ഗവര്‍ണറുടെ അന്ത്യശാസനമനുസരിച്ച് കേരള സര്‍വ്വകലാശാല സെനറ്റ് യോഗം പതിനൊന്നിന് ചേരും. വൈസ് ചാന്‍സലറെ നിര്‍ണയിക്കാനുള്ള സമിതിയിലേക്ക് 11 നകം സെനറ്റ് പ്രതിനിധിയെ നിര്‍ദേശിച്ചില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാകുമെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. യോഗം ചേരുമെങ്കിലും പ്രതിനിധിയെ നിര്‍ദ്ദേശിക്കുന്ന കാര്യത്തില്‍ സര്‍വ്വകലാശാല തീരുമാനമെടുത്തിട്ടില്ല.
വികാര നിര്‍ഭരമായ അന്ത്യാഞ്ജലി. അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനു അന്ത്യാഭിവാദനമായി പ്രവര്‍ത്തകരുടെ മുദ്രാവാക്യങ്ങള്‍ ഇന്നലെ മുഴുവന്‍ മുഴങ്ങിക്കൊണ്ടേയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് കോടിയേരിയുടെ മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിച്ചു. മുഖ്യമന്ത്രി പുഷ്പചക്രം അര്‍പ്പിച്ചു. അന്ത്യാഞ്ജലിയേകാന്‍ ജനപ്രവാഹമായിരുന്നു. ഇന്നു രാവിലെ പത്തരവരെ വീട്ടിലും 11 മുതല്‍ സിപിഎം ഓഫീസിലും പൊതുദര്‍ശനം. മൂന്നു മണിക്ക് പയ്യാമ്പലത്ത് പൂര്‍ണ ബഹുമതികളോടെ സംസ്‌കരിക്കും. തലശേരി, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ഇന്നു ഹര്‍ത്താലാണ്.
സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ പത്നി വിനോദിനി വിങ്ങിപ്പൊട്ടി മൃതദേഹ പേടകത്തിലേക്ക് കുഴഞ്ഞുവീണു. തലശേരി ടൗണ്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഷ്ടി ചുരുട്ടി അഭിവാദ്യം അര്‍പ്പിച്ചപ്പോഴാണ് വിനോദിനി തളര്‍ന്നു വീണത്. വിനോദിനിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ ആശ്വസിപ്പിച്ചിരുന്നു. കുഴഞ്ഞുവീണ വിനോദിനിയെ പിണറായി വിജയന്റെ ഭാര്യ കമലയും സിപിഎം നേതാവ് പികെ ശ്രീമതിയും ബിനീഷ് കോടിയേരിയും താങ്ങിയെടുത്തു മാറ്റി. വൈകാതെ വിനോദിനിയെ വീട്ടിലേക്കു കൊണ്ടുപോയി.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇരു സ്ഥാനാര്‍ത്ഥികളും ആരംഭിച്ച പ്രചാരണത്തിനിടെ പരോക്ഷ പഴിക്കലുകളും. മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് പാര്‍ട്ടിയില്‍ ഒരു മാറ്റവും ഉണ്ടാക്കാനാവില്ലെന്നും നിലവിലെ രീതി തുടരുകയേയുള്ളൂവെന്നുമാണു തരൂരിനെ പിന്തുണയ്ക്കുന്നവര്‍ നടത്തുന്ന പ്രചാരണം. എന്നാല്‍ കൂടിയാലോചനകളിലൂടെ തീരുമാനങ്ങള്‍ നടപ്പാക്കുമെന്നാണ് ഖാര്‍ഗെ മറുപടി നല്‍കിയത്. ഗാന്ധി കുടുംബം പറയുന്ന നല്ല കാര്യങ്ങള്‍ സ്വീകരിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു. മത്സരം ഒഴിവാക്കാന്‍ പിന്മാറിക്കൂടേയെന്നു ശശി തരൂരിനോടു പറഞ്ഞെന്ന് ഖാര്‍ഗെ വെളിപ്പെടുത്തി.
സിപിഐ സംസ്ഥാന സമ്മേളനത്തില്‍ ഗവര്‍ണര്‍ക്കും പാര്‍ട്ടി നേതൃത്വത്തിനുമെതിരേ വിമര്‍ശനം. രാജ്യത്ത് അര ശതമാനം വോട്ടുണ്ടാക്കിയിട്ടുവേണം ദേശീയ രാഷ്ട്രീയത്തില്‍ ബദലിനുവേണ്ടി വാദിക്കാനെന്ന് കേന്ദ്രനേതൃത്വത്തെ ചില അംഗങ്ങള്‍ പരിഹസിച്ചു. മൃഗസംരക്ഷണ വകുപ്പും ചിഞ്ചു റാണിയെന്ന മന്ത്രിയും ഉണ്ടോയെന്നും ചിലര്‍ ചോദിച്ചു. ഗവര്‍ണര്‍ പദവി ആവശ്യമുണ്ടോയെന്ന് ചിന്തിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം സമ്മേളനം പാസാക്കുകയും ചെയ്തു.
തര്‍ക്കംമൂലം സിപിഐ പ്രതിനിധി സമ്മേളനം അല്‍പസമയം നിര്‍ത്തിവച്ചു. പ്രായപരിധിയിലും പരസ്യ പ്രതികരണത്തിലും മുതിര്‍ന്ന നേതാക്കളായ സി ദിവാകരനേയും കെ.ഇ. ഇസ്മയിലിനേയും എതിര്‍ത്തും അനുകൂലിച്ചും പ്രതിനിധികള്‍ സംസാരിച്ചതോടെയാണ് തര്‍ക്കം ആരംഭിച്ചത്. അല്‍പ്പ സമയം നിര്‍ത്തിവച്ച സമ്മേളനം പിന്നീട് പ്രസീഡിയം ഇടപെട്ടാണ് പുനരാരംഭിച്ചത്.
പ്രവാസി വ്യപാരപ്രമുഖനും ചലച്ചിത്രനിര്‍മ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൈശാലി, വാസ്തുഹാര, സുകൃതം തുടങ്ങിയ സിനിമകള്‍ നിര്‍മിച്ചു. അറബിക്കഥ ഉള്‍പ്പെടെ ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
കോടിയേരി ബാലകൃഷ്ണന് ആദരാജ്ഞലി അര്‍പ്പിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. തലശേരി ടൗണ്‍ ഹാളില്‍ എത്തിയാണ് കെ.സുധാകരന്‍ മുതിര്‍ന്ന സിപിഎം നേതാവിന് ആദരാഞ്ജലി അര്‍പ്പിച്ചത്.
തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വവും രൂക്ഷമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്തേയ ഹൊസബലെ. ഒരു വെബിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇതേ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുമ്പോഴാണ് ആര്‍എസ്എസിന്റെ പ്രതികരണം. നേരത്തെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ഇതേ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.