കേരള സര്‍ക്കാരിന്റെ മൊത്തം ചെലവില്‍ മുന്തിയ പങ്കും ശമ്പളത്തിനും പെന്‍ഷനുമാണ് നല്‍കുന്നതെന്ന് റിപ്പോര്‍ട്ട്. ഇതാകട്ടെ രാജ്യത്തെ തന്നെ ഏറ്റവും ഏറ്റവും ഉയര്‍ന്നതും. ബിസിനസ്ലൈന്‍ 2024ലെ വിവിധ സംസ്ഥാനങ്ങളുടെ ബജറ്റ് കണക്കുകള്‍ വിലയിരുത്തിയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കേരളം ശമ്പളത്തിനും പെന്‍ഷനുമായി 2024 ല്‍ നീക്കിവച്ചിരിക്കുന്നത് 68,282 കോടി രൂപയാണ്. സംസ്ഥാനത്തിന്റെ മൊത്തം ചെലവായ 1.76 ലക്ഷം കോടിയുടെ 39 ശതമാനം. അതായത് 100 രൂപ ചെലവാക്കുമ്പോള്‍ 40 രൂപയും കേരളം ചെലവിടുന്നത് ശമ്പളവും പെന്‍ഷനും മാത്രം. ഇതിനോടൊപ്പം വായ്പകള്‍ക്കുള്ള പലിശയും കൂടി ചേര്‍ക്കുമ്പോള്‍ മൊത്തം തുക 94,258 കോടി രൂപയാകും. അതായത് മൊത്തം ചെലവിന്റെ 54 ശതമാനം. ഇതുകൊണ്ടു തന്നെ മൂലധന ചെലവ് ഉള്‍പ്പെടെയുള്ള പ്രൊഡക്ടീവായ കാര്യങ്ങള്‍ക്കായി കേരളത്തിന് അധികം ചെലവിടാനാകുന്നില്ല. ഈ വര്‍ഷത്തെ സംസ്ഥാനത്തിന്റെ മൂലധന ചെലവഴിക്കല്‍ 66,278 കോടി രൂപയാണ്. കേരളത്തിന്റെ തൊട്ടടുത്ത് തന്നെ ഉത്തര്‍പ്രദേശുമുണ്ട്. ചെലവുകളുടെ 38 ശതമാനമാണ് ശമ്പളത്തിനും പെന്‍ഷനുമായി ഉത്തര്‍പ്രദേശ് നീക്കിവയ്ക്കുന്നത്. ശമ്പളത്തിന് 1.66 ലക്ഷം കോടിയും പെന്‍ഷന് 82,422 കോടിയും. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമാണിത്. ജീവനക്കാരുടേയും പെന്‍ഷന്‍കാരുടെയും എണ്ണം ഏകദേശം 27 ലക്ഷത്തോളം വരും. കേരളത്തില്‍ അഞ്ച് ലക്ഷത്തോളവും. മഹാരാഷ്ട്രയില്‍ 17 ലക്ഷവും തമിഴ്നാട്ടിലിത് 16 ലക്ഷവുമാണ്.