രാജ്യത്തെ ടെലികോം മേഖലയില്‍ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ട്രായിയുടെ പുതിയ കണക്കുകള്‍ പ്രകാരം ജനുവരിയില്‍ 28 ലക്ഷം മൊബൈല്‍ വരിക്കാരെയാണ് ഇരു കമ്പനികള്‍ കൂടി നേടിയത്. അതേസമയം വോഡഫോണ്‍ ഐഡിയയ്ക്ക് ഏകദേശം 13.5 ലക്ഷം ഉപഭോക്താക്കളെ നഷ്ടപ്പെടുകയും ചെയ്തു. ജിയോ ജനുവരിയില്‍ 16.58 ലക്ഷം പുതിയ വരിക്കാരെ ചേര്‍ത്ത് വിപണിയില്‍ ലീഡ് ഉറപ്പിച്ചു. അതേസമയം എയര്‍ടെല്‍ 12.81 ലക്ഷം പുതിയ ഉപയോക്താക്കളെയും ചേര്‍ത്തു. 2023 ജനുവരി അവസാനത്തോടെ ജിയോയുടെ മൊബൈല്‍ വരിക്കാരുടെ എണ്ണം 42.61 കോടിയാണ്. മുന്‍ മാസം ഇത് 42.45 കോടി ആയിരുന്നു. ഭാരതി എയര്‍ടെല്ലിന്റെ മൊത്തം വരിക്കാരുടെ എണ്ണം ജനുവരിയില്‍ 36.88 കോടിയായി ഉയര്‍ന്നു. വോഡഫോണ്‍ ഐഡിയയ്ക്ക് ജനുവരിയില്‍ 13.59 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്. ഇതോടെ വിയുടെ ജനുവരിയിലെ മൊത്തം വരിക്കാരുടെ എണ്ണം 23.99 കോടിയായി.