കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള കുടിശ്ശിക നൽകാൻ സർക്കാർ 100 കോടി രൂപ അനുവദിച്ചു. നടപടിക്രമങ്ങൾ പാലിച്ച് വൈകിട്ടോടെ കോർപ്പറേഷന്‍റെ അക്കൗണ്ടിൽ പണം എത്തുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ ഇന്ന് രാത്രി തന്നെ ശമ്പള വിതരണം നടത്തുമെന്ന് മാനേജ്മെന്‍റ് വൃത്തങ്ങൾ അറിയിച്ചു. ഓണത്തിന് മുൻപുതന്നെ കുടിശ്ശിക കൊടുത്തു തീർക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിലെ പ്രതികളായ ഡിവൈഎഫ്ഐ നേതാക്കളുടെ മുൻകൂർ ജാമ്യം തള്ളി.തുടർന്ന് പ്രതികൾ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. നേതാക്കള്‍ ഒളിവിൽ കഴിഞ്ഞത് കോഴിക്കോട് നഗരത്തിൽ തന്നെയെന്ന് ടവർ ലൊക്കേഷൻ മുഖേന പോലീസുകാർ കണ്ടെത്തിയിരുന്നു.അതേസമയം മര്‍ദ്ദനമേറ്റവര്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത് . പൊലീസ് പ്രതികള്‍ക്ക് കൂട്ടുനില്‍ക്കുന്നതായി മര്‍ദനമേറ്റ ശ്രീലേഷ് പറഞ്ഞു. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി മറ്റേതെങ്കിലും ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് അവർ ഹൈക്കോടതിയെ സമീപിച്ചു.
വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പില്‍ എത്തിക്കാൻ മുഖ്യമന്ത്രി മുൻകൈയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. പലവട്ടം ചർച്ച നടന്നു മുഖ്യമന്ത്രി ദുർവാശി വിടണം. അതിന് പകരം മുഖ്യമന്ത്രി മന്ത്രിമാരെയാണ് പറഞ്ഞു വിടുന്നത്, അവർക്കവിടെ ഒന്നും ചെയ്യാനില്ല. സമരക്കാരെ ശത്രുക്കളെ പോലെയാണ് മുഖ്യമന്ത്രി കാണുന്നത്. അവരെ അർബൻ നെക്സ്റ്റ്ലേറ്റ് എന്നും മാവോയിസ്റ്റ് എന്നും പറയുന്നുവെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത തുടരണമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. ദേശീയ ദുരന്ത നിവാരണ സേനയുടെ 7 ടീമിനെ സംസ്ഥാനത്ത് വിന്യസിച്ചതായും മന്ത്രി പറഞ്ഞു. 5 സംഘത്തെ കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളക്കെട്ടുകളിൽ നീന്തൽ, മത്സ്യബന്ധനം എന്നിവ നടത്തരുതെന്നും മന്ത്രി നിർദേശിച്ചു. യാത്ര പോകുന്നതിന് മുമ്പ് സർക്കാർ നൽകിയിട്ടുള്ള മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം. ആശങ്കയല്ല, ജാഗ്രതയാണ് ആവശ്യമെന്നും കെ.രാജൻ കൂട്ടിച്ചേർത്തു.
കേരളാ എഞ്ചിനിയറിങ്ങ് പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് ഇടുക്കി അണക്കര സ്വദേശി വിശ്വനാഥ് വിനോദിനാണ്. തിരുവനന്തപുരം സ്വദേശി തോമസ് ബിജു രണ്ടാം റാങ്കും കൊല്ലം സ്വദേശി നവ്ജ്യോത് ബി കൃഷ്ണൻ മൂന്നാം റാങ്കും തൃശൂർ സ്വദേശി ആൻ മേരി നാലാം റാങ്കും നേടി. 77005 പേർ പരീക്ഷ എഴുതിയതിൽ 58570 പേർ യോഗ്യത നേടി. 50858 പേരാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത്. മന്ത്രി ആര്‍ ബിന്ദുവാണ് റാങ്ക് പട്ടിക പ്രഖ്യാപിച്ചത്. റാങ്കു ജേതാക്കളെ മന്ത്രി ടെലഫോണിൽ അഭിനന്ദനം അറിയിച്ചു
.ഇക്കുറി ഓണത്തിന് സംസ്ഥാനത്ത് പച്ചക്കറിക്ക് തീ വില.വളരെ പെട്ടന്നാണ് വില കൂടിയത് ബീൻസ് നാടൻ പയർ മുരിങ്ങക്കാ വില സെഞ്ച്വറി കടന്നു.കഴിഞ്ഞയാഴ്ച 20 രൂപ ഉണ്ടായിരുന്ന വെണ്ടയ്ക്ക് ഇന്ന് വില 80 രൂപ.തക്കാളി ബീൻസ് പടവലം എന്നിവയ്ക്കെല്ലാം വില കുത്തനെ കൂടി.പല ഇനങ്ങൾക്കും നാലു മടങ്ങ് വരെ വില കൂടി. ഓണവിപണി ലക്ഷ്യമിട്ടെന്ന് വ്യാപാരികൾ പറഞ്ഞു.അയൽ സംസ്ഥാനങ്ങളിലെ ശക്തമായ മഴയും വില കൂടാൻ കാരണമായി.