നിയമസഭാ സ്പീക്കറായി എ.എന്‍ ഷംസീര്‍ തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിന്റെ ഷംസീറിന് 96 വോട്ട് ലഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി അന്‍വര്‍ സാദത്തിന് 40 വോട്ടു കിട്ടി. എം.ബി രാജേഷ് രാജിവച്ച് മന്ത്രിയായ ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് തെരഞ്ഞെടുപ്പു നിയന്ത്രിച്ചത്. പുതിയ സ്പീക്കറെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചേര്‍ന്ന് ചെയറിലേക്ക് നയിച്ചു. ഇരുവരും കക്ഷി നേതാക്കളും അനുമോദിച്ചു.
പേവിഷ ബാധയും തെരുവുനായ ആക്രമണവും തടയാനുള്ള കര്‍മ്മപദ്ധതിക്കായുള്ള അവലോകന യോഗത്തില്‍ ആരോഗ്യ- മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാര്‍ പങ്കെടുക്കില്ല. തദ്ദേശവകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ വൈകിട്ടാണ് യോഗം. തെരുവുനായകള്‍ക്കു സംരക്ഷണ കേന്ദ്രം, സമ്പൂര്‍ണ വാക്സിനേഷന്‍, വന്ധ്യംകരണം എന്നിവ നടപ്പാക്കാനാണ് ഇന്നത്തെ യോഗം.
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിന്. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് കെജിഎംഒഎ നാളെ പ്രതിഷേധദിനം ആചരിക്കും. ഒക്ടോബര്‍ 11 ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. ആരോഗ്യമന്ത്രി വീണ ജോര്‍ജ് നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് സംഘടന ആരോപിച്ചു.
പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കരട് വിജ്ഞാപനത്തിനെതിരേ കേരളത്തില്‍നിന്നുള്ള ഹര്‍ജി വൈകിപ്പോയെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതി തള്ളി. അന്തിമ വിജ്ഞാപനം വരുമ്പോള്‍ പരാതിയുണ്ടെങ്കില്‍ പരിഗണിക്കാമെന്ന് ചീഫ് ജസ്ററിസ് യുയു ലളിത് അറിയിച്ചു. കര്‍ഷക ശബ്ദം എന്ന സംഘടനയാണ് സുപ്രീം കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്.
രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്നു തിരുവനന്തപുരം നഗരത്തില്‍. ഉച്ചയ്ക്കുശേഷം പട്ടം മുതല്‍ കഴക്കൂട്ടംവരെയാണു യാത്ര. അടൂര്‍ ഗോപാലകൃഷ്ണന്‍, പെരുമ്പടവം ശ്രീധരന്‍ തുടങ്ങിയ സാംസ്‌കാരിക പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. വിഴിഞ്ഞം സമരസമിതി നേതാക്കളുമായും സംസാരിക്കും.
നിയമസഭയില്‍ മന്ത്രിമാര്‍ക്കു കസേരമാറ്റം. മുഖ്യമന്ത്രി പിണറായി വിജയന്റെ സീറ്റിനു തൊട്ടരികിലുള്ള സീറ്റ് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനാണ്. നേരത്തെ എം.വി ഗോവിന്ദനാണ് ഈ സീറ്റിലുണ്ടായിരുന്നത്. മന്ത്രിസ്ഥാനം രാജിവച്ചതോടെ അദ്ദേഹത്തിന്റെ സീറ്റ് രണ്ടാം നിരയിലായി. മന്ത്രിയായ എം.ബി. രാജേഷിന് ഒന്നാം നിരയിലാണ് ഇരിപ്പിടം.
പ്രൊഫ. എം.കെ സാനുവിനും പ്രൊഫ. സ്‌കറിയ സക്കറിയക്കും എംജി സര്‍വകലാശാല ഡി-ലിറ്റ് നല്‍കി ആദരിക്കും. മലയാള വിജ്ഞാന സാഹിത്യ ശാഖയ്ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ഇരുവര്‍ക്കും ഡി-ലിറ്റ് നല്‍കുന്നത്.
സംസ്ഥാനത്ത് രണ്ടിടത്ത് മിന്നല്‍ ചുഴലി. കാസര്‍കോട് മാന്യയിലും തൃശൂര്‍ ചാലക്കുടിയിലുമാണ് ചുഴലി നാശം വിതച്ചത്. മാന്യയില്‍ അഞ്ച് വീടുകള്‍ തകര്‍ന്നു. പടിഞ്ഞാറെ ചാലക്കുടിയിലും മുരിങ്ങൂരും ചുഴലിക്കാറ്റുമൂലം വന്‍നാശം. മരങ്ങള്‍ കടപുഴകി വീണു. വീടുകളുടെ ഷീറ്റ് മറിഞ്ഞുവീണു. വൈദ്യുതി പോസ്റ്റുകളും വീണിട്ടുണ്ട്.
ഇടുക്കിയില്‍ നേര്യമംഗലം ചാക്കോച്ചി വളവില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ച്ചയിലേക്കു മറിഞ്ഞ് ഒരാള്‍ മരിച്ചു. അടിമാലി കുളമാങ്കുഴി സ്വദേശി സജീവ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കറ്റ പത്താം മൈല്‍ സ്വദേശി അസീസിനെ രാജഗിരി ആശുപത്രിയിലേക്കു മാറ്റി. കോതമംഗലത്ത് രണ്ട് ആശുപത്രികളിലായി 25 പേര്‍ ചികിത്സയിലാണ്. ടയര്‍ പൊട്ടി മറിഞ്ഞ ബസ് മരത്തില്‍ തട്ടി നിന്നു. അറുപതോളം യാത്രക്കാര്‍ ഉണ്ടായിരുന്നു.