ആറ് മാസം മുൻപ് വരെ മുസ്ലിം ലീഗ് വർഗീയപ്പാർട്ടിയാണെന്ന് പറഞ്ഞവരാണ് സി പി എം എന്ന് വടകര എംപി കെ മുരളീധരൻ. ഇപ്പോൾ അവർ നിലപാട് മാറ്റിയെങ്കിൽ അത് കോൺഗ്രസ് നിലപാട് ശരിവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈകിയാണെങ്കിലും അവർ അത് മനസ്സിലാക്കി. ഇപ്പോൾ കേരളത്തിൽ ഐക്യജനാധിപത്യ മുന്നണിയിൽ ഒരു പ്രശ്നവുമില്ല. എന്നാൽ മുസ്ലിം ലീഗ് മുന്നണി വിട്ടാൽ അത് വലിയ നഷ്ടമാകുമെന്നും മുന്നണി സംവിധാനം ദുർബലമാകുമെന്നും മുരളീധരൻ പറഞ്ഞു.ലീഗിനെ മുന്നണിയിൽ നിന്നടർത്തിമാറ്റി കോൺഗ്രസിനെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിപിഎം പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാക്കുകൾ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ മുസ്ലിം ലീഗാണ് മറുപടി പറയേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരുമിച്ച് നിന്നാൽ മൂന്നര വർഷം കഴിഞ്ഞാൽ യുഡിഎഫിന് കേരളത്തിൽ അധികാരത്തിലെത്താൻ പറ്റും. അതിന്റെ സൂചനകൾ എല്ലാ ഭാഗത്തുമുണ്ട്. ആശയപരമായ സംഘർഷം കോൺഗ്രസിൽ എല്ലാ കാലത്തും ഉണ്ടായിരുന്നു. നിലവിൽ ഉള്ള ചില്ലറ പ്രശ്നങ്ങൾ പരിഹരിക്കാൻ നാളെ രാഷ്ട്രീയകാര്യ സമിതിയോഗം ചേരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.