ചോദ്യപ്പേപ്പർ ചോർന്ന സംഭവത്തിൽ കണ്ണൂർ സർവകലാശാല ബിസിഎ ആറാം സെമസ്റ്റർ പരീക്ഷ പൂർണമായും റദ്ദാക്കില്ല. ക്രമക്കേട് കണ്ടെത്തിയ കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ് കോളേജിലെ പരീക്ഷ മാത്രം റദാക്കാനാണ് തീരുമാനം. അതോടൊപ്പം അൺ എയ്ഡഡ് കോളേജുകളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്താൻ കണ്ണൂർ സർവകലാശാല തീരുമാനിച്ചിട്ടുണ്ട്. കണ്ണൂർ സർവകലാശാലയിൽ നിന്നുള്ള ഒരു ജീവനക്കാരനെ കോളേജുകളിലേക്ക് പരീക്ഷാ ചുമതലയിൽ നിയോഗിക്കാനാണ് തീരുമാനം. ഇവരുടെ സാന്നിധ്യത്തിൽ മാത്രമായിരിക്കും ചോദ്യപ്പേപ്പറുകളുടെ ഡൗൺലോഡും വിതരണവുമെന്നാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി 60 ജീവനക്കാരെ തിങ്കളാഴ്ച മുതൽ നിയോഗിക്കും.