കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ ആർ എസ് എസ് അനുകൂല പരാമർശങ്ങളിൽ പ്രതിഷേധിച്ച് ആലപ്പുഴയിലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ രാജി . ജില്ലാ കോൺഗ്രസ് എക്സിക്യുട്ടീവ് അംഗം എച്ച് നജീം ആണ് പ്രാഥമിക അംഗത്വം രാജി വെച്ചത്. ഫേസ്ബുക്കിലൂടെയാണ് നജീം രാജി അറിയിച്ചത്. ആലപ്പുഴയിൽ
ഡിസിസിയോ മറ്റ് പ്രാദേശിക കമ്മറ്റികളോ പ്രവർത്തിക്കുന്നതായി തോന്നിയിട്ടില്ലെന്നും ഇതിനാലാണ് ഫേസ്‌ബുക്കിലൂടെ രാജി അറിയിക്കുന്നതെന്നും നജീം വ്യക്തമാക്കി.
നേരത്തേ കാസർഗോഡ് മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ സികെ ശ്രീധരൻ പാർട്ടി വിടുന്നു എന്നറിയിച്ചിരുന്നു. സിപിഎമ്മിലേക്ക് പോകുന്നു എന്നാണദ്ദേഹം അറിയിച്ചത്. ഇനി സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. നവംബർ 17ന് വാർത്താ സമ്മേളനം നടത്തി താൻ പാർട്ടി വിടുന്ന കാര്യം പറയുമെന്നാണ് പറഞ്ഞത്. കാസർകോട് ജില്ലയിൽ നിന്നുള്ള ഈ പ്രമുഖ നേതാവ് 1991 ൽ ഇകെ നായനാർക്കെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായി തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചിട്ടുണ്ട്. കെപിസിസി സംസ്ഥാന പ്രസിഡന്റ് കെ സുധാകരന്റെ ആർഎസ്എസ് അനുകൂല നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്നും സികെ ശ്രീധരൻ പറഞ്ഞിരുന്നു.