നാലാം പാദഫലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ കൊട്ടക് മഹീന്ദ്ര. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദഫലങ്ങളാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, നാലാം പാദത്തിലെ അറ്റാദായം 26 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 3,495.6 കോടി രൂപയായാണ് ഉയര്‍ന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 2,767 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചത്. മാര്‍ച്ച് പാദത്തില്‍ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി താഴ്ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് പാദത്തില്‍ നിഷ്‌ക്രിയ ആസ്തി മൂല്യം 1,736.1 കോടിയായിരുന്ന സ്ഥാനത്ത് ഇത്തവണ 1,193.3 കോടി മാത്രമേ നിഷ്‌ക്രിയ ആസ്തിയായി മാറിയിട്ടുള്ളൂ. നെറ്റ് എന്‍പിഎ അനുപാതവും മെച്ചപ്പെട്ടു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 0.64 ശതമാനമായിരുന്ന നെറ്റ് എന്‍പിഎ അനുപാതം ഈ മാര്‍ച്ച് പാദത്തില്‍ 0.37 ശതമാനമായി താഴ്ന്നു. അതേസമയം, കൊട്ടക് ബാങ്കിന്റെ ജനുവരി മാര്‍ച്ച് കാലയളവിലെ പ്രവര്‍ത്തന ലാഭം 39 ശതമാനം വര്‍ദ്ധനയോടെ 4,647.37 കോടിയായി ഉയര്‍ന്നു.