ദീര്‍ഘകാല നിക്ഷേപത്തിന്റെ പലിശനിരക്ക് കുറച്ച് കേരള ബാങ്ക്. സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളും മറ്റു സഹകരണ സ്ഥാപനങ്ങളും കേരള ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നതുള്‍പ്പെടെ എല്ലാ നിക്ഷേപങ്ങള്‍ക്കും ഇത് ബാധകമാണ്. നിരക്കുമാറ്റം ജൂലൈ ഒന്നുമുതല്‍ നിലവില്‍ വന്നു. റിസര്‍വ് ബാങ്കിന്റെ ഷെഡ്യൂള്‍ പ്രകാരമാണ് കേരള ബാങ്കിലും പലിശ പുതുക്കി നിശ്ചയിച്ചത്. കേരള ബാങ്ക് നിക്ഷേപങ്ങള്‍ക്ക് പലിശ കുറയ്ക്കുന്നതോടെ, പ്രാഥമിക സംഘങ്ങള്‍ ഉള്‍പ്പെടെ എല്ലാ സഹകരണ സ്ഥാപനങ്ങളും പലിശനിരക്ക് കുറയ്ക്കേണ്ടി വരും. പലിശനിരക്ക് കുറച്ചതോടെ രണ്ടുവര്‍ഷവും അതിലേറെയുമുള്ള നിക്ഷേപത്തിന് പലിശ ഏഴുശതമാനമായി. നേരത്തെ ഇത് 7.85 ശതമാനമായിരുന്നു. ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തിന് താഴെ വരെയുള്ള നിക്ഷേപത്തിന് 7.10 ശതമാനമാണ് പുതുക്കിയ പലിശനിരക്ക്. നിലവില്‍ 7.75 ശതമാനമായിരുന്നു. 180 ദിവസം മുതല്‍ 364 ദിവസം വരെ 7.00 ശതമാനം (7.35 ശതമാനം), 91 ദിവസം മുതല്‍ 179 ദിവസം വരെ 6.5 ശതമാനം (7 ശതമാനം), 46 ദിവസം മുതല്‍ 90 ദിവസം വരെ ആറു ശതമാനം (6.5 ശതമാനം), 15 ദിവസം മുതല്‍ 45 ദിവസം വരെ 5.50 ശതമാനം (ആറുശതമാനം) എന്നിങ്ങനെയാണ് മറ്റു നിക്ഷേപങ്ങളുടെ പുതുക്കിയ പലിശനിരക്ക്.