സ്കോട്ട്ലന്‍ഡ്യാഡിനെ വെല്ലുന്ന കേരള പൊലീസ് എ.കെ.ജി സെന്ററില്‍ അടിമപ്പണിക്കാരായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. നിയമനങ്ങള്‍ സിപിഎമ്മിനു വിട്ടുകൊടുത്തതിനെതിരെ പ്രതിഷേധിക്കുന്നവരെ ആക്രമിക്കാന്‍ ഡി.വൈ.എഫ്ഐയും സി.പി.എമ്മും ഇറങ്ങിയിരിക്കുകയാണ്. പാര്‍ട്ടി തന്നെ കോടതിയും പൊലീസും പബ്ലിക് സര്‍വീസ് കമ്മിഷനും എംപ്ലോയ്മെന്റ് എക്സേഞ്ചും ആയിരിക്കുകയാണ്. പോലീസിന്റെ ഒത്താശയോടെയാണ് പ്രിന്‍സിപ്പലിന്റെ മുട്ടുകാല് തല്ലിയൊടിക്കുമെന്ന് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തിയതെന്നും സതീശന് കുറ്റപ്പെടുത്തി.
വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വില 240 രൂപ വര്‍ധിപ്പിച്ചു. ഡീലര്‍മാര്‍ക്കു നല്‍കിയിരുന്ന ഇന്‍സെന്റീവ് എണ്ണക്കമ്പനികള്‍ പിന്‍വലിച്ചതോടെയാണു വിലവര്‍ധന.
വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിനു ഹൈക്കോടതിയുടെ ചെക്ക്. അന്തിമ ഉത്തരവുവരെ നടപടി പാടില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. ഗവര്‍ണര്‍ നല്കിയ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പത്തു വൈസ് ചാന്‍സലര്‍മാര്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ഗവര്‍ണര്‍ പഴ്സണല്‍ ഹിയറിംഗിനു പോകണോയെന്നു വൈസ് ചാന്‍സലര്‍മാര്‍ക്കു തീരുമാനിക്കാമെന്ന് കോടതി. ക്രിമിനല്‍ എന്നു വിളിച്ച ഗവര്‍ണര്‍ക്കു മുന്നില്‍ ഹിയറിംഗിനു പോകാന്‍ താല്പര്യമില്ലെന്നു കണ്ണൂര്‍ വിസി അറിയിച്ചു. കോടതിയില്‍ പരസ്പരം ചെളി വാരിയെറിയാന്‍ ശ്രമിക്കരുതെന്നും ചാന്‍സലറെ അനുസരിക്കേണ്ടിവരുമെന്നും കോടതി.
കുതിരക്കച്ചവടം നടക്കാത്ത സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് അട്ടിമറിക്കു ശ്രമിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഭരണഘടനക്കും ജനാധിപത്യത്തിന് നേരെ കടന്നുകയറ്റമാണ് നടക്കുന്നത്. ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുകയാണ്. സംസ്ഥാന സര്‍ക്കാരുകള്‍ക്കുകൂടി അര്‍ഹതപ്പെട്ട പൊതുമേഖല സ്ഥാപനങ്ങള്‍ സംസ്ഥാനത്തെ അറിയിക്കാതെ കേന്ദ്രം വിറ്റുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി.
സിംഗിള്‍ ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കിയ കെഎസ്ആര്‍ടിസി പാറശാല ഡിപ്പോയില്‍ വരുമാന വര്‍ധനയെന്ന് കെഎസ്ആര്‍ടിസി. ദിവസേന ശരാശരി 80,000- 90,000 രൂപ വരെ വരുമാനം വര്‍ധിച്ചെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു. ഡ്യൂട്ടി പരിഷ്കരണത്തിനെതിരായ ഹര്‍ജിയിലാണ് കെഎസ്ആര്‍ടിസി വിശദീകരണം നല്‍കിയത്.
ഇ ചന്ദ്രശേഖരനും പി.പി സുനീറും സിപിഐ അസിസ്റ്റന്റ് സെക്രട്ടറിമാര്‍. 21 അംഗ സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് ആറ് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. ആര് രാജേന്ദ്രന്, ജി.ആര് അനില്‍, കെ.കെ അഷ്റഫ്, കമല സദാനന്ദന് സി.കെ ശശിധരന്, ചിറ്റയം ഗോപകുമാര്‍ എന്നിവരാണ് സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങള്‍.
സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റിയില്‍ മൂന്നു പേരെ ഒഴിവാക്കിയും പകരം മൂന്നു പേരെ ഉള്‍പ്പെടുത്തിയും അഴിച്ചുപണി. സംസ്ഥാന കമ്മറ്റി അംഗങ്ങളായ വത്സന് പനോളി, പി ശശി, എന്‍ ചന്ദ്രന് എന്നിവരെയാണ് ജില്ലാകമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയത്. കെ.വി സക്കീര്‍ ഹുസൈന്, കെ.പി സുധാകരന്, ടി ചന്ദ്രന് എന്നിവരെയാണ് ജില്ലാകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.വി സുമേഷിനെയും സി സത്യപാലനെയും ജില്ലാ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തി.
തിരുവനന്തപുരം മേയര്‍ക്കെതിരേ വീടിനു മുന്നില്‍ കരിങ്കൊടി കാണിച്ച മൂന്നു കെഎസ്യു പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ വളഞ്ഞിട്ടു മര്‍ദിച്ചു. സമീപത്തുണ്ടായിരുന്ന പൊലീസ് ഇടപെടുന്നതിനു മുമ്പേയായിരുന്നു മേയര്‍ക്കു സംരക്ഷണം നല്‍കാനെത്തിയ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചത്. പിന്നീട് പൊലീസ് കെഎസ്യുക്കാരെ അറസ്റ്റു ചെയ്തു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷ ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൂടി കീഴടങ്ങി. ആറാം പ്രതി നിഖില്‍ സോമന്, ഏഴാം പ്രതി ജിതിന് ലാല്‍ എന്നിവരാണ് പോലീസില്‍ കീഴടങ്ങിയത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുണ്‍ ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ നേരത്തെ കീഴടങ്ങിയിരുന്നു.
വിജിലന്‍സ് സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ ബലാല്‍സംഗ കേസ്. വിജിസന്‍സ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍-2 ലെ പൊലീസുകാരനായ സാബു പണിക്കര്‍ക്കെതിരെയാണ് തിരുവനന്തപുരം അരുവിക്കര പൊലീസ് കേസെടുത്തത്. നവ മാധ്യമം വഴി പരിചയപ്പെട്ട സ്ത്രീയെ ബലാത്സംഗം ചെയ്തെന്നാണ് കേസ്.
എക്വറ്റോറിയല്‍ ഗിനിയില്‍ തടവിലാക്കപ്പെട്ട മലയാളികളടക്കമുള്ള കപ്പല്‍ ജീവനക്കാര്‍ക്ക് ഇന്ത്യന്‍ എംബസി അധികൃതര്‍ ഭക്ഷണവും വെള്ളവും എത്തിച്ചു. ജീവനക്കാരെ കാണാന്‍ എംബസി അധികൃതരെ സൈന്യം അനുവദിച്ചില്ല. ഏകദേശം പതിനൊന്ന് മണിക്കൂറുകള്‍ക്കുശേഷമാണ് ഇവര്‍ക്ക് കുടിവെള്ളവും ഭക്ഷണവും ലഭിച്ചത്.
ഗിനിയയില്‍ തടവിലാക്കപ്പെട്ട കപ്പലിലെ മലയാളി ചീഫ് ഓഫീസര്‍ സനു ജോസ് അടക്കമുള്ള ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ നടപടികള്‍ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എം പി കേന്ദ്ര തുറമുഖ വകുപ്പുമന്ത്രിക്കു കത്ത് നല്കി.
സാമ്പത്തിക സംവരണം ശരിവച്ചുള്ള സുപ്രീം കോടതി വിധിക്കെതിരേ പുനഃപരിശോധന ഹര്‍ജി നല്കുമെന്നു തമിഴ്നാട് സര്‍ക്കാര്‍. വിധി പരിശോധിക്കാന്‍ സര്‍വകക്ഷിയോഗം വിളിച്ചു. സംവരണം തുടരണോ എന്ന് പരിശോധിക്കണമെന്ന സുപ്രീം കോടതി നീരീക്ഷണങ്ങള്‍ ചോദ്യം ചെയ്യണമെന്നു പിന്നാക്ക വിഭാഗ സംഘടനകള്‍ തീരുമാനിച്ചു.
ഫോബ്സിന്റെ 2022 ലെ ഏഷ്യന്‍ പവര്‍-വുമണ്‍ പട്ടികയില്‍ മൂന്ന് ഇന്ത്യക്കാര്‍. ഏഷ്യയിലെ 20 ബിസിനസ് വനിതകളുടെ പട്ടികയില്‍ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ചെയര്‍പേഴ്സണ്‍ സോമ മൊണ്ടല്‍, എംക്യൂര്‍ ഫാര്‍മയുടെ ഇന്ത്യ ബിസിനസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ നമിത ഥാപ്പര്‍, ഹൊനാസ കണ്സ്യൂമറിന്റെ സഹസ്ഥാപകയും ചീഫ് ഇന്നൊവേഷന് ഓഫീസറുമായ ഗസല്‍ അലഗ് എന്നിവരാണുള്ളത്.
ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണു മരിച്ചു. സേവാദള്‍ ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ പാണ്ഡെയാണ് മരിച്ചത്. ജോഡെ യാത്രയ്ക്കിടെ മുംബൈയിലായിരുന്നു അന്ത്യം.
ലോക ജനസംഖ്യ 800 കോടിയിലേക്ക്. നവംബര്‍ 15 -ന് ലോക ജനസംഖ്യ 800 കോടിയില്‍ എത്തുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വര്‍ഷവും ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത് ചൈനയാണ്. അടുത്ത വര്‍ഷം ഇന്ത്യ ചൈനയെ കടത്തിവെട്ടി ഒന്നാം സ്ഥാനത്തെത്തും. 2080 ല്‍ ജനസംഖ്യ 1040 കോടിയില്‍ എത്തുന്നതുവരെ വര്‍ദ്ധന തുടരുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ട്.
തിങ്കളാഴ്ച ഗംഭീരമായൊരു പ്രഖ്യാപനം നടത്തുമെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപ്. 2024 ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്നായിരിക്കും ട്രംപ് പ്രഖ്യാപിക്കുക. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളുടെ അനുമാനം ഇതാണ്.
ഇലോണ്‍ മസ്ക് ഏറ്റെടുത്ത ട്വിറ്ററില്‍നിന്ന് പതിനായിരക്കണക്കിനു പേരുടെ കൂട്ടപ്പലായനം. ട്വിറ്ററില്‍ മസ്ക് നടപ്പാക്കുന്ന പരിഷ്കാരങ്ങളില്‍ കുപിതരായാണ് ട്വിറ്ററിനോടു വിടപറയുന്നത്. മാസ്റ്റോഡോണ്‍ എന്ന സാമൂഹ്യ മാധ്യമത്തിലേക്കാണു ഏറെപ്പേരും പോയതെന്നാണ് റിപ്പോര്‍ട്ട്. ഒരാഴ്ചയ്ക്കിടെ രണ്ടര ലക്ഷത്തോളം പേരാണ് മാസ്റ്റോഡോണ്‍ എന്ന പ്ലാറ്റ്ഫോമില്‍ വര്‍ധിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ടു ചെയ്തത്.