web cover 103

സംസ്ഥാനത്തെ ആംബുലന്‍സുകള്‍ വെള്ള നിറമാക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. മൃതദേഹങ്ങള്‍ കൊണ്ടുപോകുന്ന ആംബുലന്‍സുകളില്‍ സൈറണ്‍ അനുവദിക്കില്ല. മൃതദേഹ വാഹനത്തിനു മുന്നിലും പിറകിലും വശങ്ങളിലും ‘Hearse’ എന്ന് പെയിന്റുകൊണ്ട് എഴുതണം. വാഹനത്തിനു ചുറ്റിലും മധ്യഭാഗത്ത് 15 സെന്റീമീറ്റര്‍ വീതിയില്‍ നേവിബ്ലൂ നിറത്തില്‍ വരയിടണം. അടുത്ത ജനുവരി മുതല്‍ ഇതു പ്രാബല്യത്തിലാക്കണം. വാഹനത്തിന്റെ ബമ്പറുകളില്‍ തിളങ്ങുന്ന വെള്ള (ബ്രില്യന്റ് വൈറ്റ്) നിറം വേണം. വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് സംവിധാനവും സ്ഥാപിക്കണം.

വിലക്കയറ്റം അടക്കമുള്ള വിഷയങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ യുഡിഎഫിന്റെ പ്രതിഷേധ പരിപാടികള്‍ നവംബര്‍ ഒന്നിന് ആരംഭിക്കും. പിണറായി ഭരണത്തിനെതിരെയുള്ള പൗര വിചാരണയാണു കേരളപ്പിറിവി ദിനത്തില്‍ ആരംഭിക്കുക. ഡിസംബര്‍ രണ്ടാം വാരം വരെ നീളുന്ന പ്രതിഷേധ പരിപാടികളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

യുജിസി ചട്ടം പാലിക്കാതെ നിയമിതരായ വൈസ് ചാന്‍സലര്‍മാര്‍ സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ രാജിവച്ചു പോകണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിസാര തര്‍ക്കങ്ങള്‍ക്കായി സമയം കളയാനില്ല. ഭരണഘടന നടപ്പിലാക്കുകയാണ് താന്‍ ചെയ്യുന്നതെന്നും ഗവര്‍ണര്‍.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

തുലാവര്‍ഷമെത്തി. കൊച്ചിയില്‍ കനത്ത മഴ. പല പ്രദേശങ്ങളിലും വെള്ളക്കെട്ട്. സംസ്ഥാനത്ത് നവംബര്‍ മൂന്നു വരെ വ്യാപക മഴയ്ക്കു സാധ്യത. ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യത.

കേരള സര്‍വകലാശാല മാര്‍ക്സിയന്‍ പഠന കേന്ദ്രം നടത്തുന്ന വ്യാജ ചരിത്ര നിര്‍മിതിയെ ചെറുക്കണമെന്ന് കെ പി സി സി രാഷ്ട്രീയ പഠന കേന്ദ്രം ഡയറക്ടര്‍ ചെറിയാന്‍ ഫിലിപ്പ്. പത്തു കോടി രൂപ ചെലവിട്ട് നടപ്പാക്കുന്ന കേരളത്തിലെ ഒരു നൂറ്റാണ്ടുകാലത്തെ മാര്‍ക്സിയന്‍ വിജ്ഞാനകോശ പദ്ധതിക്കെതിരേയാണ് വിമര്‍ശനം. ശ്രീ നാരായണ ഗുരുവിന്റെയും അയ്യന്‍കാളിയുടെയും ചട്ടമ്പിസ്വാമികളുടെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ രൂപമെടുത്ത കേരള നവോത്ഥാനത്തെ ഹൈജാക്ക് ചെയ്യാനാണ് സി പി എം ശ്രമിക്കുന്നത്. അദ്ദേഹം കുറ്റപ്പെടുത്തി.

പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകള്‍ സാധാരണക്കാര്‍ ബുക്ക് ചെയ്ത് ഉപയോഗിച്ചതിലൂടെ ഒരു വര്‍ഷത്തിനകം നാലു കോടി രൂപ സര്‍ക്കാരിനു ലഭിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കഴിഞ്ഞ വര്‍ഷം നവംമ്പര്‍ ഒന്നു മുതലാണ് പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചത്.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

വൈപ്പിനിലെ സിഐടിയു നേതാവ് അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സ്ഥാപന ഉടമ ഉമ സുധീറിനെ ഭീഷണിപ്പെടുത്തിയെന്നു ജില്ലാ വ്യവസായ കേന്ദ്രം വ്യവസായ വകുപ്പിനു റിപ്പോര്‍ട്ട് നല്‍കി. സ്ഥാപന ഉടമയുടെ ഭര്‍ത്താവിനെ സിഐടിയു തൊഴിലാളികള്‍ കയ്യേറ്റം ചെയ്തെന്നും റിപ്പോര്‍ട്ടിലുണ്ട്.

കോവളത്ത് ഹോട്ടല്‍ ജീവനക്കാരിയായ സിക്കിം സ്വദേശിനി വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. സിക്കിം യാംഗ്ടോക്ക് സ്വദേശിനി വേദന്‍ഷി കുമാരി(24) യാണ് വീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ചത്. രണ്ട് സിക്കിം സ്വദേശിനികളും മൂന്നു മലയാളികളുമാണ് വാടക വീടിന്റെ മുകളിലത്തെ നിലയില്‍ താമസിച്ചിരുന്നത്.

ഫോണിലേക്ക് അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ അയച്ചയാള്‍ക്കെതിരേ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ ദേഹപരിശോധന നടത്തണമെന്നു ഭീഷണിപ്പെടുത്തിയ നടക്കാവ് പോലീസിനെതിരേ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍. ഒമ്പതു മാസമായി പോലീസ് കസ്റ്റഡിയില്‍ വച്ചിരിക്കുന്ന പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ തിരിച്ചുകൊടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും കമ്മീഷണര്‍.

പാറശാലയിലെ ഷാരോണ്‍ രാജിന്റെ ദുരൂഹ മരണത്തില്‍ വനിതാ സുഹൃത്ത്, സുഹൃത്തിന്റെ മാതാപിതാക്കള്‍ എന്നിവരുടെ മൊഴി ജില്ലാ ക്രൈംബ്രാഞ്ച് ശേഖരിച്ചു. വനിതാ സുഹൃത്തിന്റെ വീട്ടിലേക്കു ഷാരോണിനൊപ്പം പോയ സുഹൃത്തിന്റെയും മൊഴി രേഖപ്പെടുത്തും.

കണ്ണൂരിലെ മമ്പറം മൈലുള്ളിമെട്ടയില്‍ എംഡിഎംഎയുമായി യുവാവിനെ എക്സൈസ് പിടികൂടി. പാതിരിയാട് സ്വദേശി പി.പി. ഇസ്മയിലിനെയാണ് പിടികൂടിയത്. 14 ലക്ഷം രൂപ വിലവരുന്ന 156.74 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.

കോതമംഗലത്ത് നെല്ലിക്കുഴിയിലെ സ്‌കൂളിന്റെ സെക്യൂരിറ്റി ഓഫീസില്‍ കഞ്ചാവു വേട്ട. സുരക്ഷാ ജീവനക്കാരന്‍ ഓടി രക്ഷപ്പെട്ടു. ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങാനെത്തിയ അഞ്ചു പേര്‍ പിടിയിലായി. വടാട്ടുപാറ സ്വദേശി ഷെഫീഖ്, അശാന്ത്, ആഷിക്ക്, മുനീര്‍, കുന്നുകുഴി സ്വദേശി ഹരികൃഷ്ണന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

ശില്‍പി കാനായി കുഞ്ഞിരാമന്റെ സാഗര കന്യകയ്ക്ക് ഗിന്നസ് റെക്കോര്‍ഡ്. ശംഖുമുഖത്ത് അസ്തമയ സൂര്യനെ നോക്കി കിടക്കുന്ന സാഗര കന്യക ശില്‍പത്തിനാണു ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശില്‍പമെന്ന റെക്കോര്‍ഡ് ലഭിച്ചത്.

കണ്ണൂര്‍ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ കഞ്ചാവു കേസ് പ്രതിയുടെ ആക്രമണം. കക്കാട് സ്വദേശി കെ യാസര്‍ അറാഫത്തിനെ വൈദ്യ പരിശോധനക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു അതിക്രമം. യാസര്‍ തലകൊണ്ട് ഇടിച്ചു മുറിയിലെ ചില്ലു തകര്‍ത്തു.

താമരശേരിയിലെ വ്യാപാരിയായ അഷ്‌റഫിനെ തട്ടികൊണ്ടുപോയ സംഭവത്തിലെ പ്രധാന പ്രതി അലി ഉബൈറാന്‍ നേരത്തെ മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടു പോകാനും ശ്രമിച്ചെന്നു കണ്ടെത്തല്‍. കോഴിക്കോട് കടിയങ്ങാട് ഒരു മാസം മുമ്പായിരുന്നു തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. വിദേശത്തുള്ള സ്വര്‍ണ ഇടപാടു സംബന്ധിച്ച തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകാന്‍ കാരണം.

ഇടുക്കി ഉപ്പുതറയില്‍ തകര്‍ന്ന റോഡുകള്‍ നന്നാക്കണമെന്ന് ആവശ്യപ്പെട്ട് കൈക്കുഞ്ഞുങ്ങളുമായി അമ്മമാരുടെ സമരം. ഉപ്പുതറ ഒന്‍പതേക്കര്‍ റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്ത്രീകള്‍ കുടുംബസമേതം റോഡ് ഉപരോധിച്ചത്.

ഐഎസ്ആര്‍ഒ ദൗത്യത്തിലൂടെ ബഹിരാകാശ മേഖലയില്‍ ഇന്ത്യ കൂടുതല്‍ കരുത്തരായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വകാര്യ മേഖലക്കുകൂടി പ്രാതിനിധ്യം നല്‍കിയത് വിപ്ലവകരമായ മാറ്റമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബഹിരാകാശ മേഖലയില്‍ നിരവധി തൊഴിലവസരങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സാമ്പത്തിക പാദത്തില്‍ 272.35 കോടി രൂപയുടെ നഷ്ടം. കുറഞ്ഞ വിലയ്ക്ക് പെട്രോളും ഡീസലും പാചകവാതകവും വിറ്റവകയിലാണ് നഷ്ടം.

രാഹുല്‍ ഗാന്ധിയുമായി കൈകോര്‍ത്തു പിടിച്ചു നടന്ന ചിത്രത്തിനു മോശം കമന്റിട്ട ബിജെപി നേതാവ് പ്രീതി ഗാന്ധിക്കു മറുപടിയുമായി നടി പൂനം കൗര്‍. തെലങ്കാനയില്‍ ജോഡോ യാത്രക്കിടെ രാഹുലിനൊപ്പം നടക്കുന്നതിനിടെ തെന്നി വീഴാന്‍ പോയപ്പോഴാണ് രാഹുല്‍ തന്റെ കൈയില്‍ പിടിച്ചതെന്ന് പൂനം കൗര്‍ ട്വിറ്ററില്‍ കുറിച്ചു.

ആശുപത്രിയിലേക്കു പോകുന്നതിനിടെ രാത്രി ആംബുലന്‍സിലെ ഇന്ധനം തീര്‍ന്നതോടെ യുവതി വഴിയരികില്‍ പ്രസവിച്ചു. മധ്യപ്രദേശിലെ പന്ന ജില്ലയിലാണ് സംഭവം.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനു പരാജയം. ലീഡ്‌സിനോട് ഒന്നിനെതിരെ രണ്ട് ഗോളിനാണ് തോറ്റത്. ലീഡ്‌സ് 89 ാം മിനിറ്റിലാണു വിജയഗോള്‍ നേടിയത്. ലീഗില്‍ ഒമ്പതാം സ്ഥാനത്താണ് ലിവര്‍പൂള്‍.

ടി 20 ലോകകപ്പില്‍ സിംബാബ്വെയ്‌ക്കെതിരെ ബംഗ്ലാദേശിനു മൂന്നു റണ്‍സിന്റെ ജയം. 151 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്വെയ്ക്കു 147 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മൂന്നു വിക്കറ്റു നേടിയ ടസ്‌കിന്‍ അഹമ്മദ് ബംഗ്ലാദേശിനെ വിജയത്തിലേക്കു നയിച്ചു.

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ആദ്യമത്സരങ്ങളില്‍ പാകിസ്താനെയും ഹോളണ്ടിനെയും തോല്‍പ്പിച്ചാണ് ഇന്ത്യയുടെ വരവ്. വൈകീട്ട് ഇന്ത്യന്‍ സമയം 4.30 നാണ് മത്സരം ആരംഭിക്കുക.

ലഹരിക്ക് അടിമയായിരുന്നുവെന്ന് വെളിപ്പെടുത്തി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ വസീം അക്രം. സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം താന്‍ ലഹരിക്ക് അടിമയായിരുന്നുവെന്ന് വെളിപ്പെടുത്തിയ അക്രം ഭാര്യയുടെ മരണത്തോടെ ലഹരി പൂര്‍ണമായും ഉപേക്ഷിച്ചുവെന്നും പറയുന്നു.

രാജ്യത്തെ തന്നെ മുന്‍നിര ഇകൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാര്‍ട്ടിന് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ (2021-22) 31 ശതമാനം വരുമാന വളര്‍ച്ച. 10,659 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷത്തിലെ വരുമാനം. പക്ഷേ വരുമാനം കൂടിയിട്ടും ഗതാഗതം, വിപണനം, നിയമപരമായ ചെലവുകള്‍ എന്നിവ കാരണം കമ്പനിയ്ക്ക് വലിയ നഷ്ടങ്ങളാണ് ഉണ്ടായത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം കമ്പനിയുടെ അറ്റ നഷ്ടം 51 ശതമാനമാണ്. അതായത് 4,362 കോടി രൂപ.ബിസിനസ് ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമായ ടോഫ്‌ലര്‍ ആക്‌സസിന്റെ ഡാറ്റ പ്രകാരം 10,477 കോടി രൂപയാണ് ഫ്ലിപ്കാര്‍ട്ടിന്റെ പ്രവര്‍ത്തന വരുമാനം. ഫ്ലിപ്കാര്‍ട്ടിന്റെ തന്നെ ഉടമസ്ഥതയിലുള്ള മിന്ത്രയുടെ പ്രവര്‍ത്തന വരുമാനം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 45 ശതമാനമായി ഉയര്‍ന്നു. അതായത് 3501.2 കോടി രൂപയായി മാറി.

സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വിവാഹ ആവാഹന’ത്തിന്റെ രണ്ടാം ടീസര്‍ പുറത്തുവിട്ടു. നിരഞ്ജ് മണിയന്‍പിള്ള രാജു നായകനായി എത്തുന്ന ചിത്രം മനോഹരമായൊരു ഫാമിലി എന്റര്‍ടെയ്നര്‍ ആയിരിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും. പുതുമുഖ താരം നിതാര നാരയികയാകുന്ന ചിത്രത്തില്‍ പ്രശാന്ത് അലക്സാണ്ടര്‍, സുധി കോപ്പാ, സാബുമോന്‍, സന്തോഷ് കീഴാറ്റൂര്‍, രാജീവ് പിള്ള, ബാലാജി ശര്‍മ, ഷിന്‍സ് ഷാന്‍, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരും അഭിനയിക്കുന്നു. ‘ഒരു മുറൈ വന്ത് പാര്‍ത്തായ’ എന്ന ചിത്രത്തിനുശേഷം സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംവിധായകനോടൊപ്പം സംഗീത് സേനനും ചേര്‍ന്ന് സംഭാഷണങ്ങള്‍ ഒരുക്കിയ ചിത്രത്തിന്റെ കഥ, തിരക്കഥ ഒരുക്കിയത് നിതാര ആണ്.

അമല്‍ നീരദ് ഒരുക്കിയ ‘ബിഗ് ബി’ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ‘ബിലാല്‍’. ‘ബിലാല്‍ ജോണ്‍ കുരിശിങ്കല്‍’ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ മികച്ചൊരു കഥാപാത്രവുമായി മാറി. 2023ഓടെ ബിലാലിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രൈഡെ മാറ്റിനിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. സിനിമയുടെ ഭൂരിഭാഗം ഭാഗങ്ങളും വിദേശത്തായിരിക്കും ചിത്രീകരിക്കുകയെന്നും ഇവര്‍ ട്വീറ്റ് ചെയ്യുന്നു. ‘ബിഗ് ബി’ 2007ലാണ് റിലീസ് ചെയ്തത്. മനോജ് കെ ജയന്‍, ബാല, മംമ്ത മോഹന്‍ദാസ് തുടങ്ങി വന്‍ താരനിരയാണ് സിനിമയില്‍ അണിനിരന്നത്.

ലോകത്തെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍- സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ് അവരുടെ ആഗോള വിപുലീകരണ പ്രവര്‍ത്തികളുടെ ഭാഗമായി ഫിലപ്പൈന്‍സില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. മുന്‍നിര ഓട്ടോമോട്ടീവ് ഗ്രൂപ്പായ ടെറാഫേമ മോട്ടോഴ്സ് കോര്‍പ്പറേഷനു(ടിഎംസി)മായി ചേര്‍ന്നാണ് ആഗോളതലത്തില്‍ ഇന്ത്യന്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നത്. ഫിലപ്പൈന്‍സിലെ ലഗൂണയില്‍ സ്ഥിതി ചെയ്യുന്ന, നിലവിലെ അത്യാധുനിക പ്രിന്‍സിപ്പല്‍ മാനുഫാക്ചറിങ് ഫെസിലിറ്റിയില്‍, പുതുതായി 29000 ചതുരശ്രമീറ്ററിന്റെ അസംബ്ലി സൗകര്യം കൂടി സ്ഥാപിക്കും. 2024 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയോടെ, പ്രവര്‍ത്തനം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

സമ്പത്തോ പദവിയോ സ്ഥാനമാനങ്ങളോ അല്ല സ്വാതന്ത്ര്യത്തിന്റെ മഹാകാശങ്ങളാണ് മനുഷ്യസത്തയുടെ അടിസ്ഥാന മൂല്യമെന്ന് ഉദ്ഘോഷിക്കുന്ന എന്‍ ശശിധരന്റെ അപൂര്‍വ്വ സുന്ദരമായ ലേഖന സമാഹാരം. ‘വാക്കില്‍ ചരിത്രം’. എന്‍ ശശിധരന്‍. ജിവി ബുക്സ്. വില 212 രൂപ.

കടുത്ത സമ്മര്‍ദ്ദത്തില്‍ ദീര്‍ഘ സമയമുള്ള ജോലി വിഷാദരോഗം പിടിപെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. ആഴ്ചയില്‍ തൊണ്ണൂറോ അതിലധികമോ മണിക്കൂര്‍ ജോലി ചെയ്യുന്നവര്‍ക്ക് 40 മുതല്‍ 45 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ വിഷാദത്തിലേക്ക് വഴുതിപ്പോകാനുള്ള സാധ്യത മൂന്നിരട്ടിയാണ്. കൂടുതല്‍ സമയം ജോലിചെയ്യുന്നവരുടെ രോഗലക്ഷണങ്ങളും തീവ്രമായിരിക്കും. തെറാപ്പി ആവശ്യമായ കഠിനമായ വിഷാദലക്ഷണങ്ങളാണ് ഇവരില്‍ കണ്ടുവരുന്നതെന്നും പഠനത്തില്‍ പറയുന്നു. മിഷി?ഗണ്‍ ന്യൂറോസയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടും ഐസന്‍ബെര്‍ഗ് ഫാമിലി ഡിപ്രഷന്‍ സെന്ററിന്റെ ഇന്റേണ്‍ ഹെല്‍ത്ത് സ്റ്റഡിയും സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 17,000 മെഡിക്കല്‍ ഗ്രാജുവേറ്റുകളെ നിരീക്ഷിച്ചാണ് ഗവേഷണം നടത്തിയത്. 40 മുതല്‍ 45 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നവരുടെ വിഷാദ ലക്ഷണങ്ങള്‍ 1.8 പോയിന്റും, 90 മണിക്കൂറിനു മുകളിലുള്ളവരുടേത് 5.2 പോയിന്റുമാണെന്ന് പഠനത്തില്‍ കണ്ടെത്തി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *