മഹാ കുംഭമേളയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ മൊണാലിസ എന്ന മോനി ബോന്‍സ്ലെ ഇനി ബിഗ് സ്ക്രീനിലേക്ക്. ബോളിവുഡ് സംവിധായകന് സനോജ് മിശ്രയുടെ സിനിമയിലൂടെയാണ് മോനി അഭിനയരംഗത്തേക്ക് കടക്കുന്നത്. ‘ഡയറി ഓഫ് മണിപ്പൂര്‍’ എന്ന സിനിമയിലൂടെയാകും മൊണാലിസ എത്തുക. ഈ സിനിമയുമായി ബന്ധപ്പെട്ടപ്പെട്ട് മൊണാലിസയുമായി സംവിധായകന് സംസാരിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മൊണാലിസയുടെ വീട്ടിലെത്തിയാണ് ചിത്രവുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവച്ചത് എന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇന്‍സ്റ്റഗ്രാമില്‍ ഇരുവരുടേയും ചിത്രം സനോജ് മിശ്ര പങ്കുവെച്ചിട്ടുണ്ട്. ‘രാമജന്മഭൂമി’, ‘ദ് ഡയറി ഓഫ് വെസ്റ്റ് ബംഗാള്‍’, ‘കാശി ടു കശ്മീര്‍’ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് സനോജ് മിശ്ര. അതേസമയം, കുടുംബം അനുവദിക്കുകയാണെങ്കില്‍ സിനിമയില്‍ അഭിനയിക്കുമെന്ന് മൊണാലിസ നേരത്തെ വ്യക്തമാക്കിയിരുന്നു. കുംഭ മേളയ്ക്കിടെ മാല വില്പനയ്ക്കെത്തിയ മൊണാലിസയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.