മണിച്ചിത്രത്താഴ് സിനിമയുടെ റീമേക്ക് ആയി എത്തിയ തമിഴ് ചിത്രം ചന്ദ്രമുഖിക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു. ‘ചന്ദ്രമുഖി 2’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രാഘവ ലോറന്‍സ് ആണ് നായകനായി എത്തുന്നത്. ‘നാഗവല്ലി’യായി എത്തുന്നത് കങ്കണ റണൗട്ട് ആണ്. ചന്ദ്രമുഖി 2 ചിത്രത്തിലെ കങ്കണ റണൌട്ടിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. സാരിയില്‍ വലിയ ആഭരണങ്ങളുമായി ഒരു രാജകുമാരി ലുക്കിലാണ് കങ്കണ ഫസ്റ്റ്‌ലുക്കില്‍ പ്രത്യക്ഷപ്പെടുന്നത്. ഈ ഗണേശ ചതുര്‍ത്ഥിക്ക് തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ റിലീസ് ചെയ്യും. മണിച്ചിത്രത്താഴില്‍ പറയുന്ന പഴം കഥയായ ശങ്കരന്‍ തമ്പിയുടെയും നാഗവല്ലിയുടെയും ജീവിതമാണ് ചന്ദ്രമുഖി 2 പറയുന്നത്. തമിഴില്‍ വേട്ടയ്യന്‍ എന്നാണ് ശങ്കരന്‍ തമ്പിയുടെ കഥാപാത്രത്തിന് നല്‍കിയ പേര്. ചന്ദ്രമുഖി 2വില്‍ രാഘവ ലോറന്‍സ് വേട്ടയ്യനാകുന്നു. ആദ്യഭാഗമൊരുക്കിയ പി. വാസു തന്നെയാണ് ചന്ദ്രമുഖി 2 സംവിധാനം ചെയ്യുന്നത്. ഹൊറര്‍ കോമഡി ത്രില്ലര്‍ ഗണത്തില്‍പെടുന്ന ചിത്രം ലൈക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്നു. വടിവേലു, ലക്ഷ്മി മേനോന്‍, സൃഷ്ടി ഡാന്‍ഗെ, രാധിക ശരത്കുമാര്‍, മഹിമ നമ്പ്യാര്‍, രവി മരിയ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ആര്‍.ഡി. രാജശേഖറാണ് ഛായാഗ്രഹണം. സംഗീതം എം.എം. കീരവാണി.