ദിലീപ് നായകനായി എത്തിയ ‘കല്യാണരാമന്‍’ വീണ്ടും തിയറ്ററുകളിലേക്ക്. കല്യാണരാമന്‍ 4കെ അറ്റ്‌മോസില്‍ റീറിലീസ് ചെയ്യുന്നുവെന്ന് ദിലീപ് തന്നെയാണ് അറിയിച്ചിരിക്കുന്നത്. 2002 ഡിസംബറില്‍ റിലീസ് ചെയ്ത ചിത്രമാണ് കല്യാണരാമന്‍. ഷാഫിയുടെ സംവിധാനത്തില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ രാമന്‍കുട്ടി എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിച്ചത്. ദിലീപിന് ഒപ്പം കുഞ്ചാക്കോ ബോബന്‍, ലാലു അലക്‌സ്, ലാല്‍, നവ്യ നായര്‍, ജ്യോതിര്‍മയി, ഇന്നസെന്റ്, സലിംകുമാര്‍, ബോബന്‍ ആലുമ്മൂടന്‍, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, കൊച്ചു പ്രേമന്‍ തുടങ്ങി വന്‍ താരനിരയും അണിനിരന്നിരുന്നു. കോമഡി റൊമാന്റിക് ചിത്രമായിരുന്നു ഇത്. ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ലാല്‍ നിര്‍മിച്ച ചിത്രം കൂടിയാണ് കല്യാണരാമന്‍. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചത് ബെന്നി പി. നായരമ്പലം ആയിരുന്നു. റീ റിലീസ് വെര്‍ഷന്‍ 2026 ജനുവരിയില്‍ എത്തുമെന്നാണ് വിവരം.
