മികച്ച പോഷക ഗുണങ്ങളുള്ള ഓട്‌സ് മിക്കവരുടെയും പ്രാതല്‍ വിഭവങ്ങളില്‍ ഇടം നേടിയതാണ്. ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവ ധാരാളമടങ്ങിയ ഓട്‌സ് ഭാരം ക്രമീകരിക്കാനും മികച്ചതാണ്. എന്നാല്‍ വെറുതെ അങ്ങ് കഴിച്ചാല്‍ പോര കഴിക്കേണ്ട പോലെ കഴിച്ചാല്‍ മാത്രമേ ഓട്‌സ് ഉദേശിക്കുന്ന ഫലം നല്‍കുകയുള്ളൂ. ഓട്‌സ് ഉണ്ടാക്കിയിട്ട് അതിന്റെ മുകളില്‍ മധുരമുള്ള ടോപ്പിങ്‌സ് ചേര്‍ത്തു കഴിച്ചാല്‍ ഒരു ഗുണവും ലഭിക്കില്ല. യാതൊരുവിധ ഫ്‌ലേവറുകളും ചേര്‍ക്കാത്ത ഓട്‌സ് വാങ്ങുക. പായ്ക്ക് ചെയ്തു ലഭിക്കുന്ന ഓട്‌സ് പലപ്പോഴും അമിതമായി ഷുഗര്‍ ചേര്‍ത്തത് ആണ്. ഫ്‌ലേവര്‍ ഓട്‌സില്‍ 70 ശതമാനം ആണ് അധിക കാലറി. വണ്ണം കുറയ്ക്കാന്‍ ഏറ്റവും സഹായകമായ ഒന്നാണ് ഫൈബര്‍. രുചി കൂട്ടാന്‍ ഓട്‌സ് കഴിക്കുമ്പോള്‍ മധുരം ചേര്‍ത്താല്‍ വിപരീതഫലം ആകും ലഭിക്കുക. ഇനി എന്തെങ്കിലും ടോപ്പിങ്‌സ് വേണമെന്നു തോന്നിയാല്‍ റാസ്ബെറി, ബ്ലൂബെറി, സ്‌ട്രോബെറി എന്നിവ ചേര്‍ത്തു കഴിക്കൂ. മേപ്പിള്‍ സിറപ്, തേന്‍ എന്നിവ ചേര്‍ത്തു കഴിക്കുന്നത് ഗുണകരം തന്നെ. പക്ഷേ ഇതില്‍ അധിക കാലറി ഉണ്ട്. അത് വണ്ണംവയ്ക്കാനാണ് സഹായിക്കുന്നത്. ഒരു എത്തപ്പഴം അല്ലെങ്കില്‍ ഷുഗര്‍ കുറഞ്ഞ എന്തെങ്കിലും സ്വീറ്റ്‌നറുകള്‍ എന്നിവ ചേര്‍ത്തു കഴിക്കുന്നതാണ് നല്ലത്. പാലും വെള്ളവും ചേര്‍ത്ത് അതില്‍ ഓട്‌സ് വേവിച്ചു കഴിക്കുന്നത് നല്ലതാണ്. ഒന്നോ രണ്ടോ മുട്ടയുടെ വെള്ള ചേര്‍ത്ത് ഓട്‌സ് കഴിക്കുന്നതും നല്ലതാണ്. ഓട്‌സ് പ്രധാനാഹരമാക്കി കഴിക്കുന്നതിനെയാണ് ഓട്‌സ് മീല്‍സ് എന്നു പറയുന്നത്. ഇത് രണ്ടു തരത്തിലാണ്. ആഴ്ചയില്‍ മൂന്നു ദിവസം ഓട്‌സ് മീല്‍സ് മെയിന്‍ കോഴ്‌സ് ആയി കഴിക്കുക. പഴങ്ങള്‍ ചേര്‍ത്ത് ഇത് കഴിക്കാം. രണ്ടാം ഘട്ടത്തില്‍ ഓട്‌സ് ദിവസവും ഒന്നോ രണ്ടോ വട്ടം കഴിക്കാം. ബാക്കി നേരങ്ങളിലെ ആഹാരത്തില്‍ കാലറി കുറഞ്ഞിരിക്കണം എന്നതും ശ്രദ്ധിക്കണം. ഇന്‍സ്റ്റന്റ് ഓട്‌സ് ഈ ഘട്ടത്തില്‍ വേണമെകില്‍ ഉപയോഗിക്കാം. കൂടെ ധാരാളം പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയും ചേര്‍ക്കാം. ഹൃദയത്തിന്റെ ആരോഗ്യം കാക്കാന്‍ ഓട്‌സ് മീല്‍സ് മികച്ചതാണ്.