ണ ബോണ്ട് വാങ്ങുന്നവര്‍ വോട്ടേഴ്സ് ഐ.ഡി., അധാര്‍ കാര്‍ഡ്, പാന്‍/ടാന്‍, പാസ്പോര്‍ട്ട് തുടങ്ങിയ ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം. എട്ടുവര്‍ഷമാണ് സ്വര്‍ണ ബോണ്ട് നിക്ഷേപത്തിന്റെ കാലാവധി. 5 വര്‍ഷങ്ങള്‍ക്ക് ശേഷം നിബന്ധനകളോടെ നിക്ഷേപം പിന്‍വലിക്കാം. 2.50 ശതമാനമാണ് വാര്‍ഷിക പലിശനിരക്ക്. ഇത് ആറ് മാസത്തിലൊരിക്കല്‍ നിക്ഷേപകന്റെ അക്കൗണ്ടിലേക്ക് വരവുവയ്ക്കും. നിക്ഷേപ കാലാവധി പൂര്‍ത്തിയാകുമ്പോഴുള്ള സ്വര്‍ണത്തിന്റെ വിപണി വിലയനുസരിച്ച് നിക്ഷേപവും പലിശയും തിരികെ ലഭിക്കും. സൊവറീന്‍ ഗോള്‍ഡ് ബോണ്ട് ഈടുവച്ച് സ്വര്‍ണ വായ്പയും നേടാം.

2023 അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ഈ വര്‍ഷം ആഗോളതലത്തില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ കാര്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ഗൂഗിള്‍. അമേരിക്കന്‍ ഫുട്ബാള്‍ ലീഗ് താരം ഡാമര്‍ ഹാംലിനാണ് പട്ടികയില്‍ ഒന്നാമത്. കഴിഞ്ഞ ജനുവരിയില്‍ 25കാരനായ ഹാംലിന് ഒരു മത്സരത്തിനിടെ ഹൃദയാഘാതം സംഭവിച്ചിരുന്നു. അതുമായി ബന്ധപ്പെട്ടാണ് ഗൂഗിളില്‍ അദ്ദേഹത്തെ കുറിച്ച് ആളുകള്‍ തിരഞ്ഞത്. രണ്ടാമത്തെ വ്യക്തി ഹോളിവുഡ് നടന്‍ ജെറമി റെന്നറാണ്. മൂന്നാമതായി തിരഞ്ഞത് പ്രമുഖ അമേരിക്കന്‍ കിക്ക് ബോക്സര്‍ ആന്‍ഡ്ര്യൂ ടൈറ്റിനെയാണ്. ഫ്രഞ്ച് ഫുട്ബാള്‍ താരം കിലിയന്‍ എംബാപ്പെയാണ് നാലാമത്. മറ്റൊരു എന്‍.എഫ്.എല്‍ താരമായ ട്രാവിസ് കെല്‍സിയാണ് അഞ്ചാമത്. വെനസ്ഡേ എന്ന സൂപ്പര്‍ഹിറ്റ് സീരീസിലൂടെ പ്രശ്സതയായ ജെന്ന ഒര്‍ടേഗയാണ് ആറാമത്. കനേഡിയന്‍ ഇന്റര്‍നെറ്റ് സെന്‍സേഷനായ ലില്‍ ടായ് ആണ് ഏഴാമത്. ഹോളിവുഡ് താരമായ ഡാനി മാസ്റ്റേഴ്സണ്‍ ആണ് എട്ടാമത്. ഇംഗ്ലീഷ് ഫുട്ബാള്‍ താരം ഡേവിഡ് ബെക്കാം ഒമ്പതാം സ്ഥാനത്തും ചിലിയന്‍ അമേരിക്കന്‍ നടനായ പെഡ്രോ പാസ്‌കല്‍ പത്താം സ്ഥാനത്തുമാണ്. ഏറ്റവും കൂടുതല്‍ തിരയപ്പെട്ട വാര്‍ത്തകളില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍ – 3 ഒമ്പതാം സ്ഥാനത്തായുണ്ട്. ഇസ്രയേല്‍ – ഹമാസ് യുദ്ധമാണ് ഒന്നാമത്. സിനിമകളുടെ ലിസ്റ്റില്‍ അറ്റ്ലി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ജവാന്‍ മൂന്നാമതാണ്. പത്താന്‍ പത്താമതാണ്. ഗദര്‍-2 ആണ് എട്ടാമത്. ബാര്‍ബി, ഓപന്‍ഹൈമര്‍ എന്നീ സിനിമകളാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. അത്ലറ്റുകളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്‍ ഒമ്പതാം സ്ഥാനത്തായുണ്ട്. അതുപോലെ അഭിനേതാക്കളുടെ ലിസ്റ്റില്‍ ബോളിവുഡ് താരം കിയറാ അദ്വാനി ഒമ്പതാമതാണ്.

കര്‍ക്കശക്കാരിയായ ബോസായി മീരയും പ്രണയിക്കാനായി നരേനും. പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപെട്ട മീരാ ജാസ്മിന്‍, നരേന്‍ കൂട്ടുകെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരുമിച്ചെത്തുന്ന ‘ക്വീന്‍ എലിസബത്ത്’ ട്രെയിലര്‍ പ്രേക്ഷകരെ രസിപ്പിക്കുന്നു. മലയാളത്തില്‍ മികവുറ്റ സിനിമകള്‍ സമ്മാനിച്ച സംവിധായകന്‍ എം.പത്മകുമാര്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ക്വീന്‍ എലിസബത്ത്’. വെള്ളം, അപ്പന്‍, പടച്ചോനെ നിങ്ങള് കാത്തോളീ എന്നീ ഹിറ്റുകള്‍ സമ്മാനിച്ച ബ്ലൂ മൗണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം.പത്മകുമാര്‍, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്. അര്‍ജുന്‍ ടി. സത്യന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. എം.പത്മകുമാറിന്റെ കരിയറിലെ ചിത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായി ഒരുക്കുന്ന ചിത്രം സമൂഹത്തില്‍ ഏറെ പ്രാധാന്യമുള്ള വിഷയം അവതരിപ്പിക്കുന്ന ഫാമിലി ഡ്രാമയാണ്. ചിത്രത്തില്‍ ശ്വേതാ മേനോന്‍, രമേശ് പിഷാരടി, വി.കെ.പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി, മല്ലികാ സുകുമാരന്‍, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോല്‍, ചിത്രാ നായര്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അഖില്‍ സത്യനും നിവിന്‍ പോളിയും ഒന്നിക്കുന്നു. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം രണ്ടാമത്തെ ചിത്രവുമായി അഖില്‍ സത്യന്‍ എത്തുകയാണ്. ഫാന്റസി ആണ് ഈ സിനിമയുടെ ജോണര്‍. 2024ലെ നിവിന്‍ പോളിയുടെ ഏറ്റവും പ്രധാന പ്രോജക്ട് കൂടിയാണിത്. ഗ്രാമീണ അന്തരീക്ഷത്തിലാണ് കഥ അവതരിപ്പിക്കുന്നത്. കഥയും തിരക്കഥയും അഖില്‍ സത്യനാണ്. താരനിര്‍ണയം നടന്നുവരുന്ന ചിത്രത്തിലെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. നിവിന്‍പോളി നിലവിലുള്ള പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കിയതിനുശേഷം ആകും ചിത്രത്തില്‍ ജോയിന്‍ ചെയ്യുന്നത്. ഫഹദ് ഫാസിലിനെ നായകനാക്കി ഈ വര്‍ഷം പുറത്തിറങ്ങിയ ‘പാച്ചുവും അത്ഭുതവിളക്കും’ ബോക്സ്ഓഫിസില്‍ മികച്ച വിജയം നേടിയിരുന്നു. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലെ പിന്നണി പ്രവര്‍ത്തകര്‍ തന്നെയാകും പുതിയ ചിത്രത്തിലേയും അണിയറ പ്രവര്‍ത്തകര്‍. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ ഇരട്ട മക്കളില്‍ ഒരാളായ അനൂപ് സത്യനും ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്ത് എത്തിയിരുന്നു.

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ യമഹ മോട്ടോര്‍ ഇന്ത്യ എംടി03 സ്ട്രീറ്റ്‌ഫൈറ്റര്‍, ആര്‍3 സൂപ്പര്‍സ്‌പോര്‍ട്ട് ബൈക്കുകള്‍ അവതരിപ്പിച്ചു. യഥാക്രമം 4,59,000 രൂപ 4,64,900 രൂപ വിലയിലാണ് ഇവയുടെ അവതരണം. ഈ വിലകളെല്ലാം ദില്ലി എക്സ്-ഷോറൂം വില ആണ്. രണ്ട് മോഡലുകളും തായ്‌ലന്‍ഡില്‍ നിന്ന് സിബിയു (പൂര്‍ണ്ണമായി നിര്‍മ്മിച്ച യൂണിറ്റ്) വഴി ഇറക്കുമതി ചെയ്യും. ആവശ്യക്കാര്‍ കൂടിയാല്‍ അവ സികെഡി യൂണിറ്റുകളായി കൊണ്ടുവരുന്നതും കമ്പനി പരിഗണിച്ചേക്കാം. അത്തരമൊരു സാഹചര്യത്തില്‍, അവയുടെ വില ഗണ്യമായി കുറയും. മോട്ടോര്‍സൈക്കിളുകള്‍ രാജ്യവ്യാപകമായി യമഹയുടെ 200 ബ്ലൂ സ്‌ക്വയര്‍ പ്രീമിയം ഡീലര്‍ഷിപ്പുകള്‍ മുഖേന മാത്രം ലഭ്യമാകും. യമഹ എംടി03 മിഡ്‌നൈറ്റ് സിയാന്‍, മിഡ്‌നൈറ്റ് ബ്ലാക്ക് കളര്‍ സ്‌കീമുകളില്‍ ലഭ്യമാണ്, അതേസമയം യമഹ ആര്‍3 യമഹ ബ്ലാക്ക്, ഐക്കണ്‍ ബ്ലൂ ഷേഡുകളില്‍ ലഭ്യമാണ്. യമഹ എംടി03, ആര്‍3 എന്നിവയ്ക്ക് കരുത്തേകുന്നത് 42പിഎസിന്റെ പീക്ക് പവറും 29എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 321സിസി, ലിക്വിഡ്-കൂള്‍ഡ് പാരലല്‍-ട്വിന്‍ എഞ്ചിനാണ്. സ്ലിപ്പും അസിസ്റ്റ് ക്ലച്ചും ഉള്ള 6-സ്പീഡ് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നു.

ജീവിതത്തില്‍ കെട്ടുകഥയെ വെല്ലുന്ന സങ്കീര്‍ണ്ണമായ പല കഥാസന്ദര്‍ഭങ്ങളിലൂടെയും കടന്നുപോയിട്ടുള്ള എം.എസ്. ബാബുരാജിന്റെ ഈ ജീവിതാഖ്യാനത്തില്‍ ജീവിച്ചിരിക്കുന്നവരും മരിച്ചവരും ചരിത്രവും ഭാവനയും സത്യവും മിഥ്യയുമെല്ലാം കടന്നുവരുന്നുണ്ട്. അതുകൊണ്ടുതന്നെ ജീവചരിത്രനോവലുകളില്‍ ഈ രചന ഏറെ സവിശേഷതകളോടെ വേറിട്ടുനില്‍ക്കുന്നു. മലയാളത്തിന്റെ പ്രിയ സംഗീതസംവിധായകന്‍ എം.എസ്. ബാബുരാജിന്റെ ജീവിതം അടിസ്ഥാനമാക്കി രചിച്ച നോവല്‍. ‘ഹാര്‍മോണിയം’. എന്‍.പി ഹാഫിസ് മുഹമ്മദ്. മാതൃഭൂമി. വില 340 രൂപ.

ശരീര ഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഉത്പന്നങ്ങളായാണ് ഡയറ്റ് സോഡകള്‍ വിപണിയില്‍ എത്തുന്നത്. എന്നാല്‍ ഡയറ്റ് സോഡകളുടെ അമിത ഉപയോഗം കരള്‍ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഇത്തരം ഉത്പന്നങ്ങളുടെ അമിത ഉപയോഗം ബോഡി മാസ് ഇന്‍ഡക്‌സ് വര്‍ദ്ധിപ്പിക്കുകയും മെറ്റബോളിക് ഡിസ്ഫംഗ്ഷന്‍-അസോസിയേറ്റഡ് സ്റ്റീറ്റോട്ടിക് ലിവര്‍ ഡിസീസ് (എംഎഎസ്എല്‍ഡി) ഉണ്ടാകാന്‍ കാരണമാകുമെന്നാണ് കണ്ടെത്തല്‍. ബിഎംസി പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പുതിയ പഠന റിപ്പോര്‍ട്ടാണ് ഇത് വ്യക്തമാക്കുന്നത്. ഡയറ്റ് സോഡകള്‍ കുടിക്കുന്നത് ഉയര്‍ന്ന ബിഎംഐ, രക്തസമ്മര്‍ദ്ദം എന്നിവയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് മുന്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഡയറ്റ് സോഡകള്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും കരള്‍ രോഗത്തിനും ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ധരും പറയുന്നു. ഡയറ്റ് സോഡകളില്‍ കാണപ്പെടുന്ന കൃത്രിമ മധുരം അമിതമായി ഉള്ളില്‍ ചെല്ലുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. എംഎഎസ്എല്‍ഡി ഏറ്റവും സാധാരണമായ കരള്‍ രോഗങ്ങളില്‍ ഒന്നാണ്. ലോക ജനസംഖ്യയുടെ 46 ശതമാനത്തിലും രോഗം ബാധിക്കുന്നതായാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എംഎഎസ്എല്‍ഡിയെ നേരത്തെ നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (എന്‍എഎഫ്എല്‍ഡി) എന്നാണ് വിളിച്ചിരുന്നത്. 2023 ജൂണിലാണ് രോഗത്തിന്റെ പേര് മാറ്റിയത്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.04, പൗണ്ട് – 105.37, യൂറോ – 90.59, സ്വിസ് ഫ്രാങ്ക് – 95.56, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.62, ബഹറിന്‍ ദിനാര്‍ – 220.28, കുവൈത്ത് ദിനാര്‍ -269.95, ഒമാനി റിയാല്‍ – 215.72, സൗദി റിയാല്‍ – 22.14, യു.എ.ഇ ദിര്‍ഹം – 22.61, ഖത്തര്‍ റിയാല്‍ – 22.81, കനേഡിയന്‍ ഡോളര്‍ – 61.98.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *