◾വികാര നിര്‍ഭരമായ അന്ത്യാഞ്ജലി. അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനു അന്ത്യാഭിവാദനമായി പ്രവര്‍ത്തകരുടെ മുദ്രാവാക്യങ്ങള്‍ ഇന്നലെ മുഴുവന്‍ മുഴങ്ങിക്കൊണ്ടേയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് കോടിയേരിയുടെ മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിച്ചു. മുഖ്യമന്ത്രി പുഷ്പചക്രം അര്‍പ്പിച്ചു. അന്ത്യാഞ്ജലിയേകാന്‍ ജനപ്രവാഹമായിരുന്നു. ഇന്നു രാവിലെ പത്തരവരെ വീട്ടിലും 11 മുതല്‍ സിപിഎം ഓഫീസിലും പൊതുദര്‍ശനം. മൂന്നു മണിക്ക് പയ്യാമ്പലത്ത് പൂര്‍ണ ബഹുമതികളോടെ സംസ്‌കരിക്കും. തലശേരി, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ഇന്നു ഹര്‍ത്താലാണ്.
◾സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ പത്നി വിനോദിനി വിങ്ങിപ്പൊട്ടി മൃതദേഹ പേടകത്തിലേക്ക് കുഴഞ്ഞുവീണു. തലശേരി ടൗണ്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഷ്ടി ചുരുട്ടി അഭിവാദ്യം അര്‍പ്പിച്ചപ്പോഴാണ് വിനോദിനി തളര്‍ന്നു വീണത്. വിനോദിനിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ ആശ്വസിപ്പിച്ചിരുന്നു. കുഴഞ്ഞുവീണ വിനോദിനിയെ പിണറായി വിജയന്റെ ഭാര്യ കമലയും സിപിഎം നേതാവ് പികെ ശ്രീമതിയും ബിനീഷ് കോടിയേരിയും താങ്ങിയെടുത്തു മാറ്റി. വൈകാതെ വിനോദിനിയെ വീട്ടിലേക്കു കൊണ്ടുപോയി.
◾കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇരു സ്ഥാനാര്‍ത്ഥികളും ആരംഭിച്ച പ്രചാരണത്തിനിടെ പരോക്ഷ പഴിക്കലുകളും. മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് പാര്‍ട്ടിയില്‍ ഒരു മാറ്റവും ഉണ്ടാക്കാനാവില്ലെന്നും നിലവിലെ രീതി തുടരുകയേയുള്ളൂവെന്നുമാണു തരൂരിനെ പിന്തുണയ്ക്കുന്നവര്‍ നടത്തുന്ന പ്രചാരണം. എന്നാല്‍ കൂടിയാലോചനകളിലൂടെ തീരുമാനങ്ങള്‍ നടപ്പാക്കുമെന്നാണ് ഖാര്‍ഗെ മറുപടി നല്‍കിയത്. ഗാന്ധി കുടുംബം പറയുന്ന നല്ല കാര്യങ്ങള്‍ സ്വീകരിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു. മത്സരം ഒഴിവാക്കാന്‍ പിന്മാറിക്കൂടേയെന്നു ശശി തരൂരിനോടു പറഞ്ഞെന്ന് ഖാര്‍ഗെ വെളിപ്പെടുത്തി.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾ഗവര്‍ണറുടെ അന്ത്യശാസനമനുസരിച്ച് കേരള സര്‍വ്വകലാശാല സെനറ്റ് യോഗം പതിനൊന്നിന് ചേരും. വൈസ് ചാന്‍സലറെ നിര്‍ണയിക്കാനുള്ള സമിതിയിലേക്ക് 11 നകം സെനറ്റ് പ്രതിനിധിയെ നിര്‍ദേശിച്ചില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാകുമെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. യോഗം ചേരുമെങ്കിലും പ്രതിനിധിയെ നിര്‍ദ്ദേശിക്കുന്ന കാര്യത്തില്‍ സര്‍വ്വകലാശാല തീരുമാനമെടുത്തിട്ടില്ല.
◾സിപിഐ സംസ്ഥാന സമ്മേളനത്തില്‍ ഗവര്‍ണര്‍ക്കും പാര്‍ട്ടി നേതൃത്വത്തിനുമെതിരേ വിമര്‍ശനം. രാജ്യത്ത് അര ശതമാനം വോട്ടുണ്ടാക്കിയിട്ടുവേണം ദേശീയ രാഷ്ട്രീയത്തില്‍ ബദലിനുവേണ്ടി വാദിക്കാനെന്ന് കേന്ദ്രനേതൃത്വത്തെ ചില അംഗങ്ങള്‍ പരിഹസിച്ചു. മൃഗസംരക്ഷണ വകുപ്പും ചിഞ്ചു റാണിയെന്ന മന്ത്രിയും ഉണ്ടോയെന്നും ചിലര്‍ ചോദിച്ചു. ഗവര്‍ണര്‍ പദവി ആവശ്യമുണ്ടോയെന്ന് ചിന്തിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം സമ്മേളനം പാസാക്കുകയും ചെയ്തു.
◾തര്‍ക്കംമൂലം സിപിഐ പ്രതിനിധി സമ്മേളനം അല്‍പസമയം നിര്‍ത്തിവച്ചു. പ്രായപരിധിയിലും പരസ്യ പ്രതികരണത്തിലും മുതിര്‍ന്ന നേതാക്കളായ സി ദിവാകരനേയും കെ.ഇ. ഇസ്മയിലിനേയും എതിര്‍ത്തും അനുകൂലിച്ചും പ്രതിനിധികള്‍ സംസാരിച്ചതോടെയാണ് തര്‍ക്കം ആരംഭിച്ചത്. അല്‍പ്പ സമയം നിര്‍ത്തിവച്ച സമ്മേളനം പിന്നീട് പ്രസീഡിയം ഇടപെട്ടാണ് പുനരാരംഭിച്ചത്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾പ്രവാസി വ്യപാരപ്രമുഖനും ചലച്ചിത്രനിര്‍മ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൈശാലി, വാസ്തുഹാര, സുകൃതം തുടങ്ങിയ സിനിമകള്‍ നിര്‍മിച്ചു. അറബിക്കഥ ഉള്‍പ്പെടെ ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
◾കോടിയേരി ബാലകൃഷ്ണന് ആദരാജ്ഞലി അര്‍പ്പിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. തലശേരി ടൗണ്‍ ഹാളില്‍ എത്തിയാണ് കെ.സുധാകരന്‍ മുതിര്‍ന്ന സിപിഎം നേതാവിന് ആദരാഞ്ജലി അര്‍പ്പിച്ചത്.
◾ശക്തമായ മഴ മൂലം മലമ്പുഴ അണക്കെട്ട് തുറന്നു. വൈകീട്ട് അഞ്ച് മണിയോടെ ഡാമിന്റെ നാലു ഷട്ടറുകള്‍ 15 സെന്റീമീറ്റര്‍ വീതമാണ് തുറന്നത്.
◾കാട്ടാക്കടയില്‍ അച്ഛനെയും മകളെയും മര്‍ദ്ദിച്ച കേസിലെ പ്രതിയായ ഒരു കെഎസ്ആര്‍ടിസി ജീവനക്കാരന്‍ കൂടി പിടിയില്‍. നാലാം പ്രതി മെക്കാനിക്ക് എസ് അജിത്കുമാറാണ് പിടിയിലായത്. അച്ഛനെയും മകളെയും ആക്രമിച്ച യൂണിഫോംധാരിയാണ് ഇപ്പോള്‍ പിടിയിലായ അജിത്കുമാര്‍.
◾കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന ഖാര്‍ഗെയ്ക്കൊപ്പമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുവ നേതാക്കളില്‍ പലരും ശശി തരൂരിനാണു പിന്തുണ പ്രഖ്യാപിച്ചത്.
◾സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അവഹേളിച്ച് വാട്സ് ആപ് പോസ്റ്റിട്ട പൊലീസുകാരന് സസ്പെന്‍ഷന്‍. കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍മാനും മെഡിക്കല്‍ കൊളജ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനുമായ ഉറൂബിനെയാണ് സസ്പെന്‍ഡ് ചെയ്തത്. പിറകേ, ഇയാള്‍ മാപ്പപേക്ഷിച്ചു.
◾കോടിയേരി ബാലകൃഷ്ണനെ അപമാനിച്ചു ഫേസ്ബുക്കില്‍ പോസ്റ്റിട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തു. ചിതറ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഹെഡ് ക്ലര്‍ക്ക് സന്തോഷ് രവീന്ദ്രന്‍ പിള്ളയ്ക്കെതിരെയാണ് കേസെടുത്തത്.
◾കയ്പമംഗലം വഞ്ചിപ്പുര ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു പേരെ കാണാതായി. ബീഹാര്‍ ചപ്ര ബനിയപ്പൂര്‍ സ്വദേശികളായ മുഹമ്മദ് സായിദ് (16), മുഹമ്മദ് മുംതാജ് (23) എന്നിവരെയാണ് കാണാതായത്. അഞ്ചു പേരടങ്ങുന്ന സംഘമാണ് കടലില്‍ കുളിക്കാനിറങ്ങിയത്.
◾മൂന്നാറില്‍ കടുവയുടെ ആക്രമണത്തില്‍ പശുക്കള്‍ ചത്ത സംഭവത്തില്‍ ഉടമകള്‍ക്കു നഷ്ടപരിഹാരം നല്‍കും. കടുവയെ കൂടുവച്ച് പിടികൂടുമെന്നും വനംവകുപ്പ്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍ മൂന്നാര്‍ ഉദുമല്‍പേട്ട് റോഡ് ഉപരോധിച്ചിരുന്നു. മൂന്നാര്‍ രാജമല നൈമക്കാട് തൊഴുത്തില്‍ കെട്ടിയിരുന്ന അഞ്ചു പശുക്കളെയാണ് കടുവ കടിച്ചു കൊന്നത്.
◾വെഞ്ഞാറംമൂട്ടില്‍ സ്‌കൂള്‍ വിട്ടു വീട്ടിലേക്ക് നടന്നു പോകുന്നതിനിടയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളായ മൂന്നുപേരെ അറസ്റ്റു ചെയ്തു. ഇരുളൂര്‍ മണിലാല്‍, മടവൂര്‍ രാജു, സജീവ് എന്നിവരാണ് പിടിയിലായത്.
◾വിദേശത്തു ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതി പിടിയില്‍. ചിറ്റൂര്‍ പച്ചാളം അമ്പാട്ട് വീട്ടില്‍ ഹില്‍ഡ സാന്ദ്ര ദുറം (30) നെയാണ് പിടികൂടിയത്. കാനഡയില്‍ സ്റ്റോര്‍ കീപ്പര്‍ വിസ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ആലപ്പുഴ സ്വദേശി അനുപില്‍നിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്.
◾പാലാ കടപ്പാടൂരില്‍ മദ്യലഹരിയില്‍ ഒഡീഷ സ്വദേശിയെ ചുറ്റികകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ ബംഗാള്‍ സ്വദേശി പിടിയിലായി. അഭയ് മാലിക്ക് എന്ന ഒഡീഷക്കാരനെ കൊലപ്പെടുത്തിയതിന് ബംഗാളിയായ പ്രദീപ് ബര്‍മന്‍ എന്നയാളാണ് അറസ്റ്റിലായത്.
◾ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ മുലായം സിംഗ് യാദവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചണ വിഭാഗത്തിലാണു പ്രവേശിപ്പിച്ചത്.
◾ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം തുടര്‍ച്ചയായി ആറാം തവണയും ഇന്‍ഡോര്‍ തന്നെ. ഈ നഗരം ഒരു വര്‍ഷം മാലിന്യത്തില്‍നിന്ന് സമ്പാദിക്കുന്നത് കോടികളാണ്. 1900 ടണ്‍ മാലിന്യങ്ങളില്‍നിന്ന് ദിനം പ്രതി വരുമാനമുണ്ടാക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ വാര്‍ഷിക ശുചിത്വ സര്‍വ്വെയാണ് ഇന്‍ഡോറിനെ മികച്ച ശുചിത്വ നഗരമായി തെരഞ്ഞെടുത്തത്. ഗുജറാത്തിലെ സൂറത്തും മഹാരാഷ്ട്രയിലെ നവി മുംബൈയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്.
◾തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വവും രൂക്ഷമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്തേയ ഹൊസബലെ. ഒരു വെബിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇതേ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുമ്പോഴാണ് ആര്‍എസ്എസിന്റെ പ്രതികരണം. നേരത്തെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ഇതേ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
◾മുംബൈയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മലയാളിയുമായ ആനി ശേഖര്‍ (84) അന്തരിച്ചു. കൊളാബയില്‍ നിന്ന് രണ്ടു തവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
◾തദ്ദേശീയമായി നിര്‍മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍ വ്യോമസേനയിലേക്ക്. മിസൈലുകള്‍ വിക്ഷേപിക്കാന്‍ കഴിയുന്നയിനം ഹെലികോപ്റ്ററുകള്‍ നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ഇന്നു വ്യോമസേനയ്ക്കു കൈമാറും.
◾ജമ്മു കഷ്മീരിലെ ഉദ്ദംപൂരിലുണ്ടായ ഇരട്ട സ്ഫോടനക്കേസില്‍ ഒരാള്‍ അറസ്റ്റില്‍. ലഷ്‌കര്‍ ഇ ത്വയ്ബ പ്രവര്‍ത്തകനായ മുഹമ്മദ് അസ്ലം ഷെയ്ഖിനെയാണ് അറസ്റ്റു ചെയ്തത്. പാക്കിസ്ഥാന്‍ സ്വദേശിയായ ഖുബൈബ് എന്നയാളുടെ നിര്‍ദേശമനുസരിച്ചാണ് രണ്ടു ബസിലും സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ചതെന്നു പോലീസ്.
◾കാനഡിലെ ബ്രാംപ്റ്റണില്‍ ശ്രീ ഭഗവത് ഗീത പാര്‍ക്കിലെ ബോര്‍ഡ് നശിപ്പിച്ച സംഭവത്തെ ഇന്ത്യ അപലപിച്ചു. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആവശ്യപ്പെട്ടു.
◾മ്യാന്‍മറില്‍ 3500 അടി ഉയരത്തില്‍ പറക്കുകയായിരുന്ന വിമാനത്തിലെ യാത്രക്കാരനു വെടിയേറ്റു. വിമാനം ലാന്‍ഡ് ചെയ്യുന്നതിന്റെ തൊട്ടുമുമ്പായിരുന്നു മ്യാന്‍മാര്‍ നാഷണല്‍ എയര്‍ലൈന്‍ വിമാനത്തിന് നേരെ വെടിവയ്പുണ്ടായത്. ലാന്‍ഡിങ്ങിന് ശേഷം യാത്രക്കാരനെ ആശുപത്രിയിലേക്കു മാറ്റി. നഗരത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ തത്കാലം നിറുത്തിവച്ചു.
◾തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഭൂരിപക്ഷം നേടിയതോടെ കുവൈറ്റിലെ പ്രധാനമന്ത്രി ശൈഖ് അഹ്‌മദ് നവാഫ് അല്‍ അഹ്‌മദ് അല്‍ സബാഹ് മന്ത്രിസഭ രാജിവച്ചു. 11 ന് പാര്‍ലമെന്റ് വിളിച്ചു ചേര്‍ത്ത് പുതിയ മന്ത്രിസഭയെ തെരഞ്ഞെടുക്കും. അഞ്ച് മണ്ഡലങ്ങളില്‍ നിന്നുള്ള 50 സീറ്റുകളിലേക്ക് 22 വനിതകളടക്കം 305 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. അമ്പതില്‍ 28 സീറ്റും പ്രതിപക്ഷം നേടി. രണ്ട് വനിതകളും തെരഞ്ഞെടുക്കപ്പെട്ടു.
◾36-ാമത് ദേശീയ ഗെയിംസില്‍ കേരളത്തിന് ഇന്നലെ രണ്ട് സ്വര്‍ണം. പുരുഷന്‍മാരുടെ 100 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈയില്‍ ഒളിമ്പ്യന്‍ സജന്‍ പ്രകാശ് സ്വര്‍ണം നേടിയപ്പോള്‍ വനിതകളുടെ റോവിങ്ങ് ഫോര്‍ വിഭാഗത്തില്‍ വിജിന മോള്‍, ആവണി, അശ്വനി കുമാരന്‍, അനുപമ ടി.കെ എന്നിവരടങ്ങിയ ടീം കേരളത്തിനായി സ്വര്‍ണം നേടി.
◾റണ്‍മഴപെയ്ത്തില്‍ വിജയം ഇന്ത്യക്കൊപ്പം. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20 പതിനാറ് റണ്‍സിന് വിജയിച്ച ഇന്ത്യക്ക് പരമ്പര. സൂര്യകുമാര്‍ യാദവിന്റെയും കെ.എല്‍.രാഹുലിന്റെയും അര്‍ധസെഞ്ചറിയുടെ മികവില്‍ ഇന്ത്യ ഉയര്‍ത്തിയ 237 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കക്ക് 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 221 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഡേവിഡ് മില്ലര്‍ സെഞ്ചുറിയും ക്വിന്റണ്‍ ഡികോക്ക് അര്‍ധ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന് ഇന്ത്യയെ വിറപ്പിച്ച ശേഷമാണ് തോല്‍വി സമ്മതിച്ചത്. മില്ലര്‍ 47 പന്തില്‍ എട്ട് ഫോറും ഏഴ് സിക്‌സും സഹിതം 106 റണ്‍സുമായി പുറത്താകെ നിന്ന് വീരോചിത പോരാട്ടം കാഴ്ചവെച്ചു.
◾ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമില്‍ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ ഇടംനേടി. ശ്രേയസ് അയ്യരാണ് വൈസ് ക്യാപ്റ്റന്‍.
◾സാമ്പത്തിക ഇടപാടുകള്‍ക്ക് ഇന്ന് പാന്‍ കാര്‍ഡ് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. നികുതി സംബന്ധമായ എല്ലാ വിവരങ്ങളും പാന്‍ കാര്‍ഡിലെ പത്തക്ക നമ്പര്‍ നല്‍കിയാല്‍ ലഭിക്കും. നിലവില്‍ സൗകര്യപ്രദമായ രീതിയില്‍ കൊണ്ടുനടക്കുന്നതിന് ഇ- പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സംവിധാനം ആദായനികുതി വകുപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഇ- പാന്‍ കാര്‍ഡിന്റെ പിഡിഎഫ് രൂപം മൊബൈലില്‍ കൊണ്ടുനടക്കുന്നതിനുള്ള സംവിധാനമാണ് ആദായനികുതി വകുപ്പ് ഒരുക്കിയിരിക്കുന്നത്. അക്ക്‌നോളഡ്ജ്‌മെന്റ് നമ്പറോ പാന്‍ കാര്‍ഡ് നമ്പറോ നല്‍കി ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
◾മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ മൈക്രോഫിനാന്‍സ് വിഭാഗമായ ‘മുത്തൂറ്റ് മൈക്രോഫിന്നി’ല്‍ യുകെ ആസ്ഥാനമായ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ഗ്രേറ്റര്‍ പസഫിക് ക്യാപിറ്റല്‍ 81 കോടി രൂപയുടെ (ഒരു കോടി ഡോളര്‍) അധിക ഓഹരി നിക്ഷേപം നടത്തി. ജിപിസി നടത്തിയ 375 കോടി രൂപയുടെ മുന്‍ നിക്ഷേപത്തിനു പുറമെയാണിത്. ഈ നിക്ഷേപത്തോടെ കമ്പനിയില്‍ ജിപിസിയുടെ ഓഹരിപങ്കാളിത്തം 16.7% ആയി. കോവിഡിന് ശേഷം രാജ്യത്ത് ഒരു മൈക്രോഫിനാന്‍സ് കമ്പനി നടത്തുന്ന ഏറ്റവും വലിയ മൂലധന സമാഹരണമാണിത്. ഏതാനും വര്‍ഷം മുന്‍പ്, ഷിക്കാഗോ ആസ്ഥാനമായ ക്രിയേഷന്‍ ഇന്‍വെസ്റ്റ്‌മെന്റ് എന്ന പ്രൈവറ്റ് ഇക്വിറ്റി ഫണ്ടില്‍നിന്ന് 157 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചിരുന്നു. 9.8% ഓഹരിയുമായി ക്രിയേഷന്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയില്‍ തുടരും.
◾ആസിഫ് അലി, റോഷന്‍ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം കൊത്തിലെ പുതിയ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘കടലാഴം’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. കൈലാസ് ഈണം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ചിത്രയും കെ എസ് ഹരിശങ്കറും ചേര്‍ന്നാണ്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയത്തു തന്നെ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആണിത്. സമ്മര്‍ ഇന്‍ ബദ്ലഹേം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം സിബി മലയിലും രഞ്ജിത്തും ഒരു പ്രോജക്റ്റിനു വേണ്ടി ഒന്നിക്കുന്നു എന്ന പ്രത്യേകതയും കൊത്തിന് ഉണ്ട്. കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഇമോഷണല്‍ ഡ്രാമയാണ് ചിത്രം. നിഖില വിമല്‍ ആണ് നായിക.
◾രാഷ്ട്രീയ നേതാവും വ്യവസായിയുമായ ഗാലി ജനാര്‍ദ്ദന റെഡ്ഡിയുടെ മകന്‍ കിരീടി സാന്‍ഡല്‍വുഡില്‍ അരങ്ങേറുന്നു. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന ‘ജൂനിയറി’ല്‍ ആണ് കിരീടി റെഡ്ഡി നായകനാകുന്നത്. കിരീടിയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നതിനായി അവതരിപ്പിച്ച ടീസര്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വമ്പന്‍ ബജറ്റില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലൂടെ കിരീടി ഒരേസമയം നാല് ഭാഷകളില്‍ നായകനായി അരങ്ങേറ്റം കുറിക്കുകയാണ്. വി രവിചന്ദ്രന്‍, ജെനീലിയ റിതേഷ് ദേശ് മുഖ്, ശ്രീലീല തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. രാധാ കൃഷ്ണ റെഡ്ഡി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്.
◾ചൈനീസ് വാഹന ബ്രാന്‍ഡായ എംജി മോട്ടോര്‍ ഇന്ത്യ 2022-ന്റെ തുടക്കത്തിലാണ് രാജ്യത്ത് പുതിയ ഇസെഡ്എസ് ഇവി ഫെയ്സ്ലിഫ്റ്റ് പുറത്തിറക്കിയത്. എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ് എന്നീ രണ്ട് വേരിയന്റുകളില്‍ ഇലക്ട്രിക് എസ്യുവി അവതരിപ്പിച്ചു; എന്നിരുന്നാലും, ടോപ്പ്-സ്പെക്ക് എക്സ്‌ക്ലൂസീവ് വേരിയന്റ് മാത്രമേ വില്‍പ്പനയ്ക്കുണ്ടായിരുന്നുള്ളൂ. ഔദ്യോഗികമായി ലോഞ്ച് ചെയ്യുമ്പോള്‍, എക്‌സൈറ്റ് ബേസ് ട്രിമ്മിന് 21.99 ലക്ഷം രൂപയും ടോപ്പ്-സ്പെക്ക് എക്‌സ്‌ക്ലൂസീവ് ട്രിമ്മിന് 25.88 ലക്ഷം രൂപയുമായിരുന്നു വില. ഇക്കുറി എംജി വിലവര്‍ദ്ധന പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴിതാ അടിസ്ഥാന വേരിയന്റിന് ഇപ്പോള്‍ 22.58 ലക്ഷം രൂപയും എക്സ്‌ക്ലൂസീവ് വേരിയന്റിന് 26.49 ലക്ഷം രൂപയുമാണ് വില.
◾വണ്ടിയുടെ ഏറ്റവും പിറകിലെ ഒരു ബോഗിയില്‍നിന്നും രണ്ടുപേര്‍ ഇറക്കിവെക്കുന്ന ശവപ്പെട്ടി കണ്ടപ്പോള്‍ സാറ അവിടേക്കോടി. അവളുടെ പിറകേയെത്താന്‍ അച്ചുവും ഓടി. ആള്‍ത്തിരക്കിലൂടെ, ആളുകള്‍ക്ക് വഴികൊടുത്ത്, ഇപ്പോള്‍ ഓടുന്ന ഈ ഓട്ടമായിരിക്കും തന്റെ ഉള്ളംകൈകളിലെ വിയര്‍പ്പിനൊപ്പം ഇനി ഓര്‍ക്കുന്ന മറ്റൊന്ന് എന്ന് സാറയ്ക്ക് അപ്പോള്‍ത്തന്നെ തോന്നി. രണ്ടു മരണങ്ങള്‍ക്കൊപ്പമുള്ള ആ ഓട്ടം, ജീവിക്കുന്നവരെ തൊടാതെയുള്ള ആ ഓട്ടം, അത്രയും ചെറിയ നേരത്തില്‍ അവള്‍ പല തവണ കണ്ടു. ‘ബൂര്‍ഷ്വാ സ്‌നേഹിതന്‍’. കരുണാകരന്‍. മാതൃഭൂമി ബുക്സ്. വില 180 രൂപ.
◾നല്ലൊരു വ്യായാമമാണ് പ്രഭാതനടത്തം. ആരോഗ്യകരമായ വ്യായാമങ്ങളില്‍ നല്ല നടപ്പിന് ഒന്നാം സ്ഥാനമാണുള്ളത്. ശരീരത്തിനും മനസിനും ഊര്‍ജം നല്‍കാന്‍ രാവിലത്തെ നടത്തത്തിന് സാധിക്കും. രാവിലെ നടക്കുന്നത് ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. അതേ പോലെ കൊഴുപ്പിനെയും നിയന്ത്രിക്കാം. അമേരിക്കന്‍ ഡയബറ്റിക് അസോസിയേഷന്റെ അഭിപ്രായം പതിവായുള്ള നടത്തം പ്രമേഹത്തെ വരുതിയിലാക്കാന്‍ സഹായിക്കുന്ന ഏറ്റവും നല്ല മാര്‍ഗങ്ങളില്‍ ഒന്നാണെന്നാണ്. നടക്കുമ്പോള്‍ തല ഉയര്‍ത്തിപ്പിടിച്ച് നട്ടെല്ല് നിവര്‍ത്തിയുള്ള പൊസിഷനില്‍ തന്നെ ആയിരിക്കാന്‍ ശ്രദ്ധിക്കണം. രക്തസമ്മര്‍ദ്ദം കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് നടത്തം. ദിവസേനയുള്ള പത്തു മിനിറ്റ് നടത്തം രക്തസമ്മര്‍ദം കുറക്കാനുള്ള ഫലപ്രദമായ മാര്‍ഗമാണെന്ന് അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. പതിവായുള്ള നടത്തത്തിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുകയും കായികക്ഷമത മുന്നേറുകയും ചെയ്യും.
*ശുഭദിനം*
*കവിത കണ്ണന്‍*
പ്രസിദ്ധമായ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി. അവിടെ ഒരു ബിരുദദാന ചടങ്ങ് നടക്കുകയാണ്. വിശിഷ്ടാതിഥി അവിടെയെത്തി. വായില്‍ പുകയുന്ന ചുരുട്ട്, സന്തതസഹചാരിയായ വടി ഒരു കയ്യില്‍, തലയില്‍ തൊപ്പി.. സമ്മേളനവാതിലില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ സദസ്യര്‍ എല്ലാം അദ്ദേഹത്തെ കയ്യടിച്ച് വരവേറ്റു. സിഗാറും തൊപ്പിയും അദ്ദേഹം മേശപ്പുറത്ത് വെച്ചു. പ്രസംഗത്തിനുള്ള സമയമായപ്പോള്‍ എഴുന്നേറ്റ് സദസ്യരെ സല്യൂട്ട് ചെയ്തതിന് ശേഷം പ്രസംഗം ആരംഭിച്ചു. സദസ്സില്‍ പൂര്‍ണ്ണ നിശബ്ദത . അദ്ദേഹം തന്റ ഖനഗംഭീരമായ ശബ്ദത്തില്‍ പ്രസംഗം ആരംഭിച്ചു: Never Give Up… – ഒരിക്കലും പിന്മാറരുത്… ഏതാനും സെക്കന്റുകള്‍ക്ക് ശേഷം അദ്ദേഹം വീണ്ടും പറഞ്ഞു Never Give Up .. നല്ല മുഴക്കമുള്ള ശബ്ദത്തില്‍ ആ വാക്കുകള്‍ അവിടെയാകെ അലയടിച്ചു. മൂന്നാം പ്രാവശ്യം കാലില്‍ അല്‍പമൊന്നുപൊങ്ങി വീണ്ടും അതേ സന്ദേശം നല്‍കി.. Never Give Up.- പ്രസംഗം തുടരുമെന്ന സദസ്യരുടെ പ്രതീക്ഷ അസ്തമിച്ചു. അദ്ദേഹം തന്റെ സിഗാര്‍ വായില്‍ വെച്ചു തൊപ്പി തലയിലും വെച്ച് വലിയൊരു ദൗത്യം പൂര്‍ത്തീകരിച്ച കൃതാര്‍ത്ഥതയോടെ പതുക്കെ സ്റ്റേജില്‍ നിന്നും ഹാളിന് പുറത്തേക്ക് ഇറങ്ങി. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ ആയിരുന്നു ആ വ്യക്തി. ഒരു മണിക്കൂറിലധികം നീണ്ടു നില്‍ക്കുന്ന പ്രഭാഷണങ്ങളേക്കാള്‍ ഒരു സെക്കന്റ് കൊണ്ട് പറഞ്ഞവസാനിപ്പിച്ച ആ സന്ദേശം സ്വന്തം അനുഭവത്തില്‍ നിന്നും രൂപം കൊണ്ട സന്ദേശമായിരുന്നു. ഏട്ടാം ക്ലാസ്സില്‍ രണ്ടുവട്ടം പരാജയപ്പെട്ടു.. പക്ഷേ, അദ്ദേഹം പിന്മാറിയില്ല. പിന്നീട് പട്ടാളസേവനം, ഭരണസാരഥ്യം, ജേണലിസ്റ്റ്, സാഹിത്യകാരന്‍ എന്നിങ്ങനെ അദ്ദേഹം നടന്നുകയറിയ വിജവീഥികള്‍ പലതായിരുന്നു. ഏത് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും, പ്രതികൂല സാഹചര്യങ്ങളും പരാജയങ്ങളും നേരിടാം. പരിചയക്കുറവുകൊണ്ടോ, സൂക്ഷ്മതാ രാഹിത്യംകൊണ്ടോ പരാജയങ്ങള്‍ സംഭവിക്കാം. പക്ഷേ, ഉത്തമമായ ലക്ഷ്യബോധമുണ്ടെങ്കില്‍ നമുക്ക് വിജയമാര്‍ഗ്ഗം കണ്ടെത്തി മുന്നേറാന്‍ സാധിക്കുക തന്നെ ചെയ്യും – ശുഭദിനം.