Untitled design 20241104 165205 0000

കേരളത്തെക്കുറിച്ചു കുറെയധികം കാര്യങ്ങൾ കഴിഞ്ഞദിവസം അറിയാക്കഥകളിലൂടെ നിങ്ങൾ വായിച്ചിരിക്കുമല്ലോ. ഇന്ന് നമുക്ക് കേരളത്തിന്റെ ചരിത്രത്തെക്കുറിച്ച് നോക്കാം…..!!!

പ്രാകൃതകാലം മുതലേയുള്ള നിരവധി മനുഷ്യപ്രയാണങ്ങളുടേയും അധിവാസകേന്ദ്രങ്ങളുടേയും തുടർച്ചയുടെ ബാക്കി പത്രമാണ്‌ ഇന്നത്തെ കേരളം.ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഈ തെക്കുപടിഞ്ഞാറൻ തീരദേശത്ത് ആദ്യമായി എത്തിപ്പെട്ടവർ നെഗ്രിറ്റോയ്ഡ്-ആസ്ത്രലോയ്ഡ് വർഗ്ഗത്തിൽ പെട്ടവരായിരുന്നിരിക്കണം എന്നാണ് വിശ്വസിക്കപ്പെടുന്നത്. കേരളത്തിന്റെ പ്രാകൃതകാലത്ത് ഇന്നുകാണുന്ന സമതലങ്ങൾ ഇല്ലാതിരുന്നതിനാൽ ഇക്കൂട്ടർ മുഖ്യമായും വനങ്ങൾ നിറഞ്ഞ ഉയർന്ന നിരപ്പിലുള്ള മലമ്പ്രദേശങ്ങളാണ് താവളമാക്കിയത്.

 

ഇവർ മുഖ്യമായും നായാട്ടിലൂടെയും വനങ്ങളിലെ കായ്കനികൾ ഭക്ഷിച്ചുമാണ് ജീവിച്ചിരുന്നത്. കൃഷി അവർക്ക് അജ്ഞാതമായിരുന്നു. ഇവരുടെ പിന്മുറക്കാർ ഇന്നും കേരളത്തിൽ അവശേഷിച്ചിട്ടുണ്ട്. കിഴക്കൻ മലകളിലും കാടുകളിലും കണ്ടുവരുന്ന പണിയർ, ഇരുളർ, കുറിച്യർ, മുതുവാന്മാർ, മലയരയർ, മലവേടർ, ഉള്ളാടർ, കാണിക്കാർ തുടങ്ങിയ ആദിവാസികൾ ഇവരുടെ പിൻഗാമികൾ ആണ്.

 

മഹാഭാരതത്തിൽ ഭാരതഭൂമിയുടെ തെക്കേ അറ്റത്തുള്ള രാജ്യങ്ങളെപ്പറ്റി പ്രസ്താവിക്കുമ്പോൾ ദ്രാവിടം, കേരളം, കർണാടകം മുതലായ നാമങ്ങൾ വരുന്നു. അതിനാൽ വ്യാസൻ ഭാരതമെഴുതിയ കാലഘട്ടത്തിൽ കേരളരാജ്യമുണ്ടായിരുന്നുവെന്നും അത് ദ്രാവിഡദേശത്തുനിന്നും ഭിന്നമായിരുന്നു എന്നും മനസ്സിലാക്കാം. മഹാഭാരതത്തിൽ ആദിപർവം 175ആം അധ്യായത്തിലും, സഭാപർവം 31ആം അധ്യായത്തിലും, വനപർവം 254ആം അധ്യായത്തിലും, ദ്രോണപർവം 70ആം അധ്യായത്തിലും കേരളത്തെപ്പറ്റി പരാമർശമുണ്ട്.

 

രുക്മിണീസ്വയംവരത്തിൽ സംബന്ധിക്കുന്നതിനായി ദക്ഷിണദേശത്തുനിന്നും ചോളനും, പാണ്ഡ്യനും, കേരളനും വിദർഭ രാജധാനിയിൽ സന്നിഹിതരായിരുന്നതായി ഭാഗവതം ദശമസ്കന്ധത്തിൽ പ്രസ്താവിക്കുന്നു. ബ്രഹ്മാണ്ഡപുരാണം, അഗ്നിപുരാണം എന്നിവയിലും കേരളത്തെപ്പറ്റി പരാമർശമുണ്ട്.പുരാണങ്ങളും ഇതിഹാസങ്ങളും രചിക്കപ്പെട്ടുകഴിഞ്ഞ് ഏറെക്കാലം കഴിഞ്ഞാണ് അവ ഇന്നത്തെ മട്ടിലായതെന്നും അതിനിടെ അവയിൽ പ്രക്ഷിപ്തമായി പലതും കടന്നുകൂടിയിട്ടുണ്ടാകുമെന്നും പണ്ഡിതർ പറയുന്നു.

 

കേരളത്തെപ്പറ്റിയുള്ള ഏറ്റവും പഴക്കമേറിയ രേഖ ക്രിസ്തുവിനു മുമ്പ് 272-നും 232-നും ഇടയിൽ മദ്ധ്യേന്ത്യയിൽ അശോകചക്രവർത്തി സ്ഥാപിച്ച ഒരു ശിലാഫലകത്തിൽ നിന്നാണ് ലഭിച്ചിരിക്കുന്നത്. കേരളരാജാവിന്റെ പേര് അശോകശാസനത്തിൽ പറയുന്നില്ലെങ്കിലും ഇവിടെ കേരളപുത്ര എന്ന് പരാമർശിക്കപ്പെടുന്നത് കേരളമാണെന്ന് അനുമാനിക്കപ്പെടുന്നു. ശിലാശാസനം 13-ലും ഇതേരീതിയിലുള്ള പരാമർശം കാണാം. താമ്രപർണി എന്ന് പരാമർശിക്കപ്പെടുന്ന പ്രദേശം ഇന്നത്തെ ശ്രീലങ്കയാണ്.

കേരളവും മദ്ധ്യധരണ്യാഴി മേഖലയിലെ ജനങ്ങളുമായുള്ള വ്യാപാരബന്ധത്തിന് പുരാതനമായ ചരിത്രമുണ്ട്. ബി.സി.ഇ. 1000-ൽ സോളമന്റെ കപ്പലുകളിൽ ഫൊണീഷ്യന്മാർ കേരളതീരത്തുള്ള ഓഫിർ എന്ന തുറമുഖം സന്ദർശിക്കാറുണ്ടായിരുന്നു. ഇന്നത്തെ പൂവാർ എന്ന ഗ്രാമത്തിലാണ് ഈ ഓഫീർ തുറമുഖം നിലനിന്നിരുന്നത് എന്നും കരുതപ്പെടുന്നു. ബൈബിളിൽ പലയിടത്തായി കേരളത്തെ പറയുന്നുണ്ടെങ്കിലും ആനകളെ കുറിച്ച് പറയുന്ന സ്ഥലത്തു ഇന്ത്യയിൽ നിന്നും കൊണ്ട് വന്ന ആന എന്ന് വ്യകതമായി പറയുന്നുണ്ട്.

 

ബൈബിളിൽ എസ്തറിന്റെ പുസ്തകത്തിൽ വർഷം ബി.സി. 483-482 തുടങ്ങി മാർച്ച് 473 ബി.സി. കാലഘട്ടത്തിൽ നടന്ന കാര്യങ്ങൾ ഇന്ത്യയെയും പരാമർശ്ശിക്കുന്നുണ്ട്.ക്രിസ്തുവിനു ശേഷമുളള ആദ്യനൂറ്റാണ്ടുകളിലെ ഗ്രീക്ക്, റോമൻ, ചൈനീസ് യാത്രാരേഖകളിൽ കേരളത്തെപ്പറ്റിയുളള വിവരണങ്ങൾ കാണാം. ക്രി.മു. 302 സെലൂക്കസ് നിക്കേറ്റർ അയച്ച സഞ്ചാരിയായ മെഗസ്തനീസിന്റെ വിവരണങ്ങളിൽ കേരളത്തെപ്പറ്റിയും ഇവിടത്തെ തുറമുഖത്തെപ്പറ്റിയും വിവരണം ഉണ്ട്. ക്രി.വ. ആദ്യ നൂറ്റാണ്ടിൽ എഴുതപ്പെട്ട പെരിപ്ലസ് എന്ന സഞ്ചാരസാഹിത്യത്തിൽ കേരളത്തിനെക്കുറിച്ച് നിരവധി പരാമർശങ്ങൾ ഉണ്ട്.

 

പുരാതന കാലം മുതൽ കേരളം ചേര രാജവംശത്തിനു കീഴിലായിരുന്നു. തമിഴ് ആയിരുന്നു ചേരൻമാരുടെ വ്യവഹാര ഭാഷ. തമിഴിൽ നിന്നും വേറിട്ട് മലയാള ഭാഷ ഉത്ഭവിച്ചതോടെയാണ് കേരളത്തിന്റെ തനതു ചരിത്രം പിറക്കുന്നത്. ക്രിസ്ത്വബ്ദത്തിന്റെ തുടക്കത്തിലേ കേരളത്തിൽ ക്രിസ്തുമതത്തിനു പ്രചാരം ലഭിച്ചു. ക്രിസ്തുവിനു മുൻപു തന്നെ കേരളീയർ യഹൂദരുമായി വ്യാപാര ബന്ധങ്ങളിൽ ഏർപ്പെട്ടിരുന്നു.

 

ക്രിസ്തു ശിഷ്യനായ തോമസിന്റെ കേരളത്തിലേക്കുളള വരവിനു കളമൊരുക്കിയതു ഈ ബന്ധമാണെന്നു കരുതപ്പെടുന്നു. അതിനു വളരെക്കാലം മുന്നേ തന്നെ ബുദ്ധ-ജൈനമതങ്ങളും കേരളത്തിൽ എത്തിയിരുന്നു. എട്ടാം നൂറ്റാണ്ടോടു കൂടി ബുദ്ധമതം ക്ഷയിക്കുകയും ഹിന്ദുമതം പ്രബലമായിത്തീരുകയും ചെയ്തു. എട്ടാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ അറബി വ്യാപാരികളാണ് മലബാറിലെ പ്രബലമായ മുസ്ലിം ജനവിഭാഗത്തിന്റെ പിറവിക്കു പിന്നിൽ.

 

പത്താം നൂറ്റാണ്ടു മുതൽ കേരളത്തിൽ പ്രാദേശികമായി അസംഖ്യം ജന്മി പ്രഭുക്കന്മാർ വളർന്നു വന്നു. ഇവരുടെ അധികാരവടംവലികൾക്കും ബലപരീക്ഷണങ്ങൾക്കുമൊടുവിൽ ആത്യന്തികമായി, പതിനെട്ടാംനൂറ്റാണ്ടോടെ. സാമൂതിരി, കൊച്ചി രാജാവ്, തിരുവിതാംകൂർ രാജാവ് എന്നിങ്ങനെ മൂന്നു പ്രധാന അധികാരകേന്ദ്രങ്ങൾ നിലവിൽ വന്നു. വടക്ക് ചിറക്കൽ, കോലത്തിരി, വള്ളുവകോനാതിരി, തുടങ്ങിയ രാജവംശങ്ങളും മലബാറിൽ ചെറിയ പ്രദേശങ്ങളിൽ അറക്കലും തിരൂർ സ്വരൂപവും, കുറുബ്രാനാട്, കടത്തനാട്, കൊടുങ്ങല്ലൂര് രാജവംശവും മേൽക്കൊയ്മ നിലനിർത്തിപ്പോന്നു.

 

തുടർന്നാണ് കേരളം വിദേശാധിപത്യത്തിനു കീഴിലാവുന്നത്. ബ്രിട്ടീഷുകാർ അധികാരമുറപ്പിക്കുന്ന കാലമായപ്പോഴേക്ക് ഈ പ്രദേശങ്ങൾ മുഴുവൻ ബ്രിട്ടീഷ്‌‌ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നിങ്ങനെ മൂന്ന് ഭരണസംവിധാനങ്ങൾക്ക് കീഴിലായി.പോർച്ചുഗീസ് സഞ്ചാരിയായ വാസ്കോ ഡ ഗാമ 1498-ൽ കേരളത്തിൽ എത്തിയത് കേരളത്തിൽ നിന്നുളള സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ അറബികളുടെ മേൽക്കോയ്മ തകർക്കുക എന്ന ഉദ്ദേശ്യത്തോടെ ആയിരുന്നു.

 

അതുവരെ യൂറോപ്പുമായുളള വ്യാപാര ബന്ധങ്ങളുടെയെല്ലാം ഇടനിലക്കാർ അറബികളായിരുന്നു. ഏതായാലും കേരളത്തിന്റെ കടൽമുഖങ്ങൾ യൂറോപ്യൻ വ്യാപാരികൾക്കു മുന്നിൽ തുറക്കപ്പെട്ടതോടെ ഭൂമിമലയാളത്തിന്റെ ചരിത്രഗതി മാറിമറിഞ്ഞു. ഇതോടെ കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ പുതിയ അദ്ധ്യായം തുറക്കുകയായി. കേരള ചരിത്രത്തിൽ ക്രമബദ്ധമായ രേഖകൾ പാശ്ചാത്യനാടുകളിൽ ലഭ്യമാകുന്നത് വാസ്കോഡഗാമയുടെ കേരള സന്ദർശനത്തോടെയാണ്.

 

പോർച്ചുഗീസുകാരെത്തുടർന്ന് ഡച്ചുകാരും ഫ്രഞ്ചുകാരും അവസാനമായി ബ്രിട്ടീഷുകാരും കേരളത്തിൽ സ്വാധീനമുറപ്പിച്ചു. പിന്നീടുള്ള കേരളചരിത്രത്തിലെ പ്രധാന ഏടുകളിലെല്ലാം വിദേശാധിപത്യത്തിനെതിരെ നടന്ന നിരവധി സമരങ്ങൾ കാണാൻ കഴിയും.ബ്രിട്ടീഷുകാർ കേരളത്തിൽ സ്വാധീനമുറപ്പിച്ചതുമുതൽ കേരളം തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നായി തിരിഞ്ഞുകിടക്കുകയായിരുന്നു. മലബാർ പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലായിരുന്നു. തിരുവിതാംകൂറിലും കൊച്ചിയിലും നാട്ടുരാജാക്കൻമാരിലൂടെയായിരുന്നു ഭരണം.

 

1947ൽ ഇന്ത്യ സ്വതന്ത്രയായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. ഇതേത്തുടർന്ന്, 1956 നവംബർ ഒന്നിനാണ് മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.കേരളത്തെക്കുറിച്ച് കുറച്ചു കൂടി അറിയാനുണ്ട്. അവയെല്ലാം അറിയാക്കഥകളുടെ അടുത്ത ഭാഗങ്ങളിലൂടെ നിങ്ങളിലേക്ക് എത്തും.

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *