45-55 വയസ്സിനിടയിലുള്ള സ്ത്രീകളെ ബാധിക്കുന്ന സെര്‍വിക്കല്‍ ക്യാന്‍സറില്‍ 95 ശതമാനം കേസുകളും ഹ്യൂമന്‍ പാപ്പിലോമ വൈറസ് അണുബാധ മൂലമാണ്. സെര്‍വിക്‌സിന്റെ കോശങ്ങളില്‍ തുടങ്ങുന്ന ക്യാന്‍സറാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍. ഇന്ത്യയിലും ഇന്നിത് വളരെ വ്യാപകമാണ്. പുകവലി, ക്ലമീഡിയ, ഗൊണേറിയ, സിഫിലിസ്, എച്ച്‌ഐവി എയ്ഡ്‌സ് തുടങ്ങിയ രോഗങ്ങള്‍, ദുര്‍ബലമായ പ്രതിരോധ ശേഷി, ഒന്നിലധികം പങ്കാളികളുമായുള്ള ലൈംഗിക ബന്ധം, ഗര്‍ഭനിയന്ത്രണ മരുന്നുകളുടെ അമിതമായ ഉപയോഗം എന്നിവയെല്ലാം സെര്‍വിക്കല്‍ കാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി വിദഗ്ധര്‍ പറയുന്നു. പ്രായം, ലൈംഗിക പ്രവര്‍ത്തനം, ജനനേന്ദ്രിയ ശുചിത്വം, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ ഉപയോഗം, പോഷകാഹാരം, പുകയില ഉപയോഗം, അല്ലെങ്കില്‍ ദുര്‍ബലമായ രോഗപ്രതിരോധ ശേഷി തുടങ്ങിയ ഘടകങ്ങളും സെര്‍വിക്കല്‍ ക്യാന്‍സര്‍ വ്യാപനത്തിന് കാരണമാകുന്നു. എച്ച്പിവി വാക്‌സിനുകള്‍ ഇന്ന് ലഭ്യമാണെങ്കിലും, ഗര്‍ഭാശയ ക്യാന്‍സര്‍ കുറയ്ക്കുന്നതിന് നേരത്തെയുള്ള സ്‌ക്രീനിംഗും കണ്ടെത്തലും പ്രധാനമാണ്. അര്‍ബുദത്തിന് മുമ്പുള്ള ഏതെങ്കിലും ലക്ഷണങ്ങള്‍ കണ്ടെത്തുന്നതിന് നേരത്തെയുള്ള സ്‌ക്രീനിംഗ് സഹായിക്കുന്നു. അതുവഴി സെര്‍വിക്കല്‍ ക്യാന്‍സര്‍ കേസുകളും മരണങ്ങളും ഗണ്യമായി കുറയ്ക്കുന്നു. സെര്‍വിക്കല്‍ ക്യാന്‍സര്‍ സ്‌ക്രീനിംഗ് ഒരു പാപ്‌സ്മിയര്‍ ടെസ്റ്റ് അല്ലെങ്കില്‍ അസറ്റിക് ആസിഡ് രീതിയിലുള്ള വിഷ്വല്‍ ഇന്‍സ്‌പെക്ഷന്‍ സഹായത്തോടെയാണ് ചെയ്യുന്നത്. സെര്‍വിക്കല്‍ ക്യാന്‍സര്‍ കണ്ടെത്തുന്നതിനുള്ള ഏറ്റവും സാധാരണമായ മാര്‍ഗ്ഗമാണിത്.